പ്രണബ് മുഖര്‍ജിയുടെ ഫിസ്കല്‍ ഭീകരവാദ ഭീഷണി

സംസ്ഥാനത്ത് ഇടതുപക്ഷ ഭരണം ആവര്‍ത്തിക്കുകയാണെങ്കില്‍ കേരളം കടക്കെണിയില്‍ ആകുമെന്ന് കേന്ദ്ര ധനകാര്യമന്ത്രി പ്രണബ് മുഖര്‍ജി.ബിസിനെസ്സ് സ്റ്റാന്‍ഡേര്‍ഡ്-ഇലെ റിപ്പോര്‍ട്ട്‌ ഇങ്ങനെ:

"In Thiruvananthapuram, Mukherjee compared the two communist-ruled states of Kerala and West Bengal, and said, “During the same period (Between 2005-06 and 2009-10), Kerala’s fiscal deficit was 3.51, 2.28, 4.63, 3.85 per cent. In West Bengal, it was 4.07, 4.33, 3.86, 3.85 and 6.23, respectively.” Mukherjee also quoted the debt and gross state domestic product ratio and said, “While at the end of 2009-10 the national average of this ratio was 24.3, Kerala had 29.57 and West Bengal 38.05, respectively. These facts show, the Left doesn’t know how to run the state."

ന്യു ഇന്ത്യന്‍ എക്സ്പ്രസ്സ്‌ പറയുന്നു:

The debt-GDP ratio of the state is at an alarming high and has reached 29 percent. The borrowing is expanding and the state is unable to manage the financial system through proper fiscal management (..) Even the 12th Financial Commission has urged the State Government's to bring down the debt-GDP ratio to 24 percent and only three states have failed to bring this down namely Kerala, West Bengal and Punjab. "Soon the Centre will be appointing a committee to study into the reasons behind the increasing debt in these three states," he added.

ഈ കണക്കുകളും നിഗമനങ്ങളും അഭിപ്രായങ്ങളും വസ്തുതകള്‍ക്ക് നിരക്കുന്നതാണോ? ആദ്യമായി തന്നെ പറയട്ടെ - ഈ നിരത്തിയിരിക്കുന്ന സംസ്ഥാന ധന കമ്മി കണക്കു എവിടെ നിന്ന് ലഭിച്ചതാണ് എന്ന് കേന്ദ്ര മന്ത്രി വ്യക്തമാക്കണം. കേരളത്തിലെ ധനകാര്യ വകുപ്പ് പ്രസിദ്ധീകരിച്ച കണക്കു പ്രകാരം ധന കമ്മി - വരുമാന അനുപാതം 2009 - 10 കാലയളവില്‍ 3.42 ശതമാനവും, 2010 - 11 കാലയളവില്‍ 2.89 ശതമാനവുമാണ് . (പ്രണബ് മുഖര്‍ജി അവകാശപെടുന്നത് 4.63 ഉം 3.85 ഉം ശതമാനമാണ് ). പാട്രിക് മോയ്നിഹാന്റെ ഭാഷയില്‍ പറഞ്ഞാല്‍ "everyone is entitled to his own opinion, but not his own facts". സ്വന്തം പാര്‍ടിയുടെ തെരഞ്ഞെടുപ്പു പ്രചാരണങ്ങള്‍ക്ക് കൊഴുപ്പേകാന്‍ വേണ്ടി സൗകര്യം പോലെ കൂട്ടിയും കുറച്ചും അവതരിപ്പിക്കാന്‍ ഉള്ളതല്ല ഇത്തരം കണക്കുകള്‍ എന്ന് ബഹുമാനപ്പെട്ട കേന്ദ്രമന്ത്രിയെ ഓര്‍മ്മിപ്പിക്കേണ്ടി വരുമോ?

കേരളത്തിന്റെ കടം-വരുമാന അനുപാതം ആശങ്കാജനകമായ അവസ്ഥയില്‍ എത്തിയിരിക്കുന്നു എന്നതാണ് പ്രണബ് ഉന്നയിക്കുന്ന ഒരു ആരോപണം. എന്താണ് ഇതിന്റെ വസ്തുത?. പ്രണബിന്റെ സ്വന്തം പാര്‍ട്ടിക്കാര്‍ കേരളത്തിലെ ധനകാര്യം കൈകാര്യം ചെയ്ത 2001-2006 കാലത്തേക്കാള്‍, ഇന്ന് കടം - വരുമാന അനുപാതം 10 ശതമാനത്തിലേറെ കുറഞ്ഞിട്ടുണ്ട്. ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് ഇലെ അധ്യാപകനും സാമ്പത്തിക ശാസ്ത്രജ്ഞനും ആയ ഡോ. രാംകുമാര്‍ തന്റെ ഒരു ലേഖനത്തില്‍ ഇതിനെ സംബന്ധിച്ചുള്ള കണക്കുകള്‍ വ്യക്തമായി അവതരിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ അഞ്ചു വര്‍ഷത്തെ മികച്ച ധനകാര്യ മാനേജ്‌മന്റ്‌ വഴി കടത്തിന്റെ സുസ്ഥിരതയിലും നിലവാരത്തിലും മികച്ച പുരോഗതി ആണ് കേരളം കൈവരിച്ചിരിക്കുന്നത് എന്ന് ഈ കണക്കുകള്‍ കാണിക്കുന്നു. അങ്ങനെ പ്രണബിന്റെ ഈ വാദവും ഉണ്ടയില്ലാ വെടി ആകുന്നു.

ഇനി ഇദ്ദേഹത്തിന്റെ അഭിപ്രായങ്ങളിലേക്ക് വരാം. കേരളസര്‍ക്കാര്‍ ചെലവ് വെട്ടിക്കുറക്കാതെ കടം ഈ അളവില്‍ തുടരുന്നത് എന്ത് കൊണ്ട് എന്ന് മുഖര്‍ജി ആശ്ചര്യപ്പെടുന്നു. ഉത്തരം വളരെ വ്യക്തമാണ്‌ - ഇതാണ് ഇന്ത്യന്‍ ഇടതുപക്ഷം മുന്നോട്ടു വെക്കുന്ന ബദല്‍ വികസന മാതൃക. "സാമൂഹ്യ നീതിയും സന്തുലിത വികസനവും" എന്നതാണ് ഈ വികസന മാതൃകയുടെ ലക്ഷ്യം. അത് നടപ്പിലാക്കുന്നത്, ബഹുമാനപ്പെട്ട ധനമന്ത്രീ, ദില്ലിയില്‍ നിന്ന് താങ്കളും, താങ്കളുടെ സാമ്പത്തിക നയത്തിന്റെ കൂട്ടാളികളും വിളംബരം ചെയ്യുന്നത് പോലെ സര്‍ക്കാര്‍ സാമൂഹിക രംഗങ്ങളില്‍ നിന്ന് പിന്മാറിയും വന്‍കിട കുത്തകകള്‍ക്കും അതിസമ്പന്നര്‍ക്കും നികുതി ഇളവുകള്‍ വാരിക്കോരി കൊടുത്തും അല്ല. സ്മാര്‍ട്ട്‌ സിറ്റി, കൊച്ചി തുറമുഖം എന്നിങ്ങനെ വലിയ മുതല്‍മുടക്കുള്ള പദ്ധതികള്‍ പോലെ തന്നെ അനേകായിരം ചെറുകിട പദ്ധതികളും വേണം ഈ നാടിന്. ഒപ്പം, ഈ തൊഴിലിടങ്ങളില്‍ അധ്വാനിക്കുന്ന ജനവിഭാഗങ്ങള്‍ക്കുള്ള ഭക്ഷണവും ഭൂമിയും ആരോഗ്യസംരക്ഷണവും വിദ്യാഭ്യാസവും എല്ലാം. ഇതാണ് ഇടതുപക്ഷം മുന്നോട്ട് വെക്കുന്ന "വികസനം".

പദ്ധതി അടങ്കല്‍ ഉപയോഗപ്പെടുത്തുന്നില്ല എന്ന് മുഖര്‍ജിയും ആന്റണിയും പറയുന്നു. ഒരു ഭാഗത്ത്‌ നികുതി വരുമാനത്തില്‍ നിന്ന് സംസ്ഥാനത്തിന് കിട്ടുന്ന വിഹിതം വെട്ടി കുറയ്ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ സമീപനം. മറുവശത്ത് സാമൂഹ്യക്ഷേമ രംഗത്ത് മറ്റു ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ പുരോഗതി കൈവരിച്ച കേരളത്തിന്‌ അനുയോജ്യമല്ലാത്ത കേന്ദ്ര പദ്ധതികള്‍. ഈ പദ്ധതികളില്‍ ഉടനീളം നവ ലിബറല്‍ മേലാളരുടെ ജനദ്രോഹപരമായ നിബന്ധനകള്‍. ധനകാര്യ കമ്മീഷന്‍, നികുതി വിഹിതം, സംസ്ഥാനങ്ങള്‍ക്കുള്ള വിഭവ സമാഹരണ ശേഷി എന്നീ കാര്യങ്ങളില്‍ ഇന്ത്യന്‍ ഫെഡറല്‍ സംവിധാനത്തെ തന്നെ തുരങ്കം വെക്കുന്ന സമീപനമാണ് വര്‍ഷങ്ങളായി കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസ്സും ബി ജെ പി യും പുലര്‍ത്തി പോരുന്നത്. ഞങ്ങളുടെ വഴിയേ വന്നില്ലെങ്കില്‍, നേരിട്ട് ഇടപെട്ടു പാഠം പഠിപ്പിക്കും എന്നൊരു ഭീഷണി കൂടി പ്രണബ് മുഖര്‍ജിയുടെയും ആന്റണിയുടേയും വാക്കുകളില്‍ ഒളിഞ്ഞു കിടക്കുന്നുണ്ട്. ഒരുതരം ഫിസ്കല്‍ ഭീകരവാദം!

വാല്‍ക്കഷ്ണം: പോണ്ടിച്ചേരിയില്‍ പ്രചരണത്തിന് പോയ ശേഷമാണു പ്രണബ് മുഖര്‍ജി കേരളത്തില്‍ എത്തിയത്. ധന കമ്മിയെ കുറിച്ചോര്‍ത്തു വ്യാകുലപ്പെടുന്ന അദ്ദേഹത്തിന് പക്ഷെ കളര്‍ ടി വിയും, ഹെല്മെടും, മൊബൈല്‍ ഫോണും വാഗ്ദാനം ചെയ്തു വോട്ടു വാങ്ങാന്‍ ശ്രമിക്കുന്ന പോണ്ടിച്ചേരിയിലെയും തമ്ഴ് നാട്ടിലെയും കൊണ്ഗ്രെസ്സ് നേതൃത്വത്തിനെ പ്രകീര്തിക്കണേ സമയം കിട്ടിയുള്ളൂ.