"വലത്താട്ട് മാറി നിക്കണ" മനുഷ്യാവകാശങ്ങള്‍

മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ്: ജെ.ബി. കോശിയുടേതായി കഴിഞ്ഞ ദിവസം പത്രങ്ങളില്‍ വന്ന പ്രസ്താവന കണ്ടപ്പോള്‍ ഓര്‍മ്മ വന്നത് മമ്മൂട്ടി അവതരിപ്പിച്ച രാജമാണിക്യം സിനിമയിലെ, ഇടതുകണ്ണിന് കാഴ്ചയില്ലാത്ത നായകകഥാപാത്രത്തെയാണ്. കോഴിക്കോട് വെസ്റ്റ് ഹില്‍ കോളേജ് പരിസരത്ത്, എസ്.എഫ്.ഐ. നടത്തിയ സമരത്തിനിടെ പൊലീസ് അസിസ്റ്റന്റ്‌ കമ്മീഷണര്‍ രാധാകൃഷ്ണപ്പിള്ള വെടി വച്ചത് "സ്വയരക്ഷയക്കായിട്ടാണ്” എന്ന് ന്യായീകരിച്ചു കൊണ്ടാണ്, അദ്ദേഹം മനുഷ്യാവകാശങ്ങളുടെ അടുത്ത് രാജമാണിക്യത്തിലെ കാളക്കച്ചവടക്കാരനെപ്പോലെ "വലത്താട്ട് മാറി നില്‍ക്കുവാന്‍" ആജ്ഞാപിച്ചത്.

xdfdfd
മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ജസ്റ്റിസ്: ജെ.ബി. കോശിയുടേതായി കഴിഞ്ഞ ദിവസം പത്രങ്ങളില്‍ വന്ന പ്രസ്താവന കണ്ടപ്പോള്‍ ഓര്‍മ്മ വന്നത് മമ്മൂട്ടി അവതരിപ്പിച്ച രാജമാണിക്യം സിനിമയിലെ, ഇടതുകണ്ണിന് കാഴ്ചയില്ലാത്ത നായകകഥാപാത്രത്തെയാണ്. ചിത്രം കടപ്പാട്: kasargodvartha.com

എസ്.എഫ്.ഐ. നേതൃത്വത്തിലുള്ള സമരത്തിനിടെ വിദ്യാര്‍ത്ഥികള്‍ പൊലീസിനെ പട്ടിയെ തല്ലും പോലെ തല്ലി എന്നതിനാലാണത്രെ രാധാകൃഷ്ണപ്പിള്ള സമരക്കാര്‍ക്ക് നേരെ വെടി വെച്ചത്. പക്ഷെ ഷീല്‍ഡും, ചട്ടിത്തൊപ്പിയും, ലാത്തിയും, ബൂട്ട്‌സുമൊക്കെ ധരിച്ച പൊലീസിനെ, വിദ്യാര്‍ത്ഥികള്‍ തല്ലുന്നത് ഇദ്ദേഹം കണ്ടത് ടിവിയില്‍ മാത്രമാണെന്ന് അറിയുമ്പോളാണ് ആ പ്രസ്താവനയിലെ അപഹാസ്യത വ്യക്തമാകുന്നത്. സാങ്കേതികവിദ്യ ഇത്രയും പുരോഗമിച്ച ഒരു അവസ്ഥയില്‍ അദ്ദേഹത്തിന് തന്റെ റൂമിലെ ചാരുകസേരയിലിരുന്ന് മനുഷ്യാവകാശലംഘനങ്ങള്‍ റിമോട്ട് കണ്‍ട്രോളിലൂടെ മനസ്സിലാക്കിയെടുക്കുവാന്‍ സാധിച്ചിരിക്കാമെന്നും നമ്മുക്ക് വാദിക്കാം. എന്നാല്‍, ടി.വി. ഫൂട്ടേജുകളില്‍ എവിടെയാണ് പൊലീസിനെ വിദ്യാര്‍ത്ഥികള്‍ "പട്ടിയെ പോലെ” തല്ലുന്ന ദൃശ്യങ്ങള്‍ ഉള്ളത്.

എന്തിന് ജെ.ബി. കോശിയെയും രാധാകൃഷ്ണപ്പിള്ളയെയും മാത്രം പ്രതിക്കൂട്ടില്‍ നിര്‍ത്തണം? കേരളത്തിലെ ഒട്ടുമിക്ക മദ്ധ്യവര്‍ഗ്ഗവും എസ്.എഫ്.ഐ. സമരമെന്തിനായിരുന്നു എന്ന് മനസ്സിലാക്കാതെ അവരെ കുറ്റം പറയുന്ന തിരക്കിലാണ്. അത് കൊണ്ടു തന്നെ, എങ്ങനെയാണ് ഈ പ്രശ്നങ്ങള്‍ തുടങ്ങിയതെന്നും എന്തൊക്കെയാണ് എസ്.എഫ്.ഐ-യെ സമരത്തിലേക്ക് നയിച്ചതെന്നും മനസ്സിലാക്കേണ്ടതുണ്ട്.

പ്രശ്നങ്ങളുടെ തുടക്കം

ഹരിപ്പാട്ടുകാരനായ നിര്‍മ്മല്‍ മാധവ് എന്ന വിദ്യാര്‍ത്ഥി 2009-ലെ എന്‍ട്രന്‍സ് പരീക്ഷയ്ക്ക് 22719-ആം റാങ്കോട് കൂടെ ജയിക്കുകയും കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലുള്ള ഒരു സ്വാശ്രയ എഞ്ചിനീയറിങ്ങ് കോളേജില്‍ മെക്കാനിക്കല്‍ എഞ്ചിനീയറിങ്ങില്‍ പഠനം തുടങ്ങുകയും ചെയ്തു. മൂന്ന് സെമസ്റ്ററുകള്‍ പൂര്‍ത്തിയാകും മുമ്പേ നിര്‍മ്മല്‍ മാധവ്, ആലപ്പുഴ ജില്ലയിലെ ഒരു സ്വാശ്രയ കോളേജിലേക്ക് ട്രാന്‍സ്ഫര്‍ വാങ്ങിച്ചു പോയി. ട്രാന്‍സ്ഫര്‍ വാങ്ങിയതിന്റെ കാരണം അവിടത്തെ എസ്.എഫ്.ഐ. നേതാക്കന്മാരുടെ റാഗിങ്ങ് ആയിരുന്നുവത്രെ. സംസ്ഥാനത്തുടനീളമുള്ള കോളേജുകളില്‍ റാഗിങ്ങ് വിരുദ്ധ സ്ക്വാഡുകളെ കോളേജ് തലത്തില്‍ തന്നെ വിന്യസിക്കുന്ന എസ്.എഫ്.ഐ-യുടെ അവകാശവാദങ്ങളെ തല്‍ക്കാലം നമ്മുക്ക് നിരാകരിക്കാം. നിര്‍മ്മല്‍ മാധവ് റാഗിങ്ങ് ആരോപിച്ച എസ്.എഫ്.ഐ. നേതാക്കള്‍ ആ ദിനം, തങ്ങളുടെ കോളേജില്‍ പോയിട്ട് മലപ്പുറം ജില്ലയില്‍ പോലുമില്ലായിരുന്നു എന്നാണ് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞത്. എന്നിട്ടും നമ്മുടെ ഗീബല്‍സിയന്‍ മാദ്ധ്യമങ്ങള്‍ ചര്‍വ്വിതചര്‍വ്വണം നടത്തിക്കൊണ്ടിരിക്കുന്നത്, "എസ്.എഫ്.ഐ-യുടെ പീഢനത്താല്‍ കോളേജ് വിട്ട നിര്‍മ്മല്‍ മാധവ്" എന്നാണ്.

മാദ്ധ്യമങ്ങളുടെ മറ്റൊരു ആരോപണം, നിര്‍മ്മല്‍ മാധവിന്റെ കയ്യില്‍ നിന്നും എസ്.എഫ്.ഐ. നേതാക്കള്‍ കോളേജ് ട്രാന്‍സ്ഫറിനെന്നും പറഞ്ഞ് കാശ് വാങ്ങിയിട്ടുണ്ട് എന്നാണ്. ഇതെങ്ങനെയാണ് ശരിയാവുക. തന്നെ പീഢിപ്പിക്കുന്നവരില്‍ നിന്ന് രക്ഷപെടുവാന്‍ വേണ്ടി അവര്‍ക്ക് തന്നെ കാശ് കൊടുക്കുകയോ? തല്‍ക്കാലത്തേക്ക് ആ വാദം തന്നെ ശരി എന്ന് സ്വയം വിശ്വസിപ്പിച്ചു കൊണ്ട് നമ്മുക്ക് പരിശോധിക്കാം. എന്ത് കൊണ്ട് കോളേജില്‍ മാത്രം പിടിപാടുണ്ടാകുവാന്‍ സാദ്ധ്യതയുള്ള ഒരു നേതാവിന്/നേതാക്കന്മാര്‍ക്ക് നിര്‍മ്മല്‍ കൈക്കൂലി കൊടുത്തു? ഹരിപ്പാട് എം.എല്‍.ഏ. രമേശ് ചെന്നിത്തലയുടെ പേഴ്സനല്‍ സ്റ്റാഫില്‍ അംഗമായിരുന്ന, അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ഒരു വ്യക്തിയുടെ മകന് - സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയെയും നിയമസംസ്ഥാപനത്തെയും വരെ പില്‍ക്കാലത്ത് സ്വാധീനിക്കുവാന്‍ കഴിഞ്ഞ ഒരു വ്യക്തി, തന്റെ കോളേജ് മാറ്റത്തിന് സമീപിച്ചത് ഒരു എസ്.എഫ്.ഐ. നേതാവിനെയാണ് എന്നത്, ചില മൂന്നാംകിട അപസര്‍പ്പക നോവലുകളിലെ യുക്തിക്ക് പോലും നിരക്കാത്ത നുണയാണ്.

എന്തായാലും യൂണിവേഴ്സിറ്റി ട്രാന്‍സ്ഫര്‍ വാങ്ങി വന്ന നിര്‍മ്മല്‍, പിന്നെ പോയത് പുന്നപ്രയിലെ CAPE-ന്റെ ഉടമസ്ഥതയിലുള്ള കോളേജില്‍ സിവില്‍ എഞ്ചിനീയറിങ്ങ് പഠിക്കുവാനാണ്. എന്നാല്‍ അവിടെയും ഇദ്ദേഹത്തിന് യൂണിവേഴ്സിറ്റി പരീക്ഷയെഴുതുവാന്‍ ആവശ്യമുള്ളയത്ര ഹാജര്‍നില ഉണ്ടായിരുന്നില്ല. അപ്പോഴാണ് കേരളത്തിലെ ജനങ്ങള്‍ കനിഞ്ഞ് ഉമ്മന്‍ ചാണ്ടിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരത്തിലെത്തിയത്. ഇവിടെ ഒരു വലിയ തമാശയുണ്ട്. തിരഞ്ഞെടുപ്പിലെ ഒരു പ്രധാനപ്പെട്ട വിഷയമായി ജനങ്ങള്‍ കാണുന്നത് സ്വാശ്രയ കോളേജ് അഡ്മിഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണെന്ന് ഒരു സര്‍വ്വെയില്‍ കണ്ടിരുന്നു. അതേ ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാര്‍ ആകട്ടെ, മുമ്പുണ്ടായിരുന്ന പ്രശ്നങ്ങളെ ഗുരുതരമാക്കുന്ന രീതിയിലാണ് പിന്നെ പ്രവര്‍ത്തിച്ചതും ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതും.

നിലവിലുള്ള ചട്ടങ്ങളെയെല്ലാം മറികടന്ന് കൊണ്ട്, ഉമ്മന്‍ ചാണ്ടി നേരിട്ടിടപെട്ട ഈ കേസില്‍ പിന്നെ സംഭവിച്ചത്, നിര്‍മ്മല്‍ മാധവിനെ കോഴിക്കോട് വെസ്റ്റ്‌ഹില്‍ കോളേജിലേക്ക് അഞ്ചാം സെമസ്റ്റര്‍ മെക്കാനിക്കല്‍ ബ്രാഞ്ചിലേക്ക് മാറ്റിക്കൊണ്ട് 2011 ജൂലൈ നാലിന് വന്ന ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയുടെ ഉത്തരവായിരുന്നു. സര്‍ക്കാരിന്റെ മെറിറ്റ് ലിസ്റ്റില്‍, ഈ കോളേജില്‍ അവസാനം അഡ്മിഷന്‍ കിട്ടിയ റാങ്ക് 1316 ആയിരിക്കേയാണ് അതിന്റെ പത്ത്-പതിനഞ്ച് ഇരട്ടി റാങ്കുള്ള വിദ്യാര്‍ത്ഥിക്ക് കേവലം ഇടതുപക്ഷ വിരുദ്ധതയുടെ പേരില്‍ ഉമ്മന്‍ ചാണ്ടി അഡ്മിഷന്‍ തരപ്പെടുത്തിക്കൊടുത്തത്.

xdfdfd
ഉമ്മന്‍ ചാണ്ടിയെ കണ്ടു അനുഗ്രഹം വാങ്ങുന്ന നിര്‍മല്‍ മാധവ്. ചിത്രം കടപ്പാട്: മാതൃഭൂമി

നിയമ സംരക്ഷണത്തിന്റെ ഉത്തരവാദിത്തമുള്ള സര്‍ക്കാര്‍ അതിന്റെ ലംഘനത്തിന് കൂട്ടു നിന്നപ്പോഴാണ് എസ്.എഫ്.ഐ.-യുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ സംഘടിച്ചതും പ്രതിഷേധസമരങ്ങള്‍ നടത്തിയതും. എന്നാല്‍ ഉമ്മന്‍ ചാണ്ടിയാകട്ടെ, ഈ സമരത്തിനെ പൊലീസിനെ ഉപയോഗിച്ച് മര്‍ദ്ദിച്ചൊതുക്കുവാനാണ് ശ്രമിച്ചത്. എന്താണ് ഉമ്മന്‍ ചാണ്ടി പറയുവാനുദ്ദേശിക്കുന്നത്? നീതി നിഷേധങ്ങള്‍ക്കെതിരെ പ്രതികരിക്കാതെ നില്‍ക്കണമെന്നാണോ? ഈ രാജ്യത്തെ മഹത്തായ ജനാധിപത്യമൂല്യങ്ങളെയാണ് ഉമ്മന്‍ ചാണ്ടി ഉന്മൂലനം ചെയ്യുവാന്‍ ശ്രമിക്കുന്നത്.

പിന്നീട് കോഴിക്കോട് കലക്ടര്‍ സര്‍വ്വകക്ഷിയോഗം വിളിച്ചുകൂട്ടുകയും നിര്‍മ്മല്‍ മാധവിന്റെ പ്രവേശനം ചട്ടവിരുദ്ധമാണോ എന്ന് പരിശോധിക്കുവാന്‍ ഒരു വിദഗ്ദ്ധ സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തു. എന്നാല്‍, സര്‍ക്കാരാകട്ടെ ഈ സമിതിയുടെ റിപ്പോര്‍ട്ട് വരുന്നതിന് മുമ്പ്, ക്രമവിരുദ്ധമായി പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥിയെ കോളേജില്‍ ഹാജരാകുവാന്‍ അനുവദിക്കുകയാണ് ചെയ്തത്. പിന്നീട് രാധാകൃഷ്ണപ്പിള്ളയുടെ വെടി വെപ്പിനിടിയാക്കിയ സമരം ഈയൊരു നിയമവിരുദ്ധ നടപടിയിന്മേലാണ് തുടങ്ങിയതെന്ന് സാരം.

വേട്ടപ്പട്ടികളുടെ അഴിഞ്ഞാട്ടം

തികച്ചും സമാധാനപരമായി സമരം ചെയ്തു കൊണ്ടിരുന്ന വിദ്യാര്‍ത്ഥികളെ യാതൊരു പ്രകോപനവും കൂടാതെയാണ് പൊലീസ് ആക്രമിച്ചതെന്ന് അതിന്റെ വീഡിയോ ഫൂട്ടേജുകള്‍ കാണുന്ന ഏതൊരാള്‍ക്കും വ്യക്തമാകും. അന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച കമ്മീഷന്‍ അംഗം കെ.ഇ. ഗംഗാധരന്‍ അഭിപ്രായപ്പെട്ടത് [മാതൃഭുമി 2011-10-10] അവിടെ ഒരു ലാത്തിച്ചാര്‍ജ്ജിനുള്ള സാഹചര്യം പോലും നിലനിന്നിരുന്നില്ല എന്നാണ്. അങ്ങനെയുള്ള ഒരു സമരത്തിനിടയില്‍ ആവശ്യമായ അനുമതി പോലുമില്ലാതെ ഉത്തരവാദിത്തപ്പെട്ട ഒരു പൊലീസുദ്യോഗസ്ഥന്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ (ആകാശത്തോട്ടല്ല, അവന്മാരുടെ നെഞ്ചത്തേക്ക് തന്നെയാണ് താന്‍ നിറയൊഴിച്ചതെന്ന് പിന്നീട് രാധാകൃഷ്ണപ്പിള്ള മാധ്യമങ്ങളോട് വീരസ്യം വിളമ്പുകയും ചെയ്തിരുന്നു) വെടി വെച്ചിട്ടും ഇത് എഴുതുന്നത് വരെയും അതിനെതിരെ ഒരു നടപടി പോലുമുണ്ടായിട്ടില്ല എന്നതും ഒരു വസ്തുതയാണ്.

കണ്ണില്‍ പിടിക്കാത്ത ചില മനുഷ്യാവകാശ ലംഘനങ്ങള്‍

പൊതുസമൂഹത്തിന്റെയും ഭരണകൂടസ്ഥാപനങ്ങളുടെയും കണ്ണില്‍ മാനുഷിക പരിഗണനയര്‍ഹിക്കാത്ത ചില മനുഷ്യാവകാശ ലംഘനങ്ങളുണ്ട്. രാഷ്ട്രീയം കൊണ്ടും, സ്വത്വം കൊണ്ടും ചിലരുടെയൊക്കെ അവകാശങ്ങള്‍ ലം‌ഘിക്കുന്നതില്‍ തെറ്റില്ല എന്നൊക്കെ കരുതേണ്ടിയിരിക്കുന്നു. നമ്മുക്ക് അല്പം തെക്കോട്ടേക്ക് സഞ്ചരിക്കാം. ചെന്നിത്തലയുടെ മണ്ഡലമായ ഹരിപ്പാടില്‍ നിന്നും ഒരു പത്ത് നൂറ് കിലോമീറ്റര്‍ വടക്ക് മാറി മാല്യങ്കര എന്നൊരു സ്ഥലമുണ്ട്. അവിടെയുള്ള SNM Institute of Management and Technology എന്ന സ്വാശ്രയക്കോളേജില്‍ ഒരു പ്രശ്നമുണ്ടായി. ലാഭം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്ന കോളേജുകളില്‍ സ്ഥിരം കാണുന്നത് പോലെ, അവശ്യ സൗകര്യങ്ങള്‍ ഒരുക്കാതെ അന്യായമായ ഫീസ് (4000 രൂപയുടെ അധിക ഫീസ്) വാങ്ങിക്കുകയും, തല്‍ഫലമായി കോളേജ് മാനേജ്‌മെന്റിനെതിരെ വിദ്യാര്‍ത്ഥികള്‍ എസ്.എഫ്.ഐ-യുടെ നേതൃത്വത്തില്‍ സംഘടിക്കുകയും പ്രചരണ പരിപാടികള്‍ നടത്തുകയും ചെയ്തു. എന്നിട്ടും കുലുങ്ങാത്ത മാനേജ്‌മെന്റിനെതിരെ 2011 ജൂലൈ 18-ന്, മറ്റൊരു തരത്തില്‍ പറയുകയാണെങ്കില്‍ നിര്‍മ്മല്‍ മാധവിന് അനര്‍ഹമായ പ്രവേശനത്തിന് ഗവണ്‍മെന്റ് ഉത്തരവായിട്ട് കൃത്യം പതിനാല് ദിവസങ്ങള്‍ക്ക് ശേഷം, കോളേജിലെ സര്‍വ്വ വിദ്യാര്‍ത്ഥികളും സൂചനാ സമരം നടത്തുകയുണ്ടായി.

xdfdfd
കൊടുങ്ങല്ലൂരിലെ ഒരു സ്വാശ്രയക്കോളേജില്‍ നടക്കുന്ന അഴിമതിക്കെതിരെ ശബ്ദം ഉയര്‍ത്തിയതിനു അധികൃതര്‍ പുറത്താക്കിയ നായിബ് ഇ. എം. എന്ന വിദ്യാര്‍ഥി.

ഈ വിദ്യാര്‍ത്ഥി സമരത്തിന് നേതൃത്വം നല്‍കിയ വിദ്യാര്‍ത്ഥികളെതിരെ പ്രതികാരനടപടികള്‍ സ്വീകരിക്കുകയാണ് മാനേജ്‌മെന്റ് ചെയ്തത്. അതിന്റെ ഭാഗമായി നായിബ് ഈ.എം. എന്ന വിദ്യാര്‍ത്ഥിയെ സ്ഥാപനത്തിന്റെ പേരിന് കളങ്കം വരുത്തുവാനിടയാക്കി എന്നാരോപിച്ച് മാനേജ്‌മെന്റ് സസ്പെന്‍ഡ് ചെയ്തു. ഇതിനെതിരെ നായിബ് ഹൈക്കോടതിയെ സമീപിക്കുകയും, 2011 ഓഗസ്റ്റ് 26-ന് മഹാത്മാ ഗാന്ധി യൂണിവേഴ്സിറ്റിയോട് 21 ദിവസത്തിനകം പ്രസ്തുത സംഭവത്തിന്റെ നിജസ്ഥിതി അന്വേഷിച്ച് തീരുമാനമെടുക്കുവാന്‍ ഉത്തരവാകുകയും (W.P.(C) No. 23337 of 2011 N) ചെയ്തു. പിന്നീട് യൂണിവേഴ്സിറ്റി നടത്തിയ ഹിയറിങ്ങില്‍ കോളേജ് അധികാരികള്‍ക്ക് നായിബിനെതിരെ ഒരു തെളിവ് പോലും ഹാജരാക്കുവാന്‍ കഴിഞ്ഞില്ലായെന്നതിനാല്‍ നായിബിനെ നിരുപാധികം തിരികെ പ്രവേശിപ്പിക്കുവാന്‍ പ്രിന്‍സിപ്പാളിനോട് ആവശ്യപ്പെടുകയാണുണ്ടായത്. എന്നാല്‍, മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞ് ആ വിദ്യാര്‍ത്ഥിയെ കോളേജില്‍ തിരികെ പ്രവേശിപ്പിക്കാതെയിരിക്കുവാനാണ് പ്രിന്‍സിപ്പാളും മാനേജുമെന്റും ശ്രമിച്ചത്.

അതായത്, നിര്‍മ്മല്‍ മാധവിനെ ചട്ടവിരുദ്ധമായി കോളേജില്‍ പ്രവേശിക്കുവാന്‍ ഉമ്മന്‍ ചാണ്ടി അനുവദിച്ച ഒക്റ്റോബര്‍ 10-ന് പോലും, കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടായിട്ടും പഠിക്കുവാന്‍ അനുവദിക്കാത്ത ഒരു സാഹചര്യമാണ് കേരളത്തിന്റെ മറ്റൊരു ഭാഗത്ത്, ഒരു എഞ്ചിനീയറിങ്ങ് കോളേജില്‍ ഉണ്ടായത്. നായിബിന് ഇല്ലാത്ത എന്ത് യോഗ്യതയാണ് പ്രിയപ്പെട്ട മുഖ്യമന്ത്രീ, നാടിനെ കട്ടുമുടിച്ചതിന്റെ പേരില്‍ ജയില്‍ ശിക്ഷ വിധിക്കപ്പെട്ട് ഇപ്പോള്‍ സുഖജീവിതം നയിക്കുന്ന കെ. ബാലകൃഷ്ണപ്പിള്ളയ്ക്കും, മെറിറ്റിനെ നിഷേധിച്ചുകൊണ്ട് നിങ്ങള്‍ ഗവണ്‍മെന്റ് കോളേജില്‍ അഡ്മിഷന്‍ നല്‍കിയ നിര്‍മ്മല്‍ മാധവിനും ഉള്ളത്? അവര്‍ കോണ്‍ഗ്രസ്സ് ബാന്ധവമുള്ളവരാണ് എന്നതാണോ? അതോ നായിബ് ഒരു മുസ്ലീമും, എസ്.എഫ്.ഐ.ക്കാരനുമായി എന്നതാണോ അദ്ദേഹത്തെ 'മാനുഷിക പരിഗണനയില്‍' നിന്നും അയോഗ്യനാക്കുവാന്‍ നിങ്ങള്‍ കണ്ടെത്തിയ ന്യായം?

xdfdfd
നായിബിനെതിരെ SNM കോളേജ് മാനേജ്‌മന്റ്‌ പടച്ചുവിടുന്ന വര്‍ഗ്ഗീയ വിഷം

നായിബിന്റെ പീഢനകഥ അവിടെ തീരുന്നില്ല. ഹിന്ദുക്കളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തകര്‍ക്കുവാന്‍ ശ്രമിക്കുന്ന പാക്കിസ്ഥാന്‍ ചാരനായിട്ടാണ് അദ്ദേഹത്തെയിപ്പോള്‍ ചിത്രീകരിക്കുന്നത്. മാനേജുമെന്റിന്റെ ഒത്താശയോടെയെന്ന് കരുതപ്പെടുന്ന ഇത്തരം പോസ്റ്ററുകള്‍ കോളേജിന്റെ പരിസരത്ത് പതിച്ചിട്ടുണ്ട്. നീതിനിഷേധങ്ങള്‍ക്കെതിരെ പോരാടുന്നവര്‍ക്കെതിരെ, ഇത്ര നീചമായി വ്യക്തിഹത്യ നടത്തുന്ന അധികാരകേന്ദ്രങ്ങള്‍ക്കെതിരെ പ്രതികരിക്കുവാനുള്ള ഉത്തരവാദിത്തം ഒരു ജനാധിപത്യ സമൂഹത്തിനും, ഭരണഘടനാ സ്ഥാപനങ്ങള്‍ക്കും ഉണ്ട്. ജസ്റ്റിസ് കോശിയും മറ്റ് മനുഷ്യസ്നേഹികളും നായിബുമാരുടെ പ്രശ്നങ്ങള്‍ എന്ത് കൊണ്ടു കാണുന്നില്ല, എന്ത് കൊണ്ട് നടപടികള്‍ സ്വീകരിക്കുന്നില്ല. കൈരളി ടിവി അല്ലാതെ വേറെ ഏത് മാദ്ധ്യമമാണ് നായിബിന്റെ പ്രശ്നങ്ങള്‍ ഏറ്റെടുത്ത് ജനങ്ങളുടെ മുന്നില്‍ അവതരിപ്പിച്ചത്?

ചോദിക്കപ്പെടാത്ത ചോദ്യങ്ങള്‍

ഇത്രയധികം ചട്ടവിരുദ്ധങ്ങളായ നടപടികള്‍ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടും, വലതുവശം ചാരി വിശ്രമിക്കുന്ന, ജനാധിപത്യത്തിന്റെ കാവല്‍ പോരാളികളായി സ്വയം അവരോധിച്ച മുഖ്യധാരാ മാദ്ധ്യമങ്ങള്‍ ചോദിക്കാത്ത ചോദ്യങ്ങള്‍ എന്തൊക്കെയാണ്?

  1. ക്രമവിരുദ്ധമെന്ന് വിദഗ്ദ്ധ സമിതി കണ്ടെത്തിയ നിര്‍മ്മല്‍ മാധവിന്റെ പ്രവേശനത്തിന്റെ പേരിലാണ് പിന്നീടുണ്ടായ വിദ്യാര്‍ത്ഥി സമരവും, പൊലീസ് വെടിവയ്പ്പും. നാല്പതിലധികം പൊലീസുകാര്‍ക്കും, അതിലേറെ വിദ്യാര്‍ത്ഥികള്‍ക്കും പരിക്കു പറ്റിയതിന്റെ ഉത്തരവാദിത്തം എസ്.എഫ്.ഐ-ക്കോ, പൊലീസിനോ, അതോ നീതി നിഷേധങ്ങള്‍, നിയമലംഘനങ്ങള്‍ കണ്ടു നിന്നാല്‍ മതിയെന്ന് ആജ്ഞാപിക്കുന്ന സര്‍ക്കാരിനോ?

  2. എസ്.എഫ്.ഐ-ക്കാരനോ സി.പി.ഐ. (എം)-കാരനോ വഴിയരികില്‍ നിന്ന് മൂത്രമൊഴിച്ചാല്‍ പോലും അച്ചു നിരത്തുന്ന മനോരമ-മാതൃഭൂമിയാദി മാദ്ധ്യമങ്ങളില്‍ പോലും വരാതിരുന്ന, കെ.പി.സി.സി. പ്രസിഡന്റിന്റെ അടുത്ത ബന്ധുവായിട്ട് പോലും ഏറ്റെടുക്കപ്പെടാതെയിരുന്ന, കോടതി പോലും അടിസ്ഥാനരഹിതമെന്ന് അഭിപ്രായപ്പെട്ട റാംഗിങ്ങ് ആരോപണത്തിന് ഇപ്പോള്‍ കിട്ടുന്ന പ്രചരണം ഗൂഢമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ കൊണ്ടു തന്നെയല്ലേ?

  3. നിര്‍മ്മല്‍ മാധവിനെ മറ്റൊരു കോളേജിലേക്ക് മാറ്റാമെന്ന് സര്‍ക്കര്‍ അവസാനം സമ്മതിക്കുമ്പോള്‍ തന്നെ തങ്ങളുടെ നടപടി നിയമവിരുദ്ധമായിരുന്നു എന്ന കുറ്റസമ്മതമല്ലേ അവിടെ നടക്കുന്നത്. ഈ സര്‍ക്കാരിന് ധാര്‍മ്മികത എന്നൊന്നില്ലേ?

  4. പൊതുമുതലെന്ന് പറയുന്നത് ജീപ്പും, വണ്ടിയും, ബസ്സുകളും ഉള്‍പ്പെടുന്ന അചേതന വസ്തുക്കള്‍ മാത്രമാണോ അതോ നീതി നിഷേധങ്ങള്‍ക്കെതിരെ പോരാടിയ മനുഷ്യരുടെ ജീവന് വിലയില്ലായെന്നും അര്‍ത്ഥമുണ്ടോ?

  5. എസ്.എഫ്.ഐ-ക്കാര്‍ക്കെതിരെ ആര് എന്ത് അക്രമം കാട്ടിയാലും അവര്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കുമോ?

  6. വിദ്യാഭ്യാസം മനുഷ്യന്റെ അവകാശമാണ്. മെറിറ്റിനെ മറി കടന്ന് അത് അനര്‍ഹന് കൊടുക്കുന്നത് വഴി അവിടെ മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നത്. ജസ്റ്റിസ്: ജെ.ബി. കോശി ചില പ്രത്യേക മനുഷ്യാവകാശ ലംഘനങ്ങള്‍ മാത്രമേ കാണുകയുള്ളോ?

  7. നായിബിന് ഇല്ലാത്ത എന്ത് പ്രത്യേകതയാണ് മാദ്ധ്യമങ്ങളും പൊതുസമൂഹവും നിര്‍മ്മല്‍ മാധവനിലും, ബാലകൃഷ്ണപ്പിള്ളയിലും, വിദ്യാര്‍ത്ഥികളുടെ തല വെട്ടിപ്പൊളിച്ച പൊലീസുകാരിലും, വെടിവെപ്പുകാരന്‍ രാധാകൃഷ്ണപ്പിള്ളയിലും കണ്ടത്?

ഐക്യ ജനാധിപത്യവിരുദ്ധ മുന്നണി

തുടര്‍ച്ചയായ ജനാധിപത്യമര്യാദാലംഘനങ്ങളോടെയാണ് യു.ഡി.എഫ്. ഈ പ്രശ്നത്തിനെ നേരിട്ടതെന്ന് സൂക്ഷ്മമായി നോക്കിയാല്‍ മനസ്സിലാകും. തുടക്കം മുതല്‍ക്ക് തന്നെ എസ്.എഫ്.ഐ. സമരത്തിനെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമര്‍ത്തുവാന്‍ ശ്രമിച്ചു. ഒടുക്കം വിദ്യാര്‍ത്ഥികള്‍ക്ക് നേരെ അന്യായമായി വെടി വെച്ച പൊലീസുകാരനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട പ്രതിപക്ഷ എം.എല്‍.ഏ.-മാര്‍ക്കെതിരെ, ഭരണപക്ഷം പ്രതികരിച്ചത് ഒരു വനിതാ വാച്ച് ആന്‍ഡ് വാര്‍ഡിനെ കയ്യേറ്റം ചെയ്തു എന്നാരോപിച്ചാണ്. ജനാധിപത്യത്തെ നോക്കുകുത്തിയാക്കി ക്രിമിനലുകളും അഴിമതിക്കാരും ചേര്‍ന്ന് ഭരണം നടത്തുന്ന ഈ ഫാഷിസ്റ്റ് ഭരണവ്യവസ്ഥ നാടു കുട്ടിച്ചോറാക്കുന്നതിന് മുമ്പ്, എത്രയും പെട്ടെന്ന് തന്നെ പുറത്താക്കേണ്ടത് ജനാധിപത്യ സ്നേഹികളായ എല്ലാവരുടെയും ഉത്തരവാദിത്തമാണ്.