ഡിസാസ്റ്റർ കാപിറ്റലിസത്തിന്‍റെ വഴികൾ

An Indian version of Disaster Capitalism is at play in the newly-introduced labour law reforms.

തകർന്നടിഞ്ഞ കാർഷികരംഗം, അഭൂതപൂർവമായ തൊഴിലില്ലായ്മ, വർദ്ധിച്ചുവരുന്ന ദാരിദ്ര്യം, അസമത്വം, നിഷ്ക്രിയ ആസ്തികളുടെ അമിതഭാരത്താൽ അത്യാസന്നനിലയിലായ ബാങ്കുകൾ, തകർച്ചയുടെ വക്കത്തെനിൽക്കുന്ന നിരവധി മറ്റു ധനകാര്യസ്ഥാപങ്ങൾ... ഇവയെല്ലാം ചേർന്ന്‌ രാജ്യത്തെ സാമ്പത്തികരംഗം ഒരു വലിയ തകർച്ചയെ നേരിടാൻ പോകുന്ന ഘട്ടത്തിലാണ് ഇന്ത്യയെ കോവിഡെന്ന ഭൂതം പിടികൂടുന്നത്. നിനച്ചിരിക്കാതെവന്ന മഹാമാരിയും അതിനെ നേരിടാനേർപ്പെടുത്തിയ അടച്ചിരിപ്പും രാജ്യത്തെ അതിന്നേവരെ അഭിമുഖീകരിച്ചിട്ടില്ലാത്ത അതീവഗുരുതരമായ ഒരു പ്രതിസന്ധിയിലേക്കെത്തിച്ചിരിക്കുകയാണ്. ഒരു ദശാസന്ധി; ചരിത്രത്തിന്‍റെ നാൽക്കവല. കോവിഡിന് ശേഷമുള്ള ഇൻഡ്യ എന്തായിരിക്കും എന്നതിന് ഉത്തരം നമ്മൾ ഇവിടെനിന്ന് ഏതു വഴി തിരഞ്ഞെടുക്കും എന്നതിനെ ആശ്രയിച്ചിരിക്കും. വിവിധ സാമൂഹ്യവിഭാഗങ്ങളുടെ, വർഗങ്ങളുടെ, ശാക്തിക ബലാബലമാണ് ഈ തിരഞ്ഞെടുപ്പിന്‍റെ ദിശയെ നിർണ്ണയിക്കുക.

തിരഞ്ഞെടുക്കാവുന്ന ഒരു വഴി രാജ്യം ഇത്രയുംകാലമായി പിന്തുടരുന്ന സാമ്പത്തിക- സാമൂഹിക-വികസനരീതികളെ വിമർശനാത്‌മകമായി വിലയിരുത്തുകയാണ്. കൂടുതൽ നീതിയുക്തവും സമൂഹത്തിലെ ബഹുഭൂരിപക്ഷത്തിന്‍റെ ആവശ്യങ്ങളെയും അഭിലാഷങ്ങളെയും പരിഗണിക്കുന്നതുമായ ബദൽപരിപ്രേക്ഷ്യങ്ങൾ കണ്ടെത്താൻ അതാണുതകുക. പക്ഷെ നിർഭാഗ്യവശാൽ, കേരളം പോലെ മുഖ്യധാരാഇടതുപക്ഷത്തിന് വേരോട്ടമുള്ള ചുരുക്കം ചില പ്രദേശങ്ങളും, പാർശ്വവത്കൃതരുടെയും ചൂഷിതരുടെയും പ്രതിരോധസമരങ്ങളുടെ ഒറ്റപ്പെട്ട തുരുത്തുകളും ഒഴിച്ചുനിർത്തിയാൽ അതിനുവേണ്ട രാഷ്ട്രീയ ഇഛാശക്‌തിയും കരുത്തുമുള്ള വിമതശക്തികൾ ഇന്ന് രാജ്യത്ത് നിലവിലില്ല.

അതുകൊണ്ട് കൂടുതൽ സാധ്യത ഈ പതനകാലത്തെ സ്വന്തം സ്ഥിതി മെച്ചപ്പെടുത്താനുള്ള ഒരു അവസരമായി മാറ്റിയെടുക്കാനുള്ള ശ്രമങ്ങളിൽ ഇന്ത്യയിലെ വരേണ്യവർഗ്ഗം ഏർപ്പെടുമെന്നതിനാണ് എന്ന് തോന്നുന്നു. ഈ അടച്ചിരിപ്പുകാലത്ത് തൊഴിലെടുക്കുന്നവരുടെ 'എട്ട് മണിക്കൂർ തൊഴിൽദിനം' പോലുള്ള സുപ്രധാന അവകാശങ്ങളെ കവർന്നെടുക്കാനുള്ള ശ്രമങ്ങളും, അസംഘടിതതൊഴിലാളികളുടെയും അരികുവൽക്കരിക്കപ്പെട്ടവരുടെയും സുരക്ഷയും ക്ഷേമവും ഉറപ്പാക്കുന്നതിൽ ഭരണകൂടം കാട്ടിയ കുറ്റകരമായ വിമുഖതയും വിരൽചൂണ്ടുന്നത് ഈ സാധ്യതയിലേക്കാണ്.

തൊഴിൽസമയവും ലോക്ക്ഡൌൺകാലത്തെ ഉത്പാദനക്ഷമതയും

കോവിഡ്-19 ന്‍റെ വ്യാപനം തടയാനുള്ള കേന്ദ്രസർക്കാരിന്‍റെ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ചുകൊണ്ട്, സാമൂഹിക അകലം പാലിക്കുന്നതിനായാണ് ഫാകറ്ററിതൊഴിലാളികളുടെ ഷിഫ്റ്റ്സമയം 8 മണിക്കൂറുകളിൽ നിന്ന് 12 മണിക്കൂറുകളായി വർധിപ്പിക്കാനുള്ള നിർദ്ദേശം മുന്നോട്ടുവെക്കപ്പെടുന്നത്. തൊഴിലിടങ്ങളിൽ ഒരേ സമയം പണിയെടുക്കുന്നവരുടെ എണ്ണം കുറയ്ക്കുന്നതിനായിരുന്നു അത്. അവശ്യവസ്തുക്കളുടെയും സേവനങ്ങളുടെയും ഉൽ‌പാദനവും വിതരണവും മുടങ്ങില്ലെന്ന് ഉറപ്പുവരുത്താൻ ഇതാവശ്യമാണ് എന്നായിരുന്നു വാദം.

ഈ നടപടിയുമായി ആദ്യം മുന്നോട്ട് പോയത് രാജസ്ഥാനിലെ അശോക് ഗെലോട്ടിന്‍റെ നേതുത്വത്തിലുള്ള കോൺഗ്രസ് സർക്കാരായിരുന്നു. ഏപ്രിൽ 11-ന് പുറപ്പെടുവിച്ച ഒരു ഉത്തരവുവഴി അടുത്ത മൂന്നു മാസത്തേക്ക് എട്ട് മണിക്കൂർ തൊഴിൽദിനമെന്ന ഫാക്ടറി ആക്റ്റ് (1948)-ലെ നിബന്ധനയ്ക്ക് രാജസ്ഥാൻ സർക്കാർ ഇളവുനൽകി. അവശ്യവസ്തുക്കളുടെ ഉത്പാദനത്തിനും വിതരണത്തിനും പ്രതിദിനം 12 മണിക്കൂർ വരെ തൊഴിൽസമയം നീട്ടാമെന്നും, 8 മണിക്കൂറിൽ കൂടുതലായി പണിചെയ്യുന്ന സമയത്തിന് ഇരട്ടിവേതനം നൽകണം എന്നുമായിരുന്നു ഉത്തരവ്.

അതിനുശേഷം ഒരു മാസത്തിനുള്ളിൽ ഷിഫ്റ്റുസമയം കൂട്ടാനുള്ള ഉത്തരവുകളുമായി എട്ട് സംസ്ഥാനങ്ങൾ കൂടി മുന്നോട്ടുവന്നു. ഗുജറാത്ത്, പഞ്ചാബ്, ഹിമാചൽ പ്രദേശ്, ഹരിയാന, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ഒഡീഷ, ഗോവ. അടിയന്തിരഘട്ടങ്ങളിൽ ഫാക്ടറി ആക്റ്റിലെ നിബന്ധനകൾക്ക് ഇളവ് വരുത്താൻ സർക്കാരുകൾക്ക് അധികാരമുണ്ട്. ഇതുപയോഗിച്ചാണ് മിക്ക സംസ്ഥാനങ്ങളും തൊഴിൽ സമയം നീട്ടാനുള്ള തീരുമാനം നടപ്പിലാക്കിയത്. അതുകൊണ്ടുതന്നെ ഈ സംസ്ഥാനങ്ങൾ മിക്കതും 8 മണിക്കൂറിൽ കൂടുതലായി പണിചെയ്യുന്ന സമയത്തിന് അധികവേതനം നൽകുമെന്ന് എടുത്ത് പറഞ്ഞിട്ടുണ്ട്. എന്നാൽ ഗുജറാത്ത് ഇക്കാര്യത്തിൽ വേറിട്ടൊരു നിലപാടാണ് സ്വീകരികരിച്ചിരിക്കുന്നത്. അധികമായി പണിചെയ്യുന്ന സമയത്തിണ് ഉയർന്ന നിരക്കിൽ കൂലി നൽകില്ല എന്നാണ് ആ സംസ്ഥാനത്തിന്‍റെ നിലപാട്. ഇത് ഓവർടൈം സംബന്ധിച്ചുള്ള ഫാക്ടറി ആക്റ്റിലെ വ്യവസ്ഥകളുടെ നിഷേധമാണെന്ന് ചൂണ്ടികാണിക്കപ്പെട്ടിട്ടുണ്ട്.


Article: COVID19 Lockdown: An indefinite Season of No Work


ജോലിസമയത്തെ ചൊല്ലിയുള്ള സംഘർഷങ്ങൾ എന്നും വർഗ്ഗസംഘർഷങ്ങളുടെ തീവ്ര മുഹൂർത്തങ്ങളായിരുന്നു. സാമൂഹികമായി നിർണയിക്കപ്പെടുന്ന അദ്ധ്വാനസമയമാണ് ഏതൊരു ഉത്പന്നത്തിന്‍റെയും മൂല്യത്തെ നിർണ്ണയിക്കുന്നത് എന്നതുകൊണ്ടാണത്. തൊഴിലാളിയുടെ ജോലിസമയവും മുതലാളിയുടെ ലാഭവും നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. പക്ഷെ ഒരു പരിധിയിൽ കൂടുതൽ തൊഴിലിടങ്ങളിൽ കഴിയുവാൻ നിർബന്ധിക്കപ്പെടുന്നത് തങ്ങളുടെ ജീവിതത്തിന്‍റെ ഗുണനിലവാരത്തെ ചോർത്തികളയുമെന്ന് ന്യായമായും തൊഴിലാളികൾ കരുതുന്നു. എട്ടു മണിക്കൂർ ജോലി എട്ടു മണിക്കൂർ വിനോദം ബാക്കി സമയം വിശ്രമം എന്ന മുദ്രാവാക്യം ആദ്യകാലം തൊട്ടേ അവരുയർത്തുന്നത് അതുകൊണ്ടാണ്. ഈ ആവശ്യത്തിന്‍റെ അംഗീകാരമായിട്ടായിരുന്നു അന്താരാഷ്ട്ര തൊഴിൽ സംഘടന (ILO) 1919-ൽ തൊഴിൽ സമയം ആഴ്ചയിൽ 48 മണിക്കൂർ ആയി പരിമിതപെടുത്തുന്നത്. രണ്ടു വർഷങ്ങൾക്ക് ശേഷം 1921 ൽ ഇന്ത്യ ഈ ILO മാനദണ്ഡത്തിന് അംഗീകാരം നൽകി. ഫാക്റ്ററികളിലെ തൊഴിൽ സമയം ഏകപക്ഷീയമായി നീട്ടുമ്പോൾ തൊഴിലെടുക്കുന്നവരുടെ ഏറ്റവും മുഖ്യമായ അവകാശങ്ങളിലൊന്നായി കഴിഞ്ഞ ഒരു നൂറ്റാണ്ടായി ആംഗീകരിച്ചു വരുന്ന മാനദണ്ഡമാണ് ലംഘിക്കപ്പെടുന്നത്.

അടിയന്തിര ഘട്ടങ്ങളിൽ കൂടുതൽ സമയം ജോലിചെയ്യാൻ നിയമാനുസൃതമായി ആവശ്യപ്പെടുന്നത് അംഗീകരിക്കാവുന്നതാണെങ്കിലും ദീർഘിക്കപ്പെട്ട തൊഴിൽസമയം പഴയനിലയിലേക്ക് മാറാതെ നിലനിന്നേക്കുമോ എന്ന ഭയം തൊഴിലാളികൾക്കുണ്ട്. അത് ന്യായമാണ് താനും. കഴിഞ്ഞ കുറഞ്ഞു ദശകങ്ങളായി ലോകത്തെ ഒട്ടു മിക്ക രാജ്യങ്ങളിലും നടന്നുവരുന്ന നവലിബറൽ പരിഷ്‌ക്കാരങ്ങളുടെ ചരിത്രം നിരവധി സമരങ്ങളിലൂടെ തൊഴിൽ സമയം, മെച്ചപ്പെട്ട സേവനവേതനവ്യവസ്ഥകൾ തുടങ്ങിയ കാര്യങ്ങളിൽ തൊഴിലാളികൾ നേടിയെടുത്ത അവകാശങ്ങളെ മുതലാളിത്തം കവർന്നെടുത്തതിന്‍റെ ചരിത്രം കൂടിയാണ്.

അപ്രത്യക്ഷമാകുന്ന തൊഴിൽനിയമങ്ങൾ

ഇന്ത്യയിൽ ഇന്നു നിലനിൽക്കുന്ന തൊഴിൽനിയമങ്ങളിൽ സമൂലമായ മാറ്റങ്ങൾ വരുത്തുക എന്നത് നവലിബറൽ മുതലാളിത്തം നിരന്തരമായി ആവശ്യപ്പെടുന്ന കാര്യങ്ങളിലൊന്നാണ്. കോവിഡ്-19 ഉണ്ടാക്കിയിരിക്കുന്ന പ്രതിസന്ധി ഈ ആവശ്യത്തിന്‍റെ ശക്തി കൂട്ടിയിരിക്കുന്നു. കുറച്ചു ദിവസം മുൻപ് കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്റ്ററിയുടെ (CII) പ്രതിനിധികൾ കേന്ദ്രതൊഴിൽ മന്ത്രിയെ കണ്ട് നടത്തിയ ചർച്ചയിൽ മിനിമം വേതനം, തൊഴിൽ സമയം, മറ്റു സുപ്രധാനമായ തൊഴിൽനിയമങ്ങൾ തുടങ്ങിയ കാര്യങ്ങളിൽ പുനഃപരിശോധനവേണം എന്നാവശ്യപ്പെടുകയുണ്ടായി. മാറിവന്ന കേന്ദ്രസർക്കാരുകൾ തത്വത്തിൽ ഈ മാറ്റങ്ങൾക്ക് അനുകൂലമാണെങ്കിലും ട്രേഡ് യൂണിയനുകളുടെ ശക്തമായ എതിർപ്പ് കാരണം ദേശീയതലത്തിൽ ഇവ ഫലപ്രദമായി നടപ്പിലാക്കാൻ അവർക്ക് ഇതേവരെ ആയിട്ടില്ല. അതുകൊണ്ട് തൊഴിൽ നിയമങ്ങൾ കൺകറൻറ് ലിസ്റ്റിൽ ആണെന്ന പഴുതുപയോഗിച്ച് സംസ്ഥാനസർക്കാരുകൾ വഴി ഈ പരിഷ്‌ക്കാരങ്ങൾ നടപ്പിലാക്കാനാണ് പലപ്പോഴും ശ്രമം നടക്കാറുള്ളത്. കോവിഡ് ഉണ്ടാക്കിയ പ്രതിസന്ധിയും പരിഭ്രാന്തിയും ഇതിന് പറ്റിയ ഒരു അവസരമായി തീരുകയാണ്.

ബി. ജെ. പി ഭരിക്കുന്ന ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ കോവിഡിന്‍റെ മറയിൽ തൊഴിൽനിയമങ്ങൾ അട്ടിമറിക്കുന്നതിൽ മുന്നോട്ട് വന്നിട്ടുള്ളത് ഈ സാഹചര്യത്തിലാണ്. മഹാമാരിയും അടച്ചിടലും ഉദ്പാദന-വിതരണ ശൃംഖലകളിലുണ്ടാക്കിയിട്ടുള്ള പ്രതിസന്ധികളെ മറികടക്കാനുള്ള താൽക്കാലികമാർഗ്ഗമെന്നതിനപ്പുറത്തേക്ക് പോയി തൊഴിൽനിയമങ്ങൾ തന്നെ കഴിവതും ഇല്ലാതാക്കാനാണ് ഈ സംസ്ഥാനങ്ങളിൽ നീക്കം നടക്കുന്നത്. കർണാടകം പോലുള്ള മറ്റ് ചില സംസ്ഥാനങ്ങളും ഇതേ പാത പിന്തുടരാനുള്ള ഒരുക്കത്തിലാണ്.


Article: Coronavirus Pandemic: A Crisis that Capitalism Birthed


സമൂഹത്തെ പിടിച്ചുലക്കുന്ന ദുരന്തങ്ങളുണ്ടാക്കുന്ന നടുക്കത്തിന്‍റെ മറപറ്റി മുതലാളിത്തം തങ്ങളുടെ ലാഭവർധനക്കായുള്ള പരിപാടികൾ നടപ്പിലാക്കുന്നതിനെ പ്രശസ്ത പത്രപ്രവർത്തകയായ നവോമി ക്ലയിൻ വിശേഷിപ്പിച്ചത് ദുരന്ത മുതലാളിത്തം (Disaster Capitalism) എന്നായിരുന്നു. 2007-ൽ അവരെഴുതിയ “ദ ഷോക്ക് ഡോക്ട്രിൻ” (The Shock Doctrine) എന്ന പുസ്തകം ലോകത്തിന്‍റെ ഭാഗങ്ങളിൽ 'ഡിസാസ്റ്റർ ക്യാപിറ്റലിസം' എങ്ങിനെയാണ് വളർന്ന് വന്നത് എന്ന് വിശദീകരിക്കുന്ന ശക്തമായ ഒരു രചനയായിരുന്നു. അത്തരമൊരു ഡിസാസ്റ്റർ ക്യാപിറ്റലിസത്തിന്‍റെ ഇന്ത്യൻ പതിപ്പാണ് ഇപ്പോൾ ഈ കാണുന്ന തൊഴിൽ നിയമ പരിഷ്ക്കരണങ്ങൾ.

ഒരു ഓർഡിനൻസ് വഴി അടുത്ത മൂന്നു വർഷത്തേക്ക് ഫാക്ടറികളെയും മറ്റു ബിസിനസുകളെയും മൂന്ന് നിയമങ്ങളൊഴികെ മറ്റെല്ലാ തൊഴിൽ നിയമങ്ങളുടെയും പരിധിയിൽനിന്ന് ഒഴിവാക്കുകയാണ് യോഗി ആദ്യത്യനാഥിന്‍റെ നേതൃത്വത്തിലുള്ള ഉത്തർപ്രദേശ് സർക്കാർ ചെയ്തത്. ഇതോടെ തൊഴിൽ സമയം, വേതനതോത്, തൊഴിലിൽ നിന്ന് പിരിച്ച് വിടുമ്പോൾ പാലിക്കേണ്ട വ്യവസ്ഥകൾ തുടങ്ങി തൊഴിൽ സുരക്ഷയും തൊഴിലെടുക്കുന്നരുടെ അവകാശങ്ങളും പരിരക്ഷിക്കുന്നതിനുവേണ്ടി ഉണ്ടാക്കിയിട്ടുള്ള എല്ലാ നിയമങ്ങളും അവിടെ അസാധുവായി തീർന്നിരിക്കുന്നു. അടിമവേല, സമയബന്ധിതമായി വേതനം നൽകൽ, തൊഴിൽസംബന്ധമായ കാരണങ്ങളാൽ രോഗബാധയോ അംഗവൈകല്യമോ ഉണ്ടായാൽ തൊഴിലാളികൾക്ക് ലഭിക്കുന്ന എക്സ് ഗ്രേഷ്യ എന്നീ കാര്യങ്ങളെ കുറിച്ചുള്ള മൂന്ന് നിയമങ്ങൾ മാത്രമാണ് തൊഴിൽ നിയമങ്ങളായി അവിടെ ഇനി ബാക്കിയുണ്ടാകുക.

മധ്യപ്രദേശിൽ ശിവരാജ് സിംഗ് ചൗഹാന്‍റെ സർക്കാരും ഉത്തർപ്രദേശിനു സമാനമായ ഓർഡിനൻസാണ് കൊണ്ടുവന്നിട്ടുള്ളത്. 1200 ദിവസത്തേക്കാണ് അവിടെ തൊഴിൽനിയമങ്ങൾക്ക് ഇളവുണ്ടാകുക. ഫാക്ടറീസ് ആക്റ്റ്, തൊഴിൽ തർക്ക നിയമം തുടങ്ങി എല്ലാ തൊഴിൽനിയമങ്ങളിലെയും മിക്ക വ്യവസ്ഥകളും ഇല്ലാതാക്കിയിരിക്കുന്നു. ഗുജറാത്ത് തൊഴിൽനിയമങ്ങൾ ഇളവ് ചെയ്തിരിക്കുന്നത് പുതിയ വ്യവസായങ്ങൾക്കായാണ്. മിനിമം വേജസ് ആക്റ്റ്, വ്യാവസായിക സുരക്ഷാ നിയമങ്ങൾ, ജീവനക്കാരുടെ നഷ്ടപരിഹാര നിയമം എന്നീ മൂന്നു നിയമങ്ങളൊഴിച്ച് മറ്റു തൊഴിൽനിയമങ്ങളൊന്നും1200 ദിവസത്തേക്ക് ഈ വ്യവസായങ്ങൾക്ക് ബാധകമാകില്ല.

പുതിയ സംരംഭങ്ങളും നിക്ഷേപങ്ങളും സംസ്ഥാനത്തേക്ക് ആകർഷിക്കാനും നിലവിലുള്ള സ്ഥാപനങ്ങൾ കൂടുതൽ ലാഭകരമായി നടത്താനും തൊഴിലെടുക്കുന്നവരുടെ അവകാശങ്ങൾ തടസമാകരുത് എന്ന യുക്തിയാണ് ഈ തിരുമാനങ്ങൾക്ക് പുറകിൽ. ഇന്ന് ചൈനയിൽ ഉത്പാദനം നടത്തുന്ന ജപ്പാൻ, യുഎസ്എ, കൊറിയ, യൂറോപ് തുടങ്ങിയ ദേശങ്ങളിൽനിന്നുള്ള നിന്നുള്ള ബഹുരാഷ്ട്രകമ്പനികൾ അവിടെനിന്ന് മാറാൻ ആഗ്രഹിക്കുന്നുവെന്നും കേന്ദ്രസർക്കാരിന്‍റെ സഹായത്തോടെ ആ രാജ്യങ്ങളുമായി ബന്ധപ്പെട്ട് ആ കമ്പനികളെ ഗുജറാത്തിലേക്ക് ക്ഷണിക്കാനാണ് തിരുമാനമെന്നുമാണ് മുഖ്യമന്ത്രി വിജയ് രൂപാണി തൊഴിൽനിയമങ്ങൾ പരിഷ്കരിച്ചതിനെകുറിച്ച് പറഞ്ഞത്. സംസ്ഥാനത്ത് 33000 ഹെക്റ്റർ ഭൂമി വ്യാവസായികാവശ്യങ്ങൾക്ക് ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞു.

സാമ്പത്തികയുക്‌തിയെന്തായാലും ഒരു ജനാധിപത്യസംവിധാനത്തിനകത്ത് തൊഴിൽനിയമങ്ങൾ ഏകപക്ഷീയമായി ഇല്ലാതാക്കാൻ അത്ര എളുപ്പമല്ല. അതുകൊണ്ട് കോവിഡ് പോലുളള പ്രതിസന്ധികളുടെ മറപിടിച്ച് പൊതുസമ്മിതി നിർമ്മിച്ചെടുക്കുന്നതിനുള്ള ശ്രമങ്ങളാണ് വരേണ്യവർഗ്ഗ താല്പര്യങ്ങൾ നടത്തികൊണ്ടിരിക്കുന്നത്. ഇന്ത്യയിൽ ഏറ്റവും പ്രചാരമുള്ള ബിസിനസ്സ് പ്രത്രമായ ഇക്കണോമിക് ടൈംസ് ഈയിടെ പ്രകടിപ്പിച്ച ഈ അഭിപ്രായം ഇതിന്‍റെ ഏറ്റവും പ്രകടമായ ഒരു ഉദാഹരണമാണ്:“മാന്ദ്യത്തെ നേരിടുന്ന സാമ്പത്തികവ്യവസ്ഥിതിയിൽ തൊഴിലാളികളുടെ ലഭ്യതക്കുറവ് വഴിപിഴച്ച തൊഴിൽ കമ്പോളത്തെയാണ് സൂചിപ്പിക്കുന്നത് . സംഘടിത മേഖ ലയിലെ തൊഴിൽ നിയമങ്ങൾ ബിസിനസുകളെ അസംഘടിത മേഖലയിലെ തൊഴിലാളികളിലേക്ക് തിരിയാൻ പ്രേരിപ്പിക്കുന്നു . പക്ഷെ ഈ അസംഘടിത തൊഴിലാളികൾക്ക് അവർ തുച്ഛമായ സൗകര്യങ്ങളാണ് കൊടുക്കുന്നത്. അതാണ് കുടിയേറ്റ തൊഴിലാളികളുടെ പലായനത്തിന് ഇടയാക്കുന്നത് - ലോക്ക് ഡൗൺ അവരുടെ ലോലമായ ജീവിതഘടനയെ തകർത്തുക്കളഞ്ഞു. തൊഴിലുടമകളെ കൂടുതൽ സൗകര്യങ്ങൾ കൊടുക്കാൻ പ്രോത്സാഹിപ്പിക്കുന്നതും കൂടുതൽ തൊഴിലാളികളെ നിയമിക്കാൻ പ്രേരിപ്പിക്കുന്നതുമായ അയഞ്ഞ തൊഴിൽനിയമങ്ങളാണ് നമുക്ക് വേണ്ടത്. നമുക്ക് ഇപ്പോഴുള്ളത് ഒരു ചെറിയ ശതമാനം തൊഴിലാളി പ്രഭുക്കളും വളരെ വലിയ ചൂഷിത തൊഴിലാളികളുടെ ശേഖരവുമാണ്. ഇത് അവസാനിപ്പിക്കണം.” 1

ഇതേ പത്രം അന്നു തന്നെ ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങൾ തൊഴിൽനിയമങ്ങളെ റദ്ദാക്കിയതിനെ സർവാത്മനാ സ്വാഗതം ചെയ്യുകമുണ്ടായി.

അവരുടെ അഭിപ്രായം വായിച്ചാൽ തോന്നുക ഇന്ത്യയിലെ അസംഘടിത തൊഴിലാളികളുടെ ദുരിതങ്ങൾക്ക് കാരണം സംഘടിത തൊഴിലാളിവർഗ്ഗമാണെന്നാണ്. സംഘടിതമേഖലയിലെ തൊഴിൽ നിയമങ്ങളുടെ കുരുക്കുകളാണ് വ്യവസായങ്ങളെ അസംഘടിതതൊഴിലാളികളെ തേടാൻ പ്രേരിപ്പിക്കുന്നത് എന്ന് വാദത്തിന് വേണ്ടി അംഗീകരിക്കുക. അപ്പോഴും പ്രസക്തമായ വേറെ ചില ചോദ്യങ്ങൾ ബാക്കിയാകുന്നുണ്ട്. അസംഘടിതതൊഴിലാളികൾക്ക് ന്യായമായ കൂലിയും തൊഴിലിലും തൊഴിലിടങ്ങളിലുമുണ്ടാകേണ്ട മിനിമം സുരക്ഷാസംവിധാനങ്ങളുമൊക്കെ കൊടുക്കാൻ ആരാണ് തൊഴിലുടമകൾക്ക് തടസ്സമാകുന്നത്? അസംഘടിതതൊഴിലാളികളുടെ ക്ഷേമമാണ് ലക്ഷ്യമെങ്കിൽ, സംഘടിതമേഖലയിലെ തൊഴിൽ നിയമങ്ങളെ ഇല്ലാതാ ക്കുന്നതിനെ സ്വാഗതം ചെയ്യുന്നതിന് പകരം അസംഘടിതതൊഴിലാളികളുടെകൂടെ അവകാശസംരക്ഷണങ്ങൾക്കായുള്ള നിയമനിർമ്മാണങ്ങൾക്ക് വേണ്ടി വാദിക്കുന്നതല്ലേ കൂടുതൽ യുക്തിസഹം?

തൊഴിലാളിസ്നേഹത്തിലെ കാപട്യം

ഇന്ത്യയിലെ തൊഴിലെടുക്കുന്നവരിൽ ബഹുഭൂരിപക്ഷവും അസംഘടിതമേഖലയിലാണ് ജോലിചെയ്യുന്നത്. അതിൽ വലിയൊരു പങ്ക് ജോലിതേടി മറുനാടുകളിലേക്ക് കുടിയേറുന്നവരും (migrants). 2011 ലെ സെൻസസ് പ്രകാരം ഇന്ത്യയുടെ ജനസംഖ്യയുടെ 37% പേർ (45.7 കോടി) ജോലിക്കോ വിദ്യാഭ്യാസത്തിനോ വേണ്ടി സ്വന്തം നാടുവിട്ട ആഭ്യന്തരകുടിയേറ്റക്കാരാണ്.

കുടിയേറ്റം എക്കാലത്തും നടന്നു വരുന്ന ഒന്നാണെങ്കിലും 1991 മുതൽ നടപ്പിലായ സാമ്പത്തികഉദാരവൽക്കരണകാലത്താണ് കുടിയേറ്റക്കാരുടെ എണ്ണം ഇന്ത്യയിൽ ഗണ്യമായി വർധിച്ചത്. ഘടനപരമായ കാരണങ്ങളും ഭരണകൂടത്തിന്‍റെ നയവൈയകല്യങ്ങളും അനാസ്ഥയും കാരണം കാർഷിക മേഖലയിലുണ്ടായ വൻതകർച്ച ലക്ഷങ്ങളെ കിടപ്പാടവും പിറന്ന നാടും വിട്ട് തൊഴിൽതേടി പോകാൻ നിർബന്ധിതരാക്കി. വിവിധങ്ങളായ വികസനപ്രവർത്തനങ്ങളുടെയും നഗരവൽക്കരണപ്രക്രിയയുടെയും ഫലമായി കുടിയൊഴിക്കപ്പെട്ടവരും ഗ്രാമങ്ങളിൽനിന്നും ചെറുപട്ടണങ്ങളിൽനിന്നും വൻനഗരങ്ങളിലേക്കും ജോലികിട്ടാനിടയുള്ള മറ്റിടങ്ങളിലേക്കും പാലായനം ചെയ്യുന്നവരുടെ ഈ ആഭ്യന്തര 'അഭയാർത്ഥി' പ്രവാഹത്തിൽ അണിചേർന്നു. തൊഴിലവസരങ്ങളാകട്ടെ തൊഴിലന്വേഷകരുടെ എണ്ണത്തിനനുസരിച്ച് കൂടിയതുമില്ല. നവലിബറൽ സാമ്പത്തികഉദാരവൽക്കരണം മൂലമുണ്ടായ സാമ്പത്തികവളർച്ചയെ തൊഴിലവസരങ്ങൾ കൂടുതലായുണ്ടാകാത്ത വളർച്ച (jobless growth) എന്ന് വിശേഷിപ്പിക്കുന്നവരുണ്ട്. 2011–12 മുതൽ തൊഴിലില്ലായ്മയുടെ തോത് കൂടുതൽ ഗുരുതരമായ ഒരു പതനത്തിലേക്കെത്തി. തൊഴിലവസരങ്ങൾ കൂടുതലായുണ്ടാകാത്ത വളർച്ചയിൽനിന്ന് തൊഴിലവസരങ്ങൾ നഷ്ടപെടുന്ന വളർച്ചയിലേക്ക് (job-loss growth) ഇന്ത്യ നീങ്ങി. ഇക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്കിലിയിൽ പ്രസിദ്ധീകരിച്ച കെ.പി. കണ്ണനും ജി. രവീന്ദ്രനും ചേർന്ന് നടത്തിയ ഒരു പഠനത്തിലെ നിരീക്ഷണമാണിത്.

ഇങ്ങനെ രൂക്ഷമായ തൊഴിലില്ലായ്മ കാരണം എന്ത് ജോലിയും എത്ര താഴ്ന്ന കൂലിക്കും ചെയ്യാൻ തയ്യാറായ അവിദഗ്ദ്ധ കുടിയേറ്റതൊഴിലാളികൾക്ക് പൊതുവെ വാർത്തകളിലും ചർച്ചകളിലും ഇടംകിട്ടാറില്ല. തോട്ടിവേലയ്ക്കിടെ വിഷവാതകം ശ്വസിച്ച് ശ്വാസം മുട്ടി മരിച്ചവരായി, എലിമാളങ്ങളിൽ ഖനനത്തിനിറങ്ങി (rat-hole mining) അവക്കുള്ളിൽ എന്നന്നേക്കുമായി കുടുങ്ങിയൊടുങ്ങിയവരായി, വല്ലപ്പോഴുമൊക്കെ അടിമവേലയിൽ നിന്ന് മോചിക്കപ്പെടുന്ന മുഖമില്ലാത്ത മനുഷ്യരായി വല്ലപ്പോഴും പത്രങ്ങളുടെ ഉൾത്താളുകളിൽ ഏതെങ്കിലുമൊരു മൂലയിൽ പ്രത്യക്ഷപ്പെടുന്നതൊഴിച്ചാൽ. അടിമപണിയും തോട്ടിവേലയുമൊക്കെ തടയാൻ നിയമങ്ങളുണ്ട് (The Prohibition of Employment as Manual Scavengers and their Rehabilitation Act, 2013, Bonded Labour System Abolition Act, 1976). നിർബന്ധിതതൊഴിൽ ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ്. പക്ഷെ ഈ നിയമങ്ങളൊന്നും അവരുടെ രക്ഷക്കെത്താറില്ല. ഒരു പത്രവും അവർക്ക് വേണ്ടി മുഖപ്രസംഗം എഴുതാറില്ല. എല്ലാവർക്കും വേണ്ട എന്നാലാർക്കും വേണ്ടാത്ത അദൃശ്യജീവിതങ്ങളാണവർ.


Article: Fighting a Pandemic through the Force of Democratic Decentralisation


ഇപ്പോഴത്തെ മഹാമാരി ചെയ്ത ഒരു കാര്യം ഈ അദൃശ്യജീവിതങ്ങളുടെ നേർക്കാഴ്ചകൾ നമ്മുടെയൊക്കെ സ്വീകരണമുറിയിലെത്തിച്ചു എന്നതാണ്. മഹാമാരികൾക്കും പ്രകൃതിദുരന്തങ്ങൾക്കും മുന്നിൽ എല്ലാ മനുഷ്യരും ഒരു പോലെയാണെന്ന് പറയാറുണ്ടല്ലോ. എന്നാൽ നമ്മുടെ ചുറ്റുപാടുമുള്ള ജീവിതങ്ങളിലേക്കൊന്ന് കണ്ണോടിച്ചാൽ അതൊക്കെ വെറുംവാക്കുകളാണെന്ന് തിരിയും. സമ്പത്തും സ്ഥാനമാനങ്ങളും ദുരന്തങ്ങളിൽ നിന്ന് കരകയറുക എളുപ്പമാക്കുന്നു എന്നു കാണാനാകും. ചൂഷണത്തിൽ അധിഷ്ഠിതമായ ശ്രേണീബദ്ധമായ അധികാരഘടനകളുടെ മേൽത്തട്ടിലുള്ളവർക്ക് പ്രത്യേക പരിഗണനകൾ ലഭ്യമാകുന്നതു കൊണ്ടാണത്. അധികാരത്തിന്‍റെ മുഖ്യമായ ഒരു ലക്ഷ്യം തന്നെ ഇത്തരം സവിശേഷ പരിഗണനകളെ സ്ഥാപനവൽക്കരിക്കുക എന്നതാണല്ലോ. ആ പരിഗണനകൾക്ക് പുറത്തുള്ളവർ എടുക്കാച്ചരക്കുകളാണ്. ഒരു സമൂഹം അടച്ചിരിക്കാൻ തുടങ്ങുമ്പോൾ തെരുവിലേക്ക് വലിച്ചെറിയപെട്ട മനുഷ്യർ നമ്മുടെ സമൂഹത്തിലെ ഏറ്റവും ക്രൂരമായ ആന്തരികവൈരുധ്യങ്ങളെ കാട്ടിതന്നു.

ലോക്ക്ഡൌൺ പ്രഖ്യാപിച്ചപ്പോൾ ഭരണകൂടം അവരെയോർത്തില്ല. കാരണം അവർ അദൃശ്യരാണല്ലോ. ലക്ഷക്കണക്കിന് മനുഷ്യരുടെ തിരിച്ചുനടപ്പും അവർ അനുഭവിച്ച കൊടിയദുരിതങ്ങളും നമ്മുടെ വരേണ്യവർഗ്ഗങ്ങളെ കാര്യമായൊന്നും അലോസരപ്പെടുത്തിയില്ല. പക്ഷെ, ലോക്ക്ഡൗണിന് ഇളവുകൾ വരികയും തൊഴിലിടങ്ങൾ വീണ്ടും പതുക്കെ സജീവമായി തുടങ്ങുകയും ചെയ്തപ്പോൾ പൊടുന്നനെ കുടിയേറ്റത്തൊഴിലാളികൾ എത്രമേൽ വേണ്ടപ്പെട്ടവരാണ് എന്ന് അവർക്കോർമ്മവന്നു. കർണാടക സർക്കാർ കുടിയേറ്റതൊഴിലാളികളുടെ തിരിച്ചുപോക്ക് തടയാൻ ശ്രമിക് ട്രെയിനുകൾ നിർത്തിവെക്കാനൊരുങ്ങിയതും, പിന്നെ എതിർപ്പുകൾക്ക് വഴങ്ങി പിൻവലിഞ്ഞതും ഈ അടച്ചിരിപ്പു കാലത്തെ ഏറ്റവും ക്രൂരമായ തമാശകളിലൊന്നാണ്.

കേന്ദ്രതൊഴിൽ മന്ത്രിയെ കണ്ട CII പ്രതിനിധികൾ പറഞ്ഞത് ഈ തൊഴിലാളികളെ തിരിച്ചെത്തിക്കാൻ എംപ്ലോയ്‌മെന്റ് സ്റ്റാന്റിംഗ് ഓർഡർ ആക്റ്റ്, ഇൻഡസ്ട്രിയൽ ഡിസ്പ്യൂട് ആക്ട് തുടങ്ങിയ നിയമങ്ങളിലെ അച്ചടക്കനടപടികൾ ഉപയോഗപ്പെടുത്തണമെന്നാണ്. അതെ, അവർ തന്നെ റദ്ദാക്കണമെന്ന് പറയുന്ന നിയമങ്ങൾ തൊഴിലാളികളെ തിരിച്ചുകൊണ്ടു വരാൻ ഉപയോഗിക്കണമെന്ന്!

അസുരക്ഷിതരുടെ (precariat) കരുതൽസേന

മുതലാളിത്തത്തിൽ ഏതൊരു ബിസിനസ് സ്ഥാപനത്തിന്‍റെയും ആത്യന്തികമായ ലക്ഷ്യം ലാഭം പരമാവധി കൂട്ടുക എന്നതാണ്; അതു മാത്രമാണ്. തൊഴിൽ നിയമങ്ങളോടുള്ള മുതലാളിത്തത്തിന്‍റെ അവസരവാദപരമായ നിലപാടുകൾ മനുഷ്യവിഭവശേഷിയെ ഏറ്റവും കാര്യക്ഷമവും ചെലവ്കുറഞ്ഞതും ആയ രീതിയിൽ ഉപയോഗപ്പെടുത്താനുള്ള അതിന്‍റെ ശ്രമങ്ങളുടെ ഭാഗമായി വേണം കാണാൻ.

വ്യാവസായിക മുതലാളിത്തം അതിന്‍റെ ആദ്യകാലത്ത് നേരിട്ട ഏറ്റവും വലിയ വെല്ലുവിളികളിലൊന്ന് ഉത്പാദനരീതികളുടെ കേന്ദ്രീകൃതസ്വഭാവം ശക്തമായ വിലപേശലിന് കെല്പുള്ള സംഘടിതതൊഴിലാളി വർഗത്തിനും രൂപം കൊടുത്തു എന്നതായിരുന്നു. ഇതിന് തടയിടാൻ, തൊഴിലാളികളുടെ വിലപേശലിന്‍റെ മുനയൊടിക്കാൻ, അത് കണ്ടെത്തിയ ഒരു മാർഗം തൊഴിലന്വേഷകരുടേതായ ഒരു കരുതൽസേനയെ (reserve army of labour) നിലനിർത്തുകയാണ് . മാർക്സ് അതേ കുറിച്ച് പറയുന്നതിങ്ങനെയാണ്:

“വലിയ വ്യവസായങ്ങൾക്ക് അമിതഉത്പാദനത്തിന്റെ സമയത്ത് ഉപയോഗിക്കാനാവശ്യമായ തൊഴിൽരഹിതരായ ജോലിക്കാരുടെ ഒരു കരുതൽസേനയെ സദാസമയവും ആവശ്യമായുണ്ട്. തീർച്ചയായും, തൊഴിലാളികളുടെ കാര്യത്തിൽ മുതലാളിയുടെ പ്രധാനലക്ഷ്യം അദ്ധ്വാനമെന്ന ചരക്കിനെ ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാക്കുക എന്നതാണ്. ഇത് സാധ്യമാകുക ആവശ്യത്തേക്കാൾ കഴിയുന്നത്ര ഉയർന്ന നിരക്കിൽ ഈ ചരക്ക് ലഭ്യമായിരിക്കുമ്പോൾ മാത്രമാണ്.”2

ആഗോളവൽക്കരണകാലത്ത് ഈ പ്രക്രിയക്ക് പുതിയ മാനങ്ങൾ കൈവന്നു. വേതനനിരക്ക് കുറഞ്ഞ ഇടങ്ങളിലേക്ക്, രാജ്യങ്ങളിലേക്ക്, ഉത്പാദനവും അതിന്‍റെ കൂടെ തൊഴിലും ആവശ്യാനുസരണം പറിച്ചുനടാൻ എളുപ്പമായി. ഈ മാറ്റങ്ങളെല്ലാം അതതു രാജ്യങ്ങളിലെ തൊഴിൽനിയമങ്ങളെയും സ്വാധീനിച്ചു. ഒരു നാടിനെ നിക്ഷേപകസൗഹാര്‍ദ്ദമാക്കുക എന്നതിനർഥം തൊഴിൽനിയമങ്ങൾ എല്ലാം ഉപേക്ഷിക്കുക എന്നായി വ്യാഖ്യാനിക്കപ്പെട്ടു.

ഇപ്പോൾ ഗുജറാത്തും മധ്യപ്രദേശും ഉത്തർപ്രദേശുമൊക്കെ തൊഴിൽനിയമങ്ങൾ റദ്ദു ചെയ്യുന്നതിലൂടെ ലക്‌ഷ്യംവെക്കുന്നത് ഇതു തന്നെയാണ്. കേരളം പോലുള്ള ചുരുക്കം ചില സംസ്ഥാനങ്ങൾ മാത്രമാണ് ഇതിന് അപവാദങ്ങൾ ആയുള്ളത്. നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനായി തൊഴിലാളികളുടെ താല്പര്യങ്ങളെ പാടേ ബലികഴിക്കുന്ന രീതിയിൽ തൊഴിൽനിയമങ്ങൾ പരിഷ്‌ക്കരിക്കാൻ കേരളമില്ലെന്ന തൊഴിൽമന്ത്രി ടി. പി. രാമകൃഷണൻ ഈയിടെ വ്യക്തമാക്കിയിരുന്നു.

തൊഴിൽ പ്രക്രിയകളിൽ (labor process ) കഴിഞ്ഞ കുറച്ചുകാലമായി ഉണ്ടായിവരുന്ന വേറൊരു മാറ്റം കൂടി ഇതോടൊപ്പം പരിഗണിക്കേണ്ടതുണ്ട്. ലോകമെമ്പാടും സ്ഥിരം തൊഴിൽ, കൃത്യമായ തൊഴിൽ സമയം, തൊഴിലിടം തുടങ്ങിയ സങ്കല്പങ്ങൾ ഇല്ലാതായികൊണ്ടിരിക്കുകയാണ്. 'പ്ലാറ്റ്‌ഫോം ഇക്കോണമി' എന്നും 'ഷെയറിങ് ഇക്കോണമി' എന്നുമൊക്കെ വിളിച്ചുവരുന്ന, ഉത്പന്നങ്ങളുടെയും സേവനങ്ങളുടെയും വിതരണത്തിലെ പുതിയ രീതികളുടെ ആവിർഭാവം ഈ പ്രവണതക്ക് ആക്കം കൂട്ടി. സാങ്കേതികവിദ്യകളെയും അൽഗോരിതങ്ങളെയും ഉപയോഗപ്പെടുത്തി സ്വാഭാവികമായ സ്ഥലകാലപരിമിതികളെ ഇല്ലാതാക്കുന്നു പ്ലാറ്റ്‌ഫോം ഇക്കണോമി. ഇതിന്‍റെ ഒരു അനന്തരഫലം ആവശ്യങ്ങളുടെ ഏറ്റക്കുറച്ചിലുകൾക്ക് അനുസൃതമായി എപ്പോഴും എവിടെയും സേവനദാതാക്കളായ തൊഴിലാളികളെ ലഭ്യമാക്കേണ്ടിയിരിക്കുന്നു എന്നതാണ്. നമ്മുടെ നഗരങ്ങളിൽ ആമസോണിനും യൂബറിനും സ്വിഗ്ഗിക്കുമൊക്കെ വേണ്ടി ജോലി ചെയ്യുന്ന നെട്ടോട്ട തൊഴിലാളികളെ നോക്കുക. പ്ലാറ്റ്‌ഫോം ഇക്കണോമി തൊഴിലാളികളോട് ചെയ്യുന്നതെന്തെന്ന് അപ്പോൾ മനസ്സിലാകും. ഉദ്പാദനമേഖലയിലും ഇതിന്‍റെ അനുരണനങ്ങൾ ഉണ്ടാകുന്നു.

മുഴുവൻസമയ ജോലികളുടെ അഭാവവും ഉള്ള ജോലികളുടെ കോൺട്രാക്റ്റ് വൽക്കരണവുമാണ് ഈ മാറ്റങ്ങളുടെ കാതൽ. തൊഴിലെടുക്കുന്നവരുടെ സംഘടിതസ്വഭാവം നഷ്ടമാകുന്നു. ഗയ്‌ സ്റ്റാന്റിംഗ് (Guy Standing) എന്ന സാമ്പത്തികശാസ്ത്രജ്ഞൻ ഇങ്ങനെയുള്ള തൊഴിലാളികളെ വിളിച്ചത് precariats (പ്രിക്കാരിയറ്റ്) എന്നായിരുന്നു. (The Precariat: The New Dangerous Class, 2011). Preacrious (പ്രികാരിയസ്) എന്ന വാക്കിന് സുരക്ഷിതമല്ലാത്ത, എപ്പോഴും തകരാവുന്ന എന്നൊക്കെയാണ് അർത്ഥം. വിലപേശലിന് ശേഷിയില്ലാത്ത ശിഥിലമായ തൊഴിൽസേനയാണ് പ്രികാരിയറ്റുകൾ എന്ന് ചുരുക്കം. നവലിബറൽ മുതലാളിത്തത്തിന്‍റെ ആദർശലോകമാണത്.


Article: ആഗോള വലതുവ്യതിയാനം


ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യദശകങ്ങളിൽ വന്‍തോതിലുള്ള ഉല്‍പാദനം നടത്താനാവശ്യമായ ആവശ്യമായ അസ്സംബ്ലിലൈൻ സങ്കേതം നടപ്പിൽ വരുത്തിയ ഹെൻറി ഫോർഡ് പോലും തൊഴിലാളികൾക്ക് താരതമ്യേന നല്ല വേതനം ലഭ്യമാകേണ്ടതുണ്ട് എന്ന് വിശ്വസിച്ചിരുന്നു. തന്‍റെ ഫാക്ടറികളിലെ തോഴിലാളികൾക്ക് ഇരട്ടി വേതനം കൊടുക്കാൻ അദ്ദേഹം തയ്യാറായി. Ford's Five-Dollar Day (ഫോർഡിന്റെ അഞ്ചു ഡോളർ ദിവസവേതനം) എന്ന പേരിൽ ഇത് പിൽക്കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ടു. വ്യാവസായിക മുതലാളിത്തം വിപണിയിലെത്തിക്കുന്ന ഉൽപന്നങ്ങൾ വാങ്ങാൻ മാത്രം ക്രയശേഷിയുള്ള ഒരു ഉപഭോക്തൃസമൂഹം ഉണ്ടാകേണ്ടതുണ്ട് എന്നതായിരുന്നു അതിന് പിന്നിലെ യുക്തി. എന്നാൽ നവ ലിബറൽ മുതലാളിത്തത്തിന് മിനിമം വേതനം എന്ന സങ്കൽപം പോലും ചുതുർത്ഥിയാണ്.

പ്രികാരിയറ്റുകൾ ഇന്ത്യൻ മുതലാളിത്തത്തിന്‍റെയും ചാലകശക്തിയായി മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ത്യൻ ഭരണവർഗ്ഗത്തിന്‍റെ പരമമായ ലക്‌ഷ്യം രാജ്യത്തെ ചൈനയെ വെല്ലുന്ന സാമ്പത്തിക ശക്തിയായി മാറ്റിത്തീർക്കുക എന്നായിരിക്കുന്ന സമകാലീനാവസ്ഥയിൽ പ്രത്യേകിച്ചും. കോവിഡ് ഈ സ്വപ്ന സാക്ഷാത്കാരത്തിനുള്ള അവസരമൊരുക്കിയിരിക്കുകയാണ് എന്നാണ് അവർ കരുതുന്നത്. അതിനായി ഉദ്പാദനമേഖലയിൽ വിദേശനിക്ഷേപം ആകർഷിക്കുന്നതിനും ആഭ്യന്തരവിപണിയെ പുത്തൻകൂറ്റു മുതലാളിത്തത്തിനനുസൃതമായി മാറ്റിയെടുക്കുന്നതിനും അതിനൊക്കെ ആവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ (infrastructure) എളുപ്പത്തിൽ വികസിപ്പിച്ചെടുക്കുന്നതിനുമൊക്കെയായി പ്രികാരിയറ്റുകളുടെ ഒരു വലിയ കരുതൽസേനയെത്തന്നെ ഇന്ന് ഇന്ത്യക്കാവശ്യമുണ്ട്. കുറച്ചു കാലം മുൻപ് എഴുതിയ ഒരു കുറിപ്പിൽ ഞാൻ ഇങ്ങനെ എഴുതിയിരുന്നു: 'ഒരു കാലത്ത് സമൂഹത്തിന്‍റെ പൊതുസ്വത്തായിരുന്ന വിഭവങ്ങളത്രയും കവർന്നും സർക്കാരിനെ സമൂഹജീവിതത്തിന്‍റെ സമസ്തമേഖലകളിൽനിന്നും പുറന്തള്ളിയുമാണ് പങ്കുപറ്റി മുതലാളിത്തം (crony capitalism) കഴിഞ്ഞ കുറെ വർഷങ്ങളായി ഇന്ത്യയിൽ വളർന്നു വരുന്നത്. അവരുടെ നവലിബറൽ തീവെട്ടിക്കൊള്ളക്ക്, ‘മേക്ക് ഇൻ ഇന്ത്യ’ പ്രൊജക്റ്റിന്, വിദഗ്ധതൊഴിലാളികളുടെയും പ്രൊഫെഷണലുകളും മാത്രം മതിയാകില്ല. ഓടയിലും എലിമാളങ്ങളിലുമിറങ്ങി എന്ത് പണിയും ചെയ്യാനും മറുത്തൊന്നും പറയാതെ രാപകലില്ലാതെ ജോലിക്കായി നെട്ടോട്ടമോടാനും തയ്യാറാകുന്ന പണിയാളരുടെ ഒരു വലിയ സേന തന്നെവേണം.'

ഇപ്പോളതിന് കൂടുതൽ അടിയന്തിരസ്വഭാവം കൈവന്നിരിക്കുന്നു. ഇവിടുത്തെ സാമ്പ്രദായിക തൊഴിലാളിവർഗ്ഗത്തെ പ്രികാരിയറ്റുകളുടെ കരുതൽസേനയായി പരുവപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് അതിവേഗം കൈവരുന്ന ഒരു നിർണായകഘട്ടം കൂടിയായി തീരുന്നു ഈ കോവിഡ്കാലം. ഇതിനർത്ഥം എതിർപ്പുകളുണ്ടാകില്ലെന്നല്ല. കാരണം ഏത് സമൂഹത്തിന്‍റെയും വികാസപരിണാമങ്ങളുടെ ചരിത്രം വർഗ്ഗസമരങ്ങളുടേത് കൂടെയാണല്ലോ.

Notes

1. ഇംഗ്ലീഷിലുള്ള ഉദ്ധരണി:"Shortage of labour in an economy facing possible negative growth shows labour market perversity. Organised sector labour laws make businesses look for unorganised labour, and the latter is given bare minimum facilities. That’s why migrants are fleeing — the lockdown shattered their fragile life infrastructure. We need flexible labour rules that encourage employers to give more facilities to more workers, and hire more. We have a small labour aristocracy and a large pool of exploited labour. That must end."

2. ഇംഗ്ലീഷിലുള്ള ഉദ്ധരണി:“Big industry constantly requires a reserve army of unemployed workers for times of overproduction. The main purpose of the bourgeois in relation to the worker is, of course, to have the commodity labour as cheaply as possible, which is only possible when the supply of this commodity is as large as possible in relation to the demand for it, i.e., when the overpopulation is the greatest.”