ഖിലാഫത്തും ഗാന്ധിയും, ജിന്നയും മോഡിയും: ആനന്ദിന്റെ കാഴ്ചയിലെ പ്രശ്നങ്ങള്‍

Mahatma Gandhi and Muhhammed Ali Jinnah

മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ജൂണ്‍ 2-8 ലക്കത്തില്‍ ആനന്ദ് എഴുതിയ ‘രാഷ്ട്രപരിണാമത്തിന്റെ നൂറ് വര്‍ഷങ്ങള്‍’ എന്ന ലേഖനത്തോടുള്ള എന്റെ പ്രാഥമികപ്രശ്നം, ഇന്ത്യ ഇന്ന് നേരിടുന്ന ഏറ്റവും വലിയ രാഷ്ട്രീയവിപത്തിനെ അത് ഖിലാഫത്ത് പ്രക്ഷോഭവുമായി കൂട്ടിക്കെട്ടുന്നുവെന്നതാണ്. ഖിലാഫത്ത് പ്രക്ഷോഭത്തിന്റെ നൂറാം വർഷത്തിൽ ആനന്ദ് അവിടെ നിന്ന് 2019ലെ നരേന്ദ്ര മോഡിയുടെ വിജയത്തിലേക്ക് ഒരു വര വരയ്ക്കുകയായിരുന്നു. ഇന്ത്യയുടെ ഭാവിരാഷ്ട്രീയപരിണതികളില്‍ ഖിലാഫത്ത് പ്രസ്ഥാനം സ്വാധീനം ചെലുത്തിയെന്നും ഗാന്ധിയും കോണ്‍ഗ്രസും ഖിലാഫത്ത് പ്രസ്ഥാനത്തെ വരവേറ്റത് ദേശീയപ്രസ്ഥാനത്തിലെ ഏറ്റവും വലിയ അബദ്ധമായിരുന്നുമെന്നാണ് ആനന്ദ് എഴുതുന്നത്. അതായത്, അദ്ദേഹം പരോക്ഷമായി പറഞ്ഞു വയ്ക്കുന്നത് ഇന്ത്യയിലെ മതരാഷ്ട്രീയത്തിന്റെ വേരുകൾ ഖിലാഫത്ത് പ്രക്ഷോഭത്തിലേക്കാണ്ട് കിടക്കുന്നുവെന്നും അത് അന്ന് തിരിച്ചറിയാൻ ഗാന്ധിക്കോ കോൺഗ്രസിനോ കഴിഞ്ഞില്ല എന്നുമാണ്.

ഒന്നാമതായി, ലേഖനത്തിന്റെ തുടക്കത്തിൽ ആനന്ദ് എഴുതുന്നതു പോലെ 1919ൽ തുർക്കി സ്വയം ഒരു മതനിരപേക്ഷ റിപബ്ലിക്കായി മാറുകയും ഖിലാഫത്ത് ആശയം നിലനിൽക്കുകയുമായിരുന്നില്ല. 1919ൽ ഒന്നാം ലോകയുദ്ധം തോറ്റെങ്കിലും തുർക്കിയിൽ അപ്പോഴും സുൽത്താനുണ്ട്. സുൽത്താനേറ്റ് നിരോധിക്കപ്പെടുന്നത് 1922ലാണ് സ്വാതന്ത്ര്യയുദ്ധം മുസ്തഫാ കമാൽ വിജയിച്ചതിനു ശേഷം. അവസാന സുൽത്താൻ മെഹ്മദ് ആറാമൻ തുർക്കി വിടുന്നത് 1922 നവംബറിലാണു. പിന്നേയും രണ്ടു വർഷം കഴിഞ്ഞിട്ടാണു മുസ്തഫാ കമാൽ ഖിലാഫത്ത് നിരോധിക്കുന്നത്. ഏതാണ്ട് അതേ സമയത്തോടെ ഇന്ത്യയിലും ഖിലാഫത്ത് പ്രസ്ഥാനം കെട്ടടങ്ങിയിരുന്നു.

രണ്ടാമതായി, ഖിലാഫത്തിന്റെ (caliphate) ശരിതെറ്റുകൾ മാത്രമാണു ആനന്ദിന്റെ ലേഖനവിഷയമെങ്കിൽ അദ്ദേഹം ഖിലാഫത്തിനെതിരെ ഉന്നയിക്കുന്ന പല വാദങ്ങളും പ്രസക്തമാണ്. ഒരു മതനിരപേക്ഷ കാഴ്ചപ്പാടില്‍ നിന്നും ആ വിമര്‍ശനങ്ങളെ ഞാന്‍ ശരി വയ്ക്കുമായിരുന്നു. പക്ഷേ പ്രശ്നം, ഖിലാഫത്ത് പ്രക്ഷോഭത്തെ ഉപഭൂഖണ്ഡത്തിലെ വിഭജനത്തിന്റേയും മതരാഷ്ട്രീയത്തിന്റേയും ഉറവയായി കാണുന്നിടത്താണ്. ഈ വാദത്തിനാകട്ടെ യാതൊരു തെളിവും ആനന്ദ് ലേഖനത്തിൽ നിരത്തുന്നുമില്ല. ഖിലാഫത്ത് എന്നു പറയുന്നത് മുസ്ലിങ്ങൾ ഒരു രാജ്യമാണെന്നും അവരുടെ ഭരണാധികാരി ഖലീഫയാണെന്നുമാണു. ഇതേ മതരാഷ്ട്രവാദമാണു ജിന്നയുടെ ഇന്ത്യാ വിഭജനസിദ്ധാന്തത്തിൽ ആനന്ദ് കാണുന്നത്. ഇപ്പുറത്ത് ഹിന്ദുതീവ്രവാദമതരാഷ്ട്രീയം സവർക്കറുടേയും മറ്റും നേതൃത്വത്തിൽ ഉണ്ടായിരുന്നെങ്കിലും അതിനു വേരോടാനായില്ല.‌ തൊള്ളായിരത്തി നാല്പതുകളിൽ ജിന്നക്കുണ്ടായ വിജയമാണ് 2019ലെ മോഡിയുടെ വിജയത്തിൽ ആനന്ദ് കാണുന്നത്.

ഈ വാദത്തിന്റെ പ്രധാനപ്രശ്നം ഖിലാഫത്ത് പ്രസ്ഥാനവുമായി ജിന്നക്ക് യാതൊരു ബന്ധവും ഉണ്ടായിരുന്നില്ല എന്നതാണ്. ഖിലാഫത്ത് പ്രസ്ഥാനത്തെ ഗാന്ധിയും കോൺഗ്രസും പിന്തുണയ്ക്കുമ്പോൾ അതിനെ എതിർക്കുകയാണ് ജിന്ന ചെയ്തത്. മതോന്മാദമെന്നാണ് അദ്ദേഹമതിനെ വിശേഷിപ്പിച്ചത്. ജിന്ന നേരത്തെ തന്നെ മുസ്ലിം ലീഗിലെ അംഗമായിരുന്നു. 1920ൽ ഖിലാഫത്ത്-നിസ്സഹകരണ പ്രക്ഷോഭം കൊടുമ്പിരി കൊണ്ടിരിക്കുന്ന സമയത്താണു ജിന്ന കോൺഗ്രസിൽ നിന്നും രാജി വച്ച് പുറത്തു പോകുന്നത്.

മൂന്ന്, ലീഗിന്റെ മതരാഷ്ട്രവാദത്തിന് ഇസ്ലാമിലെ ഖിലാഫത്തുമായി പ്രത്യക്ഷത്തിൽ ബന്ധമൊന്നുമില്ല. ലോകം മുഴുവനുമുള്ള മുസ്ലിങ്ങളുടെ ഖലീഫയായി തന്നെ വാഴിക്കണമെന്നോ, ലോകം മുഴുവനുമുള്ള മുസ്ലിങ്ങളുടെ ഖിലാഫത്തായി പാകിസ്ഥാനെ മാറ്റണമെന്നോ അല്ല ജിന്നയോ ലീഗോ വാദിച്ചത്. നേരെ തിരിച്ച് ജിന്നയുടെ പാകിസ്ഥാൻ വാദം ദ്വിരാഷ്ട്രസിദ്ധാന്തത്തിന്റെ (അതായത് ഹിന്ദുക്കളും മുസ്ലിങ്ങളും രണ്ടു രാജ്യങ്ങളായി കഴിയണമെണെന്ന വാദം) അടിസ്ഥാനത്തിലുള്ളതാണ്. അതു മതരാഷ്ട്രവാദമാണോ എന്ന് ചോദിച്ചാൽ അതേ. അതു ഖിലാഫത്ത് വാദമാണോ എന്ന് ചോദിച്ചാൽ അല്ല. ആ അടിസ്ഥാനവ്യത്യാസം ആനന്ദിന്റെ ലേഖനത്തിലില്ല എന്നതാണു അതിന്റെ അടിസ്ഥാനപ്രശ്നം.

നാല്, പ്രസ്തുത ദ്വിരാഷ്ട്രസിദ്ധാന്തം ഖിലാഫത്ത് പ്രക്ഷോഭകരുടേയോ, ജിന്നയുടേയോ, ലീഗിന്റേയോ കണ്ടുപിടിത്തമല്ല. ഈയടുത്ത് റൊമിലാ ഥാപർ ന്യൂയോര്‍ക്‍ റ്റൈംസില്‍ എഴുതിയ ലേഖനത്തിൽ പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ കൊളോണിയൽ ചരിത്രകാരൻ ജെയിംസ് മിൽ ഇന്ത്യ എക്കാലത്തും രണ്ടു രാഷ്ട്രങ്ങളായിരുന്നു എന്ന് എഴുതിയതിനെ ഉദ്ധരിക്കുന്നുണ്ട് -- "നിരന്തര സംഘർഷത്തിലുള്ള ഒറ്റു ഹിന്ദു രാഷ്ട്രവും, ഒരു മുസ്ലിം രാഷ്ട്രവും" എന്നാണു മിൽ എഴുതിയത്. 1924ൽ സവർക്കർ ഈ ദ്വിരാഷ്ട്രവാദത്തെ പിന്തുണച്ചിരുന്നു എന്ന് സംഘത്തിനു പ്രിയങ്കരനായ ചരിത്രകാരൻ ആർ. സി. മജുംദാർ തന്നെ എഴുതിയിട്ടുണ്ട്. അതു ലീഗിന്റെ ലാഹോർ പ്രഖ്യാപനത്തിനു പതിനാറു വർഷങ്ങൾക്കും മുമ്പാണു. ഇതേ കുറിച്ച് ആനന്ദ് എഴുതുന്നതു നോക്കുക. "തൊള്ളായിരത്തി ഇരുപതുകളില്‍ മുസ്ലിം ലീഗിന്റെ മതരാഷ്ട്രവാദത്തിനു സമാന്തരമായി ഹിന്ദുതീവ്രവാദികള്‍ മുന്നോട്ടു വച്ചതും സാമാന്യജനത അവഗണിച്ചതുമായ ഫാസിസ്റ്റ് സ്റ്റേറ്റിന്റെ വികൃതരൂപം മുന്‍വാതിലിലൂടെ കടന്നു വന്നിരിക്കുന്നു." ഇത് വസ്തുതാവിരുദ്ധമാണു. മതരാഷ്ട്രം എന്ന ആവശ്യത്തിലേക്ക് ലീഗ് വരുന്നത് 1930കളിലാണു. കൃത്യമായി പറഞ്ഞാല്‍ 1930ലെ ലീഗ് കോണ്‍ഫെറെന്‍സിലെ മുഹമ്മദ് ഇക്‍ബാലിന്റെ പ്രസംഗം. ലാഹോർ പ്രമേയം വരുന്നത് 1940ലാണു. അതിനും മുൻപ് സവർക്കർ ഇവിടെ ദ്വിരാഷ്ട്രസിദ്ധാന്തം പറഞ്ഞിട്ടുണ്ട്. അല്ലാതെ ആനന്ദ് ഒഴുക്കൻ മട്ടിൽ പറയുന്ന പോലെ ലീഗിന്റെ മതരാഷ്ട്രവാദത്തിനു സമാന്തരമായിട്ടല്ല ഹിന്ദുത്വദേശീയത ഉയർന്നു വന്നത്. തൊള്ളായിരത്തി ഇരുപതുകളിൽ ലീഗിന്റെ പ്രധാനാവശ്യം മുസ്ലിങ്ങളെ പ്രത്യേക സമ്മതിദായകരാക്കണം എന്നതായിരുന്നു, അല്ലാതെ പ്രത്യേക രാഷ്ട്രം വേണമെന്നായിരുന്നില്ല.

അഞ്ച്, ഖിലാഫത്ത് പ്രക്ഷോഭം തുടങ്ങുന്നതിനു മുൻപേ ബ്രിട്ടീഷ് ഇന്ത്യയിൽ മുസ്ലിം ലീഗുണ്ട്. ഹിന്ദു മഹാസഭയുമുണ്ട്. മത്സരാത്മകവര്‍ഗീയവാദം (competitive communalism) അന്ന് ഈ രണ്ടു സംഘടനകളെയും സ്വാധീനിച്ചിരുന്ന ഒരു ഘടകമാണെന്ന് വാദിച്ചാൽ തന്നെയും, ഇതിനു ഖിലാഫത്തുമായി ബന്ധമൊന്നും തന്നെയില്ല. ഖിലാഫത്ത് രണ്ടുഭാഗത്തുമുള്ള മതരാഷ്ട്രീയവാദികളെ ശക്തിപ്പെടുത്തിയതായി തെളിവുമില്ല.‌ ഖിലാഫത്ത് കെട്ടടങ്ങി വർഷങ്ങൾക്കു ശേഷമാണ് ലീഗ് മുസ്ലിങ്ങൾക്കിടയിൽ ഒരു ശക്തസ്വാധീനമായി ഉയർന്നു വരുന്നതു തന്നെ. അതേ സമയം ഖിലാഫത്ത് പ്രക്ഷോഭത്തെ പിന്തുണച്ച ഗാന്ധിയുടെ കോൺഗ്രസ് ഇന്ത്യയിൽ മതനിരപേക്ഷജനാധിപത്യത്തിന്റെ ചാലകശക്തിയായി മാറുകയായിരുന്നു, ഹിന്ദു മതരാഷ്ട്രശക്തികളെ പൂർണമായും അപ്രസക്തമാക്കിക്കൊണ്ട്.

അവസാനമായി, ഗാന്ധിയെ നിരന്തരമായി ആക്രമിച്ചുകൊണ്ടിരിക്കുന്ന ഐഡന്റിറ്റി എക്സ്ക്ലുസിവിസ്റ്റുകളെ പോലെ ആനന്ദും മനസിലാക്കാൻ മടിക്കുന്നത് ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിൽ ആരായിരുന്നു ദേശീയപ്രസ്ഥാനത്തിന്റെ ശത്രു എന്നതാണ്. ഗാന്ധിക്ക് അത് ബ്രിട്ടീഷ് സാമ്രാജ്യത്വവാദമായിരുന്നു. ഒന്നാം ലോകയുദ്ധത്തിൽ പലപ്പോഴും ബ്രിട്ടനനുകൂലമായ നിലപാടാണു ലീഗ് എടുത്തത്. ഗാന്ധി നേരെ തിരിച്ച് സാമ്രാജ്യത്തെ ദുർബലപ്പെടുത്താനുള്ള സമരങ്ങൾക്കാണു പ്രാമുഖ്യം കൊടുത്തത്. ഖിലാഫത്ത് പ്രക്ഷോഭം ദേശീയപ്രസ്ഥാനത്തിന്റെ അമരക്കാർക്ക് അത്തരമൊരു അവസരമായിരുന്നു. ഒരേസമയം മുസ്ലിങ്ങളെയും ഹിന്ദുക്കളേയും ദേശീയപ്രസ്ഥാനത്തിന്റെ വേദിയില്‍ ബ്രിട്ടനെതിരെ ഒന്നിപ്പിക്കുക എന്നതായിരുന്നു ഗാന്ധിയുടെ ലക്ഷ്യം. അതിനെടുത്ത അടവുനയമായിരുന്നു ഖിലാഫത്തിനുള്ള പിന്തുണ. ഇന്ത്യൻ മുസ്ലിങ്ങളോട് തുർക്കിയിലെ ഖിലാഫത്തിനെ അതിന്റെ പഴയ പ്രൗഢിയിൽ പുനഃസ്ഥാപിക്കുന്നതു വരെ പൊരുതാനല്ല ഗാന്ധി ആവശ്യപ്പെട്ടത്. മറിച്ച് ഇന്ത്യയുടെ രാഷ്ട്രീയസ്വാതന്ത്യത്തിനു വേണ്ടി ബ്രിട്ടീഷുകാർക്കെതിരെ പൊരുതാനായിരുന്നു. അതിനുള്ള ഒരു ചാലകശക്തിയായിരുന്നു ഖിലാഫത്ത് പ്രക്ഷോഭം‌. ഇപ്പുറത്ത് ഹിന്ദുക്കളെ ബ്രിട്ടനെതിരെ സംഘടിപ്പിക്കാൻ ഗാന്ധി ഹിന്ദുമതവും ഉപയോഗിച്ചിട്ടുണ്ടല്ലോ (ഇതാണ് ഒരേ സമയം യാന്ത്രിക ആധുനികവാദികൾക്കും ഉത്തരാധുനികർക്കും ഗാന്ധിയെ അനഭിമതനാക്കുന്നത്).

ആനന്ദിന്റെ അപകടകരമായി അമിതലളിതവത്കരിക്കപ്പെട്ട സിദ്ധാന്തം ഈ ഉപഭൂഖണ്ഡത്തിന്റെ ചരിത്രത്തിന്റെ നേര്‍വിപരീതമാണ്. ഖിലാഫത്ത് പ്രക്ഷോഭത്തെ ഉൾക്കൊണ്ട് അതിനെ ദേശീയപ്രസ്ഥാനത്തിന്റെ ഭാഗമാക്കാൻ ശ്രമിച്ച ഗാന്ധിയുടെ കോൺഗ്രസ് നയിച്ച ഇന്ത്യയിലാണു മതനിരപേക്ഷജനാധിപത്യം‌ പരിമിധികളോടെയെങ്കിലും ശക്തിപ്പെട്ടത്. അതിനോട് വിഘടിച്ചു നിന്ന ലീഗും ജിന്നയും രൂപീകരിച്ച പാകിസ്ഥാൻ അതിന്റെ ആദ്യദശകത്തിൽ തന്നെ വീണുപോയിരുന്നു.‌

ലോകത്തെമ്പൊടുമുള്ള ഫാസിസ്റ്റ് ശക്തികളെ ബലപ്പെടുത്തുന്ന മുതലാളിത്തം നേരിടുന്ന പ്രതിസന്ധിയെക്കുറിച്ചുള്ള ഒരു സൂചന പോലും ആനന്ദിന്റെ ലേഖനത്തിലില്ല എന്നത് പറയാതെയിരിക്കുവാനാകില്ല. അദ്ദേഹം ഇറ്റലിയിലെ ഫാസിസ്റ്റ് ശക്തികളുടെ ജനനത്തെക്കുറിച്ച് പറയുന്നു. എന്നാല്‍ അറിഞ്ഞോ അറിയാതെയോ അദ്ദേഹം ഒഴിവാക്കിയ ഒരു വസ്തുത, ഇറ്റാലിയന്‍ ഫാസിസവും ജെര്‍മന്‍ നാസിസവും അതിന്റെ ശാഖകളും മഹാസാമ്പത്തികമാന്ദ്യത്തിന്റെ (Great Economic Depression) സമയത്താണ് ശക്തി പ്രാപിച്ചതെന്നതാണ്.