ദിവാൻ സർ സി. പി. രാമസ്വാമി അയ്യർക്കെതിരായ വധശ്രമവും ചരിത്രവസ്തുതകളും

Punnapra Vayalar Memorial

തിരുവിതാംകൂർ സ്വാതന്ത്ര്യ സമരചരിത്രത്തിലെ ഏറ്റവും ഉജ്ജ്വലമായ ഏടാണ് 1938-48 കാലഘട്ടത്തിലെ ഉത്തരവാദഭരണത്തിനു വേണ്ടിയുള്ള പോരാട്ടം. ബ്രിട്ടീഷ് കൊളോണിയൽ അധികാരികളോട് വിനീതവിധേയത്വം പുലർത്തിയ രാജഭരണവും ദിവാനായി സി.പി. രാമസ്വാമി അയ്യർ വാണരുളിയകാലവും. എല്ലാ സ്വാതന്ത്ര്യസമരമുന്നേറ്റങ്ങളെയും സ്വേച്ഛാധിപതിയായ ദിവാൻ തല്ലിതകർത്തു. തല്ലിയൊതുക്കാൻ ശ്രമിക്കുമ്പോഴും ശക്തമായ ജനകീയമുന്നേറ്റങ്ങൾ ഉയർന്നു വന്നു. ഈ ബഹുജനമുന്നേറ്റത്തിലെ ചോര കിനിയുന്ന അദ്ധ്യായമാണ് പുന്നപ്ര-വയലാർ സമരം. ഇന്ത്യ സ്വാതന്ത്ര്യത്തോട് നടന്നടുക്കുന്ന അവസാനനാളുകളിലാണ് ‘സ്വതന്ത്രതിരുവിതാംകൂർ’ എന്ന വാദവുമായി ദിവാൻ രംഗത്തുവന്നത്. ഈ വാദത്തിനെതിരായി ആലപ്പുഴയിലെ തൊഴിലാളികൾ 1946 ഒക്റ്റോബർ 24 മുതൽ ഒക്റ്റോബർ 27 വരെ നടത്തിയ പണിമുടക്കിന്റെയും ചെറുത്തുനിൽപ്പിന്റെയും വീരേതിഹാസമാണ് പുന്നപ്ര-വയലാർ. സായുധപൊലീസും പട്ടാളവും ജന്മി ഗുണ്ടകളും ചേർന്ന മർദ്ദകപ്പടക്കെതിരായി കയ്യിൽകിട്ടിയ ആയുധങ്ങളുമായി തൊഴിലാളികൾ പോരാട്ടം നടത്തിയ ദിനങ്ങൾ. തിരുവിതാംകൂറിലെ മാത്രമല്ല ഇന്ത്യയിലെ തന്നെ രാഷ്ട്രീയചരിത്രത്തിലെ അഭൂതപൂർവ്വമായ ഒന്ന്. ഈ ചരിത്രപശ്ചാത്തലത്തിൽ നിന്നു മാത്രമേ ദിവാൻ സി.പി. രാമസ്വാമി അയ്യർക്കെതിരായ വധശ്രമത്തിന്റെ ചുരുളുകൾ നിവർത്താൻ കഴിയൂ.

Sir C P Ramaswamy Aiyer
സർ സി. പി. രാമസ്വാമി അയ്യർ
Source: Wikipedia

1947 ജൂലൈ 25നാണ് തിരുവനന്തപുരം സ്വാതി തിരുന്നാൾ സംഗീത കോളേജിന്റെ വാർഷികസമ്മേളനത്തിൽ പങ്കെടുത്തു മടങ്ങാൻ ശ്രമിച്ച ദിവാൻ സർ സി.പി. രാമസ്വാമി അയ്യർക്ക് വെട്ടു കൊണ്ടത്. വധശ്രമത്തിൽ നിന്നും രക്ഷപ്പെട്ട ദിവാൻ വെട്ടു കൊണ്ടതിന്റെ ഇരുപത്തിയാറാം ദിവസം അതായത് ഓഗസ്റ്റ് 19ന് ഇന്ത്യ സ്വതന്ത്രയായി നാല് ദിവസം കൂടി കഴിഞ്ഞു സ്വതന്ത്രതിരുവിതാംകൂർ എന്ന സ്വപ്നവും സ്വേച്ഛാധിപത്യപ്രവണതകളുമായി ആരുമറിയാതെ സ്ഥലം വിട്ടു. ദിവാൻ നാടുവിടുന്നത് വരെ ഈ കേസുമായി ബന്ധപ്പെട്ട് പോലീസ് ആരെയും അറസ്റ്റ് ചെയ്തില്ല. പിന്നീട് 1948ൽ പട്ടം താണുപിള്ള മന്ത്രിസഭാക്കാലത്ത് കെ.സി. എസ്. മണിയെ കൊല്ലത്ത് വെച്ച് അറസ്റ്റു ചെയ്യുകയും രണ്ടോ മൂന്നോ ദിവസം ലോക്കപ്പിൽ അടയ്ക്കുകയും ചെയ്തു. മൂന്നാംനാൾ മണിയുടെ സഹോദരൻ അദ്ദേഹത്തെ ജാമ്യത്തിലിറക്കി. പിന്നീട് ഏതാനും മാസങ്ങൾ തിരുവനന്തപുരം ഒന്നാംക്ലാസ്സ് മജിസ്ട്രേട്ട് കോടതിയിൽ കേസ് നടന്നു. പലതവണ കേസ് തെളിവെടുക്കാൻ മാറ്റി വെച്ചിട്ടും സാക്ഷി പറയാൻ ദിവാൻ വന്നില്ല. ദിവാന്റെ പാദസേവകരായി ഇവിടെ കൂടെ നടന്നവരും ചെന്നില്ല. നിരവധി അവധികൾക്ക് ശേഷം വി. ഡി. ഐ. കോടതി കേസ് എഴുതി തള്ളി. പിന്നീട് രണ്ട് പതിറ്റാണ്ടോളം ദിവാനെ വെട്ടിയതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഒരു വ്യക്തിയോ രാഷ്ട്രീയ പാർടിയോ രംഗത്തു വരികയുണ്ടായില്ല. ഈ സമീപകാലത്ത് ഈ സംഭവങ്ങളുടെ പൈതൃകം ഏറ്റെടുത്തു കൊണ്ട് ആർഎസ്‌പി രംഗത്തുവന്നിട്ടുണ്ട്. കോരാണി ഷിബു 2017ൽ മണിയെക്കുറിച്ച് എടുത്ത ഒരു ഡോക്യൂമെന്ററിയിൽ ആർഎസ്‌പി നേതാക്കളായ പ്രേമചന്ദ്രൻ, ടി.ജെ. ചന്ദ്രചൂഡൻ, എ.എ. അസീസ്, ഷിബു ബേബി ജോൺ എന്നിവർ ചരിത്രവസ്തുതകൾക്ക് നിരക്കാത്ത കാര്യങ്ങളും ഉന്നയിക്കുന്നു. ആർഎസ്‌പിയുടെ വിപ്ലവ കമ്മിറ്റിയുടെ തീരുമാനപ്രകാരമാണ് മണി അത് ചെയ്തതെന്ന നിലയിൽ ചില പ്രചരണങ്ങളും കണ്ടു.

ആർഎസ്‌പിയുടെ വാദത്തിൽ കഴമ്പുണ്ടോ? എന്താണ് വസ്തുത?

RSPIയുടെ കേരള ഘടകത്തിന് ശ്രീകണ്ഠൻനായരും ബേബി ജോണും കെ. ബാലകൃഷ്ണനും ചേർന്ന് രൂപം നൽകിയത് 1949ലാണ്. മത്തായി മാഞ്ഞുരാനൊക്കെ പ്രവർത്തിച്ചിരുന്ന കേരള സോഷ്യലിസ്റ്റ് പാർടിയിൽ (കെഎസ്‌പി) നിന്നും തെറ്റിപ്പിരിഞ്ഞിട്ടാണ് RSPIയ്ക്ക് രൂപം നൽകിയത്. അന്ന് റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർടി ഓഫ് ഇന്ത്യ (RSPI ) എന്നായിരുന്നു പേര്. പിന്നീട് അവരുടെ ഒരു ദേശീയ സമ്മേളനത്തിലാണ് 'ഐ' എടുത്തു കളഞ്ഞു വെറും ആർഎസ്‌പി ആയത്.

മണി ദിവാനെ വെട്ടിയത് 1947 ജൂലൈ 25ന്. ആർഎസ്‌പി കേരളത്തിൽ വരുന്നത് 1949ൽ. പിന്നെയെങ്ങനെയാണ് രൂപം കൊള്ളുന്നതിനും രണ്ടു വർഷം മുമ്പു നടന്ന ഒരു സംഭവത്തിന് ആർഎസ്‌പിയുടെ വിപ്ലവ കമ്മിറ്റി തീരുമാനമെടുത്തത്?

Sreekantan Nair
ശ്രീകണ്ഠൻ നായർ
Source: Hamletram Blog

ആർഎസ്‌പി നേതാവായിരുന്ന ശ്രീകണ്ഠൻ നായരുടെ ആത്മകഥ 'കഴിഞ്ഞകാല ചിത്രങ്ങൾ' അതിന്റെ ആദ്യ പതിപ്പ് പ്രസിദ്ധീകരിക്കുന്നത് 1950ൽ ആണ്. അതിൽ സി. പി. ക്ക് എതിരായ വധശ്രമത്തെക്കുറിച്ച് ഒരൊറ്റ അക്ഷരം പറഞ്ഞിട്ടില്ല. മണിയാണ് അതു ചെയ്തെതെന്ന് പറഞ്ഞിട്ടില്ല. ആർഎസ്‌പിയാണ് തീരുമാനം എടുത്തതെന്ന് പറഞ്ഞിട്ടില്ല.

സി. പി. യെ വെട്ടിയ സംഭവം നടന്നു പതിനെട്ടു വർഷങ്ങൾക്ക് ശേഷം കെ. സി. എസ്. മണി തന്നെയാണ് അത് ലോകത്തോടു വിളിച്ചു പറഞ്ഞത്. അതും കോൺഗ്രസ് നേതാവും സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന കുമ്പളത്തു ശങ്കുപ്പിള്ളയുടെ ആത്മകഥയുടെ ഭാഗമായി.

 

Kumbalathu Sanku Pillai
കുമ്പളത്തു ശങ്കുപ്പിള്ള
Source: Hamletram Blog

കുമ്പളത്തു ശങ്കുപ്പിള്ള അദ്ദേഹത്തിന്റെ ആത്മകഥയായ'എന്റെ കഴിഞ്ഞകാല സ്മരണകൾ ' കേരള ശബ്ദം വീക്കിലിയിൽ ഖണ്ഡശ പ്രസിദ്ധീകരിച്ചത് 1965ലാണ്. സാഹിത്യ പ്രവർത്തകസംഘം 1985ൽ അത് പുസ്തകരൂപത്തിൽ പ്രസിദ്ധീകരിച്ചു. ആ ആത്മകഥയുടെ നൂറ്റി പത്താമത്തെ അദ്ധ്യായത്തിൽ കുമ്പളത്തു ശങ്കുപിള്ള ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു.

"സ്വാതന്ത്ര്യസമരത്തിന്റെ പേരിൽ എന്നെങ്കിലും ജയിൽവാസം അനുഭവിക്കുകയോ എപ്പോഴെങ്കിലും മർദ്ദനങ്ങൾക്ക് വിധേയനായുകയോ ചെയ്തിട്ടില്ലാത്ത ഒരു ഉന്നതകുലജാതനാണ് ആ സാഹസികകൃത്യത്തിന്നൊരുമ്പെട്ടതു തന്നെയും. ആ സാഹസികന്റെ പേർ ഞാൻ നിങ്ങളോട് പറയാം, വരട്ടെ. അമ്പലപ്പുഴ താലൂക്കിലെ ഒരു ഉന്നതബ്രാഹ്മണകുലത്തിൽ ജനിച്ചുവളർന്ന ആ ധീരയുവാവിനെ എൻ. ശ്രീകണ്ഠൻനായരാണ് രാഷ്ട്രീയരംഗത്തേക്ക് കൊണ്ടുവന്നത്. അങ്ങനെയുള്ള ശ്രീകണ്ഠൻനായരുടെ അനുകൂലഭാവമില്ലാതിരുന്നിട്ടും സി.പി.യുടെ പ്രതിമ അടിച്ചുടയ്ക്കാനും സി.പിയെത്തന്നെ വെട്ടാനും സന്നദ്ധനായ അദ്ദേഹത്തെക്കൊണ്ട് തന്നെ ഞാൻ ആ കഥ പറയിക്കുകയാണ്......"

പിന്നീട് നൂറ്റിപതിനൊന്നു മുതൽ നൂറ്റിപതിനാല് വരെയുള്ള നാല് അദ്ധ്യായങ്ങൾ ഈ സംഭവത്തെക്കുറിച്ച് കെ. സി. എസ്. മണി തന്നെ രേഖപ്പെടുത്തിയിരിക്കുന്നു.

"കുമ്പളത്തു ശങ്കുപ്പിള്ളച്ചേട്ടൻ ആവശ്യപ്പെട്ടതനുസരിച്ചാണ് ഞാൻ ഈ ഓർമ്മക്കുറിപ്പെഴുതുന്നത്.... ഞാൻ വിദ്യാർത്ഥിയായിരുന്ന കാലത്താണ് തിരുവിതാംകൂറിലെ സ്വാതന്ത്ര്യ പ്രക്ഷോഭണം കൊടുമ്പിരിക്കൊണ്ടത്. അമ്പലപ്പുഴക്കാരനും ശ്രീകണ്ഠൻനായരുടെ സമീപസ്ഥനുമൊക്കെയായിരുന്ന എന്നെ അൽപമായിട്ടെങ്കിലും രാഷ്ടീയരംഗത്തിറക്കാൻ പ്രേരിപ്പിച്ച ആൾ ശ്രീകണ്ഠൻനായർ ആയിരുന്നു. അതുകൊണ്ട് തന്നെ ഞാൻ ആദ്യമേ ചെന്നുകയറിയതും സോഷ്യലിസ്റ്റ് ഗ്രൂപ്പിലേയ്ക്കും ആയിരുന്നു. "

K. C. S Mani
കെ. സി. എസ്. മണി
Source: Wikipedia

 

എന്താണ് ഈ സോഷ്യലിസ്റ്റ് ഗ്രൂപ്പ് എന്ന് മണി വിവക്ഷിക്കുന്നത്. തിരുവിതാംകൂറിൽ 1921ലാണ് കോൺഗ്രസ്സിന്റെ പ്രവർത്തനം ആരംഭിക്കുന്നത്. പക്ഷേ തിരുവിതാംകൂറിലെ കോൺഗ്രസ്സിന്റെ നനഞ്ഞപോക്കും നിഷ്ക്രിയത്വവും തിരുവിതാംകൂറിലെ സ്വാതന്ത്യകാംക്ഷികളായ യുവതയെ അരിശം കൊള്ളിക്കുകയും 1931ൽ പൊന്നറ ശ്രീധറിന്റെയും എൻ.പി കുരുക്കളുടെയും എൻ.സി ശേഖറുടെയും ഒക്കെ നേതൃത്വത്തിൽ യൂത്ത് ലീഗ് രൂപം കൊണ്ടു. പിൽക്കാലത്ത് കമ്മ്യൂണിസ്റ്റ് പാർടിയുടെ കേരളഘടകരൂപീകരണ യോഗത്തിൽ ഇ.എം എസിനും പി.കൃഷ്ണപിള്ളയ്ക്കും കെ.ദാമോദരനും ഒപ്പം പങ്കെടുത്ത ആളാണ് സഖാവ് എൻ. സി. ശേഖർ. യൂത്ത് ലീഗ് രൂപം കൊണ്ടങ്കിലും അവർ കോൺഗ്രസ്സിനുള്ളിൽ തന്നെ പ്രവർത്തിക്കുകയും 1938ൽ രൂപം കൊണ്ട സ്‌റ്റേറ്റ് കോൺഗ്രസ്സിനെ ഒരു സമരസംഘടന ആക്കി മാറ്റുകയും ചെയ്തു. യുത്ത് ലീഗുകാർ “സോഷ്യലിസ്റ്റു ഗ്രൂപ്പുകാർ” എന്നാണ് അറിയപ്പെട്ടിരുന്നത്. അതിൽ പിൽക്കാലത്ത് കമ്മ്യൂണിസ്റ്റുകാരായി മാറിയവർ ഉണ്ട്, കെഎസ്‌പിയായിമാറിയവർ ഉണ്ട്, ആർഎസ്‌പിയായി മാറിയവർ ഉണ്ട്, കോൺഗ്രസ്സിൽ തന്നെ നിന്നവർ ഉണ്ട്.

ഉത്തരവാദഭരണത്തിനു വേണ്ടിയുള്ള പ്രക്ഷോഭണം നടത്തുന്ന കാലത്ത് ഈ യൂത്ത് ലീഗ് പ്രവർത്തകരാണ് സാഹസികമായ പല സമരരീതികളും സ്വീകരിച്ചത്. പക്ഷേ വ്യക്തമായ ഒരു പ്രത്യയശാസ്ത്രമോ നിയതമായ ഒരു സംഘടനാ രുപമോ അവർക്ക് ഉണ്ടായിരുന്നില്ല. ഈ ഗ്രൂപ്പിലേയ്ക്കാണ് എം.എസ് മണി ചെന്നു കയറിയത്. മണിയുടെ നാട്ടുകാരനായ സ.ശ്രീകണ്ഠൻ നായർ യൂത്ത് ലീഗിന്റെയും സ്റ്റേറ്റ് കോൺഗ്രസ്സിന്റെയും പ്രവർത്തകനായിരുന്നു. പക്ഷേ ശ്രീകണ്ഠൻനായരല്ല മണിയോട് സി.പിയെ അപായപ്പെടുത്തുന്ന കാര്യം ആദ്യം ഉന്നയിച്ചത്. സോഷ്യലിസ്റ്റ് ഗ്രൂപ്പിൽപ്പെട്ട ഗോപാലക്കുറുപ്പ് എന്ന ഒരാളായിരുന്നു. ഈ ഗോപാലക്കുറുപ്പ് പിൽക്കാലത്ത് പ്രശസ്തനായ അഭിഭാഷകനും സിപിഐ(എം) സഹയാത്രികനും കേരളചരിത്രത്തിൽ സ്ഥാനം പിടിച്ച KPAC നാടകസംഘത്തിന്റെ സ്ഥാപകനുമായിരുന്ന Adv. ജനാർദ്ദനക്കുറുപ്പിന്റെ സഹോദരനായിരുന്നു. ഇത്തരമൊരു ആലോചന ശ്രീകണ്ഠൻനായർ അറിഞ്ഞില്ല എന്നു മാത്രമല്ല അറിഞ്ഞപ്പോൾ എതിർക്കുകയാണ് ചെ‌യ്തത്. മണിയുടെ വാക്കുകളിൽ.

"കറുപ്പുചേട്ടന്റെ ആശയം എല്ലാം കൊണ്ടും പറ്റിയ ഒന്നാണന്ന് എനിക്ക് തോന്നി. സി. പി യെ നേരിടാൻ ഞാൻ തന്നെ മുതിർന്നിലോ ജനാർദ്ദനനോട് (Adv.ജനാർദ്ദന കുറുപ്പ്) ഞാൻ ചോദിച്ചു. അവൻ ഉടൻ തന്നെ മറുപടി പറഞ്ഞു ചെയ്യാമെങ്കിൽ ചെയ്തോ പക്ഷേ പിന്നെ ജീവിച്ചിരിക്കാമെന്ന് ധരിക്കരുത്. ഞങ്ങൾ, ഞാനും ജനാർദ്ദനനും പിന്നെയും ഗോപാലക്കുറുപ്പു ചേട്ടനെ സമീപിച്ചു വിവരം പറഞ്ഞു. അതിനു വിഷമിക്കേണ്ട ആന വന്നാലും ഒഴിഞ്ഞ് മാറാത്ത ഒരു ഉന്നത വ്യക്തിയുണ്ട്, ശങ്കുപ്പിള്ളച്ചേട്ടൻ..... ഗോപാലക്കുറുപ്പുച്ചേട്ടൻ മറുപടി പറഞ്ഞു.... ശങ്കുപ്പിള്ളച്ചേട്ടൻ ഇതിനകം ബന്ധനത്തിലായിരുന്നു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾ ഗോപാലക്കുറുപ്പു ചേട്ടനെയും അറസ്റ്റു ചെയ്തു..... ശങ്കുപ്പിള്ള ചേട്ടൻ ഇതിനിടയിൽ ശ്രീ തയ്യിൽ മൂപ്പീന്നിന്റെ മരണാടിയന്തിരം പ്രമാണിച്ച് പരോളിൽ ഇറങ്ങിയിരുന്നു. അദ്ദേഹത്തെക്കൂടി കണ്ടിട്ട് ഭാവി പരിപാടി തീരുമാനിക്കാം എന്നു കരുതി ഞങ്ങൾ കോയിവിളയ്ക്ക് തിരിച്ചു... തെക്കുംഭാഗം വഴി തേവലക്കരയിലെത്തി. ഒന്നു രണ്ടു ദിവസം കണ്ണാപ്പള്ളിയിൽ ശങ്കരപ്പിള്ളയുടെ വീട്ടിൽ കഴിച്ചു.... കരുനാഗപ്പള്ളി താലൂക്കിലെ മിക്കവാറും എല്ലാ ചെറുപ്പക്കാരും അക്കാലങ്ങളിൽ ഞങ്ങൾക്കു സഹായം നൽകിയിരുന്നു. ഇതിൽ കണ്ണാപ്പള്ളിൽ ശങ്കരപിള്ള, പുത്തൻവീട്ടിൽ രാമകൃഷ്ണപിള്ള, നരീഞ്ചികരുണാരപിള്ള, മാരാരിത്തോട്ടത്തു രാഘവൻപിള്ള, കോവൂർ കരുണാകരൻ പിള്ള, ബംഗ്ലാവിൽ മാധവൻ പിള്ള തുടങ്ങിയവരുടെ പേരുകൾ എടുത്തു പറയേണ്ടതാണ്."

ഇതിൽ പേരെടുത്തു പറഞ്ഞിരിക്കുന്ന കോവൂർ കരുണാകരൻപിള്ളയാണ് പിൽക്കാലത്ത് സിപിഐ(എം)ന്റെ സമുന്നതനേതാവായിരുന്ന സ. സി.പി. കരുണാകരൻപിള്ള. മാരാരിത്തോട്ടത്ത് രാഘവൻപിള്ള 1952ൽ കരുനാഗപ്പള്ളിയിൽ നിന്നുള്ള തിരു-കൊച്ചി നിയമസഭാ സാമാജികൻ. കണ്ണാപ്പള്ളി ശങ്കരപിള്ളയും പുത്തൻവീട്ടിൽ രാമകൃഷ്ണപിള്ളയുമാണ് സ. സി.പി. കരുണാകരപിള്ളയ്ക്കൊപ്പം തേവലക്കരയിലെ കമ്മ്യൂണിസ്റ്റ് പാർടിക്ക് 1940കളിൽ അടിത്തറ ഇട്ടത്. മണി ഇവരെ കണ്ടു എന്നും കണ്ണാപ്പള്ളി വീട്ടിൽ താമസിച്ചു എന്നും പറയുന്ന കാലം ഇവർ കമ്മ്യൂണിസ്റ്റുകാർ ആയിരുന്നു. എന്നാൽ അക്കാലത്തും ശ്രീകണ്ഠൻനായർ കമ്മ്യൂണിസ്റ്റ് പാർടിയെ എതിർക്കുന്ന ആളായിരുന്നു.

ഇനി വീണ്ടും മണിയിലേയ്ക്ക്

"ഞങ്ങൾ കോയിവിളയിൽ എത്തി ശങ്കുപിള്ളച്ചേട്ടനെ കണ്ടു. ഞാനും ജനാർദ്ദനനും ശങ്കുപ്പിള്ളച്ചേട്ടനും കൂടി മാറിയിരുന്നു രാമസ്വാമി അയ്യരെ വകവരുത്തുന്ന കാര്യത്തെക്കുറിച്ച് ആലോചിച്ചു." എന്നു വെച്ചാൽ തേവലക്കര കോയിവിളിയലെ കമ്മ്യൂണിസ്റ്റ്കാരനായ കണ്ണാപ്പള്ളി ശങ്കരപിള്ളയുടെ വീട്ടുമുറ്റത്ത്. ആലോചിച്ചത് സ്റ്റേറ്റ് കോൺഗ്രസ് നേതാവായ കുമ്പളത്തു ശങ്കുപ്പിള്ളയോട്. അല്ലാതെ ശ്രീകണ്oൻനായരോടല്ലന്ന്.

"ഞങ്ങളുടെ പദ്ധതി ശ്രീകണ്ഠൻ ചേട്ടനോട് പറഞ്ഞപ്പോൾ ആദ്യം അദ്ദേഹം ഞങ്ങളോട് കുറേ കോപിക്കുകയാണ് ഉണ്ടായത്.... രാമസ്വാമി അയ്യരെ വെടിവച്ചു കൊല്ലണമെന്നായിരുന്നു ഞങ്ങളുടെ ആദ്യത്തെ ഉദ്ദേശ്യം. എന്നാൽ ആ അവസരത്തിൽ ഒരു റിവോൾവർ വാങ്ങിക്കാനുള്ള സാമ്പത്തികമായ കഴിവ് ഞങ്ങൾക്കില്ലായിരുന്നു.... ഒരിക്കൽ ഞാൻ അദ്ദേഹത്തെ (കുമ്പളത്തു ശങ്കുപ്പിള്ള) സന്ദർശിച്ചു റിവോൾവർ ലഭിക്കുന്നതിനുള്ള വൈഷമ്യവും അതുകൊണ്ട് കത്തി ഉപയോഗിച്ച് ചെയ്യാമെന്നും അറിയിച്ചു... അതുകൊണ്ട് പരേതനായ കൈതവനത്തറ രാഘവൻപിള്ളയെ ചെന്നു കാണണമെന്നും കത്തിയുണ്ടാക്കിത്തരാൻ അദ്ദേഹത്തോട് ശട്ടം കെട്ടിയേക്കാമെന്നും ചേട്ടൻ പറഞ്ഞു.ഞാൻ രാഘവൻപിള്ളയെ ചെന്നു കണ്ടു. ഒന്നു രണ്ടു ദിവസം കഴിഞ്ഞ് അദ്ദേഹം സാമാന്യം നല്ല ഒരു വെട്ടുകത്തി എന്നെ ഏൽപ്പിച്ചു. ഞാൻ അതു കൊണ്ട് മാരാരിത്തോട്ടത്തു കുട്ടന്റെ വീട്ടിലെത്തി. "

ഈ കൈതവനത്തറ രാഘവൻപിള്ള തഴവ സ്വദേശിയും മരിക്കുന്നത് വരെ കോൺഗ്രസ്സുകാരനായിരുന്നു. ഈ വെട്ടുകത്തി പണിഞ്ഞത് തേവലക്കരയിലുള്ള ഒരു ആശാരിയായിരുന്നു. അദ്ദേഹത്തിന്റെ പിൻമുറക്കാർ ഇപ്പോഴും അവിടെ ജീവിച്ചിരിക്കുന്നു. ഈ വെട്ടുകത്തി കുറച്ചു ദിവസം സൂക്ഷിച്ചിരുന്നത് കമ്മ്യൂണിസ്റ്റ് കാരനായിരുന്ന തേവലക്കരയിലെ സ. കണ്ണാപ്പള്ളി ശങ്കരപിള്ളയുടെ വീട്ടിലായിരുന്നു. അതിന്റെ മൂർച്ച പരിശോധിക്കാൻ കണ്ണാപ്പള്ളി ശങ്കരപിള്ള വീട്ടുമുറ്റത്ത് നിന്നിരുന്ന സാമാന്യം വണ്ണമുള്ള ഒരു മാവിൻ കമ്പ് ഒറ്റ വെട്ടിന് താഴെയിട്ടതായി അദ്ദേഹത്തിന്റെ ഭാര്യ സുകുമാരിയമ്മ സാക്ഷ്യപ്പെടുത്തുന്നു. ആ അമ്മ ഇപ്പോഴും തേവലക്കരയിൽ ജീവിച്ചിരിക്കുന്നു. വെട്ടുകത്തി പണിഞ്ഞിട്ടും പിന്നെയും ഏഴു മാസം കാത്തിരുന്നിട്ടാണ് സി.പിയെ വെട്ടാൻ മണിക്ക് അവസരം കിട്ടിയത്.

1947 ഒക്റ്റോബർ 25ന് സ്വാതി തിരുന്നാൾ സംഗീത കോളേജിന്റെ വാർഷികത്തിൽ പങ്കെടുത്ത രാമസ്വാമി അയ്യരെ വെട്ടിയ മണി ആ നിമിഷത്തെ ഇങ്ങനെ ഓർക്കുന്നു.

"ഇടയ്ക്ക് ഒരു കാര്യം പറഞ്ഞ് കൊള്ളട്ടേ. അതിനകത്തു കയറിയ നിമിഷം മുതൽ എന്റെ ചിന്താഗതി ഒരു പ്രത്യേക രീതിയിലായിരുന്നു. ഞാൻ കാണിക്കുന്നതെല്ലാം വെറും മൗഢ്യമാണെന്ന് എനിക്ക് തോന്നി. രാമസ്വാമി അയ്യരോട് വ്യക്തിഗതമായ പക എനിക്കുണ്ടാകേണ്ട കാര്യമില്ല. ഞനതുവരെ ലോക്കപ്പിൽ പോയിട്ടില്ല, മർദ്ദനമേറ്റിട്ടില്ല. അതിരൂക്ഷമായ മർദ്ദനത്തിന് വിധേയരായിട്ടുള്ളവർ അനേകം പേരുണ്ട്. അവർക്കാർക്കെങ്കിലും ഇതു ചെയ്തുകൂടെ?.... ചില നോവലുകളിൽ വായിച്ചിട്ടുള്ളതു പോലെ എന്റെ ജീവിതത്തിന്റെയും അവസാനനിമിഷങ്ങൾ ഓടിമറയുന്നതുപോലെ തോന്നി. പക്ഷേ പെട്ടന്ന് എന്റെ കൺമുമ്പിൽ പുന്നപ്ര-വയലാറിൽ വെടിയേറ്റുമരിച്ച നൂറു കണക്കിന് തൊഴിലാളികളുടെ രൂപം ഓർമ്മയിൽ തെളിഞ്ഞുവന്നു; നിസ്സഹായമായി പരിണമിച്ച അവരുടെ കുടുംബങ്ങളും.... ചലനസ്വാതന്ത്ര്യത്തിനു വേണ്ടി മുണ്ടഴിച്ചുകളഞ്ഞിട്ട് കത്താളും കൊണ്ട് ഞാൻ മുന്നോട്ടുചാടി വെട്ടി. ആദ്യത്തെവെട്ട് കൊണ്ടില്ലന്ന് തോന്നുന്നു. പിന്നെയും വെട്ടി. എത്രവെട്ടിയെന്ന് എനിക്ക് ഓർമ്മയില്ല."

പിന്നീട് മണി രക്ഷപ്പെട്ട കഥകളാണ് വിവരിക്കുന്നത്. തിരുവനന്തപുരത്തു നിന്ന് പാലക്കാട്ടേക്ക് ട്രെയിനിൽ പോയി അവിടെ ഒളിവിൽ താമസിച്ചതും പാലക്കാട് വിക്ടോറിയ കോളേജിൽ അന്നു വിദ്യാർത്ഥിയായിരുന്ന ബേബി ജോണിന്റെ ഹോസ്റ്റൽ മുറിയിൽ താമസിച്ചതുമൊക്കെ പറയുന്നുണ്ട്.

സി.പിയെ വെട്ടാനായി മണി ഒരുങ്ങിനിന്ന ആ നിമിഷങ്ങളിൽ അദ്ദേഹത്തിന്റെ മനസിലൂടെ കടന്നുപോയത് ശ്രീകണ്ഠൻനായരോ അവരുടെ വിപ്ലവകമ്മിറ്റിയോ ആയിരുന്നില്ല. പുന്നപ്ര-വയലാറിൽ വെടിയേറ്റു വീണ തൊഴിലാളികളായിരുന്നു. മണി തന്റെ ഓർമ്മക്കുറിപ്പുകൾ 1965ലാണ് പ്രസിദ്ധീകരിച്ചത്. അന്ന് ശ്രീകണ്ഠന്‍നായരുൾപ്പടെ ആർഎസ്‌പിയുടെ ആദ്യകാലനേതാക്കൾ ജീവിച്ചിരിപ്പുണ്ടായിരുന്നു. അവർ മണിയുടെ കുറിപ്പിനോട് പ്രതികരിച്ചതേ ഇല്ല. മാത്രമല്ല ശ്രീകണ്ഠൻനായർ മരിക്കുന്നത് 1983ലും മണി മരിക്കുന്നത് 1987ലും.

ആർഎസ്‌പിയുടെ ഒരു നേതാവ് ഒരു വീഡിയോയിൽ പറയുന്നത് കേട്ടു കമ്മ്യൂണിസ്റ്റ്കാർ സി. പി. യെ വെട്ടിയതിന്റെ പൈതൃകം അവകാശപ്പെടുന്നുവെന്നു. ഒരു കാലത്തും സി.പിയെ വെട്ടിയതിന്റെ അവകാശവാദം കമ്മ്യൂണിസ്റ്റ്കാർ ഏറ്റെടുത്തിട്ടില്ല. എന്നു മാത്രമല്ല, ഒരു വ്യവസ്ഥയുടെ ഭരണപ്രതിനിധി മാത്രമായിരുന്ന ദിവാൻ സി.പി.യെ വധിച്ചാൽ ഇവിടെ നിലനിന്നിരുന്ന രാജഭരണവും ബ്രട്ടീഷ് കൊളൊണിയലിസവും ഇല്ലാതാകുമെന്ന മൗഢ്യമൊന്നും കമ്മ്യൂണിസ്റ്റ്കാർക്ക് ഉണ്ടായിരുന്നില്ല. അത് വേണമെങ്കിൽ കമ്മ്യൂണിസ്റ്റ് പാർടിക്ക് എന്നേ ആകുമായിരുന്നു. കമ്മ്യൂണിസ്റ്റ് പാർടി ഘടകം തിരുവിതാംകൂറിൽ 1940 മുതൽ പ്രവർത്തിക്കുന്നുണ്ട്. വ്യക്തികളുടെ ഉന്മൂലനം കമ്മ്യൂണിസ്റ്റ് പാർടി ലക്ഷ്യമല്ല. അവർ ഊന്നൽ നൽകുന്നത് തൊഴിലാളി പണിമുടക്കുകൾക്കും ബഹുജനസമരങ്ങൾക്കുമാണ്. തിരുവിതാംകൂറിൽ സ്റ്റേറ്റ് കോൺഗ്രസ്സിനെ ഒരു സമരസംഘടനയായി വളർത്തിയത് അതിൽ പ്രവർത്തിച്ച കമ്മ്യൂണിസ്റ്റ്കാരാണ്. സ്റ്റേറ്റ് കോൺഗ്രസ് നേതൃത്വത്തിന്റെ അഴകൊഴമ്പൻ സമീപനത്തിൽ പ്രതിഷേധിച്ചു യൂത്ത് ലീഗ് അവരിൽ നിന്നും വേറിട്ട് മറ്റൊരു സംഘടനയാകാൻ ആലോചിച്ചപ്പോൾ സഖാക്കൾ പി. കൃഷ്ണപിള്ളയും ഇഎംഎസും മലബാറിൽ നിന്നും പാഞ്ഞെത്തി അവരെ അതിൽ നിന്നും പിന്തിരിപ്പിച്ചതെന്നും അവരെ സ്റ്റേറ്റ് കോൺഗ്രസ്സിൽ ഉറപ്പിച്ച് നിർത്തിയെതെന്നും സ. കെ.സി. ജോർജ്ജ് അദ്ദേഹത്തിന്റെ ആത്മകഥയിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

പറഞ്ഞു വന്നത് മണി സി.പിയെ വെട്ടാൻ നടക്കുകയാണന്ന് പിൽക്കാലത്ത് ആർഎസ്‌പി നേതാക്കളായിമാറിയവർക്ക് മാത്രമറിയാവുന്ന ഒരു കാര്യമായിരുന്നില്ല. കോൺഗ്രസ് നേതാക്കളായിരുന്ന ടി. എം. വർഗ്ഗീസിനും കുമ്പളത്തു ശങ്കുപിള്ളയ്ക്കും കരുനാഗപ്പള്ളി തഴവായിലെ കോൺഗ്രസ് പ്രവർത്തകനായിരുന്ന കൈതവനത്തറ രാഘവൻപിള്ളയ്ക്കും തേവലക്കരയിലെ കമ്മ്യൂണിസ്റ്റ്കാരായിരുന്ന സഖാക്കൾ സി. പി. കരുണാകരൻപിള്ളയ്ക്കും കണ്ണാപ്പള്ളി ശങ്കരപിള്ളയ്ക്കും അറിയാമായിരുന്നു.

'വഞ്ചിക്കപ്പെട്ട വേണാട് ' എന്ന പുസ്തകത്തിലൂടെയും പ്രസംഗങ്ങളിലൂടെയും പുന്നപ്ര-വയലാർ സമരത്തെ തള്ളി പറഞ്ഞ ആളാണ് ശ്രീകണ്ഠൻനായർ. പക്ഷേ കെ. സി. എസ്. മണി പിൽക്കാലത്ത് ആർഎസ്‌പിയിൽ ചേർന്നു പ്രവർത്തിച്ചെങ്കിലും പുന്നപ്ര-വയലാർ സമരത്തെ തള്ളി പറഞ്ഞില്ല. സി. പി. യെ മണി വെട്ടുമ്പോൾ മണിക്ക് ഇരുപത്തിയഞ്ച് വയസ്സ് മാത്രമാണ് പ്രായം. ചെറുപ്പത്തിന്റെ വൈയക്തികമായ ഒരു വികാരം മാത്രമായിരുന്നു അത്.

തിരുവിതാംകൂർ വിട്ടു പോയെങ്കിലും പിന്നെയും ദീർഘനാൾ സി.പി. രാമസ്വാമി അയ്യർ ഇന്ത്യയിൽ ജീവിച്ചു. സി. പി. മരണമടഞ്ഞത് 1966ൽ മാത്രമാണ് . വെട്ടു കൊണ്ടത് കൊണ്ടല്ല സി. പി. തിരുവിതാംകൂർ വിട്ടത്. വെട്ടു കൊണ്ടത് 1947 ജൂലൈ 25നാണ്. ജൂലൈ 28ന് തിരുവിതാംകൂർ ഇന്ത്യൻ യൂണിയനിൽ ചേരാൻ തീരുമാനിക്കുന്നു. ഓഗസ്റ്റ് 15ന് ഇന്ത്യ സ്വതന്ത്രയാകുന്നു. ഓഗസ്റ്റ് 19 ന് സി. പി. തിരുവിതാംകൂർ വിട്ടു.

ശ്രീകണ്ഠൻനായരും, ബേബി ജോണും, മത്തായി മാഞ്ഞൂരാനും പ്രവർത്തിച്ചിരുന്ന കേരള സോഷ്യലിസ്റ്റ് പാർടി (KSP) രൂപം കൊണ്ടത് 1947 സെപ്തംബർ 21ന്. കെഎസ്‌പിയിൽ നിന്നും തെറ്റി പിരിഞ്ഞ ശ്രീകണ്ഠൻ നായരും, ബേബി ജോണും, കെ. ബാലകൃഷ്ണനുമൊക്കെ ചേർന്ന് ആർഎസ്‌പി കേരള ഘടകത്തിന് രൂപം നൽകിയത് 1949ൽ. പിന്നെ എങ്ങനെയാണ് 1947 ജൂലൈ 25 ന് നടന്ന സി. പി. വധശ്രമത്തിന്റെ പൈതൃകം പിന്നെയും രണ്ട് വർഷം കഴിഞ്ഞു രൂപം കൊണ്ട ആർഎസ്‌പി അവകാശപ്പെടുന്നത്? സംഭവം നടന്നു രണ്ടു മാസം കഴിഞ്ഞ് രൂപം കൊണ്ട കെഎസ്‌പി യ്ക്ക് ചാർത്തി കൊടുക്കുന്നത്?

കെ സി എസ് മണി പിൽക്കാലത്ത് ആർഎസ്‌പിയുടെ പ്രവർത്തകനായിരുന്നുവെന്നത് ശരിയാണ്. പക്ഷേ അദ്ദേഹം സി. പി യെ വെട്ടുന്ന കാലത്ത് ആർഎസ്‌പിഎന്ന പാർടി കേരളത്തിൽ ഉണ്ടായിരുന്നില്ല. മണി പോലും പിന്നിൽ ആർഎസ്‌പിയാണന്ന അവകാശവാദം ഉന്നയിച്ചിട്ടില്ല.

ചരിത്രം വസ്തുതാപരമാകണമെന്നത് കൊണ്ട് മാത്രം ഇത്തരമൊരു കുറിപ്പ്.

കൊല്ലം ജില്ലയിലെ കമ്മ്യൂണിസ്റ്റ് പാർടിയുടെ പ്രവർത്തനങ്ങളുടെ ചരിത്രത്തിൽ തത്പരനായ ഒരു പൊതുപ്രവർത്തകനാണ് ലേഖകൻ.

 

Feature image source: Janayugom Online