ഫുഡ് ഡെലിവെറി തൊഴിലാളികളുടെ അവകാശങ്ങളും അവയുടെ സംരക്ഷണവും

Exploitations Faced by Food Delivery Workers in India

സാങ്കേതികവിദ്യയുടെ വളർച്ചയുടെ ഭാഗമായി ഉണ്ടായ തൊഴിലുകളിലെ തൊഴിൽ പ്രശ്നങ്ങൾ ഇനിയും വേണ്ട വിധം മനസ്സിലാക്കപ്പെട്ടിട്ടില്ല എന്നതൊരു വസ്തുതയാണ്. ഇന്റർനെറ്റ് ലോകം നിയന്ത്രിക്കുന്ന ഇക്കാലത്ത്, ഇതുവരെയും മനുഷ്യർ ചിന്തിക്കാതിരുന്ന തരം സേവനങ്ങൾ നൽകിക്കൊണ്ട് കമ്പനികൾ മുന്നോട്ടു വരുന്നുണ്ട്. സാങ്കേതിക വിദ്യ പലപ്പോഴും അതിന്റെ സേവന മുഖം മാത്രമായിരിക്കും. അതിനു പിന്നിൽ നടു തല്ലി പണിയെടുക്കുന്ന മനുഷ്യരുണ്ട് എന്നത് പലപ്പോഴും നമ്മൾ മറന്നുപോകാറുണ്ട്. അതുപോലെയൊന്നാണ് ഓൺലൈൻ ഫുഡ് ഡെലിവറി സര്‍വീസുകൾ.

പുതിയ തൊഴിലുകളിൽ തൊഴിലാളികൾ ഏറ്റവുമധികം ചൂഷണം നേരിടുന്ന തൊഴിലുകളിൽ ഒന്നാണ് ഓൺലൈൻ ഫുഡ് ഡെലിവറി സര്‍വീസ്. കുറഞ്ഞ വേതനവും, അപകടം പിടിച്ച ജോലി സാഹചര്യവും മതിയായ സൗകര്യങ്ങളുടെ അഭാവവും സ്വിഗ്ഗി, ഊബർ ഈറ്റ്സ്, സോമാറ്റോ എന്നിവയിലെല്ലാം ഏതാണ്ട് ഒരേ പോലെയാണ്. കാരണം ഇവയുടെയെല്ലാം സർവീസ് മോഡൽ ഏതാണ്ട് ഒന്നാണ്: എത്രയും നേരത്തെ ഭക്ഷണമെത്തിക്കുക. പക്ഷെ പലപ്പോഴും ഇതെത്തിക്കുന്ന മനുഷ്യന് മാന്യമായ വേതനമോ തൊഴിൽ സാഹചര്യമോ ഒരുക്കാതെയാണ് ഇവർ അവരുടെ പ്രോഫിറ്റ് ഷെയറിങ് മോഡൽ ഉണ്ടാക്കിയിരിക്കുന്നത്. ഈയിടെ കൊച്ചിയിലും ചെന്നൈയിലും നടന്ന സമരങ്ങൾ തൊഴിലാളികളെ എത്രമാത്രം ഇവർ ഊറ്റിയെടുക്കുന്നു എന്നതിന്റെ തെളിവാണ്. കുറഞ്ഞു വരുന്ന ഇൻസെന്റീവും ചെറുതായി വരുന്ന ജോലി സുരക്ഷയും തൊഴിലാളികളുടെ അവകാശ ലംഘനങ്ങൾ കൂടിയാണ്.

തൊഴിൽ പ്രത്യേകതകൾ

ഇവർ ഉന്നം വെയ്ക്കുന്ന തൊഴിലാളികളുടെ പ്രായം പതിനെട്ടു മുതൽ മുപ്പതുവരെയാണ്. പലരും വിദ്യാർത്ഥികൾ, മറ്റു തൊഴിലുകൾ കിട്ടാൻ പ്രയാസമുള്ളവർ, പഠനവും മറ്റു ബാധ്യതകളും സ്വയം പേറേണ്ടവർ, പോക്കറ്റ് മണി വേണ്ടവർ അങ്ങനെ അങ്ങനെ. ഏറ്റവും കൂടുതലുള്ളത് ഇരുപതുകളിലുള്ള ചെറുപ്പക്കാർ. നേരത്തിനെത്താൻ, ഗതാഗതനിയമങ്ങൾ ലംഘിക്കാൻ മടിയില്ലാത്തവർ, ഏതു ഗതാഗതക്കുരുക്കിലും തായം കളിക്കുവാൻ തയാറുള്ളവർ. പൊരിവെയിലും പെരുമഴയുമൊന്നും സാധാരണഗതിയിൽ പ്രശ്നമാക്കാത്തവർ. അവിടെയാണ് ഈ കമ്പനികൾ ഇവരെ മുതലെടുക്കുന്നതും. ബാലവേലയുടെ അതേ യുക്തി. തൊഴിലാളികളുടെ ഗതികേടിനെ വിറ്റു കാശാക്കുക. രണ്ടാഴ്ച മുൻപാണ് ബാംഗ്ലൂരിൽ ഫുഡ് ഡെലിവറി കഴിഞ്ഞു പോയൊരു ഇരുപതുവയസ്സുകാരനെ നാലുപേർ ചേർന്ന് റോഡിൽ കുത്തിവീഴ്ത്തി കവർച്ച നടത്തിയത്.

ഒരുപക്ഷെ നിങ്ങൾ ചോദിച്ചേക്കാം, അക്രമികൾ അയാളെ ആക്രമിച്ചതിന് കമ്പനി എന്ത് പിഴച്ചു എന്ന്. ജോലി സമയത്തു, അതും രാത്രിയും പകലും ഒരുപോലെ ജോലി ചെയ്യേണ്ട ഒരു ജോലി സാഹചര്യത്തിൽ കമ്പനി തന്നെയാണ് അയാളുടെ സുരക്ഷ ഉറപ്പു വരുത്തേണ്ടത്. അതിനു സാങ്കേതികവിദ്യയുടെ സഹായത്താൽ അവർക്കിന്നു നൂറു മാര്‍ഗങ്ങളുണ്ട്. പക്ഷെ ലാഭം കുറയുമെന്ന ഭയത്താലായിരിക്കണം, ആരും ചെയ്തു കാണാറില്ല.

വേനലിൽ പുറം ജോലിക്ക് നിയന്ത്രണമുള്ള നാട്ടിൽപ്പോലും ഇവരെ അതിൽ ഉൾപ്പെടുത്തിയിട്ടുണ്ടോ എന്ന് സംശയമാണ്. 12-13 മണിക്കൂർ വരെ തുടർച്ചയായി ജോലി ചെയ്യേണ്ടവരാണ് അധികവും. കെട്ടിടം പണിക്കാരെ പോലെ തന്നെ ഇവർക്കും വെയിലേൽക്കുമല്ലോ. പിന്നെ എന്താണൊരു ഇരട്ടനീതി? കാരണം, നയരൂപീകരണത്തിന് ഉത്തരവാദപ്പെട്ടവര്‍ ഡിജിറ്റലൈസ്ഡ് തൊഴിൽ മേഖലയെ ഇന്നും വേണ്ടവിധം മനസ്സിലാക്കിയിട്ടില്ല. ഇന്റർനെറ്റ് വന്നു, ഓർക്കുട്ട് വന്നു. ഇപ്പോൾ ഫെയ്സ്‌ബുക്കും വാട്സാപ്പും ടിക്ടോക്കും വരെ വന്നു. എന്നിട്ടും നമ്മുടെ സൈബർ നിയമങ്ങൾ പലപ്പോഴും പോരാതെ വരാറില്ലേ? അതിന്റെ കുറേക്കൂടി ഗ്രേഡ് കൂടിയ ഉദാഹരണമാണ് ഇത്.

ചട്ടങ്ങളും നിയമങ്ങളും

പുതിയ തൊഴിൽ മേഖലയായതുകൊണ്ടു തന്നെ തൊഴിൽ സുരക്ഷാ ചട്ടങ്ങളും നിയമങ്ങളും മാനദണ്ഡങ്ങളും ഇന്നും വ്യക്തമായി അവതരിപ്പിക്കപ്പെട്ടിട്ടോ നടപ്പിലാക്കപ്പെട്ടിട്ടോ ഇല്ല. യൂണിയനൈസേഷനും വന്നിട്ടില്ല. വലതുപക്ഷത്തിന്റെ തൊഴിലാളി വിരുദ്ധ പ്രൊപ്പഗാണ്ട സിനിമയിലൂടെയും മറ്റു മാധ്യമങ്ങളിലൂടെയും പരന്നു. ഇന്ന് പൊതുജനങ്ങൾക്കുപോലും യൂണിയൻ എന്ന് കേട്ടാൽ ചതുർത്ഥിയാണ്.

ഏത് തൊഴിലാളിയും, അതിനി അയാൾ സ്വര്‍ണം ഉണ്ടാക്കിയാലും ഫോർഡ് കാർ ഉണ്ടാക്കിയാലും, ഇപ്പോൾ അനുഭവിക്കുന്ന ഒരു അവകാശവും കമ്പനി മുതലാളിയെ മാനേജ്‌മെന്റോ സ്വയമറിഞ്ഞു തന്നതല്ല എന്ന് മാത്രം മനസിലാക്കുക. സംഘടിക്കപ്പെട്ട ജനതയെക്കാൾ ശക്തി ഈ ലോകത്തിലൊന്നിനും ഇല്ല. സംഘടിക്കപ്പെട്ട ഓൺലൈൻ ഫുഡ് ഡെലിവറി തൊഴിലാളികൾ കൂടുതൽ ശക്തരാണ്. അവർക്ക് അവരുടെ അവകാശപ്പെട്ട വേതനവും അർഹതപ്പെട്ട തൊഴിൽ സാഹചര്യങ്ങളും നേടിയെടുക്കാനാവും അതുവഴി. പക്ഷെ വർഗബോധമില്ലാത്ത തൊഴിലാളികളെ ഒത്തൊരുമിപ്പിക്കാനും ബുദ്ധിമുട്ടുണ്ട്.

തൊഴിലില്ലായ്മയുടെ ന്യായീകരണമല്ല തൊഴിൽ ചൂഷണം

ഒരു സമ്പദ് വ്യവസ്ഥയിൽ തൊഴിൽ ഇല്ലായ്മയുണ്ട് എന്നതുകൊണ്ട് ഏതൊരാൾക്കും അവിടുത്തെ മനുഷ്യരെ തൊഴിൽപരമായി ചൂഷണം ചെയ്യാമെന്നർത്ഥമില്ല. രണ്ടും രണ്ടു വിഷയമാണ്. അവിടുത്തെ സർക്കാരിന്റെ പിടിപ്പുകേട് കൊണ്ടോ വ്യവസ്ഥിതിയുടെ പ്രശ്നം കൊണ്ടോ ആഗോള പ്രവണതകൾ കൊണ്ടോ ഒക്കെ ഒരു സമൂഹത്തിൽ തൊഴിലില്ലായ്മ ഉണ്ടാകാം. അതിനർത്ഥം ഏതൊരാൾക്കും കടന്നു വന്നു എന്ത് തരം സാഹചര്യങ്ങളുമൊരുക്കി ഈ മനുഷ്യരെ ചൂഷണം ചെയ്യാമെന്നല്ല. തൊഴിൽ ഇല്ലാത്തയൊരാളെ ആവശ്യത്തിന് സുരക്ഷാ ക്രമീകരണങ്ങൾ ഇല്ലാതെ അങ്ങനെയൊരു ജോലിക്കു നിയോഗിച്ചു എന്ന് കരുതുക. ചൂഷണമുണ്ടെങ്കിലും അയാൾക്കൊരു ജോലി കിട്ടിയില്ലേ, എന്നാണ് അപ്പോഴും നിങ്ങളുടെ ചോദ്യമെങ്കിൽ രണ്ടും മനുഷ്യാവകാശങ്ങൾക്കു വിരുദ്ധമാണ് എന്ന് മാത്രമേ പറയാനുള്ളൂ.

അതുകൊണ്ടു രണ്ടും രണ്ടായി ചർച്ച ചെയ്യേണ്ട കാര്യമാണ്. ഒരാൾക്ക് ജോലിയില്ല എന്നതുകൊണ്ട് അയാൾ ഏതു സാഹചര്യത്തിലുള്ള ജോലിയും സ്വീകരിക്കാൻ തയ്യാറായേക്കാം എന്നത് അയാളുടെ അവകാശങ്ങളെ ചെറുതാക്കുന്നില്ല. അയാൾക്കും എനിക്കും നിങ്ങൾക്കും ഒരേ അവകാശമാണ്.

ഇനി എന്താണ് വേണ്ടത്?

സർക്കാരിന്റെ അടിയന്തിര ഇടപെടൽ. പുത്തൻ തൊഴിൽ മേഖലകളെ കുറിച്ച് പഠിക്കുക, അവയുടെ പ്രത്യേകതകൾ മനസിലാക്കുക, മനുഷ്യർ എങ്ങനെയൊക്കെയാണ് ചൂഷണം ചെയ്യപ്പെടുന്നതെന്നു വിശകലനം ചെയ്യുക. കാരണം, ഇവർ തൊഴിലാളികളല്ല, കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരാണ്, അതുകൊണ്ടു തന്നെ പൂര്‍ണമായി തൊഴിലാളികളുടെ അവകാശങ്ങൾ ഇവർക്ക് നൽകുന്നതിൽ നിന്ന് കമ്പനികൾ തന്നെ മുൻകരുതലുകൾ സ്വീകരിക്കുന്നു.

അടുത്തത്, അമിതമായ വ്യക്തിവൽക്കരണമാണ്. തൊഴിലാളികൾ വേണ്ടവിധം സംഘടിക്കപ്പെടാത്തിടത്തോളം അവരുടെ വിലപേശൽ ശക്തി വളരെ മോശമായിരിക്കും. ഈ മേഖലയിൽ തൊഴിലാളികൾ ഇന്നും ശരിയായ രീതിയിൽ സംഘടിക്കപ്പെട്ടിട്ടില്ലാത്തതിനാൽ കമ്പനികളുടെ ചൂഷണം ഇന്നും അഭിമുഖീകരിക്കപ്പെടാതെ പോകുന്നു.

പ്രത്യേകിച്ച്, കേരളം പോലെ, ഇടതുപക്ഷ സർക്കാർ ഭരിക്കുന്നൊരു ദേശത്ത്, തൊഴിൽ ചൂഷണത്തെ നേരിടാൻ ഉറപ്പായും നടപടികൾ സ്വീകരിച്ചേ മതിയാവൂ. സൈബർ ബേസ്‌ഡ് തൊഴിലുകളെ പഠിക്കാനും മനസിലാക്കാനും നിർദേശങ്ങൾ വെയ്ക്കാനും നയങ്ങൾ ഉണ്ടാക്കാനും അടിയന്തിരമായി സർക്കാർ തീരുമാനിക്കേണ്ടതാണ്. ഇനിയങ്ങോട്ടുള്ള കാലത്ത്, ഇന്റർനെറ്റ് കൂടുതൽ വ്യാപിക്കുവാനാണ് സാധ്യത എന്ന് മനസിലാക്കുക. അന്നും തൊഴിലാളികളുടെ ശബ്ദമാകാൻ ഇടതുപക്ഷത്തിന് സാധിക്കണമെങ്കിൽ കാലത്തിന്റെ വെല്ലുവിളികളെ സധൈര്യം നേരിടുക തന്നെ വേണം.


കൂടുതല്‍ വായനയ്ക്ക്: ഓൺലൈൻ ഫുഡ് ആപ്പുകള്‍: ചൂഷണത്തിന്റെ പുതുവഴികൾ