മദനി, ഷാഹിന, സുഭാഷ് - ഭരണകൂട ഭീകരതയും മാധ്യമവിധിയെഴുത്തുകളും

അടുത്തിടെ നടന്ന മൂന്നു സംഭവങ്ങളെ ചേര്‍ത്തുവായിക്കുമ്പോഴുണ്ടാവുന്ന ഒരു ഭീതിയാണ് ഈ കുറിപ്പിനാധാരം.

ഒന്ന് - ബംഗ്ലൂരു സ്ഫോടനക്കേസിലെ സാക്ഷികളെ ഭീഷണിപെടുത്താനും സ്വാധീനിക്കാനും ശ്രമിച്ചു എന്നു ആരോപിച്ച് മാധ്യമപ്രവര്‍ത്തകയായ ഷാഹിനെക്കെതിരെ കര്‍ണാടകാപ്പോലീസ് മടിക്കേരി സെഷന്‍സ് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രം.

രണ്ടു - കോഴിക്കോട് എന്‍ ഐ ടിയിലെ ഗവേഷണവിദ്യാര്‍ത്ഥിയായിരുന്ന ഇന്ദുവിന്റെ മരണം കൊലപാതകമാണെന്ന് പോലീസ് തെളിയിച്ചുവെന്നും, കുറ്റം സഹയാത്രികനും സുഹൃത്തും എന്‍ ഐ ടിയിലെ അധ്യാപകനുമായ സുഭാഷ് സമ്മതിച്ചു എന്നുമുള്ള പത്രവാര്‍ത്ത.

മൂന്നു - മജീദിയ വേജ്ബോര്‍ഡ് ശുപാര്‍ശകള്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ധര്‍ണ നടത്തിയ മാധ്യമജീവനക്കാര്‍ക്ക് മാതൃഭൂമി മാനേജുമെന്‍റ്റ് സമ്മാനിച്ച കൂട്ടസ്ഥലംമാറ്റങ്ങള്‍.

തനിക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാനാസ്പദമായ സംഭവത്തെ കുറിച്ചും, അതിനെ തുടര്‍ന്നുണ്ടായ പ്രതികരണങ്ങളെ കുറിച്ച് ഷാഹിന പീപ്പിള്‍ ടീവിക്കു നല്‍കിയ അഭിമുഖത്തില്‍ വിവരിക്കുന്നതിന്റെ അടിസ്ഥാനത്തിലും സുഭാഷിന്റെ അറസ്റ്റ് രേഖപ്പെടുത്തുന്ന സമയത്ത് കൂടെയുണ്ടായിരുന്ന സുഹൃത്തിനോട് സംസാരിക്കുകയും, സുഭാഷിനെ കോഴിക്കോട് ജില്ലാ ജയിലില്‍ ചെന്ന് ഈ ലേഖകന്‍ നേരിട്ട് കണ്ടു സംസാരിക്കുകയും ചെയ്തതിന്റെയും പശ്ചാതലത്തിലാണ് ഈ ലേഖനം എഴുതപെട്ടിട്ടുള്ളത്. [സുഭാഷിന് ഇനിയും ജാമ്യം ലഭിച്ചിട്ടില്ലാത്തിനാല്‍ സുഭാഷിന്റെ നേരിട്ടുള്ള പ്രതികരണം ലിങ്ക്‌ ചെയ്യാന്‍ നിര്‍വാഹമില്ല.]

മൊഴികളുണ്ടാവുന്നത്

ഷാഹിനയുമായുള്ള അഭിമുഖം രണ്ടു തവണ കണ്ടിരിക്കേണ്ടതാണ്. പോലീസ്-ഭരണകൂട ഭീകരതയെന്താണ് എന്നു മനസ്സിലാക്കാന്‍ ഒരു തവണ, മാധ്യമഭീകരത എന്താണെന്ന് മനസ്സിലാക്കാന്‍ മറ്റൊരു തവണ. പോലീസ് കള്ളസാക്ഷികളെ ഉണ്ടാക്കുന്ന രീതി, പ്രതികളെയും സാക്ഷികളെയും ചൊദ്യം ചെയ്യുന്ന രീതി, മുന്‍കൂട്ടി അറിയിച്ച് പ്രതികാരം തീര്‍ക്കുന്ന രീതി തുടങ്ങിയതിനെക്കുറിച്ചെല്ലാം ഷാഹിന വ്യക്തമായി വിവരിക്കുന്നുണ്ട്. ബംഗ്ലൂരു സ്ഫോടനക്കേസില്‍ അബ്ദുള്‍ നാസര്‍ മദനിക്കെതിരായുള്ള പ്രധാന കുറ്റാരോപണം അദ്ദേഹം തടിയെന്റവിട നസീറുമായി സ്ഫോടനം ആസൂത്രണം ചെയ്യാനായുള്ള ഗൂഢാലോചന നടത്തി എന്നതാണ്. മദനി കൊച്ചിയില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ഫ്ലാറ്റില്‍ വെച്ച് നസീറുമായി ഗൂഢാലോചന നടത്തി എന്നതിനു പോലീസിന്റെ സാക്ഷി ഫ്ലാറ്റുടമയായ ജോസ് വര്‍ഗ്ഗീസാണ്. എന്നാല്‍ തന്നെ തെറ്റിദ്ധരിപ്പിച്ച് കന്നടയില്‍ എഴുതിയ സാക്ഷിമൊഴി പോലീസ് ഒപ്പിട്ട് വാങ്ങുകയായിരുന്നുവെന്ന് അദ്ദേഹം തുറന്നു പറയുകയും ദേശീയ അന്വേഷണ ഏജന്‍സിയെ അറിയിക്കുകയും ചെയ്തു. മദനിയുടെ സഹോദരനും തന്റെ മൊഴി വളച്ചൊടിച്ചു എന്നു കോടതിയില്‍ പരാതി നല്‍കിയിട്ടുണ്ട്.1. കര്‍ണാടകത്തിലുള്ള മടിക്കേരിയില്‍ വെച്ച് നസീറുമായി മദനി കൂടിക്കാഴ്ച നടത്തി എന്നതിനു പോലീസ് നല്‍കിയ രണ്ട് സാക്ഷികളാണ് തോട്ടം തൊഴിലാളിയായ റഫീക്കും ബി.ജെ.പി. പ്രവര്‍ത്തകനായ യോഗാനന്ദയും. ഈ രണ്ടു പേരുമായി ഷാഹിന നടത്തിയ അഭിമുഖമാണ് ഷാഹിനെയെ കര്‍ണാടകാപോലീസിന്റെ വേട്ടയാടലിനിരയാക്കിയത്. താന്‍ മദനിയെ കണ്ടു എന്നാണ് തന്റെ സാക്ഷിമൊഴി എന്നത് യോഗാനന്ദ അറിയുന്നതു തന്നെ ഷാഹിന അതേക്കുറിച്ച് ചോദിക്കുമ്പോഴാണ്. റഫീക്കാകട്ടെ തന്നെ പോലീസ് പീഡിപ്പിച്ച് കള്ളം പറയിപ്പിക്കുകയായിരുന്നുവെന്ന് ഷാഹിനയോടു സമ്മതിച്ചതുമാണ്. ഇതെല്ലാം ഷാഹിന രഹസ്യക്യാമറയില്‍ പകര്‍ത്തുകയും പിന്നീട് തെഹല്‍കയില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തു. ഇതിനെയാണ് പോലീസ് സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമമെന്നും ഭീഷണിപ്പെടുത്തലെന്നുമൊക്കെ വിളിക്കുന്നത്. എന്നാല്‍ മറിച്ചു പോലീസിന്റെ ചോദ്യംചെയ്യല്‍ രീതികളില്‍ അടങ്ങിയിരിക്കുന്ന സ്വാധീനശക്തിക്കും ഭീഷണിക്കുമെതിരെ ആരാണ് കേസെടുക്കുക? തങ്ങള്‍ക്കു വേണ്ട കഥ സാക്ഷികളേയും പ്രതികളേയും കൊണ്ടു പറയിപ്പിക്കാന്‍ വേണ്ടി പോലീസ് ഉപയോഗിക്കുന്ന വളരെ ആസൂത്രിയമായ ചോദ്യം ചെയ്യല്‍ രീതിയെകുറിച്ച് ഷാഹിന അഭിമുഖത്തില്‍ പറയുന്നതും പ്രസക്തമാണ്.

ഇതേ ചോദ്യം ചെയ്യല്‍ രീതിയാണ് കഴിഞ്ഞ കുറേ നാളുകളായി സുഭാഷും സുഭാഷിന്റെ സുഹൃത്തുക്കളും നേരിടുന്നത്. പോലീസ് ഇങ്ങോട്ടൊരു കഥ പറയുക, അതു പലകുറി ആവര്‍ത്തിക്കുക, എല്ലാവര്‍ക്കും ആ കഥ അറിയാം നിങ്ങള്‍ക്കു മാത്രമെന്താ അതറിയാത്തത് എന്ന് ചോദിക്കുക, അവര്‍ക്കു വേണ്ടതുമാത്രം കുറിക്കുക, അതില്‍ തന്നെ പരമാവധി വളച്ചൊടിക്കുക, പ്രതിയുടെയും കൂടെയുള്ളവരുടെയും സ്വഭാവഹത്യ നടത്തുക ഇങ്ങനെ തുടങ്ങുന്നു മൊഴിയെടുക്കല്‍. ചെയ്യുന്നത് പോലീസായതുകൊണ്ട് ഇതൊന്നും സാക്ഷികളെ സ്വാധീനിക്കുന്ന ഗണത്തില്‍ പെടില്ല എന്നുമാത്രം.

കോടതിയിലേക്കുള്ള വഴി

പോലീസങ്ങനെയൊക്കെ ചെയ്താലും കോടതിയില്‍ നിങ്ങള്‍ക്ക് സത്യം തെളിയിച്ചുകൂടേ എന്നതാണ് പലരും ചോദിച്ചു കേട്ട ഒരു ചോദ്യം. കോടതിപ്പോരാളികള്‍ക്കു നല ഗ്ലാമറുള്ള ഒരു സമയമായതുകൊണ്ട് ആളുകള്‍ അങ്ങനെ ചോദിച്ചു പോകുന്നതില്‍ അതിശയമില്ല. ഷാഹിന അഭിമുഖത്തിന്റെ അവസാനം ഒരു ചോദ്യത്തിനുള്ള ഉത്തരമായി പറയുന്നുണ്ട് ഈ കേസു നടത്താന്‍ അഞ്ച് ലക്ഷം രൂപയുടെയെങ്കിലും ചിലവു വരുമെന്ന്. ലക്ഷപ്രഭുക്കുള്‍ക്കു മാത്രം പറഞ്ഞിട്ടുള്ള ഒരു വിനോദമാണ് കോടതിപോരാട്ടം. മറ്റുള്ളവര്‍ കടം വാങ്ങി ശ്വാസം മുട്ടിക്കിടന്നു പിടയുകയോ അല്ലെങ്കില്‍ അതിനുപോലും നിവൃത്തിയില്ലാതെ തോല്‍വി സമ്മതിച്ച് ശിക്ഷയേറ്റു വാങ്ങുകയോ ചെയുന്ന ഒരു പോരാട്ടം. പോലീസിന്റെ കഥയില്‍ പതിരുണ്ടോ എന്നന്വേഷിച്ചു ചെന്നാല്‍ ഇതായിരിക്കും നിങ്ങളുടെ അനുഭവം എന്ന താക്കീതാണ് ഷാഹിനെക്കെതിരെയുള്ള കുറ്റപത്രം. പോലീസിനു അനഭിമതനായ ഒരു പ്രതിക്കു വേണ്ടി, അയാളുടെ നിരപരാധിത്വത്തില്‍ നിങ്ങള്‍ക്കെത്ര തന്നെ വിശ്വാസമുണ്ടെങ്കിലും, പ്രവര്‍ത്തിക്കുന്നതിനുള്ള സ്വാതന്ത്ര്യം എത്രത്തോളമുണ്ട് എന്നതിനുള്ള വ്യക്തമായ സൂചനയാണിത്. ഇങ്ങനെ പലപ്പോഴും ഒറ്റപ്പെടുത്തപെടുന്ന പ്രതികള്‍ക്ക് കോടത്തിപോരാട്ടത്തില്‍ എത്ര സാധ്യതയുണ്ടാവും എന്നത് ചിന്തിക്കാവുന്നതാണ്. ലേഡി ജസ്റ്റിസിന്റെ തുലാസില്‍ സത്യത്തിനു മാത്രമല്ല പണത്തിനും സ്വാധീനത്തിനും ഭാരമുണ്ട് എന്ന് പറയാതെവയ്യ.

പോലീസ് ഇങ്ങോട്ടൊരു കഥ പറയുക, അതു പലകുറി ആവര്‍ത്തിക്കുക, എല്ലാവര്‍ക്കും ആ കഥ അറിയാം നിങ്ങള്‍ക്കു മാത്രമെന്താ അതറിയാത്തത് എന്ന് ചോദിക്കുക, അവര്‍ക്കു വേണ്ടതുമാത്രം കുറിക്കുക, അതില്‍ തന്നെ പരമാവധി വളച്ചൊടിക്കുക, പ്രതിയുടെയും കൂടെയുള്ളവരുടെയും സ്വഭാവഹത്യ നടത്തുക ഇങ്ങനെ തുടങ്ങുന്നു മൊഴിയെടുക്കല്‍. ചെയ്യുന്നത് പോലീസായതുകൊണ്ട് ഇതൊന്നും സാക്ഷികളെ സ്വാധീനിക്കുന്ന ഗണത്തില്‍ പെടില്ല എന്നുമാത്രം.

കേസു കോടതിയില്‍ എത്തുന്നത് വരെയുള്ള വഴിയില്‍ ഇതുപോലെ വേട്ടയാടപ്പെടുന്ന പ്രതികള്‍ അനുഭവിക്കുന്ന ദുരിതത്തിനു കണക്കില്ല. ഇതുവരെ ഒരു കേസിലും കുറ്റം തെളിയിക്കപെടാത്ത മദനി വിചാരണ തടവുക്കാരനായി ജയിലില്‍ കഴിഞ്ഞ കാലം പത്തു കൊല്ലത്തിലും അധികമാണ്. കേസ് രജിസ്റ്റര്‍ ചെയ്തത് മുതല്‍ ഇന്നുവരെ എല്ലാ പതിനഞ്ചു ദിവസത്തിലൊരിക്കലും ബാംഗ്ലൂരു വന്ന് പോലീസ് സ്റ്റേഷനില്‍ ഹാജര്‍ വെക്കുകയാണ് ഷാഹിന. നുണപരിശോധന അടക്കമുള്ള എല്ലാവിധ അന്വേഷണങ്ങളോടും സഹകരിക്കുകയും, നാഴികക്കു നാല്‍പതുവട്ടം കോഴിക്കോടും കൊച്ചിയിലും തിരുവനന്തപുരത്തും ചോദ്യം ചെയ്യലിനെത്തിച്ചേരുകയും ചെയ്ത സുഭാഷ് ഇപ്പോള്‍ തടവിലേക്ക് റിമാന്റ് ചെയപ്പെട്ടിട്ട് ഒരു മാസം തികയുന്നു. ഇനി കോടതിപ്പോരാട്ടത്തില്‍ തങ്ങളുടെ നിരപരാധിത്വം തെളിയിച്ചാല്‍ തന്നെ വിധിക്കു മുന്‍പേ വിധിക്കപെട്ട ഈ ശിക്ഷകള്‍ക്ക് ആര് മാപ്പ് പറയും ഇവരോട്?

മാധ്യമവിധിയെഴുത്തുകള്‍

ഷാഹിനയുമായുള്ള അഭിമുഖം രണ്ടാമതു കാണേണ്ടത് മാധ്യമങ്ങള്‍ ഇതുപോലുള്ള കേസുകളില്‍ വഹിക്കുന്ന പങ്ക് മനസിലാക്കുന്നതിനാണ്. ഏതു മനുഷ്യനേയും തരം പോലെ മാവോയിസ്റ്റോ, മതതീവ്രവാദിയോ, കൊലപാതകിയോ ആക്കാന്‍ മാധ്യമങ്ങള്‍ക്കു ഒരു പ്രഭാതം മതി. "മാധ്യമങ്ങള്‍ പച്ചക്കള്ളമെഴുതും" എന്ന് തിരിച്ചറിവിലേക്ക് ഷാഹിനയെ എത്തിച്ചത് തന്റെ തന്നെ അനുഭവങ്ങളാണ്. ഷാഹിനക്കെതിരെ കേസെടുത്തപ്പോള്‍ ഷാഹിനയെ നേരിട്ടു പരിചയമുള്ള പത്രക്കാര്‍ പോലും ഷാഹിനയെ ഒന്നു വിളിച്ചു നിജസ്ഥിതി അറിയാനുള്ള ശ്രമം നടത്താതെ കര്‍ണാടകാപ്പോലീസിന്റെ ഭാഷ്യം പ്രപഞ്ചസത്യം പോലെ അവതരിപ്പിക്കുകയായിരുന്നു എന്നു ഷാഹിന പറയുന്നുണ്ട്. ഭാവനയും സാഹിത്യാഭിരുചിയുമുള്ള പോലീസുകാരെ മാധ്യമങ്ങള്‍ക്ക് തികഞ്ഞ വിശ്വാസമാണെന്നു തോന്നുന്നു. "മാധ്യമങ്ങള്‍ക്കു വേണ്ടതും സെന്‍സേഷന്‍. കാക്കിക്കുള്ളിലെ കവിഹൃദയങ്ങളിലുള്ളതും സെന്‍സേഷന്‍." തെളിവുകളുമൊക്കെ ആര്‍ക്കു വേണം, ചില യുക്തിവാദികള്‍ക്കല്ലാതെ? "ഷാഹിന സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്ന് പോലീസ്." എന്നതല്ല മറിച്ച് "ഷാഹിന സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു" എന്ന തലക്കെട്ടോടെ "വാര്‍ത്തെ"യെഴുതുന്നത് പൊതുസമൂഹത്തില്‍ പരത്തുന്ന തെറ്റിധാരണയുടെ പ്രസ്കതിയും കുറച്ചു കാണാന്‍ കഴിയില്ല. അതുകൊണ്ട് തന്നെയാണ് ഷാഹിന മദനിയെ "Prisoner of an image" എന്നു വിളിക്കുന്നത്. മദനിയെ കുറ്റക്കാരനാക്കിയത് കോടതിയല്ല - പോലീസും മാധ്യമങ്ങളും ചേര്‍ന്നു സൃഷ്ടിച്ച ഒരു പൊതുബോധമാണ്.

xdfdfd
മാധ്യമങ്ങള്‍ വിധിയെഴുതി

ഇതെ പോതുബോധനിര്‍മ്മിതിയാണ് "സുഭാഷ് കുറ്റം സമ്മതിച്ചു" എന്ന "വാര്‍ത്തെ"യെഴുത്തിനു പിന്നിലും. ഇതു തികച്ചും വാസ്തവവിരുദ്ധമാണെന്ന് സുഭാഷ് അറസ്റ്റിനു ശേഷം നേരിട്ടു വ്യക്തമാക്കിയതാണ്. എന്നാല്‍ അറസ്റ്റിന്റെ അടുത്ത ദിവസം വന്ന പല പത്രങ്ങളിലും പ്രധാന"വാര്‍ത്ത" ഈ കുറ്റസമ്മതമായിരുന്നു2. ഈ ലേഖകന്‍ നേരിട്ടു സംസാരിച്ച പലരും വിശ്വസിക്കുന്നത് ഈ കേസു പൂര്‍ണമായും തെളിയിക്കപ്പെട്ടെന്നാണ്. അതിനുള്ള പ്രധാനകാരണം അടിസ്ഥാനരഹിതമായ ഈ വാര്‍ത്തയാണുതാനും.

ഈ മാധ്യമവിധിയെഴുത്തിന്റെ ഫലം പ്രതിക്കെതിരെയുള്ള പൊതുബോധനിര്‍മ്മിതിയിലും അതു പ്രതിയിലുണ്ടാക്കുന്ന മാനസികക്ഷതത്തിലും ഒതുങ്ങി നില്‍ക്കുന്നില്ല എന്നതാണ് മറ്റൊരു വലിയ അപകടം. മാധ്യമങ്ങള്‍ വിധിയെഴുതി "കുറ്റക്കാരനാക്കിയ" ഒരു പ്രതിക്കു നീതി ലഭിക്കാനായി പ്രവര്‍ത്തിക്കുന്നവരുടെ മുന്നിലെ ഒരു പ്രധാനകടമ്പയായി മാറുന്നു ഈ പൊതുബോധം. അല്ലെങ്കില്‍ പ്രതിയെ സഹായിക്കുമായിരുന്ന പലരും ഈ "വാര്‍ത്ത"കള്‍ സൃഷ്ടിച്ച് മുന്‍വിധികാരണം ഈ കേസില്‍ ഇടപെടുന്നതില്‍നിന്നു ഒഴിഞ്ഞു നില്‍ക്കുന്നത് പ്രതിയുടെ കോടതിയിലേക്കുള്ള വഴിയെ കൂടുതല്‍ ദുഷ്കരമാക്കുകയും ചെയ്യുന്നു. പത്തു ലക്ഷം വായനക്കാരുള്ള പത്രങ്ങള്‍ എഴുതിവിടുന്ന കള്ളങ്ങള്‍ക്കെതിരെ പൊരുതിക്കഴിഞ്ഞിട്ട് വേണം ഒരു നിവേദനം പോലും നല്‍കാന്‍.

തുല്യശക്തികള്‍?

കൈകോര്‍ത്തു ചീറിപ്പാഞ്ഞ് വരുന്ന രണ്ട് ഭീമന്‍ ലോറികളുടെ മുന്നില്‍പെട്ട തവളയുടെ അവസ്ഥയാണ് ഇങ്ങനെ പോലീസും മാധ്യമങ്ങളും ചേര്‍ന്നു പ്രതിയാക്കുന്ന ഒരു സാധാരണക്കാരന്റേത്. ഓടി അടുത്തുള്ള കോടതിവരാന്തയില്‍ക്കേറി രക്ഷപെട്ടൂടേ എന്നു മാറി നിന്നു നോക്കുന്ന പലര്‍ക്കും തോന്നിയേക്കാം. ഷാഹിന പറയുന്നതുപോലെ നേരിട്ടനുഭവിച്ചാലല്ലാതെ ആ അവസ്ഥയുടെ ഭീകരത ആരും തിരിച്ചറിയില്ലായിരിക്കാം.

പക്ഷെ ഷാഹിന മാധ്യമത്തിന്റെ ഭാഗമല്ലെ?

അതെ ഷാഹിന മാധ്യമത്തിന്റെ ഭാഗമാണ്. മാത്രമല്ല ഉപ്പു തൊടാതെ പച്ചക്കളങ്ങളെഴുതി വിടുന്ന പല മാധ്യമപ്രവര്‍ത്തകരും മാധ്യമസ്ഥാപനങ്ങളില്‍ ജോലിയെടുക്കുന്ന സാധാരണ തൊഴിലാളികള്‍ മാത്രമാണ്. സെന്‍സേഷനുള്ള ഒരു വാര്‍ത്തയിലെ പ്രതിനായികയോ പ്രതിനായകനോ ആവേണ്ടി വന്നാല്‍ ലോറിയുടെയല്ല, മറിച്ച് തവളയുടെ അവസ്ഥയിലാവും അവരും. മാധ്യമങ്ങള്‍ക്കുള്ളില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് എത്ര സ്വാധീനമുണ്ടെന്നത് വ്യക്തമാക്കുന്നതാണ് ഈ കുറിപ്പില്‍ ആദ്യം സൂചിപ്പിച്ച മൂന്നാമത്തെ വാര്‍ത്ത. ജനാധിപത്യത്തിന്റെ നാലാം തൂണെന്നൊക്കെ ധരിച്ച് ഒരു വ്യത്യസ്തവിഭാഗമായി സ്വയം അവരോധിക്കാതെ, തങ്ങളും തൊഴിലാളികളാണെന്നും ചൂഷിതരാണെന്നും ഉള്ള തിരിച്ചറിവ് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഉണ്ടാകേണ്ടി ഇരിക്കുന്നു.

സ്വയം വിമര്‍ശനം

മദനിക്കും, ഷാഹിനക്കും, സുഭാഷിനും വേണ്ടി സംസാരിക്കാന്‍ കുറച്ചു പേരങ്കിലുമുണ്ട്. അതുപോലുമില്ലാതെ പോലീസ് കസ്റ്റഡിയിലും, റിമാണ്ടിലും കഴിയുന്ന എത്രയോ പേരുള്ള ഇന്ത്യയില്‍ നിന്ന് ഇതെഴുതുന്നതില്‍ ഒരു ആത്മവഞ്ചനയില്ലാതില്ല.

  • 1. Prisoner of an Image, Openthemagazine, 26 January 2013.
  • 2. പ്രമുഖ മാധ്യമങ്ങളില്‍ മനോരമയും കേരളകൗമുദിയും അങ്ങനെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മാതൃഭൂമി അടക്കമുള്ള മറ്റു ചില മാധ്യമങ്ങളില്‍ കേസ് സംശയാതീതമായി തെളിയിക്കപ്പെട്ടു എന്ന സൂചന പ്രകടമായിരുന്നു.