മുല്ലപ്പെരിയാറിനെക്കുറിച്ച് തന്നെ

മുല്ലപ്പെരിയാറിനെക്കുറിച്ച് പറയാനുള്ളത് മൂന്നു കാര്യങ്ങളാണ്:

  1. ഡാം സുരക്ഷിതമല്ല എന്നത് പുച്ഛിച്ചു തള്ളേണ്ട വാദമല്ല.
  2. “തമിഴ്നാടിനു വെള്ളം, കേരളത്തിനു സുരക്ഷ” (അതായത് കേരളത്തിനു വെള്ളം വേണ്ട) എന്ന സമീപനം മൗലികമായി പിഴവുള്ളതാണ്.
  3. കൊണ്ടുപോകുന്ന വെള്ളത്തിന് ന്യായമായ പ്രതിഫലം ഉറപ്പുവരുത്തി കരാർ പൊളിച്ചെഴുതണം.

മുല്ലപ്പെരിയാർ ഡാം സുരക്ഷിതമല്ല എന്ന് സുപ്രീം കോടതിയെ ബോധ്യപ്പെടുത്താനായില്ല എന്നു പറയുന്നതും ഡാം സുരക്ഷിതമാണ് എന്ന് നാം വിശ്വസിക്കുന്നു എന്നു പറയുന്നതും രണ്ടാണ്. മുല്ലപ്പെരിയാർ ഡാം സുരക്ഷിതമല്ല എന്ന നിഗമനത്തിലെത്തിയ ഒന്നിലധികം റിപ്പോർട്ടുകളുണ്ട്, വിവിധ വിദഗ്ധരുടേതും ഗവേഷണസ്ഥാപനങ്ങളുടേതുമായി. ഡാം സുരക്ഷിതമാണ് എന്ന് സുപ്രീം കോടതി നിയോഗിച്ച സമിതി പറഞ്ഞതുകൊണ്ടായില്ല.

ഇന്ത്യയിൽ ജലവിഭവങ്ങളെ സംബന്ധിച്ച് ഏറ്റവും ആദരിക്കപ്പെട്ടിരുന്ന വിദഗ്ധനായിരുന്നു രാമസ്വാമി ആർ. അയ്യർ. തമിഴ്നാട്ടുകാരനാണ്. കേന്ദ്രജലവിഭവ വകുപ്പ് സെക്രട്ടറിയായിരുന്ന അദ്ദേഹമാണ് ഇന്ത്യയുടെ ആദ്യത്തെ ദേശീയ ജലനയം ഉണ്ടാക്കിയത്, 1987-ൽ. നദീജലം പങ്കിടുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ അന്തർസംസ്ഥാന തർക്കങ്ങൾ, അണക്കെട്ടുകൾ, തുടങ്ങിയ വിഷയങ്ങളിൽ അദ്ദേഹം ഒരുപാട് എഴുതിയിട്ടുണ്ട്. 2015 സെപ്റ്റംബറിൽ അദ്ദേഹം അന്തരിച്ചു. മുല്ലപ്പെരിയാർ വിഷയം പഠിക്കുന്ന ഏതൊരാളും രാമസ്വാമി അയ്യരുടെ ലേഖനങ്ങൾ അവശ്യം വായിക്കേണ്ടതാണ്.

ജ്ഞാനികളായ ജഡ്ജിമാർ പറഞ്ഞതുകൊണ്ട് ഡാം സുരക്ഷിതമോ അസുരക്ഷിതമോ ആവില്ല. കോടതി നിയോഗിച്ച സമിതി ഒരു പ്രത്യേക നിഗമനത്തിലെത്തി. എന്നാൽ ഇതിനോട് യോജിക്കാത്ത വേറെ വിദഗ്ദ്ധരുണ്ട്. അങ്ങനെ വരുമ്പോൾ സുപ്രീം കോടതി ചെയ്യേണ്ടിയിരുന്നത്, ഇത് കോടതി തീരുമാനിക്കേണ്ട കാര്യമല്ല എന്നു പറയുകയും രണ്ടു സംസ്ഥാനങ്ങളോടും പരസ്പരം ചർച്ച ചെയ്യാൻ ആവശ്യപ്പെടുകയുമാണ്.

കേരളത്തിന്റെ വാദഗതികൾ തള്ളിക്കൊണ്ട് സുപ്രീം കോടതി മെയ് 2014-ൽ വിധി പുറപ്പെടുവിപ്പിച്ചപ്പോൾ അയ്യർ ‘ദ ഹിന്ദു’ പത്രത്തിൽ എഴുതിയ ലേഖനത്തിൽ (http://goo.gl/ow3iC1) കോടതി വിധിയെ വിശേഷിപ്പിച്ചത് “a matter of judicial overreach” എന്നാണ്. അതായത് കോടതി അതിരുകടന്നു എന്ന്. ജ്ഞാനികളായ ജഡ്ജിമാർ പറഞ്ഞതുകൊണ്ട് ഡാം സുരക്ഷിതമോ അസുരക്ഷിതമോ ആവില്ല. കോടതി നിയോഗിച്ച സമിതി ഒരു പ്രത്യേക നിഗമനത്തിലെത്തി. എന്നാൽ ഇതിനോട് യോജിക്കാത്ത വേറെ വിദഗ്ദ്ധരുണ്ട്. അങ്ങനെ വരുമ്പോൾ സുപ്രീം കോടതി ചെയ്യേണ്ടിയിരുന്നത്, ഇത് കോടതി തീരുമാനിക്കേണ്ട കാര്യമല്ല എന്നു പറയുകയും രണ്ടു സംസ്ഥാനങ്ങളോടും പരസ്പരം ചർച്ച ചെയ്യാൻ ആവശ്യപ്പെടുകയുമാണ്. രണ്ടു സംസ്ഥാനങ്ങൾക്കും സംയുക്തമായി ഒരു വിദഗ്ധ സമിതിയെ നിയോഗിക്കാമായിരുന്നു. ഭരണഘടനാസംവിധാനമായ Inter-State Council-നോട് വിഷയം ഏറ്റെടുക്കാനും ഒരു ഒത്തുതീർപ്പിലെത്താൻ സഹായിക്കാനും ആവശ്യപ്പെടാമായിരുന്നു. എന്നാൽ ഇതൊന്നും ചെയ്യാതെ സ്വയം തീരുമാനമെടുക്കുകയാണ് കോടതി ചെയ്തത്.

മുല്ലപ്പെരിയാർ ഡാമിന്റെ സുരക്ഷയെ സംബന്ധിച്ച ആശങ്കകളൊക്കെ നുണയാണ് എന്ന് ചിലർ പറയുന്നു. 2011-ൽ ഒട്ടനവധി ഭൂചലനങ്ങൾ ഡാമിന്റെ പരിസരപ്രദേശങ്ങളിൽ അനുഭവപ്പെട്ടതിനെത്തുടർന്നാണ് ഡാമിനെക്കുറിച്ചുള്ള ആശങ്കകൾ ഉച്ചസ്ഥായിയിലായത്. ഈ പ്രദേശത്ത് ഭൂചലനങ്ങൾ മുമ്പും ഉണ്ടായിട്ടുണ്ട്. 2000 ഡിസംബർ 12-ന് ഉണ്ടായ ഭൂമികുലുക്കത്തിന്റെ തീവ്രത റിക്ടർ സ്കെയിലിൽ 5.0 ആയിരുന്നു. മുല്ലപ്പെരിയാറിൽ നിന്നും 75 കിലോമീറ്റർ മാത്രം അകലെ ഈരാറ്റുപേട്ട ആയിരുന്നു പ്രഭവകേന്ദ്രം. (എന്റെ വീടും ഈ പരിസരത്തു തന്നെയാണ്; സംഭവം നടക്കുമ്പോൾ ഞാനും വീട്ടിലുണ്ട്.) അന്നുതന്നെയും പിന്നീടുള്ള ദിവസങ്ങളിലും ചെറിയ അനേകം തുടർചലനങ്ങൾ ഉണ്ടായി. പലരും ഭയപ്പെട്ട് രാത്രിയിലെ ഉറക്കം വീടിനു പുറത്തേയ്ക്കു മാറ്റി. കുറച്ചു ദിവസത്തെ ഇടവേളയ്ക്കു ശേഷം, 2011 ജനുവരി 7-ന് വീണ്ടും ഭൂമി കുലുങ്ങി. തീവ്രത റിക്ടർ സ്കെയിലിൽ 4.8. ഭൂചലനങ്ങൾ നിമിത്തം പല കെട്ടിടങ്ങൾക്കും കേടുപാടുകൾ പറ്റി. കേരളത്തിൽ മിക്കവാറും വീടുകളും മറ്റും സാമാന്യം ബലവത്തായി പണിയുന്ന പതിവുള്ളതുകൊണ്ട് വലിയ അത്യാഹിതമൊന്നും സംഭവിച്ചില്ല എന്നു മാത്രം. ഈ പ്രദേശങ്ങളിലുള്ളവരുടെ ആശങ്കകൾക്ക് കാരണം ഇത്തരം മുന്നനുഭവങ്ങളാണ്. ഇതൊക്കെ അനുഭവിച്ചിട്ടുള്ളവർക്ക് 120 വർഷം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാം സുരക്ഷിതമാണ് എന്ന് സുപ്രീം കോടതിയോ മറ്റാരെങ്കിലുമോ പറഞ്ഞതു കൊണ്ട് ബോധ്യപ്പെടില്ല. പ്രത്യേകിച്ച് വിദഗ്ദ്ധർക്കിടയിൽ ഭിന്നാഭിപ്രായമുള്ളപ്പോൾ.

“മുല്ലപ്പെരിയാർ ഡാം അതിന്റെ ഉപയോഗക്ഷമമായ ആയുസ്സിന്റെ അന്ത്യത്തോട് അടുക്കുകയാണ്. കുറച്ച് ശക്തിപ്പെടുത്തലും മറ്റും നടത്തി ഡാമിന്റെ ആയുസ്സ് അഞ്ചോ പത്തോ വർഷം നീട്ടിയെടുക്കാം. അതു കഴിയുമ്പോഴോ? എല്ലാക്കാലത്തേയ്ക്കും അതിന് നിലനിൽക്കാൻ കഴിയില്ലല്ലോ.”

ഡാം ഇപ്പോൾ പൊട്ടും, നാളെ പൊട്ടും എന്നൊക്കെപ്പറയുന്നതിൽ കാര്യമില്ലായിരിക്കാം. അത്തരം കാര്യങ്ങൾ പ്രവചിക്കുക ബുദ്ധിമുട്ടാണ്. ഫുക്കുഷിമ അപകടവും ആരും പ്രവചിക്കാത്ത രീതിയിലാണു സംഭവിച്ചത്. റിക്ടർ സ്കെയിലിൽ 9 രേഖപ്പെടുത്തിയ ഭൂകമ്പത്തെത്തുടർന്ന് ആണവ റിയാക്ടർ ശരിയായിത്തന്നെ ഷട്ട് ഡൗൺ ആയി. എന്നാൽ സുനാമി മൂലം വെള്ളം അടിച്ചുകയറി റിയാക്ടറുകൾ തണുപ്പിക്കാൻ ഉപയോഗിക്കുന്ന എമർജൻസി ജനറേറ്ററുകൾ മുക്കിക്കളഞ്ഞതിനെത്തുടർന്നാണ് ആണവ അപകടം ഉണ്ടായത്. ലോകമെമ്പാടും ആണവോർജ്ജ പ്ളാന്റുകളെക്കുറിച്ച് കൂടുതൽ ആശങ്കകളുണ്ടാക്കാനും പലയിടങ്ങളിലും ആണവോർജ്ജവിരുദ്ധ സമരങ്ങൾ ശക്തിപ്പെടാനും ഇതിടയാക്കി. ആണവോർജ്ജപ്ളാന്റുകൾ പണിയുന്നിടങ്ങളിൽ സുരക്ഷാസംവിധാനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളും. അത്യപൂർവമായി മാത്രം സംഭവിക്കാവുന്നതാണ് ഫുക്കുഷിമ പോലുള്ള അപകടങ്ങൾ. എങ്കിൽപ്പോലും അത്തരം അപകടങ്ങൾ സംഭവിച്ചാൽ ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങൾ എത്ര വലുതും ദീർഘകാലത്തേയ്ക്ക് നീണ്ടുനിൽക്കുന്നതുമാണ് എന്നത് പരിഗണിക്കുമ്പോൾ സുരക്ഷയെപ്പറ്റിയുള്ള ആശങ്കകൾ അസ്ഥാനത്തല്ല എന്നു കാണാം.അപ്പോൾപ്പിന്നെ മുല്ലപ്പെരിയാർ ഡാമിന്റെ സമീപപ്രദേശങ്ങളിൽ ജീവിക്കുന്ന ലക്ഷക്കണക്കിനാളുകളുടെ സുരക്ഷ അത്ര നിസ്സാരമായിക്കാണാമോ? കൂടംകുളം പ്ളാന്റിനെതിരെയുള്ള സമരത്തെയും മറ്റും പിന്തുണച്ച ചിലരെങ്കിലും മുല്ലപ്പെരിയാറിനെപ്പറ്റിയുള്ള ആശങ്കകളെ പുച്ഛത്തോടെ കാണുന്നത് എന്തുകൊണ്ടായിരിക്കും? ഫാഷനബിൾ അല്ലാത്തതുകൊണ്ടാണോ?

അയ്യർ പറയുന്നു: “മുല്ലപ്പെരിയാർ ഡാം അതിന്റെ ഉപയോഗക്ഷമമായ ആയുസ്സിന്റെ അന്ത്യത്തോട് അടുക്കുകയാണ്. കുറച്ച് ശക്തിപ്പെടുത്തലും മറ്റും നടത്തി ഡാമിന്റെ ആയുസ്സ് അഞ്ചോ പത്തോ വർഷം നീട്ടിയെടുക്കാം. അതു കഴിയുമ്പോഴോ? എല്ലാക്കാലത്തേയ്ക്കും അതിന് നിലനിൽക്കാൻ കഴിയില്ലല്ലോ.” (http://goo.gl/JmCWg3) "ശക്തമായ ഭൂമികുലുക്കമുണ്ടായാൽ ഡാം അതിനെ അതിജീവിക്കുമെന്ന് ഒരു വിദഗ്ധർക്കും ഉറപ്പു നൽകാനും കഴിയില്ല." (http://goo.gl/0OFAEY)

രണ്ടാമത്, കേരളം ഈ വിഷയത്തിൽ എടുത്തുകൊണ്ടിരിക്കുന്ന “തമിഴ്നാടിനു വെള്ളം, കേരളത്തിനു സുരക്ഷ” എന്ന സമീപനം മാറ്റേണ്ട സമയം എന്നേ അതിക്രമിച്ചു. “ആവശ്യത്തിലധികം” വെള്ളം കേരളത്തിലുണ്ട് എന്നതാണ് ഈ സമീപനത്തിന്റെ അടിസ്ഥാനമായിട്ടുള്ള ധാരണ. ഈ നാട്യം അവസാനിപ്പിക്കുകയാണ് കേരളം അടിയന്തിരമായി ചെയ്യേണ്ടത്. സുരക്ഷയെക്കുറിച്ചുള്ള തർക്കങ്ങൾ ഒടുവിൽ സാങ്കേതിക പരിശോധനകളിലാണ് എത്തിനില്ക്കുക. പക്ഷേ കേന്ദ്രസമിതികളിൽ കേരളം സാങ്കേതികതയുടെ പേരിൽ അപേക്ഷയുടെ ഭാഷയാണു സംസാരിക്കേണ്ടി വരുന്നത്. അതിനു പകരം അവകാശത്തിന്റെ ഭാഷ സംസാരിച്ചു തുടങ്ങുകയല്ലേ വേണ്ടത്?

പെരിയാറിൽ കേരളത്തിന്റെ ആവശ്യത്തിനുള്ള വെള്ളമേയുള്ളൂ. കേരളത്തിൽ കൃഷിയുണ്ട്, വ്യവസായങ്ങളൂണ്ട് (എത്ര വലുതോ ചെറുതോ ആവട്ടെ). അവയ്ക്കെല്ലാം ജലം ആവശ്യമുണ്ട്. ഇവയെല്ലാം വളരുന്നതനുസരിച്ച് കൂടുതൽ ജലം ആവശ്യമായി വരും, കൂടാതെ ഗാർഹികാവശ്യങ്ങൾക്കും. മുല്ലപ്പെരിയാറിലെ തന്നെ വെള്ളം നമുക്കു കിട്ടിയാൽ കൂടുതൽ വൈദ്യുതിയും ഉത്പാദിപ്പിക്കാം, ജലക്ഷാമം പരിഹരിക്കാനും ഉതകും. അതുകൊണ്ട് കേരളത്തിന്റെ ഭാവി ആവശ്യങ്ങളും കണക്കിലെടുക്കണം (തമിഴ്നാട് അവരുടെ ഭാവി ആവശ്യങ്ങൾ കണക്കിലെടുക്കുന്നുണ്ടല്ലോ). കേരളത്തിൽ വെള്ളം “മിച്ച“മാണെന്ന് അവകാശപ്പെടുന്നത് എന്തടിസ്ഥാനത്തിലാണ്?

പോരാത്തതിന്, ഒരു പ്രദേശത്ത് ഒരു നദിയൊഴുകുമ്പോൾ അതിന് അനുയോജ്യമായ ആവാസവ്യവസ്ഥയും ജീവിതരീതികളും അത് സാധ്യമാക്കുന്നുണ്ട്. കേരളത്തിൽ പെയ്യുന്ന മഴയും ഒഴുകുന്ന പുഴകളും, ജലാശയങ്ങളൂം ഒക്കെയാണല്ലോ കേരളത്തിന്റെ പച്ചപ്പിനും സസ്യസമ്പത്തിനുമൊക്കെ കാരണം. നമ്മുടെ പുഴകളും ഭൂപ്രകൃതിയുമൊക്കെ ചേർന്നാണ് കേരളം കൂടുതൽ ജനങ്ങൾക്ക് തിങ്ങിപ്പാർക്കാനാവുന്ന സ്ഥലമായത്. (ഇന്ന് കേരളത്തിന്റെ ജനസാന്ദ്രത ചതുരശ്ര കിലോമീറ്ററിന് 859 പേർ. തമിഴ്നാടിന്റേത് 555.) കേരളത്തിൽ നിന്നും പുഴകൾ എടുത്തുമാറ്റിയാൽ പിന്നെ കേരളം കേരളമല്ല.

“കേരളത്തിനും തമിഴ്നാടിനും വെള്ളം, സുരക്ഷയും” എന്നതാവണ്ടേ മുദ്രാവാക്യം? ജലതർക്കമില്ല, ഡാം സുരക്ഷ മാത്രമാണു പ്രശ്നം എന്നും പറഞ്ഞിരുന്നാൽ നല്ല ബലവത്തായ ഡാമുണ്ടാക്കി ജലനിരപ്പ് 200 അടിയാക്കാം എന്ന് എതിർവാദമുയർത്താം എന്ന അപകടം കൂടിയില്ലേ?

പെരിയാർ അന്തർ സംസ്ഥാന നദി അല്ലെന്ന കാര്യം എല്ലാവർക്കും അറിയാം, തമിഴ്നാട് സർക്കാരിനും സുപ്രീം കോടതിക്കും ഒഴിച്ച്. പെരിയാർ അന്തർ സംസ്ഥാന നദി അല്ലെന്നുള്ള കേരളത്തിന്റെ വാദം കോടതി തള്ളുകയാണുണ്ടായത്! പെരിയാറിന്റെ ഒരു ഭാഗവും തമിഴ്നാട്ടിൽകൂടി ഒഴുകുന്നില്ല. പക്ഷേ 5398 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പെരിയാർ ബേസിനിൽ 114 ച.കി. തമിഴ്നാട്ടിലാണെന്നു Water Atlas of Kerala-യിൽ കാണിച്ചിട്ടുണ്ട് എന്നു പറഞ്ഞാണ് കോടതി തമിഴ്നാടിന്റെ വാദം അംഗീകരിച്ചത്.

മൂന്നാമത്, സുരക്ഷയ്ക്കും ജലത്തിനുമൊപ്പം, നീതിപൂർവകമായ കരാറും വേണം. രാമസ്വാമി അയ്യർ ചൂണ്ടിക്കാട്ടുന്നതുപോലെ, തമിഴ്നാടിനു പെരിയാറ്റിൽ നിന്നും കിട്ടുന്ന വെള്ളം കരാർ മൂലമുള്ളതാണ്, അല്ലാതെ നദീതീരത്തുള്ള സംസ്ഥാനങ്ങൾക്ക് (riparian states) ഉള്ളതുപോലെയുള്ള അവകാശം അല്ല. (http://goo.gl/9RkIAp)

ഈ കരാറും (പുഴവെള്ളം വഴിതിരിച്ചു വിടുന്നു, 8000 ഏക്കർ ഭൂമി ലീസിനു കൊടുത്തിരിക്കുന്നു, തിരികെ കാര്യമായി ഒന്നും കിട്ടുന്നില്ല) അത് നടപ്പാക്കുന്ന രീതിയും നീതിപൂർവകമല്ല എന്നത് വ്യക്തമാണ് (http://goo.gl/0OFAEY). തമിഴ്നാടിന് ഇപ്പോൾ കൊടുക്കുന്നത്രയും വെള്ളം തുടർന്നും കൊടുക്കുക. കരാർ പൊളിച്ചെഴുതുക. കൊടുക്കുന്ന വെള്ളത്തിന് ന്യായമായ പ്രതിഫലം ഉറപ്പുവരുത്തുക. പ്രതിഫലത്തുക ഓരോ വർഷവും, അല്ലെങ്കിൽ ഏതാനും വർഷം കൂടുമ്പോൾ പുതുക്കാനുള്ള നിബന്ധനയുമുണ്ടാവട്ടെ.

പുതിയ ഡാം പണിയുന്നതിന്റെ സാങ്കേതികവും നിയമപരവും പാരിസ്ഥിതികവുമായ പ്രശ്നങ്ങൾ വച്ചു നോക്കുമ്പോൾ, പുതിയ ഡാം പണിയുകയാണോ വേണ്ടത്, അതോ വെള്ളം എത്തിച്ചുകൊടുക്കാൻ മറ്റു മാർഗ്ഗങ്ങൾ ആരായുകയാണോ വേണ്ടത് എന്നും ആലോചിക്കേണ്ടതാണ്. (ഇന്നാണെങ്കിൽ പാരിസ്ഥിതിക അനുമതി കിട്ടില്ലായിരുന്ന പദ്ധതിയാണ് മുല്ലപ്പെരിയാർ എന്ന് അയ്യർ - http://goo.gl/JmCWg3)

അവസാനമായി, 2014-ലെ കോടതിവിധിയിലെ ചില പരാമർശങ്ങളെക്കുറിച്ചുകൂടി രണ്ടു വാക്ക് പറഞ്ഞ് നിർത്താം. പെരിയാർ അന്തർ സംസ്ഥാന നദി അല്ലെന്ന കാര്യം എല്ലാവർക്കും അറിയാം (http://goo.gl/9RkIAp), തമിഴ്നാട് സർക്കാരിനും സുപ്രീം കോടതിക്കും ഒഴിച്ച്. പെരിയാർ അന്തർ സംസ്ഥാന നദി അല്ലെന്നുള്ള കേരളത്തിന്റെ വാദം കോടതി തള്ളുകയാണുണ്ടായത്! പെരിയാറിന്റെ ഒരു ഭാഗവും തമിഴ്നാട്ടിൽകൂടി ഒഴുകുന്നില്ല. പക്ഷേ 5398 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ള പെരിയാർ ബേസിനിൽ 114 ച.കി. തമിഴ്നാട്ടിലാണെന്നു Water Atlas of Kerala-യിൽ കാണിച്ചിട്ടുണ്ട് എന്നു പറഞ്ഞാണ് കോടതി തമിഴ്നാടിന്റെ വാദം അംഗീകരിച്ചത്. അതിനുശേഷം വിധിയിൽപ്പറയുന്നതാണ് ഭൂലോക തമാശ:

“209. It is true that averment of Tamil Nadu in the plaint that the two States Kerala and Tamil Nadu are riparian States is not right in its entirety because Tamil Nadu is not a riparian State but the status of Periyar river as inter-State river, on the basis of what we have observed above, cannot be overlooked.”

പെരിയാർ അന്തർസംസ്ഥാന നദിയാണ്; എന്നാൽ തമിഴ്നാട് റൈപ്പേറിയൻ (നദീതീരത്തുള്ള) സ്റ്റേറ്റ് ആണെന്നു പറയുന്നത് “മുഴുവനായി” ശരിയല്ല പോലും!

അപ്പോൾപ്പിന്നെ ഒരു സംശയം, പെരിയാർ അന്തർസംസ്ഥാന നദിയാണെങ്കിൽ മുല്ലപ്പെരിയാർ ഡാം പൊളിച്ചുകളഞ്ഞിട്ട് തമിഴ്നാട് സർക്കാർ ആ സംസ്ഥാനത്തു തന്നെ (മേൽപ്പറഞ്ഞ 114 ച.കി. സ്ഥലത്തോ മറ്റോ) പെരിയാറിനു കുറുകെ ഡാം പണിയട്ടെ. പ്രശ്നം തീർന്നില്ലേ?