സർവകലാശാലാ വിദ്യാഭ്യാസവും കേരളവും: അവഗണനകൾ, അപര്യാപ്തതകൾ

Higher Education Kerala

ഈ അധ്യയനവർഷവും പതിവ് പോലെ മലയാളിയുടെ വിദ്യഭ്യാസചർച്ചകൾ എസ് എസ് എൽ സി പരീക്ഷാ ഫലവും സ്വാശ്രയവിദ്യാഭ്യാസക്കച്ചവടവും എന്നതിൽ നിന്ന് മാറ്റമില്ലാതെ തുടരുകയാണ്. സ്കൂൾ തലത്തിൽ പൊതുവിദ്യാഭ്യാസസംരക്ഷണത്തിന് വേണ്ടിയുള്ള സർക്കാരിന്റെയും പൊതുസമൂഹത്തിന്റെയും അഭിനന്ദനാർഹമായ ഇടപെടലുകൾ കാണാതിരിക്കുന്നുമില്ല. ആറ് വയസ്സ് പൂർത്തിയാകുന്ന മുഴുവൻ കുട്ടികളും വിദ്യാഭ്യാസം നേടുന്നുവെന്ന് ഉറപ്പുവരുത്തുന്ന, ഒരുപക്ഷെ, രാജ്യത്തെ ഒരേയൊരു സംസ്ഥാനമെന്ന ഖ്യാതി നിലനിർത്താൻ കേരളത്തിന് സാധിച്ചിട്ടുണ്ട്. പക്ഷെ ഉന്നതവിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ നമ്മളെവിടെ നിൽക്കുന്നു എന്ന ആത്മാർത്ഥമായ പരിശോധന ഈ ഘട്ടത്തിൽ അത്യാവശ്യമാണ്.

ഉന്നതവിദ്യാഭ്യാസം അനുദിനം സ്വകാര്യവൽക്കരിക്കപ്പെട്ടു കൊണ്ടിരിക്കുകയും മൂലധനതാല്പര്യങ്ങൾ രാജ്യത്തെ ഗവേഷണങ്ങളേയും അക്കാഡമിയയെ തന്നെയും വിഴുങ്ങാൻ തുടങ്ങിയിരിക്കുകയും ചെയ്യുന്ന ഈ കാലത്ത് പൊതുവിദ്യാഭ്യാസത്തെ എക്കാലവും ഉയർത്തിപ്പിടിച്ച കേരളം എവിടെ നിൽക്കുന്നു എന്ന ഗൗരവമായ ചോദ്യം നമ്മൾ ചോദിക്കേണ്ടതുണ്ട്. കുറച്ച് വർഷങ്ങളായി, കൃത്യമായി പറഞ്ഞാൽ സ്വാശ്രയ കോളേജുകളുടെ വരവോടെ, മലയാളിയുടെ ഉന്നതവിദ്യാഭ്യാസ ചർച്ചയുടെ ദിശ അപ്പാടെ മാറിപ്പോവുകയാണുണ്ടായത്. ഉന്നതവിദ്യാഭ്യാസത്തെക്കുറിച്ചുള്ള നമ്മുടെ ആകുലതകൾ സ്വാശ്രയത്തിൽ തുടങ്ങി സ്വാശ്രയത്തിൽ അവസാനിക്കുന്ന തരത്തിൽ സെറ്റ് ചെയ്യപ്പെട്ടു. ആഗോളമുതലാളിത്തം ആവശ്യപ്പെട്ടിരുന്ന പ്രൊഫഷണൽ വിദ്യാഭ്യാസത്തിന്റെ വലിയ സാധ്യത കണ്ട് കണ്ണു മഞ്ഞളിച്ച് എഞ്ചിനിയറിങ്ങിനും മെഡിസിനും പിന്നാലെ മാത്രം ഓടിയിരുന്ന മലയാളി ഇന്ന് ചെറുതായൊന്ന് പുനർവിചിന്തനം നടത്തി തുടങ്ങിയിരിക്കുകയാണ്. ലക്ഷങ്ങളൊക്കെ കോടികളിലേക്കും ശതകോടികളിലേക്കും മാറിയെങ്കിലും മെഡിസിനെ ഇപ്പോഴും വെള്ളിവെളിച്ചത്തിൽ നിർത്താൻ സ്വാശ്രയമുതലാളിമാർക്കും മലയാളമാധ്യമങ്ങൾക്കും സാധിക്കുന്നുണ്ട് എന്നത് വാസ്തവമാണ്. ഏതായാലും എൻജിനിയറിങ് സീറ്റുകൾ ഒഴിഞ്ഞു കിടക്കുന്ന ഒരു കേരളം ഇന്ന് യാഥാർത്ഥ്യമായിരിക്കുന്നു എന്നത് മേൽ സൂചിപ്പിച്ച പുനർവിചിന്തനത്തിന്റെ സൂചകമായി കാണാവുന്നതാണ്.

സ്വാശ്രയ വിദ്യാഭ്യാസ വിഷയം ന്യൂസ് റൂമുകളിലെ അന്തിചർച്ചകളിൽ പോലും പ്രധാന ചർച്ചാ വിഷയമാകുമ്പോൾ നമ്മുടെ സർവകലാശാലകളെ കുറിച്ച് ഗൗരവമായ ഒരു ചർച്ച നടക്കുന്നത് എപ്പോഴെങ്കിലും ശ്രദ്ധയിൽ പെട്ടിട്ടുണ്ടോ? ഉദ്യോഗസ്ഥ തലത്തിലെ ചേരിപ്പോരുകളോ വിദ്യാർത്ഥി വിരുദ്ധ നിലപാടുകൾക്കെതിരെ ഉയർന്നു വരുന്ന വിദ്യാർത്ഥി സമരങ്ങളോ ഭൂമിദാനം പോലെയുള്ള വിവാദങ്ങളോ അല്ലാതെ കേരളത്തിലെ സർവകലാശാലകളെ കുറിച്ച് പൊതുസമൂഹം ഈ അടുത്ത കാലത്തെപ്പോഴെങ്കിലും ചർച്ച ചെയ്തിട്ടുണ്ടോ? കഴിഞ്ഞ ദിവസം പുറത്ത് വന്ന മാനവ വിഭവ ശേഷി വകുപ്പിന്റെ കണക്കുകൾ നമ്മുടെ അടിയന്തിര ശ്രദ്ധ ക്ഷണിക്കുന്നുണ്ട്. രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ റാങ്കിങ്ങിൽ ആദ്യ 30 ൽ പോലും കേരളത്തിൽ നിന്ന് ഒരു സ്ഥാപനം ഇല്ല. 47 ആം സ്ഥാനത്ത് വന്ന കേരള സർവകലാശാലയാണ് ഏറ്റവും മുന്നിലെത്തിയിരിക്കുന്നത്. എംജി 52, ഐസെർ 58, കൊച്ചിൻ സർവകലാശാല 99 എന്നിങ്ങനെയാണ് മറ്റുള്ള ആദ്യ 100 ൽ വന്നവർ. അതിലും പ്രധാനപ്പെട്ട കാര്യം യുജിസിയുടെ NAAC പോയിന്റ് കുറവായത് കൊണ്ട് കേരളത്തിലെ യൂണിവേഴ്സിറ്റികൾക്ക് വിദൂരവിദ്യാഭ്യാസം ഓഫർ ചെയ്യാനുള്ള അംഗീകാരം മരവിപ്പിച്ചിരിക്കുകയാണ് എന്നതാണ്. നോക്കൂ എന്താണ്എന്താണ് രാജ്യത്തെ ഏറ്റവും മികച്ച വിദ്യാഭ്യാസ സംസ്കാരമുള്ള കേരളത്തിലെ സർവകലാശാലകളുടെയും മറ്റു സ്ഥാപനങ്ങളുടേയും അവസ്ഥ എന്ന് എന്ന്!

രാജ്യത്തെ പ്രധാന യൂണിവേഴ്സിറ്റികളിലും ഐ ഐ ടികളിലും മറ്റ് ഇൻസ്റ്റിട്യൂട്ടുകളിലും കണക്കെടുത്താൽ കേരളത്തിൽ നിന്നുള്ള കുട്ടികളാണ് അവിടെയൊക്കെ പഠിക്കുന്നതും അവിടങ്ങളിലൊക്കെ ഏറ്റവും മികവ് പുലർത്തുന്നതും. ഇതിനെയൊരു ജനിതക ഗുണമായി കാണുകയൊന്നും വേണ്ട. ജാതി-മത-സാമ്പത്തിക ഭേദമന്യേ വിദ്യാഭ്യാസത്തിന്റെ ഗുണമെത്തിയ മലയാളിയുടെ രണ്ടാമത്തേയോ മൂന്നാമത്തെയോ തലമുറയാണ് ഈ നേട്ടം കൊയ്തു കൊണ്ടിരിക്കുന്നത്. അത് കൊണ്ട് തന്നെ കേന്ദ്ര സർവകലാശാലകളിലും മറ്റ് പ്രമുഖ ഇൻസ്റ്റിട്യൂട്ടുകളിലും എത്തുന്ന സാധാരണ മലയാളി വിദ്യാർത്ഥികൾ അവിടങ്ങളിലെ ശരാശരിക്കും മുകളിലുള്ള പ്രകടനം കാഴ്ച്ച വെക്കുന്നവരാണ്.

ആഗോള മുതലാളിത്തം നമ്മുടെ ഗവേഷണങ്ങൾ തീരുമാനിക്കാനുള്ള കരാറുകൾ ഓരോന്നോരോന്നായി രാജ്യത്തിന് മേൽ അടിച്ചേൽപ്പിച്ചു കൊണ്ടിരിക്കുമ്പോൾ  അതിനെതിരെയുള്ള സർഗാത്മകമായ ചെറുത്തു നില്പുകൾക്ക് നേതൃത്വം കൊടുക്കുന്ന ഒരിടം കൂടിയാണ് കേരളത്തിലെ സർവകലാശാലകൾ. അപ്പോഴും നമ്മുടെ യൂണിവേഴ്സിറ്റികളിൽ മുഴങ്ങി കൊണ്ടിരിക്കുന്ന  മരണമണി നമ്മളിനിയും ശ്രദ്ധിക്കാതിരിക്കുകയാണ്. ലോകത്തിന് തന്നെ മാതൃകയാകുന്ന തരത്തിൽ പൊതു വിദ്യാഭ്യാസ സമ്പ്രദായത്തെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയ സംസ്കാരമുള്ള കേരളത്തിൽ അക്കാദമിക രംഗം ഏറ്റവും വലിയ പ്രതിസന്ധിയിലൂടെ കടന്നു പോകുന്നു എന്ന് നിസ്സംശയം പറയേണ്ടി വരും.

സൗകര്യങ്ങളുടെ അപര്യാപ്തത തന്നെയാണ് ആദ്യത്തെ പ്രശ്നം. കേരളത്തിലെ സർവകലാശാലകളിൽ രാജ്യത്തെ വിവിധയിടങ്ങളിൽ നിന്നുള്ള ഏറ്റവും മികച്ച അക്കാഡമിക്കുകളെ ആകർഷിക്കാൻ വേണ്ട സൗകര്യങ്ങളോ അന്തരീക്ഷമോ പോലുമില്ല എന്നതാണ് യാഥാർഥ്യം. ഉള്ളവരിൽ തന്നെ പല പ്രമുഖരായ ഗവേഷകരും അധ്യാപകരും കേരളത്തിലെ സ്ഥാപനങ്ങളിൽ നിന്നും പുറത്തേക്ക് പോയി കൊണ്ടിരിക്കുകയാണ്. അവരെ പിടിച്ച് നിർത്താനോ അവരുന്നയിക്കുന്ന പ്രശ്നങ്ങൾ കേൾക്കാനോ ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ല.  വളർന്നു വരേണ്ടുന്ന അക്കാഡമിക്കുകളെ വേണ്ട രീതിയിൽ പരിപോഷിപ്പിക്കുകയോ പ്രോൽസാഹിപ്പിക്കുകയോ ചെയ്യുന്നില്ല എന്ന് മാത്രമല്ല കരാർ തൊഴിലിന്റെ ഏറ്റവും ഭീകരമായ പതിപ്പ് കാണാൻ കഴിയുന്നയിടമായി അക്കാദമിക ഇടങ്ങൾ മാറുക കൂടി ചെയ്യുന്നു.

ഏറ്റവും ആദ്യം രൂപീകൃതമായ കേരള സർവകലാശാല മുതൽ ഏറ്റവും പുതിയ സാങ്കേതിക സർവകലാശാലയും ഭാഷാ സർവകലാശാലയും വരെ എടുത്ത് നോക്കിയാൽ കെടുകാര്യസ്ഥതയുടെ കാര്യത്തിൽ പരസ്പരം മത്സരിക്കുന്നത് കാണാം. വിദ്യാർത്ഥികൾക്ക് അവരുടെ അക്കാദമിക മികവിന് ചെലവഴിക്കേണ്ട ഊർജത്തിലേറെയും നിരന്തരമായ സമരങ്ങൾക്ക് മാറ്റി വെക്കേണ്ടി വരികയാണ്. ഹോസ്റ്റൽ ഭക്ഷണത്തിന് മുതൽ റിസൾട്ട് പ്രഖ്യാപിക്കുന്നതിന് വേണ്ടി വരെ കേരളത്തിലെ വിദ്യാർത്ഥികൾ സമരം ചെയ്യേണ്ടി വരുന്നത് യഥാർത്ഥത്തിൽ കേരളീയ പൊതുസമൂഹത്തെ നാണിപ്പിക്കേണ്ടതാണ്. കാലാനുസൃതമായ സിലബസ് പരിഷ്കരണങ്ങൾ നടക്കുന്നില്ല. ഗവേഷണവിദ്യാർത്ഥികൾക്ക് ന്യായമായ ഫെല്ലോഷിപ്പുകൾ നൽകുന്നതിന് സാധിക്കുന്നില്ല. വാസ്തവത്തിൽ വിദ്യാർത്ഥികളെ ആകർഷിക്കുന്ന ഒന്നും തന്നെ കേരളത്തിലെ സർവകലാശാലകൾക്ക് പ്രദാനം ചെയ്യാനില്ല.


അങ്ങേയറ്റം വിദ്യാഭ്യാസക്കച്ചവടത്തിന് സഹായകമാകുന്ന ഓട്ടോണോമസ് കോളേജുകൾ എന്ന ആശയത്തിന് പോലും വലിയ തോതിൽ കേരളത്തിൽ സ്വീകാര്യത വർധിച്ച് കൊണ്ടിരിക്കുന്നതിന്റെ കാരണം എന്തായിരിക്കും? സര്‍വകലാശാലയുടെ കെടുകാര്യസ്ഥത ഒന്ന് മാത്രമാണെന്ന് ഏതൊരു വിദ്യാർത്ഥിയും ഒരാലോചന പോലും കൂടാതെ പറയും.

ഒന്ന് പരിശ്രമിച്ചാൽ രാജ്യത്തെ വിവിധയിടങ്ങളിലെ വിദ്യാർഥികൾ ഉന്നതവിദ്യാഭ്യാസത്തിന് വേണ്ടി ഒഴുകിയെത്തേണ്ട സ്ഥലമാണ് കേരളം. പക്ഷെ നമ്മുടെ മുൻഗണനകളിൽ ഇവിടുത്തെ ഉന്നത വിദ്യാഭ്യാസമോ സർവകലാശാലകളോ അതർഹിക്കുന്ന രീതിയിൽ ഇടം പിടിക്കുന്നതേയില്ല എന്നതാണ് യാഥാർഥ്യം. രാഷ്ട്രീയവും സർഗാത്മകവും വിദ്യാഭ്യാസപരവുമായ വലിയ ഇടപെടലുകൾക്ക് സാധിക്കുന്ന അത്തരം ചരിത്രം പേറുന്ന നമ്മുടെ സർവകലാശാലകൾ തീർച്ചയായും കൂടുതൽ പരിഗണന അർഹിക്കുന്നുണ്ട്. പൊതുവിദ്യാഭ്യാസത്തെ ശക്തിപ്പെടുത്താൻ സർക്കാർ നേതൃത്വത്തിൽ തന്നെ ആരംഭിച്ചിരിക്കുന്ന മുന്നേറ്റത്തിന്റെ ചുവട് പിടിച്ച് ആവശ്യമായ പരിഷ്കരണങ്ങൾ നടത്തിക്കൊണ്ട് മുഴുവൻ ജീവനക്കാരുടേയും വിദ്യാർത്ഥികളുടെയും പങ്കാളിത്തത്തോട് കൂടി വലിയൊരു മുന്നേറ്റം ഈ മേഖലയിൽ  കാലം ആവശ്യപ്പെടുന്നുണ്ട്. ഉന്നതവിദ്യാഭ്യാസത്തിലെ കേരളത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തുക എന്നതിൽ കവിഞ്ഞു ഈ നാട്ടിലെ വിദ്യാർത്ഥി സമൂഹം മെച്ചപ്പെട്ട സൗകര്യങ്ങളോടും സാഹചര്യങ്ങളോടും കൂടിയ വിദ്യാഭ്യാസം അർഹിക്കുന്നുണ്ട്. അതിന് വേണ്ട പോരാട്ടവും പിന്തുണയും ഇനിയും ഉയർന്നു വന്നില്ലെങ്കിൽ കോടികൾ മറിയുന്ന സ്വാശ്രയവിദ്യാഭ്യാസക്കച്ചവടത്തോട് മാത്രം സംവദിച്ച്, വരും തലമുറകൾക്ക് ഒന്നും അവശേഷിപ്പിക്കാതെ കടന്നുപോയവരായി ചരിത്രം നമ്മെ അടയാളപ്പെടുത്തും.