സിറോ-മലബാർ സഭയിലെ പ്രശ്നങ്ങൾ: ചില നിരീക്ഷണങ്ങൾ

Discontents in Syro Malabar Church: Some Observations

 

സിറോ-മലബാർ സഭയിൽ ഇപ്പോൾ ചൂടേറിയ ഒരു വാദപ്രതിവാദം നടന്നുകൊണ്ടിരിക്കുകയാണ്. കുർബാന ഏകീകരണമാണ് വിഷയം. ഇപ്പോൾ പുതുക്കാൻ ശ്രമിക്കുന്ന ക്രമപ്രകാരം, കേരളത്തിലും പുറത്തുമുള്ള എല്ലാ സിറോ-മലബാർ പള്ളികളിലും ഒരേ തരത്തിലുള്ള പ്രാർത്ഥനകളും, പ്രാർത്ഥനകളർപ്പിക്കുന്ന രീതിയും പ്രാബല്യത്തിൽ വരുത്തണം. ഇതാണ് വിശ്വാസികളിൽ പല തരത്തിലുള്ള പ്രതികരണങ്ങൾക്ക് ഇടയാക്കിയിരിക്കുന്നത്. എന്തു കൊണ്ടാണ് ഈയൊരു തീരുമാനം ഇത്ര വലിയ പ്രശ്നമാകുന്നത്? മദ്ധ്യകേരളത്തിലെ പള്ളികളിൽ കഴിഞ്ഞ അമ്പതുവർഷങ്ങളിലധികമായി പുരോഹിതർ (വൈദികർ) ജനത്തിനാമുഖമായി നിന്നാണ് പ്രാർത്ഥനകൾ (കുർബാന) ചൊല്ലിയിരുന്നത്. എന്നാൽ, പുതുക്കിയ (ഏകീകരിക്കുന്ന) ആരാധനാക്രമപ്രകാരം അവർക്ക് കുർബാനയിലെ പകുതി സമയം വിശ്വാസികൾക്ക് പുറം തിരിഞ്ഞു നിന്നുകൊണ്ടു പ്രാർത്ഥനകൾ ചൊല്ലേണ്ടതായി വരും. മറ്റു സ്ഥലങ്ങളിലെ (പ്രധാനമായും തെക്കൻ കേരളത്തിലെ) ഈ രീതി എല്ലായിടത്തും നടപ്പിലാക്കേണ്ടി വരും. മദ്ധ്യകേരളത്തിലെ ചില പുരോഹിതരും വിശ്വാസികളും ഈ തീരുമാനത്തെ ചോദ്യം ചെയ്യുന്നത് പ്രധാനമായും രണ്ടു കാരണങ്ങൾ കൊണ്ടാണ് - (1) യാതൊരു വിധ പൊതു ആവശ്യവും ഇല്ലാതെ, ഒരു ചർച്ചയും, കൂടിയാലോചനകളും കൂടാതെ ആരാധനാക്രമം ഏകീകരിക്കണം എന്ന തീരുമാനം ജനാധിപത്യവിരുദ്ധമായി അടിച്ചേൽപ്പിക്കാൻ നോക്കുന്നു; (2) പുതുക്കിയ രീതി കാതലായ, ആശയപരമായ മാറ്റങ്ങൾ കൊണ്ടുവരുന്നു. പുറമേക്ക് വളരെ നിസ്സാരമെന്ന് തോന്നുന്ന ഈ വിഷയത്തിന് കുറച്ചു കൂടി ഗൗരവതരമായ ചരിത്രവും പശ്ചാത്തലവും ഉണ്ട്.

കത്തോലിക്കാ സഭ (സിറോ-മലബാർ സഭ ആഗോള കത്തോലിക്കാ സഭയ്ക്കു കീഴിലുള്ള ഒരു സ്വയംഭരണാധികാരമുള്ള സഭയാണ്) 1962-65 കാലഘട്ടത്തിൽ നടന്ന രണ്ടാം വത്തിക്കാൻ സമ്മേളനത്തിലൂടെ കാര്യമായ സ്വയം നവീകരണത്തിന് തുടക്കമിട്ടു. രണ്ടാം വത്തിക്കാൻ സമ്മേളനം കത്തോലിക്കാ സഭയിലെ ബിഷപ്പുമാരും ദൈവശാസ്ത്രത്തിൽ പ്രാഗത്ഭ്യമുള്ളവരും പങ്കെടുത്ത യോഗമായിരുന്നു. ഈ യോഗത്തിന്റെ തീരുമാനങ്ങൾ വിശ്വാസിസമൂഹത്തിൽ വലിയ തോതിൽ ചലനമുണ്ടാക്കി. സഭ അത് വരെ നിലവിലുണ്ടായിരുന്ന ലത്തീൻ ഭാഷയിലുള്ള കുർബാന ഒഴിവാക്കിക്കൊണ്ട് പ്രാദേശികഭാഷയിലുള്ള കുർബാനയും പ്രാർത്ഥനനകളും പ്രചാരത്തിൽ കൊണ്ടു വന്നു. സിറോ-മലബാർ സഭയിൽ സുറിയാനി ഭാഷ ഒഴിവാക്കി മലയാളത്തിൽ പ്രാർത്ഥനകൾ അർപ്പിക്കാൻ തുടങ്ങി. അത് വരെ പുറം തിരിഞ്ഞു പ്രാർത്ഥനകൾ ചൊല്ലിയിരുന്ന അച്ചന്മാർ മുഖത്തേക്ക് നോക്കിത്തുടങ്ങി; ആദ്യമായി പള്ളിയിൽ എന്താണ് സംഭവിക്കുന്നത് എന്നുള്ളതിന്റെ അർത്ഥവും വിശ്വാസികൾക്ക് മനസ്സിലായിത്തുടങ്ങി. പള്ളിയിൽ അർത്ഥമറിയാതെ പാടിയിരുന്ന പാട്ടുകളുടെ വരികൾ മലയാളത്തിലായത് ആ സമയത്താണെന്ന് പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്.

രണ്ടാം വത്തിക്കാൻ സമ്മേളനത്തിന്റെ ഭൂമിക അവഗണിക്കാൻ പറ്റില്ല. യാഥാർഥ്യത്തിൽ നിന്നും അകന്നു നിൽക്കുന്ന സഭയും സഭയിൽ നിന്നും അതിവേഗം കൊഴിഞ്ഞുപോയിക്കൊണ്ടിരിക്കുന്ന വിശ്വാസി സമൂഹവുമായിരുന്നു ആ സമയത്തെ സവിശേഷത. പുരോഗമന (ഇടതുപക്ഷ) പ്രസ്ഥാനങ്ങളും ലോകമൊട്ടാകെ ശക്തിപ്രാപിച്ചു വരുന്ന സമയവുമായിരുന്നു അത്. ഈ സാഹചര്യത്തിൽ പാരമ്പര്യത്തിൽ അധിഷ്ഠിതമായ രീതികൾ വെടിഞ്ഞ് സ്വയം ആധുനികവത്കരിക്കാൻ സഭ തയ്യാറായി. സഭയ്ക്കെതിരായ കുറച്ചു വിമർശനങ്ങളെ ഉൾക്കൊണ്ടു, നവീനമായ ആശയങ്ങൾ നടപ്പിൽ വരുത്തി. എന്നാൽ ഈ ചെറിയ വിജയത്തിനും വലിയ ആയുസ്സുണ്ടായിരുന്നില്ല. യാഥാസ്ഥിതികപക്ഷത്തിന്റെ ചെറുത്തുനിൽപ്പ് ദീർഘനാളത്തേയ്ക്ക് മറികടക്കാൻ കഴിയുമായിരുന്നില്ല. അതുകൊണ്ട് തന്നെ ആരാധനാക്രമത്തിൽ വരുത്തിയ ഇത്തരം മാറ്റങ്ങളിൽ കവിഞ്ഞ്, കൂടുതൽ നവീകരണമൊന്നും ഈ പ്രക്രിയയിലൂടെ വന്നില്ല. ഒപ്പം തന്നെ, മാറ്റങ്ങൾ നടക്കുമ്പോഴും സഭയുടെ അംഗബലം (പ്രത്യേകിച്ചും യൂറോപ്പിലും മറ്റ് വികസിത രാജ്യങ്ങളിലും) കുറഞ്ഞു കൊണ്ടേ ഇരുന്നു.

കേരളത്തിലും ഇപ്പോൾ യാഥാസ്ഥിതികശക്തികൾ പിടിമുറുക്കി. അതിനാൽ, യാതൊരു തരത്തിലുമുള്ള പുരോഗമനപരമായ മാറ്റങ്ങളും അനുവദിക്കപ്പെടാത്ത സ്ഥിതിയാണ്. സിറോ-മലബാർ സഭയുടെ പാരമ്പര്യം (പൈതൃകം) കാത്തുസൂക്ഷിക്കുന്നതിനു വേണ്ടിയാണ് ഇപ്പോൾ ഈ മാറ്റങ്ങൾ കൊണ്ടു വരുന്നത് എന്നാണ് പ്രധാനമായും പറയുന്ന കാരണം. പക്ഷെ യഥാർത്ഥത്തിൽ നടക്കുന്നത് “പുരാതനമഹത്വം” പുനഃനിർമിക്കുന്നതിന് വേണ്ടിയുള്ള ശ്രമങ്ങളാണ് (മാറ്റങ്ങൾ ഇവിടെ കൊണ്ട് നിൽക്കുമെന്ന് തോന്നുന്നില്ല - ചില ഉത്സാഹക്കമ്മിറ്റിക്കാർ സുറിയാനി ഭാഷ പഠിക്കാൻ ഒക്കെ തുടങ്ങിയിട്ടുണ്ട്). ഈ പൈതൃകം എന്ന് പറയുന്നത് ചിലയിടങ്ങളിൽ മാത്രം നിലനിന്നിരുന്ന ഭൂരിപക്ഷം ക്രിസ്ത്യാനികൾക്കും അന്യമായിരുന്ന ആചാരങ്ങളും രീതികളുമൊക്കെയായിരുന്നുവെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.

സിറോ-മലബാർ സഭയിൽ നടക്കുന്ന ഈ മാറ്റങ്ങളും ഇപ്പോഴത്തെ രാഷ്ട്രീയ-സാമൂഹിക സാഹചര്യവും ചേർത്ത് വായിക്കേണ്ടതാണ്. ഒന്നാമതായി, 1960കളിൽ നിന്നും വ്യത്യസ്തമായി പാരമ്പര്യത്തെ വീണ്ടെടുക്കുന്ന വലതുപക്ഷശക്തികൾക്ക് ലോകത്താകെമാനവും ഇന്ത്യയിലും നേട്ടമുണ്ടാക്കാൻ സാധിച്ചിട്ടുണ്ട്. മതേതരം എന്ന് അവകാശപ്പെടുന്ന കോൺഗ്രസ്സ് ശിഥിലീകരിക്കുകയും മത-വർഗീയ ശക്തികളിൽ ഏറ്റവും പ്രാമുഖ്യമുള്ള ബിജെപി-ആർഎസ്എസ് അധികാരത്തിൽ വരികയും ചെയ്തു. ഭൂതകാലത്തേക്ക് തിരിച്ചു പോകാനുള്ള ശ്രമങ്ങൾക്ക് വേഗത കൂടുന്ന ഒരു സ്ഥിതിവിശേഷം ഇന്ത്യയിൽ ഒട്ടാകെ കാണാം. ഹിന്ദുത്വ ആശയങ്ങളോട് ചേർന്നു നിൽക്കുന്ന “ലവ്, ലഹരി/നാർക്കോട്ടിക് ജിഹാദ്” “ക്രിസ്ത്യൻ കുടുംബങ്ങളിൽ നാല് കുട്ടികൾ വേണം” എന്നുള്ള പരാമർശങ്ങളും സിറോ-മലബാർ സഭാ നേതൃത്വത്തിൽ നിന്നും ഇന്നത്തെ സാഹചര്യത്തിൽ വരുന്നു എന്നുള്ളത് യാദൃച്ഛികമല്ല.

രണ്ടാമതായി, വിശ്വാസേതര വിഷയങ്ങളുമായി ബന്ധപ്പെട്ട് വലിയ പ്രതിസന്ധയാണ് സിറോ-മലബാർ സഭ ഇന്ന് നേരിട്ടുകൊണ്ടിരിക്കുന്നത്. പ്രായപൂർത്തിയാകാത്തവർക്ക് നേരെയും കന്യാസ്ത്രീകൾക്ക് എതിരെയും പുരോഹിതർ നടത്തിയ ലൈംഗിക അതിക്രമങ്ങൾ, സഭാധ്യക്ഷൻ ഇടപെട്ട ഭൂമിയിടപാട് കേസ് എന്നിവ സഭയിലുള്ള ജനങ്ങളുടെ വിശ്വാസ്യതയെ ബാധിച്ചിരുന്നു. ഇതിനോടൊപ്പം ചേർത്ത് വായിക്കേണ്ടതാണ് കോവിഡ് പ്രതിസന്ധി. കുറച്ചെങ്കിലും പേരിൽ സഭയും മതവും ചെലുത്തിയിരുന്ന സ്വാധീനം ഈയൊരു കാലഘട്ടത്തിൽ സ്വാഭാവികമായും കുറഞ്ഞിരിക്കാം. ഈ വിഷയങ്ങളിൽ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിച്ചു വിടുന്നതിൽ ഈയടുത്തു നടന്ന ആരാധനാക്രമ ഏകീകരണത്തിലൂടെയും വർഗീയപരാമർശങ്ങളിലൂടെയും സഭയ്ക്ക് കഴിഞ്ഞു.

ഇപ്പോഴത്തെ സിറോ-മലബാർ സഭ എന്ന് പറയുന്നത് കേവലം ഒരു മതപരമായ കൂട്ടായ്മയല്ല - അനേകം വിദ്യാഭ്യാസ-ആരോഗ്യ സ്ഥാപനങ്ങൾ നടത്തുന്ന ഒരു പ്രസ്ഥാനം കൂടിയാണ്. മതവും സാമൂഹ്യജീവിതവും വിളക്കിച്ചേർത്തിട്ടുള്ള ഈ വ്യവസ്ഥിയിൽ നിന്നു കൊണ്ട് വിശ്വാസികളിൽ നിന്നും വരുന്ന പ്രതിഷേധസ്വരങ്ങൾക്ക് തടയിടാനും സഭയ്ക്ക് കഴിയും. ഒരു സാധാരണ ക്രിസ്ത്യാനിയ്ക്ക് സഭയുടേതായ സാമൂഹ്യചുറ്റുപാടുകളിൽ മാത്രം ഒതുങ്ങി നിന്നുകൊണ്ട് വളരാൻ ഇന്നത്തെ സാഹചര്യത്തിൽ സാധിക്കും. പുറംലോകവുമായി വളരെ ചുരുക്കം സമ്പർക്കം പുലർത്തികൊണ്ട്, സഭയുടെ ആശയപ്രചാരണങ്ങൾ മാത്രം സ്വാംശീകരിച്ച് കൊണ്ട്, സ്വന്തം മനസ്സിൽ രൂഢമൂലമായ മുൻവിധികളെ ചോദ്യം ചെയ്യാതെ ജീവിതം നീക്കുവാൻ ഇന്നത്തെ ലോകത്ത് സാധ്യമാണ്. വളർന്നുവരുന്ന ഈ ക്രിസ്ത്യൻ തലമുറയുടെ ജോലിസ്ഥലത്തെ അരക്ഷിതാവസ്ഥയെ മുതലെടുത്ത് കൊണ്ട് അവർ പോകുന്ന ഇടങ്ങളിൽ ഇടപെടാനും സിറോ-മലബാർ സഭയ്ക്ക് കഴിയും.

വിശ്വാസിസമൂഹത്തിൽ അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയും അവരെ ഉള്ളിലേക്ക് മാത്രം നോക്കിനിർത്തുകയും വഴി സഭയെ വിപുലപ്പെടുത്താനും പിന്തുണ നേടിയെടുക്കാനുമാണ് ഇപ്പോൾ സിറോ-മലബാർ സഭ ശ്രമിച്ചുകൊണ്ടിരിക്കുന്നത് എന്ന് വേണം കരുതാൻ. ന്യൂനപക്ഷങ്ങൾ യഥാർത്ഥത്തിൽ അഭിമുഖീകരിക്കുന്ന പ്രശനങ്ങൾ, ദളിത് ക്രൈസ്തവരുടെ വിഷയങ്ങൾ, സഭയ്ക്കുള്ളിൽ ലിംഗവ്യത്യാസങ്ങൾ, (ക്രിസ്ത്യാനികളായ) കർഷകർ അനുഭവിക്കുന്ന നിയോലിബറൽ നയങ്ങൾ കൊണ്ടുള്ള കഷ്ടപ്പാടുകൾ എന്നിവയൊന്നും തന്നെ സഭയ്ക്ക് സവിശേഷമായി ചിന്തിക്കാനുള്ള വിഷയങ്ങളല്ല. ഈ വിഷയങ്ങൾ പരിമിതമായി സഭയ്ക്കുള്ളിൽ ചർച്ച ചെയ്യപ്പെടുന്നുവെന്നുള്ളത് ശരിയാണ്. പക്ഷെ യാഥാർഥ്യവുമായി ഒട്ടും ബന്ധമില്ലാത്ത ജനസംഖ്യ കുറയുന്ന വിഷയം, ലവ് ജിഹാദ്, പാരമ്പര്യം ഒക്കെയാണ് ഇന്ന് സഭ തെരഞ്ഞെടുക്കുന്ന മുഖ്യ ചർച്ചാ വിഷയങ്ങൾ. ലോകത്തിന്റെ വിവിധഭാഗങ്ങളിൽ ഉയർന്നുവരുന്ന സിറോ-മലബാർ പള്ളികളിലെ പ്രധാന ആശങ്കകളും ഇതൊക്കെ തന്നെയാണ് എന്നാണ് മനസ്സിലാക്കാൻ സാധിക്കുക.

സഭയ്ക്കുള്ളിലെ ഇത്തരം ചിന്താഗതികൾക്കെതിരെ പോരടിക്കുന്ന കുറച്ചു പരിഷ്കരണവാദികളുണ്ട് (ഈ കുറിപ്പിലെ എല്ലാ ആശയങ്ങളോടും അവർക്ക് യോജിപ്പുണ്ടാകണമെന്നില്ല). ഇപ്പോൾ തന്നെ നാനൂറിലധികം വരുന്ന പുരോഹിതർ പുതുക്കിയ ആരാധനാക്രമം കൊണ്ടുവരുന്നതിനെതിരെ കത്തോലിക്കാ സഭയിലെ ഉന്നതാധികാരികൾക്ക് പരാതി നൽകിയിട്ടുണ്ട്. ഈ കൂട്ടത്തിലെ കുറച്ച് പേർ സഭയ്ക്കുള്ളിൽ കൂടുതൽ സുതാര്യത ആവശ്യപ്പെടുന്ന പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്നവരാണ്. ക്രിസ്ത്യാനികൾക്കിടയിലെ പാർശ്വവത്ക്കരിക്കപ്പെട്ടവരുടെ പ്രശ്നങ്ങൾക്ക് വേണ്ടി വാദിക്കുന്നവരും ഇക്കൂട്ടത്തിലുണ്ട്. പക്ഷെ നിലവിലെ സാഹചര്യത്തിൽ അവർക്ക് വിജയിക്കാനാകുമോ എന്ന കാര്യം സംശയമാണ്. സഭയ്ക്കുള്ളിൽ വലതുപക്ഷ നേതൃത്വത്തിന് ഇവരെ നിഷ്പ്രഭമാക്കാൻ (അല്ലെങ്കിൽ കുറച്ചു പേരെ കൂടെക്കൂട്ടാൻ) എളുപ്പം സാധിക്കും. ഉള്ളിൽ നിന്നും പോരാടുന്നതിന് പകരം, പുരോഗമനപരമായ മാറ്റം ആഗ്രഹിക്കുന്നവർ ജനാധിപത്യപ്രസ്ഥാനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുകയാണ് വേണ്ടത്. വ്യക്തികൾ മതപരമായ മതിൽക്കെട്ടുകൾക്കുള്ളിൽ നിന്നും പുറത്തുകടക്കുന്നത് വഴി, വിശാലമായ അർത്ഥത്തിൽ, ഒരു ഐക്യം രൂപപെടുത്തിയെടുക്കാൻ സാധിക്കും. ഈയൊരു പ്രക്രിയയിലൂടെ ജനാധിപത്യത്തിലും തുല്യതയിലും ഒരു ലോകം പടുത്തുയർത്താൻ കഴിയും.

 

ദീപക് ജോൺസൺ ബാംഗ്ലൂർ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിട്യൂട്ടിലെ ഗവേഷക വിദ്യാർത്ഥിയാണ്.

Feature image credits: St. Joseph's Syro Malabar Church Chennamkary. Photograph by Civi Varghese, Wikimedia Commons