തളരുന്ന ജനങ്ങൾ, വളരേണ്ട മുന്നേറ്റങ്ങൾ

നാണയമൂല്യം റദ്ദു ചെയ്തതിനു ശേഷമുള്ള രണ്ടു മാസ കാലം അഭൂതപൂർവ്വമായ ബഹുജനമുന്നേറ്റത്തിനു കേരളം സാക്ഷിയാവുകയുണ്ടായി. പ്രഖ്യാപിച്ച ദിവസം മുതൽക്കു തന്നെ ഇതിനെ ഒരു കിറുക്കൻ തീരുമാനമായി വിമർശിക്കുകയും, കൂടിപ്പോയാൽ ഇതിനു കള്ളപ്പണത്തിന്റെ ഒരു ചെറുതരി ഭാഗം മാത്രം പിടിക്കാൻ സാധിച്ചേക്കുമെന്നും വിലയിരുത്തപ്പെട്ടു. ഈ പ്രഖ്യാപനം വന്നു കഴിഞ്ഞ് പത്താം ദിവസമായപ്പോഴേക്കും കാബിനറ്റ് മുഴുവനും സെക്രട്ടേറിയറ്റിൽ നിന്നും റിസർവ് ബാങ്ക് ഓഫീസിലേക്ക് മാർച്ച് നടത്തുകയും, നവംബർ 18നു പ്രതിഷേധ ധർണ്ണ സംഘടിപ്പിക്കുകയും ചെയ്തു. അന്നു മുതൽ വിവിധ ബഹുജന സംഘടനകളുടെയും, സഹകാരികളുടെയും അനവധി പ്രതിഷേധ മാർച്ചുകൾ നടത്താനുള്ള പ്രധാന സ്ഥലമായി റിസർവ് ബാങ്ക് ഓഫീസിന്റെ തിരുവനന്തപുരത്തെ ഓഫീസ് കവാടം മാറി .

നവംബർ 21 നു സകല രാഷ്ട്രീയപ്പാർട്ടികളെയും ഉൾക്കൊള്ളിച്ചു കൊണ്ട് ഒരു മീറ്റിങ്ങ് നടത്തി. ആ മീറ്റിങ്ങിൽ ഒരു പ്രതിനിധി സംഘം രൂപീകരിച്ച് പ്രധാനമന്ത്രിയെ കണ്ടു വിഷയത്തിൽ ഒരു നിവേദനം കൊടുക്കാൻ തീരുമാനിച്ചു. നവംബർ 22ന് ഒരു അടിയന്തിര നിയമസഭാ സമ്മേളനം വിളിച്ചു ചേർത്ത്, തികച്ചും ഏകാധിപത്യപരമായ രീതിയിൽ ജനങ്ങളുടെ സമ്പത്തും വരുമാനവും കവർന്നെടുക്കാനുള്ള ഈ തീരുമാനത്തിനെതിരെ ഒരു പ്രമേയം പാസ്സാക്കി. രാജ്യത്തിലേ സഹകരണ സ്ഥാപനങ്ങളിലെ നിക്ഷേപങ്ങളുടെ 70 ശതമാനവും വരുന്ന കേരളത്തിലെ സഹകരണ സ്ഥാപനങ്ങളെ എപ്രകാരം പ്രതികൂലമായി ബാധിക്കും എന്നതിന് ഈ പ്രമേയത്തിൽ പ്രത്യേക ഊന്നൽ കൊടുത്തു. കേന്ദ്രത്തിന്റെ ഈ തീരുമാനം കർഷകരെയും, ആഴ്ച്ചയിൽ 24000 രൂപ പോലും വിതരണം ചെയ്യാനുള്ള അവകാശം നിഷേധിക്കപ്പെട്ട കോർപ്പറേറ്റ് ബാങ്കുകളെ വൻ തോതിൽ ആശ്രയിക്കുന്ന ഗ്രാമീണ സമ്പദ് വ്യവസ്ഥയെയും അത്യധികം പ്രതികൂലമായി ബാധിക്കുമെന്നു വിലയിരുത്തപ്പെട്ടു. സഹകരണ ബാങ്കിൽ നിക്ഷേപിക്കപ്പെട്ട കാശൊന്നും തന്നെ നഷ്ടപ്പെടുകയില്ല എന്ന ഉറപ്പ് മുഖ്യമന്ത്രി നൽകി.

എല്ലാ പാർട്ടികളെയും ഉൾക്കൊള്ളിച്ചു കൊണ്ടുള്ള പ്രതിനിധി സംഘത്തിന് പ്രധാനമന്തിയെ കാണുവാനുള്ള അനുമതി നവംബർ 23 നു നിഷേധിക്കപ്പെട്ടു. സംസ്ഥാനത്തിനു നേരിടേണ്ടി വന്ന ഈ കടുത്ത അനാദരവിനെതിരെ ശക്തമായ പ്രതിഷേധം സംസ്ഥാനം രേഖപ്പെടുത്തി. നവംബർ 24 മുതൽ നവംബർ 25 വരെ എല്ലാ പ്രധാന കേന്ദ്രങ്ങളിലും സിപിഎമ്മിന്റെ നേതൃത്വത്തിൽ 24 മണിക്കൂർ നീണ്ട പ്രതിഷേധ പ്രകടനങ്ങൾ നടത്തി. അവസാനം എൽഡിഎഫിന്റെ നേതൃത്വത്തിൽ ഈ പ്രതിഷേധങ്ങൾ എല്ലാം യോജിപ്പിച്ചു കേരളത്തിന്റെ വടക്കേ അറ്റത്തുള്ള കാസർകോട് മുതൽ തെക്കേ അറ്റത്തുള്ള തിരുവനന്തപുരം വരെ 700 കിലോമിറ്റർ നീണ്ട മനുഷ്യചങ്ങല രൂപീകരിച്ചു വൻ സമരരൂപം ഡിസംബർ 29ന് സംഘടിപ്പിക്കപ്പെട്ടു. ഏകദേശം 25 ലക്ഷം ജനങ്ങൾ ആണ് ഈ വലിയ സമരത്തിലേക്ക് ആകർശിക്കപ്പെട്ടത്.

ഈ ജനവിരുദ്ധ നീക്കത്തിനെതിരെയുള്ള പൊതുജനാഭിപ്രായ രൂപീകരണത്തിനും, ജനങ്ങളെ വൻപിച്ച സമരത്തിലേക്ക് എത്തിക്കാനുമുള്ള രാഷ്ട്രീയധർമ്മം നിർവഹിച്ചതിൽ കേരളത്തിലെ ഇടതു പക്ഷത്തിന് അഭിമാനിക്കാം. ഏതായാലും ലളിതമായ ഒരു ചോദ്യത്തിന് നമുക്ക് ഉത്തരം കണ്ടെത്തേണ്ടതുണ്ട്. എന്തു കൊണ്ട് അത്തരം വിപുലമായ സമരങ്ങൾ ഇന്ത്യയുടെ ഭൂരിഭാഗം പ്രദേശത്തും സംഘടിപ്പിക്കപ്പെട്ടില്ല? ഒന്നുകിൽ ഈ നീക്കത്തിന്റെ ആഘാതം മറ്റിടങ്ങളിൽ അത്ര ഭീകരമായിരുന്നില്ല, അല്ലെങ്കിൽ പ്രതിപക്ഷ കക്ഷികൾ ഒന്നടങ്കം ഈ നീക്കത്തിനെതിരെ ശക്തമായി പ്രതിഷേധിക്കുന്നതിൽ പരാജയപ്പെടുകയും, കള്ളപ്പണത്തിനെതിരെയുള്ള "സർജ്ജിക്കൽ സ്റ്റ്രൈക്കെ"ന്ന് വിശേഷിപ്പിക്കപ്പെട്ട മോഡിയുടെ ആഖ്യാനത്തിന് ജനങ്ങളുടെ ഇടയിൽ സ്വീകാര്യത ലഭിക്കുകയും ചെയ്തു. ആദ്യത്തേത് ഒരിക്കലും ശരിയല്ല എന്നു നമുക്കറിയാം. മെച്ചപ്പെട്ട സാക്ഷരതയും, ഇന്റർനെറ്റ് കണക്റ്റിവിറ്റിയും, ബാങ്കുകളും ഉള്ള കേരളം ഒരു പരിധി വരെ രൊക്കം പണം കൊടുത്തുള്ള ഇടപാടുകൾക്കു പകരം മറ്റു മാർഗ്ഗങ്ങൾ തിരഞ്ഞെടുത്തു. പക്ഷെ ഇന്റർനെറ്റിന്റെ വ്യാപനം കേവലം 10 ശതമാനം മാത്രമുള്ള, 100000 പേർക്കു 14 ബാങ്കുകൾ മാത്രമുള്ള ഇന്ത്യയിലേ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങളും തങ്ങളുടെ സാമ്പത്തിക വ്യവഹാരത്തിന് പണം തന്നെയാണ് ഉപയോഗിക്കുന്നത്. എറ്റിഎമ്മിന്റെയും ബാങ്കിന്റെയും മുന്നിലെ വരികളിൽ നിന്ന് കഷ്ടപ്പെടുന്ന, വരിയിലെ സ്ഥാനത്തിന് അടിയുണ്ടാക്കുന്ന, പലപ്പോഴും ലക്ഷ്യത്തിലെത്താതെ മരിച്ചു വീണ ജനങ്ങളുടെ കരളലിയിപ്പിക്കുന്ന ചിത്രങ്ങൾ ബിജെപിയോട് അനുഭാവമുള്ളതടക്കമുള്ള സകല മാദ്ധ്യമങ്ങളും വിശദമായി കാണിച്ചു തരുകയുണ്ടായി.

ഖരീഫ് വിളയുടെ വിലനിലവാരം തകർന്നതോടെ പലർക്കും തുടർന്നു വരുന്ന റാബി വിളയ്ക്കാവശ്യമായ സാധനസാമഗ്രികൾ വാങ്ങിക്കാനുള്ള പണം ഇല്ലാതെ വരുകയുണ്ടായി. ചെറുകിടക്കാരും കൈത്തൊഴിലുകാരും അടങ്ങുന്ന വിഭാഗത്തിന് തങ്ങളുടെ ഉൽപ്പന്നങ്ങളുടെ ആവശ്യം പൊടുന്നന്നെ കുറഞ്ഞതായും, അസംസ്കൃത വസ്തുക്കൾ മേടിക്കുന്നതിനോ ശമ്പളം കൊടുക്കുന്നതിനോ ഉള്ള കാശില്ലാതായതായും വായ്പ്പകൾ ലഭിക്കുന്ന ഉറവിടങ്ങൾ വരണ്ടതായും അനുഭവപ്പെട്ടു. ചെറുകിട കച്ചവടക്കാരെയാണ് ഏറ്റവും മോശമായി ഈ നീക്കം ബാധിച്ചത്. നൂറിലധികം പേരാണ് ക്യൂവിൽ നിന്നും പൊടുന്നന്നെയുള്ള ഈ നീക്കത്തിന്റെ ആഘാതത്തിൽ മരണപ്പെട്ടത്. ആർക്കും നിഷേധിക്കാനാകാത്ത വസ്തുതകളാണ് ഇവയൊക്കെ. പക്ഷെ ബഹുഭൂരിപക്ഷത്തിനും അഴിമതിയിൽ നിന്നും തീവ്രവാദത്തിൽ നിന്നും മോചിപ്പിച്ച് സമൂഹത്തെ വൃത്തിയാക്കുന്ന, കള്ളപ്പണക്കാർക്കെതിരെയുള്ള കുരിശുയുദ്ധത്തിലെ ത്യാഗങ്ങളായിരുന്നു ഈ കഷ്ടപ്പാടുകൾ. പണക്കാരും തങ്ങളെ പോലെ ക്യൂവിൽ നിൽക്കുന്നുവെന്നും, ഉടനെ തന്നെ കരിങ്കാലികൾക്ക് മേൽ അവർ അർഹിക്കുന്ന നീതിയുടെ പടവാൾ പതിയുമെന്നും ഒക്കെയായിരുന്നു സ്ഥിരം കേട്ടിരുന്ന പല്ലവി!

വമ്പിച്ച പ്രചാരവേല മോഡിയുടെ നേതൃത്വത്തിൽ നടത്തിയെങ്കിലും താഴേ തട്ടിലുള്ള ജനങ്ങളുടെ അനുഭവം മോഡിയുടെ അവകാശവാദത്തിന്റെ പൊള്ളത്തരം തുറന്നു കാണിക്കുന്നതായിരുന്നു. കള്ളപ്പണത്തിനെതിരെയുള്ള മോഡിയുടെ യുദ്ധം വാസ്തവത്തിൽ കറൻസിക്കൊരു കരിഞ്ചന്തയുണ്ടാക്കുകയാണ് ചെയ്തത്. അതേ സമയം പാവപ്പെട്ടവരുടെ കഷ്ടപ്പാടുകൾ തുടരുന്നു. കൂടുതൽ മോശമായത് ഇനിയും വരാൻ ഇരിക്കുന്നതേ ഉള്ളൂ.

ഈ പറഞ്ഞത് നാണയമൂല്യം റദ്ദു ചെയ്തുകൊണ്ട് നവംബർ 8ന് മോഡി മുന്നോട്ട് വച്ച കള്ളപ്പണത്തിനെതിരെയുള്ള സർജ്ജിക്കൽ സ്ട്രൈക്ക് എന്ന ആഖ്യാനവുമായി ചേർന്നു പോകുന്നതാണ്. ഈ നീക്കം കള്ളപ്പണം, കള്ളനോട്ട്, തീവ്രവാദികളുടെ സാമ്പത്തിക ശൃംഖല തുടങ്ങിയവക്കെതിരെ ഉള്ള അതിശക്ത്മായ നീക്കമാണ്. കള്ളപ്പണത്തിൽ നിന്ന് രാജ്യം മുക്തമായാൽ എല്ലാവർക്കും ലാഭവിഹിതം ലഭിക്കുമെന്നും, പണക്കാർ കരയുമെന്നും, പാവപ്പെട്ടവർക്ക് ഗുണം ലഭിക്കുമെന്നും ഒക്കെ വിശദീകരിക്കപ്പെട്ടു. സർജ്ജിക്കൽ സ്ട്രൈക്കെന്ന രൂപകം സെപ്റ്റംബർ 29ലെ അതിർത്തി ഭേദിച്ചുള്ള മിലിറ്ററി സ്ട്രൈക്ക് സൃഷ്ടിച്ച ദേശാഭിമാന ഭരിതമായ തീക്ഷ്ണവികാരത്തെ ജ്വലിപ്പിച്ചു നിർത്താനായി ബോധപൂർവ്വം ഉപയോഗിച്ചതാണ്.

ആർഎസ്എസിന്റെ സംഘടനാ സംവിധാനം മുഴുവൻ ജനങ്ങളുമായി സംസാരിച്ചും, എതിർത്തു സംസാരിക്കുന്നവരെ ഒതുക്കിയും, സമൂഹമാദ്ധ്യമങ്ങളിൽ വിമർശിച്ച് എഴുതുന്നവരെ തെറി വിളിച്ചും രംഗത്തുണ്ടായിരുന്നു. ദിവസവും ചുരുങ്ങിയത് രണ്ടോ മൂന്നോ പോസ്റ്റ് സോഷ്യൽ മീഡിയയിൽ ഇടുന്ന എനിക്ക് നൂറോ ഇരുന്നൂറോ വെറുപ്പു നിറഞ്ഞ കമന്റുകൾ ലഭിച്ചിരുന്നു. തനിക്ക് കിട്ടിയ നിർദ്ദേശങ്ങളിൽ അസ്വസ്ഥയായി ബിജെപിയുടെ സാമൂഹ്യമാദ്ധ്യമ പ്രവർത്തകസെല്ലിൽ നിന്നും 2015ൽ രാജി വെച്ച സാധ്വി ഖോസ്‌ല തന്റെ “I am a Troll” എന്ന പുസ്തകത്തിൽ സംഘപരിവാർ സോഷ്യൽ മീഡിയയിൽ ഭീഷണിപ്പെടുത്തിയും മറ്റും തങ്ങൾക്കനുകൂലമായ ആഖ്യാനം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ എപ്രകാരം നടത്തുന്നുവെന്ന് വാചാലമായി വിശദീകരിക്കുന്നുണ്ട്. അവർ എഴുതുന്നു, “മോഡിവിരുദ്ധരായി പ്രഖ്യാപിച്ച് ന്യൂനപക്ഷത്തിനെതിരെയുള്ള ഒരിക്കലും അവസാനിക്കാത്ത വെറുപ്പിന്റെ തുള്ളി തുള്ളിയായ ഫീഡിങ്ങായിരുന്നു അത്.”

മറുപുറത്ത്, പ്രതിപക്ഷം വിഘടിച്ചു നിൽക്കുകയായിരുന്നു. നിതീഷ് കുമാർ ഈ നീക്കത്തെ പിന്തുണച്ചു. ഉത്തർപ്രദേശിലെയും, ആന്ധ്രയിലെയും തെലങ്കാനയിലെയും, തമിഴ്നാട്ടിലയെയും പ്രാദേശിക പാർട്ടികളുടെ പ്രതികരണം ഈ നീക്കത്തിന് അനുകൂലമായിരുന്നില്ല എങ്കിലും അവ തീർത്തും നിശബ്ദമായിരുന്നു. ഡീമോണിറ്റൈസെഷന്റെ ആദ്യ ആഴ്ച്ചകളിൽ എതിർപ്പിനു നേതൃത്വം കൊടുത്ത പലരുമാകട്ടെ, തുടർന്ന് പതറുന്നതും, വഴി നഷ്ടപ്പെട്ട് ചാഞ്ചാടുന്നതുമാണ് കണ്ടത്. ഉറച്ച മനസ്സോടെയും സ്ഥൈര്യത്തോടെയും എതിർപ്പുയർത്തി ജനങ്ങളെ സംഘടിപ്പിച്ച് ഈ നീക്കത്തിനെതിരെ അണി നിരത്തുകയെന്ന പ്രധാന കർമ്മം ഏറ്റെടുത്ത് നടത്തിയത് ഇവിടുത്തെ ഇടതുപക്ഷം ആയിരുന്നു.

വമ്പിച്ച പ്രചാര വേല മോഡിയുടെ നേതൃത്വത്തിൽ നടത്തിയെങ്കിലും താഴേ തട്ടിലുള്ള ജനങ്ങളുടെ അനുഭവം മോഡിയുടെ അവകാശവാദത്തിന്റെ പൊള്ളത്തരം തുറന്നു കാണിക്കുന്നതായിരുന്നു. പണക്കാർക്ക് ഒരു പ്രയാസവും ഉണ്ടായില്ല. അവർക്കാവശ്യമുള്ള പണം എത്ര തന്നെയാണെങ്കിലും അവർക്ക് ലഭിച്ചുകൊണ്ടേയിരുന്നു. വാസ്തവത്തിൽ അവർ വ്യാജ നോട്ടുകളെ പോലും ബാങ്കുകളിൽ കൂടി മാറ്റിയെടുത്തുവെന്ന് ഇപ്പോൾ വ്യക്തമായിട്ടുണ്ട്. ബാങ്കുകളിലെ നിക്ഷേപ തുകയുടെ ശേഖരം മൂല്യം റദ്ദു ചെയ്യപ്പെട്ട പഴയ 500, 1000 രൂപകളുടെ ആകെ പ്രിന്റു ചെയ്യപ്പെട്ട എണ്ണം നോട്ടുകളുടെ അടുത്തെത്താറായപ്പോൾ വെറിപിടിച്ച റിസർവ്വ് ബാങ്കാകട്ടെ, വിവരങ്ങൾ പുറത്ത് വിടുന്നതു നിർത്തി വയ്ക്കുകയാണുണ്ടായത്. തിരിച്ചെത്തിയ പഴയ നോട്ടുകളുടെ മൂല്യം, പ്രിന്റ് ചെയ്യപ്പെട്ടത്തിലും കൂടുതൽ എത്തിയെന്ന കിംവദന്തികൾക്ക് ഇത് ഇടയാക്കി. കള്ളപ്പണത്തിനെതിരെയുള്ള മോഡിയുടെ യുദ്ധം വാസ്തവത്തിൽ കറൻസിക്കൊരു കരിഞ്ചന്തയുണ്ടാക്കുകയാണ് ചെയ്തത്. അതേ സമയം പാവപ്പെട്ടവരുടെ കഷ്ടപ്പാടുകൾ തുടരുന്നു. കൂടുതൽ മോശമായത് ഇനിയും വരാൻ ഇരിക്കുന്നതേ ഉള്ളൂ.

സാമ്പത്തിക വളർച്ചയുടെ തോത് ഇടിഞ്ഞുവെന്നാണ് ലഭ്യമായ എല്ലാ തെളിവുകളും സൂചിപ്പിക്കുന്നത്. ഡീമോണിറ്റൈസേഷന് മുന്നേ തന്നെ ഈ വർഷത്തെ ആദ്യ രണ്ടു ത്രൈമാസ വളർച്ചാനിരക്ക് കഴിഞ്ഞ വർഷത്തെ നിരക്കായ 7.6 ശതമാനത്തിൽ നിന്നും 7.1 ശതമാനത്തിലേക്ക് കുറഞ്ഞിരുന്നു. ചരക്കുകളുടെ ആവശ്യത്തിന്റെയും മാർക്കറ്റിന്റെ പ്രതീക്ഷകളുടെയും പുറത്ത് ഡീമോണിറ്റൈസേഷൻ കനത്ത ആഘാതമാണ് ഏൽപ്പിച്ചത്. നവംബർ മാസത്തിലെ ബാങ്കുകളുടെ കടം കൊടുക്കൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കേവലം 5.1 ശതമാനം മാത്രമാണ് ഉയർന്നത്. Purchasing Managers' Index (PMI) 50 ഇൽ താഴെ പോയത് സാമ്പത്തിക വ്യവസ്ഥയുടെ സങ്കോചത്തെയാണ് സൂചിപ്പിക്കുന്നത്. 2016-2017ലെ വളർച്ചാ നിരക്ക് 6 ശതമാനത്തോളം ആയി കുറയുമെന്നാണ് എല്ലാ തെളിവുകളും നൽകുന്ന സൂചന. ഈ ത്രൈമാസത്തിൽ ബൃഹദ് പദ്ധതികളിൽ പ്രതീക്ഷിച്ചിരുന്ന നിക്ഷേപം 2.4 ലക്ഷം കോടിയിൽ നിന്നും 1.25 ലക്ഷം കോടിയായി കുറഞ്ഞു. 2008ലെ ആഗോള സാമ്പത്തിക മാന്ദ്യകാലത്തിലെയും മോശപ്പെട്ട പ്രകടനമായിരിക്കും ഈ വർഷം ഇന്ത്യയുടേത്. രാജ്യഭക്തിയെന്ന കച്ചിത്തുരുമ്പിൽ പിടിച്ചു കൊണ്ട് പാവപ്പെട്ടവരെ ഒതുക്കി നിർത്താൻ മോഡിക്കാവില്ല. പ്രതിഷേധങ്ങളും ശക്തമായ വിരുദ്ധ വികാരങ്ങളും ഉയരും. ഇവ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിലും പ്രതിഫലിക്കും. ഈയൊരു സാഹചര്യത്തിലാണ് ജനങ്ങളെ സംഘടിപ്പിക്കുക എന്ന ഇടതുപക്ഷത്തിന്റെ ആഹ്വാനത്തിന് പ്രസക്തിയേറുന്നത്. തങ്ങൾ അദ്ധ്വാനിച്ച് സ്വരുക്കൂട്ടിയ പണം പ്രതിബന്ധങ്ങളില്ലാതെ പിൻവലിക്കാനുള്ള അവകാശത്തിനും, ബലപ്രയോഗത്തിലൂടെ കാഷ്ലെസ്സ് ഇക്കണോമി നിർബന്ധമാക്കാനുമുള്ള ശ്രമത്തിനെതിരെയും ബഹുജനമുന്നേറ്റങ്ങൾ കെട്ടിപ്പടുക്കേണ്ടതായുണ്ട്.

പീപ്പിൾസ് ഡെമോക്രസിയിൽ വന്ന ലേഖനത്തിന്റെ മലയാളം പരിഭാഷ.

പരിഭാഷ: രവിശങ്കർ ആര്യ