സ്വാതന്ത്ര്യസമരത്തെ സംഘപരിവാര്‍ വഞ്ചിച്ചതെങ്ങനെ?

സ്വാതന്ത്ര്യസമരത്തെ സംഘപരിവാര്‍ വഞ്ചിച്ചതെങ്ങനെ?

പരിഭാഷ: പ്രതീഷ് പ്രകാശ്

ഇന്ത്യയുടെ ജനാധിപത്യ-മതനിരപേക്ഷ രാഷ്ട്രീയപരിസരത്തിന് വിവിധ ഹിന്ദുത്വ സംഘടനകള്‍ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ ആര്‍.എസ്.എസും സമാനമായ ക്ഷുദ്രസംഘടനകളും ഇന്ത്യയില്‍ നടപ്പിലാക്കുവാനുദ്ദേശിക്കുന്ന രാജ്യവിരുദ്ധ കാര്യപരിപാടികളെ സംബന്ധിച്ചുള്ള ഒരു ലേഖനം ആവശ്യമായി വരും എന്ന ചിന്ത ഇന്ത്യയിലും വിദേശത്തുമുള്ള ഒരുപാട് സുഹൃത്തുക്കള്‍ക്ക് ഉണ്ടായിട്ടുണ്ട്. ഹിന്ദുത്വ പ്രചരണങ്ങളുടെ നിജസ്ഥിതി തുറന്നുകാണിക്കുന്നതിന് അത്തരമൊരു ലേഖനം അത്യന്താപേക്ഷികമാണ്. ഈ ലക്ഷ്യം മുന്നില്‍ കണ്ടുകൊണ്ട് എഴുതിയ ഒരു ലേഖനമാണിത്. ഇന്ത്യ ഒരു ജനാധിപത്യ-മതനിരപേക്ഷ രാജ്യമായി നിലനില്‍ക്കണമെന്നും ഹിന്ദുത്വത്തിന്റെ കടന്നാക്രമണത്തില്‍ നിന്നും നമ്മുടെ രാജ്യത്തെ രക്ഷിക്കണമെന്നും അതിനുവേണ്ടി ഹിന്ദുത്വരാഷ്ട്രീയത്തിന്റെ കുന്തമുനയായ ആര്‍.എസ്.എസിനെ വെല്ലുവിളിക്കണമെന്നുമാഗ്രഹിക്കുന്ന എല്ലാവര്‍ക്കും ഈ ലേഖനം ഒരു മുതല്‍ക്കൂട്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. ഈ ലേഖനം എഴുതിയിരിക്കുന്നത് ആര്‍.എസ്.എസിന്റെ പ്രാമാണിക രേഖകളെ അടിസ്ഥാനപ്പെടുത്തി മാത്രമാണ്.

- ഷംസുല്‍ ഇസ്ലാം.

മതനിരപേക്ഷ ഇന്ത്യയ്ക്കെതിരെ

ഹിന്ദുക്കള്‍ക്കും മുസ്ലിംങ്ങള്‍ക്കും തുല്യാധികാരങ്ങളുള്ള ഒരു ഇന്ത്യയെ അതിശക്തമായി എതിര്‍ക്കുന്ന ഒരു മുഖപ്രസംഗവുമായിട്ടാണ് (Glorious Hindu Nation എന്ന തലക്കെട്ടോടെ) ആര്‍.എസ്.എസിന്റെ ഇംഗ്ലീഷ് പ്രസിദ്ധീകരണമായ ഓര്‍ഗനൈസറിന്റെ ആദ്യ പതിപ്പ് 1947 ജൂലൈ മൂന്നിന് ഇറങ്ങിയത്. വിവിധാംശനിര്‍മിതമായ ഇന്ത്യ എന്ന ആശയം ഒരു ബ്രിട്ടീഷ് ഗൂഢാലോചനയാണെന്നാണ് അവര്‍ അന്ന് ആരോപിച്ചത്. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സ്ഥാപകനേതാക്കളിലൊരാളായ ഹ്യൂമിനെ ഹിന്ദു-മുസ്ലിം ഐക്യത്തിന് വേണ്ടി വാദിച്ചത്തിന്റെ പേരില്‍ നിന്ദിക്കുവാനവര്‍ ശ്രമിച്ചു.

“ഹിന്ദുക്കളും മുസ്ലിംങ്ങളും യോജിച്ചാല്‍ മാത്രമേ ഒരു രാഷ്ട്രമുണ്ടാക്കുവാന്‍ സാധിക്കുകയുള്ളൂ എന്ന സിദ്ധാന്തവും അതുപോലെതന്നെ മുസ്ലിംങ്ങള്‍ ഹിന്ദുക്കളുടെ മണ്ണിന്റെ - ഹിന്ദുസ്ഥാന്റെ - തുല്യാധികാരികളാണെന്നും പ്രചരിപ്പിച്ചു. നിര്‍ഭാഗ്യവശാല്‍ ഹിന്ദു ജനതയ്ക്കോ അവരുടെ നേതാക്കള്‍ക്കോ ഈ കെണി കാണുവാന്‍ സാധിക്കുന്നില്ല. വിമോചനം ഹിന്ദു-മുസ്ലിം ഐക്യത്തിലൂടെ മാത്രമേ ഇന്ത്യയുടെ വിമോചനം സാധ്യമാവുകയുള്ളൂ എന്നവര്‍ അത്മാര്‍ത്ഥമായി തന്നെ വിശ്വസിച്ചു തുടങ്ങി. ബ്രിട്ടീഷ് പദ്ധതികള്‍ക്കനുസരിച്ച് കാര്യങ്ങള്‍ നീങ്ങി. മുസ്ലിംങ്ങള്‍ രാജ്യത്തിന് തുല്യാവകാശം ചോദിച്ചു വന്നു തുടങ്ങി.”[i]

വിവിധാംശനിര്‍മിതമായ ഇന്ത്യയെക്കുറിച്ചുള്ള ആശയത്തെ എതിര്‍ത്തുകൊണ്ട് സ്വാതന്ത്ര്യത്തലേന്ന്, 1947 ഓഗസ്റ്റ് 14ന്, ഓര്‍ഗനൈസറില്‍ വന്ന മുഖപ്രസംഗത്തില്‍ (‘Whither’ എന്ന തലക്കെട്ടില്‍) എഴുതിയത് ഇങ്ങനെയായിരുന്നു.

“രാഷ്ട്രത്തെ സംബന്ധിച്ചുള്ള അബദ്ധധാരണകളുടെ സ്വാധീനത്തില്‍ നമുക്കിനിയും അകപ്പെടാതെയിരിക്കാം. ഹിന്ദുസ്ഥാന്‍ ഭരിക്കുന്നത് ഹിന്ദുക്കളായിരിക്കും. രാജ്യഘടന ഹിന്ദുമതത്തിന്റെ സുരക്ഷിതാടിത്തറയിലാകും കെട്ടിപ്പടുക്കുക. ഈ ആശയങ്ങളെ അംഗീകരിച്ചാല്‍ തീരുന്നതേയുള്ളൂ മിക്കവാറുമുള്ള സംശയങ്ങളും അതുപോലെ തന്നെ ഇന്നിന്റെയും നാളെയുടെയും പ്രശ്നങ്ങളും. നമ്മുടെ രാഷ്ട്രം കെട്ടിപ്പടുക്കേണ്ടത് ഹിന്ദുക്കളാലും ഹൈന്ദവ പാരമ്പര്യത്താലും സംസ്കാരത്താലും ആശയത്താലും അഭിലാഷങ്ങളാലുമായിരിക്കണം.” [ii]

ദേശീയ പതാകയെ അപകീര്‍ത്തിപ്പെടുത്തിയത്

അന്ന നിലനിന്നിരുന്ന എല്ലാ രാഷ്ട്രീയകക്ഷികളുടെയും സമൂഹങ്ങളുടെയും പൊതുഇംഗിതമനുസരിച്ചാണ് ഇന്ത്യയുടെ ദേശീയ പതാകയായി ത്രിവര്‍ണപതാകയെ ഇന്ത്യന്‍ കോണ്‍സ്റ്റിറ്റുവന്റ് അസംബ്ലി അംഗീകരിച്ചത്. ഇത് സംബന്ധിച്ച വാര്‍ത്തയ്ക്കെതിരെ 1947 ജൂലൈ 17ന് ഇറങ്ങിയ ഓര്‍ഗനൈസറിന്റെ മുഖപ്രസംഗത്തില്‍ (‘The Nation’s Flag’ എന്ന തലക്കെട്ടില്‍) ആര്‍.എസ്.എസ്. പ്രതികരിച്ചത് ഇപ്രകാരമായിരുന്നു. “ഈ പതാക രാജ്യത്തെ 'എല്ലാ പാര്‍ടികളും സമൂഹങ്ങളും അംഗീകരിക്കണമെന്നതിനോട്' ഞങ്ങള്‍ക്ക് ഒട്ടും യോജിപ്പില്ല. ഇത് ശുദ്ധ അസംബന്ധമാണ്. പതാക പ്രതിനിധീകരിക്കേണ്ടത് 5000 വര്‍ഷത്തിന്റെ അഖണ്ഡപാരമ്പര്യമുള്ള ഹിന്ദു രാഷ്ട്രമായ ഹിന്ദുസ്ഥാനെയാണ്. ദേശീയപതാക ആ രാഷ്ട്രത്തിന്റെ മാത്രം പ്രതിരൂപമായാല്‍ മതി. എല്ലാ സമൂഹങ്ങളുടെയും ഇച്ഛകള്‍ക്കും ആഗ്രഹങ്ങള്‍ക്കുമനുസരിച്ച് ഒരു പതാക തെരെഞ്ഞെടുക്കുവാന്‍ നമുക്ക് സാധിച്ചെന്ന് വരില്ല. അനാവശ്യമായി കാര്യങ്ങളെ സങ്കീര്‍ണമാക്കുവാന്‍ മാത്രമേ അത് ഉപകരിക്കുകയുള്ളൂ. തീര്‍ത്തും അനവശ്യമായതും അനുചിതവുമായ പ്രവൃത്തിയാണത്. ഒരു ഷര്‍ടോ കോട്ടോ തയ്യല്‍ക്കാരനോട് തയ്ച് തരുവാന്‍ ആവശ്യപ്പെടുന്നത് പോലെയല്ലല്ലോ പതാക തെരെഞ്ഞെടുക്കേണ്ടത്.”

വിവിധാംശനിര്‍മിതമായ ഇന്ത്യയെക്കുറിച്ചുള്ള ആശയത്തെ എതിര്‍ത്തുകൊണ്ട് സ്വാതന്ത്ര്യത്തലേന്ന്, 1947 ഓഗസ്റ്റ് 14ന്, ഓര്‍ഗനൈസറില്‍ വന്ന മുഖപ്രസംഗത്തില്‍ (‘Whither’ എന്ന തലക്കെട്ടില്‍) എഴുതിയത് ഇങ്ങനെയായിരുന്നു: “രാഷ്ട്രത്തെ സംബന്ധിച്ചുള്ള അബദ്ധധാരണകളുടെ സ്വാധീനത്തില്‍ നമുക്കിനിയും അകപ്പെടാതെയിരിക്കാം. ഹിന്ദുസ്ഥാന്‍ ഭരിക്കുന്നത് ഹിന്ദുക്കളായിരിക്കും. രാജ്യഘടന ഹിന്ദുമതത്തിന്റെ സുരക്ഷിതാടിത്തറയിലാകും കെട്ടിപ്പടുക്കുക. ഈ ആശയങ്ങളെ അംഗീകരിച്ചാല്‍ തീരുന്നതേയുള്ളൂ മിക്കവാറുമുള്ള സംശയങ്ങളും അതുപോലെ തന്നെ ഇന്നിന്റെയും നാളെയുടെയും പ്രശ്നങ്ങളും. നമ്മുടെ രാഷ്ട്രം കെട്ടിപ്പടുക്കേണ്ടത് ഹിന്ദുക്കളാലും ഹൈന്ദവ പാരമ്പര്യത്താലും സംസ്കാരത്താലും ആശയത്താലും അഭിലാഷങ്ങളാലുമായിരിക്കണം.”

“ഹിന്ദുസ്ഥാനിലെ ഹിന്ദുക്കള്‍ക്ക് പൊതുവായ ഒരു സംസ്കാരവും ആചാരമര്യാദകളും ഭാഷയും പാരമ്പര്യവും ഉണ്ടെങ്കില്‍ അവരുടെ പ്രാചീനവും കുലീനവുമായ സംസ്കാരത്തെ പോലെ തന്നെയൊരു ധ്വജവുമുണ്ട്. ദേശീയ പതാകയേത് വേണം എന്ന ചോദ്യത്തിനെ സമീപിക്കേണ്ടത് അത്തരമൊരു ചരിത്രപരമായ കാഴ്ചപ്പാടിലൂടെ ആയിരിക്കണം. തികഞ്ഞ അശ്രദ്ധയോടെ ഇപ്പോള്‍ ചെയ്തിരിക്കുന്നത് പോലെ ആയിരിക്കരുത് അതൊരിക്കലും. വൈദേശികാധിപത്യത്തെത്തുടര്‍നുണ്ടായ ചില താല്‍ക്കാലികമായ അനര്‍ത്ഥങ്ങളാല്‍ ഹിന്ദുക്കളുടെ രാഷ്ട്രധ്വജം ഇരുട്ടിലാണ്ട് പോയെന്നത് ശരിയാണ്. എന്നാല്‍ ആ ധ്വജം ഒരു ദിനം അതിന്റെ പ്രാക്തനശോഭയിലേക്കും മഹത്വത്തിലേക്കും ഉയരുക തന്നെ ചെയ്യുമെന്ന് എല്ലാവര്‍ക്കുമറിയാവുന്നതാണ്. ജീവദായകിയായ സൂര്യന്‍ കിഴക്കേ ചക്രവാളത്തില്‍ പ്രൗഢിയോടെയും സാവധാനത്തിലും ജ്വലിച്ചുയരുമ്പോള്‍ ഉണ്ടാകുന്നതും, രാഷ്ട്രത്തിന്റെ ആത്മാവിനും ഹൃദയത്തിനും സ്നേഹം ജനിപ്പിക്കുന്നതുമായ പ്രത്യേക നിറമാണ് ഈ ധ്വജത്തിനുള്ളത്. ഇങ്ങനെ, ലോകത്തിന്റെ ജീവദായക ശക്തിയായി നമ്മുടെ പിതാമഹന്മാര്‍ കൈമാറി വന്നതാണ് ഈ പ്രൗഢധ്വജം. സൂര്യനെപ്പോലെ പ്രൗഢോജ്വലമായ ഈ ധ്വജത്തിന്റെ വശ്യതയും കുലീനതയും പ്രതാപവും തിരിച്ചറിയുവാന്‍ സാധിക്കാത്തവര്‍ അജ്ഞരും കുടിലരും ആയിരിക്കും. ഹിന്ദുസ്ഥാന്റെ യഥാര്‍ത്ഥ പതാകയാകുവാന്‍ ഇതിന് മാത്രമേ സാധിക്കുകയുള്ളൂ. രാഷ്ട്രത്തിന് ഇതുമാത്രമേ അംഗീകരിക്കുവാന്‍ സാധിക്കുകയുള്ളൂ. പൊതുജനങ്ങളുടെ ഈ നിരന്തരാവശ്യത്തിന് തെളിവുണ്ട്. കോണ്‍സ്റ്റിറ്റുവെന്റ് അസംബ്ലി അവരുടെ ആഗ്രഹം സാധിച്ചു കൊടുക്കണമെന്ന് ആവശ്യപ്പെടുന്നു.”[iii]

ആശ്ചര്യകരമെന്ന് പറയട്ടെ, സ്വാതന്ത്ര്യത്തലേന്ന് ആര്‍.എസ്.എസ്. പ്രസിദ്ധീകരണമായ ഓര്‍ഗനൈസര്‍ ഒരു നീണ്ട ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ‘ഭഗ്വധ്വജത്തിന്റെ പിന്നിലെ നിഗൂഢതകള്‍’ (The mystery behind Bhagwa Dhwaj) എന്ന പേരിലുള്ള ലേഖനത്തില്‍ ഡെല്‍ഹിയിലെ ചെങ്കോട്ടയില്‍ കാവിക്കൊടി പാറിക്കണം എന്ന ആവശ്യത്തോടൊപ്പം ദേശീയ പതാകയായി ത്രിവര്‍ണപതാക തെരെഞ്ഞെടുത്തതിന് അതിനിശിതമായി പരിഹാസവിധേയമാക്കിയിരുന്നു.

“തികച്ചും ആകസ്മികമായി മാത്രം അധികാരത്തില്‍ വന്നയാളുകള്‍ നമ്മുടെ കൈകളിലേക്ക് ത്രിവര്‍ണ പതാകയെടുത്ത് തന്നെന്നിരിക്കും. എന്നാല്‍ അതിനെ ഹിന്ദുക്കള്‍ ഒരിക്കലും ബഹുമാനിക്കുകയോ സ്വന്തമെന്ന് കരുതുകയോ ചെയ്യുകയില്ല. മൂന്ന് എന്ന സംഖ്യ തന്നെ പാപകരമാണ്. മൂന്ന് നിറമുള്ള പതാകകള്‍ നിശ്ചയമായും തീരെ മോശപ്പെട്ട രീതിയിലുള്ള മാനസിക സ്വാധീനങ്ങള്‍ സൃഷ്ടിക്കും. അത് രാജ്യത്തിന് ദോഷകരമായിരിക്കും.”[iv]

xdfdfd
ലോർഡ് സ്റ്റാഫോർഡ് ക്രിപ്സിനോപ്പം സവർക്കർ

ഇന്ത്യയുടെ കോണ്‍സ്റ്റിറ്റുവെന്റ് അസംബ്ലി ദേശീയ പതാകയെ സംബന്ധിച്ച വിഷയങ്ങള്‍ ചര്‍ച്ചയ്ക്കെടുത്തതും ത്രിവര്‍ണം ദേശീയ പതാകയായി സ്വീകരിച്ചതും. എന്നാല്‍ എം.എസ്. ഗോള്‍വാള്‍കറിന്റെ നേതൃത്വത്തിലുള്ള ആര്‍.എസ്.എസ്. ആകട്ടെ ത്രിവര്‍ണ പതാകയെ ദേശീയ പതാകയായി അംഗീകരിക്കുവാന്‍ വിസമ്മതിക്കുകയായിരുന്നു. തങ്ങളുടെ മഹദ്സംസ്കാരത്തെ അതിന്റെ സമഗ്രതയില്‍ പ്രതിനിധീകരിക്കുന്നത് കാവിക്കൊടിയാണെന്നാണ് 1946 ജൂലൈ 14ന് നാഗ്‌പൂരില്‍ വച്ച് നടന്നൊരു ഗുരുപൂര്‍ണിമ സമ്മേളനത്തിനെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കവേ അയാള്‍ പറഞ്ഞത്. ഈശ്വരന്റെ മൂര്‍ത്തീകരണമാണത് : “അവസാനം മുഴുവന്‍ രാഷ്ട്രവും കാവിക്കൊടിക്ക് മുന്നില്‍ കീഴ്‌വഴങ്ങുമെന്ന ഞങ്ങള്‍ അടിയുറച്ചു വിശ്വസിക്കുന്നു.”[v]

ഇന്ത്യ സ്വാതന്ത്രമായതിന് ശേഷവും ത്രിവര്‍ണം നമ്മുടെ ദേശീയപതാകയായപ്പോള്‍ ആര്‍.എസ്.എസ്. അതിനെ അംഗീകരിച്ചിരുന്നില്ല. “പിടി വിട്ടുവിട്ടു പോകുന്നു" (Drifting and Drifting) എന്ന ഉപന്യാസത്തില്‍ ഗോള്‍വാള്‍ക്കര്‍ ഇത് വിശദീകരിക്കുന്നുണ്ട് [ആര്‍.എസ്.എസ്. 1966ല്‍ പ്രസിദ്ധീകരിച്ച ഗോള്‍വാള്‍ക്കറുടെ ഇംഗ്ലീഷ് ലേഖനങ്ങളുടെ സമാഹരമായ വിചാരധാരയില്‍ ഇത് ചേര്‍ത്തിട്ടുണ്ട്]. ഹിന്ദുത്വയുടെ ഉദ്ദേശങ്ങളില്‍ നിന്ന് 'പിടിവിട്ടു പോകുന്നതിനെ' സംബന്ധിച്ച് സ്ഥാപകപിതാക്കളിലൊരാളായ ഗോള്‍വാള്‍ക്കര്‍ ഇങ്ങനെയെഴുതി:

“നമ്മുടെ നേതാക്കള്‍ രാജ്യത്തിന് ഒരു പുതിയ പതാക സജ്ജീകരിച്ചിട്ടുണ്ട്. അവരെന്തിനാണങ്ങനെ ചെയ്തത്? അനുകരണത്തിന്റെയും പിടിവിട്ടുപോകുന്നതിന്റെയും ഒരുദാഹാരണം മാത്രമാണത്. ഈ പതാക എങ്ങനെയാണ് നിലവില്‍ വന്നത്? ഫ്രഞ്ച് വിപ്ലവത്തിന്റെ കാലത്ത്, ഫ്രഞ്ചുകാര്‍ അവരുടെ പതാകയില്‍ മൂന്ന് വരകള്‍ രേഖപ്പെടുത്തിയിരുന്നു. ‘സമത്വം', ‘സാഹോദര്യം', ‘സ്വാതന്ത്ര്യം' എന്നീ ത്രിത്വാശയങ്ങളെ ആവിഷ്കരിക്കുവാനായിരുന്നു ഇത്. അമേരിക്കന്‍ വിപ്ലവം സമാനമായ തത്വങ്ങളില്‍ നിന്നും ആവേശമുള്‍ക്കൊണ്ട് ചില്ലറമാറ്റങ്ങളോടെ ഇത് ഏറ്റെടുത്തു. മൂന്ന് വരകള്‍ അതുകൊണ്ട് തന്നെ നമ്മുടെ സ്വാതന്ത്ര്യസമര സേനാനികള്‍ക്കും ഒരു തരം ഭ്രമമായിരുന്നു. കോണ്‍ഗ്രസ് അങ്ങനെയാണിത് ഏറ്റെടുക്കുന്നത്. വ്യത്യസ്ത സമൂഹങ്ങളുടെ ഐക്യത്തെ സൂചിപ്പിക്കുന്ന ഒന്നായി പിന്നീടിത് വ്യാഖ്യാനിക്കപ്പെട്ടു. കാവി നിറം ഹിന്ദുക്കളെയും, പച്ച മുസ്ലിംങ്ങളെയും ശുഭ്രം മറ്റ് സമൂഹങ്ങളെയും. അഹിന്ദു സമൂഹങ്ങളില്‍ നിന്ന് മുസ്ലിംങ്ങളെ പ്രത്യേകം എടുത്ത് പറഞ്ഞിരിക്കുന്നതിന് കാരണം ആ ഉന്നത നേതാക്കളുടെ മനസ്സില്‍ മുസ്ലിംങ്ങള്‍ക്ക് പ്രബലതയുണ്ടായിരുന്നു. അവരെ നാമകരണം ചെയ്യാതെ നമ്മുടെ ദേശീയത പൂര്‍ണമാകില്ലെന്നാണ് അവര്‍ കരുതുന്നത്. ചിലയാളുകള്‍ ഈ വര്‍ഗീയ നിലപാടുകളുടെ ചൂണ്ടിക്കാണിച്ചപ്പോള്‍ പുതിയ ഒരു വിശദീകരണവുമായവര്‍ വന്നു. കാവി നിറം ത്യാഗസന്നദ്ധതയെയും ശുഭ്രം ശുദ്ധതയെയും പച്ച സമാധാനത്തെയും സൂചിപ്പിക്കുന്നു എന്ന്. ആ ദിവസങ്ങളിലെല്ലാം കോണ്‍ഗ്രസ് കമ്മിറ്റികളില്‍ ഈ വ്യാഖ്യാനങ്ങള്‍ ചര്‍ച്ചകള്‍ക്ക് വിധേയമാക്കിയിരുന്നു. ഇത് പവിത്രവും ആരോഗ്യപരവുമായ ദേശീയ കാഴ്ചപ്പാടാണ് ഇതെന്ന് ആര്‍ക്കെങ്കിലും പറയുവാന്‍ സാധിക്കുമോ? രാഷ്ട്രീയ സൗകര്യാര്‍ത്ഥമുള്ള രാഷ്ട്രീയക്കാരന്റെ വച്ചുകെട്ടുകളി മാത്രമാണിത്. നമ്മുടെ രാഷ്ട്രചരിത്രത്തിനെയോ പാരമ്പര്യത്തിനെയോ അടിസ്ഥാനപ്പെടുത്തിക്കൊണ്ടുള്ള സത്യത്തിനെയോ ദേശീയവീക്ഷണത്തെയോ ഉള്‍ക്കൊണ്ടുള്ള ഒന്നല്ല അത്. പ്രൗഢഭൂതകാലമുള്ള നമ്മുടെ രാഷ്ട്രത്തിന്റെ പതാകയായിട്ടാണ് ഇതിനെത്തന്നെ ഇന്ന് തെരെഞ്ഞെടുത്തിരിക്കുന്നത്. നമുക്ക് സ്വന്തമായൊരു ധ്വജമില്ലേ? ഈ സഹസ്രാബ്ദങ്ങളില്‍ നമുക്ക് ഒരു ദേശീയ ചിഹ്നമില്ലായിരുന്നുവോ? നിശ്ചയമായും നമുക്കുണ്ടായിരുന്നു. പിന്നെ നമ്മുടെ മനസ്സുകളില്‍ എന്തിനാണ് ഈ ശൂന്യത?”[vi]

ഇന്ത്യ എന്ന് നാമകരണം ചെയ്യുന്നതിനെതിരെ

രാജ്യത്തിന് ഇന്ത്യ എന്ന് പേരിടുവാന്‍ കോണ്‍സ്റ്റിറ്റുവെന്റ് അസംബ്ലി തീരുമാനിച്ചപ്പോള്‍ ആര്‍.എസ്.എസ്. തീവ്രമായി ആവശ്യപ്പെട്ടത് 'ഹിന്ദുസ്ഥാന്‍' (ഹിന്ദുക്കളുടെ, ഹിന്ദുക്കള്‍ക്ക് വേണ്ടിയുള്ള മണ്ണ്) എന്ന് നാമകരണം ചെയ്യണമെന്നായിരുന്നു. നാമകരണത്തിലായാലും അതേപോലെതന്നെ രാജ്യഘടനയുടെ സ്വഭാവം തീരുമാനിക്കുന്നത് വിഷയത്തിലായാലും ഹൈന്ദവമായ സവിശേഷതകള്‍ കാത്തുസൂക്ഷിക്കണമെന്നായിരുന്നു ഓര്‍ഗനൈസറില്‍ 1947 ജൂലൈ 31ന് എഴുതിയ മുഖപ്രസംഗത്തില്‍ (‘ഹിന്ദുസ്ഥാന്‍’ എന്ന ശീര്‍ഷകത്തില്‍) ആര്‍.എസ്.എസ്. ആവശ്യപ്പെട്ടത്.

“സ്വതന്ത്ര ഹിന്ദുസ്ഥാന്റെ ഭരണഘടനാ സവിശേഷതകള്‍ ചര്‍ച്ച ചെയ്യുന്നവരുടെ തോളില്‍ വളരെ ബൃഹത്തായ ഉത്തരവാദിത്തങ്ങളാണുള്ളത്. ഭാവി തലമുറകള്‍ അവരെ അവരുടെ പ്രവര്‍ത്തികള്‍ വച്ച് വിധിയെഴുതും. രാഷ്ട്രത്തെയും അവള്‍ പരിലാളിക്കുന്ന ആശയങ്ങളെയും അഭിലാഷങ്ങളെയും അവര്‍ വഞ്ചിക്കാതെയിരിക്കട്ടെ. ഈ രാജ്യത്തെ പ്രബല ഭൂരിപക്ഷത്തിന്റെ ആന്തരികാനുഭൂതികളും അഭിലാഷങ്ങളും അവരെ നയിക്കട്ടെ. തങ്ങളുടെ മാതൃരാജ്യത്തിന്റെ പേര് ഹിന്ദുസ്ഥാന്‍ എന്ന് നാമകരണം ചെയ്യണമെന്നത് അവിതര്‍ക്കിതമായ വസ്തുതയാണ്. ഈ രാജ്യത്തെ ജനങ്ങളുടെ ശുഭോദര്‍ക്കമായ സമ്മേളനത്തെയും അവര്‍ക്ക് പൊതുവായുള്ള സംസ്കാരത്തെയും ചരിത്രത്തെയും നിയമത്തെയും മഹത്തായ പൂര്‍വികരെയും ഹിന്ദുസ്ഥാനെന്ന പേര് സ്വാഭാവികമായി മനസ്സില്‍ കൊണ്ടുവരുമ്പോള്‍ ഇന്ത്യയെന്ന പദം ഇതിന്റെയെല്ലാം പ്രതി-സിദ്ധാന്തമാണ്. രാഷ്ട്രത്തിന് പ്രചോദനം നല്‍കുവാന്‍ അതിലൊന്നുമില്ല. എന്നാല്‍, നമ്മളെ നാണം കെടുത്തുവാനും നമ്മുടെ അന്തഃകരണത്തിനെ കലഹത്തിന് പ്രേരിപ്പിക്കുവാനും ഇടയാക്കുന്ന ഒരുപാട് സംഭവങ്ങളുടെ ഒരു ശൃംഖല അതിലുണ്ട് താനും. ഇന്ത്യയെന്ന പേരിനെ പടിയടച്ച് പിണ്ഡം വയ്ക്കുവാനും ഹിന്ദുസ്ഥാന്‍ എന്ന സ്വാഭാവികമായ നാമം തിരഞ്ഞെടുക്കുവാനും ഇതിലധികം ന്യായീകരണങ്ങള്‍ ആവശ്യമില്ല. ഇതിലൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല. അടിസ്ഥാന തത്വങ്ങളെ ബലികഴിച്ച് വിട്ടുവീഴ്ചയ്ക്ക് നിര്‍ബന്ധം പിടിക്കുന്നവര്‍ രാഷ്ട്രത്തോടുള്ള അവരുടെ ഉത്തരവാദിത്തങ്ങളിന്മേല്‍ ഉഴപ്പുക മാത്രമല്ല, അവര്‍ അതിനോട് ചെയ്യുവാന്‍ കഴിയുന്നതിലേറ്റവും ദ്രോഹം ചെയ്യുകയാണ്.”

“ദേശീയപതാക പരമ്പരാഗത ഹിന്ദു കൊടിയും, ദേശീയഭാഷ ഹിന്ദിയും, ഞങ്ങളുടെ മാതൃഭൂമിയുടെ പേര് ഹിന്ദുസ്ഥാന്‍ എന്നുമായിരിക്കും എന്ന് ഊന്നിപ്പറയുന്നു. ആ മുഖപ്രസംഗം അവസാനിച്ചത് ഈ ആവശ്യങ്ങള്‍ കൂടി അവതരിപ്പിച്ചുകൊണ്ടായിരുന്നു. [vii]

മുസ്ലിംങ്ങളും ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റുകാരും ആഭ്യന്തര ഭീഷണികളാണ്

ആര്‍.എസ്.എസുകാരുടെ 'വിശുദ്ധ' ഗ്രന്ഥമായ വിചാരധാരയില്‍ 'ആഭ്യന്തര ഭീഷണികള്‍' എന്ന ശീര്‍ഷകത്തില്‍ സുദീര്‍ഘമായ ഒരു അധ്യായമുണ്ട്. പ്രസ്തുത അദ്ധ്യായത്തില്‍ മുസ്ലിംങ്ങളെയും ക്രിസ്ത്യാനികളെയും കമ്മ്യൂണിസ്റ്റുകാരെയും വിവരിച്ചിരിക്കുന്നത് യഥാക്രമം ഒന്നാമത്തെയും രണ്ടാമത്തെയും മൂന്നാമത്തെയും ഭീഷണികളായിട്ടാണ്.

“പുറമേ നിന്നുള്ള കയ്യേറ്റക്കാരേക്കാള്‍ രാഷ്ട്രസുരക്ഷയ്ക്ക് വെല്ലുവിളിയുയര്‍ത്തുന്നത് രാഷ്ട്രത്തിന്റെയകത്ത് തന്നെയുള്ള വിരുദ്ധശക്തികാളെന്നതാണ് പല ലോകരാജ്യങ്ങളുടെയും ചരിത്രം നല്‍കുന്ന ഒരു ദുരന്തപാഠം.”[viii]

എന്ന വാചകത്തോട് കൂടിയാണ് വിചാരധാരയിലെ മൂന്നാമത്തെ അധ്യായം ആരംഭിക്കുന്നത്.

മുസ്ലിംങ്ങളെ ഒന്നാമത്തെ ശത്രുവായി പരിഗണിക്കുമ്പോള്‍ അയാള്‍ ഇങ്ങനെയത് വിശദീകരിക്കുന്നു,

“'ഇപ്പോള്‍ മുസ്ലിം പ്രശ്നങ്ങള്‍ ഒന്നുമില്ല. പാക്കിസ്ഥാനെ പിന്തുണച്ചിരുന്ന കലാപകാരികളായ വിഭാഗങ്ങളെല്ലാം പോയിക്കഴിഞ്ഞു. ബാക്കിയുള്ള മുസ്ലിംങ്ങള്‍ രാജ്യത്തോട് പ്രതിബദ്ധതയുള്ളവരാണ്. എല്ലാത്തിനുമുപരി, അവര്‍ക്ക് പോകുവാന്‍ വേറെയിടമൊന്നുമില്ല.' ഇപ്പോഴും ഇങ്ങനെ പറയുന്ന ഒരുപാടാളുകളുണ്ട്. പാക്കിസ്ഥാന്‍ രൂപംകൊണ്ടതിന് ശേഷം പെട്ടെന്നൊരു രാത്രികൊണ്ട് ഇവരെല്ലാവരും രാജ്യസ്നേഹികളായെന്ന് വിശ്വസിക്കുന്നത് ആത്മഹത്യാപരമായിരിക്കും. ഇതിന് വിരുദ്ധമാണ് കാര്യങ്ങള്‍. ഭാവിയില്‍ നമ്മുടെ രാജ്യത്തിന് മേലുള്ള കടന്നാക്രമണങ്ങള്‍ക്ക് ഒരു ചാലകശക്തിയായി അതിന്റെ രൂപീകരണത്തിന് ശേഷം പാക്കിസ്ഥാന്‍ വര്‍ത്തിക്കുമെന്നതിനാല്‍ മുസ്ലിംങ്ങള്‍ മൂലമുള്ള ശല്യം നൂറിരട്ടിയെങ്കിലും വര്‍ദ്ധിച്ചിട്ടുണ്ടാവണം. [ix]

സാധാരണക്കാരായ മുസ്ലിംങ്ങളുടെ നേര്‍ക്കുള്ള അയാളുടെ വിഷം തുപ്പല്‍ ഇങ്ങനെ തുടരുന്നു:

രാജ്യത്തിനകത്ത് ഒരുപാട് മുസ്ലിം പോക്കറ്റുകളുണ്ട്, അതായത് കുറേ 'ചെറു പാക്കിസ്ഥാനുകള്‍'. അതായത്, പ്രായോഗികമായി എല്ലായിടങ്ങളിലും പാക്കിസ്ഥാനുമായി റ്റ്രാന്‍സ്മിറ്റര്‍ മുഖേന ബന്ധം പുലര്‍ത്തുന്ന മുസ്ലിംങ്ങള്‍ ഉണ്ട്. [x]

രണ്ടാമത്തെ ഏറ്റവും വലിയ ആഭ്യന്തര ഭീഷണിയായ ക്രിസ്ത്യാനികളെക്കുറിച്ച് സംസാരിക്കുമ്പോള്‍ അയാളിങ്ങനെയാണ് പറയുന്നത്,

“നമ്മുടെ നാട്ടില്‍ താമസിക്കുന്ന മാന്യ ക്രിസ്ത്യാനികളുടെ പങ്ക് അപ്രകാരമാണ്. നമ്മുടെ ജീവിതത്തിന്റെ മതപരവും സാമൂഹികവുമായ ഘടനകള്‍ നശിപ്പിക്കുക എന്നത് മാത്രമല്ല, പല പോക്കറ്റുകളിലും രാഷ്ട്രീയ സ്വാധീനം ചെലുത്തുവാനും, സാധിക്കുമെങ്കില്‍ രാജ്യം മുഴുവനും തങ്ങള്‍ക്കധീനമാക്കുവാനും.[xi]

മുസ്ലിംങ്ങളുടെ അടുത്ത് ഗോള്‍വാള്‍ക്കര്‍ക്കുള്ള വെറുപ്പ് അക്ഷയവും അനന്തവുമായിരുന്നു. 1939ല്‍ പ്രസിദ്ധീകരിച്ച നാം അല്ലെങ്കില്‍ നമ്മുടെ നിര്‍വചിക്കപ്പെട്ട ദേശീയത എന്ന പുസ്തകത്തില്‍ അയാള്‍ പ്രകടിപ്പിച്ചിരിക്കുന്ന വീക്ഷണങ്ങളോ 1960ല്‍ അയാള്‍ മുസ്ലിംങ്ങളോട് കാട്ടിയിരുന്ന വെറുപ്പും തമ്മില്‍ ഒരു വ്യത്യാസവുമുണ്ടായിരുന്നില്ല എന്നതാണ് വസ്തുത. ശരിക്കും അയാളുടെ വെറുപ്പ് കൂടുതല്‍ വന്യമാവുകയായിരുന്നു. 1960 നവംബര്‍ 30ന് ബാംഗ്ലൂരില്‍ വെച്ച് ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട ആര്‍.എസ്.എസ്. പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് അയാള്‍ ഇങ്ങനെ പ്രഖ്യാപിച്ചു, “ഡെല്‍ഹിയില്‍ നിന്നും റാംപുര്‍ വരെയും മുസ്ലിംങ്ങള്‍ ഒരു അപകടകരമായ പ്രവര്‍ത്തനത്തിന് തയ്യാറെടുക്കുകയാണ്. ആയുധങ്ങള്‍ വാങ്ങിക്കൂട്ടിയും തങ്ങളുടെ ആളുകളെ വിളിച്ചുകൂട്ടിയും ഉള്ളില്‍ നിന്ന് ആക്രമിക്കുവാന്‍ തക്കംപാര്‍ത്തിരിക്കുകയാണ്.”

ഡെല്‍ഹി മുസ്ലിംങ്ങളെ പാക്കിസ്ഥാനിലേക്കയക്കുവാന്‍ ആര്‍.എസ്.എസ്. ആവശ്യപ്പെട്ടു.

1947 സെപ്റ്റംബര്25 പ്രസിദ്ദീകരിച്ച ഓര്‍ഗനൈസറില്‍ ഡെല്‍ഹിയില്‍ താമസമാക്കിയ മുസ്ലിംങ്ങളെല്ലാം പാക്കിസ്ഥാനിലേക്ക് പറഞ്ഞയക്കണമെന്നാണ് ആവശ്യപ്പെട്ടത്.

“കുറേ നാളുകള്‍ പഞ്ചാബിന്റെ ഭാഗമായിരുന്നു ഡെല്‍ഹി. അതിനു ശേഷം പടിഞ്ഞാറന്‍ പഞ്ചാബിന്റെയും (പാക്കിസ്ഥാന്‍)) കിഴക്കന്‍ പഞ്ചാബിന്റെയും (ഇന്ത്യ) ഇടയില്‍ ജനങ്ങള്‍ പോയി വരുമായിരുന്നു. ഗവണ്‍മെന്റിന്റെ മുന്നിലുള്ളതും ശരിയായതുമായ ഒരേയൊരു വഴി ഡെല്‍ഹിയില്‍ താമസിക്കുന്ന മുസ്ലിംങ്ങളെ തിരികെ പടിഞ്ഞാറന്‍ പഞ്ചാബിലേക്കയക്കുക എന്നതാണ്. മറ്റെന്ത് പാത സ്വീകരിച്ചാലും അത് വലിയ പ്രശ്നങ്ങള്‍ക്ക് ഇടവരുത്തുമെന്ന് ചൂണ്ടിക്കാണിക്കട്ടെ. അവസരം കിട്ടുമ്പോഴെല്ലാം പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നവരാണ് മുസ്ലിംങ്ങള്‍ എന്ന് ഭയപ്പെടുന്ന പൊതുജനങ്ങളുടെ മനസ്സ് ഇപ്പോഴും വ്യകുലമാണ്.”[xii]

മുസ്ലിംങ്ങളുടെ അടുത്ത് ഗോള്‍വാള്‍ക്കര്‍ക്കുള്ള വെറുപ്പ് അക്ഷയവും അനന്തവുമായിരുന്നു. 1939ല്‍ പ്രസിദ്ധീകരിച്ച നാം അല്ലെങ്കില്‍ നമ്മുടെ നിര്‍വചിക്കപ്പെട്ട ദേശീയത എന്ന പുസ്തകത്തില്‍ അയാള്‍ പ്രകടിപ്പിച്ചിരിക്കുന്ന വീക്ഷണങ്ങളോ 1960ല്‍ അയാള്‍ മുസ്ലിംങ്ങളോട് കാട്ടിയിരുന്ന വെറുപ്പും തമ്മില്‍ ഒരു വ്യത്യാസവുമുണ്ടായിരുന്നില്ല എന്നതാണ് വസ്തുത. ശരിക്കും അയാളുടെ വെറുപ്പ് കൂടുതല്‍ വന്യമാവുകയായിരുന്നു. 1960 നവംബര്‍ 30ന് ബാംഗ്ലൂരില്‍ വെച്ച് ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട ആര്‍.എസ്.എസ്. പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് അയാള്‍ ഇങ്ങനെ പ്രഖ്യാപിച്ചു,

“ഡെല്‍ഹിയില്‍ നിന്നും റാംപുര്‍ വരെയും മുസ്ലിംങ്ങള്‍ ഒരു അപകടകരമായ പ്രവര്‍ത്തനത്തിന് തയ്യാറെടുക്കുകയാണ്. ആയുധങ്ങള്‍ വാങ്ങിക്കൂട്ടിയും തങ്ങളുടെ ആളുകളെ വിളിച്ചുകൂട്ടിയും ഉള്ളില്‍ നിന്ന് ആക്രമിക്കുവാന്‍ തക്കംപാര്‍ത്തിരിക്കുകയാണ്.”[xiii]

അതീവ ഗുരുതരമായ ഈ സാഹചര്യത്തെ പറ്റി തെളിവുകള്‍ നല്‍കുവാനോ ക്രമസമാധാനപാലന സംവിധാനങ്ങളെ വിവരം അറിയിക്കുവാനോ തയ്യാറാകാതെ ദേശസ്നേഹികളായ മുസ്ലിംങ്ങള്‍ക്കെതിരെ വിഷം തുപ്പല്‍ തുടരുകയായിരുന്നു ആ വെറുപ്പിന്റെ ഗുരു. മുസ്ലിംങ്ങള്‍ക്കെതിരെ ജനവികാരം തിരിക്കുക എന്ന ഗൂഡോദ്ദേശം മാത്രമേ അയാള്‍ക്കുണ്ടായിരുന്നുള്ളൂ. ഇന്ത്യയിലെ രണ്ട് പ്രമുഖ മതസമുദായങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ സൃഷ്ടിക്കുവാന്‍ ശ്രമിച്ചിട്ടും ഇന്ത്യന്‍ ഭരണകൂടം അയാള്‍ക്കെതിരെ ചെറുവിരലനക്കിയില്ല എന്നതാണ് ഏറെ ഞെട്ടലുളവാക്കുന്നത്.

xdfdfd
ഡെൽഹിയിലെ 'ഗോഹത്യാ വിരോധ് റാലി'യിൽ പങ്കെടുക്കുന്ന ഗോൾവാൾക്കർ (ഇടത്തേയറ്റം)

ആര്‍.എസ്.എസിനും ഗോള്‍വാള്‍ക്കറിനും കമ്മ്യൂണിസ്റ്റുകാരുടെ നിര്‍വചനം മൂന്നാമത്തെ ആഭ്യന്തര ഭീഷണി എന്നാണ്. ജനാധിപത്യ-മതനിരപേക്ഷ രാജ്യഘടനയ്ക്ക് വേണ്ടി പ്രതിരോധം തീര്‍ത്തതു കൊണ്ടും ഹിന്ദുത്വശക്തികള്‍ക്ക് വെല്ലുവിളി സൃഷ്ടിച്ചതുകൊണ്ടുമായിരുന്നു അത്. [xiv]

ഇന്ത്യയുടെ ജനാധിപത്യ-മതനിരപേക്ഷ ഭരണഘടനയെ അധിക്ഷേപിച്ചത്

ആര്‍.എസ്.എസിന്റെ രണ്ടാമത്തെ സര്‍സംഘചാലക്‍ ആയിരുന്ന എം.എസ്. ഗോള്‍വാള്‍കര്‍ സംഘടനയെ നയിച്ചത് 1940 മുതല്‍ 1973 വരെയുള്ള കാലയളവിലാണ്. ആര്‍.എസ്.എസ്. ഇന്ത്യന്‍ ഭരണഘടനയെ പറ്റിയെന്താണ് ചിന്തിക്കുന്നതെന്ന് വിചാരധാരയില്‍ അയാള്‍ എഴുതിയ വാക്കുകളില്‍ നിന്നും നമുക്ക് വായിച്ചെടുക്കുവാന്‍ സാധിക്കും.

“പാശ്ചാത്യ രാജ്യങ്ങളുടെ ഭരണഘടനകളില്‍ നിന്നുമെടുത്തിട്ടുള്ള പ്രമാണങ്ങള്‍ ചേര്‍ത്ത് ഏച്ചുകെട്ടി വെച്ചിരിക്കുന്നതാണ് ദുര്‍വഹമായ നമ്മുടെ ഭരണഘടന. നമ്മുടേതെന്ന് വിളിക്കുവാന്‍ സാധിക്കുന്ന ഒന്നും അതിനകത്തില്ല. നമ്മുടെ രാഷ്ട്ര നിയോഗം എന്തായിരിക്കണമെന്നും ജീവിതത്തിന്റെ കേന്ദ്രതത്വമെന്തായിരിക്കണം എന്നതിനെ സംബന്ധിച്ചുമുള്ള ഒരു വാക്കെങ്കിലും അതിന്റെ മാര്‍ഗനിര്‍ദേശതത്വങ്ങളിലുണ്ടോ? ഇല്ല! യുണൈറ്റഡ് നേഷന്‍സ് ചാര്‍ടറില്‍ നിന്നുമുള്ള ചില മുടന്തന്‍ തത്വങ്ങളും പ്രവര്‍ത്തനരഹിതമായ ലീഗ് ഓഫ് നേഷന്‍സിന്റെ ചാര്‍ടറില്‍ നിന്നുമുള്ളവയും അമേരിക്കന്‍, ബ്രിട്ടീഷ് ഭരണഘടനയില്‍ നിന്നുമുള്ള ചില സവിശേഷതകളും ഒരുമിച്ചുകൊണ്ടുവന്ന് ഒരു അവിയല്‍ പരുവത്തിലാക്കുകയായിരുന്നു.”

യഥാര്‍ത്ഥത്തില്‍ ആര്‍.എസ്.എസിന് വേണ്ടിയിരുന്നത് ഈ ഭരണഘടനയ്ക്ക് പകരമായി മനുസ്മൃതിയോ മനുവിന്റെ ധര്‍മസംഹിതകളോ വയ്ക്കണം എന്നായിരുന്നു. ഇന്ത്യയുടെ കോണ്‍സ്റ്റിറ്റുവെന്റ് അസംബ്ലി ഇന്ത്യന്‍ ഭരണഘടനയ്ക്ക് അന്ത്യരൂപം കൊടുത്തപ്പോള്‍ ആര്‍.എസ്.എസ്. സന്തുഷ്ടരായിരുന്നില്ല. 1949 നവംബര്‍ 30ന് പുറത്തിറങ്ങിയ ഓര്‍ഗനൈസറിന്റെ മുഖപ്രസംഗം (‘The Constitution’) ഇങ്ങനെ പരിഭവപ്പെട്ടു.

"ഭാരതത്തിന്റെ പുതിയ ഭരണഘടനയിലെ ഏറ്റവും മോശപ്പെട്ട കാര്യം അതില്‍ ഭാരതീയമായ ഒന്നുമില്ലായെന്നതാണ്. ബ്രിട്ടീഷ്, അമേരിക്കന്‍, കനേഡിയന്‍, സ്വിസ്സ് ഭരണഘടനകളില്‍ നിന്നുമുള്ള ഘടകങ്ങള്‍ കൂട്ടിയോജിപ്പിക്കുകയാണ് ഭരണഘടന തയ്യാറാക്കിയവര്‍ ചെയ്തത്. പ്രാക്തന ഭാരതീയ ഭരണഘടനാ നിയമങ്ങള്‍, സ്ഥാപനങ്ങള്‍, സംജ്ഞകള്‍, വാചകരീതികള്‍ ഇവയൊന്നും തന്നെ ഇതില്‍ കാണുവാന്‍ സാധിക്കുകയില്ല. പ്രാചീന ഭാരതത്തിലെ അനന്യമായ നിയമസംഹിതാ വികാസങ്ങളെ സംബന്ധിച്ച് ഒരു പരാമര്‍ശം പോലുമില്ല. സ്പാര്‍ടയുടെ ലൈകര്‍ഗസിനേക്കാളും പേര്‍ഷ്യയുടെ സോളോനേക്കാളും ഏറെ മുമ്പ് തന്നെ മനുവിന്റെ നിയമങ്ങള്‍ എഴുതപ്പെട്ടിരുന്നു. ഈ ദിനം വരെയും മനുസ്മൃതിയില്‍ വിശദീകരിക്കപ്പെട്ടിട്ടുള്ള മനുവിന്റെ നിയമങ്ങള്‍ ലോകത്തിന്റെ ആദരവ് പിടിച്ചു വാങ്ങിയിരുന്നു. അതിന്റെ നൈസര്‍ഗികമായ ആജ്ഞാനുവര്‍ത്തിത്വവും അനുവര്‍ത്തിത്വവും വെളിവാക്കപ്പെട്ടിരുന്നു. എന്നാല്‍ നമ്മുടെ ഭരണഘടനാ പണ്ഡിറ്റുകള്‍ക്ക് ഇതൊന്നും ഒരു വിഷയമേ ആയിരുന്നില്ല.”[xv]

ജനാധിപത്യ-മതനിരപേക്ഷ ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പരിവര്‍ത്തനം ചെയ്യുവാന്‍ കച്ചക്കെട്ടിയിറങ്ങിയിരിക്കുകയാണ് ആര്‍.എസ്.എസ്.

മതനിരപേക്ഷതയ്ക്കെതിരെ

ആര്‍.എസ്.എസിന്റെ ഭാഗമാകുന്നതിന് മുമ്പ് ഏതൊരാളും എടുത്തിരിക്കേണ്ട പ്രതിജ്ഞാവാചകവും അവരുടെ യോഗങ്ങള്‍ക്ക് മുമ്പ് ചൊല്ലുന്ന പ്രാര്‍ത്ഥനയും വായിച്ചാല്‍ മതനിരപേക്ഷ ഇന്ത്യക്ക് ബദലായി ഒരു ഹിന്ദുരാഷ്ട്രം സ്ഥാപിക്കുവാനുള്ള ആര്‍.എസ്.എസ്. പ്രതിജ്ഞാബദ്ധത വ്യക്തമാകും.

പ്രതിജ്ഞ: “സര്‍വശക്തനായ ദൈവത്തിന്റെയും എന്റെ പൂര്‍വികരുടെയും മുന്നില്‍, സഗൗരവം ഞാനീ പ്രതിജ്ഞയെടുക്കുന്നു, അതായത് എന്റെ പരിപാവനമായ ഹിന്ദു മതത്തിന്റെയും ഹിന്ദു സമൂഹത്തിന്റെയും ഹിന്ദു സംസ്കൃതിയുടെയും വളര്‍ച്ച പരിപോഷിപ്പിച്ചുകൊണ്ട് ഭാരതവര്‍ഷത്തിന്റെ എല്ലാ മഹത്വവും നേടിയെടുക്കുവാനാണ് ഞാന്‍ ആര്‍.എസ്.എസിന്റെ അംഗമാകുന്നത്. സംഘത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഞാന്‍ സത്യസന്ധതയോടെയും, നിസ്വാര്‍ത്ഥമായ മനസ്സോടെയും ആത്മാവോടെയും, ഈ ലക്ഷ്യത്തില്‍ ഞാന്‍ ജീവിതകാലം മുഴുവനും ഉറച്ചുനില്‍ക്കും. ഭാരത് മാതാ കീ ജയ്.” [xvi]

അതായത്, നിയമപരമായ അസ്തിത്വമുള്ള ഇന്ത്യാ മഹാരാജ്യത്തോടല്ല അവര്‍ക്ക് കൂറുള്ളത്. മറിച്ച് മുസ്ലിംലീഗ് പാക്കിസ്ഥാനില്‍ ഇസ്ലാമിന്റെ പേരില്‍ ചെയ്തത് പോലെ ഒരു മതാധിഷ്ഠിത ഭരണകൂടം ഇവിടെ സ്ഥാപിക്കുവാനാണ് അവര്‍ ആഗ്രഹിക്കുന്നത്.

പ്രാര്‍ത്ഥന:

"വാല്‍സല്യനിധിയായ മാതൃഭൂമിയേ, ഞാന്‍ നിന്റെ മുന്നില്‍ അനന്തമായി വണങ്ങുന്നു ഹിന്ദുക്കളുടെ ഭൂമിയേ, സുഖസൗകര്യങ്ങളില്‍ നീയെന്നെ വളര്‍ത്തി പുണ്യഭൂമിയേ, നന്മയുടെ മഹദ് സ്രഷ്ടാവേ, എന്റെ ഈ ശരീരം നിനക്കായി സമര്‍പ്പിക്കുന്നു ഞാന്‍ വീണ്ടും വീണ്ടും നിന്റെ മുന്നില്‍ വണങ്ങുന്നു സര്‍വപ്രതാപിയായ ദൈവമേ, ഹിന്ദു രാഷ്ട്രത്തിന്റെ അവിഭാജ്യ ഘടകമായ ഞങ്ങള്‍ ബഹുമാനപുരസരം നിന്നെ അഭിവാദ്യം ചെയ്യുന്നു നിനക്ക് വേണ്ടി ഞങ്ങള്‍ അരയും മുറുക്കിയിറങ്ങുന്നു ലക്ഷ്യപ്രാപ്തിക്കായി നിന്റെ അനുഗ്രഹങ്ങള്‍ തരൂ.” [xvii]

ജനാധിപത്യത്തിനെതിരെ

1940ല്‍ നാഗ്പൂരിലെ റേഷം ബാഗിലുള്ള ആര്‍.എസ്.എസ്. ആസ്ഥാനത്ത് ആര്‍.എസ്.എസിന്റെ ഉന്നതരായ 1350 പ്രവര്‍ത്തകരുടെ മുന്നില്‍ എം.എസ്. ഗോള്‍വാള്‍ക്കര്‍ നല്‍കിയ പ്രസംഗത്തില്‍ നിന്നും ഏത് തരത്തിലുള്ള രാഷ്ട്രീയവ്യവസ്ഥയാണ് ആര്‍.എസ്.എസിന് ഇവിടെ നടപ്പിലാക്കേണ്ടതെന്നും പ്രവര്‍ത്തനസജ്ജമാക്കേണ്ടതെന്നും വ്യക്തമാകും:

“ഒരു കൊടിയാലും ഒരു നേതാവാലും ഒരു പ്രത്യയശാസ്ത്രത്താലും പ്രചോദിതരായ ആര്‍.എസ്.എസ് ഈ മഹദ് ഭൂമിയുടെ മുക്കിലും മൂലയിലും ഹിന്ദുത്വത്തിന്റെ തീനാളങ്ങള്‍ കൊളുത്തുകയാണ്.” [xviii]

ഫെഡറലിസത്തിനെതിരെ

ഇന്ത്യന്‍ രാജ്യഘടനയുടെ അടിസ്ഥാനങ്ങളിലൊന്നായ ഭരണഘടനയുടെ ഫെഡറല്‍ സ്വഭാവത്തിനും ആര്‍.എസ്.എസ്. കടുത്ത എതിര്‍പ്പാണ് പ്രകടിപ്പിച്ചിട്ടുള്ളത്. ദേശീയോദ്ഗ്രഥന കൗണ്‍സിന്റെ ആദ്യ യോഗത്തിന് ഗോള്‍വാള്‍ക്കര്‍ 1961ല്‍ അയച്ച എഴുത്തില്‍ നിന്നും ഇത് വ്യക്തമാണ്.

“വിഘടനവാദം പോലെയുള്ള ചിന്തകള്‍ക്ക് ജന്മം നല്‍കുവാന്‍ മാത്രമല്ല അത്തരം ചിന്തകളെ പരിപോഷിപ്പിക്കുവാനും ഇന്നത്തേത് പോലെ ഫെഡറല്‍ രൂപമുള്ള ഗവണ്‍മെന്റ് ഇടയാക്കും. ഒരു തരത്തില്‍ അത് ഏക രാഷ്ട്രം എന്ന വസ്തുതയെ നിരാകരിക്കുകയും ഉന്മൂലനം ചെയ്യുകയും ചെയ്യും. അതിനെ വേരോടെ പിഴുതെറിഞ്ഞുകൊണ്ട് ഭരണഘടനയെ ശുദ്ധീകരിക്കുകയും അങ്ങനെ ഏകത്വ സഭാവമുള്ള ഒരു ഗവണ്‍മെന്റിനെ സ്ഥാപിക്കുകയും വേണം.”[xix]

ബോംബേയില്‍ 1954ല്‍ വെച്ച് ഫെഡറലിസം വിരുദ്ധ കോണ്‍ഫറന്‍സില്‍ അദ്ധ്യക്ഷനായിരിക്കവേ ഗോള്‍വാള്‍കര്‍ ആവശ്യപ്പെട്ടത് ഇങ്ങനെയാണ്. “ഇന്ത്യക്ക് ഒരു കേന്ദ്രീകൃത ഭരണം ആവശ്യമാണ്. ഭരണനിര്‍വഹണത്തിന്റെ കാഴ്ചപ്പാടില്‍ സംസ്ഥാനങ്ങള്‍ administrative territories ആവുകയും വേണം.” [xx]

ഇന്ത്യന്‍ ഫെഡറിലസത്തെക്കുറിച്ച് ആര്‍.എസ്.എസ്. ആശയപ്രചാരകര്‍ക്കുള്ള ചില ഒറ്റപ്പെട്ട ചിന്തകള്‍ ആയിരുന്നില്ല ഇവയൊന്നും. ആര്‍.എസ്.എസുകാരുടെ വിശുദ്ധ ഗ്രന്ഥമായ വിചാരധാരയില്‍ 'ഏകത്വ ഭരണകൂടം ആവശ്യമായിരുന്നു' എന്ന പേരില്‍ ഒരു പ്രത്യേക അദ്ധ്യായം തന്നെയുണ്ട്. ഇന്ത്യയുടെ ഫെഡറല്‍ ചട്ടക്കൂടിനുള്ള പ്രതിവിധി അവതരിപ്പിക്കുമ്പോള്‍ ഗോള്‍വാള്‍ക്കര്‍ എഴുതിയിരുന്നതിങ്ങനെയാണ്:

യഥാര്‍ത്ഥത്തില്‍ ആര്‍.എസ്.എസിന് വേണ്ടിയിരുന്നത് ഈ ഭരണഘടനയ്ക്ക് പകരമായി മനുസ്മൃതിയോ മനുവിന്റെ ധര്‍മസംഹിതകളോ വയ്ക്കണം എന്നായിരുന്നു. ഇന്ത്യയുടെ കോണ്‍സ്റ്റിറ്റുവെന്റ് അസംബ്ലി ഇന്ത്യന്‍ ഭരണഘടനയ്ക്ക് അന്ത്യരൂപം കൊടുത്തപ്പോള്‍ ആര്‍.എസ്.എസ്. സന്തുഷ്ടരായിരുന്നില്ല. 1949 നവംബര്‍ 30ന് പുറത്തിറങ്ങിയ ഓര്‍ഗനൈസറിന്റെ മുഖപ്രസംഗം (‘The Constitution’) ഇങ്ങനെ പരിഭവപ്പെട്ടു: "ഭാരതത്തിന്റെ പുതിയ ഭരണഘടനയിലെ ഏറ്റവും മോശപ്പെട്ട കാര്യം അതില്‍ ഭാരതീയമായ ഒന്നുമില്ലായെന്നതാണ്. ബ്രിട്ടീഷ്, അമേരിക്കന്‍, കനേഡിയന്‍, സ്വിസ്സ് ഭരണഘടനകളില്‍ നിന്നുമുള്ള ഘടകങ്ങള്‍ കൂട്ടിയോജിപ്പിക്കുകയാണ് ഭരണഘടന തയ്യാറാക്കിയവര്‍ ചെയ്തത്. പ്രാക്തന ഭാരതീയ ഭരണഘടനാ നിയമങ്ങള്‍, സ്ഥാപനങ്ങള്‍, സംജ്ഞകള്‍, വാചകരീതികള്‍ ഇവയൊന്നും തന്നെ ഇതില്‍ കാണുവാന്‍ സാധിക്കുകയില്ല. പ്രാചീന ഭാരതത്തിലെ അനന്യമായ നിയമസംഹിതാ വികാസങ്ങളെ സംബന്ധിച്ച് ഒരു പരാമര്‍ശം പോലുമില്ല. സ്പാര്‍ടയുടെ ലൈകര്‍ഗസിനേക്കാളും പേര്‍ഷ്യയുടെ സോളോനേക്കാളും ഏറെ മുമ്പ് തന്നെ മനുവിന്റെ നിയമങ്ങള്‍ എഴുതപ്പെട്ടിരുന്നു. ഈ ദിനം വരെയും മനുസ്മൃതിയില്‍ വിശദീകരിക്കപ്പെട്ടിട്ടുള്ള മനുവിന്റെ നിയമങ്ങള്‍ ലോകത്തിന്റെ ആദരവ് പിടിച്ചു വാങ്ങിയിരുന്നു. അതിന്റെ നൈസര്‍ഗികമായ ആജ്ഞാനുവര്‍ത്തിത്വവും അനുവര്‍ത്തിത്വവും വെളിവാക്കപ്പെട്ടിരുന്നു. എന്നാല്‍ നമ്മുടെ ഭരണഘടനാ പണ്ഡിറ്റുകള്‍ക്ക് ഇതൊന്നും ഒരു വിഷയമേ ആയിരുന്നില്ല.”

“നമ്മുടെ ഭരണഘടനയുടെ ഫെഡറല്‍ ഘടനയെ പറ്റിയുള്ള എല്ലാ ചര്‍ച്ചകളെയും ആഴത്തില്‍ കുഴിച്ചു മൂടുന്നതും, ഭാരതത്തെപ്പോലെയുള്ള ഭരണകൂടത്തിന്റെ ഉള്ളിലെ 'സ്വയംഭരണധികാരം' അല്ലെങ്കില്‍ 'ഭാഗിക സ്വയംഭരണാധികാരം' ഉള്ള എല്ലാ ഭരണകൂടങ്ങളെയും ഇല്ലാതെയാക്കുകയും, നമ്മുടെ സമഗ്രമൈത്രിയെ താറുമാറാക്കാനാകുന്ന പ്രാദേശികത, വിഭാഗീയത, ഭാഷാസ്വത്വ അല്ലെങ്കില്‍ മറ്റ് തരത്തിലുള്ള സ്വാഭിമാനങ്ങള്‍ക്ക് യാതൊരുവിധ സാധ്യതയും കൊടുക്കാതെ "ഒരു രാജ്യം, ഒരു ഭരണകൂടം, ഒരു നിയമനിര്‍മാണസഭ, ഒരു എക്സിക്യൂട്ടീവ്" എന്ന് സ്വയം പ്രഖ്യാപിക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ടതും ഫലപ്രദവുമായ കാല്‍വെയ്പ്. നമ്മുടേത് വ്യത്യസ്തങ്ങളായ വംശീയതകളാണെന്നും ദേശീയതകളാണെന്നും ഭൂമിശാസ്ത്രപരമായ പ്രത്യേകതകളാലും ഏകതാനപരമായ വൈദേശികാധിപത്യത്താലും നാം അബദ്ധവശാല്‍ ഒരുമിച്ചുകൂടി താമസിക്കുന്നവരാണെന്നുമുള്ള ഇന്നത്തെ നേതാക്കള്‍ പോലും ബോധമില്ലാതെ ഏറ്റുപിടിക്കുന്ന ബ്രിട്ടീഷുകാര്‍ തുടങ്ങിവെച്ച ദുരുദ്ദേശപരമായ നുണപ്രചാരണങ്ങളെ തള്ളിക്കളയുന്നതിനായി ഏകത്വഘടനയിലുള്ള സര്‍ക്കാര്‍ സ്ഥാപിക്കണം. അതിനു വേണ്ടി ഭരണഘടനയെ പുനഃപരിശോധിക്കുകയും മാറ്റിയെഴുതുകയും ചെയ്യട്ടെ.”[xxi]

ആര്‍.എസ്.എസും ഗൂഢാലോചനകളും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്

ഡെല്‍ഹിയിലുള്ള ആര്‍.എസ്.എസിന്റെ കേന്ദ്ര പ്രസിദ്ധീകരണ ശാലയായ സുരുചി പ്രകാശന്‍ സദാനന്ദ് ദാമോദര്‍ സാപ്രെ എന്ന മുതിര്‍ന്ന ആര്‍.എസ്.എസ്. പ്രവര്‍ത്തകന്‍ എഴുതിയ പരം വൈഭവ് കേ പഥ് പര്‍ (മഹദ് പ്രൗഢിയിലേക്കുള്ള പാതയില്‍) എന്ന പുസ്തകം 1997ല്‍ പ്രസിദ്ധീകരിച്ചു. വ്യത്യസ്തമായ ഉദ്ദേശങ്ങള്‍ക്ക് വേണ്ടി ആര്‍.എസ്.എസ്. സൃഷ്ടിച്ച നാല്പതോളം സംഘടനകളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ പുസ്തകം. അതിനേക്കാളൊക്കെ പ്രധാനമായി, ഈ സംഘടനകളില്‍ ദുരൂഹലക്ഷ്യങ്ങള്‍ നടപ്പിലാക്കുവാനായി നിഗൂഢമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഏതൊക്കെ സംഘടനകള്‍ ഉണ്ടെന്നും ഈ പുസ്തകത്തില്‍ വിശദീകരിച്ചിരുന്നു. സഹായ-ഉപഗ്രഹ സംഘടനകളില്‍ക്കൂടി പ്രവര്‍ത്തിക്കുന്ന സുസംഘടിതമായൊരു മാഫിയയെ പോലെയാണ് അതിന്റെ മുഴുവന്‍ ശൃംഖലയും പ്രവര്‍ത്തിക്കുന്നതെന്ന് ആ പ്രസിദ്ധീകരണം കാട്ടിത്തന്നു. തങ്ങളുടെ നേരിടുന്ന സാഹചര്യത്തിനനുസരിച്ച് തള്ളിപ്പറയുവാന്‍ സൗകര്യത്തിന് വ്യത്യസ്ത മുഖങ്ങളെ സംബന്ധിച്ച് അങ്കലാപ്പ് സൃഷ്ടിക്കുവാന്‍ ബോധപൂര്‍വമുള്ള ശ്രമങ്ങള്‍ എക്കാലത്തും ആര്‍.എസ്.എസ്. നടത്തിയിരുന്നു. ഉദാഹരണത്തിന്, 1990കളുടെ അവസാനപാദത്തില്‍ അവര്‍ ക്രിസ്ത്യാനികളെ ആക്രമിക്കുവാന്‍ ഹിന്ദു ജാഗരണ്‍ മഞ്ചിനെ ഉപയോഗപ്പെടുത്തിയിരുന്നു. പൊതുബോധവും മാധ്യമങ്ങളും പാര്‍ലമെന്റും അവര്‍ക്കെതിരെ തിരിഞ്ഞപ്പോള്‍ അവരുമായി യാതൊരു ബന്ധവുമില്ലെന്ന് തിരുത്തുകയാണ് ആര്‍.എസ്.എസ്. ചെയ്തത്. എന്നാല്‍ മേല്‍പറഞ്ഞ പ്രസിദ്ധീകരണമനുസരിച്ച് ഹിന്ദു ജാഗരണ്‍ മഞ്ച് എന്ന സംഘടന സൃഷ്ടിച്ചത് ആര്‍.എസ്.എസ്. ആണെന്നാണ് പറയുന്നത്.

“ഹിന്ദു ഉദ്ബുദ്ധതയുടെ കാഴ്ചപ്പാടില്‍ നിന്നും ഈ തരത്തിലുള്ള ഫോറങ്ങള്‍ [ഹിന്ദു ജാഗരണ്‍ മഞ്ചിനെപ്പോലെ] 17 സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ വ്യത്യസ്തമായ പേരുകളില്‍ [ഡെല്‍ഹിയിലെ ‘ഹിന്ദു മഞ്ച്’, തമിഴ്നാട്ടിലെ ‘ഹിന്ദു മുന്നണി’, മഹാരാഷ്ട്രയിലെ ‘ഹിന്ദുഎക്ജുത്] സജീവമാണ്. ഇവ കൂട്ടായ്മകളോ സംഘടനകളോ അല്ല, ഫോറങ്ങളാണ്. അതുകൊണ്ടുതന്നെ അവയ്ക്ക് അംഗത്വമോ, രജിസ്റ്റ്രേഷനോ തെരെഞ്ഞെടുപ്പുകളോ ആവശ്യമില്ല.”[xxii]

വിഭജനത്തിന് ശേഷം ഡെല്‍ഹിയിലെ ഒരു സംഭവത്തെ പറ്റി പരം വൈഭവ് കെ പഥ് പര്‍-ല്‍ തുറന്നുസമ്മതിക്കുന്നത് പോലെയുള്ള കാര്യങ്ങളില്‍ നിന്നും ആര്‍.എസ്.എസ്. എങ്ങനെയാണ് ഗൂഢാലോചനകളില്‍ ഇടപെടുന്നുവെന്ന് മനസ്സിലാക്കുവാന്‍ സാധിക്കും.

“ഡെല്‍ഹി മുസ്ലിം ലീഗിന്റെ രഹസ്യങ്ങള്‍ അറിയുന്നതിനായി അവരുടെ വിശ്വാസം നേടിയെടുക്കുവാന്‍ മുസ്ലിം മതം സ്വീകരിച്ചതായി സ്വയംസേവകര്‍ അഭിനയിക്കും.” [xxiii]

മുസ്ലിംങ്ങളായി വേഷം മാറുന്ന സ്വയം സേവകര്‍ സ്വാതന്ത്ര്യത്തലേന്ന് എന്ത് ചെയ്യുകയായിരുന്നുവെന്ന് വ്യക്തമാക്കിയത് മാറ്റാരുമായിരുന്നില്ല്ല, പിന്നീട് ഇന്ത്യന്‍ റിപബ്ലിക്കിന്റെ പ്രഥമ പ്രസിഡന്റായ ഡോ. രാജേന്ദ്ര പ്രസാദാണ്. 1948 മാര്‍ച്ച് 14ന് ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തരവകുപ്പ് മന്ത്രി ആയിരുന്ന സര്‍ദാര്‍ പട്ടേലിനെഴുതിയ ലേഖനത്തില്‍ പ്രസാദ് ഇപ്രകാരമെഴുതി:

“ആര്‍.എസ്.എസിന്റെ ആളുകള്‍ക്ക് പ്രശ്നങ്ങള്‍ സൃഷ്ടിക്കുവാന്‍ പദ്ധതിയുണ്ടെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. മുസ്ലിംങ്ങളെപ്പോലെ തോന്നുക്കുന്ന മുസ്ലിം വേഷം ധരിച്ച കുറച്ചാളുകള്‍ അവരുടെ കൂടെയുണ്ട്. ഹിന്ദുക്കളെ കണ്ടാല്‍ ആക്രമിക്കാനും അങ്ങനെ അവരെ പ്രകോപിപ്പിക്കുവാനുമാന് ഇവരുടെ ഉദ്ദേശം. അതേ പോലെ അവരുടെ കൂടെയുള്ള ചില ഹിന്ദുക്കള്‍ മുസ്ലിംങ്ങളെ ആക്രമിച്ച് അവരെ പ്രകോപിപ്പിക്കുവാനും ശ്രമിക്കും. ഹിന്ദുക്കള്‍ക്കും മുസ്ലിംങ്ങള്‍ക്കും ഇടയിലുള്ള ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ വലിയ വിപത്തുക്കളുണ്ടാക്കും.” [xxiv]

മുകളില്‍ കൊടുത്തിട്ടുള്ള ആര്‍.എസ്.എസ്. രേഖകള്‍ തെറ്റാണെന്ന് ഏതെങ്കിലും ആര്‍.എസ്.എസ്. അനുഭാവിക്ക് ബോധ്യമുണ്ടെങ്കില്‍ ക്രിമിനല്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യാമെന്ന് ഇതിന്റെ ലേഖകന്‍ ബോധ്യപ്പെടുത്തുന്നു.

[ഇന്ത്യ റിപബ്ലിക്‍ ആയിട്ട് ഇന്ന് 67 വര്‍ഷം തികയുകയാണ്. നാമിന്ന് കാണുന്ന ഇന്ത്യന്‍ ദേശീയതയുടെ മൊത്തക്കച്ചവടക്കാര്‍ തങ്ങളാണെന്നാണ് സംഘപരിവാര്‍ അവകാശപ്പെടുന്നത്. തങ്ങള്‍ക്ക് ലഭ്യമായ സകലയിടങ്ങളിലൂടെയും അവര്‍ തങ്ങളുടെ ഈ ഭാഷ്യം നിര്‍ബന്ധപൂര്‍വം അടിച്ചേല്പിക്കുവാനും ശ്രമിക്കുന്നുണ്ട്. എന്നാല്‍ നമ്മുടെ ദേശീയതയുടെ നിര്‍മാണത്തിലും പരിണാമത്തിലും സംഘപരിവാറിന് കാര്യമായ സംഭാവനകള്‍ ഒന്നും നല്‍കിയിട്ടില്ലായെന്ന് മാത്രമല്ല അതിനെതിരെയായിരുന്നു നിലകൊണ്ടിരുന്നത് എന്നാണ് ഇന്ത്യയുടെ സ്വാതന്ത്ര്യാനന്തരവും സ്വാതന്ത്ര്യപൂര്‍വവുമായ ചരിത്രം പരിശോധിക്കുമ്പോള്‍ വ്യക്തമാകുന്നത്. ഡെല്‍ഹി സര്‍വകലാശാലയിലെ അധ്യാപകനായിരുന്ന ഷംസുല്‍ ഇസ്ലാമിന്റെ ഈ ലേഖനം വെളിവാക്കുന്നത് സംഘപരിവാര്‍ വാദങ്ങളുടെ പൊള്ളത്തരങ്ങളുടെ ഒരു ചെറിയ ഭാഗം മാത്രമാണ്. ഈ ലേഖനമെഴുതുവാന്‍ അദ്ദേഹം അടിസ്ഥാനപ്പെടുത്തിയിരിക്കുന്ന രേഖകള്‍ എല്ലാം തന്നെ സംഘപരിവാര്‍ തങ്ങളെ പറ്റി എഴുതിയിരിക്കുന്ന എഴുത്തുകുത്തുകളാണ്. - പരിഭാഷകന്‍]

അവലംബങ്ങള്‍:

[i] Organizer, July 3, 1947.

[ii] Organizer, August 14, 1947.

[iii] Organizer, July 17, 1947.

[iv] Organizer, August 14, 1947.

[v] MS Golwalkar, Shri Guruji Samagar Darshan (collected works of Golwalkar in Hindi), Bhartiya Vichar Sadhna, Nagpur, nd., volume I, p. 98.

[vi] MS Golwalkar, Bunch of Thoughts, Sahitya Sindhu, Bangalore, 1996 [first edition 1966], pp. 237-238.

[vii] Organizer, July 31, 1947.

[viii] MS Golwalkar, Bunch of Thoughts, Sahitya Sindhu, Bangalore, 1996, p. 177.

[ix] MS Golwalkar, Bunch of Thoughts, Sahitya Sindhu, Bangalore, 1996, pp. 177-78.

[x] MS Golwalkar, Bunch of Thoughts, Sahitya Sindhu, Bangalore, 1996, p. 185.

[xi] MS Golwalkar, Bunch of Thoughts, Sahitya Sindhu, Bangalore, 1996, p. 193.

[xii] Organizer, September 25, 1947.

[xiii] M. S. Golwalkar, ‘From Delhi to Rampur Muslims are Conspiring’ Organizer, December 12, 1960.

[xiv] MS Golwalkar, Bunch of Thoughts, Sahitya Sindhu, Bangalore, 1996, p. 195.

[xv] Organizer, November 30, 1947.

[xvi] Shakha Darshikha, Gyan Ganga, Jaipur, 1997, p. 66.

[xvii] Shakha Darshikha, Gyan Ganga, Jaipur, 1997, p. 2

[xviii] MS Golwalkar, Shri Guruji Samagar Darshan (collected works of Golwalkar in Hindi), Bhartiya Vichar Sadhna, Nagpur, nd., Volume I, p. 11.

[xix] MS Golwalkar, Shri Guruji Samagar Darshan (collected works of Golwalkar in Hindi), Bhartiya Vichar Sadhna, Nagpur, nd., Volume 3, p. 128.

[xx] MS Golwalkar, Shri Guruji Samagar Darshan (collected works of Golwalkar in Hindi), Bhartiya Vichar Sadhna, Nagpur, nd., Volume 3, p. 70.

[xxi] MS Golwalkar, Bunch of Thoughts, Sahitya Sindhu, Bangalore, 1996 [first edition 1966], p. 227.

[xxii] Sadanand Damodar Sapre, Param Vaibhav Ke Path Par, Suruchi Prakashan, Delhi, 1997, p. 64.

[xxiii] Sadanand Damodar Sapre, Param Vaibhav Ke Path Par, Suruchi Prakashan, Delhi, 1997, p. 86.

[xxiv] Dr. Rajendra Prasad to Sardar Patel (March 14, 1948) cited in Neerja Singh (ed.), Nehru-Patel: Agreement Within Difference—Select Documents & Correspondences 1933-1950, NBT, Delhi, p. 43.

മൂലലേഖനം: http://www.countercurrents.org/2017/01/17/anti-national-rss-documentary-...