ഗാഡ്ഗിൽ ഒറ്റമൂലിയും പരിസ്ഥിതിയുടെ രാഷ്ട്രീയവും - ഭാഗം 1

Illikkal Kallu - a part of Western Ghats - in Kootayam district of Kerala. Photograph by: Kkraj08/wikimedia. cc-by-sa-4.0

അടിക്കടിയുണ്ടായ രണ്ട് പ്രളയങ്ങളുടെയും മഴക്കെടുതിയുടെയും ആഘാതത്തിൽ നിന്ന് കേരളത്തെ കൈപിടിച്ചുയർത്താൻ കൂട്ടായ ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. 2018ലും 2019ലും ഓഗസ്റ്റ് മാസത്തിൽ പെയ്ത അതിതീവ്രമഴയാണ് ഈ ആഘാതത്തിനു കാരണമായത്. 2018 ഓഗസ്റ്റ് മാസത്തിൽ നടന്ന പ്രളയദുരന്തത്തിൽ നിരവധി പേർ മരണമടഞ്ഞു. മുപ്പതിനായിരത്തിലധികം ക്യാമ്പുകളിലായി പന്ത്രണ്ടുലക്ഷത്തിലേറെ പേർ ദുരിതാശ്വാസക്യാമ്പുകളിലായി. പതിനായിരം കിലോമീറ്ററിലധികം റോഡ് ഒലിച്ചു പോയി. ചരിത്രത്തിലാദ്യമായി നാല്പത്തിരണ്ട് മേജർ ഡാമുകളിൽ മുപ്പത്തിയഞ്ചും തുറക്കേണ്ട അവസ്ഥയുണ്ടായി. 2018 ഓഗസ്റ്റ് 9 മുതൽ 15 വരെയുള്ള ഒരാഴ്ചക്കാലം മാത്രം 258% അധികമഴ കേരളത്തിൽ പെയ്തു. ഈ ദുരന്തത്തെ കേരളം ഒറ്റക്കെട്ടായി നേരിട്ടു. കേന്ദ്രത്തിന്റെ കടുത്ത അവഗണയിലും ജനങ്ങളുടെ സംഭാവനകൾ മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് ഒഴുകി. പ്രളയദുരന്തത്തിൽ നിന്ന് ഒരുവിധം കരകയറി വരുമ്പോളാണ് 2019 ഓഗസ്റ്റിൽ ദുരന്തം ആവർത്തിച്ചത്. മലപ്പുറത്തെ ഭൂദാനം - കവളപ്പാറ, വയനാട്ടിലെ പുത്തുമല ഉൾപ്പെടെ അറുപത്തിയഞ്ചിടങ്ങളിൽ ഉരുൾപൊട്ടലോ സമാനമായ പ്രതിഭാസമോ ഉണ്ടായി. അരലക്ഷത്തോളം കുടുംബങ്ങൾ 1318 ദുരിതാശ്വാസ ക്യാമ്പുകളിലായി അകപ്പെട്ടു, അമ്പത്തിയേഴ് പേർ മരണപ്പെട്ടു, നിരവധിപേരെ കാണാതായി. അടുപ്പിച്ചുണ്ടായ രണ്ടു ദുരന്തങ്ങൾ കേരളം പോലൊരു സംസ്ഥാനത്തിന് താങ്ങാവുന്നതിലും അപ്പുറമാണ്. ഈ ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ എന്തുകൊണ്ട് ഇത്തരം ദുരന്തങ്ങൾ എന്ന പ്രാഥമിക ചോദ്യം ഉയർന്നു വന്നു. കേരളത്തിന്റെ കാലാവസ്ഥയിൽ വന്നു കൊണ്ടിരിക്കുന്ന തീവ്രമായ മാറ്റങ്ങളാണ് ഈ ദുരന്തങ്ങൾക്ക് കാരണം എന്നു വിദഗ്ദർ അഭിപ്രായപ്പെട്ടു. കേരളത്തിന്റെ മണ്‍സൂണ്‍ കാലമായ ജൂണ്‍-ജൂലൈ മാസങ്ങളിൽ താരതമ്യേന കുറഞ്ഞ മഴ പെയ്യുകയും ഓഗസ്റ്റ് മാസത്തിൽ കുറഞ്ഞ ദിവസങ്ങളിൽ അതിതീവ്ര മഴ പെയ്യുകയും ചെയ്ത പ്രതിഭാസം ആണിത്. ഈ അതിതീവ്രമഴ, ഉരുൾപൊട്ടലുകൾ, പ്രളയം തുടങ്ങിയ പ്രകൃതിദുരന്തങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. ഈ പ്രതിഭാസമാകട്ടെ, ആഗോളതലത്തിൽ അനുഭവപ്പെട്ടു കൊണ്ടിരിക്കുന്ന കാലാവസ്ഥാവ്യതിയാനത്തിന്റെ ഭാഗവുമാണ്. പക്ഷെ, കേരളീയജീവിതത്തിന്റെ സമസ്തമേഖലകളെയും ബാധിക്കുന്ന പ്രശ്നം എന്ന നിലക്ക് ഈ പ്രകൃതിദുരന്തങ്ങൾക്ക് പ്രാദേശികമായ ഇടപെടലുകളും ആവശ്യമായി വരും. അത്തരം അന്വേഷണങ്ങൾ ഇപ്പോൾ ചെന്നെത്തിയിരിക്കുന്നത് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർടിന്മേലാണ്.

ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട് നടപ്പാക്കിയിരുന്നെങ്കിൽ ഈ രണ്ട് പ്രകൃതി ദുരന്തങ്ങളുടെയും അനുഭവം മറിച്ചായേനെ എന്ന ആഖ്യാനത്തിന് കേരളത്തിൽ ഇപ്പോൾ വലിയ സ്വീകാര്യതയുണ്ട്. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട് നടപ്പിലാക്കാത്തതാണ് ഈ ദുരന്തങ്ങൾക്ക് കാരണമെന്നും അതിനാൽ പ്രകൃതി ദുരന്തത്തിന് സംസ്ഥാന സർക്കാർ മാപ്പു പറയണമെന്നും ഗാഡ്ഗിൽ കമ്മിറ്റി യിൽ അംഗം കൂടിയായിരുന്ന വി എസ് വിജയൻ അഭിപ്രായപ്പെട്ടിരിക്കുന്നു . ഈ പശ്ചാത്തലത്തിൽ ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർടിന്റെ അന്തസത്തയും അതു നടപ്പാക്കിയിരുന്നു എങ്കിൽ അതെങ്ങനെ ഈ പ്രകൃതിദുരന്തങ്ങളെ സ്വാധീനിക്കുമായിരുന്നു എന്നും, കേരളത്തിൽ ഉയരേണ്ട പരിസ്ഥിതി രാഷ്ട്രീയത്തിന്റെ ദിശ എന്തായിരിക്കണം എന്നും പരിശോധിക്കാൻ ശ്രമിക്കുകയാണ് രണ്ടു ഭാഗങ്ങളുള്ള ഈ ലേഖനത്തിൽ.

ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട് - പശ്ചാത്തലവും പ്രയോഗവും

പശ്ചിമഘട്ട പരിസ്ഥിതിവ്യൂഹം നേരിടുന്ന പ്രശ്നങ്ങൾ പഠിച്ചു റിപ്പോർട് സമർപ്പിക്കുന്നതിനായി 2010 മാർച്ചിൽ അന്നത്തെ കേന്ദ്ര വനം പരിസ്ഥിതി വകുപ്പ് മന്ത്രി ആയിരുന്ന ജയറാം രമേഷ് നിയമിച്ച വിദഗ്ദ്ധ സമിതിയാണ് പശ്ചിമഘട്ട പരിസ്ഥിതിവിദഗ്ദ്ധ സമിതി. ഈ സമിതിയുടെ അധ്യക്ഷനായിരുന്ന മാധവ് ഗാഡ്ഗിലിന്റെ പേരിലാണ് റിപ്പോർട് അറിയപ്പെടുന്നത്. പരിസ്ഥിതി ജൈവ ശാസ്ത്രജ്ഞർ, അഡ്വക്കേറ്റ്, സ്‌പേസ് സയന്റിസ്റ്റ് എന്നിങ്ങനെ പതിനാല് പേരടങ്ങിയ സമിതിയിൽ പശ്ചിമഘട്ടത്തിലെ സാമൂഹിക രാഷ്ട്രീയ പ്രതിനിധികളോ, ജനപ്രതിനിധികളോ, കർഷകരോ, തദ്ദേശീയ ആദിവാസി വിഭാഗത്തിൽ പെട്ടവരോ ഒന്നുമില്ലെന്ന വിമർശനം തുടക്കത്തിൽ തന്നെ ഉയർന്നിരുന്നു. കേരളത്തിന്റെ പരിസ്ഥിതി എന്നത് പശ്ചിമഘട്ടം മാത്രമല്ല, അത്യന്തം പരിസ്ഥിതി ലോലമായ തീരപ്രദേശങ്ങൾ, ഇടനാട് കായൽ പ്രദേശങ്ങൾ, കണ്ടൽക്കാടുകൾ, നാല്പത്തിനാല് നദികൾ, ഇവയെല്ലാം ചേർന്നതാണ്. ഇതിൽ പശ്ചിമഘട്ടത്തിന്റെ ജൈവവൈവിധ്യസംരക്ഷണത്തിനു വേണ്ടിയുള്ള നിർദേശങ്ങൾ മാത്രമാണ് ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർടിൽ ഉള്ളത്. എന്നാൽ മേൽപ്പറഞ്ഞ ഭൂവിഭാഗങ്ങളും പശ്ചിമഘട്ടവും തമ്മിൽ സക്രിയമായ ബന്ധമാണുള്ളത്. പശ്ചിമഘട്ടത്തിലെ ഏത് മാറ്റവും തീരപ്രദേശം വരെയുള്ള ഭൂവിഭാഗങ്ങളെ സ്വാധീനിക്കും, തിരിച്ചും. അതുകൊണ്ട് കേരളത്തിന്റെ മൊത്തം പരിസ്ഥിതിയെ സമഗ്രമായി കാണുകയും നിർദേശങ്ങൾ മുന്നോട്ട് വയ്ക്കുകയും ചെയ്യുന്ന പഠനങ്ങൾ നമ്മുടെ മുന്നിലില്ല. ആ അഭാവം കൂടിയാണ് ഗാഡ്ഗിൽ റിപ്പോർടിനെ ആശ്രയിക്കാൻ കേരളത്തെ നിർബന്ധിക്കുന്നത്.

പ്രധാനമായും ഏഴു കാര്യങ്ങളിൽ പഠനം നടത്താനാണ് ഗാഡ്ഗിൽ കമ്മിറ്റിയോട് സർക്കാർ ആവശ്യപ്പെട്ടത്.

  1. പശ്ചിമഘട്ട മേഖലയുടെ നിലവിലുള്ള പാരിസ്ഥിതിക സ്ഥിതി വിശകലനം ചെയ്യുക.
  2. 1986ലെ പരിസ്ഥിതി (സംരക്ഷണ) നിയമം പ്രകാരം പശ്ചിമഘട്ടമേഖലയിലെ പരിസ്ഥിതിലോല പ്രദേശങ്ങളായി വിജ്ഞാപനം ചെയ്യേണ്ട പ്രദേശങ്ങൾ ഏതൊക്കെയെന്ന് കണ്ടെത്തി അതിരുകൾ അടയാളപ്പെടുത്തുക. ഇപ്രകാരം ചെയ്യുന്നതിലേക്ക് നിലവിലുള്ള റാം മോഹൻ കമ്മിറ്റി റിപ്പോർട്, സുപ്രീംകോടതി നിർദ്ദേശങ്ങൾ, ദേശീയ വന്യജീവി ബോർഡിന്റെ ശുപാർശകൾ എന്നിവ സമിതി പരിഗണിക്കുക, ബന്ധപ്പെട്ട സംസ്ഥാന ഗവൺമെന്റുകളോട് ആരായുക.
  3. ബന്ധപ്പെട്ട മേഖലകളിലെ ജനങ്ങളും സർക്കാരുകളും ചേർന്നുള്ള സമഗ്രസമ്പർക്കത്തിലൂടെ പശ്ചിമഘട്ട മേഖലയുടെ സംരക്ഷണം, പരിപാലനം, പുനരുജ്ജീവനം തുടങ്ങിയവയ്ക്കാവശ്യമായ ശുപാർശകൾ സമർപ്പിക്കുക.
  4. പരിസ്ഥിതിസംരക്ഷണ നിയമപ്രകാരം ഇന്ത്യാ ഗവൺമെന്റിന്റെ വനം-പരിസ്ഥിതി മന്ത്രാലയം ഈ പ്രദേശങ്ങളെ പരിസ്ഥിതിലോലപ്രദേശമായി വിജ്ഞാപനം നടത്തുന്നതിന്റെ കാര്യക്ഷമമായ നടത്തിപ്പിനാവശ്യമായ മാനദണ്ഡങ്ങൾ നിർദ്ദേശിക്കുക.
  5. ബന്ധപ്പെട്ട എല്ലാ സംസ്ഥാനങ്ങളുടെയും പിന്തുണയോടെ, പ്രദേശത്തിന്റെ പാരിസ്ഥിതിക പരിപാലനത്തിനും സുസ്ഥിര വികസനത്തിനും ഉതകുന്ന ഒരു പ്രൊഫഷണൽ സംവിധാനമായി, പരിസ്ഥിതി സംരക്ഷണ നിയമപ്രകാരമുള്ള ഒരു പശ്ചിമഘട്ട പരിസ്ഥിതി അതോറിറ്റി രൂപീകരിക്കുന്നതിന്റെ നടപടിക്രമങ്ങൾ ശുപാർശ ചെയ്യുക.
  6. പശ്ചിമഘട്ടത്തിന്റെ പരിസര-പരിസ്ഥിതി സംബന്ധമായി, കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പരാമർശിക്കുന്നടക്കമുള്ള മറ്റെല്ലാ വിഷയങ്ങളും കൈകാര്യം ചെയ്യുക.
  7. അതിരപ്പള്ളി, ഗുണ്ടിയ ജലവൈദ്യുതി പദ്ധതികൾ, ഗോവയിലെയും തീരപ്രദേശമുൾക്കൊള്ളുന്ന മഹാരാഷ്ട്രയിലെ രത്നഗിരി, സിന്ദുദുർഗ് ജില്ലകളിലെയും പുതിയ ഖനന അനുമതികൾക്ക് മോറട്ടോറിയം പ്രഖ്യാപിക്കൽ തുടങ്ങിയവ സംബന്ധിച്ച ശുപാർശകളും സമിതിയുടെ അനുശാസനത്തിൽ ഉൾക്കൊള്ളിക്കുന്നതിനായി പരിസ്ഥിതി മന്ത്രാലയം പിന്നീട് ആവശ്യപ്പെടുകയുണ്ടായി.

ചുരുക്കിപ്പറഞ്ഞാൽ 1986ലെ കേന്ദ്ര പരിസ്ഥിതി സംരക്ഷണ നിയമം നടപ്പിലാക്കാനുള്ള വഴികൾ അന്വേഷിക്കുകയായിരുന്നു ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർടിന്റെ പ്രധാന ചുമതല. അതിനപ്പുറത്തേക്ക് കേരളത്തിലെയോ എന്തിന് പശ്ചിമഘട്ടത്തിലെ പോലുമോ ഭൗമപ്രതലത്തിൽ സ്വഭാവം, സ്ഥലജല വിന്യാസം, മണ്ണിന്റെയും ശിലകളുടെയും ഘടന, ഭൂവിനിയോഗം, ഉൽപ്പാദനപ്രക്രിയയുടെ സ്വഭാവം, നഗരവൽകരണം, കാലാവസ്ഥാവ്യതിയാനം, വിഭവചൂഷണം തുടങ്ങിയ പ്രധാന പാരിസ്ഥിതികപ്രശ്നങ്ങൾ ഒന്നും വിലയിരുത്തുവാൻ സമിതിക്ക് കഴിഞ്ഞിട്ടില്ല. ഇത്തരം ഘടകങ്ങൾ കൂടി ചേർന്നാണ് ഒരു പരിസ്ഥിതി സമഗ്രത രൂപപ്പെടുന്നത്. മഹാരാഷ്ട്രയുടെ വടക്കേ അറ്റം മുതൽ കന്യാകുമാരി വരെ വ്യാപിച്ചു കിടക്കുന്ന ഈ ബൃഹദ് സംവിധാനത്തെ കുറിച്ചു പഠിക്കാൻ ആകെ ഏഴ് ആശയവിനിമയ ചർച്ചകൾ, ഒരു വിദഗ്ദ്ധ കൂടിയാലോചന, സർക്കാർ ഏജൻസികളുമായുള്ള എട്ട് യോഗങ്ങൾ, സിവിൽ സൊസൈറ്റി ഗ്രൂപ്പുകളുമായുള്ള നാല്പത് യോഗങ്ങൾ, പതിനാല് സ്ഥലസന്ദർശനങ്ങൾ എന്നിവയാണ് സമിതി നടത്തിയത്. പശ്ചിമഘട്ടത്തിലെ തദ്ദേശീയ ജനവിഭാഗങ്ങളോടൊ, കർഷകരോടോ, സാമൂഹ്യ-രാഷ്ട്രീയനേതൃത്വങ്ങളോടൊ അല്ല സർക്കാർ ഏജൻസികളോടും സിവിൽ സൊസൈറ്റി ഗ്രൂപ്പുകളോടുമാണ് കമ്മിറ്റി പ്രധാനമായും ആശയവിനിമയം നടത്തിയത്. ഇത്രയേറെ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന ഒരു റിപ്പോർടിന് അതു ഭൂഷണമല്ല എന്നത് യാഥാർഥ്യം ആണ്. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർടിന്റെ രീതിശാസ്ത്രത്തെയോ അതിർത്തി നിർണയത്തെയോ ഒന്നും സംബന്ധിച്ചു വിശദമായ വിശകലനത്തിന് ഇവിടെ തയ്യാറാവുന്നില്ല. കേരളത്തിലെ എഴുപത്തിയേഴ് താലൂക്കുകളിൽ ഇരുപത്തിയഞ്ച് എണ്ണമാണ് ഗാഡ്ഗിൽ കമ്മീഷൻ നിർണയിച്ച മൂന്നു മേഖലകളിലുമായി പെടുക.

എന്തൊക്കെ പരിമിതികൾ ഉണ്ടെങ്കിലും ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർടിലെ ശുപാർശകൾക്ക് പ്രളയത്തെയോ, ഉരുൾപൊട്ടൽ പോലുള്ള പ്രകൃതി ദുരന്തങ്ങളെയോ തടയാനുള്ള ശേഷി ഉണ്ടെങ്കിൽ അത് തീർച്ചയായും നടപ്പാക്കേണ്ടത് തന്നെയാണ്. എന്നാൽ ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർടിലെ ഭാഗം ഒന്നിലും ഭാഗം രണ്ടിലുമായി നൽകിയ ശുപാർശകൾക്ക് അതിനുള്ള ശേഷിയുണ്ടോ എന്നു പരിശോധിക്കാം.

ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട്ടും പ്രളയവും

ഗാഡ്ഗിൽ കമ്മിറ്റിയുടെ മേഖലാപ്രവർത്തനങ്ങൾക്കുള്ള മാർഗരേഖ ആരംഭിക്കുന്നത് പശ്ചിമഘട്ടത്തിൽ ഉടനീളം ജനിതകമാറ്റം വരുത്തിയ വിളകൾ അനുവദിക്കരുതെന്നും, പ്ലാസ്റ്റിക്‍ ബാഗുകളുടെ ഉപയോഗം ഘട്ടം ഘട്ടമായി അവസാനിപ്പിക്കണം എന്നും നിർദേശിച്ചു കൊണ്ടാണ്. പശ്ചിമഘട്ട മേഖലയിൽ ഇപ്പോൾത്തന്നെ ജനിതകമാറ്റം വരുത്തിയ വിളകൾ കൃഷി ചെയ്യുന്നില്ല. പ്ലാസ്റ്റിക്‍ ബാഗുകളുടെ നിയന്ത്രണമാക്കട്ടെ ഉപയോഗഘട്ടത്തിലല്ല, ഉൽപ്പാദനഘട്ടത്തിൽ അവസാനിപ്പിക്കുന്നതായിരിക്കും കൂടുതൽ ഉചിതം. (അവയെക്കുറിച്ചു വിശദമായി ഈ ലേഖനത്തിന്റെ അവസാനം.) പ്ലാസ്റ്റിക്കോ, ജനിതകവിളകളോ പ്രളയത്തിലും ഉരുൾപൊട്ടലിലും ചെലുത്തുന്ന സ്വാധീനം ഇനിയും കൂടുതൽ പഠനങ്ങളിലൂടെയേ തെളിയിക്കാനാവൂ. ജൈവവൈവിധ്യസമ്പന്ന സ്ഥലങ്ങളിലോ വിശുദ്ധവനങ്ങളിലോ (ഗാഡ്ഗിൽ വലിയ പ്രാധാന്യമാണ് കേരളത്തിന്റെ ജൈവപരിസ്ഥിതിയിൽ തുലോം തുച്ഛമായ വിശുദ്ധവനങ്ങൾക്ക് നൽകുന്നത്) ഒരുവിധ കൈയേറ്റവും അനുവദിക്കരുതെന്നും വനഭൂമി കാർഷികാവശ്യങ്ങൾക്ക് വിട്ടു നൽകരുത് എന്നുമാണ് രണ്ടാമത്തെ നിർദേശം. ഇതുരണ്ടും നിലവിലെ നിയമങ്ങൾക്കകത്തു തന്നെ നടന്നു കൊണ്ടിരിക്കുന്നതാണ്.

സിമന്റ്, മണൽ, കമ്പി എന്നിവയുടെ ഉപയോഗം പരമാവധി കുറച്ച് പരിസ്ഥിതിസൗഹാർദ്ദ കെട്ടിടനിർമാണം നടത്തണം എന്നതാണ് അടുത്ത നിർദ്ദേശം. തുടർച്ചയായ മണ്ണിടിച്ചിലും ഉരുൾപൊട്ടലുകളും അതിതീവ്രമഴയും ഒക്കെ നിലനിൽക്കുന്ന പശ്ചിമഘട്ടത്തിൽ ഈ പരിസ്ഥിതിസൗഹാർദ്ദ വീടുകൾ അപകടകരം ആയിരിക്കുമെന്നും അത് കൂടുതൽ ആളപായം ഉണ്ടാക്കും എന്നും ഉറപ്പാണ്. ഒരർത്ഥത്തിൽ എറണാകുളത്തെയോ, തിരുവനന്തപുരത്തെയോ ഉറപ്പുള്ള കെട്ടടങ്ങളിൽ താമസിക്കുന്ന പരിസ്ഥിതി വിദഗ്ദർ പശ്ചിമഘട്ടത്തിലെ ഉറപ്പില്ലാത്ത ഭൂമിയിൽ താമസിക്കുന്ന പാവങ്ങളോട് കമ്പിയും, കല്ലും, മണലും കുറഞ്ഞ പരിസ്ഥിതിസൗഹാർദ്ദ വീടുകളിൽ താമസിക്കാൻ പറയുന്നതിൽ ഒരു അനീതിയുടെ പ്രശ്നമുണ്ട്.

ആരോഗ്യത്തിനു ഹാനികരമായ രാസമാലിന്യവ്യവസായങ്ങൾ ഈ മേഖലയിൽ പാടില്ലാ എന്നതാണ് അടുത്ത നിർദ്ദേശം. തന്നെ തദ്ദേശ സ്വയമഭരണ സ്ഥാപനങ്ങൾ ഈ നയം നടപ്പിലാക്കുന്നുണ്ട്. പശ്ചിമഘട്ട മേഖലയിലൊന്നും തന്നെ രാസമാലിന്യ വ്യവസായങ്ങൾ ഇപ്പോളില്ല. കേരളത്തെ പോലെ ഉയർന്ന ആരോഗ്യ ഉത്കണ്ഠയുള്ള ഒരിടത്ത് ജനങ്ങളുടെ എതിർപ്പിനെ മറികടന്ന് അത്തരം വ്യവസായങ്ങൾ ഇനി ആരംഭിക്കാനും എളുപ്പമാവില്ല. മലിനജലം റീചാർജ് ചെയ്യുക, ജലസംരക്ഷണ പ്രവർത്തനങ്ങൾ നടത്തുക, നദിയുടെ ഗതിമാറ്റാൻ അനുവദിക്കാതിരിക്കുക തുടങ്ങിയ നിർദ്ദേശങ്ങളും ഇപ്പോൾ തന്നെ നടപ്പിലുള്ളതാണ്.

ഗാഡ്ഗിൽ കമ്മിറ്റിയുടെ സുപ്രധാനമായതും ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയതുമായ ഒരു നിർദ്ദേശം ജൈവകൃഷി പ്രോത്സാഹിപ്പിക്കണം എന്നും മുപ്പത് ഡിഗ്രിയിലധികം ചെരിവുള്ള കൃഷിഭൂമിയിൽ വാർഷികവിളകൾ നിരുത്സാഹപ്പെടുത്തി ദീർഘകാലവിളകൾ പ്രോത്സാഹിപ്പിക്കണം എന്നതുമാണ്. കേരളത്തിലെ ഇത്തരം മേഖലകളിൽ ഇപ്പോൾ പ്രധാനമായും കൃഷിചെയ്യുന്നത് കാപ്പി, റബ്ബർ, തേയില തുടങ്ങിയ ദീർഘകാലവിളകൾ തന്നെയാണ്. ഇപ്പോൾ ഉരുൾപൊട്ടൽ അപകടം നടന്ന മേഖലകളിലും ദീർഘകാല വിളകൾ തന്നെയാണ് കൃഷി ചെയ്തിരുന്നത്. അതിനാൽ ആ നിർദേശവും ഒരു പ്രകൃതി ദുരന്തത്തിൽ നിന്ന് രക്ഷനല്കുമെന്നു കരുതാൻ വഴിയില്ല. ഈ മേഖലകളിൽ ജൈവകൃഷി നടത്തുക, കന്നുകാലികളുടെ നാടൻ ജനുസ്സിനെ മാത്രം വളർത്തുക, കളനാശിനി നിരോധിക്കുക, തേയില തോട്ടങ്ങളിൽ ജൈവവളം ഉപയോഗിക്കുക തുടങ്ങിയ നിർദ്ദേശങ്ങൾ ഇപ്പോൾ തന്നെ കടക്കെണിയിലായ കർഷകരെ ദോഷകരമായി ബാധിക്കുമെങ്കിലും അവ പ്രകൃതി ദുരന്തങ്ങളെ തടയാൻ തടയാൻ സഹായിക്കുമോ എന്ന കാര്യത്തിൽ ശാസ്ത്രീയമായ പഠനങ്ങൾ ഇനിയും ആവശ്യമാണ്.

മറ്റൊരു നിർദേശം യൂക്കാലിപ്റ്റസ് പോലുള്ള വിദേശ ഇനം ഏകവിള തോട്ടങ്ങൾ പാടില്ല എന്നുള്ളതാണ്. റബ്ബർ, കാപ്പി, തേയില പോലുള്ള വിദേശ ഇനങ്ങൾക്ക് ഈ നിർദ്ദേശം ബാധകമല്ല എന്ന് കാർഷികപ്രക്ഷോഭങ്ങളോട് പ്രതികരിച്ചു കൊണ്ട് വിദഗ്ദർ വ്യക്തമാക്കിയതുമാണ്. ഇപ്പോൾ നടക്കുന്ന ഖനന പ്രവർത്തനങ്ങൾ 2016ഓടെ പൂർണമായും അവസാനിപ്പിക്കണമെന്ന് ഗാഡ്ഗിൽ നിർദ്ദേശിക്കുന്നു. കേരളത്തിലെ പശ്ചിമഘട്ടമേഖലയിൽ ഖനനവ്യവസായങ്ങൾ (mining industries) ഏതാണ്ട് ഇല്ലാ എന്നുതന്നെ പറയാം. (ഗാഡ്ഗിൽ റിപ്പോർട് ഖനനത്തെയും ക്വാറിയിംഗിനെയും വ്യത്യസ്ഥമായാണ് കാണുന്നത്, ഖനനം എന്നതുകൊണ്ട് ധാതുലവണങ്ങളുടെ മൈനിംഗ് ആണ് ഉദ്ദേശിക്കുന്നത്, ക്വാറികൾ അടുത്ത ഭാഗത്ത് പ്രതിപാദിക്കുന്നു). അതുകൊണ്ട് ആ നിർദേശത്തിനും കാര്യമായ ഇഫക്റ്റ് ഉണ്ടാകില്ല. ക്വാറി, മണൽവാരൽ എന്നിവ ഫലപ്രദമായി നിയന്ത്രിക്കണമെന്നും, പുതിയ ക്വാറികൾക്ക് ലൈസൻസ് നൽകരുതെന്നും ഗാഡ്ഗിൽ പറയുന്നു. കേരളത്തിൽ ഇത്തവണ ഉരുൾപൊട്ടൽ നടന്ന അറുപത്തിനാല് ഇടങ്ങളിൽ പുത്തുമല ഉൾപ്പെടെ ഭൂരിഭാഗം പ്രദേശങ്ങളിലും ക്വാറികൾ ഇല്ല. ഡോ. ശ്രീകുമാറിന്റേതടക്കമുള്ള പഠനങ്ങളിൽ പോലും ക്വാറികളും ഉരുൾപൊട്ടലും തമ്മിലെ നേർരേഖാ ബന്ധം സ്ഥാപിക്കാനായിട്ടില്ല. അതുകൊണ്ട് തന്നെ ഈ ബന്ധത്തെ സംബന്ധിച്ച് കൂടുതൽ പഠനങ്ങൾ നടന്നേ തീരൂ.

വൈദ്യുതോപഭോഗം കുറയ്ക്കുക, വ്യവസായങ്ങൾക്ക് കടുത്ത നിയന്ത്രണം കൊണ്ടുവരിക, തുടങ്ങിയ നിർദ്ദേശങ്ങൾ സാമ്പത്തികവളർച്ചയെ ബാധിക്കാമെങ്കിലും അവയും പ്രകൃതി ദുരന്തങ്ങളെ തടയാൻ മാത്രമുള്ള പൊട്ടൻഷ്യൽ ഉള്ളതല്ല. പുതിയ റോഡുകളും, റെയിൽവേ ലൈനുകളും സോൺ ഒന്നിലും രണ്ടിലും അനുവദിക്കരുതെന്ന് ഗാഡ്ഗിൽ പറയുന്നു. കഴിഞ്ഞ രണ്ടു തവണയും ഉണ്ടായ പ്രകൃതി ദുരന്തങ്ങളിൽ പുതിയ റോഡുകളുടെയോ, റെയിൽവേ ലൈനിന്റെയോ നിർമാണം കാരണമായിട്ടില്ല എന്ന് നിരീക്ഷണത്തിൽ നിന്നും വ്യക്തമാണ്. അവസാനമായി ബോധവൽക്കരണമാണ് ഗാഡ്ഗിൽ പ്രാധാന്യം നൽകുന്നത്. ഇത് തീർച്ചയായും വളരെ പ്രാധാന്യമേറിയ ഒന്നാണ്.

ഭാഗം രണ്ടിലാണ് പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട കൂടുതൽ നിർദ്ദേശങ്ങൾ ഗാഡ്ഗിൽ നൽകുന്നത്. അവയിൽ പ്രധാനപ്പെട്ട നിർദ്ദേശങ്ങൾ നമുക്ക് പരിശോധിക്കാം

ജലമാനേജ്‌മെന്റ് നടപ്പാക്കുക, സുരംഗം-കിണറുകൾ റീചാർജ് ചെയ്യുക, ചതുപ്പുകൾ സംരക്ഷിക്കുക, മണലൂറ്റൽ സോഷ്യൽ ഓഡിററിംഗിന് വിധേയമാക്കുക, ഏകവിളകളിൽ നിന്നും ബഹുവിളകളിലേക്ക് മാറുക, കളനാശിനി - കീടനാശിനി ഉപയോഗം അവസാനിപ്പിക്കുക, "ജൈവ വളങ്ങൾ പ്രോത്സാഹിപ്പിക്കുക", "ജൈവ കർഷകർക്ക് സാമ്പത്തിക സഹായം നൽകുക", "തദ്ദേശ ഇനം കന്നുകാലികളെ വളർത്തുന്നവർക്ക് പ്രോത്സാഹനം നൽകുക", "വൻകിട ക്ഷീരോത്പാദക യൂണിറ്റുകൾക്ക് പകരം മൂന്ന് - നാല് കന്നുകാലികളുള്ള യൂണിറ്റുകളെ പ്രോത്സാഹിപ്പിക്കുക", "ജൈവ തേയില പ്രോത്സാഹിപ്പിക്കുക", വനസംരക്ഷണത്തിൽ പ്രാദേശിക പങ്കാളിത്തം ഉറപ്പാക്കുക, വനാവകാശ നിയമം നടപ്പാക്കുക, "പേപ്പറും മറ്റും ആവശ്യമില്ലാത്ത ഇ- കൊമേഴ്‌സ്, ഇ-പേപ്പർ, ടെലികോൺഫറൻസിംഗ്, വിഡിയോ കോൺഫറൻസിംഗ് സംവിധാനങ്ങൾ പ്രോത്സാഹിപ്പിക്കുക", വൈദ്യുതി ഉപഭോഗത്തിൽ ആഡംബരവും ദുരുപയോഗവും തടഞ്ഞു ന്യായവും ആവശ്യവുമായ വൈദ്യുതി ഉപയോഗിക്കാനുള്ള സംവിധാനം സ്വീകരിക്കുക, പാരമ്പര്യേതര ഊർജ്ജത്തെ പ്രോത്സാഹിപ്പിക്കുക, വൈദ്യുത പദ്ധതികൾക്ക് പരിസ്ഥിതി ക്ലിയറൻസ് കർശനമാക്കുക, ഹരിത സാങ്കേതിക വിദ്യ പ്രോത്സാഹിപ്പിക്കുക, വലിയതോതിലുള്ള ബോധവൽക്കരണം നടത്തുക തുടങ്ങിയവയാണ് സുപ്രധാന നിർദ്ദേശങ്ങൾ. [emphasis added]

പ്രകൃതിദുരന്തങ്ങളുമായി ബന്ധപ്പെട്ട ആലോചനയിൽ ഏതെങ്കിലും തരത്തിൽ ഉപയുക്തമാകുന്ന നിർദ്ദേശങ്ങളാണ് ഇവിടെ ക്രോഡീകരിച്ച് നൽകിയത്. ഇനിയാണ് സുപ്രധാനമായ ചോദ്യം. മേൽസൂചിപ്പിച്ച ഗാഡ്ഗിൽ നിർദ്ദേശങ്ങളിൽ ഏതു നടപ്പിലാക്കിയാലായിരുന്നു കഴിഞ്ഞ രണ്ടു മഴക്കാലത്തും കേരളം നേരിട്ട കെടുതികളെ തടയാൻ കഴിയുമായിരുന്നത്? സാമാന്യബുദ്ധിയിൽ ഈ ദിശയിലുള്ള ഒരു പ്രത്യേക നിർദ്ദേശവും നമുക്ക് കാണാനാവില്ല. എന്നാൽ പശ്ചിമഘട്ടത്തെ സംരക്ഷിക്കണം എന്ന ഗാഡ്ഗിൽ റിപ്പോർടിന്റെ പൊതുവിലുള്ള അന്തഃസത്തയോട് നമുക്ക് യോജിക്കുകയും ചെയ്യാം. ഈ യോജിപ്പിന്റെ രാഷ്ട്രീയത്തിലും ഒരു പ്രശ്നമുണ്ട്. പശ്ചിമഘട്ടത്തിൽ അധിവസിക്കുന്ന ലക്ഷക്കണക്കിന് മനുഷ്യരുടെ പിന്തുണയും, വിശ്വാസ്യതയും നേടിക്കൊണ്ട് മാത്രമേ ഈ സംരക്ഷണപ്രക്രിയ നടത്താനാവൂ. ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർടിന്റെ പ്രാഥമികപ്രവർത്തനങ്ങളിലാകട്ടെ ഈ ജനതയുമായി വേണ്ടവിധം സംവദിക്കാനോ, അവരുടെ വിശ്വാസ്യത നേടിയെടുക്കാനോ കമ്മിറ്റി കാര്യമായി തയ്യാറായതേയില്ല. ജനപങ്കാളിത്ത സംരക്ഷണത്തെ കുറിച്ചും ഗ്രാമസഭകളെ കുറിച്ചും വാചാലമാകുന്ന കമ്മിറ്റിയുടെ ഘടനയിലോ, കമ്മിറ്റി ശുപാർശ ചെയ്യുന്ന പശ്ചിമഘട്ട അതോറിറ്റിയുടെ ദേശീയ, സംസ്ഥാന, ജില്ലാ ഘടകങ്ങളിലോ കർഷകർ, തദ്ദേശീയ ജനപ്രതിനിധികൾ, എന്നിവർക്ക് യാതൊരു പ്രാതിനിധ്യവുമില്ല. ദേശീയ ഘടകത്തിൽ റൊട്ടേഷൻ അടിസ്ഥാനത്തിൽ ഒരു ഗിരിവർഗപ്രതിനിധിയെ നിയമിക്കും എന്നത് മാത്രമാണ് ആശ്വാസം. ഏതാണ്ട് ശാസ്ത്രജ്ഞർ, വിദഗ്ദർ, ഉദ്യോഗസ്ഥർ എന്നിവർ നിയന്ത്രിക്കുന്ന ഒരു സംഘമാവും ഈ കമ്മിറ്റി റിപ്പോർടിന്റെ അടിസ്ഥാനത്തിൽ പശ്ചിമഘട്ടത്തെ സംരക്ഷിക്കാൻ ചുമതലപ്പെടുക.

മേൽസൂചിപ്പിച്ച വിധമുള്ള ഒരു നയസമീപനം ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർടിന് വന്നത് യാദൃശ്ചികമല്ല. അവരുടെ പരിസ്ഥിതി ദർശനത്തിന്റെ തന്നെ പരിമിതിയാണത്. റിപ്പോർടിൽ പറയുന്നു.

"മനുഷ്യൻ തന്റെ പണിയായുധങ്ങൾ കൊണ്ടും,ആസൂത്രിതവും സ്വാർത്ഥപരവുമായ പ്രവർത്തനങ്ങൾ കൊണ്ടും പ്രകൃതിയെ നിരന്തരം നശിപ്പിച്ചുകൊണ്ടിരിക്കുന്നു, ലക്ഷോപലക്ഷം വർഷങ്ങൾ കൊണ്ട് പശ്ചിമഘട്ടത്തിൽ രൂപമെടുത്ത സവിശേഷപരിസ്ഥിതിയെയും മനുഷ്യൻ വെറുതെ വിടുന്നില്ല, ഇരുമ്പുകൊണ്ടുള്ള ആയുധങ്ങൾ കരഗതമായതോടെ കാടുവെട്ടിത്തെളിച്ച് കൃഷി ചെയ്യാനും ആരംഭിച്ചു. മനുഷ്യന്റെ ഇത്തരം പ്രവർത്തികൾ നശീകരണാത്മകമാണെങ്കിൽ കൂടി മനഃപൂർവ്വമായ പ്രകൃതി സംരക്ഷണ മാർഗങ്ങൾ കൈക്കൊള്ളുന്ന ഒരേ ജീവിവർഗവും മനുഷ്യർ തന്നെയാണ് " (പേജ് 136 )

"പരിസ്ഥിതിയെ സംബന്ധിച്ചിടത്തോളം ഏറ്റവും വിനാശകാരികൾ മനുഷ്യർ തന്നെയാണ് എന്ന് മാത്രമല്ല മനഃപൂർവ്വമായ ആസൂത്രണത്തോടെ പ്രകൃതിയെ നശിപ്പിക്കുന്ന ഭൂമിയിലെ ഒരേയൊരു ജന്തുവിഭാഗവും മനുഷ്യർ തന്നെയാണ്. " (പേജ് 142 )

പ്രകൃതിയിൽ ബോധപൂർവം ഇടപെടുകയും അതിന്റെ ഭാഗമായി പ്രകൃതിയെ മാറ്റിമറിക്കുകയും സ്വയം മാറുകയും ചെയ്യുന്ന ജീവിവർഗമാണ് മനുഷ്യൻ. ഈ ഇടപെടലുകളുടെ തീവ്രത നിശ്ചയിക്കുന്നത് മനുഷ്യൻ ഏർപ്പെടുന്ന ഉത്പാദന പ്രക്രിയയും അതിനെ നിശ്ചയിക്കുന്ന ഉത്പാദന വ്യവസ്ഥയുമാണ്. ലളിതമായി പറഞ്ഞാൽ പതിനായിരക്കണക്കിന് വർഷമായി മനുഷ്യൻ ഭൂമുഖത്തുണ്ടെങ്കിലും പരിസ്ഥിതിപ്രശ്നം ഭൂമിയുടെ നിലനിൽപ്പിനെ ബാധിക്കും വിധം രൂക്ഷമായത് കഴിഞ്ഞ മുന്നൂറു വര്‍ഷങ്ങൾക്കിടയിലാണ്. അതായത് മുതലാളിത്തവ്യവസ്ഥയുടെ വരവിനു ശേഷം. കേരളത്തിൽ ഇപ്പോഴുണ്ടായ പ്രകൃതി ദുരന്തങ്ങളുടെ കാരണം കാലാവസ്ഥാ വ്യതിയാനമാണെന്നും അതിനുകാരണമായത് കഴിഞ്ഞ മുപ്പതു വർഷത്തിനിടയിൽ അന്തരീക്ഷത്തിൽ വലിയ രീതിയിൽ വർദ്ധിച്ച ഹരിതഗൃഹവാതകങ്ങളുടെ അളവുമാണ്. ഈ വാതകങ്ങളുടെ ഉത്സർജ്ജനം ഏകതാനമായ അളവിലല്ല. ഒന്നാം പ്രതി അമേരിക്കയും വികസിത രാജ്യങ്ങളുമാണ്. ചുരുക്കി പറഞ്ഞാൽ വയനാട്ടിലെ പണിയ വിഭാഗത്തിൽപെട്ട ആദിവാസിയും മുകേഷ് അംബാനിയും മനുഷ്യർ ആണെങ്കിലും പരിസ്ഥിതിയിലെ ഇടപെടൽ ഒരേ പോലെ അല്ല. അതുകൊണ്ടു തന്നെ ഉപഭോഗത്തിലെ മിതവ്യയം കൊണ്ടോ ഹരിത സാങ്കേതികവിദ്യകൊണ്ടോ പരിഹരിക്കാവുന്ന ഒന്നല്ല പരിസ്ഥിതി പ്രശ്നം. അതിനു കൃത്യമായ വർഗതാല്പര്യമുണ്ട്. എല്ലാ മനുഷ്യരെയും പ്രതിസ്ഥാനത്ത് നിർത്തി വ്യവസ്ഥയെ കുറ്റവിമുക്തമാക്കുന്ന വലതുപക്ഷരാഷ്ട്രീയമാണ് ഒരർത്ഥത്തിൽ ഗാഡ്ഗിലും മുന്നോട്ട് വെക്കുന്നത്, അത് അപകടകരമാണ്. ഇവിടെയാണ് ഉത്പാദനവ്യവസ്ഥയെ വിമർശവിധേയമാക്കുന്ന ഒരു പരിസ്ഥിതി രാഷ്ട്രീയത്തിന്റെ പ്രസക്തി. കേരളത്തിന്റെ സവിശേഷ സാഹചര്യത്തിൽ ഈ രാഷ്ട്രീയത്തിന്റെ ദിശയെന്താകണം എന്ന് പരിശോധിക്കുകയാണ് ഈ ലേഖനത്തിന്റെ രണ്ടാം ഭാഗത്തിൽ.

[തുടരും]