കൊല്ലം ലോകസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍

ഇന്നലെ വരെ കേന്ദ്രം ഭരിച്ചു കൊണ്ടിരുന്ന യു.പി.എ-യുടെ നവ-ഉദാരവല്‍കരണ നയങ്ങളെ നിശിതമായി വിമര്‍ശിച്ചു കൊണ്ടും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അഴിമതി-അഴിഞ്ഞാട്ടങ്ങളെ വസ്തുതാപരമായി ചോദ്യം ചെയ്തും ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട ശ്രീ. എന്‍.കെ. പ്രേമചന്ദ്രന്‍ ഇരുട്ടിവെളുത്തപ്പോള്‍ ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥിയായി മാറിയ പ്രത്യേകരാഷ്ട്രീയ സാഹചര്യത്തിലൂടെയാണ് കൊല്ലം ലോകസഭാ മണ്ഡലം തെരഞ്ഞെടുപ്പിലോട്ട് നീങ്ങുന്നത്. വലതുപക്ഷത്തിന്റെ ജനവിരുധനയങ്ങള്‍കെതിരെ ഘോരഘോരം പ്രസംഗിച്ചുകൊണ്ടിരുന്ന എന്‍.കെ. പ്രേമചന്ദ്രന്റെ സ്വരവും രൂപവും ജനമനസ്സുകളില്‍ എന്നും തങ്ങിനില്‍കുന്ന ഒന്നാണ് എന്നത് കൊണ്ടു തന്നെ, അദ്ദേഹം ഉയര്‍തിവിട്ട അലയൊലികള്‍ ഈ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് അനുകൂലമായി തീരാനുള്ള സാദ്ധ്യത തീരെയും തള്ളിക്കളയാനാവുകയില്ല. പക്ഷേ ഇതേ കാരണത്താല്‍ തന്നെ പരമ്പരാഗതമായി കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക് കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് ചെയ്തുകൊണ്ടിരുന്നവര്‍, യു.ഡി.എഫ് സ്ഥാനാര്‍ഥിയായ എന്‍.കെ പ്രേമചന്ദ്രന് വോട്ട് ചെയ്യുമോ എന്ന കാര്യവും കണ്ട് തന്നെ അറിയേണ്ടതുണ്ട്. ഇരവിപുരത്തെയും ചവറയിലെയും ആര്‍.എസ്.പി കൂടാരങ്ങളില്‍ നിന്ന് ഇടതുപക്ഷ ജനാധിപത്യ മുന്നണിയിലേക്ക് പരസ്യമായ കൂറുമാറ്റങ്ങളാണ് ഉണ്ടായി കൊണ്ടിരിക്കുന്നത്. രഹസ്യ ബാലറ്റില്‍ ഇനി എത്ര വോട്ട് കൂടി ഹൃദയപക്ഷത്തേക്ക് മറിയും എന്നത് തെളിയിക്കുവാനുള്ള ബാധ്യത തല്‍കാലം കാലത്തിന് വിട്ടു കൊടുക്കാം.

ഇടതുപക്ഷ ജനാധിപത്യമുന്നണിക്ക് ജില്ലയില്‍ എത്ര മാത്രം ശക്തിയുണ്ട് എന്ന് മനസ്സിലാക്കുവാന്‍ 2009-ലെ ലോകസഭാ തെരെഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ മിന്നുന്ന വിജയത്തില്‍ നിന്ന് 2010-ല്‍ നടന്ന പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ എത്തുമ്പോള്‍ എന്തായി എന്ന് മനസ്സിലാക്കിയാല്‍ മാത്രം മതി. 2010-ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കൊല്ലം ജില്ലയിലെ 1274 വാര്‍ഡുകളില്‍ 415 വാര്‍ഡുകളില്‍ സി.പി.ഐ.(എം)-ഉം, 190 എണ്ണത്തില്‍ സി.പി.ഐ-യും, 27 എണ്ണത്തില്‍ ആര്‍.എസ്.പി.-യും വിജയിക്കുകയുണ്ടായി. അതായത് ഇക്കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ കേരളത്തിലാകെ ഇടതുപക്ഷത്തിനെതിരെ കടുത്ത ഭരണവിരുധ വികാരം ഉണ്ടായിരുന്ന സമയത്ത് പോലും ആര്‍.എസ്.പി.-യുടെ ശക്തികേന്ദ്രം എന്ന് മാധ്യമ-മുത്തശ്ശിമാര്‍ വാഴ്ത്തുന്ന ചവറ ഗ്രാമപഞ്ചായത്തില്‍ സി.പി.ഐ.(എം) ആര്‍.എസ്.പി.-യേക്കാള്‍1 ശക്തമാണ് എന്നത് ശ്രദ്ധേയമാണ്. അസ്സംബ്ലി തിരഞ്ഞെടുപ്പുകളില്‍ കൊല്ലത്ത് എന്നും മേല്‍ക്കൈ ഇടത്പക്ഷത്തിന് തന്നെ ആയിരുന്നു. 2011ല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ നോക്കിയാല്‍ കൊല്ലത്തെ 11 അസ്സംബ്ലി നിയോജകമണ്ടലങ്ങളില്‍ 9 എണ്ണവും ജയിച്ചത് ഇടത് പക്ഷം ആണ്. ഇതില്‍ നിന്ന് ആര്‍.എസ്.പി വോട്ടുകള്‍ കുറച്ചാലും, രണ്ട് ആര്‍.എസ്.പി കളുടെ സംഘടിത ശക്തി കണക്കിലെടുത്താലും ഇടത് പക്ഷത്തിന് കൊല്ലത്ത് വ്യക്തമായ മുന്‍തൂക്കം ഉണ്ട്. ഇതൊക്കെ പറഞ്ഞാലും തിരഞ്ഞെടുപ്പുകള്‍ പാര്‍ട്ടി ബലത്തിന്റെ കണക്കിലെ കളികള്‍ അല്ല എന്ന വസ്തുത ഒരിക്കലും മറന്ന് കൂട. തിരഞ്ഞെടുപ്പുകളില്‍ പ്രാദേശിക വിഷയങ്ങളും, വ്യക്തി പ്രഭാവങ്ങളും, സാമുദായിക അടിയൊഴുക്കളും എല്ലാം തന്നെ നിര്‍ണ്ണായകം ആകാറുണ്ട്.

കെ.എം.എം.എലും കരിമണല്‍ ഖനനവും തന്നെ ആണ് ചവറയിലെ പ്രധാന തെരെഞ്ഞെടുപ്പ് വിഷയം. പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയമനനിരോധനവും യു.ഡി.എഫ് സര്‍കാരിലെ തന്നെ ചില തല്പരകക്ഷികളുടെ ഇടപെടലുകളും കെ.എം.എം.എല്ലിനെ പ്രതിസന്ധിയിലേക്ക് നയിച്ചിരിക്കുകയാണ്. ആര്‍.എസ്.പിയുടെ തൊഴിലാളി സംഘടനയായ യു.ടി.യു.സി-ക്ക് നല്ല പ്രാതിനിധ്യം ഉള്ള സ്ഥാപനമാണ് കെ.എം.എം.എല്‍. കെ.എം.എം.എലിലെ പിന്‍വാതില്‍ നിയമനങ്ങളെ എതിര്‍ത്ത യു.ടി.യു.സി തങ്ങളുടെ വര്‍ഗ താല്പര്യങ്ങളെ വിസ്മരിച്ച് യു.ഡി.എഫി-ലേക്ക് ചേക്കേറിയ ആര്‍.എസ്.പി-യുടെ കൂടെ നില്‍കുമോ എന്നത് കാണേണ്ടിയിരിക്കുന്നു. കരിമണല്‍ ഖനനത്തിന്റെ പാരിസ്ഥിതിക പ്രശ്നങ്ങള്‍ നേരിടുന്ന മേഖലയാണ് ചവറ. ഖനനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത് കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളായതിനാലും സ്വകാര്യ സ്ഥാപങ്ങള്‍ക്ക് ഖനാനുമതി നേടി കൊടുക്കാന്‍ പിന്‍വാതില്‍ കളികള്‍ നടക്കുന്നതിനാലും യു.ഡി.എഫിന്റെ ഉപജാപങ്ങള്‍ക്ക് അതീതമായി മേഖലയിലെ ജനതയുടെ താല്പര്യങ്ങളെ സംരക്ഷിക്കുന്ന ഒരു ലോകസഭാ സ്ഥാനാര്‍ത്ഥിയെ ആണ് കോല്ലത്തിന് ആവശ്യം.

കരുനാഗപ്പള്ളി താലൂക്കും, കൊല്ലം താലൂക്കും തീരമേഖലാ പ്രദേശങ്ങള്‍ ആണ് എന്നതിനാല്‍തന്നെ മത്സ്യബന്ധനവും മത്സ്യത്തൊഴിലാളികളുടെ ദൈനംദിന പ്രശ്നങ്ങളും ഇവിടെ തെരെഞ്ഞെടുപ്പ് വിഷയങ്ങള്‍ ആണ്. മത്സ്യത്തൊഴിലാളി പെന്‍ഷന്‍ മുടങ്ങിയതും, ഇറ്റാലിയന്‍ നാവികര്‍ കടല്‍ക്കൊല നടത്തിയ സംഭവമെല്ലാം വിഷയങ്ങളാണ്. മത്സ്യത്തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയില്‍ തുടങ്ങാന്‍ ഉദ്ദേശിക്കുന്ന ഗ്യാസ് ടെര്‍മിനലോടുള്ള എതിര്‍പ്പും ഇവിടെ തിരഞ്ഞെടുപ്പിനെ ബാധിക്കും. ഈ മേഖല എം.എ. ബേബിക്കും എല്‍.ഡി.എഫിനും നല്ല ജനപിന്തുണ ഉള്ള ഒരു മേഖല കൂടി ആണ്. പാര്‍വതി മില്‍സ്, മീറ്റര്‍ കമ്പനി മുതലായ പൂട്ടിക്കിടക്കുന്ന കമ്പനികളുടെ ഒരു നീണ്ട നിര തന്നെ ഉണ്ട് കൊല്ലത്ത്. കഴിഞ്ഞ ഇടതുപക്ഷ സര്‍കാരിന്റെ മികച്ച സാമ്പത്തിക-വ്യവസായിക നയങ്ങള്‍ ഇടതുപക്ഷം തെരെഞ്ഞെടുപ്പില്‍ ഉയര്‍തിക്കാട്ടുന്നതും സഖാവു് എം.എ. ബേബിക്ക് അനുകൂലമാകും എന്നാണ് പൊതുവെ ഉള്ള വിലയിരുത്തല്‍. കൊല്ലത്ത് തകര്‍ച നേരിട്ടു കൊണ്ടിരിക്കുന്ന കശുവണ്ടി വ്യവസായം ആണ് മറ്റൊരു പ്രധാന തെരെഞ്ഞെടുപ്പ് വിഷയം. പരമ്പരാഗതമായി ഇടതുപക്ഷ ശക്തികള്‍ക്ക് നല്ല വേരോട്ടമുള്ള ഒരു ജനവിഭാഗം ആണ് കശുവണ്ടിത്തൊഴിലാളികള്‍. ആര്‍.എസ്.പി-യുടെ രാഷ്ട്രീയം തത്വത്തില്‍ തീവ്രഇടതുപക്ഷമാണെന്ന മറവില്‍ ഇവരോട് വോട്ടഭ്യര്‍ഥനയുമായി ഇറങ്ങിയ യു.ഡി.എഫ്. സ്ഥാനാര്‍ത്ഥിയുടെ അനുഭവങ്ങള്‍ എന്തായലും അദ്ദേഹത്തിന് ആശാവഹം അല്ല. ആര്‍.എസ്.പി-യുടെ പുതിയ രാഷ്ട്രീയപരിണാമത്തിനെക്കുറിച്ചുള്ള കശുവണ്ടിത്തൊഴിലാളികളുടെ ചോദ്യങ്ങളുടെ മുന്നില്‍ സദാ വസ്തുതാപരമായി ഉത്തരങ്ങള്‍ നല്‍കിയിരുന്ന എന്‍.കെ. പ്രേമചന്ദ്രന്‍ പതറുന്ന ദൃശ്യം ആണ് കൊല്ലത്ത് കണ്ടത്. സഖാവ് എന്‍.കെ പ്രേമചന്ദ്രനില്‍ നിന്ന് പ്രേമചന്ദ്രന്‍ സാറിലോട്ടുള്ള രാഷ്ട്രീയ പരിണാമം കൊല്ലത്തെ തൊഴിലാളിവര്‍ഗ്ഗം അംഗീകരിക്കുന്നില്ല എന്നു വേണം മനസ്സിലാക്കാന്‍.

xdfdfd

സ: എം.എ. ബേബിയുടെ തട്ടകമായ കുണ്ടറയിലെ ഒരു പ്രധാന വിഷയം കഴിഞ്ഞ ഇടതുപക്ഷ സര്‍ക്കാരിന്റെ കാലത്ത് തുടങ്ങിയ കുണ്ടറ ടെക്നൊപാര്‍ക്ക് ആണ്. കൊല്ലത്തെ തന്നെ യുവജനങ്ങളുടെ പ്രതീക്ഷ ആയിരുന്ന ഈ സ്ഥാപനം ഇന്ന് തികഞ്ഞ അവഗണനയിലാണ്, യു.ഡി.എഫ്. സര്‍കാരിന്റെ കീഴില്‍. ഈ സ്ഥാപനം കുണ്ടറയില്‍ കൊണ്ട് വരാന്‍ വേണ്ടി ഏറെ പ്രയത്നിച്ച വ്യകതി ആണ് സ: എം..ബേബി. കൊല്ലം ലോകസഭാ മണ്ഡലത്തിന്റെ കിഴക്കുള്ള പുനലൂര്‍ പ്രദേശം നേരിടുന്ന പ്രധാന പ്രശ്നം യാത്രാക്ലേശം ആണ്. മീറ്റര്‍ ഗേജില്‍ നിന്ന് ബ്രോഡ് ഗേജിലേക്ക് മാറ്റി കൊണ്ടിരിക്കുന്ന കൊല്ലം-ചെങ്കോട്ട റെയില്‍വേ ലൈന്‍ ഇന്ന് പുനലൂര്‍ വരെ സഞ്ചാരയോഗ്യം ആണ്. ഈ വഴിയുള്ള റെയില്‍പാതാ വികസനത്തിന് അധികൃതരില്‍ നിന്ന് നേരിടുന്ന അവഗണനയും, അതു പുനലൂരിലെ സാധാരണക്കാര്‍ക്ക് ഉണ്ടാക്കുന്ന യാത്രാക്ലേശങ്ങളും ചെറുതല്ല. സ്വകാര്യ ബസ്സുടമകളെ സഹായിക്കാന്‍ വേണ്ടി ആണ് ഈ അനാസ്ഥ എന്ന് പരക്കെ ആക്ഷേപം ഉണ്ട്. കൊല്ലത്തിന്റെ റെയില്‍ വികസനത്തിന് വേണ്ടി വാദിക്കാന്‍ ശക്തമായ ഒരു സ്വരം ലോകസഭയില്‍ അനിവാര്യം ആണ്.

പ്രാദേശികമായ ഈ വിഷയങ്ങള്‍ക്കപ്പുറം യു.പി.എ സര്‍ക്കാരിന്റെ കീഴില്‍ നടന്ന അഴിമതി, വിലകയറ്റം, യുവജനവഞ്ചന എന്നിവയ്ക്കെതിരെയും ഫാസിസ്റ്റ് വിരുദ്ധമായ ഒരു ബദല്‍ കെട്ടി പടുക്കുവാന്‍ വേണ്ടിയും ആണ് ഇടത്പക്ഷം വോട്ട് ചോദിക്കുനത്. ഇന്ത്യയില്‍ ഈ ലോകസഭാ തെരെഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സി.പി.ഐ (എം) ഏക പി.ബി. അംഗം കൂടി ആണ് സ: എം.എ. ബേബി. സോളാര്‍ കുംഭകോണവും അഴിമതിയില്‍ മുങ്ങിയ ഉമ്മന്‍ചാണ്ടി ഭരണവും ജനവികാരം യു.ഡി.എഫ് ഭരണത്തിനെത്തിരെ തിരിച്ചിട്ടുണ്ട്. അതു കൊണ്ടാകാം ശ്രീ എന്‍.കെ.പ്രേമചന്ദ്രനെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ആക്കാന്‍ കോണ്‍ഗ്രസ്സിന് രണ്ടാമതൊന്ന് ചിന്തിക്കേണ്ടി വരാതിരുന്നത്. കച്ചവടത്തില്‍ നഷ്ടം ശ്രീ എന്‍.കെ.പ്രേമചന്ദ്രന് തന്നെ ആണ്. ആര്‍.എസ്.പി യുടെ യൂ.ഡി.ഫ് പ്രവേശനം യൂ.ഡി.ഫിലും പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നുണ്ട്. ശ്രീ പീതാമ്പര കുറുപ്പ് വിവാദങ്ങളില്‍ കുടുങ്ങിയപ്പോള്‍ കൊല്ലം ലോകസഭാ സീറ്റിനു വേണ്ടി ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ശ്രീ ആര്‍. ചന്ദ്രശേഖരന്‍ അവകാശവാദം ഉന്നയിച്ചിരുന്നു. ശ്രീ എന്‍.കെ.പ്രേമചന്ദ്രനെ യൂ.ഡി.എഫ് സ്ഥാനാര്‍ത്ഥി ആക്കുന്നതിനെതിരെ കോണ്‍ഗ്രസ്സ് ഹൈ കമ്മാന്‍ഡിനോടും അദ്ദേഹം പരാതിപ്പെട്ടിരുന്നു. ഇരവിപുരം നിയമസഭാ മണ്ടലം ആകട്ടെ മലബാറിനു പുറത്ത് മുസ്ലീം ലീഗിന് വേരോട്ടമുള്ള ചുരുക്കം മണ്ടലങ്ങളില്‍ ഒന്നാണ്. അവിടെ മുസ്ലീം ലീഗിനേയും ആര്‍.എസ്.പി യേയും എങ്ങനെ യൂ.ഡി.ഫ് അനുനയിപ്പിക്കും എന്ന് കണ്ടറിയേണ്ടി ഇരിക്കുന്നു.

ചിറകരിഞ്ഞു വീഴ്ത്തിയ ആര്‍.എസ്.പിയിലെ ഫീനിക്സ് പക്ഷിയെപ്പോലെ ഉയര്‍ത്തെഴുന്നേറ്റത്താണ് എന്‍.കെ. പ്രേമചന്ദ്രന്‍ എന്നും ദേശീയ തലത്തില്‍ ഇടതുപക്ഷം തകര്‍ന്ന് തരിപ്പണം ആയി എന്നുമൊക്കെയാണ് യു,ഡി.എഫ് സ്ഥാനാര്‍ഥിയുടെ തെരെഞ്ഞെടുപ്പ് പ്രചരണാര്‍ഥം യു.ഡി.എഫിന്റെ കൊല്ലം ലോകസഭാ മണ്ഡലം കമ്മിറ്റി ഇറക്കിയ ലഘുലേഖയില്‍ അവകാശപ്പെടുന്നത്. കൊല്ലത്തെ പഴയ ഒരു ആര്‍.എസ്.പി-കാരന്‍ കൂടെ ആയ അഡ്വ: കടവൂര്‍ ശിവദാസന്‍ ആണ് ഈ ലഘുലേഖ പുറപ്പെടുവിച്ച യു.ഡി.എഫിന്റെ കൊല്ലം ലോകസഭാ മണ്ഡലം ചെയര്‍മാന്‍ . 1991ല്‍ ആര്‍.എസ്.പിയുടെ പാര്‍ടി പാരമ്പര്യം പിന്തുടര്‍ന്ന് അദ്ദേഹം കോണ്‍ഗ്രസ്സായി . പാര്‍ടി പാരമ്പര്യം എന്നത് തമാശയ്ക്ക് പറഞ്ഞതല്ല. 1953-ല്‍ ആര്‍.എസ്.പി.യുടെ സ്ഥാപക നേതാവും ജനറല്‍ സെക്രടറിയുമായ ശ്രീ ജോഗേഷ് ചന്ദ്ര ചാറ്റര്‍ജി അവസാനം എത്തിപ്പെട്ടത് കോണ്‍ഗ്രസിലാണ്. അതായത് ഇന്നത്തെ തലമുറയിലെ ബാബു ദിവാകരന്റെ പരമ്പരയിലെ ആദ്യ കണ്ണി. അതൊക്കെ വച്ച് നോക്കുമ്പോള്‍ ഇന്നത്തെ രാഷ്ട്രീയ മലക്കംമറിച്ചില്‍ ഒന്നും തന്നെ അല്ല എന്ന് തന്നെ മനസ്സിലാക്കാം. ആര്‍.എസ്.പിയിലെ പ്രശ്നം ആശയപരമല്ല, പക്ഷെ ആമാശയപരം ആണ്. എന്തായാലും ശ്രീ എന്‍.കെ.പ്രേമചന്ദ്രന് ഇത് ഒരു ജീവന്‍-മരണ പോരാട്ടം ആണ്. ആര്‍.എസ്.പി-യിലെ ഒരു വിഭാഗം കാലു വാരിയത് കാരണം ആണ് അദ്ദേഹം കഴിഞ്ഞ നിയമസഭാ ഇലക്ഷന് തോറ്റത് എന്ന് കൊല്ലത്ത് ഒരു അഭ്യൂഹം കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിന് പടര്‍ന്നിരുന്നു. ഇനി മറ്റൊരു തോല്‍വി എന്‍.കെ.പ്രേമചന്ദ്രന്‍ എന്ന നേതാവിന്റെ രാഷ്ട്രീയ ഭാവിയ്ക്ക് ഒട്ടും ഭൂഷണമാകില്ല എന്നുറപ്പ്. എല്‍.ഡി.ഫ്, യൂ.ഡി.ഫ് സ്ഥാനാര്‍ത്ഥികളെ കൂടാതെ ഇടത്പക്ഷ ഐക്യ മുന്നണിയിലെ ശ്രീ കെ.ഭാസ്കരനും, ബി.എസ്.പിയുടെ ശ്രീ എസ്. പ്രഹളാദനും, ബി.ജെ.പിയുടെ ശ്രീ പി.വേലായുധനും, അനേകം സ്വതന്ത്രരും, അതില്‍ അപരന്‍മാരും രംഗത്തുണ്ട്. രാജ്യം നേരിടുന്ന ഫാസിസറ്റ് ഭീഷണിയെ ചെറുത്ത്തോല്‍പ്പിക്കാന്‍ ചതുരവടിവിലെ മൃദുഭാഷണമൊ, പ്രാദേശികമായ ഒത്തുത്തീര്‍പ്പുകളൊ, അരാഷ്ട്രീയ വികസന വാഗ്ദാനങ്ങളോ മതിയാക്കില്ല എന്ന് കൊല്ലത്തെ പ്രബുദ്ധമായ ജനത തിരിച്ചറിയും എന്നു തന്നെ പ്രതീക്ഷിക്കാം.