അംബേദ്കറും കമ്മ്യൂണിസ്റ്റുകാരും

xdfdfd

കൌണ്ടർകറന്റ്സ് 2012-ൽ പ്രസിദ്ധീകരിച്ച "Ambedkar and Communists" എന്ന ഇംഗ്ലീഷ് ലേഖനത്തിന് നീതു എസ്. ബിജു തയ്യാറാക്കിയ സ്വതന്ത്ര പരിഭാഷ.

ഇന്ത്യ വൈരുദ്ധ്യങ്ങളുടെ നാടാണ്. പക്ഷേ ദളിത്‌-കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ ചരിത്രത്തിലെ വൈരുദ്ധ്യങ്ങൾക്ക് സമാനമായതൊന്നും ഇന്ത്യയുടെ വിഭിന്ന ചരിത്രധാരകളിലില്ല. ഏതാണ്ട് ഒരേ സമയത്ത് പിറവിയെടുക്കപ്പെട്ട, ഒരേ പ്രശ്നത്തെ എതിർത്തോ, അനുകൂലിച്ചോ നിന്ന, ഒരേ സമയത്ത് വളരുകയോ, പിളരുകയോ ചെയ്ത അവർ ഇന്നത്തെ പ്രത്യാശ നഷ്ടപ്പെട്ട സാഹചര്യത്തിലും പരസ്പരം അഭിമുഖീകരിക്കാൻ വിസമ്മതിക്കുന്നു. പിന്തിരിപ്പൻ ആശയഗതിക്കാരുമായും, തീർത്തും നവലിബറൽ ആയ ആൾക്കാരുമായും സമ്പർക്കത്തിലേർപ്പെടുന്ന അവരെ പക്ഷേ ഒരുമിച്ചു കാണാറില്ല. അഗാധമായ ഈ ആശയഭിന്നിപ്പിനു കാരണം ബാബാ സാഹേബ് അംബേദ്കറാണെന്നും, അദ്ദേഹത്തിന്റെ കമ്മ്യൂണിസ്ടുകാർക്കും, മാർക്സിസത്തിനും നേരെയുള്ള തുറന്ന വിമർശനങ്ങളുമാണെന്ന നിരീക്ഷണം, പക്ഷേ തീർത്തും തെറ്റാണ്. കുറഞ്ഞ പക്ഷം വളരെ ലളിതവത്കരിക്കപ്പെട്ടതാണ്.

അംബേദ്കർ ഒരു മാർക്സിസ്റ്റ്‌ ആയിരുന്നില്ല. അദ്ദേഹത്തിന്റെ ബൌദ്ധികമായ ശിക്ഷണത്തെ കൊളംബിയ യൂണിവേർസിറ്റിയിലെയും, ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിലെയും ഫാബിയൻ ചിന്താധാരയാണ് സ്വാധീനിച്ചത്. അദ്ദേഹം ഏറ്റവും കൂടുതല്‍ ബഹുമാനിച്ചിരുന്ന, തന്റെ ബൌദ്ധിക വളർച്ചയ്ക്ക് ഏറ്റവും കൂടുതല്‍ കടപ്പെട്ടിരുന്ന ജോണ്‍ ഡേവേ അറിയപ്പെടുന്ന ഒരു അമേരിക്കൻ ഫാബിയൻ ചിന്തകനായിരുന്നു. ഫാബിയന്മാരും സോഷ്യലിസത്തിനു വേണ്ടിയാണ് നിലകൊണ്ടതെങ്കിലും മാർക്സ് ഉയർത്തിപ്പിടിച്ച സോഷ്യലിസമായിരുന്നില്ല അത്. അറിയപ്പെടുന്ന ഫാബിയൻ ചിന്തകനായ ബർനാർഡ്‌ ഷാ കുറിച്ചത് “മാർക്സിന്റെ ക്യാപിറ്റൽ സോഷ്യലിസത്തിനു മേലുള്ള ഒരു പ്രബന്ധമല്ല മറിച്ച് ബൂർഷ്വാസിക്ക് എതിരെയുള്ള പരാതി” എന്നാണ്. ഫാബിയന്മാർ വിശ്വസിച്ചിരുന്നത് വിപ്ലവത്തിലൂടെയല്ല മറിച്ച് പരിണാമത്തിലൂടെയാണ് സോഷ്യലിസം കൊണ്ടുവരാൻ സാധിക്കുകയെന്നാണ്. ഈ സ്വാധീനങ്ങൾ നിലനിൽക്കെ, മാർക്സിനോട് യോജിക്കുന്നില്ലെങ്കിൽക്കൂടി അംബേദ്‌കർ മാർക്സിസത്തെ ഗൗരവമായി കാണുകയും തന്റെ ജീവിതത്തിലുടനീളം സ്വന്തം തീരുമാനങ്ങളെ വിലയിരുത്തുന്ന ഒരു അളവുകോലായി മാർക്സിസത്തെ ഉപയോഗിക്കുകയും ചെയ്തു.

പൊതുവേയുള്ള ധാരണയിൽ നിന്നും‍ വിരുദ്ധമായി, മാർക്സിയൻ ചിന്താഗതിയിൽ അല്ലെങ്കിൽക്കൂടിയും, അംബേദ്‌കർ ഉയർത്തിപ്പിടിച്ചത് വർഗരാഷ്ട്രീയമായിരുന്നു. അദ്ദേഹത്തിന്റേതായി ആദ്യം പ്രസിദ്ധീകരിക്കപ്പെട്ടെ ലേഖനത്തിൽ ജാതിയെ കൊട്ടിയടയ്ക്കപ്പെട്ട വർഗമായാണ് അദ്ദേഹം വിവക്ഷിക്കുന്നത്. തന്റെ പ്രവർത്തനങ്ങളുടെ കേന്ദ്രബിന്ദുവായ തൊട്ടുകൂടാത്തവരെ അല്ലെങ്കിൽ അസ്പൃശ്യരാക്കപ്പെട്ടവരെ അദ്ദേഹം വർഗം എന്ന് തന്നെയാണ് വിശേഷിപ്പിക്കുന്നത്. സിദ്ധാന്തവല്ക്കരണത്തിലേക്ക് കടന്നില്ലെങ്കിൽക്കൂടി വർഗവിശകലനം ഭൌതികാവസ്ഥയിലാണ് നടത്തേണ്ടതെന്നും അല്ലാതെ ശൂന്യതയിലോ, സമവാക്യത്തെ അടിസ്ഥാനമാക്കിയോ അല്ലായെന്നുമുള്ള ലെനിന്റെ നിരീക്ഷണത്തോട് ഇത് പൂർണമായും യോജിക്കുന്നു. ജാതിയെന്നത് ഇന്ത്യയിൽ സർവ്വവ്യാപിയായ സങ്കൽപ്പമാണ്. ജനങ്ങളുടെ ജീവിതത്തെ,അവരുടെ ചുറ്റുപാടിനെ ഒക്കെയും രൂപപ്പെടുത്തുന്ന സങ്കല്പം. ഏതുവിധേനയും മാർക്സിയൻ വർഗവിശകലനത്തിൽ ഉൾക്കൊള്ളേണ്ടതാണ്. എന്നാൽ മാർക്സിനെയും ലെനിനേയും ഒക്കെ തങ്ങളുടെ കുത്തകയായി കണ്ട പിൽക്കാല കമ്മ്യൂണിസ്റ്റുകൾ, ഇറക്കുമതി ചെയ്ത മാതൃകകളെ ഉപയോഗിച്ച് ഇന്ത്യൻ സമൂഹത്തെ വിശകലനം ചെയ്യുകയും, ജാതിയെ ഉപരിഘടനാപരമായി (super structure) നോക്കിക്കാണുകയും, മാർക്സിയൻ ആശയങ്ങളുടെ യാന്ത്രികമായ ഉപയോഗത്താൽ മുഴുവൻ ജാതിവിരുദ്ധ പോരാട്ടങ്ങളെയും അപ്രശ്നവൽക്കരിക്കുകയും ചെയ്തു. ബ്രാഹ്മണ്യം ഉയർത്തിപ്പിടിക്കുന്ന വാക്കുകളുടെ പരിശുദ്ധി, പവിത്രത എന്നിവയെ പ്രതിഫലിപ്പിക്കുക (മാർക്സിസ്റ്റ് പ്രയോഗങ്ങളെ വേദവാക്യമായി കാണുക) മാത്രമാണ് അതുവഴി അവർ ചെയ്തത്.

xdfdfd
കടപ്പാട്: Students Federation of India (SFI)

കമ്മ്യൂണിസ്റ്റുകൾ ദളിത്‌ തൊഴിലാളികളുടെ പ്രശ്നങ്ങളെ വേണ്ടവിധം പ്രതിനിധാനം ചെയ്തിരുന്നില്ല എന്നതിന് അംബേദ്‌കർ നല്‍കുന്ന പ്രത്യക്ഷ ഉദാഹരണം തുണിമില്ലുകളിൽ നടമാടിയിരുന്ന തൊട്ടുകൂടായ്മയെയും, നല്ല കൂലി കിട്ടുന്ന നെയ്ത്തുജോലിയിൽ ദളിതരെ നിയമിക്കാത്തതിനെയും അവർ അവഗണിക്കുന്നതിനെപ്പറ്റിയാണ്. ഗിർനി തൊഴിലാളി യൂണിയൻ ഉണ്ടായിട്ടുകൂടി ഈ പ്രശ്നത്തിൽ അവർ ശ്രദ്ധ ചെലുത്തിയില്ലെന്നും പിന്നീട് 1928-ലെ അവരുടെ സമരം താൻ തകർക്കുമെന്ന് പറഞ്ഞതിനെ തുടർന്നാണ് മനസില്ലാമനസോടെയെങ്കിലും കമ്മ്യൂണിസ്റ്റുകാർ അതിനു തയ്യാറായതെന്നും അദ്ദേഹം പറയുന്നു.

1937-ൽ പ്രവിശ്യാ അസ്സെംബ്ളികളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിനോടനുബന്ധിച് 1936 ആഗസ്തിൽ അദ്ദേഹം ഇൻഡിപ്പെൻഡന്റ് ലേബർ പാർട്ടി ഓഫ് ഇന്ത്യ (Independent Labour Party of India) രൂപീകരിച്ചു, ഇതൊരു തൊഴിലാളിവർഗ പാർടിയായിരുന്നു. അതിന്റെ മാനിഫെസ്റ്റോ ജനാനുകൂലമായ നിരവധി വാഗ്ദാനങ്ങൾ നിറഞ്ഞതായിരുന്നു; ജാതി എന്ന വാക്ക് അതിൽ ഒരു തവണ മാത്രമാണ് പ്രയോഗിച്ചുട്ടുള്ളത്, അതും മറ്റ് പലതും പറഞ്ഞുപോകുന്ന കൂട്ടത്തിൽ. ജെഫ്രിലോട്ടിനെ (Jaffrelot) പോലുള്ള ഗവേഷകർ ILP-യെ ഇന്ത്യയിലെ ആദ്യത്തെ ഇടതുപക്ഷ പാർടി എന്ന് വിശേഷിപ്പിച്ചു. കാരണം, അക്കാലം വരെ കമ്മ്യൂണിസ്റ്റുകൾ ഒന്നുകിൽ രഹസ്യമായി അല്ലെങ്കിൽ കോൺഗ്രസ്‌ സോഷ്യലിസ്റ്റ്‌ ബ്ലോക്കിന്റെ കുടക്കീഴിലായാണ് പ്രവർത്തിച്ചിരുന്നത്.

1930 കളിൽ അംബേദ്‌കർ പുരോഗമനപരമായ ഉന്നതിയിലായിരുന്നു. 1935-ൽ മുംബൈ തൊഴിലാളി സംഘം സ്ഥാപിച്ചുകൊണ്ട് ജാതി വർഗ ലയനം ILP-യുടെ കീഴിൽ അദ്ദേഹം സാധ്യമാക്കി. വിയോജിപ്പുകൾക്കിടയിലും കമ്മ്യുണിസ്റ്റ്കളുമായി ചേർന്നുകൊണ്ട് തൊഴിൽ തർക്ക നിയമത്തിനെതിരേ (Industrial Dispute Act) 1938-ൽ വിപുലമായ സമരം നയിച്ചു. സംഘർഷങ്ങൾ കൂടെയുണ്ടായിരുന്നെങ്കിലും, ഈ ഘട്ടത്തിൽ അദ്ദേഹം മാർക്സിസത്തിലേക്ക് ആഴത്തിൽ ആകർഷിക്കപ്പെട്ടു. ILP ഒരു സമുദായത്തെയും പ്രതിനിധീകരിക്കുന്നില്ല എന്ന പേരിൽ 1942-ലെ ക്രിപ്സ് മിഷൻ ILP-യെ ഒഴിവാക്കിയത് ജാതിയുടെ അടിസ്ഥാനത്തിൽ പട്ടിക ജാതി ഫെഡറേഷൻ രൂപീകരിക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചു. എന്നിട്ടും, അദ്ദേഹം ഇടതുപക്ഷ ചായവ് തുടർന്നുപോന്നു, വൈസ്രോയിയുടെ എക്സിക്യുട്ടീവ്‌ കൌൺസിൽ അംഗമായിരിന്നിട്ടു കൂടി. ഈ ആഭിമുഖ്യം ഇന്ത്യൻ ഭരണഘടനയിൽ സോഷ്യലിസ്റ്റ്‌ സമ്പത്ത്വ്യവസ്ഥയെന്ന ആശയം കൂട്ടിച്ചേർക്കണമെന്ന അദ്ദേഹത്തിന്റെ നിർദ്ദേശത്തിൽ കലാശിച്ചു. രാഷ്ട്രവും ന്യൂനപക്ഷങ്ങളും (States and the Minorities) എന്ന ലേഖനത്തിലാണ് അദ്ദേഹം ഈ ആശയം മുന്നോട്ട് വച്ചത്.

എന്നിരുന്നാലും കമ്മ്യുണിസ്റ്റ്കാർ അദ്ദേഹത്തെ സഖ്യകക്ഷിയായിക്കാണാൻ വിസമ്മതിച്ചു. അംബേദ്കറിന്റെ പ്രസ്ഥാനത്തെ തങ്ങളുടെ തൊഴിലാളിവർഗത്തെ ഭിന്നിപ്പിക്കുന്ന ഒന്നായാണ് അവർ കണ്ടത്. ഈ മനോഭാവമാണ് 1952-ലെ ഇലക്ഷനിൽ “വോട്ട് പാഴാക്കിക്കോളൂ എന്നാൽ അംബേദ്കറിനു വോട്ട് ചെയ്യരുതെന്ന“ ഡാങ്കെയുടെ ആഹ്വാനത്തിന് പിന്നിൽ കാണാൻ സാധിക്കുക. തദ്ഫലമായി അദ്ദേഹം പരാജയപ്പെട്ടു.

അദ്ദേഹത്തിന്റെ ബുദ്ധിസത്തിലേക്കുള്ള പരിവർത്തനവും ഇത്തരത്തിൽ തെറ്റിദ്ധരിക്കപ്പെട്ട ഒന്നാണ്. നിരാശവാനായ ഒരുവന്റെ ആത്മീയതയിലേക്കുള്ള പ്രയാണമായും, മാർക്സിസത്തിനോടുള്ള എതിർപ്പിന്റെ തെളിവായും ഒക്കെ അത് വ്യാഖ്യാനിക്കപ്പെട്ടു. പല പണ്ഡിതരും ഈ തെറ്റായ അവലോകനത്തെ നിഷ്കരുണം തള്ളിക്കളഞ്ഞുകൊണ്ട് മാർക്സിസത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അവസാന പരാമർശത്തിലേക്ക് ശ്രദ്ധ തിരിക്കുകയാണ് ഉണ്ടായത്. തന്റെ മരണത്തിനു കേവലം രണ്ടാഴ്ച്ച മുൻപ് മാർക്സിസത്തെയും ബുദ്ധിസത്തെയും താരതമ്യം ചെയ്യുന്ന വേളയിൽ അദ്ദേഹം തന്റെ തീരുമാനത്തെ സാധൂകരിച്ചത് "ബുദ്ധിസം എന്നാൽ സർവാധിപത്യവും ബലപ്രയോഗവും ഇല്ലാത്ത മാർക്സിസമാണ്" എന്ന് പറഞ്ഞുകൊണ്ടാണ്.

എന്നാൽ ദൗർഭാഗ്യമെന്നു പറയട്ടെ, അംബേദ്ക്കർ മാർക്സിസത്തിനെതിരായിരുന്നു എന്ന അറിവില്ലായ്മ ഇന്നും നിലനില്‍ക്കുന്നു.