ഏതന്‍സ് യുവര്‍ ഓണര്‍.

'എമര്‍ജിങ്ങ് കേരളത്തിലെ' മനുഷ്യാവകാശ സംരക്ഷകന്‍ (ബഹു.) ജസ്റ്റിസ് ജെ.ബി. കോശി ഹര്‍ത്താല്‍ നടത്തുന്നവരെ കൈകാര്യം ചെയ്യണമെന്ന് ആഹ്വാനം ചെയ്യുമ്പോള്‍ ഗ്രീസില്‍ നിന്നുള്ള ചൂടുവാര്‍ത്ത ഇങ്ങനെയാണ്: ഗ്രീസിലെ ജഡ്ജിമാരും കോടതിത്തൊഴിലാളികളും അഞ്ചു ദിവസത്തെ പണിമുടക്ക് സമരം തുടങ്ങിയിരിക്കുന്നു. യൂറോ സാമ്പത്തികപ്രതിസന്ധി ഏറ്റവും തീക്ഷണമായി ബാധിച്ചിരിക്കുന്നതു ഗ്രീസിനെയാണെന്ന് നമ്മള്‍ക്കെല്ലാം അറിയാം. (മറ്റൊരു തരത്തില്‍ പറയുകയാണെങ്കില്‍ ഉമ്മന്‍ ചാണ്ടിയും അദ്ദേഹത്തിന്റെ പാര്‍ടിക്കാരും ഇന്ത്യയിലേക്കും കേരളത്തിലേക്കും മാടി വിളിക്കുന്ന തരത്തിലുള്ള വികസനം എത്തിയിട്ട് വര്‍ഷങ്ങളായ ഗ്രീസില്‍). ഈ പ്രതിസന്ധിയുടെ തിക്തഫലങ്ങളനുഭവിക്കുന്നതോ, തൊഴിലെടുത്തു ജീവിക്കുന്ന സാധാരണക്കാരായ ജനങ്ങളും. ശമ്പളം വെട്ടിക്കുറക്കല്‍, പെന്‍ഷന്‍ പരിഷ്കരണം, പൊതുരംഗത്തെ ചെലവുചുരുക്കല്‍ തുടങ്ങിയവ ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് സാധാരണക്കാരെയാണ്. ഇപ്പോള്‍ സമരത്തിനാഹ്വാനം ചെയ്ത ജഡ്ജിമാരുടെ കാര്യം തന്നെ നോക്കാം. 2010-ല്‍ തന്നെ അവരുടെ ശമ്പളം നാല്പത് ശതമാനം വെട്ടിക്കുറച്ചിരുന്നു. ഇപ്പോള്‍ വീണ്ടും 12 ബില്ല്യണ്‍ യൂറോയുടെ ചെലവുചുരുക്കല്‍ പാക്കേജിന്റെ ഭാഗമായി ജഡ്ജിമാരുടെയും കോടതിത്തൊഴിലാളികളുടെയും ശമ്പളം വീണ്ടും കുറഞ്ഞേക്കാം. അങ്ങനെയാണ് അവര്‍ പണിമുടക്കുസമരത്തിലിറങ്ങിയിരിക്കുന്നത്.

xdfdfd
ഗ്രീസിലെ ജഡ്ജിമാരുടെയും പബ്ലിക്ക് പ്രോസിക്ക്യൂട്ടര്‍മാരുടെയും സമരം

സ്വന്തം ജീവിതം വഴിമുട്ടിയപ്പോള്‍ സമരം ചെയ്യാന്‍ തെരുവിലിറങ്ങിയ ഗ്രീസിലെ മജിസ്ട്രേറ്റുകളോടു ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചിട്ട് കൈ താഴ്ത്താന്‍ വരട്ടെ. ഇവിടെ നമ്മള്‍ ചോദിക്കേണ്ട ചില ചോദ്യങ്ങളുണ്ട്. പഠിക്കേണ്ട ചില പാഠങ്ങളുണ്ട്. ജീവിക്കുവാനുള്ള അവകാശങ്ങള്‍ക്ക് വേണ്ടി തെരുവിലിറങ്ങിയാല്‍, അനീതികള്‍ക്കെതിരെ സമരം ചെയ്താല്‍, ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ വഴിയോര യോഗം കൂടിയാ എല്ലാം തകര്‍ന്നു തരിപ്പണമാകും എന്നു വിലപിക്കുന്ന കേരളത്തിലെ (ബഹു.) ജഡ്ജിപുംഗവന്‍മാരും (പുംഗവന്‍, നോട്ട് ശുംഭന്‍. പ്ലീസ് നോട്ട്), വികസനോന്മുഖരും ഇതില്‍ നിന്നു പാഠം പഠിക്കുമോ എന്നറിയില്ല. പക്ഷെ നമ്മളെല്ലാം ജീവിക്കുന്ന ഈ ലോകത്തിന്റെ നാളെയെക്കുറിച്ചു ആശങ്കപ്പെടുന്ന ആര്‍ക്കും അങ്ങനെ കൈയൊഴിയാന്‍ കഴിയില്ലല്ലോ.

ഗ്രീസിലെ ജഡ്ജിമാരെയും, അമേരിക്കയിലെ അധ്യാപകരെയും, ആഫ്രിക്കയിലെ ഖനിത്തൊഴിലാളിയെയും, മനേസാറിലെ കാര്‍ ഫാക്ടറിത്തൊഴിലാളിയെയും, കാസര്‍കോട്ടെ ചുമട്ടുതൊഴിലാളിയെയും, തിരുവനന്തപുരത്തെ സര്‍ക്കാര്‍ ജീവനക്കാരെയും ഒരേ ചരടില്‍ കോര്‍ക്കാന്‍ നമ്മെ പഠിപ്പിക്കുന്നതു ഇത്തരം സമരങ്ങളാണ്. ആ ചരട് തൊഴിലാളിവര്‍ഗം എന്ന സംജ്ഞയാണ്. ഇവരെല്ലാവരും, മനസ്സും ശരീരവും അര്‍പ്പിച്ചു ചെയ്യുന്ന അധ്വാനം വിറ്റു കിട്ടുന്ന കാശു കൊടുത്താണ് തങ്ങള്‍ക്കും തങ്ങളുടെ മക്കള്‍ക്കും കഴിക്കാനുള്ള ഭക്ഷണം വാങ്ങുന്നത്. അല്പം ആലങ്കാരികമായി പറഞ്ഞാല്‍ പണിയെടുത്തു കിട്ടിയ കാശു കൊടുത്തു വാങ്ങുന്ന അരിയാണു തൊഴിലാളി വര്‍ഗബോധത്തിന്റെ അടിസ്ഥാനം. മറ്റെല്ലാ സ്വത്വങ്ങള്‍ക്കും അന്യമായ ഈ സാര്‍വജനീനത്വവും സാര്‍വലൗകികത്വവും തന്നെയാണ് തൊഴിലാളിവര്‍ഗം എന്ന സ്വത്വത്തിന്റെ ഏറ്റവും വലിയ സവിശേഷത. ഇക്കാരണങ്ങള്‍ കൊണ്ടു തന്നെ ലോകത്തിലെ വിവിധ വലതുഭരണകൂടങ്ങള്‍ നടപ്പിലാക്കുന്ന നവഉദാരവല്‍ക്കരണ പരിഷ്കരണങ്ങളുടെ തിക്തഫലങ്ങള്‍ കൂടുതലായും അനുഭവിക്കുന്നത്, തങ്ങളുടെ അധ്വാനം മാത്രം വിറ്റു ജീവിക്കുന്ന സാധാരണക്കാരാണ്.

മുതലാളിത്തത്തില്‍ അധിഷ്ഠിതമായ ഇന്നത്തെ ലോകക്രമത്തില്‍, സാമൂഹികപരിവര്‍ത്തനം സാധ്യമാക്കാന്‍ ശേഷിയുള്ള ശക്തിമത്തായ മാനവികകൂട്ടായ്മ എങ്ങനെ പടുത്തുയുര്‍ത്താം എന്ന ചോദ്യത്തിന്റെ ഒരു ഉത്തരമാണ് ഇവിടെ അനാവൃതമാകുന്നത്. അതു തിരിച്ചറിഞ്ഞിട്ടു തന്നെയാകണം, ഒരു പക്ഷെ, മുതലാളിത്തത്തില്‍ അധിഷ്ഠിതമായ സമൂഹത്തെ, 'ചരിത്രത്തിന്റെ അന്ത്യം' എന്നു വിശേഷിപ്പിക്കുന്ന, ഭാഷാ-ലിംഗ-ജാതി-വര്‍ണാടിസ്ഥാനത്തിലുള്ള അനേകമനേകം സംഘടിതരൂപങ്ങളെ ഒളിഞ്ഞും തെളിഞ്ഞും സഹായിക്കുന്ന , അതിന്റെ പ്രയോക്താക്കള്‍, തൊഴിലാളിവര്‍ഗസം‌ഘടനകളെ എന്നും അടിച്ചമര്‍ത്തിക്കൊണ്ടിരിക്കുന്നത്. ലോകമെമ്പൊടും 'ധര്‍മ്മസംസ്ഥാപനത്തിനായിട്ട്' ഇറങ്ങിപ്പുറപ്പെടുന്ന മൂലധനശക്തികളുടെ ലക്ഷ്യം, സമാധാനത്തില്‍ അധിഷ്ഠിതമായ ജനാധിപത്യനിര്‍മ്മിതിയല്ലെന്നും, മറിച്ച് തൊഴിലാളിവര്‍ഗ താല്പര്യങ്ങളെ നിര്‍മാജ്ജനം ചെയ്തുകൊണ്ടുള്ള അധികാരവ്യാപനം മാത്രമാണ് എന്നതിനുമുള്ള തെളിവുകളാണ്, ചിലിയിലെ സ്വേച്ഛാധിപതിയായിരുന്ന പിനോഷെയുമായിട്ടുള്ള അവിശുദ്ധ കൂട്ടുകെട്ട് മുതല്‍ ഇങ്ങ് ഇറാഖിലെ ഇടപെടല്‍ വരെയുള്ള നിലപാടുകളിലെ വൈരുദ്ധ്യങ്ങള്‍ വിളിച്ചു പറയുന്നത്. ലോകമെമ്പൊടും - ഇന്ത്യയിലും കേരളത്തിലും പോലും - മൂലധനദാസന്മാരായ വലതുപക്ഷപാര്‍ടികള്‍ നടപ്പിലാക്കുന്ന നവഉദാരവല്‍ക്കരണ പരിഷ്കാരങ്ങളുടെ (സമര്‍ത്ഥമായി ഒളിപ്പിക്കപ്പെട്ട) ദൂരവ്യാപകങ്ങളായ ദോഷങ്ങളെ സംബന്ധിച്ചു ബോധവല്‍ക്കരണപരിപാടികള്‍ നടത്തേണ്ടതും, നമ്മുടെ സാമൂഹിക പരിഷ്കരണങ്ങളെയെല്ലാം പിറകോട്ടു നടത്താനുള്ള ശ്രമങ്ങളെ ജനങ്ങളുടെ സംഘടിതമായ ശക്തിയിലൂടെ ചെറുത്തു തോല്പിക്കുകയും വേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്.