എച്ച്.ബി.ഓയുടെ ചെര്‍ണോബില്‍ ചരിത്രത്തിലെ ചില വസ്തുതാപരമായ പിഴവുകള്‍

Facts behind HBO Chernobyl Series

സോവിയറ്റ് യൂണിയനിലെ ചെര്‍ണോബില്‍ ആണവനിലയത്തില്‍ 1986ല്‍ നടന്ന അപകടത്തെ ആസ്പദമാക്കി ക്രെയ്‌ഗ് മാസിന്‍ നിര്‍മിച്ച മിനി സീരീസാണ് ചെര്‍ണോബില്‍. വസ്തുതകളെ ആസ്പദമാക്കി നിര്‍മിച്ചതെന്ന് പൊതുവേ കരുതപ്പെടുന്നുവെങ്കിലും, ഈ സീരിസില്‍ വസ്തുതാവിരുദ്ധമായ ഒരുപാട് കാര്യങ്ങളുണ്ടെന്നാണ് അതത് മേഖലകളിലെ വിദഗ്ദ്ധര്‍ പറയുന്നത്. അത്തരമൊരു വസ്തുതാപിശകാണ് ചുവടെ.

HBOയിലെ ചെർണോബിൽ മിനി സീരീസിന്റെ അഞ്ചാം എപ്പിസൊഡിൽ "എന്തുകൊണ്ട് ഗ്രാഫൈറ്റ് ടിപ്പുകൾ കണ്ട്രോൾ റോഡിൽ ഉപയോഗിച്ചു?" എന്ന ജൂറി ചോദ്യത്തിനുത്തരമായി ചെലവു കുറയ്കാനാണെന്ന ധ്വനി ഉണ്ടാക്കുന്ന ലെഗാസോവിന്റെ മറുപടി ആശയക്കുഴപ്പം ഉണ്ടാക്കുന്നതാണ്‌. യഥാർത്ഥത്തിൽ ഗ്രാഫൈറ്റ് ഡിസ്പ്ലേസർ ചെലവു കുറയ്ക്കാനല്ല ഉപയോഗിച്ചത്.

എന്തുകൊണ്ട് ആണ്‌ കണ്ട്രോൾ റോഡുകളിൽ ഗ്രാഫൈറ്റ് അഗ്രങ്ങൾ നൽകിയത് എന്നതിനെക്കുറിച്ച് പറയുന്നതിനു മുൻപ് ന്യൂക്ലിയർ റിയാക്റ്ററുകളുടെ അടിസ്ഥാനഘടകങ്ങളെക്കുറിച്ച് ഒരു ചെറിയ ധാരണ എങ്കിലും ഉണ്ടായേ തീരൂ. യുറേനിയം ആണ്‌ ആണവ റിയാക്റ്ററുകളിലെ ഇന്ധനമായി ഉപയോഗിക്കുന്നത്. ഖനനം ചെയ്ത് ലഭിക്കുന്ന പ്രകൃതിദത്തമായ യുറേനിയം പൊതുവേ യുറേനിയം-238 ആണ്‌. ഈ യുറേനിയം-238 ആണവ ഇന്ധനമായി ഉപയോഗിക്കാൻ കഴിയാത്തതാണ്‌. ന്യൂട്രോണുകൾ ഉപയോഗിച്ച് എളുപ്പത്തിൽ പിളർത്താൻ കഴിയുന്ന യുറേനിയം-235, പ്ലൂട്ടോണിയം-239 എന്നിവയൊക്കെയാണ്‌ ആണവ ഇന്ധനമായി ഉപയോഗിക്കുന്നത്. പ്രകൃതി ദത്തമായ യുറേനിയത്തിൽ ഈ പറയുന്ന യുറേനിയം-235 വെറും 0.72 ശതമാനം മാത്രമേ ഉള്ളൂ. അതിനാൽ ഇതിനെ നേരിട്ട് ആണവ റിയാക്റ്ററുകളിലോ ആണവായുധങ്ങളിലോ ഉപയോഗിക്കാൻ കഴിയില്ല. അതിനായി യുറേനിയം-235 ന്റെ ശതമാനം കൂട്ടുന്ന പ്രക്രിയയ്ക്ക് വിളിക്കുന്ന പേരാണ്‌ ന്യൂക്ലിയർ എൻറിച്മെന്റ് അഥവ ആണവ സമ്പുഷ്ടീകരണം എന്നത്. ആണവായുധങ്ങളിൽ വളരെ ഉയർന്നതോതിൽ സമ്പുഷ്ടീകരിക്കപ്പെട്ട യുറേനിയം ആവശ്യമായി വരുന്നു. അതായത് 80 ശതമാനത്തിൽ കൂടുതൽ യുറേനിയം-235 അടങ്ങിയവയെ ആണ്‌ വെപ്പൺ ഗ്രേഡ് യുറേനിയം എന്നു വിളിക്കുന്നത്. ആണവായുധത്തിന്റെ ഭാരം കുറയ്ക്കാനും വളരെ പെട്ടന്ന് കുറഞ്ഞ സമയത്തിനുള്ളിൽ ഉയർന്ന ഊർജ്ജം ലഭ്യമാക്കാനും വേണ്ടിയാണ്‌ ഇത്തരത്തിൽ യുറേനിയത്തെ നന്നായി സമ്പുഷ്ടീകരിക്കേണ്ടി വരുന്നത്. ഈ സമ്പുഷ്ടീകരണം വളരെ വളരെ ചെലവേറിയതും സമയമെടുക്കുന്നതുമായ ഒരു പ്രക്രിയയാണ്‌. പക്ഷേ ആണവ റിയാക്റ്ററുകളിൽ ഇത്തരത്തിൽ വലിയ അളവിൽ സമ്പുഷ്ടീകരിക്കപ്പെട്ട യുറേനിയത്തിന്റെ ആവശ്യം വരുന്നില്ല. പരമാവധി ഇരുപത് ശതമാനം വരെ ഒക്കെ സമ്പുഷ്ടീകരിക്കപ്പെട്ടാൽ തന്നെ ആണവ റിയാക്റ്ററുകൾക്ക് ധാരാളം മതിയാകും. ആണവ റിയാക്റ്ററുകൾ തന്നെ പലതരം ഉണ്ട്. ഒട്ടും സമ്പുഷ്ടീകരിക്കപ്പെടാത്തതോ അല്ലെങ്കിൽ വളരെ കുറഞ്ഞ അളവിൽ സമ്പുഷ്ടീകരിക്കപ്പെട്ടതോ ആയ യുറേനിയം ഇന്ധനം ഉപയോഗിക്കാൻ കഴിയുന്നതു മുതൽ നന്നായി സമ്പുഷ്ടീകരിക്കപ്പെട്ട ഇന്ധനം മാത്രം ഉപയോഗിക്കാൻ കഴിയുന്നതും വരെയുള്ള വിവിധ സാങ്കേതിക വിദ്യകളിൽ അധിഷ്ഠിതമായ റിയാക്റ്ററുകൾ ഉണ്ട്.

യഥാർത്ഥത്തിൽ ന്യൂക്ലിയർ റിയാക്റ്ററുകൾ ഒന്നും തന്നെ വൈദ്യുതി ഉൽപ്പാദിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രൂപകല്പന ചെയ്യപ്പെട്ടവ ആയിരുന്നില്ല, മറിച്ച് പ്രകൃതിദത്ത യുറേനിയം ആയ യുറേനിയം-238 നെ അണുവിഭജനം നടത്തി അണുബോംബുകളിൽ ഉപയോഗിക്കാൻ കഴിയുന്ന ഇന്ധനമായ പ്ലൂട്ടോണിയം-239 നിർമ്മിക്കുവാൻ വേണ്ടി രൂപകല്പന ചെയ്ത സംവിധാനങ്ങളിൽ നിന്നും ഉണ്ടാകുന്ന ചൂടിൽ നിന്നും വേണമെങ്കിൽ വൈദ്യുതി കൂടി ഉൽപ്പാദിപ്പിക്കാമെന്നുള്ള കണ്ടെത്തൽ ആണ്‌ ആണവ റിയാക്റ്ററുകളുടെ പിറവിക്ക് പിന്നിൽ. അതുകൊണ്ട് തന്നെ ആദ്യകാല റിയാക്റ്ററുകളുടെ പ്രധാനധർമ്മം ആണവ ഇന്ധനങ്ങൾ ഉണ്ടാക്കുക എന്നതിനോടൊപ്പം ബോണസ്സായി ലഭിക്കുന്ന താപോർജ്ജം ഉപയോഗിച്ച് വൈദ്യുതി കൂടി ഉൽപ്പാദിപ്പിക്കുക എന്നതായിരുന്നു.

ഏത് ന്യൂക്ലിയർ റിയാക്റ്റർ ആയാലും അടിസ്ഥാനപരമായി മൂന്നു ഘടകങ്ങളാണുള്ളത്. ആണവ ഇന്ധനം, ന്യൂട്രോൺ മോഡറേറ്റർ, കണ്ട്രോൾ റോഡ്, കൂളന്റ്. പല തരം ആണവ റിയാക്റ്റർ സാങ്കേതികവിദ്യകൾ ഉണ്ടെങ്കിലും നമുക്ക് വിഷയാസ്പദമായ ചെർണോബിലിൽ ഉപയോഗിച്ചിരുന്ന RBMK (Reaktor Bolshoy Moshchnosti Kanalnyy - “High Power Channel-type Reactor”) റിയാക്റ്ററുകളെക്കുറിച്ച് തന്നെ പറയാം. ഇത്തരം റിയാക്റ്ററുകളിൽ അധികം സമ്പുഷ്ടീകരിക്കപ്പെടാത്ത പ്രകൃതിദത്തമായ യുറേനിയം ആണ്‌ ഇന്ധനമായി ഉപയോഗപ്പെടുത്തുന്നത്. നേരത്തേ സൂചിപ്പിച്ചതുപോലെ വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നതോടൊപ്പം തന്നെ ആണവ ഇന്ധനമായ പ്ലൂട്ടോണിയം-239 ഉണ്ടാക്കുക എന്ന ഒരു ധർമം കൂടി ഇത്തരം റിയാക്റ്ററുകൾക്കുണ്ട്. വെറും രണ്ട് ശതമാനം യുറേനിയം-235 അടങ്ങിയ തരത്തിൽ വളരെ ചെറിയ തോതിൽ സമ്പുഷ്ടീകരിച്ച ഇന്ധനമായിരുന്നു ചെർണോബിൽ ഉൾപ്പെടെയുള്ള RBMK റിയാക്റ്ററുകളിൽ ഉപയോഗിച്ചിരുന്നത്. അതുകൊണ്ട് തന്നെ സമ്പുഷ്ടീകരണത്തിന്റെ വകയിലുള്ള ചെലവ് ഇത്തരം റിയാക്റ്ററുകളിൽ തീരെ ഇല്ല എന്നു തന്നെ പറയാം. ഒരു യുറേനിയം ആറ്റത്തെ ന്യൂട്രോൺ ഉപയോഗിച്ച് പിളർത്തുമ്പോൾ അത് രണ്ടായി പിളർന്ന് മറ്റ് രണ്ട് ആറ്റങ്ങളായി മാറുന്നതോടൊപ്പം ഉയർന്ന അളവിലുള്ള ഊർജ്ജവും അതോടൊപ്പം രണ്ട് ന്യൂട്രോണുകളെയും കൂടി പുറത്തു വിടുന്നു. ഈ ന്യൂട്രോണുകൾ മറ്റ് യുറേനിയം ആറ്റങ്ങളെ പിളർത്തി വീണ്ടും ഊർജ്ജമുണ്ടാക്കുന്നു അങ്ങനെ പുതിയ ന്യൂട്രോണുകൾ ഉണ്ടാകുന്നു. ഈ പ്രക്രിയ ഒരു ചങ്ങല പോലെ തുടർന്നു പോകുന്നതിനെ ആണ്‌ ചെയിൻ റിയാൿഷൻ എന്നു വിളിക്കുന്നത്. പക്ഷേ ഇവിടെ ചില പ്രശ്നങ്ങളുണ്ട്. നമ്മുടെ യുറേനിയം ഇന്ധനത്തിലെ ഫിഷൻ പ്രക്രിയയിൽ ഭാഗഭാക്കാകാൻ കഴിയുന്ന തരത്തിലുള്ള യുറേനിയം-235 ന്റെ അളവ് വളരെ കുറവായതിനാൽ ന്യൂട്രോണുകളുടെ വേഗത കുറച്ചു കൊണ്ടു വന്നാൽ മാത്രമേ ഈ കുറഞ്ഞ അളവിലുള്ള യുറേനിയം-235 മായി ഏറ്റുമുട്ടി അവയെ പിളർത്തി പുതിയ ന്യൂട്രോണുകൾ ഉണ്ടാക്കി ചെയിൻ റിയാൿഷൻ മുന്നോട്ട് കൊണ്ടുപോകാൻ കഴിയത്തക്ക സാഹചര്യം നിലനിൽക്കൂ. ന്യൂട്രോണുകളുടെ വേഗത കൂടിയാൽ അവയ്ക്ക് യുറേനിയം-235 മായി കൂട്ടി മുട്ടാനുള്ള സാദ്ധ്യത കുറയുന്നു. അതിനാൽ ചെയിൻ റിയാൿഷൻ നിലനിർത്താൻ ഒന്നുകിൽ യുറേനിയം-235 ന്റെ അളവ് കൂടുതൽ ഉള്ള നന്നായി സമ്പുഷ്ടീകരിക്കപ്പെട്ട യുറേനിയം ഉപയോഗിക്കണം അല്ലെങ്കിൽ ന്യൂട്രോണുകളുടെ വേഗത കുറച്ചുകൊണ്ടുവരാനുള്ള എന്തെങ്കിലും സംവിധാനം ഉപയോഗിക്കണം. രണ്ടാമത് പറഞ്ഞതാണ്‌ കൂടുതൽ പ്രായോഗികവും ലാഭകരവും എന്നതിനാൽ റിയാക്റ്ററുകളിൽ അതിനായി ഉപയോഗിക്കുന്ന ഒരു സാങ്കേതിക വിദ്യ ആണ്‌ മോഡറേറ്ററുകൾ. ന്യൂട്രോണിന്റെ വേഗത കുറയ്ക്കുന്ന എന്ത് പദാർത്ഥവും മോഡറേറ്റർ ആയി ഉപയോഗിക്കാം. ആണവ റിയാക്റ്ററുകളിൽ പൊതുവേ ഉപയോഗിക്കുന്നത് മൂന്നു തരത്തിലുള്ല മോഡറേറ്ററുകൾ ആണ്‌. ഒന്ന് നമ്മുടെ സാധാരണ പച്ചവെള്ളം.- രണ്ട് ഖന ജലം. (ഖനജലവും സാധാരണജലവും തമ്മിലുള്ള വ്യത്യാസം ഖനജലത്തിൽ ഹൈഡ്രജനു പകരം ഹൈഡ്രജന്റെ തന്നെ ഐസോട്ടോപ്പ് ആയ ഡ്യൂട്ടീരിയം ആണ്‌ എന്നത് മാത്രമാണ്). മൂന്ന് ഗ്രാഫൈറ്റ്. ഇതിൽ എല്ലാ മോഡറേറ്ററും എല്ലായിടത്തും ഉപയോഗിക്കാൻ കഴിയില്ല. ഒന്നു മാത്രം മനസ്സിലാക്കുക സാധാരണ ജലം മോഡറേറ്റർ ആയി ഉപയോഗിക്കുന്ന റിയാക്റ്ററുകളിൽ ഇരുപത് ശതമാനമെങ്കിലും സമ്പുഷ്ടീകരിക്കപ്പെട്ട യുറേനിയം ഉപയോഗിക്കണം. ഖനജലം ആണ്‌ മോഡറേറ്റർ ആയി ഉപയോഗിക്കുന്നതെങ്കിൽ അൽപ്പം കൂടി കുറഞ്ഞ സമ്പുഷ്ടീകരണം മതി. ഇനി ഗ്രാഫൈറ്റ് ആണെങ്കിലോ ഏറ്റവും കുറഞ്ഞ സമ്പുഷ്ടീകരിക്കപ്പെട്ട നിലയിൽ ഉള്ള ഇന്ധനവും ഉപയോഗിക്കാം. അതായത് രണ്ട് ശതമാനം വരെയൊക്കെ യുറേനിയം-235 ഉള്ള ആണവ ഇന്ധനവും ഇത്തരം റിയാക്റ്ററുകളിൽ ഉപയോഗിക്കാം. ഇവിടെ ഉപയോഗിക്കുന്ന മോഡറേറ്ററുകളുടെ ചെലവും ആണവ ഇന്ധനച്ചെലവും  താരതമ്യപ്പെടുത്തിയാൽ ചില വസ്തുതകൾ മനസ്സിലാക്കാം. വിലകൂടിയ സമ്പുഷ്ടീകരിക്കപ്പെട്ട ഇന്ധനം ആണ്‌ ഉപയോഗിക്കുന്നതെങ്കിൽ മോഡറേറ്റർ ആയി ചെലവില്ലാത്ത പച്ചവെള്ളം ഉപയോഗിക്കാം. ഇനി അൽപ്പം കൂടി വിലക്കുറഞ്ഞ മീഡിയം ലെവലിൽ സമ്പുഷ്ടീകരിക്കപ്പെട്ട ഇന്ധനമാണെങ്കിൽ ചെലവേറിയ ഖനജലം ഇന്ധനമായി ഉപയോഗിക്കാം. ഒട്ടും തന്നെ സമ്പുഷ്ടീകരിക്കപ്പെടാത്ത യുറേനിയം ആണുപയോഗിക്കുന്നതെങ്കിൽ ഗ്രാഫൈറ്റ് മോഡറേറ്റർ ആയി ഉപയോഗിക്കാം. ഇവിടെ ഗ്രാഫൈറ്റ് ഉപയോഗിക്കുമ്പോൾ ഉള്ള പ്രധാനം ഗുണം തുടക്കത്തിലുള്ള നിർമ്മാണച്ചെലവ് മാത്രമേ ഉള്ളൂ എന്നതാണ്‌. മോഡറേറ്ററിന്റെ വകുപ്പിൽ ഉള്ള ആവർത്തനച്ചെലവുകൾ വളരെ കുറവായതിനാലും സമ്പുഷ്ടീകരിക്കാത്ത യുറേനിയം ഉപയോഗിക്കാം എന്നതിനാലും RBMK റിയാക്റ്ററുകൾ ഇതര റിയാക്റ്ററുകളെ അപേക്ഷിച്ച് വളരെ വളരെ ലാഭകരം ആണെന്ന് പറയാം. അതോടൊപ്പം പ്ലൂട്ടോണിയം ആണവ ഇന്ധനം ഉപോല്പന്നമായി ലഭിക്കുന്നു എന്ന മെച്ചവും കൂടി ഉണ്ട്.

അടുത്തത് കൂളന്റ് ആണ്‌. നമ്മുടെ വാഹനങ്ങളിലൊക്കെ എഞ്ചിനുകളിൽ ഉപയോഗിക്കുന്ന കൂളന്റുകളുടെ അതേ ധർമ്മം തന്നെയാണ്‌ റിയാക്റ്റർ കൂളന്റുകൾക്കും. അതായത് റിയാക്റ്റർ കോറിനകത്ത് അണുവിഭജനം നടക്കുമ്പോൾ ഉണ്ടാകുന്ന ചൂടിനെ തുടർച്ചയായി നീക്കം ചെയ്തുകൊണ്ടിരിക്കുക. ഏറ്റവും സുലഭമായി ലഭിക്കുന്നതും വളരെ ഫലപ്രദവുമായതിനാൽ ജലം ആണ്‌ ഏറ്റവും പ്രചാരത്തിലുള്ള കൂളന്റ്. RBMK റിയാക്റ്ററുകളിലും ജലം തന്നെ ആണ്‌ കൂളന്റ് ആയി ഉപയോഗിക്കുന്നത്. ജലം ഒരു മോഡറേറ്റർ ആണെന്ന് നേരത്തേ സൂചിപ്പിച്ചല്ലോ. പക്ഷേ സമ്പുഷ്ടീകരിക്കാത്ത യുറേനിയം അല്ല RBMK റിയാക്റ്ററുകൾ ഉപയോഗിക്കുന്നത് എന്നതിനാലാണ്‌ ഇവിടെ ജലത്തിന്റെ മോഡറേഷൻ ഗുണങ്ങൾ ഉപയോഗിക്കാൻ കഴിയാത്തതും ഗ്രാഫൈറ്റ് ഉപയോഗിക്കേണ്ടി വരുന്നതും. ജലം ഒരു നല്ല മോഡറേറ്റർ ആണെങ്കിലും RBMK റിയാക്റ്ററുകളിൽ ഫിഷൻ ന്യൂട്രോണുകളെക്കൂടി മോഡറേറ്റ് ചെയ്ത് റിയാക്റ്റിവിറ്റിയെ കുറയ്ക്കുന്ന ഒരു ദോഷം കൂടി ജലത്തിനുണ്ട്. കൂളന്റ് ആയി ജലം ഉപയോഗിക്കുമ്പോൾ ഇക്കാര്യം കൂടി കണക്കിലെടുക്കേണ്ടതുണ്ട്.

അടുത്തത് കണ്ട്രോൾ റോഡുകൾ ആണ്‌. ന്യൂട്രോണുകളെ ആഗിരണം ചെയ്ത് ചെയിൻ റിയാൿഷനെ നിയന്ത്രിക്കാനും പൂർണ്ണമായും നിർത്താനുമൊക്കെ സഹായിക്കുന്ന പദാർത്ഥങ്ങളാൽ നിർമ്മിതമാണ്‌ നിയന്ത്രണദണ്ഡുകൾ. ന്യൂക്ലിയർ കോറിനകത്തേയ്ക്ക് മുഴുവനായും കയറി ഇരിക്കുന്ന സാഹചര്യത്തിൽ ഉൽപ്പാദിപ്പിക്കപ്പെടുന്ന ന്യൂട്രോണുകളെ മുഴുവനായും ആഗിരണം ചെയ്യുന്നതിനാൽ ചെയിൻ റിയാൿഷൻ ഒട്ടും തന്നെ നടക്കാതെ റിയാക്റ്റർ സ്വിച്ച് ഓഫ് ആക്കാൻ കഴിയുന്നു. കണ്ട്രൊൾ റോഡുകൾ മുഴുവനായും കോറിനു വെളിയിൽ ഇരിക്കുന്ന സാഹചര്യത്തിൽ റിയാക്റ്റർ അതിന്റെ പൂർണ്ണശേഷിയിൽ പ്രവർത്തിക്കുന്നു. ബോറോൺ സ്റ്റീൽ, ബോറോൺ കാർബൈഡ് തുടങ്ങിയവയൊക്കെയാണ്‌ കണ്ട്രോൾ റോഡുകൾ ആയി ഉപയോഗിക്കുന്നത്. റിയാകറ്ററുകളിൽ ഈ കണ്ട്രോൾ റോഡുകളെയും അമിതമായി ചൂടാകാതെ തണുപ്പിക്കാനായി പ്രത്യേകം കൂളന്റുകൾ ഉപയോഗിക്കുന്നു.

ഇത്രയും മനസ്സിലാക്കിയ സ്ഥിതിക്ക് ഇനി ചെർണോബിലിലെ കണ്ട്രോൾ റോഡിലേക്ക് തിരിച്ചു വരാം. ബോറോൺ കാർബൈഡ് കണ്ട്രോൾ റോഡുകൾ ആണ്‌ RBMK റിയാക്റ്ററുകളിലും ഉപയോഗിക്കുന്നത്. പക്ഷേ ഈ കണ്ട്രോൾ റോഡുകളുടെ അറ്റത്ത് ഏകദേശം 4.5 മീറ്റർ നീളത്തിൽ ഗ്രാഫൈറ്റ് ആണ്‌ ഘടിപ്പിച്ചിരിക്കുന്നത്. ചെർണോബിൽ അപകടത്തിന്റെ പ്രധാനകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്ന ഇത് വെറുതേ ഘടിപ്പിച്ചിരിക്കുന്നതല്ല. റിയാക്റ്റർ അതിന്റെ മുഴുവൻ ശേഷിയിൽ പ്രവർത്തിക്കേണ്ടി വരുന്ന സാഹചര്യം സങ്കൽപ്പിക്കുക. അതായത് കണ്ട്രൊൾ റോഡുകൾ എല്ലാം (ഭൂരിഭാഗവും) റിയാക്റ്റർ കോറിന്റെ വെളിയിൽ ആയിരിക്കുന്ന സാഹചര്യം. ഈ അവസ്ഥയിൽ കണ്ട്രോൾ റോഡുകൾ ഇരുന്ന സ്ഥലത്ത് എന്തായിരിക്കും ഉണ്ടാവുക? അവിടെ കൂളന്റ് ആയി ഉപയോഗിക്കുന്ന ജലം ആയിരിക്കുമല്ലോ സ്വാഭാവികമായും ഉണ്ടാവുക. അതായത് കണ്ട്രോൾ റോഡുകൾ മുകളിലേക്ക് പോകുമ്പോൾ ആ പൈപ്പിൽ കാലിയാകുന്ന സ്ഥലത്ത് കൂളന്റ് ആയ ജലം കയറി ഇരിക്കും. ജലം വെറുമൊരു കൂളന്റ് മാത്രമല്ല. അതിന് ന്യൂട്രോണുകളെ ആഗിരണം ചെയ്യാനുള്ള കഴിവു കൂടി ഉണ്ട്. ഇത്തരത്തിൽ കണ്ട്രോൾ റോഡുകൾ ഇരുന്നിരുന്ന സ്ഥലത്ത് വെള്ളം കയറുമ്പൊൾ ഈ വെള്ളം ന്യൂട്രോണുകളെ ആഗിരണം ചെയ്യാൻ തുടങ്ങും. അതോടെ ചെയിൻ റിയാൿഷൻ കുറയാൻ തുടങ്ങും. ഈ പ്രശ്നം തരണം ചെയ്യാൻ കണ്ട്രോൾ റോഡുകൾ പൊക്കുമ്പോൾ അവിടത്തെ വെള്ളത്തെ ഒഴിവാക്കണം. അതിനെന്തു ചെയ്യണം? വെള്ളത്തെ ഒഴിവാക്കി റിയാക്റ്റിവിറ്റി കൂട്ടുന്ന എന്തെങ്കിലും ഒരു സാധനം അവിടെ വയ്ക്കണം. RBMK റിയാക്റ്ററുകളെ സംബന്ധിച്ചിടത്തോളം ആ പണി നന്നായി ചെയ്യാൻ കഴിയുന്നത് ഗ്രാഫൈറ്റിനാണ്‌. കാരണം ഗ്രാഫൈറ്റ് ഒരു ന്യൂട്രോൺ മോഡറേറ്റർ കൂടി ആണല്ലോ. അതിനാൽ കണ്ട്രോൾ റോഡുകൾ മുഴുവനായും മുകളിലേക്ക് പൊക്കി വച്ചിരിക്കുന്ന സാഹചര്യത്തിലും റിയാക്റ്റിവിറ്റി കുറയാതിരിക്കാനായി വെള്ളത്തെ അകറ്റി അവിടെ ഗ്രാഫൈറ്റ് വരുന്ന രീതിയിൽ ആണ്‌ കണ്ട്രോൾ റോഡ് ഡിസൈൻ ചെയ്യപ്പെട്ടത്. ഈ ഡിസൈനിൽ ഒന്നും യാതൊരു പ്രശ്നവും ഉണ്ടായിരുന്നില്ല. ഈ ഡിസൈൻ മൂലം അപകടവുമുണ്ടാകുമായിരുന്നില്ല. പക്ഷേ ഇവിടെ വില്ലനായത് ഇത്തരത്തിലുള്ള ഗ്രാഫൈറ്റ് ഡിസ്പ്ലേസർ എന്നറിയപ്പെടുന്ന ഗ്രാഫൈറ്റ് അഗ്രഭാഗത്തിന്റെ നീളമാണ്‌. കണ്ട്രോൾ റോഡുകൾ മുഴുവനായും പിൻവലിക്കപ്പെടുന്ന സാഹചര്യത്തിൽ ആ സ്ഥാനം ഗ്രാഫൈറ്റ് ഡിസ്പ്ലേസർ കയ്യടക്കുന്ന രീതിയിലാണ്‌ സംഗതി എങ്കിലും ഈ ഗ്രാഫൈറ്റ് ഡിസ്പ്ലേസറിന്റെ നീളക്കുറവ് കാരണം കോറിന്റെ കീഴ്ഭാഗത്തും മുകൾ ഭാഗത്തും 1.25 മീറ്റർ ദൂരം വെള്ളം കയറി നിൽക്കുമായിരുന്നു. റിയാക്റ്റർ ഫുൾ പവറിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുമ്പോൾ ഈ 1.25 മീറ്റർ നീളത്തിൽ വെള്ളമുള്ള ഭാഗത്ത് മാത്രം വെള്ളം ന്യൂട്രോണുകളേ ആഗിരണം ചെയ്തുകൊണ്ട് റിയാക്റ്ററിന്റെ റിയാക്റ്റിവിറ്റി കുറച്ചു കൊണ്ടിരിക്കും. എന്തെങ്കിലും അടിയന്തിരസാഹചര്യത്തിൽ റിയാക്റ്റർ ഷട് ഡൗൺ ചെയ്യേണ്ടി വരുമ്പോൾ പെട്ടന്ന് കണ്ട്രോൾ റോഡുകൾ താഴുമ്പോൾ ഈ 1.25 മീറ്റർ ഭാഗത്തെ വെള്ളത്തെ തള്ളി മാറ്റി അവിടെ ഗ്രാഫൈറ്റ് കയറി വരുമ്പൊൾ എന്തു സംഭവിക്കും? ന്യൂട്രോണുകളെ മോഡറേറ്റ് ചെയ്ത് റിയാക്റ്റിവിറ്റി കുറച്ചു കൊണ്ടിരുന്ന വെള്ളം മാറി അവിടെ റിയാക്റ്റിവിറ്റി കൂട്ടാനുള്ള ന്യൂട്രോൺ മോഡറേറ്റർ ആയ ഗ്രാഫൈറ്റ് കടന്നു വരുന്നതോടെ ഏതാനും നിമിഷനേരത്തേയ്ക്ക് റിയാക്റ്റിവിറ്റി പെട്ടന്ന് വർദ്ധിക്കുന്നു. അതായത് റിയാക്റ്റിവിറ്റി കുറയ്ക്കാനായി കണ്ട്രോൾ റോഡുകൾ താഴ്ത്തുമ്പോൾ അതിനു നേർവിപരീതമായ ഒരു സ്ഥിതിവിശേഷം ഉണ്ടാകുന്നു. സാധാരണഗതിയിൽ ഇതുകൊണ്ട് വലിയ പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ല. അതുകൊണ്ട് തന്നെയാണ്‌ ഇത് ഡിസൈനർമാരുടെ ശ്രദ്ധയിൽ പെടാതിരുന്നത്. പക്ഷേ ചെർണോബിലിൽ നേരത്തേ തന്നെ പലതരത്തിലുള്ല അബദ്ധങ്ങളാലും റിയാക്റ്റർ മുൻപൊന്നും ആരും മുൻകൂട്ടി കാണാതിരുന്ന തരത്തിൽ അസ്ഥിരമായിരുന്നതിനാൽ ഈ പെട്ടന്നുള്ള റിയാക്റ്റിവിറ്റി വർദ്ധനവ് കൂനിന്മേൽ പെട്ടന്നുണ്ടായ ഒരു കുരു പോലെ ആയി എന്നുമാത്രം.

ദുരന്തത്തിനു ശേഷം RBMK റിയാക്റ്ററുകളുടെ കണ്ട്രോൾ റോഡുകളിലാണ്‌ പ്രധാന മാറ്റം വരുത്തിയത്. ഈ 1.25 മീറ്റർ നീളക്കുറവ് പരിഹരിച്ചു. ഇങ്ങനെ ഒരു നീളക്കുറവ് എന്തുകൊണ്ട് ഉണ്ടായി എന്ന സംശയം തോന്നുന്നുണ്ടാകും. റിയാക്റ്ററിന്റെ റിയാക്റ്റിവിറ്റിയെ സ്വാധീനിക്കുന്ന പ്രമുഖഘടകങ്ങളാണ്‌ യുറേനിയം സമ്പുഷ്ടീകരണനിരക്ക്, വിവിധഘട്ടങ്ങളിലെ താപനില, കണ്ട്രോൾ റോഡുകളുടെ വ്യാപ്തം, സാന്ദ്രത, മോഡറേറ്ററുകളുടെ വിവിധ താപനിലകളിലെ ന്യൂട്രോൺ നിയന്തണശേഷി, കൂളന്റുകളുടെ ന്യൂട്രോൺ ആഗിരണശേഷി... എന്നിങ്ങനെ ഏറിയും കുറഞ്ഞുമിരിക്കുന്ന അനവധി ഘടകങ്ങളെ ഒരു സമവാക്യത്തിന്റെ ഭാഗമായി നിർദ്ധാരണം ചെയ്താണ്‌ ഒരു ന്യൂക്ലിയർ റിയാക്റ്ററിന്റെ ശേഷി നിർണ്ണയിക്കുന്നത്. ഇവയിൽ ചില ഘടകങ്ങൾ ഒരു പരിധിയിൽ കൂടുതൽ മാറ്റാൻ കഴിയാത്ത സാഹചര്യത്തിൽ എളുപ്പത്തിൽ മാറ്റങ്ങൾ വരുത്താൻ കഴിയുന്ന ഘടകങ്ങളിൽ കാര്യമായ വ്യതിയാനങ്ങൾ വരുത്തി ആണ്‌ പ്രായോഗികതലത്തിൽ റിയാക്റ്ററുകളെ അതിന്റെ നിർദ്ദിഷ്ടശേഷിയിലേക്ക് എത്തിക്കുന്ന രീതിയിൽ രൂപകല്പന ചെയ്യുന്നത്. കണ്ട്രൊൾ റോഡുകളിലെ നീളവ്യത്യാസവും അത്തരം കണക്ക് ഒപ്പിക്കുന്നതിന്റെ ഭാഗമായുള്ള ചില നീക്കുപോക്കുകൾ ആയിരുന്നു. ഈ നീക്കുപോക്കുകൾ അപകടകരമാണെന്ന് ബോദ്ധ്യപ്പെട്ടതോടെ ചെർണോബിലിനു ശേഷം RBMK റിയാക്റ്ററുകളിൽ കാര്യമായ അഴിച്ചു പണി നടന്നു. അതനുസരിച്ച് കണക്കൊപ്പിക്കുന്നതിനായി രണ്ട് ശതമാനം സമ്പൂഷ്ടീകരിച്ച യുറേനിയം ഉപയോഗിച്ചിരുന്നിടത്ത് അത് 2.4 ശതമാനം ആക്കി വർദ്ധിപ്പിക്കേണ്ടി വരികയും ചെയ്തു.

ചെർണോബിലിനെക്കുറിച്ച് കേൾക്കുമ്പോൾ ഉടൻ നമ്മുടെ തൊട്ടടുത്ത കൂടങ്കുളവുമായി പലരും ഒരു തരതമ്യത്തിനു ശ്രമിച്ചേക്കാം. സത്യത്തിൽ റഷ്യൻ സാങ്കേതിക വിദ്യ എന്നതിനപ്പുറം ചെർണോബിലും കൂടങ്കുളവുമായി യാതൊരു ബന്ധവുമില്ല എന്ന് മാത്രമല്ല, ഇന്ന് ലോകത്തെമ്പാടുമുള്ള ന്യൂക്ലിയർ റിയാക്റ്ററുകളിൽ ഭൂരിഭാഗവും ഉപയോഗിക്കുന്ന പ്രഷറൈസ്ഡ് വാട്ടർ റിയാക്റ്റർ (PWR) സാങ്കേതിക വിദ്യയാണ്‌ കൂടങ്കുളത്ത് ഉപയോഗിക്കുന്നത്. അത്തരമൊരു താരതമ്യത്തില്‍ സാംഗത്യമില്ല എന്നതാണ് വാസ്തവം. ഇത്തരം റിയാക്റ്ററുകൾ ചെർണോബിലിൽ ഉപയോഗിച്ചിരുന്ന റിയാക്റ്ററുകളിൽ നിന്നും ഏറെ വ്യത്യാസപ്പെട്ടിരിക്കുന്നു.