ജാതിയുടെ ഉന്മൂലനം (ഭാഗം ഒന്ന്)

Bodhi is publishing a Malayalam translation of Dr.B.R.Ambedkar's "Annihilation of Caste" that was produced by Frances Pritchett, Professor of Modern Indic Languages, Columbia University and the Columbia Center for New Media Teaching and Learning. The translation was done by Sharon Vinod. This article is the first one in a series of articles dealing with the translation of the manuscript.
1936 ലെ ലാഹോര്‍ ജാത്-പാത്-തോടക് മണ്ഡലിന്റെ വാര്‍ഷിക സമ്മേളനത്തില്‍ അവതരിപ്പിക്കാനായി ബി. ആര് അംബേദ്കര്‍ തയ്യാറാക്കിയ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം (ഭാഗം 1).
സുഹൃത്തുക്കളെ, ഈ സമ്മേളനത്തിനു അധ്യക്ഷത വഹിക്കാന്‍ അനുഭാവപൂര്‍വം എന്നെ ക്ഷണിച്ച ജാഠ്-പട്-തൊടക്-മണ്ഡലിന്റെ അംഗങ്ങളോട് സത്യത്തില്‍ ഞാന്‍ ഖേദിക്കുന്നു. ഈ അധ്യക്ഷസ്ഥാനം എനിക്ക് നല്‍കിയതിന്റെ പേരില്‍ ഒരുപാട് ചോദ്യങ്ങളെ ഇവര്‍ക്ക് നേരിടേണ്ടി വരും എന്ന് എനിക്ക് ഉറപ്പാണ്. ലാഹോറില്‍ നടക്കുന്ന സമ്മേളനത്തിന് ബോംബെയില്‍ നിന്ന് ഒരാളെ ഇറക്കുമതി ചെയ്തതിന് ഒരുപാട് വിശദീകരണങ്ങള്‍ പലയിടത്ത് നിന്നും ചോദിച്ചിട്ടുണ്ടാവും. ഈ അവസരത്തില്‍ അധ്യക്ഷത വഹിക്കാന്‍ എന്നെക്കാള്‍ യോഗ്യനായ ഒരാളെ മണ്ഡലിനു എളുപ്പത്തില്‍ തന്നെ കണ്ടെത്താന്‍ കഴിയുമായിരുന്നുവെന്നു ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ ഹിന്ദുക്കളെ വിമര്‍ശിച്ചിട്ടുണ്ട്. അവര്‍ ബഹുമാനിക്കുന്ന മഹാത്മാവിന്റെ ആധികാരികതയെ ഞാന്‍ ചോദ്യം ചെയ്തിട്ടുണ്ട്. അവർ എന്നെ വെറുക്കുന്നു. അവരുടെ പൂന്തോട്ടത്തിലെ വിഷപ്പാമ്പാണ് ഞാന്‍. ഇങ്ങനെയൊരു ബഹുമാന്യപദം അലങ്കരിക്കാന്‍ എന്തിന് എന്നെ ക്ഷണിച്ചു എന്ന് രാഷ്ട്രീയ ചിന്താഗതിയുള്ള ഹിന്ദുക്കള്‍ വിശദീകരണം ആരാഞ്ഞിട്ടുണ്ടാവണം. ഇതിനെ ഒരു അധിക്ഷേപമായിക്കൂടി അവര്‍ കണ്ടേക്കാം. ഒരുപാട് തന്റേടം ആവശ്യപ്പെടുന്ന ഒരുമ്പെടല്‍ ആണിത്. മതാതിഷ്ടിതമായി ജീവിക്കുന്ന സാധാരണ ഹൈന്ദവര്‍ക്ക് പ്രസാദാത്മകമായി കാണാവുന്ന ഒന്നല്ല ഈ തെരഞ്ഞെടുപ്പ്. എന്തുകൊണ്ട് ഹൈന്ദവ ശാസ്ത്രവിധികള്‍ക്ക് ഇണങ്ങുന്ന ഒരാളെ അധ്യക്ഷനായി തെരഞ്ഞെടുത്തില്ല എന്ന ചോദ്യം അവര്‍ക്ക് നേരിടേണ്ടതായുണ്ട്.
ശാസ്ത്രവിധികള്‍ അനുസരിച്ച് മൂന്നു വര്‍ണങ്ങള്‍ക്ക് ഗുരുവാകേണ്ട വ്യക്തി ബ്രാഹ്മണന് ആയിരിക്കണം. വര്ണാനാം ബ്രാഹ്മണോ ഗുരു എന്നാണ് ശാസ്ത്രകല്പന. ആരില്‍ നിന്ന് ഒരു ഹിന്ദു പാഠങ്ങള്‍ പഠിക്കണം, ആരില്‍ നിന്ന് പാടില്ല എന്നത് മണ്ഡല് അറിയേണ്ട സംഗതിയാണ്. അറിവുള്ളതു കൊണ്ടുമാത്രം ഒരാളെ ഗുരുവായി അംഗീകരിക്കാന്‍ ശാസ്ത്രം അനുവദിക്കുന്നില്ല. മഹാരാഷ്ട്രയില്‍ നിന്നുള്ള ബ്രാഹ്മണ ഗുരു ഇത് വ്യക്തമാക്കിയിട്ടുള്ളതാണ്. ശിവാജിക്ക് ഹിന്ദുരാഷ്ട്രം സ്ഥാപിക്കാനുള്ള പ്രചോദനം നല്‍കിയത് ഇദ്ദേഹമാണ്. അദ്ദേഹം ദാസബോധത്തില് ഇങ്ങനെ ചോദിക്കുന്നു, നമ്മള് ഹിന്ദുക്കള്‍ക്ക് അന്ത്യജനായ ഒരു വ്യക്തിയെ പണ്ഡിതനായത് കൊണ്ട് മാത്രം ഗുരുവായി സ്വീകരിക്കാന്‍ ആവുമോ? അദ്ദേഹം നല്കുന്ന ഉത്തരം “ഇല്ല” എന്നാണ്.
ഇത്തരം ചോദ്യങ്ങള്‍ക്ക് എന്ത് ഉത്തരം കൊടുക്കും എന്ന പ്രശ്നം ഞാന്‍ മണ്ഡലിനു വിടുന്നു. മണ്ഡലിനു മാത്രമേ വ്യക്തമായ വിശദീകരണം നല്കാന് സാധിക്കൂ, എന്താണ് അവരെക്കൊണ്ട് ബോംബെ വരെ യാത്ര ചെയ്ത് ഹിന്ദു വിരുദ്ധനായ, ജാതിയില്‍ താഴേതട്ടിലുള്ള ഈ അന്ത്യജനെ തെരഞ്ഞെടുത്തു എന്നത്. സവര്‍ണരുടെ സഭയെ അഭിസംബോധന ചെയ്യാന്‍ അസ്പൃശ്യനായ ഒരു അവര്ണന്. എന്നെപ്പറ്റി ചിന്തിച്ചാല്‍, എന്റെയും എന്റെ അവര്ണസഹോദരങ്ങളുടെയും ഇച്ഛയ്ക്ക് എതിരായാണ് ഞാന്‍ ഈ ക്ഷണം സ്വീകരിച്ചത്. ഹിന്ദുക്കള്‍ക്ക് എന്നെ കണ്ടുകൂടാ എന്നെനിക്കറിയാം. ഞാന്‍ അവര്‍ക്ക് സ്വീകാര്യനല്ല എന്നും എനിക്കറിയാം. അതറിഞ്ഞു കൊണ്ട് തന്നെ ഞാന്‍ അവരില്‍ നിന്ന് അകന്നു നില്‍ക്കുകയാണ് പതിവ്. അവരെ ഉപദ്രവിക്കാന്‍ എനിക്ക് യാതൊരു മോഹവുമില്ല. എന്റെ തട്ടകത്തില്‍ നിന്നു കൊണ്ടാണ് ഞാന്‍ ഇതുവരെ എന്റെ കാഴ്ച്ചപ്പാടുകള്‍ പ്രകടിപ്പിച്ചു പോന്നിട്ടുള്ളത്. അത് പോലും പലപ്പോഴും ഒരുപാട് ഹൃദയവേദനകള്‍ക്കും അസ്വസ്ഥതകള്‍ക്കും കാരണമായിട്ടുണ്ട്. ഇതുവരെ അകലങ്ങളില്‍ നിന്ന് അവര്‍ കേട്ടിട്ടുള്ളകാര്യങ്ങള് അവരുടെ തട്ടകത്തില്‍ കയറി കണ്മുന്നില് നിന്ന് പ്രകടിപ്പിക്കുക എന്നത് എന്റെ താല്പര്യമല്ല. ഞാന്‍ ഇവിടെ വന്നിട്ടുണ്ടെങ്കില്‍ അത് എന്റെ ആഗ്രഹത്തെക്കാള്‍ നിങ്ങളുടെ തെരഞ്ഞെടുപ്പാണ്. സാമൂഹിക പരിഷ്കരണമാണ് നിങ്ങളുടെ ഉദ്ദേശ്യം. ആ ഉദ്ദേശ്യം എന്നെ ആകര്‍ഷിച്ചത് കൊണ്ട് മാത്രമാണ് ഈ ക്ഷണം ഞാന്‍ നിരസിക്കാതിരുന്നത്. എനിക്ക് നിങ്ങളെ സഹായിക്കാന്‍ സാധിക്കും എന്ന് നിങ്ങള്‍ കരുതുമ്പോള്‍ പ്രത്യേകിച്ചും. ഞാന്‍ ഇന്ന് പറയാന്‍ പോകുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്ക് സഹായകരമാകുമോ എന്നും പ്രശ്നപരിഹാരത്തിന് ഉത്തരമാകുമോ എന്നും തീരുമാനിക്കേണ്ടത് നിങ്ങളാണ്. ഈ പ്രശ്നത്തില്‍ എനിക്കുള്ള കാഴ്ച്ചപ്പാടുകള്‍ നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയാണ് ഇപ്പോള്‍ എന്റെ ലക്ഷ്യം.
സാമൂഹിക പരിഷ്കരണവും രാഷ്ട്രീയ പരിഷ്കരണവും
പരിഷ്കൃതമായ ഒരു സാമൂഹിക അന്തരീക്ഷത്തിലെക്കുള്ള പാത സ്വര്‍ഗത്തിലേക്കുള്ള പാത പോലെ തന്നെ ദുര്ഘടങ്ങള് നിറഞ്ഞതാണ്. സാമൂഹിക പരിഷ്കരണത്തിന് ഇന്ത്യയില്‍ സൌഹൃദങ്ങള്‍ കുറവും വിമര്‍ശനങ്ങള്‍ അനവധിയുമാണ്. ഇതിന്റെ വിമര്‍ശകര്‍ രണ്ട് വ്യതിരിക്തഗണങ്ങളില് പെടുന്നു. ഒരു ഗണം രാഷ്ട്രീയ പരിഷ്കര്‍ത്താക്കളും മറ്റേത് സോഷ്യലിസ്റ്റുകളും. സാമൂഹികമായ കാര്യക്ഷമത കൈവരിക്കാതെ മറ്റു രംഗങ്ങളില്‍ ഒന്നും സ്ഥായിയായ പുരോഗതി നേടാന്‍ നമുക്ക് സാധ്യമല്ല എന്ന തിരിച്ചറിവ് നമുക്ക് ഒരുകാലത്ത് ഉണ്ടായിരുന്നു. ദുരാചാരങ്ങള്‍ നിമിത്തം ഹൈന്ദവ സമുദായം കാര്യക്ഷമതയില്‍ പിന്നോക്കം നീങ്ങുകയായിരുന്നു. ഈ തിരിച്ചറിവില്‍ നിന്നാണ് നാഷണല്‍ കോണ്‍ഗ്രസിന്റെ പിറവിക്കൊപ്പം സോഷ്യല്‍ കോണ്‍ഫറന്‍സ് എന്ന പ്രസ്ഥാനവും പിറവിയെടുത്തത്. രാഷ്ട്രീയവ്യവസ്ഥിതിയിലെ ദുര്ബലതകളില് കോണ്‍ഗ്രസ് ശ്രദ്ധവയ്ക്കുമ്പോള്‍ ഹൈന്ദവ സാമൂഹിക വ്യവസ്ഥിതിയിലെ പ്രശ്നങ്ങള്‍ ഉന്മൂലനം ചെയ്യാന്‍ സോഷ്യല്‍ കോണ്‍ഫറന്‍സ് മുന്നിട്ടിറങ്ങി. ഒരേ പ്രവര്‍ത്തനമേഖലയുടെ രണ്ട് ശാഖകള്‍ എന്നവണ്ണം ഇവ രണ്ടും കുറച്ചുകാലം വരെ പ്രവര്‍ത്തിച്ചു പോന്നു. വാര്‍ഷിക സമ്മേളനങ്ങള്‍ ഒരേ പന്തലില്‍ നടത്തിപ്പോന്നു. പക്ഷെ അധികം താമസിക്കാതെ ഇവ രണ്ടും രണ്ട് പാര്‍ട്ടികളായി തെന്നിമാറി; രാഷ്ട്രീയ പരിഷ്കരണ പാര്‍ട്ടിയും സാമൂഹിക പരിഷ്കരണ പാര്‍ട്ടിയും. രാഷ്ട്രീയ പരിഷ്കരണ പാര്‍ട്ടി നാഷണല്‍ കൊണ്ഗ്രസ്സിനെ പിന്തുണച്ചപ്പോള്‍ സാമൂഹിക പരിഷ്കരണ പാര്‍ട്ടി സോഷ്യല്‍ കോണ്‍ഫറന്‍സിനെ പിന്തുണച്ചു. രണ്ട് വിഭാഗങ്ങള്‍ അങ്ങനെ രണ്ട് വിരുദ്ധചേരികളായി മാറി. സാമൂഹിക പരിഷ്കരണം രാഷ്ട്രീയ പരിഷ്കരണത്തിന് മുന്‍പ് നടക്കേണ്ടതുണ്ടോ എന്നതായിരുന്നു പ്രശ്നം. ഒരു ദശാബ്ദക്കാലം രണ്ട് ചേരികളും ഒരു പോലെ യുദ്ധം ചെയ്യുകയും രണ്ട് വിഭാഗങ്ങളും വിജയം കാണാതെ പിരിയുകയും ചെയ്തുപോന്നു. എന്നിരുന്നാലും സോഷ്യല്‍ കോണ്‍ഫറന്‍സിന്റെ അധപതനം വേഗത്തിലായിരുന്നു. വിദ്യാഭ്യാസം നേടിയ ഹൈന്ദവരില്‍ വലിയൊരു ഭാഗം രാഷ്ട്രീയ ഉന്നമനത്തിന് മാത്രമായി നിലകൊള്ളുന്നതായും സാമൂഹിക പരിവര്‍ത്തനത്തെ അട്ടിമറിക്കുന്നതായും സോഷ്യല്‍ കോണ്‍ഫറന്‍സിന്റെ യോഗങ്ങളില്‍ അധ്യക്ഷം വഹിച്ചിരുന്നവര്‍ വിലപിച്ചു പോന്നു. കോണ്‍ഗ്രസ് യോഗങ്ങളില്‍ പങ്കെടുക്കുന്നവരുടെയും പ്രവര്‍ത്തനങ്ങള്‍ക്ക് കൂടെ നില്‍ക്കുന്നവരുടെയും എണ്ണം വര്‍ദ്ധിച്ചു വരുകയും സോഷ്യല്‍ കോണ്‍ഫറന്‍സ് യോഗങ്ങളെ പിന്തുണയ്ക്കുന്നവര്‍ തുലോം കുറയുകയും ചെയ്യുന്ന കാഴ്ച്ചയാണ് പിന്നീട് കണ്ടത്. ഈ അലംഭാവം പിന്നീട് രാഷ്ട്രീയക്കാരുടെ സജീവമായ എതിര്‍പ്പിന് വളമായി മാറി. കോണ്‍ഗ്രസ്സിന്റെ പന്തലില്‍ സോഷ്യല്‍ കോണ്‍ഫറന്‍സ് യോഗങ്ങള്‍ നടത്താനുള്ള ഉപചാരം തിലകന്റെ നേതൃത്വം എടുത്തുകളഞ്ഞു. കോണ്‍ഫറന്‍സ് നടത്താന്‍ ഉയര്‍ത്തിയ പന്തല്‍ തീവയ്ക്കല്‍ ഭീഷണി നേരിടേണ്ടി വരുന്ന തലത്തിലേക്ക് ശത്രുത വളര്‍ന്നു. കാലക്രമത്തില്‍ രാഷ്ട്രീയ പരിഷ്കരണം വിജയം കാണുകയും സാമൂഹിക പരിഷ്കരണവാദങ്ങള്‍ മറവിയില്‍ ലയിക്കുകയുമാണ് ഉണ്ടായത്. 1892 ല്‍ അലഹബാദില്‍ വച്ച് നടന്ന കോണ്‍ഗ്രസ്സിന്റെ എട്ടാം വാര്‍ഷിക യോഗത്തില്‍ ഡബ്ല്യൂ. സി. ബാനര്‍ജി നടത്തിയ പ്രസംഗത്തിന് സോഷ്യല്‍ കോണ്‍ഫറന്‍സിന് പാടുന്ന ചരമഗീതത്തിന്റെ ചുവയുണ്ടായിരുന്നു. കോണ്‍ഗ്രസിന് സാമൂഹിക പരിവര്‍ത്തനത്തിന് നേരെയുണ്ടായിരുന്ന സ്ഥിരലക്ഷനത്തിന് പറ്റിയ ഒരു ഉദ്ടാഹരനമാണ് ആ പ്രസംഗം.
ബാനര്‍ജി പറഞ്ഞത് ഇങ്ങനെയാണ്:
“സാമൂഹിക പരിവര്‍ത്തനം സാധ്യമാകാതെ രാഷ്ട്രീയ മുന്നേറ്റലക്ഷ്യങ്ങള് കൈവരിക്കാന്‍ കഴിയില്ല എന്ന കാഴ്ച്ചപ്പാടിനോട് ക്ഷമിച്ചിരിക്കാന് എനിക്ക് കഴിയില്ല. രണ്ടും തമ്മില്‍ എന്തെങ്കിലും ബന്ധം കണ്ടുപിടിക്കാന്‍ തന്നെ എനിക്ക് സാധിക്കുന്നില്ല. മറ്റു രാജ്യങ്ങളിലെ സ്ത്രീകള്‍ വിവാഹിതരാവുന്നതിനു മുന്നേ നമ്മുടെ സ്ത്രീകള്‍ വിവാഹിതരാകുന്നു എന്നത്, നമ്മുടെ വിധവകള്‍ രണ്ടാമത് വിവാഹം കഴിക്കാതെ ജീവിക്കുന്നു എന്നത് രാഷ്ട്രീയ പരിവര്‍ത്തനത്തിന് വിഘാതമാവും എന്നാണോ നമ്മള് കരുതേണ്ടത്? ഭാര്യമാരും പെണ്മക്കളും നമ്മോടൊത്ത് നാട് ചുറ്റാറില്ല എന്നത് കൊണ്ട് രാഷ്ട്രീയമുന്നേറ്റം തകരുമോ? നമ്മുടെ പെണ്മക്കളെ ഓക്സ്ഫോര്‍ഡിലോ കാംബ്രിഡ്ജിലോ അയച്ചില്ലെങ്കില്‍ രാഷ്ട്രീയലക്ഷ്യങ്ങള്‍ക്ക് തടസ്സമാവുമോ? (കയ്യടി)”
ബാനര്‍ജിയുടെ കാഴ്ചപ്പാടിലെ രാഷ്ട്രീയ പരിവര്‍ത്തനമാണ് ഞാന്‍ ഇവിടെ ഉദ്ധരിച്ചത്. കോണ്‍ഗ്രസ് അന്തിമവിജയം നേടി എന്നതില്‍ സന്തോഷിക്കുന്നവര്‍ ഒരുപാട് ഉണ്ടാവാം. സാമൂഹിക പരിവര്‍ത്തനത്തില്‍ വിശ്വസിക്കുന്നവര്‍ ചോദിച്ചേക്കാം, ബാനര്‍ജിയുടെ പോലെയുള്ള വാദങ്ങള്‍ അന്തിമമാണോ? ശരിയുടെ കൂടെ നടന്നവരാണോ ഇവിടെ വിജയം കണ്ടത്? രാഷ്ട്രീയ മുന്നേറ്റത്തിന് സാമൂഹിക പരിവര്‍ത്തനത്തിന് ഒരു സ്ഥാനവുമില്ല എന്നതാണോ നമ്മുടെ അന്തിമവിശദീകരണം? ഇതിന്റെ മറുവശം വിശദീകരിച്ചാല്‍ കാര്യങ്ങളെ ശരിയായി മനസിലാക്കാന്‍ സാധിക്കും എന്ന് ഞാന്‍ കരുതുന്നു. അവര്‍ണ്ണരുടെ പ്രശ്നങ്ങള്‍ വസ്തുനിഷ്ടമായി ഇവിടെ പരിശോധിക്കേണ്ടതായുണ്ട്.
പെശ്വാ ഭരണത്തില്‍ മറാത്ത രാജ്യത്ത് ഒരു അവര്ണ്ണന് ഹൈന്ദവനൊപ്പം പൊതുവഴി ഉപയോഗിക്കാനുള്ള അവകാശം ഉണ്ടായിരുന്നില്ല. അവര്‍ണ്ണന്റെ നിഴല്‍ വീണാല്‍ പോലും തങ്ങള്‍ അശുദ്ധരാകും എന്നവര്‍ കരുതിപ്പോന്നു. തൊട്ടുകൂടായ്മക്കാര് കൈയ്യിലോ കഴുത്തിലോ കറുത്തചരട് ധരിക്കാന്‍ നിര്‍ബന്ധിതരായിരുന്നു. അറിയാതെ പോലും ഒരു ഹൈന്ദവന് അവര്‍ണനെ തൊട്ട് അശുദ്ധി വരാതിരിക്കാനായിരുന്നു ഇത്. പെശ്വാ തലസ്ഥാനമായ പൂനെയില്‍ അവര്‍ണ്ണര്‍ അരയിൽ ചൂലു വച്ചുകെട്ടി നടക്കാന്‍ നിര്‍ബന്ധിതരായിരുന്നു. അവര്‍ നടക്കും വഴിയിലെ അശുദ്ധികള്‍ മുഴുവന്‍ തൂത്ത് വെടിപ്പാക്കി നീങ്ങിയില്ലെങ്കില്‍ ഹിന്ദു അതിന്മേല് നടന്ന് അശുദ്ധനായി മാറും എന്നതായിരുന്നു ആശങ്ക. തങ്ങളുടെ തുപ്പല് ശേഖരിക്കാന്‍ അവര്‍ണ്ണര്‍ കഴുത്തില്‍ മണ്‍പാത്രം കെട്ടിത്തൂക്കി നടന്നിരുന്നു. അടുത്തകാലത്തെ സംഭവങ്ങളിലേക്ക് നമുക്ക് വരാം. മദ്ധ്യേന്ത്യയിലെ ബലായി സമുദായത്തിനു മുകളില്‍ ചവിട്ടി നിന്ന് ഹിന്ദുക്കള്‍ നടത്തുന്ന നിഷ്ഠൂരവാഴ്ച്ച ഉദ്ദാഹരിക്കാം. 1928 ജനുവരി നാലാം തീയതി ടൈംസ് ഓഫ് ഇന്ത്യയില്‍ നിങ്ങള്‍ക്ക് ഇതിന്റെ അവലോകനം വായിക്കാവുന്നതാണ്. ഇൻഡോർ നാട്ടുരാജ്യത്തെ ഇൻഡോർ ജില്ലയിലുള്ള കനാറിയാ, ബിച്ചോളി-ഹാഫ്സി, ബിച്ചോളി-മർദാന എന്നിവയിലും ഏതാണ്ട് 15 മറ്റു ഗ്രാമങ്ങളിലും ഉള്ള ഉയർന്ന ജാതിക്കാരായ ഹിന്ദുക്കൾ - അതായത്, കലോതർ, രജപുത്രർ, ബ്രാഹ്മണർ എന്നിവർ (പട്ടേലുമാരും പട്വാരിമാരും ഉൾപ്പെടെ) - അതാതു ഗ്രാമങ്ങളിലെ ബലായികൾക്കായി കുറച്ച് ഫത്വകൾ പുറപ്പെടുവിച്ചിരിക്കുന്നു. ഈ ഗ്രാമങ്ങളില്‍ ബലായികള്ക്ക് കഴിയണമെങ്കില്‍ ഇനി പറയുന്ന നിയമങ്ങള്‍ അവര്‍ അനുസരിച്ചേ മതിയാവൂ.
- ബലായികള് സ്വര്‍ണക്കരയുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ പാടുള്ളതല്ല.
- നിറങ്ങളോ ചിത്രപ്പണികളോ ഉള്ള ധോത്തികള്‍ അവര്‍ ധരിക്കരുത്.
- ഒരു ഹിന്ദുവിന്റെ വീട്ടിലുണ്ടാവുന്ന മരണം മറ്റു ഹിന്ദു വീടുകളില്‍ ചെന്ന് പറയാന്‍ അവര്‍ സന്നദ്ധരാവണം. ഈ ബന്ധുഭവനങ്ങള്‍ എത്ര ദൂരെയാണെങ്കില്‍ കൂടി.
- എല്ലാ ഹിന്ദു വിവാഹങ്ങള്‍ക്കും പ്രദക്ഷിണവാദ്യങ്ങള് വായിക്കാന്‍ അവര്‍ വന്നിരിക്കണം.
- ബലായിസ്ത്രീകള് ആഭരണങ്ങള്‍ ധരിക്കാന്‍ പാടുള്ളതല്ല.
- ഹിന്ദുസ്ത്രീകളുടെ പ്രസവസഹായത്തിന് ബാലായിസ്ത്രീകള് സദാ സന്നദ്ധരായിരിക്കണം.
- ബലായികള് ഈ സേവനങ്ങള്‍ എല്ലാം സൗജന്യമായി നല്കാന് തയ്യാറാവണം. അല്ലെങ്കില്‍ ഹിന്ദുജനങ്ങള്‍ നല്കുന്ന കൂലിയില്‍ തൃപ്തരാവണം.
- ഈ നിയമങ്ങള്‍ അനുസരിക്കാന്‍ കഴിയാത്ത ബാലായികള് ഗ്രാമം വിട്ടു പോകേണ്ടതാണ്.
ഈ നിയമങ്ങള്‍ അംഗീകരിക്കാന്‍ ബലായികള് തയ്യാറായില്ല. ഹിന്ദുക്കള്‍ അവര്‍ക്ക് നേരെ തിരിഞ്ഞു. ഗ്രാമത്തിലെ കിണറ്റില്‍ നിന്ന് വെള്ളമെടുക്കുന്നതില്‍ നിന്ന് അവര്‍ ബലായികളെ തടഞ്ഞു. അവരുടെ കാലികളെ പൊതുസ്ഥലത്ത് മേയാന്‍ വിടുന്നതിന് ഹിന്ദുക്കള്‍ സമ്മതിച്ചില്ല. ഹിന്ദുക്കളുടെ അധീനതയിലുള്ള നിലങ്ങളിലൂടെ കടന്നു പോകുന്നത് തടയപ്പെട്ടു. ഹിന്ദുക്കളുടെ പാടങ്ങളാല്‍ ചുറ്റപ്പെട്ട ബലായികളുടെ കൃഷിഭൂമികളിലേക്കുള്ള വഴികള്‍ ഒക്കെയും അടഞ്ഞു. ദര്‍ബാറില്‍ സമര്‍പ്പിച്ച നിവേദനങ്ങള്‍ക്ക് സമയബന്ധിതമായി പരിഹാരം കാണാതെ നൂറു കണക്കിന് ബാലായികള് തങ്ങളുടെ ഭവനം ഉപേക്ഷിച്ച് മറ്റു നാടുകളിലേക്ക് കുടിയേറാന്‍ നിര്‍ബന്ധിതരായി. തലമുറകളായി തങ്ങള്‍ കഴിഞ്ഞ നാടുവിട്ട് ബാഗ്ലിയിലേക്കും ഭോപ്പാലിലേക്കും ഗ്വാളിയറിലേക്കും അവര്‍ താമസം മാറി. പുതിയ നാടുകളില്‍ അവര്‍ക്ക് എന്തൊക്കെ നേരിടേണ്ടി വന്നിരിക്കാം എന്നത് നിങ്ങളുടെ ചിന്തയ്ക്ക് വിടുന്നു.
കഴിഞ്ഞ വര്‍ഷമാണ് ഗുജറാത്തിലെ കവിതയില്‍ സംഭവിച്ചത്. ഗവണ്മെന്റ് അധീനതയിലുള്ള ഗ്രാമീണ വിദ്യാലയങ്ങളില്‍ അവര്‍ണ്ണര്‍ കുട്ടികളെ അയക്കാന്‍ പാടില്ല എന്ന് കവിതയില്‍ വിജ്ഞാപനം പുറത്തിറങ്ങി. ഹിന്ദുക്കളുടെ ആഗ്രഹങ്ങള്‍ക്ക് എതിരെ പൌരാവകാശത്തിന് പോരാടിയ അവര്‍ണ്ണര്‍ക്ക് നേരിടേണ്ടി വന്നതെന്താണ് എന്ന് ഞാന്‍ വിശദീകരിക്കാതെ നിങ്ങള്‍ക്ക് അറിവുള്ളതാണ്. ഗുജറാത്തിലെ അഹമ്മദ്നഗറില്‍ സാനു ഗ്രാമത്തില്‍ ഇതേ മാതൃകയില്‍ മറ്റൊരു സംഭവം ഉണ്ടായി. ധനശേഷിയുള്ള ഒരു അവര്‍ണ്ണസ്ത്രീ ലോഹപാത്രങ്ങള്‍ ഉപയോഗിച്ചതിന്റെ പേരില്‍ ആക്രമണം നേരിടേണ്ടി വന്നത് 1935 നവംബറിലാണ്. തങ്ങളെ അപമാനിക്കുന്നതിന് തുല്യമായാണ് ആ സ്ത്രീയുടെ പ്രവൃത്തിയെ ഹിന്ദുക്കള്‍ കണ്ടത്.
ജയ്പൂരിലെ ചക്വാര ഗ്രാമത്തില്‍ നിന്ന് അടുത്ത ഇടയില്‍ ഒരു സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ദേശാടനം കഴിഞ്ഞ് മടങ്ങിയെത്തിയ ഒരു അവര്‍ണ സഹോദരന് മതാനുഷ്ഠാനങ്ങളുടെ പേരില്‍ അവര്‍ണര്‍ക്കായി ഒരു സദ്യയൊരുക്കി. ആതിഥേയൻ അതിഥികൾക്കായി നെയ്യ് ഉള്‍പ്പടെയുള്ള രുചികരമായ ഭക്ഷണം ഒരുക്കി. ഭക്ഷണസമയം നൂറു കണക്കിന് ഹൈന്ദവര്‍ ലാത്തിയുമായി കയറിവന്ന് അവരെ ആക്രമിച്ചു. ഭക്ഷണം പാതി വഴിയില്‍ ഉപേക്ഷിച്ച് അവര്‍ണ്ണര്‍ ജീവന് വേണ്ടി ഓടി രക്ഷപെട്ടു. എന്തിനാണ് അശരണരായ ഈ മനുഷ്യര്‍ ആക്രമിക്കപ്പെട്ടത്? കാരണം ഇതാണ്. അവര്‍ണനും അഹങ്കാരിയുമായ ആതിഥേയന് ഭക്ഷണത്തോടൊപ്പം നെയ്യ് വിളമ്പുകയും ഭോഷന്മാരായ അവര്‍ണ്ണ അതിഥികൾ അത് രുചിക്കുകയും ചെയ്തു. നെയ്യ് ആഡംബരപൂര്‍ണമായ ഭക്ഷണമാണ് എന്നതില്‍ ആര്‍ക്കും സംശയമില്ല. പക്ഷെ അതിന്റെ ഉപയോഗം സമൂഹത്തിലെ മേൽത്തട്ടിനു മാത്രമായി ഒതുങ്ങേണ്ടതാണ് എന്ന് ആരും കരുതരുത്. ചക്വാരയിലെ ഹിന്ദുക്കള്‍ അത് മനസിലാക്കാതെ തങ്ങളില്‍ നിക്ഷിപ്തമായ സദാചാരപരിപാലനത്തിന്റെ പേരില്‍ അവര്‍ണരെ മര്‍ദ്ദിക്കുകയുമാണ് ഉണ്ടായത്. തങ്ങള്‍ക്ക് നെയ്യ് വാങ്ങാന്‍ കഴിവുണ്ടെങ്കിലും ഹിന്ദുക്കള്‍ക്ക് നേരെയുള്ള ധിക്കാരമായി കണക്കാക്കി അതിന്റെ ഉപയോഗം വേണ്ടെന്നു വയ്ക്കണം എന്നാണ് ഇവിടെ അര്‍ത്ഥമാക്കുന്നത്. 1936 ഏപ്രില്‍ ഒന്നാം തീയതിയാണ് ഇത് നടന്നത്!
ഇത്രയും വസ്തുതകള്‍ നിങ്ങളോട് പങ്കു വച്ചതിന്റെ അടിസ്ഥാനത്തില്‍ സാമൂഹിക പരിവര്‍ത്തനം എന്ന വിഷയത്തെ നമുക്ക് സമീപിക്കാം. ഇനി ബാനര്‍ജിയോടും രാഷ്ട്രീയ ബോധമുള്ള ഹിന്ദുക്കളോടും ചില ചോദ്യങ്ങള്‍ ചോദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങളുടെ രാജ്യത്തിന്റെ വലിയൊരു വിഭാഗമായ അവര്‍ണസമൂഹത്തെ പൊതു വിദ്യാഭ്യാസം നേടുന്നതില്‍ നിന്ന് തടഞ്ഞു വയ്ക്കുമ്പോള്‍ രാഷ്ട്രീയാധികാരം നേടാന്‍ നിങ്ങള്‍ക്ക് യോഗ്യതയുണ്ടോ? അവര്‍ക്ക് പൊതു കിണറുകള്‍ ഉപയോഗിക്കാന്‍ അനുവാദം നല്‍കാതെ രാഷ്ട്രീയാധികാരം നേടാന്‍ നിങ്ങള്‍ക്ക് യോഗ്യതയുണ്ടോ? പൊതുവഴികളിലൂടെ നടക്കാന്‍ വലിയൊരു ശതമാനം ജനങ്ങള്‍ക്ക് അവകാശമില്ലാതെ രാഷ്ട്രീയാധികാരത്തിന് നിങ്ങള്‍ക്ക് അര്‍ഹതയുണ്ടോ? അവര്‍ ആഗ്രഹിക്കുന്ന വസ്ത്രങ്ങളും ആഭരണങ്ങളും ധരിക്കാന്‍ അവകാശം ഇല്ലാത്ത ലോകത്ത് രാഷ്ട്രീയാധികാരം നേടാന്‍ നിങ്ങള്‍ക്ക് യോഗ്യതയുണ്ടോ? അവര്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം രുചിക്കാന്‍ അനുവദിക്കാതെ രാഷ്ട്രീയാധികാരം കയ്യടക്കാന്‍ നിങ്ങള്‍ക്ക് അര്‍ഹതയുണ്ടോ? ഇത്തരം ചോദ്യങ്ങളുടെ വലിയൊരു നിര എനിക്ക് ചോദിക്കാനാവും. ബാനര്‍ജിയുടെ ഉത്തരം എന്താവും എന്നറിയാന്‍ എനിക്ക് കൌതുകമുണ്ട്. യുക്തിബോധമുള്ള ഒരു വ്യക്തിക്കും വ്യക്തമായ ഉത്തരം നല്കാന് സാധിക്കില്ല എന്ന് എനിക്കുറപ്പുണ്ട്. ഒരു രാജ്യത്തിന് മറ്റൊരു രാജ്യത്തെ ഭരിക്കാന്‍ അവകാശമില്ല എന്ന സിദ്ധാന്തം ഇടവിട്ട് ഉരുവിടുന്ന കോണ്ഗ്രസ്സുകാര് മറ്റൊരു കാര്യം അംഗീകരിച്ചേ മതിയാവൂ, ഒരു വര്‍ഗ്ഗത്തിന് മറ്റൊരു വര്‍ഗ്ഗത്തെ ഭരിക്കാനും അവകാശമില്ല.
പിന്നെ എങ്ങനെയാണ് സാമൂഹിക പരിഷ്കരണ പാര്‍ട്ടിക്ക് പരാജയം രുചിക്കേണ്ടി വന്നത്? ഇത് ശരിയായി മനസിലാക്കണമെങ്കില്‍ പരിഷ്കര്‍ത്താക്കള്‍ സമരം ചെയ്ത സാമൂഹിക മാറ്റത്തിന്റെ സ്വപ്നം എന്താണ് എന്നറിയണം. ഹിന്ദു കുടുംബങ്ങളെ മുന്നില്‍ കണ്ടുകൊണ്ടുള്ള സാമൂഹിക പരിഷ്കരണവും ഹിന്ദു സമൂഹത്തെ മൊത്തമായി കണ്ടുള്ള പരിഷ്കരണവും വ്യതിരിക്തമായി കണ്ടു മനസ്സിലാക്കേണ്ടത് ആവശ്യമാണ്. ആദ്യം പറഞ്ഞ തരത്തിലുള്ള സാമൂഹിക പരിഷ്കരണം വിധവാവിവാഹം ശൈശവ വിവാഹം തുടങ്ങിയവയുമായി ബന്ധപ്പെട്ടു കിടക്കുമ്പോള്‍ രണ്ടാമത് പറഞ്ഞത് ജാതി ഉണ്മൂലനം ലക്ഷ്യം വയ്ക്കുന്നു. ഒരു പ്രസ്ഥാനം എന്ന നിലയില്‍ സോഷ്യല്‍ കോണ്‍ഫറന്‍സ് പ്രാധാന്യം കൊടുത്തത് മേല്‍ജാതിയിലുള്ള കുടുംബ വ്യവസ്ഥിതിയെ പരിഷ്ക്കരിക്കുന്നതിലാണ്. ഈ പ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകരില്‍ മുഖ്യപങ്കും മേല്ജാതിയില് പെട്ട ഹിന്ദുക്കള്‍ ആയിരുന്നതിനാല്‍ ജാതി ഉന്മൂലനം ഒരു പ്രധാന ആവശ്യമായി തിരിച്ചറിയാനോ അത് മനസിലാക്കിയാല്‍ തന്നെ അതിനു വേണ്ടി തന്റെടത്തോടെ ശബ്ദമുയര്‍ത്താനോ ശ്രമിച്ചില്ല. തങ്ങളുടെ കുടുംബങ്ങളില്‍ നിലനില്‍ക്കുന്ന വൈധവ്യം ശൈശവവിവാഹം തുടങ്ങിയ പ്രശ്നങ്ങളിലെക്കാണ് സ്വാഭാവികമായി അവരുടെ ശ്രദ്ധ പതിഞ്ഞത്. അവയൊക്കെ ഈ പ്രവര്‍ത്തകരുടെ വ്യക്തിജീവിതം കൊണ്ട് അറിഞ്ഞ പ്രശ്നങ്ങള്‍ ആയിരുന്നു. ഹിന്ദു സമൂഹത്തിന്റെ സമൂല പരിഷ്കരണത്തിനായി അവര്‍ നിലകൊണ്ടില്ല. ഹൈന്ദവ കുടുംബവ്യവസ്ഥിതിയിലെ ദുരാചാരങ്ങള്‍ മുന്‍നിര്‍ത്തിയായിരുന്നു അവരുടെ സമരം. ജാതിവ്യവസ്ഥിതിയെ ഉന്മൂലനം ചെയ്യുന്ന ഒരു സാമൂഹികസ്ഥിതി കൈവരിക്കാന്‍ ആ സമരം കൊണ്ട് സാധിച്ചില്ല. പരിഷ്കര്‍ത്താക്കള്‍ ഈ പ്രശ്നത്തെ പരിഗണിക്കുക പോലും ചെയ്തില്ല. ഇതുകൊണ്ടാണ് സാമൂഹിക പരിഷ്കരണ പാര്‍ട്ടി പരാജയപ്പെട്ടത്.
ഈ വാദങ്ങള്‍ കൊണ്ടൊന്നും സാമൂഹിക പരിഷ്കരണവാദങ്ങള്ക്കു മേല്‍ രാഷ്ട്രീയപരിഷ്കരണത്തിന് മേല്‍ക്കൈ നേടാന്‍ സാധിച്ചു എന്ന സത്യത്തെ മാറ്റിമറിക്കാന്‍ കഴിയില്ല എന്ന വസ്തുത എനിക്ക് ബോധ്യമുണ്ട്. പക്ഷെ ഈ വാദത്തിന് ഇത്രയെങ്കിലും മൂല്യം ഉള്ളതായി കരുതുക. എന്തു കൊണ്ട് സാമൂഹിക പരിഷ്കരണ പ്രസ്ഥാനം പരാജയപ്പെട്ടു എന്നതിനെ ഇത് വിശദീകരിക്കുന്നു. രാഷ്ട്രീയ പരിഷ്കരണം നേടിയതായി കരുതുന്ന വിജയത്തിന് എത്രത്തോളം പരിമിതികളുണ്ട് എന്ന് മനസിലാക്കാന്‍ ഈ വിശദീകരണം സഹായിക്കുന്നു. സാമൂഹിക പരിഷ്കരണം എന്നത് കുടുംബ വ്യവസ്ഥിതിയുടെ പരിഷ്കരണം എന്ന നിലയില്‍ ചുരുങ്ങിയാല്‍ മാത്രമേ രാഷ്ട്രീയ പരിഷ്കരണത്തിന് അതിന്മേല് വിജയം നേടാന്‍ സാധിക്കൂ എന്ന് ഇതിലൂടെ നാം മനസിലാക്കുന്നു. രാഷ്ട്രീയമാറ്റം എന്നത് സാമൂഹികമാറ്റം സാധ്യമാവാതെ നേടിയെടുക്കാന്‍ കഴിയുന്നതല്ല എന്ന വസ്തുത തര്‍ക്കം അര്‍ഹിക്കാത്തതാണ് എന്ന് എനിക്ക് ഉറപ്പുണ്ട്. രാഷ്ട്രീയ ഭരണഘടന തയ്യാറാക്കുന്നവര്‍ സാമൂഹിക ശക്തികളെ പരിഗനിക്കെണ്ടാതിന്റെ ആവശ്യം തിരിച്ചറിഞ്ഞത് ഫെര്‍ഡിനാന്‍ഡ് ലസ്സാലെയാണ്. കാള്‍ മാര്‍ക്സിന്റെ സുഹൃത്തും സഹപ്രവര്‍ത്തകനുമായ അദ്ദേഹം 1862 ഇല് പ്രഷ്യയിലെ ശ്രോതാക്കളെ അഭിസംബോധന ചെയ്ത് പറഞ്ഞത് ഇങ്ങനെയാണ്:
“ഭരണഘടനാപരമായ ചോദ്യങ്ങള്‍ പ്രാഥമികമായും അവകാശത്തിന്റെ ചോദ്യങ്ങളല്ല, ശേഷിയുടെ ചോദ്യങ്ങളാണ്(not questions of right but questions of might). ഒരു രാജ്യത്തിന്റെ പൂര്‍ണമായ ശക്തിയുടെ മേല്‍ മാത്രമേ ഒരു ഭരണഘടനയ്ക്ക് നിലനില്‍പ്പ് ഉണ്ടാകുന്നുള്ളൂ. ഈ പൂര്‍ണമായ ശക്തിയുടെ പ്രയോഗം സമൂഹത്തില്‍ നിലനിന്നാല്‍ മാത്രമേ ഒരു ഭരണഘടനയ്ക്ക് മൂല്യവും നിലനില്‍പ്പും സാധ്യമാകൂ.”
രാഷ്ട്രീയവ്യവസ്ഥിതിയിലെ ദുര്ബലതകളില് കോണ്‍ഗ്രസ് ശ്രദ്ധവയ്ക്കുമ്പോള്‍ ഹൈന്ദവ സാമൂഹിക വ്യവസ്ഥിതിയിലെ പ്രശ്നങ്ങള്‍ ഉന്മൂലനം ചെയ്യാന്‍ സോഷ്യല്‍ കോണ്‍ഫറന്‍സ് മുന്നിട്ടിറങ്ങി. ഒരേ പ്രവര്‍ത്തനമേഖലയുടെ രണ്ട് ശാഖകള്‍ എന്നവണ്ണം ഇവ രണ്ടും കുറച്ചുകാലം വരെ പ്രവര്‍ത്തിച്ചു പോന്നു. വാര്‍ഷിക സമ്മേളനങ്ങള്‍ ഒരേ പന്തലില്‍ നടത്തിപ്പോന്നു. പക്ഷെ അധികം താമസിക്കാതെ ഇവ രണ്ടും രണ്ട് പാര്‍ട്ടികളായി തെന്നിമാറി; രാഷ്ട്രീയ പരിഷ്കരണ പാര്‍ട്ടിയും സാമൂഹിക പരിഷ്കരണ പാര്‍ട്ടിയും. രാഷ്ട്രീയ പരിഷ്കരണ പാര്‍ട്ടി നാഷണല്‍ കൊണ്ഗ്രസ്സിനെ പിന്തുണച്ചപ്പോള്‍ സാമൂഹിക പരിഷ്കരണ പാര്‍ട്ടി സോഷ്യല്‍ കോണ്‍ഫറന്‍സിനെ പിന്തുണച്ചു. രണ്ട് വിഭാഗങ്ങള്‍ അങ്ങനെ രണ്ട് വിരുദ്ധചേരികളായി മാറി.
പ്രഷ്യ വരെ പോകേണ്ട ആവശ്യമില്ല. തെളിവുകള്‍ നമുക്കിടയില്‍ തന്നെയുണ്ട്. സാമുദായിക സംവരണം വഴി രാഷ്ട്രീയശക്തി വിവിധ ജാതികള്‍ക്കും വര്ഗങ്ങള്ക്കുമായി ആനുപാതികവിഭജനം നടത്തുന്നതിന്റെ താല്പര്യം എന്താണ്? എന്റെ വീക്ഷണത്തില്‍, സമൂഹവ്യവസ്ഥയ്ക്ക് ഭരണഘടനയില്‍ പ്രാധാന്യം നല്‍കുക എന്നതാണ് അതിന്റെ താല്പര്യം. ഇന്ത്യയുടെ സാമൂഹിക പരിഷ്കരണത്തിന് യാതൊരു പ്രാധാന്യവും കല്‍പ്പിക്കാതിരുന്ന രാഷ്ട്രീയവാദികള്‍ ഭരണഘടന ആസൂത്രണവേളയില്‍ ഈ പ്രശ്നങ്ങളെ അഭിസംബോധന ചെയ്യാന്‍ നിര്‍ബന്ധിതരാവുന്നു. സാമുദായിക സംവരണം എന്നത് സാമൂഹ്യ പരിഷ്കരണത്തിന് നേരെ കണ്ണടച്ചതിന് നല്‍കേണ്ടി വന്ന പിഴയാണ് എന്ന് പറയേണ്ടി വരും. സാമൂഹിക പരിഷ്കരണ പാര്‍ട്ടി പരാജയപ്പെട്ടെങ്കിലും അവരുടേത് ശരിയുടെ പക്ഷമായിരുന്നു എന്നുള്ളതിന് തെളിവാണ് ഇത്. ഈ കണ്ടെത്തല്‍ പലര്‍ക്കും അംഗീകരിക്കാന്‍ സാധിക്കില്ല എന്ന് എനിക്കറിയാം. ബ്യൂറോക്രസിയും ന്യൂനപക്ഷവും തമ്മിലുള്ള അവിശുദ്ധ ബന്ധം മൂലമാണ് സാമുദായിക സംവരണം സാധ്യമായത് എന്ന് ഒരു വിശ്വാസം നിലവിലുണ്ട്. സാമുദായിക സംവരണം ഒരു തെളിവായി സ്വീകരിക്കാന്‍ സാധിക്കില്ല എന്ന് നിങ്ങള്‍ കരുതുന്നെങ്കില്‍ ആ ഒരു ഉദ്ദാഹരണം ഞാന്‍ അവലംബിക്കുന്നില്ല. നമുക്ക് അയര്‍ലണ്ടിലേക്ക് നോക്കാം. ഐറിഷ് ആഭ്യന്തരഭരണത്തിന്റെ ചരിത്രം എന്താണ് സൂചിപ്പിക്കുന്നത്? അയര്‍ലണ്ടിനെ ഒറ്റ ഭരണഘടനയുടെ കീഴില്‍ കൊണ്ടുവരാനായി അള്സ്റ്ററിന്റെയും തെക്കന്‍ അയര്‍ലണ്ടിന്റെയും പ്രതിനിധികളുമായി നടന്ന കൂടിയാലോചനകള്‍ക്കിടയില്‍ റെഡ്മണ്ട്, അള്സ്റ്ററിന്റെ പ്രതിനിധിയോട് പറഞ്ഞത് ഇങ്ങനെയാണ്: “എന്ത് രാഷ്ട്രീയ സുരക്ഷാക്രമത്തിനായും നിങ്ങള്‍ ചോദിക്കൂ, അത് നിങ്ങള്‍ക്ക് ലഭിക്കും.” അള്‍സ്റ്റര്‍ പ്രതിനിധി നല്കിയ മറുപടി എന്താണ്? അത് ഇങ്ങനെയായിരുന്നു: നിങ്ങളുടെ സുരക്ഷകള്‍ തുലയട്ടെ. ഏത് വ്യവസ്ഥയുടെ കീഴിലും ഞങ്ങളെ നിങ്ങള്‍ക്ക് ഭരിക്കാന്‍ കഴിയില്ല.” ന്യൂനപക്ഷങ്ങളെ എന്തിലും കുറ്റപ്പെടുത്തുന്ന നിങ്ങള്‍ ഓര്‍ക്കുക. അള്‍സ്റ്റര്‍ അന്നെടുത്ത നിലപാട് ഇന്ത്യയിലെ ഭൂരിഭക്ഷത്തിന്റെ രാഷ്ട്രീയാഭിലാഷങ്ങള്‍ക്ക് മേല്‍ ന്യൂനപക്ഷങ്ങള്‍ സ്വീകരിച്ചിരുന്നു എങ്കില്‍ എന്തായിരുന്നിരിക്കും സംഭവിക്കുക എന്ന്. ഐറിഷ് ആഭ്യന്തര ഭരണത്തെ പിന്‍പറ്റി ചിന്തിച്ചാല്‍ യാതൊരു രാഷ്ട്രീയമീമാംസയും അധികരിച്ചല്ല, ചില സുരക്ഷകള്‍ നല്‍കാം എന്ന ഉറപ്പിന്മേല് മാത്രമല്ലെ ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷസമൂഹത്താല് ഭരിക്കപ്പെടാന്‍ സമ്മതിച്ചത്? ഇത് അകസ്മികമായൊരു യാഥാര്‍ത്ഥ്യമാണ്. പ്രധാന ചോദ്യം അള്‍സ്റ്റര്‍ എന്തുകൊണ്ട് അങ്ങനെ ഒരു തീരുമാനത്തില്‍ എത്തി എന്നതാണ്. എനിക്ക് നല്കാവുന്ന ഒരേയൊരു ഉത്തരം ഇതു മാത്രമാണ്. അള്‍സ്റ്റര്‍ - തെക്കന്‍ അയര്‍ലണ്ട് പ്രശ്നം എന്നത് പ്രാഥമികമായി കത്തോലിക്കരും പ്രോട്ടസ്റ്റന്റുകളും തമ്മിലുള്ള പ്രശ്നമാണ്; ആ നിലയ്ക്ക് അതൊരു ജാതീയതയുടെ പ്രശ്നം തന്നെയാണ്. ആഭ്യന്തര ഭരണം എന്നത് റോമന്‍ കത്തോലിക്കാഭരണം എന്ന നിലയില്‍ കണ്ടാണ് അള്‍സ്റ്റര്‍ പ്രതിനിധികള്‍ ഉത്തരം നല്‍കിയത്. അതായത് കത്തോലിക്കരും പ്രൊട്ടസ്റ്റന്റുകളും തമ്മിലുള്ള ജാതീയതയുടെ സാമൂഹിക പ്രശ്നമാണ് രാഷ്ട്രീയ പ്രതിവിധിക്ക് വിഘാതമായത്. ഈ തെളിവും വെല്ലുവിളിക്കപ്പെടും എന്നെനിക്കറിയാം. ഇവിടെയും സാമ്രാജ്യത്വത്തിന്റെ കൈകള്‍ പ്രവര്‍ത്തിച്ചു എന്ന് നിങ്ങള്‍ പറഞ്ഞേക്കും. തെളിവിന്റെ ഉറവ വറ്റിയിട്ടില്ല. റോമന്‍ ചരിത്രത്തില്‍ നിന്നും ഞാന്‍ തെളിവ് നിരത്താം. ഇതില്‍ ഏതെങ്കിലും ദുര്‍ബുദ്ധി പ്രവര്‍ത്തിച്ചു എന്ന് നിങ്ങള്‍ക്ക് പറയാന്‍ കഴിയില്ല. റോമന്‍ ചരിത്രം പഠിച്ചവര്‍ക്ക് അറിയാം, സാമുദായിക സംവരണത്തോട് സാദൃശ്യമുള്ള ചില പദ്ധതികള്‍ റോമിന്റെ റിപബ്ലിക്കന്‍ ഭരണഘടനയില്‍ ഇടം നേടിയിട്ടുണ്ട്. റോമിന്റെ രാജാധിപത്യം റദ്ദാക്കപ്പെട്ടപ്പോള്‍, രാജ്യാധികാരം രാജ്യപ്രതിനിധികള്ക്കും (consuls) മതമേലധികാരികള്ക്കുമായി (Pontifex Maximus) പകുത്തു നല്കി. മതേതരമായ അധികാരങ്ങള്‍ രാജ്യപ്രതിനിധികള്ക്കും മതപരമായവ മതാധ്യക്ഷന്മാര്ക്കും നല്കപ്പെട്ടു. റിപബ്ലിക്കന്‍ ഭരണഘടന പ്രകാരം രണ്ട് വിഭാഗം രാജ്യപ്രതിനിധികളാണ് ഉണ്ടായിരുന്നത് – ആഭിജാതപ്രതിനിധിയും (patrician) കീഴാളപ്രതിനിധിയും (plebian). പുരോഹിതഗണത്തിലും പകുതി പ്രതിനിധികള്‍ ആഭിജാതരും ബാക്കി പകുതി കീഴാളരും ആയിരുന്നു. മുന്‍പ് ഞാന്‍ സൂചിപ്പിച്ചത് പോലെ സാമുദായിക സംവരണത്തോട് താരതമ്യം ചെയ്യാവുന്ന ഇത്തരമൊരു വ്യവസ്ഥ റോമിന്റെ റിപബ്ലിക്കന്‍ ഭരണഘടനയില്‍ ചേര്‍ത്തിരിക്കുന്നത് എന്തിനാണ്? റോമില്‍ നിലനിന്നിരുന്ന സാമുദായിക വിഭജനത്തെ ശ്രദ്ധിക്കാതിരിക്കാന്‍ ഭരണഘടനയ്ക്ക് കഴിയുമായിരുന്നില്ല എന്നതാണ് ഇതിനു നല്കാവുന്ന ഏക ഉത്തരം. ചുരുക്കിപ്പറഞ്ഞാല്‍, രാഷ്ട്രീയ പരിവര്‍ത്തനവാദികള്‍ എങ്ങോട്ട് വേണമെങ്കില്‍ തിരിഞ്ഞു നോക്കട്ടെ, ഭരണഘടന ചിട്ടപ്പെടുത്തുമ്പോള്‍ ഇന്ന് നിലനില്‍ക്കുന്ന സാമൂഹിക ചുറ്റുപാടിനെ കണക്കിലെടുക്കാതെ നീങ്ങാന്‍ അവര്‍ക്ക് കഴിയില്ല.
ഇവിടെ ഞാന്‍ നിങ്ങള്‍ക്ക് മുന്നില്‍ നിരത്തിയ ഉദ്ദാഹരണങ്ങള്‍ എല്ലാം തന്നെ വളരെ വ്യാപ്തിയുള്ളതാണ്. ചരിത്രം പരിശോധിച്ചാല്‍ നമുക്ക് കാണാന്‍ സാധിക്കും, സാമൂഹികവും മതപരവുമായ വിപ്ലവങ്ങളാണ് എവിടെയും രാഷ്ട്രീയ വിപ്ലവങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിട്ടുള്ളത്. മാര്ട്ടിന് ലൂതര്‍ തുടങ്ങിവച്ച മതനവീകരണ പ്രവര്‍ത്തനമാണ് യൂറോപ്പിന്റെ രാഷ്ട്രീയവിമോചനത്തിന് മുന്നോടിയായത്. യൂറോപ്പിന്റെ രാഷ്ട്രീയമായ മോചനം സാധ്യമാക്കിയത് പ്യൂരിറ്റനിസമാണ്. പുതുലോകത്തെ കെട്ടിപ്പടുത്തത് പ്യൂരിറ്റനിസമാണ്. ഇതു തന്നെയാണ് അമേരിക്കന്‍ സ്വാതന്ത്ര്യസമരം വിജയിപ്പിച്ചതും. മുസ്ലിം സാമ്രാജ്യത്തിന്റെ കാര്യത്തിലും ഇത് ശരിയാണ്. പ്രവാചകനായ മുഹമ്മദിന്റെ മതപരമായ വിപ്ലവമാണ് അറേബ്യന്‍ ജനത ഒരു രാഷ്ട്രീയശക്തി ആവുന്നതിനും മുന്‍പ് സംഭവിച്ചത്.
ഇന്ത്യയുടെ ചരിത്രം കൂടി പരിശോധിക്കുക. ചന്ദ്രഗുപ്തന്റെ രാഷ്ട്രീയ വിപ്ലവത്തിന് മുന്‍പ് നടന്നത് ബുദ്ധന്റെ മതസാമൂഹിക വിപ്ലവമായിരുന്നു. മഹാരാഷ്ട്രത്തിലെ വിശുദ്ധര്‍ മുന്‍കൈയെടുത്ത സാമൂഹിക വിപ്ലവമാണ് ശിവാജിയുടെ രാഷ്ട്രീയ വിപ്ലവത്തിന് കാരണമായത്. സിക്ക് ജനതയുടെ രാഷ്ട്രീയവിപ്ലവത്തിന് മുന്‍പ് ഗുരുനാനാക്കിന്റെ മതപരവും സാമൂഹികവുമായ വിപ്ലവം സാധ്യമായി. കൂടുതല്‍ ഉദ്ദാഹരണങ്ങള്‍ നിരത്തേണ്ടതില്ല. ഇതില്‍ നിന്നൊക്കെ നമുക്ക് കാണാം, മനസിന്റെയും ആത്മാവിന്റെയും വിമോചനം എന്നത് രാഷ്ട്രീയ വിപുലീകരണത്തിന്റെ പ്രാഥമികമായ ആവശ്യമാണ്.
സോഷ്യലിസ്റ്റുകളുടെ തെറ്റിദ്ധാരണകള്‍
ഇനി സോഷ്യലിസ്റ്റുകളുടെ കാര്യം പരിശോധിക്കാം. സാമൂഹ്യ വ്യവസ്ഥിതി മൂലം ഉയരുന്ന പ്രശ്നങ്ങളെ അവഗണിക്കാന്‍ സോഷ്യലിസ്റ്റുകള്‍ക്ക് സാധിക്കുമോ? ഇന്ത്യയിലെ സോഷ്യലിസ്റ്റുകള്‍ തങ്ങളുടെ യൂറോപ്പിലെ സഹവര്ത്തികളെ പിന്തുടര്ന്ന് ഇന്ത്യന്‍ സാഹചര്യത്തിലും ചരിത്രത്തിന്റെ ധനതത്ത്വവ്യാഖ്യാനങ്ങള് പ്രാവര്‍ത്തികമാക്കാനാണ് ശ്രമിക്കുന്നത്. മനുഷ്യന് ഒരു സാമ്പത്തിക ജീവിയാണ് എന്ന തത്ത്വം അവര്‍ മുന്നോട്ടു വയ്ക്കുന്നു. അവന്റെ പ്രവര്‍ത്തികളും ലക്ഷ്യങ്ങളും സാമ്പത്തിക വസ്തുതകളാല്‍ നിര്‍ണയിക്കപ്പെടുന്നു എന്നും ആസ്തിയാണ് അധികാരത്തിന്റെ ഉറവിടം എന്നും പഠിപ്പിക്കുന്നു. അതുകൊണ്ട് രാഷ്ട്രീയവും സാമൂഹികവുമായ പരിവര്‍ത്തനങ്ങള്‍ ബൃഹത്തായ ഒരു മിത്യാബോധം ആണെന്നും ധനസമീകരണം വഴിയുള്ള സാമ്പത്തിക പരിവര്‍ത്തനത്തിനാണ് പ്രാധാന്യം നല്‍കേണ്ടത് എന്നും അവര്‍ ഉദ്ബോധിപ്പിക്കുന്നു. സാമ്പത്തിക ലക്ഷ്യങ്ങള്‍ മാത്രമല്ല മനുഷ്യനെ പ്രചോദിപ്പിക്കുന്നത് എന്ന് എതിര്‍വാദം ഉയരുന്നുണ്ട്. സാമ്പത്തിക ശക്തി മാത്രമാണ് യഥാര്‍ത്ഥ ശക്തി എന്ന വാദത്തെ മനുഷ്യ സമൂഹത്തെ പഠിക്കുന്ന ആര്‍ക്കും സ്വീകരികാവുന്നതല്ല. സാധാരണ മനുഷ്യന്റെ മേല്‍ “മഹാത്മാ”ക്കള്‍ നേടിയെടുത്ത അധികാരവും പ്രാമാണികതയും സാമൂഹികമായ നില കൊണ്ട് നേടുന്നതാണ്. ഇന്ത്യയിലെ ലക്ഷപ്രഭുക്കള്‍ എന്തുകൊണ്ടാണ് ദരിദ്രരായ സന്യാസിവര്യരെയും ഫക്കീറുകളെയും അനുസരിക്കുന്നത്? എന്തുകൊണ്ടാണ് ഇന്ത്യയിലെ സാധുക്കള്‍ കൈയ്യിലുള്ള നിസ്സാര വസ്തുക്കള്‍ വരെ വിറ്റ് ബനാറസ്സിലേക്കും മക്കയിലേക്കും പോകുന്നത്? മതം എന്നത് അധികാരത്തിന്റെ ഉറവിടമാണ് എന്ന സത്യം ഇന്ത്യാചരിത്രം വ്യക്തമാക്കിത്തരുന്നു. ഇവിടെ ഒരു മജിസ്ട്രേറ്റിനുള്ളതിനേക്കാള് ആജ്ഞാശക്തി ഒരു പുരോഹിതനുണ്ട്. ഒരു സമരമോ തെരഞ്ഞെടുപ്പോ മതപരമായ കളികളിലൂടെ അപ്രതീക്ഷിതമായ വഴിത്തിരിവിലേക്ക് നയിക്കാന്‍ സാധിക്കും. മതം എത്ര വലിയ ഒരു ശക്തികേന്ദ്രം ആണെന്നറിയാന്‍ റോമിലെ കീഴാളവര്‍ഗത്തിന്റെ(plebians) പ്രശ്നങ്ങളിലേക്ക് വീണ്ടും ഒന്ന് കണ്ണോടിക്കാം. അത് ഈ വിഷയത്തില്‍ വെളിച്ചം നല്കുവാന് പോന്ന ഒന്നാണ്. റോമന്‍ റിപബ്ലിക്കിന്റെ പരമാധികാരത്തില്‍ തങ്ങള്‍ക്കും ഒരു സ്ഥാനം ലഭിക്കാന്‍ കീഴാളര്‍ നടത്തിയ സമരങ്ങള്ക്ക്പ്രതിഫലമായാണ് അവര്‍ക്കായി പ്ലീബിയന്‍ കണ്സല് അനുവദിച്ചു കിട്ടിയത്. ഈ പ്ലീബിയന്‍ കണ്സല് തെരഞ്ഞെടുക്കപ്പെട്ടത് Commitia Centurianta എന്ന് വിളിക്കപ്പെടുന്ന പ്ലിബിയന് അസ്സംബ്ലി വഴിയാണ്. മേലാള പ്രതിനിധിസഭയില്‍ നിന്ന് നേരിടേണ്ടി വരുന്ന വിവേചനം മൂലമാണ് കീഴാള ജനതയ്ക്ക് തങ്ങളുടേതായ ഒരു പ്രതിനിധിസംഘം വേണമെന്ന ആവശ്യം ഉയര്‍ന്നത്. ഒരു മേലാള പ്രതിനിധിസംഘത്തിന്റെ തീരുമാനങ്ങള്‍ വീറ്റോ ചെയ്യത്തക്ക അധികാരം പ്ലീബിയന്‍ കണ്സല് നേടിയെടുക്കുക തന്നെ ചെയ്തു. പക്ഷെ അവര്‍ പ്രതീക്ഷിച്ച ഫലം ഇതുകൊണ്ട് ഉണ്ടായോ? ഇല്ല എന്ന് ഉത്തരം നല്‍കേണ്ടി വരും. മേലാള പ്രതിനിധികളുടെ തീരുമാനങ്ങളെ എതിര്‍ക്കാന്‍ ശക്തനായ ഒരു പ്ലീബിയന്‍ പ്രതിനിധിയെ തെരഞ്ഞെടുക്കാന്‍ കീഴാളര്‍ക്ക് സാധിച്ചിരുന്നില്ല. സ്വാഭാവിക രീതിയില്‍ അത് സാധിക്കേണ്ടതാണ്, കീഴാളര്‍ക്ക് സമ്മതിദാനാവകാശമുള്ള പ്ലീബിയന്‍ അസംബ്ലി നിലനില്‍ക്കുന്നത് കൊണ്ട്. എന്തു കൊണ്ടാണ് ഒരു മികച്ച പ്ലീബിയന്‍ പ്രതിനിധിയെ തെരഞ്ഞെടുക്കാന്‍ അസ്സംബ്ലിക്ക് കഴിയാതെ പോയത്? മനുഷ്യമനസ്സുകള്‍ക്ക് മേല്‍ മതം നേടിയെടുത്ത മേല്‍ക്കോയ്മ ഇതിനുള്ള കാരണം തേടുമ്പോള്‍ വ്യക്തമാകും. ഒരു കാര്യാധികാരിയും ഡല്‍ഫിയുടെ അരുളപ്പാടില്ലാതെ ഔദ്യോഗിക സ്ഥാനത്തേക്ക് പ്രവേശിച്ച് കൂടാ എന്നത് റോമന്‍ പൗരാവലി അംഗീകരിച്ചിരുന്ന ആചാരമാണ്. ഡല്‍ഫിയിലെ ദേവാലയാധികാരികള്‍ മേല്ജാതിയില് പെട്ടവര്‍ മാത്രവും. ഒരു ശക്തനായ വക്താവിനെ (ഇന്നത്തെ ഇന്ത്യന്‍ ഭാഷയില്‍ വര്‍ഗ്ഗീയന്‍ എന്നും വിളിക്കാം) പ്ലീബിയന്‍ ജനത കണ്ടെത്തിയാല്‍ തന്നെ ദേവതയുടെ പ്രീതി ഇയാള്‍ക്ക് എതിരായി പ്രഖ്യാപിക്കപ്പെടും. അവകാശങ്ങള്‍ നേടിയെടുക്കാന്‍ സാധിക്കാതെ കീഴ്ജാതിയിലെ മനുഷ്യര്‍ വഞ്ചിക്കപ്പെട്ടത് ഇങ്ങനെയാണ്. പക്ഷെ ഇവിടെ ശ്രദ്ധിക്കേണ്ടത് മറ്റൊരു കാര്യമാണ്, പ്ലീബിയന്‍ ജനത വഞ്ചിക്കപ്പെടാന്‍ നിന്ന് കൊടുത്തത് മേല്ജാതിയിലെ മനുഷ്യര്‍ക്കൊപ്പം ഇവരും ദേവപ്രീതിയില് വിശ്വസിച്ചിരുന്നത് കൊണ്ടാണ്. തെരഞ്ഞെടുപ്പു പോലെ തന്നെ പ്രധാനമാണ് ഈ അനുഷ്ഠാനം എന്ന് അവരും വിശ്വസിച്ചു പോന്നു. അത്തരം ഒരു വിശ്വാസം അവര്‍ നിലനിര്ത്തിയില്ലായിരുന്നു എങ്കില്‍ രാഷ്ട്രീയ അവകാശങ്ങള്‍ പൂര്‍ണമായും അവര്‍ക്ക് കൈപ്പറ്റാന്‍ സാധിക്കുമായിരുന്നു. പക്ഷെ, ദൈവത്തിന് അഭിമതനും തങ്ങള്‍ക്ക് അത്ര തൃപ്തിയില്ലാത്തവനുമായ മറ്റൊരു വക്താവിനെ തെരഞ്ഞെടുക്കാന്‍ അവര്‍ സന്നദ്ധരായി. അത് മേല്ജാതിക്ക് വിധേയമായ ഒരു ഭരണ സംവിധാനത്തിലേക്ക് നയിക്കുകയും ചെയ്തു. മതം പണത്തോളം പോന്ന ഒരു അധികാരശ്രോതസ്സാണ് എന്ന് ഇത് നമുക്ക് വെളിവാക്കിത്തരുന്നില്ലേ? ഇന്നത്തെ യൂറോപ്പിന്റെ സാമൂഹിക അന്തരീക്ഷം പോലെ തന്നെ ഇന്ത്യന്‍ സമൂഹത്തിലും അധികാരം ആസ്തിയില്‍ അധിഷ്ടിതമാണ് എന്നുള്ളതാണ് സോഷ്യലിസ്റ്റുകളുടെ ഏറ്റവും വലിയ തെറ്റിദ്ധാരണ. മതം, സാമൂഹിക സ്ഥിതി, സമ്പത്ത് എല്ലാം തന്നെ അധികാരത്തിന്റെയും പ്രാമാണ്യത്തിന്റെയും ശ്രോതസ്സാണ്; എവിടെയും ഒരു വ്യക്തി മറ്റൊരാളുടെ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നു. ഒരു തലത്തില്‍ ഒന്നാണ് പ്രബലമെങ്കില്‍ മറ്റൊരു തലത്തില്‍ മറ്റൊന്ന്. അത്രമാത്രമാണ് വ്യത്യാസം. സ്വാതന്ത്ര്യമാണ് പൂര്‍ണ്ണത എങ്കില്‍, ഒരാള്‍ മറ്റൊരാള്‍ക്ക് മേല്‍ പുലര്‍ത്തുന്ന ആധിപത്യത്തിന്റെ തകര്‍ച്ചയാണ് സ്വാതന്ത്ര്യം എങ്കില്‍, സാമ്പത്തിക നവീകരണം ഒന്നില്‍ ലക്ഷ്യം വച്ച് നീങ്ങുന്നത് മികച്ചൊരു ഉദ്യമം അല്ല എന്നത് സ്പഷ്ടമാണ്. അധികാരത്തിന്റെ ശ്രോതസ് ഏതു കാലത്തും ഏതു സമൂഹത്തിലും, മതപരവും സാമൂഹികവുമാണെങ്കില് അതിന്മേലുള്ള നവീകരണത്തിലാണ് നാം ശ്രദ്ധ വയ്ക്കേണ്ടത്.
ഞാന്‍ ഹിന്ദുക്കളെ വിമര്‍ശിച്ചിട്ടുണ്ട്. അവര്‍ ബഹുമാനിക്കുന്ന മഹാത്മാവിന്റെ ആധികാരികതയെ ഞാന്‍ ചോദ്യം ചെയ്തിട്ടുണ്ട്. അവർ എന്നെ വെറുക്കുന്നു. അവരുടെ പൂന്തോട്ടത്തിലെ വിഷപ്പാമ്പാണ് ഞാന്‍. ഇങ്ങനെയൊരു ബഹുമാന്യപദം അലങ്കരിക്കാന്‍ എന്തിന് എന്നെ ക്ഷണിച്ചു എന്ന് രാഷ്ട്രീയ ചിന്താഗതിയുള്ള ഹിന്ദുക്കള്‍ വിശദീകരണം ആരാഞ്ഞിട്ടുണ്ടാവണം. ഇതിനെ ഒരു അധിക്ഷേപമായിക്കൂടി അവര്‍ കണ്ടേക്കാം.മതാതിഷ്ടിതമായി ജീവിക്കുന്ന സാധാരണ ഹൈന്ദവര്‍ക്ക് പ്രസാദാത്മകമായി കാണാവുന്ന ഒന്നല്ല ഈ തെരഞ്ഞെടുപ്പ്.
ഇന്ത്യയിലെ സോഷ്യലിസ്റ്റുകള്‍ സ്വീകരിച്ചിരിക്കുന്ന ചരിത്രത്തിന്റെ ധനതത്ത്വശാസ്ത്ര വ്യാഖ്യാനത്തെ ഇതിനാല്‍ ആര്‍ക്കും ആക്രമിക്കാം. സാമ്പത്തിക സമത്ത്വം എല്ലാ നവീകരണത്തിനും മുന്‍പ് സംഭവിക്കണം എന്ന സോഷ്യലിസ്റ്റ് ചിന്താഗതി സാധുവാക്കാന്‍ ചരിത്രത്തിന്റെ ധനതത്ത്വശാസ്ത്ര വ്യാഖ്യാനത്തെ കൂട്ടു പിടിക്കേണ്ടതുണ്ട് എന്ന് ഞാന്‍ കരുതുന്നില്ല. എനിക്ക് സോഷ്യലിസ്റ്റുകളോട് ചോദിക്കാനുള്ളത് ഇത്രമാത്രമാണ്: സമൂഹക്രമത്തെ പരിഷ്കരിക്കാതെ സാമ്പത്തിക നവീകരണം സാധ്യമാക്കാന്‍ കഴിയുമോ? ഇന്ത്യയിലെ സോഷ്യലിസ്റ്റുകള്‍ ഈ ചോദ്യം പരിഗണിച്ചിട്ടുണ്ട് എന്ന് തോന്നുന്നില്ല. അവരോട് അന്യായം കാട്ടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഒരു പ്രമുഖനായ സോഷ്യലിസ്റ്റ് നേതാവ് എന്റെ ഒരു സുഹൃത്തിന് എഴുതിയ കത്തില്‍ നിന്ന് ഒരു ഉദ്ധരിണിയാണ് ഇനി പറയുന്നത്. “ഒരു വര്‍ഗത്തിനു മേല്‍ മറ്റൊരു വര്‍ഗ്ഗം കാട്ടുന്ന ദ്രോഹവും അടിച്ചമര്‍ത്തലും നിലനില്‍ക്കുന്നിടത്തോളം ഇന്ത്യയില്‍ ഒരു സ്വതന്ത്ര സമൂഹത്തെ കെട്ടിപ്പടുക്കാം എന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. ഒരു സോഷ്യലിസ്റ്റ് ആദര്‍ശത്തില്‍ വിശ്വസിക്കുന്നെങ്കില്‍ അത്ര അനിവാര്യമായി തന്നെ വര്ഗസമത്വത്തിലും ഞാന്‍ വിശ്വസിക്കുന്നു. സോഷ്യലിസത്തിനു മാത്രമേ ഈ പ്രശ്നത്തിനും സമാനമായ മറ്റു പ്രശ്നങ്ങള്‍ക്കും പരിഹാരം നിര്‍ദേശിക്കാന്‍ സാധിക്കൂ.” ഇവിടെ ഞാന്‍ ചോദിക്കാന്‍ ആഗ്രഹിക്കുന്ന ചോദ്യം ഇതാണ്: “ഞാന്‍ വര്‍ഗ്ഗങ്ങള്‍ തമ്മിലുള്ള പൂര്‍ണമായ സമത്വത്തില്‍ വിശ്വസിക്കുന്നു” എന്ന് സോഷ്യലിസ്റ്റ് പറഞ്ഞത് കൊണ്ട് മാത്രം കാര്യമുണ്ടോ? അത്തരം ഒരു വിശ്വാസം മാത്രം നിലനിര്‍ത്തിയാല്‍ മതി എന്ന് പറഞ്ഞാല്‍ സോഷ്യലിസത്തില്‍ അടങ്ങിയിരിക്കുന്ന തത്ത്വങ്ങളെ പറ്റി യാതൊരു ഗ്രാഹ്യവും തനിക്കില്ല എന്ന് തുറന്നു പറയുന്നതിന് തുല്യമാണ്. സോഷ്യലിസം എന്നത് ഒരു പ്രയോഗസാധ്യതയുള്ള തത്ത്വമാണെങ്കില്, അത് വെറുമൊരു ആദര്‍ശം മാത്രമല്ലെങ്കില്‍ സോഷ്യലിസ്റ്റ് സമത്വത്തില്‍ വിശ്വസിക്കുന്നോ എന്നതല്ല ചോദ്യം. വ്യവസ്ഥിതിയുടെയും സിദ്ധാന്തത്തിന്റെയും പേരില്‍ ഒരു വര്‍ഗ്ഗം മറ്റൊരു വര്‍ഗ്ഗത്തെ ചൂഷണം ചെയ്യുന്നത്, ദുര്‍ഭരണവും മര്‍ദ്ദനവും തുടരുന്നതും നിങ്ങള്‍ വകവച്ച് കൊടുക്കുമോ എന്നതാണ് ഇവിടെ ചോദ്യം. ഈ വിഷയം വ്യക്തമായി അവതരിപ്പിക്കാന്‍, സോഷ്യലിസം സാക്ഷാത്കരിക്കുന്നതില്‍ പങ്കു വഹിക്കുന്ന വിവിധ ഘടകങ്ങളെ ഒന്ന് പരിശോധിക്കാം. അധികാരം ലക്ഷ്യമാക്കിയുള്ള വിപ്ലവം സംഭവിക്കാതെ സോഷ്യലിസം സ്വപ്നം കാണുന്ന സാമ്പത്തിക നവീകരണം സാധ്യമാവില്ല എന്നത് വ്യക്തമായ കാര്യമാണ്. ഈ വിപ്ലവം സാധ്യമാക്കേണ്ടത് തൊഴിലാളി വര്‍ഗ്ഗമാണ്. എന്റെ ആദ്യ ചോദ്യം ഇതാണ്: ഇന്ത്യയിലെ തൊഴിലാളികള്‍ ഈ വിപ്ലവത്തിനായി ഒന്നിക്കുമോ? അത്തരം ഒരു ചെയ്തിയിലേക്ക് എന്താണ് അവരെ നയിക്കുക? എന്റെ അഭിപ്രായത്തില്‍ അത്തരം ഒരു പ്രവൃത്തിയിലേക്ക് അവരെ നയിക്കക, തന്നോടൊപ്പം അണി ചേരുന്നവനോടുള്ള സമത്വചിന്തയും സാഹോദര്യവും എല്ലാത്തിനുമുപരി നീതിക്ക് വേണ്ടിയുള്ള ആഗ്രഹാവുമാണ്. സാമ്പത്തിക സമത്വം സാധ്യമായത്തിനു ശേഷം എല്ലാവരും സമന്മാര് ആയിരിക്കുമെന്നും ജാതീയമോ മതപരമോ ആയ യാതൊരു ചൂഷണവും തങ്ങള്ക്കുണ്ടാവില്ല എന്ന കാര്യം മനസിലാക്കാതെ ഒരുവനും ഇത്തരം ഒരു വിപ്ലവത്തിന് കൈകോര്‍ക്കില്ല. ഞങ്ങള്‍ ജാതിയില്‍ വിശ്വസിക്കുന്നില്ല എന്ന സോഷ്യലിസത്തിനു ചുക്കാന്‍ പിടിക്കുന്നവരുടെ ഉറപ്പു മാത്രം പോരാ ഇതിന് എന്നെനിക്ക് ഉറപ്പാണ്. ഈ ഉറപ്പ് ശക്തമായ അടിത്തറയുള്ള ബോധ്യത്തില്‍ നിന്ന് അവര്‍ക്ക് ലഭിക്കുന്നതാവണം. ഒന്നിച്ച് അണി നിരക്കുന്ന സഖാക്കള്‍ പ്രകടിപ്പിക്കുന്ന മാനസികമായ അടുപ്പത്തില്‍ നിന്നും തമ്മില്‍ പ്രകടിപ്പിക്കുന്ന സമത്വസാഹോദര്യത്തില് നിന്നും ലഭിക്കുന്ന ഉറപ്പാവണം. ധനികന് ദരിദ്രന് എന്ന ദ്വന്ത്വത്തില് മാത്രം ഒതുങ്ങുന്ന വിവേചനം മാത്രമേ ഇന്ത്യയിലെ തൊഴിലാളി വര്‍ഗ്ഗം നേരിടുന്നുള്ളൂ എന്ന് നമുക്ക് പറയാന്‍ സാധിക്കുമോ? ഇന്ത്യയിലെ ദരിദ്രര്‍ക്കിടയില്‍ ജാതീയമോ മതപരമോ ആയ ഏറ്റക്കുറച്ചിലുകള്‍ ഇല്ല എന്ന് പറയാന്‍ സാധിക്കുമോ? ഇല്ലെങ്കില്‍, ധനികന് എതിരായുള്ള സമരത്തില്‍ തൊഴിലാളിവര്‍ഗ്ഗം ഒറ്റക്കെട്ടായി പൊരുതും എന്നതില്‍ എന്ത് ഉറപ്പാണുള്ളത്? തൊഴിലാളിവര്‍ഗ്ഗത്തിന് ഐക്യപ്പെടാന്‍ കഴിഞ്ഞില്ലെങ്കില്‍ എങ്ങനെയാണ് വിപ്ലവം സാധ്യമാവുക? അതെല്ലാം പോട്ടെ, എന്തെങ്കിലും ഭാഗ്യത്തിന് സോഷ്യലിസ്റ്റുകള്‍ക്ക് വിപ്ലവം നടപ്പിലാക്കാന്‍ സാധിക്കുകയും, അധികാരം കൈക്കലാവുകയും ചെയ്തെന്നിരിക്കട്ടെ, അപ്പോഴും ഇന്ത്യയില്‍ നിലനില്‍ക്കുന്ന സമൂഹവ്യവസ്ഥയെ അവര്‍ക്ക് അഭിമുഖീകരിക്കേണ്ടി വരില്ലേ? ഇന്ത്യന്‍ ജനത കാട്ടുന്ന വിവേചനങ്ങളും മുന്‍വിധികളും മൂലമുള്ള പ്രശ്നങ്ങളുമായി മല്ലടിക്കാതെ ഒരു നിമിഷം പോലും ഒരു സോഷ്യലിസ്റ്റ് ഭരണവ്യവസ്ഥയ്ക്ക് മുന്നോട്ട് പോകാന്‍ കഴിയില്ല. സോഷ്യലിസം ഒരു യാഥാര്‍ത്ഥ്യം ആവണമെങ്കില്‍ സാമൂഹ്യ നവോദ്ധാനത്തെ ഒരു പ്രാഥമിക പ്രശ്നമായി കണക്കാക്കാന്‍ തയ്യാറാവണം; അതില്‍ നിന്ന് ഒളിച്ചോടാന്‍ നമുക്ക് സാധിക്കില്ല. ഇന്ത്യന്‍ സമൂഹവ്യവസ്ഥ കൈകാര്യം ചെയ്യാതെ വിപ്ലവം എന്ന യാഥാര്‍ത്ഥ്യം സാക്ഷാത്കൃതമാക്കാന്‍ സാധിക്കില്ല എന്നതും, സാധ്യമായാല്‍ തന്നെ ആ ഭാഗ്യത്തെ ശരിയാംവണ്ണം വിനിയോഗിക്കാന്‍ ഇന്നത്തെ വ്യവസ്ഥിതിയില്‍ സാധ്യമല്ല എന്നതും തര്‍ക്കമറ്റ സംഗതിയാണ്. വിപ്ലവത്തിന് മുന്‍പ് ഇതു പരിഹരിച്ചില്ലെങ്കില്‍ അതിനു ശേഷം ഈ പ്രശ്നങ്ങളെ നേരിടാന്‍ അവര്‍ നിര്‍ബന്ധിതരാകും. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, എങ്ങോട്ട് തിരിഞ്ഞാലും നിങ്ങളുടെ വഴിമുടക്കി നില്ക്കുന്ന ദുര്‍ഭൂതമാണ് ജാതീയത. ഈ ഭീകരസത്വത്തെ നശിപ്പിക്കാതെ രാഷ്ട്രീയ നവീകരണമാവട്ടെ, സാമ്പത്തിക നവീകരണമാവട്ടെ സാധ്യമല്ല.