പാമ്പിളക്കങ്ങള്‍

അസ്തിത്വം എന്ന ഇര വിഴുങ്ങി, കഠിനമായ വയറുവേദനയുമായി ഏതാനും കമ്മ്യൂണിസ്റ്റ്‌ പാമ്പുകള്‍ പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി ഓഫീസിലെത്തി.

ലോക്കല്‍ സെക്രടറി പ്രായം ചെന്ന ഒരു പാമ്പ് ആയിരുന്നു. കാലങ്ങളായി അദ്ദേഹവും ഈ വേദനയെ സുഖമുള്ള ഒരു അനുഭൂതിയായി കൊണ്ട് നടക്കുന്നു. പാര്‍ട്ടി ഓഫീസിലെ ഷെല്‍ഫില്‍ ഏത് കോണില്‍ നിന്ന് നോക്കിയാലും കാണാവുന്ന പാകത്തില്‍ 'കമ്മ്യൂണിസ്റ്റ്‌ മാനിഫെസ്റോ', 'ദാസ്‌ കാപിറ്റല്‍' എന്നിവ നിരന്നു നില്‍ക്കുന്നു. ഇന്നലെ ചാര്‍ജ് എടുത്ത ഓഫീസ് സെക്രട്ടറി പുസ്തകങ്ങളൊക്കെ പൊടി തട്ടി വൃത്തിയാക്കി ഷെല്‍ഫ് താഴിട്ടു പൂട്ടി. പിന്നെ അയാള്‍ രണ്ട് വലി വലിച്ചു തുറക്കില്ലെന്ന് ഉറപ്പു വരുത്തി.

"വര്‍ഗ സമരത്തില്‍ മാത്രമായി പാര്‍ട്ടി കെട്ടിപെടുക്കാന്‍ നോക്കിയതാണ് നമുക്ക് പറ്റിയ പിശക്. വര്‍ഗ സമരം പോലെ മറ്റൊരു സിദ്ധാന്തതലമായ ശാസ്ത്രീയ സോഷ്യലിസം നാം പാടേ ഉപേക്ഷിച്ച മട്ടാണ്." ലോക്കല്‍ സെക്രട്ടറി നിലപാട് വ്യക്തമാക്കി.

"പക്ഷെ പാര്‍ട്ടിയുടെ മുന്നേറ്റത്തിനും വര്‍ഗ സമരം എന്ന ആവശ്യകതയ്ക്കുമായി പല അശാസ്ത്രീയ യുക്തികളെയും സ്വീകരിക്കാറുണ്ടല്ലോ..അങ്ങനെയാണ് ഞാന്‍ എന്റെ ഒരു കാല്‍ കമ്മ്യൂണിസത്തിന്റെയും മറ്റേ കാല്‍ വിശ്വാസത്തിന്റെയും തോണിയില്‍ വെച്ചത്.'

"വര്‍ഗ സമരം എന്നതിന് പ്രാധാന്യം കല്‍പ്പിക്കണം എന്നും അതിനു സംഘബലം കൂടിയേ തീരു എന്നും ആദ്യ കാലത്ത് മുന്നേറാന്‍ കൊതിച്ച പാര്‍ട്ടി തീരുമാനിച്ചിരുന്നു. പല സാമൂഹ്യ മാറ്റങ്ങളും ഈ വര്‍ഗ ബോധത്തിന്റെ ഉല്‍പ്പന്നങ്ങള്‍ ആണ്. സാമൂഹ്യ പ്രതിബദ്ധത ഉള്ള ഒരു വിശ്വാസി,സാമൂഹ്യ അവബോധമില്ലാത്ത ഒരു അവിശ്വാസിയെക്കള്‍ മെച്ചമാണെന്നു സാരം. വിശാലമായ വര്‍ഗ ബോധവും ബഹുജനപരതയും പാര്‍ടിക്ക് നല്‍കാന്‍ ഇതിലൂടെ സാധിച്ചു. ഇന്ത്യയില്‍ പാര്‍ട്ടിയുടെ രാഷ്ട്രീയ നിലനില്‍പ്പിന്റെ കൂടി ആവശ്യമയിരുന്നു അത്. അതേ സമയം നമ്മള്‍ സൗകര്യപൂര്‍വ്വം മറന്ന ഒരു കാര്യം ഉണ്ട്. കാലക്രമത്തില്‍ ഓരോ വ്യക്തിയിലും ശാസ്ത്രീയ ബോധം വളര്‍ത്തണമെന്നും അത് വഴി ശാസ്ത്രീയ സോഷ്യലിസം പ്രവര്‍ത്തിക വേദിയില്‍ എത്തിക്കണം എന്നുമായിരുന്നു അത്."

"ഇത്തരത്തിലുള്ള വിട്ടു വീഴ്ചകള്‍ തന്നെയല്ലേ സ്വത്വ ബോധം പോലുള്ള ആശയകുഴപ്പങ്ങള്‍ക്കും കാരണം?" കൂട്ടത്തില്‍ ചെറിയാവനായ ഒരു തെയ്യം പാമ്പ് എഴുന്നേറ്റു നിന്ന് ചോദിച്ചു.

പക്ഷെ പാര്‍ട്ടിയുടെ മുന്നേറ്റത്തിനും വര്‍ഗ സമരം എന്ന ആവശ്യകതയ്ക്കുമായി പല അശാസ്ത്രീയ യുക്തികളെയും സ്വീകരിക്കാറുണ്ടല്ലോ..അങ്ങനെയാണ് ഞാന്‍ എന്റെ ഒരു കാല്‍ കമ്മ്യൂണിസത്തിന്റെയും മറ്റേ കാല്‍ വിശ്വാസത്തിന്റെയും തോണിയില്‍ വെച്ചത്.

"ഒരു വ്യക്തിയുടെ ഭാഷ, ഗോത്രം അല്ലെങ്കില്‍ അവന്റെ മേല്‍ പതിക്കുന്ന പേര് ഇവയൊക്കെ സ്വത്വവുമായി ബന്ധപ്പെട്ടിരിക്കുന്നു. നീയൊരു തെയ്യം പാമ്പ് ആണെന്നത് നിന്റെ സ്വത്വ ബോധത്തിന്റെ വെളിപ്പെടുത്തലല്ലേ? പ്രാദേശിക ബോധം തൊട്ട് അതിദേശീയത വരെ ഈ വിവക്ഷയില്‍ വരുന്നു. ശാസ്ത്രീയ അവബോധമില്ലായ്മയും സ്വത്വ ബോധത്തിന്റെ പിടി മുറുക്കലും വര്‍ഗ ബോധത്തെ ശോഷിപ്പിക്കും. അത് തിരിച്ചു പിടിക്കാന്‍ ശവത്തിന്റെ തണുപ്പുള്ള ആള്‍ക്കൂട്ടത്തില്‍ നിന്നും ഉയരുന്ന മുദ്രാവാക്യങ്ങള്‍ക്ക് സാധിക്കില്ല. അതിനും പുറമേ മഞ്ഞളിപ്പിക്കുന്ന മഞ്ഞപത്രങ്ങള്‍ ഉറക്കെ, നിര്‍ത്താതെ അസത്യങ്ങള്‍ കുമ്പസരിച്ചു കൊണ്ടിരിക്കും. പൂജ വേളയില്‍ വിളക്ക് കെട്ടപ്പോള്‍ ഉയര്‍ന്നു പൊങ്ങിയ റോക്കെറ്റ്‌ ചത്ത്‌ മലര്‍ന്നു കിടക്കുന്നു. എന്തിനു, ഭാര്യ ഗര്‍ഭം ധരിക്കാന്‍ പ്രവാസിയായ ഭര്‍ത്താവ് ഇരട്ട മടക്കുള്ള ഏലസ്സ് അരയില്‍ കെട്ടി നടക്കുന്നു."

ഇടയ്ക്ക് എപ്പോഴോ ഒരു പുന: പ്രതിഷ്ഠ കര്‍മ്മത്തിനായി മഞ്ഞ ചേര ഇറങ്ങി പോയി. എം ജി റോഡിലെ മഞ്ഞഭഗവാന്റെ ചിരിക്കുന്ന കൂറ്റന്‍ ഫ്ലെക്സിനു മുന്നില്‍ ആയിരം മഞ്ഞ ചേരകള്‍ തല പൊക്കി. ചര്‍ച്ച കഴിഞ്ഞു ചായ കുടിച്ചു ഓരോ പാമ്പും അവരവരുടെ കാവുകളിലേക്ക് യാത്ര തിരിച്ചു. സന്ധ്യാനേരത്ത് വിളക്ക് വെക്കും മുമ്പ്. നമ്പിയാര്‍ പാമ്പുകള്‍ നമ്പിയാര്‍ കാവിലെക്കും പുലയ പാമ്പുകള്‍ പുലയനാര്‍ കാവിലെക്കും സുന്നി, ലത്തീന്‍ കത്തോലിക്കര്‍ അവരവരുടെ കാവുകളിലേക്കും.

ഇതിലൊന്നും ശ്രദ്ധിക്കാതെ ഏകാകിയായ ഒരു കരി മൂര്‍ഖന്‍ തന്റെ കാവും കുളവും കുന്നും ചതുപ്പും കടന്നു ...വളഞ്ഞു പുളഞ്ഞു ..പുളഞ്ഞു വളഞ്ഞു...തന്റെ ഇണയുടെ ഇല്ലത്തേക്ക് ...ജോത്സ്യന്‍ പറഞ്ഞിട്ടുണ്ട് രാത്രി 11നു മുമ്പ് വേണമത്രേ സംഭോഗ വേള ...പിന്നെ എല്ലാം കേതുവിന്റെ കളിയാണ്‌ .... ഇരുണ്ട ഗുഹ്യതയുടെ വിണ്ടു കീറിയ സാമൂഹ്യബോധം കണ്ടു നവോദ്ധാനത്തിന്റെ ചരിത്രം കുറ്റബോധത്താല്‍ കണ്ണും പൂട്ടി കരഞ്ഞു.