ഗോദാവരി പരുലേക്കർ: രാഷ്ട്രീയ ജീവിതത്തിന്റെ ഒരു സമകാലീന വായന

Godavari Parulekar talking to villagers

മുഖ്യധാരാ ചരിത്രം വിസ്മരിക്കുന്ന അസംഖ്യം സമരോന്മുഖമായ ജീവിതങ്ങളും പോരാട്ടങ്ങളും സംഘട്ടനങ്ങളുമെല്ലാം ഉൾച്ചേർന്നതാണ് നമ്മുടെ രാഷ്ട്രീയ വികാസചരിത്രമെന്നത്. അവിടെ ഒരിക്കലും മറന്നു പോകരുതാത്ത പേരുകളിൽ ഒന്നാണ് മഹാരാഷ്ട്രക്കാർ സ്നേഹത്തോടെ 'ഗോദുതായി' എന്ന് വിളിക്കുന്ന സഖാവ് ഗോദാവരി പരുലേക്കറുടേത്. 1945 മുതൽ രണ്ടുവർഷക്കാലം നീണ്ടുനിന്ന, ഏറെ ചരിത്രപ്രാധാന്യം നിറഞ്ഞ വർളി ആദിവാസി സമരത്തിനു ചുക്കാൻ പിടിച്ചത് സഖാവ് ഗോദാവരിയും  അവരുടെ ജീവിതപങ്കാളിയുമായിരുന്ന സഖാവ് ശാംറാവ് പരുലേക്കറും കൂടെയാണ്. മഹാരാഷ്ട്രയിലേയും ഇന്ത്യയിലേതന്നെയും സാമൂഹിക-രാഷ്ട്രീയ മണ്ഡലത്തിന് അവർ  നൽകിയ സംഭാവനകൾ നമ്മുടെ ചരിത്രത്തിൽ തങ്കലിപികളാൽ ആലേഖനം ചെയ്യപ്പെടേണ്ടവയാണ്. ഒരു മനുഷ്യായുസ്സ് കൊണ്ട് ചെയ്തുതീർക്കാവുന്നതോ, അതിലധികമോ തന്നെ അവർ സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവരുടെ സമരത്തിന്റെ ഭാഗമായി നിന്നുകൊണ്ട് ചെയ്തിട്ടുണ്ട്. ആദിവാസികൾക്കും, സ്ത്രീകൾക്കും, കർഷകർക്കും, തൊഴിലാളികൾക്കുമെല്ലാം എതിരെ നിലനിന്ന ചൂഷണങ്ങൾക്കെതിരെ നിർഭയം ശബ്ദമുയർത്തുകയും, അവരെ സംഘടിപ്പിക്കുന്നതിലും, അവകാശങ്ങൾ നേടിയെടുക്കാൻ പ്രാപ്തരാക്കുന്നതിലും വലിയ പങ്ക് വഹിക്കുകയും ചെയ്തിട്ടുണ്ട്. സൂര്യനസ്തമിക്കാത്ത നാടെന്നു വിശേഷിപ്പിക്കപ്പെട്ട ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെയും, അവരുടെ സാമ്രാജ്യത്വഭരണനയങ്ങൾക്കെതിരെയും സധൈര്യം പോരാടുകയും, ഇന്ത്യൻ സ്വാതന്ത്യസമരത്തിൽ നിർണായകപങ്കു വഹിക്കുകയും ചെയ്തിട്ടുണ്ട് സഖാവ് ഗോദാവരി.

മഹാരാഷ്ട്രയിലെ ആദ്യത്തെ വനിതാ നിയമബിരുദധാരിയും, ഒരുപക്ഷെ മഹാരാഷ്ട്രയിലെ തന്നെ ആദ്യത്തെ സാക്ഷരതാ ക്യാമ്പയിൻ നടത്തിയതും, 1938ൽ ആന്റി വർക്കർ ബ്ലാക്ക് ആക്റ്റിനെതിരെ മുംബൈയിലെ ഏകദേശം പതിനായിരത്തിലധികം വരുന്ന  ഗാർഹികത്തൊഴിലാളികളെയും സംഘടിപ്പിച്ചു നീണ്ട മാർച്ചു നടത്തിയതും സഖാവ് ഗോദാവരിയാണ്. മാർക്സിസ്റ്റ്-കമ്മ്യൂണിസ്റ്റ് ആശയങ്ങളിൽ പ്രചോദനം ഉൾക്കൊള്ളുകയും, രാഷ്ട്രീയ-സംഘാടക ജീവിതത്തിൽ അതിനെ പകർത്തുകയും ചെയ്ത സഖാവ് ഗോദാവരി മഹാരാഷ്ട്ര രാജ്യ കിസാൻ സഭയുടെ സ്ഥാപകരിൽ ഒരാളും, അഖിലേന്ത്യാ കർഷകസംഘത്തിന്റെ അദ്ധ്യക്ഷസ്ഥാനത്തെത്തിയ ആദ്യ വനിതാ നേതാവും, ഇരുപത്തഞ്ചു വർഷത്തോളം സിപിഐ(എം) കേന്ദ്ര കമ്മിറ്റി അംഗവും ആയിരുന്നു. വർളി ആദിവാസിസമരക്കാലത്തെ അടിസ്ഥനാക്കി സഖാവ് ഗോദാവരി രചിച്ച 'Adivasi Revolt' എന്ന പുസ്തകം ജാപ്പനീസ് അടക്കമുള്ള അനേകം ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെടുകയും, സാഹിത്യ അക്കാദമി അവാർഡ്, ജവഹർ ലാൽ നെഹ്‌റു അവാർഡ്, സോവിയറ്റ് ലാൻഡ് അവാർഡ് എന്നീ പുരസ്‌കാരങ്ങൾ നേടിയിട്ടുമുണ്ട്.

പുനെയിലെ ഒരു മധ്യവർഗ കുടുംബത്തിൽ 1907 ഓഗസ്റ്റ് 14നാണ് സഖാവ് ഗോദാവരി ജനിച്ചത്. പിതാവ് ലക്ഷ്മണറാവ് ഗോഖലെ വക്കീലും, ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ മിതവാദിയും കൂടെ ആയിരുന്ന ഗോപാൽ കൃഷ്ണ ഗോഖലെയുടെ അകന്ന ബന്ധുവുമായിരുന്നു. പുനെയിലെ ഫെർഗുസൺ കോളേജിൽ, സാമ്പത്തികശാസ്ത്രത്തിലും, രാഷ്ട്രീയശാസ്ത്രത്തിലും ബിരുദം പൂർത്തീകരിച്ച ഗോദാവരി പിന്നീട് നിയമം പഠിക്കുകയും മഹാരാഷ്ട്രയിലെ തന്നെ ആദ്യത്തെ വനിതാ നിയമബിരുദധാരിയായി മാറുകയും ചെയ്തു.

പഠനകാലത്തു തന്നെ ബ്രിട്ടീഷ് ഭരണത്തിനെതിരായ വിദ്യാർഥിസമരങ്ങളിൽ സജീവപങ്കാളിയായിരുന്ന ഗോദാവരി, സ്വാതന്ത്രസമരങ്ങളുടെ ഭാഗമായി ഒറ്റയാൾ സത്യാഗ്രഹങ്ങൾ നടത്തുകയും, അതിന്റെ പേരിൽ 1932ൽ കുറ്റം ചുമത്തപ്പെടുകയും ജയിലിലടക്കപ്പെടുകയും ചെയ്തിട്ടുണ്ട്. ജയിലിൽ നിന്നും പുറത്തുവന്നു,  പിതാവുമായുള്ള പ്രശ്നങ്ങളെ തുടർന്ന്, മുംബൈയിലെത്തുകയും, മുപ്പതുകളുടെ ആദ്യത്തിൽ തന്നെ സെർവെന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെ ഭാഗമായി സേവനപ്രവർത്തങ്ങൾക്കു തുടക്കം കുറിക്കുകയും ചെയ്തു. സൊസൈറ്റിയുടെ ആജീവനാന്താംഗമാകുന്ന ആദ്യത്തെ വനിതയും ഗോദാവരിയാണ്.

സെർവെന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെ പ്രവർത്തനങ്ങൾക്കിടെയാണ് സഖാവ് ഗോദാവരി തന്റെ വ്യക്തിജീവിതത്തിലെയും, രാഷ്ട്രീയജീവിതത്തിലെയും പങ്കാളിയായിത്തീർന്ന ശംറാവ് പരുലേക്കറിനെ കണ്ടുമുട്ടുന്നത്.

സെർവെന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെ മിതവാദരാഷ്ട്രീയത്തിൽ നിന്നും സമൂഹത്തിൽ കൂടുതൽ ഘടനാപരമായ മാറ്റങ്ങൾ അനിവാര്യമാണെന്ന തിരിച്ചറിവിൽ മാർക്സിസ്റ്റ് ഇടതുരാഷ്ട്രീയത്തിലേക്കുള്ള അവർ ഇരുവരുടെയും യാത്ര ആവേശഭരിതമാണ്.

ഇരുവരും കമ്മ്യൂണിസ്റ്റ് പാർടിയുടെ ഭാഗമാകുന്നത് മുപ്പതുകളുടെ അവസാനത്തിലാണെങ്കിലും, വർഗ്ഗ രാഷ്ട്രീയത്തിന്റെ പ്രാധാന്യം നേരത്തെതന്നെ മനസ്സിലാക്കിയവരാണ്. സ്വാതന്ത്യം എന്നത് വെറും ബ്രിട്ടീഷ് രാജിൽ നിന്നുമുള്ള മോചനമല്ലെന്നും, അത് സമൂഹത്തിൽ നിലനിൽക്കുന്ന രാഷ്ട്രീയ-സാമ്പത്തിക-സാമൂഹിക അസമത്വങ്ങളെ ഇല്ലാതാക്കി, സമൂഹത്തിന്റെ അടിത്തട്ടിലുള്ള ലക്ഷകണക്കിനാളുകൾക്ക്  നീതിയും കൂടെ ലഭിക്കുമ്പോഴേ സ്വാതന്ത്ര്യത്തിന്റെ അർഥം പൂർണമാകൂ എന്നും വളരെ നേരത്തെ തിരിച്ചറിഞ്ഞവരാണ് ഈ വിപ്ലവദമ്പതികൾ. അതുകൊണ്ട് തന്നെ ഇരുവരും തൊഴിലാളികളും, കർഷകരുമടക്കമുള്ള അടിസ്ഥാനവർഗ്ഗത്തെ സംഘടിപ്പിക്കുന്നതിൽ സജീവമായിരുന്നു.

മഹാരാഷ്ട്രയിലെ ആദ്യത്തെ സാക്ഷരതാ ക്യാമ്പയിൻ 1937-38 കാലയളവിൽ സെർവെന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റിയിൽ സേവനം ചെയ്തുകൊണ്ടിരുന്ന സമയത്താണ് ഗോദാവരി പരുലേക്കർ ഏറ്റെടുത്തു നടത്തിയത്. വമ്പിച്ച ജനപങ്കാളിത്തത്തോടു കൂടെ വളരെ വിജയകരമായിത്തീർന്ന ആ ക്യാമ്പയിനിനു ശേഷം, മഹാരാഷ്ട്ര മുഖ്യമന്ത്രിയും, കോൺഗ്രസ് നേതാവുമായിരുന്ന ബി.എച്ച്. ഖേർ, സർക്കാരിന്റെ അഡൾട് ലിറ്ററസി വകുപ്പിന്റെ ചെയർപേഴ്സനായി ഗോദാവരിയെ ക്ഷണിക്കുകയുണ്ടായി. എന്നാൽ രാഷ്ട്രീയകാര്യങ്ങളിൽ വളരെ വ്യക്തമായ കാഴ്ചപ്പടുണ്ടായ ഗോദാവരി കൊടുത്ത മറുപടി ഇതാണ്, "There are some people who yet cannot be purchased” (“ചില ആളുകളുണ്ട്, നിങ്ങൾക്ക് വിലകൊടുത്തു വാങ്ങാൻ കഴിയാത്തതു.”) ഗാർഹിക തൊഴിലാളികളെ സംഘടിപ്പിച്ചു നീണ്ട റാലി നടത്തുന്നതും, താനെ ജില്ലയിലെ കല്യാണിനും മൂർബാദിനും അടുത്തുള്ള കർഷകതൊഴിലാളികളെ സംഘടിപ്പിക്കുന്നതും, ഗോദാവരിയും ശംറാവും വിവാഹിതരാകുന്നതും ഇതേ കാലത്താണ്.

സമൂഹത്തിലെ നാനാ വിഭാഗം ആളുകളുമായുള്ള നിരന്തരമായ ഇടപെടലുകളിലൂടെയും, സമരാനുഭവങ്ങളിലൂടെയും കാഴ്ചപ്പാടിലുണ്ടായ വ്യത്യാസങ്ങളാണ് മാർക്സിസ്റ്റ്‌ പ്രത്യയശാസ്ത്രത്തിനെ കുറിച്ച് കൂടുതൽ പഠിക്കാൻ ഇരുവരെയും തത്പരരാക്കിയത്. അത് പിന്നീട് അവരുടെ രാഷ്ട്രീയജീവിതത്തിനു തന്നെ ഒരു വഴിത്തിരിവാകുകയും ചെയ്തു. ഡോ. അംബേദ്‌കറിന്റെ നേതൃത്വത്തിൽ രൂപം കൊടുത്ത ഇൻഡിപെൻഡൻറ് ലേബർ പാർടിയുടെ ഭാഗമായിരുന്ന ശംറാവ് പരുലേക്കറും, സെർവെന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റിയുടെ ഭാഗമായിരുന്ന ഗോദാവരി പരുലേക്കറും അതിന്റെ പരിമിതികൾ മനസ്സിലാക്കുകയും 1938-39ൽ കമ്മ്യൂണിസ്റ്റ് പാർടിയിൽ ചേരുകയും ചെയ്തു.

രണ്ടാം ലോക മഹായുദ്ധത്തിന്റെ സമയത്തു സെർവെന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റിയിൽ ബ്രിട്ടന് അനുകൂലമായും പ്രതികൂലമായും രണ്ടു നിലപാടുകൾ ഉയർന്നു വന്നതോടെ പ്രശ്നങ്ങൾ രൂക്ഷമായി. അംബർനാഥിലെ വിംക്കോ ഫാക്റ്ററി തൊഴിലാളികളെ സംഘടിപ്പിച്ചു നടത്തിയ സമരത്തിൽ ശംറാവ് പരുലേക്കർ പ്രസംഗിക്കുകയും, അതിനെ തുടർന്ന് പ്രദേശത്തെ കോൺഗ്രസ് നേതാക്കൾ മഹാത്മാഗാന്ധിക്ക്‌ കത്തെഴുതുകയും ചെയ്തു. എന്നാൽ ശംറാവ് പരുലേക്കറെയും, ഗോദാവരിയെയും പിന്തുണച്ചു സൊസൈറ്റിയുടെ നേതാവും, എഐടിയുസി ദേശീയ അധ്യക്ഷനായ എൻ.എം.ജോഷി ഗാന്ധിജിക്ക് മറുപടി എഴുതി.

രണ്ടാം ലോകമഹായുദ്ധകാലത്ത്, സഖാവ് ഗോദാവരിയും, ശംറാവും, യുദ്ധത്തിനോടുള്ള തങ്ങളുടെ എതിർപ്പ് കത്തുകളിൽ എഴുതി ജനങ്ങൾക്കിടയിൽ വിതരണം ചെയ്തു, യുദ്ധവിരുദ്ധസമരങ്ങൾ നടത്താൻ കമ്മ്യൂണിസ്റ്റ് പാർടിയോടൊപ്പം മുന്നിട്ടിറങ്ങി. അതുവഴി ബ്രിട്ടീഷ് ഭരണത്തിന് കീഴിലെ അടിച്ചമർത്തലുകളും, അനീതിയും, ചൂഷണവും തുറന്നുകാട്ടാൻ അവർക്കും സഖാക്കൾക്കും സാധിച്ചു. 1940ലെ ബോംബൈ ടെക്സ്റ്റ്സ്റ്റൈൽസ് സമരത്തിൽ യുദ്ധവിരുദ്ധ പ്രസ്താവനകൾ നടത്തിയതിനെ തുടർന്ന്, ശംറാവ് പരുലേക്കറിനേയും,  ബി. ടി. രണദിവെ, എസ്. എ. ഡാങ്കെ തുടങ്ങിയ കമ്മ്യൂണിസ്റ്റ് നേതാക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. പക്ഷേ, സമരം അവിടെ അവസാനിച്ചില്ല. നാൽപതു ദിവസത്തോളം നീണ്ടു നിന്ന സമരം ഗോദാവരിയുടെ നേതൃത്വത്തിൽ മുന്നോട്ട് കൊണ്ടുപോകുകയും വിജയിക്കുകയും ചെയ്തു. എങ്കിലും അധികം വൈകാതെ തന്നെ സഖാവ് ഗോദാവരിയെയും പോലീസ് അറസ്റ്റ് ചെയ്യുകയും, തുടർന്ന് സെർവെന്റ്സ് ഓഫ് ഇന്ത്യ സൊസൈറ്റി, അവരുടെ അംഗത്വം മരവിപ്പിക്കുകയും ചെയ്തു.

ജയിലിൽ നിന്നും 1942ൽ മോചനം നേടിയതിനു ശേഷമാണ് കർഷകരെ സംഘടിപ്പിക്കുന്നതും, അത് മഹാരാഷ്ട്ര രാജ്യകിസാൻ സഭയുടെ രൂപീകരണത്തിലേക്കു വഴിവെക്കുകയയും ചെയ്യുന്നത്. ഈ തീരുമാനത്തെ കുറിച്ച് പിന്നീട് സഖാവ് ഗോദാവരി തന്നെ പറഞ്ഞത് ഇന്നും പ്രസക്തമാണ്. "നമ്മുടെ രാജ്യത്തിന്റെ എഴുപത് ശതമാനത്തോളം വരുന്നത് കർഷകരാണ്. ഇത്രയും അധികമുള്ള ഈയൊരു ജനതയെ കമ്മ്യൂണിസ്റ്റ് പാർടിയുടേയോ കിസാൻ സഭയുടെയോ ഭാഗമാക്കിയില്ലെങ്കിൽ, അവരെ സംഘടിപ്പിച്ചു, അവരിൽ രാഷ്ട്രീയാവബോധം വളർത്താനായില്ലെങ്കിൽ ഇന്ത്യയിലെ സോഷ്യലിസ്റ്റ് വിപ്ലവം വെറും കടലാസ്സിൽ മാത്രമായിത്തീരും" എന്നാണ്. മഹാരാഷ്ട്ര രാജ്യകിസാൻ സഭയുടെ ആദ്യ സമ്മേളനത്തിനു വേണ്ടി സഖാവ് ഗോദാവരിയും മറ്റു പ്രവർത്തകരും കൂടെ ഏകദേശം എഴുന്നൂറോളം ഗ്രാമങ്ങളിൽ കാൽനടയായി ചെന്ന് നൂറ്റിയറുപതോളം പൊതുയോഗങ്ങൾ വരെ നടത്തിയിരുന്നു.

കിസാൻ സഭയുടെ ആദ്യ സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായാണ് വർളി ആദിവാസി വില്ലേജുമായി ബന്ധപ്പെടുന്നത്. ഭൂവുടമകളിൽ നിന്നും, പണമിടപാടുകാരിൽനിന്നും വർഷങ്ങളായുള്ള മനുഷ്യത്വരഹിതമായ  അതിക്രമങ്ങളുടെയും, ചൂഷണങ്ങളുടെയും കഥകളാണ് അന്ന് അവിടെ കൂടിയ മുന്നൂറോളം ആദിവസികൾക്ക് പറയാനുണ്ടായിരുന്നത്. ഭൂമിയുടെ യഥാർത്ഥ അവകാശികളായ ആദിവാസികളിൽ നിന്നും അനധികൃതമായി ഭൂമി സ്വന്തമാക്കിയ ജന്മികളുടെ കൂടെയായിരുന്നു ബ്രിട്ടീഷ് ഭരണകൂടവും, പോലീസും, നിയമവും. വർളി സമരത്തെ കുറിച്ചുള്ള തന്റെ പുസ്തകത്തിൽ സഖാവ് ഗോദാവരി പറയുന്നത് ആദിവാസി പുരുഷന്മാരും സ്ത്രീകളും ഒരുപോലെ വർളിയിൽ മർദനത്തിരയാക്കപ്പെട്ടിരുന്നു. നുകത്തിൽ കാളകൾക്ക് പകരം ആളുകളെ നിർത്തി നിലം ഉഴുവുക, സ്ത്രീകളെ ലൈംഗികചൂഷണങ്ങൾക്കു ഇരയാക്കുക, വിശന്ന സമയത്തു മാങ്ങ കഴിച്ചതിനു മരത്തിൽ കെട്ടിയിട്ടു ചാട്ടവാറടിക്കു വിധേയരാക്കുക തുടങ്ങിയ പ്രാകൃതമർദന മുറകളാണ് അവിടെ ജന്മിമാരുടെ നേതൃത്വത്തിൽ ആദിവാസികൾക്കെതിരെ നടന്നത്. അതുകൊണ്ട് തന്നെയാണ് വർളി സമരത്തിന്റെ പ്രതീകമായി അവർ ചാട്ടവാറിനെ തന്നെ തിരഞ്ഞെടുത്തതും. കാലങ്ങളായി അവർ അനുഭവിച്ചു പോന്ന ചൂഷണങ്ങൾക്കും അതിക്രമങ്ങൾക്കും എതിരെ ശബ്ദമുയർത്തി സ്വാതന്ത്ര്യം നേടിയെടുത്തത്തിന്റെ പ്രതീകം.

വർളിയിലെ നിരന്തരമായ സന്ദർശനങ്ങളിലൂടെയും,ഇടപെടലുകളുടെയും ഫലമായി 1945ൽ സഖാവ് ഗോദാവരി പരുലേക്കറും, ശംറാവ് പരുലേക്കറും കൂടെ സ്ത്രീകളടക്കം, അയ്യായിരത്തിലധികം വരുന്ന ആദിവാസികളെ സംഘടിപ്പിച്ചു, പന്ത്രണ്ടണയെങ്കിലും ദിവസക്കൂലി തരാതെ ജന്മികളുടെ സ്വകാര്യഭൂമിയിൽ പണിയെടുക്കരുതെന്നും, സൗജന്യസേവനങ്ങൾ ചെയ്തു കൊടുക്കരുതെന്നും, അക്രമങ്ങളെ ചെറുക്കണമെന്നും, സംഘടിതരായിരിക്കണമെന്നും അവർക്ക് ലളിതമായി വിശദീകരിച്ചു കൊടുത്തു.

അതായിരുന്നു പ്രശസ്തമായ വർളി ആദിവാസി സമരത്തിന്റെ തുടക്കം. നൂറ്റാണ്ടുകളായി ജന്മികൾ നടത്തിയ ചൂഷണങ്ങൾക്കെതിരെയും, നിർബന്ധിത വേലയ്‌ക്കെതിരെയും, അടിമത്വത്തിനെതിരെയും നടന്ന സമരം. സമരക്കാലത്ത് പലപ്പോഴും ഇരുവർക്കും താനെ ജില്ലയിൽ നേരിട്ട് പ്രവേശിക്കാൻ പോലും അനുവാദമില്ലായിരുന്നു. അതീവരഹസ്യമായാണ് ഇരുവരും സമരപ്രവർത്തനങ്ങൾക്ക് ഊർജം നൽകിയത്.

വർളി സമരത്തിന്റെ ഫലമായി മിനിമം വേജസ് ആക്റ്റ്, ടെനൻസി ആക്റ്റ് തുടങ്ങിയ നിയമങ്ങളിലുണ്ടായ മാറ്റം മഹാരാഷ്ട്രയുടെ മറ്റുഭാഗങ്ങളിലുള്ള കർഷകർക്കും തൊഴിലാളികൾക്കും വരെ ഗുണകരമായി.

ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷവും ഇരുവരും രാഷ്ട്രീയ-സാമൂഹ്യപ്രവർത്തനങ്ങൾ തുടർന്നു. കമ്മ്യൂണിസ്റ്റ് പാർടിയുടെ ആഭിമുഖ്യത്തിൽ 1954ൽ നടന്ന ദാദ്ര-നാഗേർ-ഹവേലി ലിബറേഷൻ മൂവ്മെന്റിന്റെ ചുക്കാൻ പിടിച്ചത് ഈ സഖാക്കളായിരുന്നു. മുംബൈ ആർതർ റോഡ് ജയിലിൽ വച്ച് 1965ൽ സഖാവ് ശംറാവ് പരുലേക്കർ ഹൃദയഘാതം മൂലം മരണപ്പെട്ടത്  സഖാവ് ഗോദാവരിയെ തളർത്തിയെങ്കിലും അവർ പൂർവ്വാധികം ശക്തിയോടെ പിന്നീട് പാർടി നേതൃസ്ഥാനങ്ങൾ ഏറ്റെടുത്തു.  കർഷകസംഘത്തിന്റെ ദേശീയാധ്യക്ഷയായി 1986ൽ ചുമതലയേറ്റെടുത്തപ്പോൾ എൺപതിനോടടുത്തായിരുന്നു അവരുടെ പ്രായം. കർഷകസംഘത്തിന്റെ വിപുലീകരണത്തിൽ നിർണായക പങ്കുവഹിച്ച സഖാവ് ഗോദാവരി 1996ൽ അന്തരിച്ചു.

ഏറെ സംഭവബഹുലമായിരുന്ന ഗോദാവരിയുടെ ജീവിതവും, രാഷ്ട്രീയവും ചരിത്രത്താളുകളിൽ അടയാളപ്പെടുത്തിയിട്ടുണ്ടെങ്കിലും മുഖ്യധാര ചരിത്രപഠനങ്ങളിലും, ബന്ധപ്പെട്ട മറ്റുശാഖകളിലും ഇപ്പോഴും അത്ര കാണപ്പെടുന്ന ഒന്നല്ല. ബ്രിട്ടീഷുകാരിൽനിന്നു ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുൻപും, അത് കഴിഞ്ഞും അവർ ഇന്ത്യൻ മണ്ണിനും, ഇവിടുത്തെ ജനങ്ങൾക്കും വേണ്ടി അശാന്തം പരിശ്രമിച്ചിട്ടുണ്ട്. സ്വാതന്ത്ര്യം ലഭിക്കുന്നതിനും എത്രയോ മുൻപേ തന്നെ സ്ത്രീകൾക്കു വേണ്ടി ശബ്ദിക്കുകയും, അവർ സമൂഹത്തിൽ നേരിടുന്ന വിവേചനകൾക്കെതിരെ പോരാടുകയും, അവരുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. എങ്കിലും മുഖ്യധാരാ സ്വാതന്ത്ര്യസമരചരിത്ര വായനകൾക്കിടയിലും, ഇന്ത്യൻ ഫെമിനിസ്റ്റ് മൂവ്മെന്റിന്റെ പഠനത്തിലും ഗോദാവരിയുടെ പേരു എത്ര തെളിഞ്ഞുകാണുന്നുവെന്നത് ഒരു ചോദ്യമായി അവശേഷിക്കുകയാണ്.

ആദിവാസികളും കർഷകരും തൊഴിലാളികളുമടങ്ങുന്ന സമൂഹത്തിലെ പാർശ്വവത്കരിക്കപ്പെട്ടവർക്കു വേണ്ടിയും, ജന്മികളും, ബ്രിട്ടീഷ് ഭരണകൂടവും നടത്തിയ നരനായാട്ടിനെതിരെ പ്രവർത്തിക്കാനും അവർ തന്റെ ജീവിതത്തിലെ തെല്ലൊരു ഭാഗവും മാറ്റിവച്ചു.

മാറിയ രാഷ്ട്രീയസാഹചര്യങ്ങളിൽ, അതും ഹിന്ദുത്വഫാസിസം ഇന്ത്യയിലെ ഓരോ കോണിലും വേരൂന്നി അതിന്റെ പൂർണവളർച്ചയിലേക്ക് അതിവേഗം വളരുന്ന ഈ സമയത്തു, വർഗീയധ്രുവീകരണശക്തികൾ സംരക്ഷകരുടെ ആട്ടിൻതോലണിഞ്ഞു ചൂഷണം ചെയ്യപ്പെട്ട ജനങ്ങളെ മുതലെടുക്കുന്ന ഈ സമയത്ത്, മുതലാളിത്തവും, വലതുപക്ഷരാഷ്ട്രീയവും അവിശുദ്ധ കൂട്ടുകെട്ടുണ്ടാക്കി, എതിർ ശബ്ദങ്ങളെ അക്രമം കൊണ്ടും, പോലീസ് മർദ്ദനങ്ങൾ കൊണ്ടും നിശബ്ദമാക്കുന്ന ഈ സമയത്ത്, കർഷകരും, ആദിവാസികളും, ദളിതരും, ന്യൂനപക്ഷവും, നിലനില്പിനും അസ്തിത്വത്തിനും വേണ്ടി കഷ്ടപ്പെടുന്ന ഈ കാലത്ത് ഗോദാവരിയെ പോലെ ഒരു ഇതിഹാസം ഓർമിക്കപ്പെടേണ്ടതാണ്. അവരുടെ രാഷ്ട്രീയം ഇന്നും മുറുകെ പിടിക്കേണ്ടതാണ്, സംഘടിതരാഷ്ട്രീയത്തിന്റെ പ്രാധാന്യം അസ്തമിക്കാത്തതാണ്.

 

അവലംബം:

"Godavari Parulekar: A Centenary Tribute" , The Marxist. Ashok Dhawale (2007).

Featured Image Credits: CPI Maharashtra

 

ഫാത്തിമ സുൽത്താന മുംബൈ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസിൽ വുമൺ സ്റ്റഡീസിൽ ബിരുദാനന്തര വിദ്യാർത്ഥിയാണ്.