മുസ്ലിമിനെ വായിക്കാൻ ആന്ത്രോപ്പോളജിക്ക് പറ്റില്ലേ?

"നരവംശശാസ്ത്രത്തിന് മുസ്ലിമിനെ വായിക്കുക സാധ്യമാണോ?" 1 എന്ന ആബിദ് സേട്ടിന്റെ ലേഖനത്തിന്റെ പ്രതികരണം മാത്രമല്ല ഈ ലേഖനം മറിച്ചു അടുത്ത കാലത്തായി ശ്രദ്ധയിൽപ്പെട്ടിട്ടുള്ള നരവംശശാസ്ത്രവുമായി ബന്ധപ്പെട്ടു മലയാളം എഴുത്തുകളിൽ വരാറുള്ള ചില തെറ്റിധാരണകളെ ചൂണ്ടിക്കാണിക്കാനുമാണ് ഇതെഴുതുന്നത്.

സേട്ടിന്റെ ലേഖനത്തിൽ പ്രധാനമായും മൂന്നു കാര്യങ്ങൾ പറയുന്നു. ഒന്ന്, ഇസ്ലാമിനെ സംബന്ധിച്ച് നരവംശശാസ്തത്തിൽ വന്നിട്ടുള്ള പ്രധാനപ്പെട്ട ചില ലേഖനങ്ങളും അവയുടെ വിഷയങ്ങളും പരിചയപ്പെടുത്തുന്നു. രണ്ട്, നരവംശശാസ്ത്ര സിദ്ധാന്തങ്ങൾ ഇസ്ലാമിനെ പഠിക്കുവാൻ പ്രാപ്തമാണോ എന്നു ചോദിക്കുന്നു. മൂന്ന്, മുസ്ലിം സ്ത്രീകളുടെ ഉദാഹരണത്തിലൂടെ അവരുടെ ഉൽകണ്ഠകളും, വിശ്വാസങ്ങളും ശീലങ്ങളും വ്യത്യസ്തമാണെന്നും വൈവിധ്യപൂർണമാണെന്നും അതു കൊണ്ടു തന്നെ ഇവയൊക്കെയും നരവംശശാസ്ത്രത്തിന്റെ സിദ്ധാന്തങ്ങളിൽ എവിടെയാണ് സ്ഥാനം കണ്ടുപിടിക്കുക എന്നും ചോദിക്കുന്നു.

ഈ ലേഖനത്തിന്റെ ആധാരമായ ചില ധാരണകൾ പ്രശ്നഭരിതമാണ്. നരവംശശാസ്ത്രം എന്ന വിജ്ഞാനശാഖക്ക് ഒരു പ്രത്യേക വിഷയത്തിനെ പഠിക്കുവാൻ സാധിക്കുമോ എന്നാണ് തലക്കെട്ടിൽ ചോദിക്കുന്നത്. തലാൽ ആസാദിനെ ഉപയോഗിച്ചുകൊണ്ട്, നരവംശ സിദ്ധാന്തങ്ങൾ ഇസ്ലാമിന് പറ്റിയതല്ല എന്നു ലേഖകൻ പറയുമ്പോൾ മനസിലാക്കുന്നത് സിദ്ധാന്തങ്ങൾ ഘനീഭവിച്ചു ഉറഞ്ഞുപോയ സത്യങ്ങൾ ആണെന്നും ആ അച്ചിനുള്ളിൽ ഇസ്ലാമിനെ ഇരുത്തുവാൻ പറ്റില്ല എന്നുമാണ്. ഇത് രണ്ടും പ്രശ്നമാണ്. ഒന്നാമതായി, തലാൽ ആസാദ് ഇസ്ലാമിനെ മാത്രമല്ല, മതം എന്ന പാശ്ചാത്യ ആശയത്തിനെ ആണ് പ്രധാനമായും ചോദ്യംചെയ്യുന്നത്.

ഈ ലേഖനത്തിന്റെ തലക്കെട്ടിൽ മുഴച്ചുനിൽക്കുന്നത് ഒരു തരത്തിലുള്ള അസാമാന്യവൽകരണം (exceptionalism) ആണ്. എന്നാൽ സാർവ്വത്രികമായവയും സവിശേഷം ആയവയും ഇസ്ലാമിനെ പഠിക്കുമ്പോൾ മാത്രമുള്ള പ്രശ്നമാണെന്ന് പറയുന്നത് വളരെ പ്രശ്നമാണ്. ഇസ്ലാമിനെ മാത്രമല്ല ഏതൊരു മതത്തെയും കുറിച്ചു പഠിക്കുമ്പോൾ ചിലർ ഉന്നയിക്കുന്ന ഒരു വാദമാണിത്. ഇതു തന്നെയാണ് ഹിന്ദു മതപരിവർത്തനയുമായി ബന്ധപ്പെട്ടു ഉണ്ടായ വാദങ്ങളെ എതിരിടുവാൻ ഇന്നാട്ടിലെ വരേണ്യവർഗം ഉപയോഗിച്ചത്.

അതായത്, മതം-മതേതരത്വം എന്ന ദ്വന്ദത്തെ ചരിത്രപരമായി സ്ഥാപിച്ചു കൊണ്ട് പാശ്ചാത്യ മതേതരത്വത്തിലെ പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനിറ്റിയുടെ ഭാവങ്ങൾ പുറത്തുകാട്ടുകയായിരുന്നു അദ്ദേഹം. പാശ്ചാത്യലോകത്ത് മതം എന്ന ആശയം പ്രൊട്ടസ്റ്റന്റ് ക്രിസ്ത്യാനിറ്റിയാൽ രൂപപ്പെടുത്തിയതാണെന്നും അവ മറ്റു മതങ്ങളെയോ അവയുടെ ചരിത്രപരമായ പ്രത്യേകതകളെയോ ഉൾക്കൊള്ളുവാൻ മടിക്കുന്നു എന്നുമാണ് തലാൽ ആസാദ് പറഞ്ഞത്. അതായത് അതു വരെയുള്ള നരവംശ പഠനങ്ങളിൽ ഒരു പ്രധാനപ്പെട്ട വീഴ്ചയെ സൂചിപ്പിക്കുകയായിരുന്നു അദ്ദേഹം. അതു കൊണ്ടു നരവംശശാസ്ത്രത്തിൽ ഇസ്ലാമിനെയോ മറ്റു മതങ്ങളെയോ പഠിക്കുവാൻ സാധിക്കില്ലായെന്നല്ല, മറിച്ച് അവയ്ക്കു അനുയോജ്യമായ രീതിയിൽ ഈ വിജ്ഞാനശാഖയിലെ ആശയങ്ങളെ നിരന്തരം പുനഃസൃഷ്ടിക്കണം എന്നാണ് അദ്ദേഹം പറഞ്ഞത്. ഇതു സാമൂഹിക ശാസ്ത്രത്തിലെ മറ്റു ആശയങ്ങൾക്കും ബാധകമാണ്. ആഫ്രിക്കൻ സാഹചര്യത്തിൽ ലിംഗം എന്ന ആശയം പാശ്ചാത്യധാരണയിൽ ഉപയോഗിക്കുന്നതിനുള്ള പരിമിതികളെക്കുറിച്ചു ഒയെറോങ്കെ ഒയെവൂമി (Oyèrónkẹ́ Oyěwùmí) എന്ന നൈജീരിയൻ ഫെമിനിസ്റ്റ് പറയുന്നുണ്ട് 2. ലിംഗത്തിനെ നിർവചിക്കുന്നതിൽ കാഴ്ചക്കുള്ള പ്രാധാന്യത്തെതന്നെ ചോദ്യം ചെയ്തുകൊണ്ടാണ് അവർ അവരുടെ വാദങ്ങൾ മുന്നോട്ടു വെക്കുന്നത്. പറഞ്ഞു വരുന്നത്, വിജ്ഞാനശാഖകളല്ല മറിച്ചു അതിലുള്ള ചില ആശയങ്ങളുടെ മനസിലാക്കലുകളാണ് പരിമിതി. ശാസ്ത്രത്തിൽ പോലും ആശയങ്ങൾ ഉറഞ്ഞുപോയവയല്ല എന്നതോർക്കണം.

മറ്റൊരു ധാരണ നരവംശശാസ്ത്രത്തിലെ സിദ്ധാന്തങ്ങൾ ഇസ്ലാമിനെ പഠിക്കുവാൻ, അല്ലെങ്കിൽ ഇസ്ലാമിന്റെ ചില പ്രാദേശികശീലങ്ങൾ പഠിക്കുവാൻ സഹായകമല്ല എന്നു പറയുമ്പോൾ സിദ്ധാന്തം പഠനത്തിന് മുന്നേ ഉള്ള ഒന്നാണെന്നും അതിവിടെ പറ്റില്ല എന്നുമാണ് പറയുന്നത്. ഇവിടെ ലേഖകൻ വിജ്ഞാനശാഖയും അതിന്റെ പ്രവർത്തനസമ്പ്രദായങ്ങളെയും തമ്മിൽ തെറ്റിദ്ധരിച്ചു എന്നു തോന്നുന്നു. എത്തനോഗ്രാഫിക് പ്രവർത്തനസമ്പ്രദായത്തിൽ പല വഴികളുമുണ്ട്. അതിലൊന്ന് ഗ്രൗൻഡഡ്‌ തിയറി (grounded theory) പ്രവർത്തനസമ്പ്രദായമാണ്. അതൊരു ഇൻഡക്റ്റീവ് മെത്തേഡ് ആണ്. അതായത്, സൈറ്റിൽ പോകുമ്പോൾ സിദ്ധാന്തങ്ങൾ ആദ്യമേ തന്നെ രൂപപ്പെടുത്തിയല്ല മറിച്ചു സൈറ്റിൽ നിന്നു കൂട്ടുന്ന വിവരങ്ങൾ ഉപയോഗിച്ചു സിദ്ധാന്തങ്ങൾ ഉണ്ടാക്കുക എന്ന രീതിയണ് ഈ ശാഖയ്ക്കുള്ളത്. നിങ്ങൾ പറയുന്ന സിദ്ധാന്തം ഒരു തരുണത്തിൽ യോജിക്കുന്നില്ലെങ്കിൽ ആ ആശയത്തിനെ തന്നെ പൊളിച്ചെഴുതുവാൻ നരവംശശാസ്ത്രം പറയുന്നുണ്ട്. അത് ഈ ശാഖയുടെ പരിമിതിയല്ല മറിച്ചു ഈ ശാഖ നൽകുന്ന സ്വാതന്ത്ര്യമാണ്.

ഈ ലേഖനത്തിന്റെ തലക്കെട്ടിൽ മുഴച്ചുനിൽക്കുന്നത് ഒരു തരത്തിലുള്ള അസാമാന്യവൽകരണം (exceptionalism) ആണ്. എന്നാൽ സാർവ്വത്രികമായവയും സവിശേഷം (particular) ആയവയും ഇസ്ലാമിനെ പഠിക്കുമ്പോൾ മാത്രമുള്ള പ്രശ്നമാണെന്ന് പറയുന്നത് വളരെ പ്രശ്നമാണ്. ഇസ്ലാമിനെ മാത്രമല്ല ഏതൊരു മതത്തെയും കുറിച്ചു പഠിക്കുമ്പോൾ ചിലർ ഉന്നയിക്കുന്ന ഒരു വാദമാണിത്. ഇതു തന്നെയാണ് ഹിന്ദു മതപരിവർത്തനയുമായി ബന്ധപ്പെട്ടു ഉണ്ടായ വാദങ്ങളെ എതിരിടുവാൻ ഇന്നാട്ടിലെ വരേണ്യവർഗം ഉപയോഗിച്ചത്. വിജ്ഞാനശാഖകളിലെ ഭാഷയിലെ decolonization ആൻഡ് dewesternization വിമർശിക്കുമ്പോൾ തന്നെ, പലപ്പോഴും വളരെ പ്രശ്നഭരിതമായ പ്രത്യേക തരത്തിലെ ഒരു indigenisation ആണ് മുന്നോട്ടുവെക്കുന്നത്. സ്വദേശമായ വാദങ്ങളും ആശയങ്ങളും മുഴുവൻ തള്ളിപ്പറയുന്നില്ലെങ്കിലും അതിലെ അധികാരത്തിനെ കണ്ടില്ല എന്നു നടിക്കരുത് എന്നൊരു അപേക്ഷയുണ്ട്. സ്വദേശപരമായ ആശയങ്ങൾ ചർച്ചചെയ്യുന്നതുമായി ബന്ധപ്പെട്ടു Dr. SYED FARID ALATAS ഒരു സംഭാഷണത്തിൽ പറഞ്ഞത് ഇവിടെ കുറിക്കുന്നു3.

"In some Muslim circles, it is Islamization of knowledge, which is also about dewesternisation. Christians have developed Christian social sciences. So, all these different ideas about alternatives don’t mean the same thing. For example, if you take the example of indigenization of sociology, what Taiwanese mean may not be equally shared by Indians or Filipinos. These are very amorphous ideas, often very vague. In many of the cases, the problem is they don’t actually do indigenization, rather they talk about it. But what does it exactly mean? There is a need for clarity. Is it about using indigenous terms? Does indigenization mean rejecting western social sciences or western concepts? Is it a problem that to be met in the level of epistemology or methodology or theories? These things are to be worked out by the people who talk about the need for indigenization."

ലേഖകൻ പറഞ്ഞ ഒരു കാര്യത്തിനോട് പൂർണമായും യോജിച്ചു കൊണ്ടു നിർത്തുന്നു. ഫീൽഡ് സൈറ്റിൽ പോകുന്നതിനു മുൻപ് ആ പ്രദേശത്തിനെക്കുറിച്ചും അവരുടെ ഭാഷയെക്കുറിച്ചും പഠിക്കണം എന്നു അദ്ദേഹം പറയുന്നുണ്ട്. ഗവേഷണത്തിൽ അവബോധവും സഹാനുഭൂതിയും വേണമെന്നുള്ള കാര്യത്തിൽ ഭിന്നാഭിപ്രായമില്ല. നരവംശശാസ്ത്രത്തിനു അതിന്റെ തന്നെ പഠനങ്ങളെ നിരന്തരം ചോദ്യം ചെയ്യുവാൻ കഴിയുന്നു എന്നുള്ളത് ഈ വിഷയം കൈകാര്യം ചെയ്യുന്നവരുടെ ഉത്തരവാദിത്വം കൂട്ടുന്നുണ്ട്. ഫീൽഡിൽ പോകുന്ന ഒരു ഗവേഷക താൻ പഠിക്കുന്ന വിഷയത്തെ ആ സമൂഹത്തിൽ നിന്നും അടർത്തിമാറ്റിയല്ല പഠിക്കുന്നത്, മറിച്ചു ആ സമൂഹത്തിലൂടെയാണ്. അതു കൊണ്ടു തന്നെ മറ്റു ഗവേഷണങ്ങൾക്ക് പറയുന്ന ഗവേഷക-വിഷയം ദൂരവും ഈ വിഷയത്തിൽ വളരെ കുറവാണ്. insider -outsider സ്ഥാനത്തെ നരവംശശാസ്ത്രത്തിലെ മെത്തേഡുകൾ പ്രശ്നവൽക്കരിക്കാറുണ്ട്. അതും കൂടി ഈ വിജ്ഞാനശാഖയെക്കുറിച്ചു പറയുമ്പോൾ എടുത്തു പറയേണ്ടുന്ന ഒന്നാണ്. അതുകൊണ്ടു തന്നെ വിമർശനം ശാഖയോടാണോ? അതോ അതിലെ ചില ആശയങ്ങളോടാണോ?അതോ ആ ആശയത്തിനെക്കുറിച്ചുള്ള പൊതുധാരണയോടോ? അതോ ഏതെങ്കിലും പ്രത്യേക മെത്തേഡാണോ എന്നു കൃത്യമായി ചൂണ്ടിക്കാണിക്കുവാനുള്ള ഉത്തരവാദിത്തം ഇതിനെക്കുറിച്ചു എഴുതുന്ന എല്ലാവർക്കുമുണ്ട്.

References: