മഹാരാഷ്ട്രയുടെ സമരചരിത്രത്തിലൂടെ

godavari parulekar

നാളിതുവരെയുള്ള മഹാരാഷ്ട്രയുടെ സമരചരിത്രം ചോരയുടെ ചരിത്രമാണ്. സ്വാതന്ത്ര്യത്തിനുമുമ്പ്, 1920കളിലാണ് ബോംബെ ടെക്‌സ്റ്റൈൽ തൊഴിലാളികളുടെ സമരചരിത്രം തുടങ്ങുന്നത്. മില്ലുടമകൾ മുടക്കുമുതലിന് നൂറുശതമാനത്തിലധികം വാർഷികലാഭം കൊയ്തിട്ടും (മൂലധനത്തിനുമേൽ രേഖപ്പെടുത്തപ്പെട്ട ശരാശരി ലാഭം 99.69% ആയിരുന്നു!) കുട്ടികളടക്കം കുടുംബം മുഴുവൻ രാപ്പകൽ ജോലിചെയ്താലും തൊഴിലാളികൾക്ക് ഭക്ഷണം കഴിക്കാൻ പോലും അന്നത്തെ കൂലിനിരക്കനുസരിച്ച് സാധിക്കുമായിരുന്നില്ല.

മെച്ചപ്പെട്ട കൂലിക്കും തൊഴിൽസമയം കുറയ്ക്കാനുമായി 1925ലും 1928ലും നടന്ന ഐതിഹാസികമായ സമരങ്ങൾ ഇന്ത്യൻ തൊഴിലാളിപ്രസ്ഥാനങ്ങളുടെ ചരിത്രത്തിലെ നാഴികക്കല്ലുകളായിരുന്നു. സ്വാതന്ത്ര്യത്തിനു വേണ്ടി പോരാട്ടം നടക്കുന്ന കാലത്തും ബ്രിട്ടീഷ് തൊഴിലാളിസംഘടനകളുടെ ജനറൽ കൗൺസിൽ ഇന്ത്യൽ തുണിമിൽ തൊഴിലാളികൾക്കായി ലോക്കൗട്ട് ഫണ്ട് പ്രഖ്യാപിച്ച് അന്നത്തെ നിലക്ക് വലിയൊരു തുക (1250 പൗണ്ട്) സമാഹരിച്ചയച്ചു. സാർവ്വദേശീയ അദ്ധ്വാനവർഗ്ഗ ഐക്യം എന്ന സങ്കല്പത്തിന്റെ ഊഷ്മളമായ ഒരു gesture ആയിരുന്നു അത്. സ്വാതന്ത്ര്യസമരം ബ്രിട്ടനിലെ ജനങ്ങൾക്കെതിരെയല്ല ബ്രിട്ടീഷ് ഇം‌പീരിയലിസത്തിനെതിരെയാണെന്ന ആശയം ജനങ്ങൾക്കിടയിൽ, പ്രത്യേകിച്ച് അർബൻ തൊഴിലാളികൾക്കിടയിൽ, വേരോടാൻ ആ ഫണ്ട് വലിയതോതിൽ സഹായിച്ചു.

സ്റ്റേയ്റ്റ് മെഷിനറിയുടെ നീചമായ ദുരുപയോഗം വഴിയായിരുന്നു ഭക്ഷണം കഴിക്കാൻ തങ്ങളുടെ അദ്ധ്വാനത്തിന്റെ വിഹിതം ചോദിച്ച മനുഷ്യരെ നേരിട്ടത്. ക്രൂരമായ മർദ്ദനങ്ങളെയും അടിച്ചമർത്തലിനെയും ചെറുത്തുകൊണ്ട് 28ലെ സമരം ആറുമാസം നീണ്ടു നിന്നു. സർക്കാരും മില്ലുടമകളും ആവശ്യങ്ങൾ അംഗീകരിച്ചതിനു ശേഷമായിരുന്നു സമരം അവസാനിച്ചത്. സോലാപൂർ താനെ തുടങ്ങിയ മറ്റ് ടെക്സ്റ്റൈൽ കേന്ദ്രങ്ങളിലേക്കും സമരം വ്യാപിച്ചു.

മഹാരാഷ്ട്രയിലെ ഈ ടെക്സ്റ്റൈൽ സമരങ്ങളായിരുന്നു സ്വാതന്ത്ര്യസമരത്തിലേക്ക് വലിയ വിഭാഗം തൊഴിലാളികളെ രാജ്യമാസകലം മൊബിലൈസ് ചെയ്തത്. ജാതിയേയും മതത്തിനേയും മറികടന്ന് വർഗ്ഗപരമായി ജനങ്ങൾ സംഘടിക്കുകയും സാർവ്വദേശീയ തൊഴിലാളി ഐക്യം എന്ന മുദ്രാവാക്യത്തിനു കീഴിൽ അണിചേരുകയും ചെയ്തു. സ്വാതന്ത്ര്യം എന്നതിന് ബ്രിട്ടീഷ് ഇം‌പീരിയലിസത്തിൽ നിന്നുള്ള കേവലമായ സ്വാതന്ത്ര്യം എന്നതിലുപരി അടിമത്തത്തിൽ നിന്നുള്ള സ്വാതന്ത്ര്യം എന്ന അർത്ഥം ഉണ്ടായിവരുന്നത് ഈ സമരങ്ങളിലൂടെയാണ്. ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ വർഗ്ഗപരമായ ഉദയം തന്നെ മഹാരാഷ്ട്രയിലായിരുന്നു എന്ന് പറയാം. ബി ടി രണദിവെ, എസ് എ ഡാങ്കെ തുടങ്ങിയ ഇന്ത്യൻ കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല നേതൃത്വം ഉയർന്നുവന്നതും ഈ സമരങ്ങളിലൂടെയായിരുന്നു.

സമരവിജയങ്ങളിൽ നിന്ന് ഊർജ്ജമുൾക്കൊണ്ടുകൊണ്ട് സോലാപൂരിലെ തൊഴിലാളികളും സാധാരണക്കാരായ പൊതുജനങ്ങളും 1930ൽ ബ്രിട്ടീഷ് ഭരണത്തിനെതിരെ കലാപമാരംഭിച്ചു. അവർ സോലാപൂർ സിറ്റിയുടെ ഭരണമേറ്റെടുക്കുകയും പിന്നീട് ബ്രിട്ടീഷ് പട്ടാളം അതിക്രൂരമായി ആ നീക്കത്തെ അടിച്ചമർത്തുകയും ചെയ്തു. നേതൃത്വം കൊടുത്ത നാലുപേരെ അവർ മുപ്പത്തിയൊന്നിൽ തൂക്കിക്കൊന്നു.

38ൽ അദ്ധ്വാനവർഗ്ഗത്തിനെതിരെ സർക്കാർ കൊണ്ടുവന്ന കരിനിയമത്തിൽ പ്രതിഷേധിച്ച അംബേദ്കറുടെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ രാഷ്ട്രീയ പാർട്ടിയായ ഇൻഡിപെൻഡൻഡ് ലേബർ പാർട്ടിയും കമ്യൂണിസ്റ്റ് പാർട്ടിയും ചേർന്ന് വ്യാപകമായ പ്രചാരണവും സമരവും ആരംഭിച്ചു. 1927ൽ ദളിതർക്ക് പൊതുജലാശയങ്ങളിൽ നിന്ന് കുടിവെള്ളമെടുക്കാൻ നടന്ന സമരത്തിൽ അംബേദ്കറുടെ പ്രധാന സംഘാടകരായിരുന്നത് കമ്യൂണിസ്റ്റ് പാർട്ടി നേതാവ് ആർ ബി മോറെയും ശാംറാവു പാരുലേക്കറും ആയിരുന്നു.

വ്യവസായസമരങ്ങളിൽ നിന്ന് കർഷകസമരങ്ങളിലേക്ക് നോക്കുമ്പോൾ, മഹാരാഷ്ട്രക്ക് കമ്യൂണിസ്റ്റ് പാർട്ടിക്കും വളരെ മുമ്പേ വലിയ കർഷകസമരങ്ങളുടെ ചരിത്രമുണ്ടായിരുന്നു. പക്ഷേ കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്തിലാണ് സമരങ്ങൾക്ക് സൈദ്ധാന്തികമായും സംഘടനാപരമായുമുള്ള ദിശാബോധം ഉണ്ടാവുന്നത്. ഇപ്പോൾ സമരം ചെയ്ത് വിജയിപ്പിച്ച കമ്യൂണിസ്റ്റ് പാർട്ടിയുടെ വർഗ്ഗ സംഘടനയായ മഹാരാഷ്ട്ര രാജ്യ കിസാൻ സഭ 1945ൽ ശാംറാവു പാരുലേക്കറുടെയും ഗോദാവരി പാരുലേക്കറുടെയും നേതൃത്വത്തിൽ ആദ്യ സമ്മേളനം നടത്തി. മാസങ്ങൾക്കുള്ളിൽ അവർ രണ്ടുവർഷം നീണ്ടുനിന്ന ആദിവാസി പ്രക്ഷോഭം ആരംഭിച്ചു. ബ്രിട്ടീഷ് പോലീസും ജന്മിമാരും പലിശക്കാരും ഒരുമിച്ച് അതിക്രൂരമായാണ് സമരത്തെ നേരിട്ടത്. നീണ്ട മർദ്ദനങ്ങളും അതിക്രമങ്ങളും. സമാധാനപരമായി പ്രകടനം നടത്തിയിരുന്ന സമരക്കാർക്കുനേരെ വെടിവെച്ച് അഞ്ചുപേരെ അവർ കൊന്നു. സമരം ഇന്നത്തെപ്പോലെത്തന്നെ അന്നും അതിന്റെ ലക്ഷ്യങ്ങളിൽ വിജയിച്ചു. സമരം നടന്ന പ്രദേശങ്ങളിൽ കാർഷികവ്യവസ്ഥയിലെ അടിമത്തസംവിധാനവും അടിമപ്പണിയും ഇല്ലായ്മ ചെയ്തു. ഒരു പരിധിവരെ ഭൂമിക്ക് കൃഷിക്കാർ ഉടമസ്ഥരാവുകയും ചെയ്തു.

43 മുതൽ 46 വരെ ഏതാണ്ട് മൂന്നര വർഷം സടാര, സംഗ്ലി ജില്ലകളിൽ കൃഷിക്കാർ നാനാ പാട്ടീലിന്റെ നേതൃത്വത്തിൽ ബ്രിട്ടീഷ് ഗവണ്മെന്റിനെ മറികടന്ന് സമാന്തരഭരണം നടത്തുക കൂടി ചെയ്തു. പിന്നീട് നാനാ പാട്ടീൽ കമ്യൂണിസ്റ്റ് പാർട്ടിയിൽ ചേരുകയും ഇപ്പോൾ സമരം നടത്തിയ AIKSന്റെ നാഷണൽ പ്രസിഡൻഡായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

46ൽ ബോംബെ നാവികകലാപം ആരംഭിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് ജർമനിക്കെതിരെ പൊരുതാൻ കമ്യൂണിസ്റ്റ് പാർട്ടി വ്യപകമായി പട്ടാളത്തിലേക്കുള്ള റിക്രൂട്മെന്റിൽ ബ്രിട്ടീഷുകാരെ സഹായിച്ചിരുന്നു. യുദ്ധം കഴിഞ്ഞപ്പോൾ അവർ ബ്രിട്ടീഷുകാർക്കെതിരെ തിരിഞ്ഞു. നാവികകലാപത്തിൽ അവർ കാര്യമായ പങ്കുവഹിച്ചതായി കരുതപ്പെടുന്നു. ആദ്യം എയർ ഫോഴ്സിനകത്ത് തുടങ്ങുകയും പിന്നീട് നേവിയിലേക്ക് വ്യാപിക്കുകയും ചെയ്ത കലാപം ബ്രിട്ടീഷ് സർക്കാരിനെ ഇന്ത്യയിൽ നിന്ന് ഉടനടി കെട്ടുകെട്ടാൻ പ്രേരിപ്പിച്ച ഒന്നായിരുന്നു. ബ്രിട്ടീഷ് ഭരണത്തിന്റെ ശവപ്പെട്ടിയിലെ അവസാന ആണിയായിരുന്നു അത്.

അവരുടെ പട്ടാളത്തിൽത്തന്നെ ഉണ്ടായ ആഭ്യന്ത്രകലാപം. കമ്യൂണിസ്റ്റ് പാർട്ടി നാവികകലാപത്തിന് സർവ്വാത്മകമായ പിന്തുണ പ്രഖ്യാപിക്കുകയും അതിന്റെ സഖ്യകക്ഷിയാവുകയും ചെയ്തു. ബോംബെ ടെക്സ്റ്റൈൽ യൂണിയനിലുണ്ടായിരുന്ന പ്രവർത്തകർ നാവികകലാപത്തെ അടിച്ചമർത്താനെത്തിയ ബ്രിട്ടീഷ് സായുധ പട്ടാളത്തെയും പോലീസിനെയും തെരുവുകളിൽ ബാരിക്കേഡുകൾ ഉയർത്തി തടഞ്ഞു. ആറുദിവസത്തിനുള്ളിൽ നാനൂറോളം പ്രവർത്തകരെ വെടിവെച്ചുവീഴ്തിയതായാണ് കണക്ക്. കോൺഗ്രസ് പാർട്ടി, എം കെ ഗാന്ധി, നാവികകലാപത്തെ പൂർണ്ണമായും തള്ളിപ്പറഞ്ഞു എന്ന് മാത്രമല്ല പിന്തുണച്ച് കോൺഗ്രസ് നേതാവ് അരുണാ ആസിഫ് അലിയെ നിശിതമായി വിമർശിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്തു.

പിന്നീട് 56 മുതൽ 60 വരെ കമ്യൂണിസ്റ്റ് പാർട്ടി, പ്രജാ സോഷ്യലിസ്റ്റ് പാർട്ടി, പെസെന്റ്സ് ഏൻഡ് വർക്കേഴ്സ് പാർട്ടി റിപ്പബ്ലിക്കൻ പാർട്ടി എന്നീ സോഷ്യലിസ്റ്റ് പാർട്ടികൾ ചേർന്ന് ഐക്യ മഹാരാഷ്ട്രക്കുവേണ്ടിയുള്ള ‘സംയുക്ത മഹാരാഷ്ട്രാ സമിതി‘ രൂപവൽക്കരിച്ച് ഭാഷാടിസ്ഥാനത്തിലുള്ള മഹാരാഷ്ട്രക്കുവേണ്ടി സമരം ചെയ്തു. കോൺഗ്രസ് പാർട്ടി അവരുടെ ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങൾ എന്ന വാഗ്ദാനത്തിൽ നിന്ന് പിറകോട്ടുപോയിരുന്നു അപ്പോഴേക്കും. ഐക്യകേരളത്തിനായി കേരളത്തിലും വിശാല ആന്ധ്രക്കായി ആന്ധ്രയിലും സമാനമായ പ്രക്ഷോഭങ്ങൾ നടന്നിരുന്നു. മഹാരാഷ്ട്രയിൽ മുഴുവൻ നടന്ന പ്രക്ഷോഭത്തിൽ നൂറിലധികം പേർ കൊല്ലപ്പെട്ടു. 60ൽ അവസാനം അവർ ജയിച്ചു. മഹാരാഷ്ട്ര രൂപീകരിക്കപ്പെട്ടു. പ്രക്ഷോഭത്തിന്റെ ഫലമായി ഈ പാർട്ടികളൊക്കെ തങ്ങളുടെ ബഹുജന അടിത്തറ വികസിപ്പിക്കുകയും ചെയ്തു.

സ്വാതന്ത്ര്യത്തിനുശേഷം കമ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിലുള്ള ലേബർ യൂണിയനുകൾ പൊതുവെ ഉത്തരവാദിത്വപൂർണ്ണമായ സംഘടനാ പ്രവർത്തനമായിരുന്നു നടത്തിയത്. തൊഴിലാളികളുടെ ജീവിതത്തിലെന്നപോലെത്തന്നെ രാഷ്ട്രീയത്തിലും ഉല്പാദനപ്രക്രിയയിലും ശക്തവും ക്രിയാത്മകവുമായി ഇടപ്പെട്ടിരുന്നു. അതിനെ തകർക്കാൻ സാമൂഹ്യവിരുദ്ധരും കോൺഗ്രസ് സർക്കാരുകളും മുതലാളിമാരും കണ്ടെത്തിയ വഴിയായിരുന്നു ശിവസേന. അതിന്റെ അവതാരോദ്ദേശം തന്നെ കമ്യൂണിസ്റ്റ് പാർട്ടിക്ക് അദ്ധ്വാനവർഗ്ഗത്തിന്റെ മേലുണ്ടായിരുന്ന സ്വാധീനത്തെ ചിതറിക്കുകയായിരുന്നു. വർഗ്ഗപരമായ ഐക്യത്തെയും അതിന്റെ പതിറ്റാണ്ടുകളായ തുടർച്ച സൃഷ്ടിച്ചെടുത്ത സെക്യുലർ സംസ്കാരവും അവർക്ക് ഭീഷണിയായിരുന്നു.

എല്ലാ സ്വത്വവാദപ്രസ്ഥാനങ്ങളേയും പോലെ ശിവസേന വർഗ്ഗപരമായ ഐക്യത്തിൽ പഴുതുകൾ ഉണ്ടാക്കാനായി ഐഡന്റികളെ ഉപയോഗിച്ചുതുടങ്ങി. ഒരറ്റത്ത് അത് വർഗ്ഗീയവും സാമുദായികവും പ്രാദേശികവുമായ വികാരങ്ങളെ ആളിക്കത്തിച്ചു. മഹാരാഷ്ട്ര ജനതയെ ഒരു തരത്തിലും പ്രതിനിധീകരിക്കാത്ത ശിവജി എന്ന അക്രമകാരിയായ വ്യാജബിംബത്തെ അവർ മഹാരാഷ്ട്രാദേശീയതയുടെ നടുവിൽ പ്രതിഷ്ഠിച്ചു. തെക്കേ ഇന്ത്യക്കാരായിരുന്നു ആദ്യ ലക്ഷ്യങ്ങൾ. ട്രേയ്ഡ് നേതാക്കളെ കൊന്നും ആക്രമിച്ചും ഇല്ലാതാക്കാൻ തുടങ്ങി. ധാരാളമായി ലഭിച്ചുകൊണ്ടിരുന്ന പണവും ആക്രമവാസനയ്ക്കുള്ള അവസരങ്ങളും ശിവസേന ഉപയോഗിച്ചു. അന്ന് ബോംബെയിൽ സാമാന്യം ശക്തമായിരുന്ന പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയുമായി ശിവസേന സഖ്യമുണ്ടാക്കി. പിന്നീട് റിപ്പബ്ലിക്കൻ പാർട്ടിയും ശിവസേനയുമായി ഐക്യപ്പെട്ടു. ഐക്യ മഹാരാഷ്ട്ര പ്രക്ഷോഭത്തിന്റെ ഫലമായുണ്ടായ സോഷ്യലിസ്റ്റ് ബ്ലോക്കിനെ അത് തകർത്തു.

ഗുണ്ടകളുടെയും ശിവസേനക്കാരുടെയും പൊലീസിന്റെയും സംയുക്തമായ ആക്രമണം തൊഴിലാളികളുടെ സംഘടനകൾക്ക് താങ്ങാവുന്നതായിരുന്നില്ല. അതിലുമുപരി അത് വർഗ്ഗപരമായ ഐക്യത്തിൽ ജാതിയുടേയും മതത്തിന്റേയും പ്രാദേശികതയുടെയും എന്നുവേണ്ട എന്തൊക്കെ വൈജ്യാത്യങ്ങൾ മനുഷ്യർക്കിടയിലുണ്ടോ അതിന്റെയൊക്കെ പേരിൽ ഭിന്നിപ്പുകൾ സൃഷ്ടിച്ചു. അതേ സമയം വൻകിടസാമ്പത്തിക താല്പര്യങ്ങൾ, അവർക്കിടയിലുള്ള എല്ലാ സംഘർഷങ്ങളും മാറ്റിവച്ചുകൊണ്ട്, ഇക്കാര്യത്തിൽ ഒന്നിക്കുകയും ചെയ്തു. സോഷ്യലിസ്റ്റ് ബ്ലോക്കിനെ തകർക്കുക എന്നത് കേവലം സാമ്പത്തികമായ ഒരു ആവശ്യമായിരുന്നില്ല, അത് കൂടുതലും ആധിപത്യപരമായിരുന്നു.

ഇതേ തന്ത്രമാണ് മംഗലാപുരത്തെ ബീഡി മുതലാളിമാർ കണ്ണൂരിലും പയറ്റിയത്. കണ്ണൂരിലെ ജനങ്ങൾക്കിടയിൽ ഒരു വേരുകളുമില്ലാത്ത ഒരു ക്രിമിനൽ സംഘത്തിന്റെ പേരിൽ കണ്ണൂർ അറിയപ്പെടാൻ കാരണം ഇത്തരമൊരു ചതിയാണ്. ഗണേഷ് ബീഡി ഉടമ നിയമവിരുദ്ധമായി കരാർ തൊഴിലിൽ ഏർപ്പെടാനും ഫാക്ടറി നിയമങ്ങളെ മറികടക്കാനായി വീട്ടിൽ നിന്ന് ജോലിയെടുത്ത് ബീഡി കമ്പനിയുടെ കേന്ദ്രങ്ങളിൽ എത്തിക്കാനുമുള്ള ശ്രമങ്ങളെ ചെറുത്ത തൊഴിലാളികളെ ശാരീരികമായി ആക്രമിക്കാൻ പണം കൊടുത്ത് ഇറക്കിയതാണ് കണ്ണൂരിലെ ഇന്നത്തെ ആറെസ്സെസ്സുകാരുടെ മുൻതലമുറയെ. ദിനേശ് ബീഡി എന്ന സഹകരണസംഘം ഉണ്ടാക്കിയാണ് അന്നത്തെ കമ്യൂണിസ്റ്റ് പാർട്ടി അതിനെ നേരിട്ടത്. ബാക്കി ചരിത്രമാണ്.

പറഞ്ഞുവരുന്നത് വേറൊന്നാണ്. ഇന്ത്യയുടെ സമീപകാലചരിത്രത്തിൽ ഒരു പക്ഷേ ആദ്യമായി ഒരു വലിയ ജനത അതിന്റെ ആഭ്യന്തരമായ സ്വത്വഭിന്നിപ്പുകളെ മറികടന്നുകൊണ്ട് വർഗ്ഗാടിസ്ഥാനത്തിൽ ഒരു വലിയ മുന്നേറ്റം നടത്തി വിജയിച്ചിരിക്കുന്നു. അതിന് ഒരു കമ്യൂണിസ്റ്റ് പാർട്ടി നേതൃത്വം നൽകുന്നു. (ഇന്ത്യയുടെ മാഞ്‌ചെസ്റ്റർ എന്നറിയപ്പെടുന്ന ബോംബെയിൽത്തന്നെ അത് നടക്കുന്നതിൽ ഒരു കാവ്യനീതിയുണ്ട്. മാഞ്‌ചെസ്റ്റർ മാർക്സിയൻ തത്വചിന്തയുമായി അത്രക്കും അടുത്തുകിടക്കുന്ന ഒരു പേരാണ് എന്നതിനാൽ).

ഉൽപ്പന്നങ്ങളുടെ വിപണി എന്നപോലെത്തന്നെ പ്രധാനമാണ് ഗ്ലോബലൈസേഷനിൽ ഉൽപ്പാദനോപാധികളുടെയും അദ്ധ്വാനത്തിന്റെയും വികേന്ദ്രീകരണവും. ക്യാപ്പിറ്റലിസം അദ്ധ്വാനവർഗ്ഗത്തിന്റെ നെഗോഷ്യേയ്ഷൻ ശേഷിയെ തകർക്കാൻ കണ്ടെത്തിയ സമർത്ഥമായ മാർഗ്ഗമാണത്. ഉൽപ്പന്നം പല ജിയോഗ്രഫികളിൽ പല മനുഷ്യരിലൂടെ രൂപപ്പെടുന്ന പക്ഷം തൊഴിലാളികളുടെ അദ്ധ്വാനശേഷി വച്ചുള്ള നെഗോഷ്യേഷന്റെ സാദ്ധ്യതയെ അത് വലിയ തോതിൽ ഇല്ലായ്മ ചെയ്യും.

പോരാത്തതിന് തൊഴിലുകൾ ഫ്ലോട്ടിങ് ആകുന്നതോടുകൂടി സാർവ്വദേശീയ അദ്ധ്വാനവർഗ്ഗ ഐക്യം എന്ന സങ്കല്പം അമ്പേ തകരും. ഓരോ രാജ്യത്തിലും പ്രദേശത്തിലുമുള്ള ജനതകളുടെ മേലുള്ള ഭീഷണി തന്നെ സംഘടിച്ച് നെഗോഷ്യേയ്റ്റ് ചെയ്യുന്ന പക്ഷം ഉൽപ്പാദനം/സേവനം തങ്ങൾ വേറൊരു പ്രദേശത്തേക്കോ രാജ്യത്തേക്കോ മാറ്റുമെന്നതാണ്. അതോടെ മറ്റ് പ്രദേശങ്ങളിലെ അദ്ധ്വാനവർഗ്ഗം തങ്ങളുടെ പൊട്ടൻഷ്യൽ തൊഴിൽ മോഷ്ടാക്കളാണെന്ന് ധരിക്കാൻ ഓരോ തൊഴിലാളിയും നിർബന്ധിതരാവും. (അങ്ങനെയാണ് അമേരിക്കയിലെ സാധാരണ തൊഴിലാളികൾ വോട്ടുചെയ്ത് കടുത്ത വലതുപക്ഷക്കാരനായ ഡൊണാൾഡ് ട്രം‌പ് ജയിക്കുന്നത്. ആഗോള തൊഴിലാളിവർഗ്ഗം അമേരിക്കൻ തൊഴിലാളിയുടെ തൊഴിൽ മോഷ്ടാവായി മാറുന്നു അവരുടെ വീക്ഷണത്തിൽ. ട്രം‌പ് അതവസാനിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്യുന്നു.)

പക്ഷേ ഇവിടെ മഹാരാഷ്ട്രയിലെ കാര്യം നോക്കുക. ഭൂമിയും വെള്ളവും അദ്ധ്വാനവുമാണ് കൃഷിയിലെ പ്രാഥമികവിഭവങ്ങൾ. വിഭവങ്ങൾ ഗ്ലോബലൈസ് ചെയ്യപ്പെടുക എന്ന ഭീഷണി കൃഷിയുടെ കാര്യത്തിൽ എളുപ്പത്തിൽ നടക്കില്ല. ടെക്സ്റ്റൈൽ മേഖലയിലെ തൊഴിലാളി യൂണിയനുകളെ മില്ലുകൾ ഗുജറാത്തിലേക്ക് മാറ്റിക്കൊണ്ട് തകർത്ത പരിപാടി ഇവിടെ നടക്കില്ല, ഭുമിയെടുത്ത് ഗുജറാത്തിൽ കൊണ്ടുവെക്കാൻ പറ്റില്ലല്ലോ.ഉൽപ്പാദനോപാധികളുടെ നിയന്ത്രണം അവരിൽ നിന്ന് എടുത്തുമാറ്റാൻ കഴിയില്ല എന്നതിനാൽ തന്നെ അവർ വേറെ വിഭവങ്ങൾ കൊണ്ട് മാറ്റി പ്രതിഷ്ഠിക്കാൻ കഴിയില്ല.

പിന്നെ അവരെ ഭിന്നിപ്പിക്കാൻ ബാക്കിയുള്ളത് ജാതിയും മതവുമാണ്. മറ്റനേകം സോഷ്യൽ ഐഡന്റികളാണ്. അതൊക്കെയും ഈ മൂവ്‌മെന്റിൽ അപ്രസക്തമായിരിക്കുന്നു. ആ വന്ന ഒരു ലക്ഷം മനുഷ്യരും അവരുടെ ലക്ഷോപലക്ഷം വരുന്ന കുടും‌ബാംഗങ്ങളും ജാതിയിൽ നിന്ന്, മറ്റ് സാമൂഹ്യസ്വത്വങ്ങളിൽ നിന്ന്, പുറത്തുകടന്നു എന്നൊന്നുമല്ല ഇതിനർത്ഥം. പക്ഷേ ജാതിക്കതീതമായി പൊതുവായ ഒരു വർഗ്ഗബോധം അവരെ പൊതിയുന്നുണ്ട്. തൽക്കാലം അത്ര മതി, ബാക്കിയൊക്കെ പിന്നാലെ വന്നോളും.

ഇത് സാമാന്യം ക്ലാസിക്കലായ ഒരു മാർക്സിയൻ സാഹചര്യമാണ്. ഹാർട്‌ലാൻഡ് ജാതി ഇന്ത്യയിൽ, കേരളത്തിലല്ല, ഒരിക്കലും സംഭവിക്കില്ലെന്ന് ഇതെഴുതുന്നയാൾ തന്നെ വിശ്വസിച്ചിരുന്ന സാഹചര്യം. അതിനകത്തൊരു ശിവസേന, പൊതുവായിപ്പറഞ്ഞാൽ സ്വത്വവാദികൾ, കയറിക്കൂടാതെ നോക്കിയാൽ മതി. എല്ലാ പ്രതീക്ഷകളുമറ്റ നമ്മുടെ സെക്യുലറിസത്തിനും സ്വാതന്ത്ര്യത്തിനും നീതിക്കും ഭരണഘടനക്കും മുന്നിൽ മലർന്നുതുറന്നുകിടക്കുന്ന ഒരു വാതിലാണ് മഹാരാഷ്ട്രയിലെ ആ ഒരു ലക്ഷം മനുഷ്യരുടെ സമരം. വിജയിച്ച, ഹൈജാക് ചെയ്യാൻ എളുപ്പമേയല്ലാത്ത ഒരു മോഡൽ. സഹിക്കുന്ന മനുഷ്യരുടെ, അദ്ധ്വാനവർഗ്ഗത്തിന്റെ, ഐഡന്റികൾക്കതീതമായ ഐക്യം. അതിന് ചെവിയോർക്കേണ്ടതുണ്ട്. അസാദ്ധ്യമെന്നതിനെ സാദ്ധ്യമാക്കിയ അവരെ പിന്തുടരേണ്ടതുണ്ട്. പ്രത്യേകിച്ച് എല്ലാ പ്രതിസംവിധാനങ്ങളും ചീട്ടുകെട്ടുപോലെ തകരുന്ന ഒരു കാലത്ത്.