ഹിന്ദു വര്‍ഗീയത എങ്ങനെയാണ് ഇന്ത്യയില്‍ രാഷ്ട്രീയശക്തിയായത്?

Growth of Hindutva Politics in India and the causes that lead to the growth

ഗാന്ധിയുടെ വധത്തെ തുടര്‍ന്ന് പൊതുസമൂഹത്തില്‍ മുഖം കാണിക്കാന്‍ കഴിയാത്ത വിധം മാളത്തില്‍ ഒളിച്ചതാണ് ഹിന്ദുവര്‍ഗീയത. അതിന്റെ രാഷ്ട്രീയമുഖമായ ഭാരതീയ ജനസംഘത്തിന് 1951-52ല്‍ നടന്ന ഇന്ത്യയിലെ ആദ്യ പൊതുതെരെഞ്ഞെടുപ്പില്‍ ലഭിച്ചത് കേവലം 3.06% വോട്ടുകളാണ്. ഹിന്ദുവര്‍ഗീയത എന്ന ആശയത്തിന് പൊതുസ്വീകാര്യതയുണ്ടായതും, അതിന്റെ രാഷ്ട്രീയമുഖങ്ങള്‍ക്ക് തെരെഞ്ഞെടുപ്പു ശക്തികളായി വളരുവാന്‍ സാധിച്ചതും എങ്ങനെയെന്ന് വിശദമായി പരിശോധിക്കേണ്ടതുണ്ട്.

ഹിന്ദു വര്‍ഗീയതയ്ക്ക് പൊതുസമൂഹത്തില്‍ ഇറങ്ങി പ്രവര്‍ത്തിക്കാനുള്ള ആദ്യാവസരം ഉണ്ടാക്കി കൊടുത്തത് കോണ്‍ഗ്രസ്സാണ് - അടിയന്തരാവസ്ഥയിലൂടെ. രണ്ടേ രണ്ട് അംഗങ്ങളുമായി ലോക്സഭയുടെ കോണിലിരുന്ന പാര്‍ടിയായിരുന്നു ബിജെപി. അതിനെ, പടിപടിയായി ഇന്ത്യയുടെ ഭരണം പിടിക്കാന്‍ പോന്ന ശക്തിയായി വളര്‍ത്തിയത് കോണ്‍ഗ്രസ്സാണ്. എന്നാലതിനു മുമ്പും, തങ്ങളുടെ രാഷ്ട്രീയലാഭത്തിനു വേണ്ടി കോണ്‍ഗ്രസ്സ് ഹിന്ദു വര്‍ഗീയതയെ പലവുരു ഉപയോഗപ്പെടുത്തിയിരുന്നു. ഫൈസാബാദിലെ ഉപതെരെഞ്ഞെടുപ്പാണ് അതില്‍ എടുത്തുപറയേണ്ട ആദ്യ സംഭവം.

ഫൈസാബാദ് ഉപതെരഞ്ഞെടുപ്പ്

കോണ്‍ഗ്രസില്‍ നിന്നും പഴയ കോണ്‍ഗ്രസ്സ് സോഷ്യലിസ്റ്റ് പാര്‍ടികകര്‍ 1948ല്‍ വഴി പിരിഞ്ഞു. ഇതിന്റെ ഭാഗമായി AICC അംഗവും, അയോദ്ധ്യ ഉള്‍പ്പെടുന്ന ഫൈസാബാദ് അസംബ്ലി മണ്ഡലത്തിലെ കോണ്‍ഗ്രസ്സ് പ്രതിനിധിയുമായിരുന്ന ആചാര്യ നരേന്ദ്ര ദേവ, തത്സ്ഥാനം രാജി വച്ചു കൊണ്ട് ഉപതെരെഞ്ഞെടുപ്പിനെ നേരിടുവാന്‍ തീരുമാനിച്ചു.

എന്നാല്‍, പരാജയ ഭീതി പൂണ്ട കോണ്‍ഗ്രസ്സ് ബാബാ രാഘവ് ദാസ് എന്ന ഒരു ഹിന്ദു സന്യാസിയെ എതിര്‍ സ്ഥാനാര്‍ത്ഥിയാക്കി. മാര്‍ക്സിസ്റ്റ്-സോഷ്യലിസ്റ്റ് ചിന്തകളോട് അനുഭാവമുണ്ടായിരുന്ന ഉള്ള ആചാര്യ നരേന്ദ്ര ദേവ് ഒരു നിരീശ്വരവാദിയാണെന്നുമുള്ള പ്രചാരണം അഴിച്ചു വിട്ടു. ബാബ്റി മസ്ജിദില്‍ വിഗ്രഹം കണ്ടു കിട്ടി എന്ന പ്രചാരണം ആരംഭിച്ചതും ഇക്കാലയളവിലാണ്. അവസാനം ഹിന്ദു വര്‍ഗീയവാദികളുടെ കയ്യയഞ്ഞ സഹായത്തോടെ ഉപതെരെഞ്ഞെടുപ്പില്‍ ആചാര്യ നരേന്ദ്രദേവിനെ പരാജയപ്പെടുത്തുകയായിരുന്നു കോണ്‍ഗ്രസ്സ്.

നരേന്ദ്ര ദേവിനെ തോല്‍പ്പിക്കാനായി ഹിന്ദു വര്‍ഗീയതയുടെ കാര്‍ഡ് സമര്‍ത്ഥമായി ഉപയോഗിക്കുകയായിരുന്നു അന്ന് കോണ്‍ഗ്രസ്സ്. ആധുനികഭാരത്തിന്റെ മതേതരമണ്ഡലത്തില്‍ വര്‍ഗീയവിള്ളലുകളുണ്ടായിത്തുടങ്ങിയത് ഈ സംഭവത്തോട് കൂടിയാണ്. പിന്നീടങ്ങോട്ട്, വര്‍ഗീയതയുടെ ചെളിക്കുണ്ടുകള്‍ നിറഞ്ഞ ആ വഴിയിലൂടെയാണ് കോണ്‍ഗ്രസ്സ് സഞ്ചരിച്ചത്.

ഗോള്‍വാള്‍ക്കറുടെ ആശയം നടപ്പിലാക്കുന്നു

കോണ്‍ഗ്രസിന്റെ രാഷ്ട്രീയശക്തിയും ആര്‍എസ്എസിന്റെ സാംസ്കാരികശക്തിയും (സംഘടനാശക്തിയും) ഒന്നിച്ചുചേര്‍ന്നാല്‍ കമ്യൂണിസമെന്ന ദുര്‍ഭൂതത്തെ നശിപ്പിക്കാനാകുമെന്ന ഗോള്‍വാള്‍ക്കറുടെ സ്വപ്നം രഹസ്യമായെങ്കിലും കോണ്‍ഗ്രസ്സ് വലതുപക്ഷം പങ്കിട്ടുപോന്നിട്ടുണ്ട്. 1949ല്‍ നെഹ്റു വിദേശത്തായിരുന്നപ്പോള്‍ കോണ്‍ഗ്രസ്സ് വര്‍ക്കിംഗ് കമ്മിറ്റി ആര്‍എസ്എസുകാര്‍ക്കും കോണ്‍ഗ്രസ്സ് അംഗത്വം നല്‍കാന്‍ തീരുമാനിക്കുകയുണ്ടായി. നെഹ്റുവിന്റെ ശക്തമായ എതിര്‍പ്പുമൂലം ഈ തീരുമാനം 1949 നവംബറില്‍ പിന്‍വലിച്ചുവെങ്കിലും പകല്‍ കോണ്‍ഗ്രസും രാത്രി ആര്‍എസ്എസ്സും എന്ന നിലയിലേക്ക് കേരളത്തിലെ വരെ കോണ്‍ഗ്രസുകാര്‍ എത്തി നില്‍ക്കുന്നു എന്നു സാക്ഷ്യപ്പെടുത്തിയത് കേരളത്തിലെ തന്നെ കോണ്‍ഗ്രസിലെ ഏറ്റവും തലമുതിര്‍ന്ന നേതാവായ ആന്റണിയാണ്. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനെതിരെ കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ നേതാവിനെ രംഗത്തിറക്കിയതും ഗോള്‍വാള്‍ക്കറുടെ സ്വപ്നം യാഥാര്‍ത്ഥ്യമാക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ്.

ബാബറി മസ്ജിദ്

പൂട്ടിക്കിടന്ന ബാബ്റി മസ്ജിദ് സംഘപരിവാറിനായി തുറന്നു കൊടുത്തത് കോണ്‍ഗ്രസ്സ്സാണ്. മന്ദിര്‍-മസ്ജിദ് വിവാദത്തിന് വീണ്ടും ജീവന്‍ നല്‍കിയ പൂട്ടുതുറന്നുകൊടുക്കലിലേക്കു നയിച്ച ഹിന്ദുത്വപ്രസ്ഥാനത്തില്‍ ഗുല്‍സാരിലാല്‍ നന്ദയെയും കരണ്‍സിങ്ങിനെയും പോലുള്ള കോണ്‍ഗ്രസിന്റെ സമുന്നതനേതാക്കള്‍ ചെറുതല്ലാത്ത പങ്കാണ് വഹിച്ചിട്ടുള്ളത്. അവിടെ ശിലാന്യാസത്തിലൂടെ ക്ഷേത്രത്തിന് തറക്കല്ലിടാന്‍ അനുവാദം കൊടുത്തത് കോണ്‍ഗ്രസ്സ്സാണ്. കര്‍ സേവയിലൂടെ അതൊരു മണ്ഡപമാക്കാന്‍ അനുവാദം കൊടുത്തതും കോണ്‍ഗ്രസ്സ്. ഇതിന്റെയൊക്കെ സ്വാഭാവികപരിണിതിയെന്ന നിലയില്‍ സംഘപരിവാര്‍ ബാബ്റി മസ്ജിദ് തകര്‍ത്തു തരിപ്പണമാക്കിയപ്പോള്‍ കര്‍മരാഹിത്യത്തിലൂടെ കേന്ദ്രത്തില്‍ മൗനം ആചരിച്ചുകൊണ്ട് അത് അനുവദിച്ചു കൊടുത്തതും കോണ്‍ഗ്രസ്സ്സ് തന്നെയായിരുന്നു.

പള്ളിപൊളിക്കുന്നതു തടയാന്‍ ചെറുവിരലനക്കാതെയിരുന്ന നരസിംഹറാവു സര്‍ക്കാര്‍ മാത്രമല്ല, അതിനുംമുമ്പ് തര്‍ക്കത്തിലിരുന്ന മസ്ജിദില്‍ ആരാധന നടത്താന്‍ ഹിന്ദുത്വവാദികളെ അനുവദിച്ചുകൊണ്ട് അതിന്റെ കവാടങ്ങള്‍ തുറന്നിട്ട രാജീവ് ഗാന്ധി ഗവണ്‍മെന്റും അതില്‍ പ്രതിസ്ഥാനത്താണ്. ഷാഹ്ബാനോ ബീഗം കേസിലെ വിധിയെ അട്ടിമറിച്ച് മുസ്ലീം പ്രീണനം നടത്തിയതിനു പിന്നാലെ നടപ്പാക്കിയ ബാലന്‍സിങ് ആക്റ്റ് ആയിരുന്നു, ബാബറി പള്ളി ആരാധനയ്ക്കായി തുറന്നിട്ടുകൊടുത്ത രാജീവ് ഗാന്ധിയുടെ നടപടി. ഇന്ത്യന്‍ മതേതരത്വത്തിന് ഏറ്റവും വലിയ പോറലേല്പിച്ച ഈ നടപടിയുടെ ഉത്തരവാദിത്വം കോണ്‍ഗ്രസ്സ്സിനാണ്.

സിഖ് വിരുദ്ധ കലാപം

സിഖ് വിഘടനവാദി നേതാവായ ഭിന്ദ്രന്‍വാലയെ വളര്‍ത്തിക്കൊണ്ടുവന്നത് ഇന്ദിരാഗാന്ധിയാണ്. പിന്നീട് അയാള്‍ ഇന്ദിരയ്ക്കെതിരെ തിരിഞ്ഞു. സുവര്‍ണക്ഷേത്രത്തിലെ പട്ടാളനടപടിയെ തുടര്‍ന്ന് സ്വന്തം സുരക്ഷാഭടന്മാരുടെ വെടിയേറ്റ് ഇന്ദിരാഗാന്ധി കൊല്ലപ്പെടുന്ന നിലയിലേക്ക് കാര്യങ്ങളെ എത്തുകയും ചെയ്തു. ഇന്ദിരാവധത്തിനെ തുടര്‍ന്നുണ്ടായ സിഖ് വിരുദ്ധ കലാപമാണ് വിഭജനത്തിനുശേഷം സ്വതന്ത്ര ഇന്ത്യ കണ്ടതില്‍ വെച്ചു ഏറ്റവും രൂക്ഷമായ വംശീയകലാപം. വന്‍മരം കടപുഴകുമ്പോള്‍ പുല്‍നാമ്പുകള്‍ അതിനടിയില്‍ പെട്ടു ചതഞ്ഞമര്‍ന്നെന്നിരിക്കും എന്നാണ് ആ കൂട്ടക്കൊലയെക്കുറിച്ചു രാജീവ് ഗാന്ധി പറഞ്ഞത്.

ബിജെപിക്കൊപ്പം മതേതര സര്‍ക്കാരിനെതിരെ

അയോദ്ധ്യയില്‍ നിന്നാണ് 1989ലെ തെരെഞ്ഞെടുപ്പില്‍ രാജീവ് ഗാന്ധി തന്റെ തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിച്ചത്. രാജസ്ഥാനിലെ നാഗൗറില്‍ നിന്നായിരുന്നു പ്രചാരണമാരംഭിക്കുവാന്‍ ആദ്യം പദ്ധതിയിട്ടിരുന്നുവെങ്കിലും, സംഘപരിവാറിന്റെ വര്‍ഗീയതയേക്കാള്‍ ഒരുപടി മുന്നിലാണ് തങ്ങളെന്ന് കാണിക്കുന്നതിന് അവസാനനിമിഷം വേദി അയോദ്ധ്യയിലേക്ക് മാറ്റുകയായിരുന്നു. മതനിരപേക്ഷത ഉറപ്പുവരുത്തുമെന്നായിരുന്നില്ല രാജീവ് ഗാന്ധി അന്നവിടെ പ്രഖ്യാപിച്ചത്, മറിച്ച് രാമരാജ്യം സ്ഥാപിക്കും എന്നായിരുന്നു.

തെരെഞ്ഞെടുപ്പിന് ശേഷം അധികാരത്തില്‍ വന്ന വി.പി. സിങ്ങിന്റെ നേതൃത്വത്തിലുള്ള ദേശീയമുന്നണിയുടെ മതനിരപേക്ഷ ഗവണ്‍മെന്റിനെ, അയോദ്ധ്യയിലേക്കുള്ള രഥയാത്ര നടത്തിയ എല്‍. കെ. അദ്വാനിയെ അറസ്റ്റ് ചെയ്തതിന്റെ പേരില്‍ പുറത്താക്കുവാന്‍, ബിജെപിക്കൊപ്പം നിന്ന് വോട്ട് ചെയ്തു തോല്പിച്ചതും കോണ്‍ഗ്രസ്സ്സ് തന്നെയാണ്.

ഹിന്ദുസ്വത്വത്തില്‍ ഊന്നല്‍

മാലേഗാവ് സ്ഫോടനത്തിന്റെ സൂത്രധാരന്മാരായ കേണല്‍ പുരോഹിതിനെതിരെയും സാധ്വി പ്രഗ്യാസിങ് ഠാക്കൂറിനെതിരെയും മറ്റും തുടങ്ങിവച്ച അന്വേഷണം സമയബന്ധിതമായി പൂര്‍ത്തീകരിച്ച് അവര്‍ക്കു ശിക്ഷ വാങ്ങി കൊടുക്കാനുള്ള രാഷ്ട്രീയ ഇച്ഛാശക്തിയോ സമ്മര്‍ദ്ദം ചെലുത്താനുള്ള കെല്‍പ്പോ അന്നു ഭരണസ്വാധീനമുണ്ടായിരുന്ന ഘട്ടത്തില്‍ പോലും കോണ്‍ഗ്രസിനുണ്ടായിരുന്നില്ല. അതില്‍ അവര്‍ക്കു താത്പര്യമില്ലായിരുന്നു എന്നതു മാത്രമാണ് കാരണം.

സോമനാഥ് ക്ഷേത്രത്തില്‍ നിന്നാണ് 2017ലെ ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിന് രാഹുല്‍ ഗാന്ധി തുടക്കം കുറിച്ചത്. അമ്പലങ്ങളായ അമ്പലങ്ങളിലെല്ലാം കയറിയിറങ്ങിയും താന്‍ ഹിന്ദുവാണെന്നും ഉയര്‍ന്ന ജാതിയില്‍പ്പെട്ടവനാണെന്നും (ജാന്യുധാരി) ആവര്‍ത്തിച്ച് ആവര്‍ത്തിച്ച് ആണയിട്ടുമാണ് അദ്ദേഹം പല സംസ്ഥാനങ്ങളിലും നിയമസഭാ തെരഞ്ഞെടുപ്പുകള്‍ക്കുള്ള പ്രചാരണം നടത്തിയത്. ഇങ്ങനെ ഇഞ്ചോടിഞ്ച് മൃദുഹിന്ദുത്വനിലപാടുമായി ഇപ്പോഴും നീങ്ങുന്ന കോണ്‍ഗ്രസ്സ് ഹിന്ദുവര്‍ഗീയതയെ കൂടിയാണ് ആവര്‍ച്ചാവര്‍ത്തിച്ച് ശരി വയ്ക്കുന്നത്.

വിവിധ സംസ്ഥാനങ്ങളിലെ നിലപാടുകള്‍

മധ്യപ്രദേശില്‍, ഉത്തര്‍പ്രദേശില്‍, ഗുജറാത്തില്‍ അങ്ങനെ പലയിടങ്ങളിലും വര്‍ഗീയതയോട് എന്തു നയമാണ് കോണ്‍ഗ്രസ്സ് സ്വീകരിച്ചുവന്നിരുന്നത് എന്നാലോചിക്കേണ്ടതുണ്ട്. ബിജെപിക്കു ബദലാണ് തങ്ങള്‍ എന്ന് അവകാശപ്പെട്ടുകൊണ്ട് മധ്യപ്രദേശില്‍ അധികാരത്തില്‍ വന്ന കോണ്‍ഗ്രസ്സാണ് അവിടെ ഗോഹത്യയുടെ പേരില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെ ദേശീയ സുരക്ഷാനിയമ പ്രകാരം കേസെടുത്തത്. കോണ്‍ഗ്രസിന്റെയും ബിജെപിയുടെയും നിയമസഭാ സാമാജികര്‍ ഒന്നിച്ചുനിന്നാണ് പശുവിനെ രാഷ്ട്രമാതാവായി പ്രഖ്യാപിക്കുന്ന പ്രമേയം പാസാക്കിയത്. രാമക്ഷേത്രം പണിയണമെങ്കില്‍ തങ്ങള്‍ അധികാരത്തില്‍ വരണമെന്നു പറയുന്നതും ഇതേ കോണ്‍ഗ്രസ്സാണ്. ഇപ്പോൾ അയോധ്യ വിധിയെ തുടര്‍ന്ന് ക്ഷേത്രം പണിയണം എന്നതാണ്‌ കോൺഗ്രസ്സ് പാര്‍ടിയുടെ ആഗ്രഹം എന്ന് അവരുടെ ദേശീയ വക്താക്കൾ വ്യക്തമാക്കിയിട്ടുണ്ട്.

ഈ തരത്തില്‍ കോണ്‍ഗ്രസ്സ് കാലങ്ങളായി വളര്‍ത്തിയെടുത്ത് ഉപയോഗിച്ചുവന്നിരുന്ന, ഇപ്പോഴും ഉപേക്ഷിക്കാന്‍ തയ്യാറായിട്ടില്ലാത്ത വര്‍ഗീയതയെ കുറേക്കൂടി വലിയ തോതില്‍ ബിജെപി ഉപയോഗിക്കുന്നു. രാമായണം സീരിയലില്‍ രാമന്റെ വേഷമണിഞ്ഞ നടനെ കോണ്‍ഗ്രസ്സ് ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പിന്റെ ഐക്കണാക്കിയപ്പോള്‍ ബിജെപി രാമനെ തന്നെ ഐക്കണാക്കി. മറയില്ലാത്ത ഈ വര്‍ഗീയ പ്രചാരണങ്ങളാണ് രണ്ടു സീറ്റില്‍ നിന്നു നൂറു സീറ്റിലേക്കും ഇന്നിപ്പോള്‍ രാജ്യഭരണം നിയന്ത്രിക്കുന്നതിലേക്കും ബിജെപിയെ എത്തിച്ചത്. ഈ പച്ച വര്‍ഗീയതയെ പ്രതിരോധിക്കാനുള്ള ശേഷി കോണ്‍ഗ്രസ്സിന് എവിടെയാണുള്ളത്?

കേരളത്തില്‍ തലശ്ശേരി കലാപം മുതല്‍ ഇങ്ങോട്ട് നിരവധി തവണ വര്‍ഗീയവത്കരണ ശ്രമങ്ങളെ പുരോഗമനശക്തികള്‍ പരാജയപ്പെടുത്തിയിട്ടുണ്ട്. അതേ സമയം രാജ്യത്തെ മതേതര പാര്‍ടിയെന്നവകാശപ്പെടുന്ന കോണ്‍ഗ്രസിന്റെ നീക്കിബാക്കി എന്താണ്? 1994ലെ ബോംബെ കലാപത്തില്‍ കോണ്‍ഗ്രസ്സ് അക്ഷരാര്‍ത്ഥത്തില്‍ അഴിഞ്ഞാടുകയായിരുന്നു. അതാണ് ശിവസേനയ്ക്ക് നേട്ടമായി മാറിയത്. ബോംബെയിലെ തുണിമില്ലുകളില്‍ പ്രധാന ട്രേഡ് യൂണിയനുകളെയും ഇന്ത്യയുടെ എല്ലാ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്കും സുരക്ഷിതമായി ജോലി ചെയ്യാവുന്ന ഇടമായി ബോംബെയെ നിലനിര്‍ത്തുന്നതില്‍ വലിയ സംഭാവനകള്‍ ചെയ്ത പുരോഗമനശക്തികളെയും തകര്‍ക്കാന്‍ ശിവസേനയെ സഹായിച്ചത് ഇന്ദിരാ ഗാന്ധിയുടെ കാലത്തെ കോണ്‍ഗ്രസ്സ് ആയിരുന്നു.

കോണ്‍ഗ്രസ്സും ഹിന്ദുത്വശക്തികളും തമ്മിലുള്ള ഈ അന്തര്‍ധാര ഒളിവും മറവുമില്ലാതെ നടത്തുവാന്‍ തുടങ്ങിയത് രണ്ടാം മോഡി സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷമാണ്. കോണ്‍ഗ്രസ്സ് തന്നെയാവിഷ്കരിച്ച യു.ഏ.പി.ഏ.-എന്‍.ഐ.ഏ. നിയമങ്ങളെ കൂടുതല്‍ ന്യൂനപക്ഷവിരുദ്ധമാക്കുവാന്‍, ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതികള്‍ക്ക് പാര്‍ലമെന്റിന്റെ അംഗീകാരം നല്‍കുവാന്‍ സഹായിച്ചത് കോണ്‍ഗ്രസ്സാണ്. ഇതൊക്കെ കൊണ്ടുതന്നെ ബിജെപിയിലൂടെ ആര്‍.എസ്.എസ്. നടപ്പിലാക്കുവാന്‍ ശ്രമിക്കുന്ന ഹിന്ദുത്വരാഷ്ട്രീയത്തിനെതിരെ മതനിരപേക്ഷ-ദേശീയതയുടെ പ്രതിരോധത്തെ ശക്തിപ്പെടുത്തണമെങ്കില്‍ കോണ്‍ഗ്രസ് എന്ന മാര്‍ഗതടസ്സം ഇല്ലാതെയാകണം.