ഫെയിസ്ബുക്കിൽ ജെ.എൻ.യു.-വിന് വേണ്ടി സംസാരിച്ചിട്ട് എന്ത് നേടുവാൻ?

കഴിഞ്ഞ ദിവസം പ്രവാസിയായ ഒരു സ്നേഹിതൻ ചോദിക്കുകയുണ്ടായി, താങ്കൾ ഫെയ്സ്ബുക്കില്‍ ജെ.എൻ.യു.-വിനു വേണ്ടി സംസാരിച്ചിട്ട് എന്ത് നേടുവാനാണ്? കോളേജ് കാലത്ത് കെ.എസ്.യു-വിന്റെ ഉത്തരവാദിത്തപ്പെട്ട സ്ഥാനം വഹിച്ച ആ സുഹൃത്തിന്റെ ചോദ്യത്തിൽ നിന്നുമാണ് തൊഴിലിടങ്ങളിലിരുന്നു സ്വന്തം രാഷ്ട്രീയം ഉയർത്തി പിടിക്കുന്ന മനുഷ്യരിൽ ഒരാളായി എഴുതണമെന്നു തോന്നിയത്. രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങൾക്കിടയിലും നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്ന ആ സുഹൃത്തിന്റെ മറ്റു സംശയങ്ങൾ ഇതൊക്കെയായിരുന്നു:

  • ഇങ്ങു ദൂരെ ഇരുന്നു മുറവിളി കൂട്ടിയിട്ട് എന്ത് പ്രയോജനം?
  • സാമൂഹിക മാധ്യമങ്ങൾ നല്ല വേദി ആണോ?
  • കേവലമായ ബുദ്ധിജീവി സംതൃപ്തിക്കപ്പുറം ഇതിനു പ്രസക്തിയുണ്ടോ?

ഈ സംശയങ്ങളുടെ പ‍ശ്ചാത്തലത്തിൽ ഇടതുപക്ഷ രാഷ്ട്രീയം ഉയർത്തിപ്പിടിക്കുന്ന ഒരാളെന്ന നിലയിൽ പറഞ്ഞു തുടങ്ങുന്നു.

(കാവി ദേശീയത കെട്ടിപടുക്കാനുള്ള അഹോരാത്ര പരിശ്രമങ്ങളും അതിനെതിരെയുള്ള ജനകീയപ്രതിരോധവും നടക്കുന്ന ദിവസങ്ങളാണിവ. ആദ്യമേ പറഞ്ഞു കൊള്ളട്ടെ, ദേശീയതയല്ല സാർവ്വദേശീയതയാണ് ഞങ്ങളുടെ രാഷ്ട്രീയം!)

എന്ത് കൊണ്ട് ജെ.എൻ.യു.-വിനൊപ്പം?

ഇന്ത്യ എന്ന പരമാധികാര സോഷ്യലിസ്റ്റ്‌ മതനിരപേക്ഷ ജനാധിപത്യ രാജ്യത്തെ പ്രജകളാണ് നമ്മൾ. നമ്മുടെ രാജ്യസ്നേഹം എന്താണെന്ന് നിർവചിക്കുവാൻ മുസ്സോളിനി-മനുവാദികളെ ആരും ചുമതലപ്പെടുത്തിയിട്ടില്ല. ഫാസിസത്തിന്റെ ഇന്ത്യൻ പ്രയോക്താക്കളായ സംഘപരിവാറിന്റെ പ്രഥമശത്രു ഇന്ത്യന്‍ മാർക്‍സിസ്റ്റുകളാണെന്ന് ഉറപ്പിച്ചു കൊണ്ടാണ് സഖാവ് കനയ്യ കുമാറിനെ രാജ്യദ്രോഹിയാക്കാനുള്ള ഗീബൽസിയൻ തന്ത്രം അരങ്ങേറുന്നത്. അരുന്ധതിയുടെ വാക്കുകൾ കടമെടുത്ത് പ‍റഞ്ഞാൽ, “സഖാക്കൾ അഭിമാനിക്കണം, ഗോൾവാൾക്കറുടെ ശിഷ്യന്മാരെ വിറളി പി‍ടിപ്പിക്കുവാൻ പാകത്തിൽ ഹിന്ദുത്വയുടെ ഏറ്റവും വലിയ ശത്രുവായി ഇന്നും കമ്മ്യൂണിസം നിലനിൽക്കുന്നതിൽ.”

ഇതൊക്കെ കൊണ്ട് തന്നെ ജെ.എൻ.യു.-വിനൊപ്പം നില്‍ക്കുന്നു.

ഇങ്ങു ദൂരെ ഇരുന്നു മുറവിളി കൂട്ടിയിട്ട് എന്ത് പ്രയോജനം?

സ്വന്തമായി അദ്ധ്വാനിച്ചു ജീവിക്കുന്നത് വ്യക്തി വികാസത്തിന്റെ ഭാഗമാണെന്ന ഉത്തമബോധ്യത്തിൽ, പ്രവാസിയാക്കപ്പെടുന്നവൻ സ്വന്തം രാഷ്ട്രീയം വ്യക്തമാക്കാതിരിക്കണമെന്നതും അവന്റെ അസ്തിത്വം മറക്കണമെന്നതും സാമ്രാജ്യത്വ വലത്തുപക്ഷത്തിന്റെ ആവശ്യമായിരിക്കെ എത്ര ദൂരെ ഇരുന്നും പ്രതികരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്‌. ദക്ഷിണാഫ്രിക്കയിൽ വക്കീലായിരുന്ന ഒരാൾ രാഷ്ട്രപിതാവായ രാജ്യമാണ് നമ്മുടേത്. അപ്പോൾ ആ രാജ്യത്തിലെ ഒരു പ്രവാസി പൗരൻ തൊഴിലിടത്തിരുന്നു ഐക്യദാർഢ്യപെടുന്നതിനെ ചോദ്യം ചെയ്യുന്നത് തികച്ചും പരിഹാസ്യമാണ്.

ഇന്ത്യൻ ഇടതുപക്ഷ വിദ്യാർത്ഥി പ്രസ്ഥാനങ്ങളുടെ ഭാഗമായി പോരാടിയ ഞങ്ങൾക്ക് എങ്ങനെ ജെ.എൻ.യു.-വിനോട്‌ ഐക്യപ്പെടാതെയിരിക്കുവാനാവും? ക്യാമ്പസ് വിട്ടിറങ്ങിയപ്പോൾ കോളേജിന്റെ പടിവാതിൽക്കൽ രാഷ്ട്രീയം ഉപേക്ഷിച്ചവരല്ല ഞങ്ങൾ. യുവജന പ്രസ്ഥാനങ്ങളുടെ പ്രവർത്തകരായും കമ്മ്യൂണിസ്റ്റ് പാർടിയുടെ കേഡർമാരായും ഉയർത്തിയ രാഷ്ട്രീയത്തിനു വേണ്ടി പോലീസ് സ്റ്റേഷനിലും കോടതി മുറിയിലും കയറിയിട്ടുള്ളവരാണ് ഞങ്ങളിൽ പലരും. അല്ലാതെ പ്രവാസിയായി വിദൂരതയിലെത്തിയപ്പോൾ എന്നാലിനി അൽപം സാമൂഹിക ഇടപെടലാവാം എന്ന് കരുതി ഫേസ്ബുക്കിൽ കയറിയവരല്ല ഞങ്ങൾ.

പോരാടുന്നവരോട് ഐക്യപ്പെടുവാൻ ദൂരമൊരു പ്രതിബന്ധം അല്ലെന്നും, ജോലി ഇനിയിപ്പോൾ അന്റാർട്ടിക്കയിലാണെങ്കിലും ഞങ്ങൾ ഞങ്ങളുടെ രാഷ്ട്രീയം ഉറക്കെ വ്യക്തമാക്കി കൊണ്ടേ ഇരിക്കുമെന്ന് പറഞ്ഞുകൊള്ളട്ടെ .

സാമൂഹിക മാധ്യമങ്ങൾ നല്ല വേദി ആണോ?

ഉത്തരം ലളിതമാണ് ഇരുപത്തി ഒന്നാം നൂറ്റാണ്ടിന്റെ ഏറ്റവും നല്ല വേദികളിലൊന്നു തന്നെയാണ് സാമൂഹിക മാധ്യമങ്ങൾ. ജനാധിപത്യ സംവിധാനത്തിന്റെ അഞ്ചാം എസ്റ്റേറ്റ്‌ ആയി മാറികഴിഞ്ഞ സമൂഹിക മാധ്യമങ്ങൾ അല്ലാതെ മറ്റേത് വേദിയാണ് നാം ഉപയോഗിക്കേണ്ടത്? വിപ്ലവം തോക്കിൻകുഴലിലൂടെ മാത്രമല്ല ഫേസ്ബുക്കിലൂടെയും സാധ്യമാകുമെന്ന് കണ്ട തലമുറയല്ലേ നമ്മുടേത്?

ചിന്തിക്കുന്നവനെ ഭ്രാന്തനെന്നു വിളിപ്പിക്കുവാൻ സാമ്രാജ്യത്വം ശീലിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. അങ്ങനെ സാമ്രാജ്യത്വം വിളനിലമൊരുക്കിയിടത്താണ് ഫാസിസം അതിന്റെ വിത്തിറക്കുന്നത്.

കരഘോഷങ്ങൾക്ക് രാഷ്ട്രീയ പ്രാധാന്യം ഉള്ളത് പോലെ 'like'നും രാഷ്ട്രീയ പ്രാധാന്യമുള്ള കാലഘട്ടത്തിൽ സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള ഐക്യപ്പെടൽ വിലപെട്ടത്‌ തന്നെ.

കേവല ബുദ്ധിജീവി സംതൃപ്തിക്കപ്പുറം ഇതിനു പ്രസക്തിയുണ്ടോ?

തത്വദീക്ഷ ഉള്ളവരെയും പ്രത്യയശാസ്ത്രം പറയുന്നവരെയും ഒക്കെ നോക്കി പരിഹസിക്കുവാൻ പഠിച്ച ഒരു സമൂഹമാണ് നമ്മുടേത്‌. അങ്ങനെ ശീലിപ്പിച്ചതിൽ നമ്മുടെ ചലച്ചിത്രങ്ങൾക്കുൾപടെ പങ്കുണ്ട്. പ്രതിഭാധനരായ സംവിധായകർ പോലും ഈ അര്രാഷ്ട്രീവത്കരണത്തിന്റെ പ്രയോക്താകളായിരുന്നു. താത്വിക അവലോകനവും പോളണ്ടും ഒക്കെ അങ്ങനെ മലയാളിക്ക് തമ്മിൽ പ‍റഞ്ഞ് രസിക്കുവാനുള്ള കേവലമായ തമാശകളാകുന്നു.

ആ കാലഘട്ടത്തിലൂടെ കടന്നു വന്നവർക്ക് പ്രത്യയശാസ്ത്രം പറയുന്നവരെ ആത്മരതിക്കാരനെന്നേ വിളിക്കുവാൻ സാധിക്കുകയുള്ളൂ എന്നതിൽ അത്ഭുതമില്ല. ഇത്തരം രാഷ്ട്രീയ ഇടപെടലുകളെ ശരിയാംവണ്ണം വിലയിരുത്തുവാനാകാതെ പോകുന്നതിനുള്ള കാരണവും മറ്റൊന്നല്ല.

ചിന്തിക്കുന്നവനെ ഭ്രാന്തനെന്നു വിളിപ്പിക്കുവാൻ സാമ്രാജ്യത്വം ശീലിപ്പിച്ചു കഴിഞ്ഞിരിക്കുന്നു. അങ്ങനെ സാമ്രാജ്യത്വം വിളനിലമൊരുക്കിയിടത്താണ് ഫാസിസം അതിന്റെ വിത്തിറക്കുന്നത്. ഈ തിരിച്ചറിവോടെ ആ അരാഷ്ട്രീയ കവചം ഇനിയെങ്കിലും അഴിച്ചുകളയേണ്ടതുണ്ട്.

എം. എൻ. വിജയൻ മാഷ്‌ പറഞ്ഞത് പോലെ 'ഒരു ബ്രേക്കിംഗ് പോയിന്റ്‌ വരുമ്പോൾ നിങ്ങൾ ഉണരുന്നു'.

അതേ ആ പോയിന്‍റ് എത്തിയിരിക്കുന്നു, ഉണരൂ!

ലാൽ സലാം, നീല സലാം, മാർക്‌സ് അംബേദ്കർ സിന്ദാബാദ്!