വലതുപക്ഷ ഉപദേശികളെ സൂക്ഷിക്കേണ്ടതെന്തുകൊണ്ട്? ഏഴു ചോദ്യങ്ങളും ഉത്തരങ്ങളും

കേരള മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്‌ടാവായി ഹാർവാർഡ് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസർ ഗീതാ ഗോപിനാഥിനെ നിയമിച്ചുകൊണ്ടുള്ള തീരുമാനം വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തിൽ ഉയർന്നു വന്നിരിക്കുന്ന ഏതാനും ചോദ്യങ്ങൾക്ക് മറുപടി പറയുകയാണിവിടെ.

1. ഗീതാ ഗോപിനാഥ് വലതുപക്ഷക്കാരിയാണോ? അവരുടെ നിലപാടുകൾ ഇടതുപക്ഷം ഉയർത്തിപ്പിടിക്കുന്ന നിലപാടുകളുമായി ചേർന്നു പോകുന്നവയാണോ?

ഗീതാ ഗോപിനാഥ് ഒരു തീവ്ര വലതുപക്ഷ, നവലിബറൽ സാമ്പത്തികശാസ്ത്രജ്ഞയാണ് എന്ന കാര്യത്തിൽ സംശയമേതുമില്ല. കേന്ദ്രം ഭരിക്കുന്ന മോദി സർക്കാർ ഇനിയും വലത്തോട്ടു നീങ്ങണം എന്നാണ് അവർ പറയുന്നത്. ഉദാഹരണത്തിന്, സ്വകാര്യ പദ്ധതികൾക്കായും മറ്റും കർഷകർ മുതലായ ഭൂവുടമസ്ഥരുടെ സമ്മതം കൂടാതെ നിർബാധം ഭൂമി ഏറ്റെടുക്കൽ (അഥവാ ഭൂമി പിടിച്ചെടുക്കൽ) സാധ്യമാക്കുന്ന നിയമം പാസ്സാക്കണം എന്നാണ് ഗീതാ ഗോപിനാഥ് പറയുന്നത്. ഈ നിയമം പാസ്സാക്കാനുള്ള ശ്രമം മോദി സർക്കാർ നടത്തിയപ്പോൾ ഇടതുപക്ഷത്തിന്റെയും കർഷകസംഘത്തിന്റെയും നേതൃത്വത്തിൽ നടത്തിയ വമ്പിച്ച പ്രക്ഷോഭത്തിലൂടെ ഇന്ത്യയിലെ കർഷകർ ആ ശ്രമം ചെറുത്തുതോൽപ്പിക്കുകയുണ്ടായി. എന്നാൽ ഇപ്പോഴും ഗീതാ ഗോപിനാഥ് പറയുന്നത് ഈ നിയമം നിർബന്ധമായും സർക്കാർ കൊണ്ടുവരണമെന്നാണ്. നവംബർ 2014-ന് എൻ.ഡി.ടി.വി.ക്ക് കൊടുത്ത അഭിമുഖത്തിലും 2015-ലെ കേന്ദ്ര ബജറ്റിനെപ്പറ്റി പ്രൊജക്റ്റ് സിൻഡിക്കേറ്റ് വെബ്സൈറ്റിൽ എഴുതിയ ലേഖനത്തിലും ഡിസംബർ 2015-ന് സി.എൻ.ബി.സി.- ടി.വി.18-നുമായുള്ള അഭിമുഖത്തിലുമൊക്കെ അവർ ഈ നിലപാട് ആവർത്തിക്കുന്നുണ്ട്.

തന്റെ ലേഖനങ്ങളിലും അഭിമുഖങ്ങളിലുമായി ഗീതാ ഗോപിനാഥ് നിരത്തി വയ്‌ക്കുന്ന മറ്റു ചില വാദഗതികൾ കൂടി പരിശോധിക്കുമ്പോൾ ഇടതുപക്ഷം മുന്നോട്ടു വയ്‌ക്കുന്ന നിലപാടുകളും അവരുടെ നിലപാടുകളും തമ്മിലുള്ള അജഗജാന്തരം ബോധ്യമാകും.

തൊഴിലാളികൾക്ക് നിയമപരിരക്ഷകൾ ഇല്ലാതാക്കുന്ന "പരിഷ്‌കാരങ്ങൾ" കൊണ്ടുവരണം എന്നാണ് ഗീതാ ഗോപിനാഥ് ആവശ്യപ്പെടുന്നത്. തൊഴിൽ നിയമങ്ങൾ ദുർബലപ്പെടുത്തി തൊഴിലുടമകൾക്ക് തൊഴിലാളികളെ യാതൊരു നിയന്ത്രണങ്ങളുമില്ലാതെ പിരിച്ചുവിടാനുള്ള “അവകാശം” കൊടുക്കാനും, തൊഴിലാളികൾ യൂണിയനുകൾ രൂപീകരിക്കുന്നത് തടയാൻ നിയമനിർമ്മാണം നടത്താനും ഒക്കെയുള്ള ശ്രമങ്ങളെയാണ് ഗീതാ ഗോപിനാഥ് ഉൾപ്പെടെയുള്ള വലതുപക്ഷക്കാർ “പരിഷ്‌കാരം" എന്നു വിശേഷിപ്പിക്കുന്നത്.

എന്നാൽ നീണ്ട സമരങ്ങളിലൂടെ തൊഴിലാളികൾ നേടിയെടുത്ത അവകാശങ്ങൾ കവർന്നെടുക്കുന്ന ഈ “പ്രാകൃതവൽക്കരണത്തെ” ഇടതുപക്ഷവും തൊഴിലാളി സംഘടനകളും ശക്തിയുക്തം എതിർക്കുന്നു.

ഏതൊരു നവലിബറലിനെയും പോലെ, സർക്കാർ നിക്ഷേപമിറക്കി ചെലവു ചെയ്യുന്നത് നല്ലതല്ല, പകരം സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിച്ചാൽ മാത്രം മതി എന്നാണ് ഗീതാ ഗോപിനാഥിന്റെ അഭിപ്രായം. സ്വാഭാവികമായും പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കണം എന്നതാണ് അവരുടെ നിലപാട്. നേർവിപരീതമാണ് ഇടതുനിലപാട് – സർക്കാർ മുതൽമുടക്കി സമ്പദ്‌വ്യവസ്ഥയെ പരിപോഷിപ്പിക്കണമെന്നും ജനക്ഷേമപദ്ധതികൾക്ക് പണം നീക്കിവയ്‌ക്കണമെന്നും ഇടതുപക്ഷം പറയുന്നു. പൊതുമേഖലയെ ശക്തിപ്പെടുത്തണം, കൂടുതൽ പൊതുമേഖലാ സ്ഥാപനങ്ങളുണ്ടാവണം എന്നും ഇടതുപക്ഷം ആവശ്യപ്പെടുന്നു. കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാരിന്റെ കാലത്ത്, അതുവരെ നഷ്ടത്തിലായിരുന്ന പൊതുമേഖലാ വ്യവസായങ്ങൾ ലാഭത്തിലാക്കി പൊതുമേഖല കാര്യക്ഷമമായി പ്രവർത്തിപ്പിക്കാം എന്നു തെളിയിച്ചിരുന്നു. പിന്നീട് വന്ന യു.ഡി.എഫ്. സർക്കാർ ഈ പൊതുമേഖലാ സ്ഥാപനങ്ങളെ വീണ്ടും നഷ്ടത്തിലാക്കി. പൊതുമേഖലയെ പുനരുദ്ധരിക്കുകയും ഉത്പാദനശേഷി വർദ്ധിപ്പിച്ച് വിപുലീകരിക്കുകയും ചെയ്യും എന്നാണ് എൽ.ഡി.എഫ്. 2016-ലെ തെരഞ്ഞെടുപ്പു പ്രകടനപത്രികയിൽ പറയുന്നത്. സർക്കാർ "ആവശ്യത്തിലധികം" ചെലവുചെയ്‌തതുകൊണ്ടാണ് ഇന്ത്യയിൽ നാണ്യപ്പെരുപ്പം ഉണ്ടായത് എന്നാണ് ഗീതാ ഗോപിനാഥിന്റെ അവകാശവാദം. പെട്രോളിയം വില നിയന്ത്രണം എടുത്തുകളഞ്ഞതും ഉത്പാദന-വിതരണ രംഗങ്ങളിൽ കുത്തകകളുടെ സ്വാധീനം വർദ്ധിച്ചതുമാണ് വിലക്കയറ്റത്തിനു കാരണം എന്ന കാര്യം നിരവധി സാമ്പത്തിക വിദഗ്ദ്ധർ തെളിവുസഹിതം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. എന്നിട്ടും വലതുപക്ഷ സാമ്പത്തിക ശാസ്ത്രജ്ഞർ ഒഴികെ മറ്റെല്ലാവർക്കും തെറ്റ് എന്ന് ബോധ്യപ്പെട്ട വാദഗതികൾ ആവർത്തിക്കുകയാണ് ഗീതാ ഗോപിനാഥ് ചെയ്യുന്നത്.

2015-ലെ കേന്ദ്ര ബജറ്റിൽ കോർപ്പറേറ്റ് നികുതി നിരക്കുകൾ വെട്ടിക്കുറച്ചതിനെ ഗീതാ ഗോപിനാഥ് പ്രശംസിക്കുന്നു. "സാമ്പത്തിക വളർച്ചയ്‌ക്ക് അനുകൂലമായ കേന്ദ്രസർക്കാരിന്റെ വീക്ഷണത്തെ ശക്തമായി മുന്നോട്ടു വയ്‌ക്കുന്ന ബജറ്റ്” എന്നു വിശേഷിപ്പിച്ചാണ് അവർ മോദി സർക്കാരിനെ അഭിനന്ദിക്കുന്നത്. അതേസമയം, തൊഴിലുറപ്പു പദ്ധതി, വളം സബ്സിഡി മുതലായവയ്‌ക്കായി സർക്കാർ ചെലവിടുന്ന തുകയ്‌ക്ക് നിയന്ത്രണം ഏർപ്പെടുത്തിയില്ല എന്നതാണ് അവർ ബജറ്റിന്റെ പോരായ്‌മയായി കണ്ടെത്തുന്നത്! തൊഴിലുറപ്പു പദ്ധതിക്കും കാർഷിക സബ്സിഡികൾക്കും നീക്കിവച്ചിരിക്കുന്ന തുക തീർത്തും അപര്യാപ്‌തമാണെന്ന് ഇടതുപക്ഷം ചൂണ്ടിക്കാട്ടുമ്പോഴാണിത് എന്നോർക്കുക. ഗീതാ ഗോപിനാഥിനെപ്പോലെയുള്ള വലതുപക്ഷക്കാരെ സംബന്ധിച്ചിടത്തോളം, പണക്കാരുടെ മേൽ വരദാനങ്ങൾ ചൊരിയുക, പാവപ്പെട്ടവരെ അരമുറുക്കി ജീവിക്കാൻ നിർബന്ധിതരാക്കുക എന്നിവയാണ് “ഉത്തമ" സാമ്പത്തികനയം. ഇടതുപക്ഷ നയങ്ങൾക്ക് കടകവിരുദ്ധമാണിത് എന്ന് പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.

2. ഈ നവലിബറലിസത്തോട് ഇത്രയും വിരോധം വേണോ? സാമ്പത്തിക വിദഗ്ധർക്ക് വിവിധ വിഷയങ്ങളിൽ ഭിന്നാഭിപ്രായങ്ങളുണ്ടാകാമല്ലോ. ലോക സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് ഗീത ഗോപിനാഥിന്റെ അഭിപ്രായങ്ങൾ തേടുന്നതിൽ എന്താണു തെറ്റ്?

“നിഷ്‌പക്ഷമായി” കാര്യങ്ങളെ വിലയിരുത്തുന്ന സാമ്പത്തിക വിദഗ്ധർ വച്ചുപുലർത്തുന്ന “വിവിധ അഭിപ്രായങ്ങളിൽ ഒന്നു മാത്രം” അല്ല നവലിബറലിസം. രാഷ്ട്രീയമില്ലാത്ത, തികച്ചും സാങ്കേതികമായ ഒരു മേഖലയല്ല സാമ്പത്തികശാസ്ത്രം. വിവിധ ചിന്താധാരകൾ (schools of thought) ഏറ്റുമുട്ടുന്ന ഒരു പടക്കളം തന്നെയാണ് ഈ വിജ്ഞാനശാഖ. മിക്കവാറും ഈ ചിന്താധാരകൾ സമൂഹത്തിലെ വിവിധ വിഭാഗങ്ങളുടെ അല്ലെങ്കിൽ വർഗ്ഗങ്ങളുടെ താത്‌പര്യങ്ങളെ ആയിരിക്കും പ്രതിനിധാനം ചെയ്യുക. വലതുപക്ഷത്ത് നിയോക്ലാസിക്കൽ, ഓസ്ട്രിയൻ സ്‌കൂളുകൾ മുതൽ ഇടതുപക്ഷത്ത് പോസ്റ്റ്-കെയ്ൻസിയൻ, മാർക്സിയൻ ചിന്താധാരകൾ വരെയുള്ള നിരവധി ദർശനങ്ങൾ ധനതത്വശാസ്‌ത്രത്തിൽ വാദങ്ങളും എതിർവാദങ്ങളും ഉന്നയിച്ച് നിലകൊള്ളുന്നു. തൊഴിലില്ലായ്‌മയ്‌ക്കു കാരണമെന്ത്, അത് പരിഹരിക്കാൻ എന്തു ചെയ്യണം, സർക്കാരിന്റെയും വിപണിയുടെയും റോളെന്താണ്, സർക്കാർ ചെലവു ചെയ്യണോ, വേണമെങ്കിൽ എത്ര വേണം, ഏതൊക്കെ മേഖലയിൽ വേണം, വിപണിയെ സ്വതന്ത്രമാക്കി വിട്ടാൽ എന്തായിരിക്കും ഫലം, വിപണിയെ എത്രകണ്ട് നിയന്ത്രിക്കണം, അന്താരാഷ്ട്ര വ്യാപാരം എന്തുതരത്തിൽ വേണം, സ്വതന്ത്രവ്യാപാരം നല്ലതാണോ, ഓഹരി, കറൻസി വിപണികൾക്ക് ഉള്ളിലേയ്‌ക്കും പുറത്തേയ്‌ക്കും വിദേശത്തുനിന്നും പണം ഒഴുകുന്നത് നിയന്ത്രിക്കണോ വേണ്ടയോ, നാണ്യപ്പെരുപ്പത്തിനു കാരണമെന്ത്, അതിനുള്ള പരിഹാരമെന്ത്, പലിശനിരക്കുകൾ കൂടുകയും കുറയുകയും ചെയ്യുന്നത് എന്ത് ഫലമാണുണ്ടാക്കുക എന്നിങ്ങനെയുള്ള കാതലായ വിഷയങ്ങളിലെല്ലാം തികച്ചും വ്യത്യസ്തമായ കാഴ്‌ചപ്പാടുകളാണ് വിവിധ ചിന്താധാരകൾ പിന്തുടരുന്ന സാമ്പത്തിക വിദഗ്ധർ വച്ചുപുലർത്തുന്നത്.

ഇന്ത്യൻ സംസ്ഥാനങ്ങളാണെങ്കിൽ തൊഴിൽ, പരിസ്ഥിതി നിയമങ്ങളിൽ ഇളവു വരുത്തിയും സമരം ചെയ്യുന്നവരെ ജയിലിലിട്ടും വേണമെങ്കിൽ കൊന്നുകളഞ്ഞും, ട്രേഡ് യൂണിയനുകളെ അടിച്ചമർത്തിയും വ്യവസായികൾക്ക് ചുളുവിലയ്‌ക്ക് ഭൂമി കൊടുത്തും മതിയായ നഷ്‌ടപരിഹാരവും പുനരധിവാസവും ഉറപ്പുവരുത്താതെ ഭൂവുടമസ്‌ഥരായ കർഷകരെ ഇറക്കിവിട്ടും മൂലധനം ആകർഷിക്കാൻ മത്സരിക്കുകയാണ്. ഇന്ത്യൻ സംസ്ഥാനങ്ങൾ മാത്രമല്ല, മിക്കവാറും മൂന്നാം ലോകരാജ്യങ്ങളെല്ലാം ഇതു തന്നെയാണ് ചെയ്‌തുകൊണ്ടിരിക്കുന്നത്. ഇതിനെ പൊതുവിൽ “Race to the bottom” എന്നുവിളിക്കാറുണ്ട്. പടുകുഴിയിലേയ്‌ക്കുള്ള മത്സരം എന്ന് വിവർത്തനം ചെയ്യാം.

ഇക്കൂട്ടത്തിൽ വ്യക്തമായും അന്താരാഷ്ട്ര ധനമൂലധനത്തിന്റ താത്‌പര്യങ്ങൾക്കായി നിലകൊള്ളൂന്ന ഒന്നാണ് നവലിബറലിസം. 1970-കളോടെ പുത്തന്‍ സ്വഭാവവും ശക്തിയുമാര്‍ജ്ജിച്ച അന്താരാഷ്ട്ര ധനമൂലധനത്തിന്റെ ഉയര്‍ച്ചയില്‍നിന്നും പിറവിയെടുത്ത പ്രത്യയശാസ്‌ത്രത്തെയും അതിന്റെ പ്രയോഗത്തെയുമാണ് നാമിന്ന് നവലിബറലിസം എന്ന പേരില്‍ അടയാളപ്പെടുത്തുന്നത്. പ്രധാനമായും നിയോക്ലാസിക്കൽ സ്‌കൂളിന്റെ കുടക്കീഴിൽ വരുന്ന ചിന്താധാരകളാണ് നവലിബറലിസത്തിന് സൈദ്ധാന്തിക അടിത്തറ നൽകുന്നത്.

ഇന്ന് ലോകം നിയന്ത്രിക്കുന്നത് അന്താരാഷ്ട്ര ധനമൂലധനമാണ്. ധനമൂലധനം എന്നു വച്ചാൽ വിവിധതരം ബാങ്കുകൾ, ഇൻഷുറൻസ് കമ്പനികൾ, പെൻഷൻ ഫണ്ടുകൾ, മറ്റ് ധനകാര്യ കമ്പനികൾ, ഓഹരിക്കമ്പോളത്തിലും മറ്റും കച്ചവടം നടത്തുന്ന വൻകിട സ്ഥാപനങ്ങൾ എന്നിങ്ങനെയുള്ളവ. ലോകത്തെ ഭരണവർഗ്ഗങ്ങളുടെ നേതൃത്വം ഇന്ന് ധനമൂലധനത്തിനാണ്. എങ്ങനെയാണ് അന്താരാഷ്ട്ര ധനമൂലധനം ലോകരാഷ്ട്രങ്ങളുടെ നയങ്ങളെ നിയന്ത്രിക്കുന്നതെന്ന് നോക്കാം.

മൂലധനത്തിന്റെ സ്വതന്ത്രമായ പ്രവാഹവും (free capital flows) സ്വതന്ത്രവ്യാപാരവുമാണ് (free trade) നവലിബറലിസത്തിന്റെ ആണിക്കല്ലുകള്‍. സാധാരണക്കാരായ ജനങ്ങളുടെ പക്ഷം ചേര്‍ന്നുകൊണ്ട് ദേശീയ ഭരണകൂടങ്ങള്‍ക്ക് സമ്പദ്‌വ്യവസ്ഥയില്‍ ഇടപെടാനുള്ള ശേഷി വലിയ തോതില്‍ കുറയുന്നതാണ് നവലിബറല്‍ കാലഘട്ടത്തില്‍ സംഭവിക്കുന്നത്. ഇങ്ങനെ ഇടപെടാന്‍ ഏതെങ്കിലും രാജ്യത്തെ ഭരണകൂടം ശ്രമിച്ചാല്‍ ആ രാജ്യത്തിന് “നിക്ഷേപകരുടെ വിശ്വാസം” (investor confidence) നഷ്‌ടമാവുകയും മൂലധനം വന്‍‌തോതില്‍ പുറത്തേയ്‌ക്കൊഴുകുകയും ചെയ്യും. സ്റ്റോക്ക് മാർക്കറ്റുകൾ വൻതോതിൽ ഇടിയുകയും കറന്‍സിയുടെ വില കൂപ്പുകുത്തുകയും നാണ്യപ്പെരുപ്പം ക്രമാതീതമാവുകയും സമ്പദ്‌വ്യവസ്ഥ പ്രതിസന്ധിയിലാവുകയും ചെയ്യുകയാവും ഫലം. ഈ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ ധനമൂലധനത്തിന് ഇഷ്ടപ്പെടുന്ന നയങ്ങള്‍ നടപ്പാക്കാനാണ് സർക്കാരുകൾ ശ്രമിക്കുക. പോരെങ്കില്‍ ഇന്ത്യയെപ്പോലെയുള്ള രാജ്യങ്ങളില്‍, വ‌ൻകിട ബൂർഷ്വാസിയുടെ (അതായത് ഭീമൻ സ്വകാര്യ കമ്പനികളും മറ്റും) താത്പര്യങ്ങള്‍ അന്താരാഷ്‌ട്ര ധനമൂലധനത്തിന്റെ താത്‌പര്യങ്ങളുമായി വര്‍ദ്ധിതമായ തോതില്‍ താദാത്മ്യം പ്രാപിച്ചു വരികയാണ്. അങ്ങനെവരുമ്പോള്‍ ഭരണകൂടം രാജ്യത്തെ ബൂര്‍ഷ്വാസിയുടെയും അന്താരാഷ്‌ട്ര ധനമൂലധനത്തിന്റെയും താത്‌പര്യസംരക്ഷകര്‍ മാത്രമായിച്ചുരുങ്ങുന്നത് സ്വാഭാവികം മാത്രം.

ഭരണകൂടം സമ്പദ്‌വ്യവസ്ഥയില്‍ ഇടപെടുന്നത് മൂലധനത്തിന്റെ പക്ഷത്തുനിന്നുകൊണ്ടു മാത്രമാകണം എന്നതാണ് ഈ സാഹചര്യത്തില്‍ സര്‍ക്കാരുകള്‍ പിന്തുടരുന്ന ഒന്നാം കല്പന. സ്വകാര്യകമ്പനികള്‍ക്ക് സൗജന്യമായോ കുറഞ്ഞ വിലയ്‌ക്കോ ഭൂമി ഏറ്റെടുത്തോ പിടിച്ചെടുത്തോ കൈമാറുക, തൊഴില്‍-പരിസ്ഥിതി നിയമങ്ങളില്‍ ഇളവുകള്‍ അനുവദിക്കുക, തൊഴിലാളികളുടെ സമരങ്ങള്‍ അടിച്ചമര്‍ത്തുക എന്നിങ്ങനെയുള്ള ഇടപെടലുകള്‍ ആവാം. സാമൂഹ്യ സുരക്ഷ, ഉത്പാദനമേഖല തുടങ്ങിയവയില്‍ സര്‍ക്കാരിന്റെ നേതൃപരമായ പങ്കാളിത്തവും നിക്ഷേപവും പാടില്ല. അങ്ങനെയുള്ള മേഖലകളില്‍നിന്നും സര്‍ക്കാര്‍ പിന്‍‌വാങ്ങണം. പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കണം, മൊത്തത്തിൽ സര്‍ക്കാര്‍ ചെലവുകള്‍ കുറയ്‌ക്കണം. സമ്പന്നരുടെ മേലുള്ള നികുതികൾ കുറയ്‌ക്കണം. ഇതൊക്കെയാണ് ഗീതാ ഗോപിനാഥും പറയുന്നത് എന്നുള്ളത് തുടക്കത്തിൽ പറഞ്ഞതിൽ നിന്നും വ്യക്തമാണല്ലോ.

3.നവലിബറൽ സാമ്പത്തിക ശാസ്ത്രജ്ഞയാണെങ്കിലും അവരുടെ ഉപദേശം കൂടി കേൾക്കാമല്ലോ. നമുക്ക് യോജിപ്പുള്ള നിർദ്ദേശങ്ങൾ മാത്രം നടപ്പാക്കിയാൽ മതിയല്ലോ.

യോജിപ്പുള്ള നിർദ്ദേശങ്ങൾ മാത്രമേ നടപ്പാക്കൂ, ശരി തന്നെ. എന്നാൽ നവലിബറൽ ഉപദേശക തരുന്ന നിർദ്ദേശങ്ങൾ “നിഷ്‌പക്ഷം” ആണെന്ന വ്യാജേനയായിരിക്കും തരിക. വേണമെങ്കിൽ കുറെ ഗണിതവും എക്കണോമെട്രിക്സും ഒക്കെക്കൂടെ ചേർത്ത് സാങ്കേതിക പരിജ്ഞാനമില്ലാത്തവർക്ക് മനസ്സിലാകാത്ത രീതിയിലായിരിക്കും റിപ്പോർട്ടുകൾ വരുന്നത്. അപ്പോൾപ്പിന്നെ ഈ ഉപദേശങ്ങൾ ഒരു ഇടതുസർക്കാരിന് അനുയോജ്യമാണോ എന്നത് പരിശോധിക്കാൻ നവലിബറൽ അല്ലാത്ത വിദഗ്ദ്ധർ വേറേ വേണ്ടിവരും. എന്നു വച്ചാൽ ഇരട്ടിപ്പണിയായി.

മാത്രവുമല്ല, യുക്തിപരമായും നേരിട്ടുള്ള അനുഭവം കൊണ്ടും തീർത്തും തെറ്റാണെന്ന് തെളിയിക്കപ്പെട്ടിട്ടുള്ള സിദ്ധാന്തങ്ങളാണ് നവലിബറൽ ആശയങ്ങളുടെ അടിസ്ഥാനം. വിപണിയെ സർക്കാർ ഇടപെടൽ ഇല്ലാതെ സ്വതന്ത്രമായി പ്രവർത്തിക്കാൻ അനുവദിച്ചാൽ മുഴുവൻ പേർക്കും തൊഴിലുണ്ടാകുന്ന (full employment) അവസ്ഥയിലേയ്‌ക്ക് എത്തിച്ചേരുന്ന രീതിയിൽ സമ്പദ്‌വ്യവസ്ഥ വികസിക്കും എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട നവലിബറൽ വാദഗതി. വിപണിയുടെ മേലുള്ള സർക്കാർ നിയന്ത്രണങ്ങൾ കുറഞ്ഞ കാലങ്ങളിലാണ് ഏറ്റവും രൂക്ഷമായ തൊഴിലില്ലായ്‌മയും സാമ്പത്തിക മാന്ദ്യവും ഉണ്ടായത് എന്ന കാര്യം പകൽ പോലെ വ്യക്തമായിട്ടും നവലിബറലുകൾക്ക് ഇപ്പോഴും നേരം വെളുത്തിട്ടില്ല.

ഇത്തരം അബദ്ധങ്ങളാണ് ലോകത്തെ സർവകലാശാലകളിലെ മഹാഭൂരിപക്ഷം സാമ്പത്തിക ശാസ്ത്ര വകുപ്പുകളിലും ഇക്കണോമിക്സ് കോഴ്സുകളുടെ ഭാഗമായി പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. ധനമൂലധന താത്‌പര്യങ്ങൾക്ക് അനുസൃതമായിട്ടുള്ള കോഴ്‌സുകൾക്കാണ് അത്തരം താത്‌പര്യങ്ങൾ തന്നെ സംരക്ഷിക്കുന്ന സർക്കാരുകളും സ്വകാര്യ സ്ഥാപനങ്ങളും ഫണ്ടിംഗ് കൊടുക്കുക. അങ്ങനെ ഇത്തരം കോഴ്‌സുകൾ പഠിച്ചിറങ്ങുന്നയാളുകൾ തന്നെ അധ്യാപകരായി നിയോഗിക്കപ്പെടുന്നു (വിയോജിപ്പുള്ളവർ മിക്കവാറും വെട്ടിനിരത്തപ്പെടും). അവർ യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങൾ തന്നെ വീണ്ടും തങ്ങളുടെ വിദ്യാർത്ഥികളെ പഠിപ്പിക്കുന്നു. (2008-ൽ ആരംഭിച്ച് ഇപ്പോഴും തുടരുന്ന ആഗോള സാമ്പത്തിക പ്രതിസന്ധി ഈ ദു:സ്ഥിതിക്ക് ചിലയിടങ്ങളിലെങ്കിലും മാറ്റങ്ങൾ കൊണ്ടുവരുന്നുണ്ട്. യാഥാർത്ഥ്യവുമായി ബന്ധമുള്ള സാമ്പത്തികശാസ്ത്രം പഠിപ്പിക്കണം എന്നാവശ്യപ്പെട്ട് ഫ്രാൻസിലും അമേരിക്കയിലുമൊക്കെ വിവിധയിടങ്ങളിൽ വിദ്യാർത്ഥികൾ തന്നെ ശക്തമായി രംഗത്തുവന്നിട്ടുണ്ട്. മാറ്റം എല്ലായിടത്തുമില്ല, ഉള്ളയിടങ്ങളിൽ പതുക്കെയാണു വരുന്നത് എന്നുള്ളതും കൂട്ടിച്ചേർക്കേണ്ടതുണ്ട്.)

ലോകത്ത് എല്ലായിടത്തെയും മുഖ്യധാരാ മാധ്യമങ്ങൾ നോക്കിയാലും കാണുക നവലിബറൽ ആശയങ്ങൾ തന്നെയായിരിക്കും. കോർപ്പറേറ്റുകളുടെയും സമ്പന്നവർഗ്ഗത്തിന്റെയും നിയന്ത്രണത്തിലുള്ള മാധ്യമങ്ങളിൽ നിന്നും വ്യത്യസ്തമായി എന്തെങ്കിലും കേൾക്കുക അപൂർവമാണ്.

ഇന്ത്യയിലെ ഉന്നത ഉദ്യോഗസ്ഥവൃന്ദത്തിൽ നിന്നും വരുന്ന ഉപദേശങ്ങളും നവലിബറൽ തന്നെയായിരിക്കും. അവർക്ക് കിട്ടുന്ന പരിശീലനവും അത്തരത്തിലുള്ളതാണ്. ചുരുക്കിപ്പറഞ്ഞാൽ, എവിടെത്തിരിഞ്ഞു നോക്കിയാലും ഏറ്റവും എളുപ്പം കിട്ടുന്നതാണ് നവലിബറൽ ഉപദേശം. ബിസിനസ് പത്രങ്ങളോ മറ്റു പത്രങ്ങളുടെ ബിസിനസ് സെക്ഷനുകളോ സാമ്പത്തിക വിഷയങ്ങളിലുള്ള എഡിറ്റോറിയലുകളോ വായിച്ചാൽ ഏതാണ്ടു മുഴുവനും നവലിബറൽ ഉപദേശങ്ങളായിരിക്കും കാണുക. മഹാഭൂരിപക്ഷം വരുന്ന അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെ (തൊഴിലാളികൾ, കർഷകർ, മറ്റു സാധാരണക്കാർ, തൊഴിൽ കിട്ടാത്തവർ) പക്ഷം ചേർന്ന് നയരൂപീകരണം നടത്താൻ വേണ്ട ആശയങ്ങളാണ് കിട്ടാൻ താരതമ്യേന കൂടുതൽ ബുദ്ധിമുട്ട്. അതിനാണ് നവലിബറൽ വിരുദ്ധരായ സാമ്പത്തിക വിദഗ്ധരുടെ സഹായം ആവശ്യമുള്ളത്.

4. ആഗോള സമ്പദ്‌വ്യവസ്ഥയെപ്പറ്റി അവഗാഹമുള്ളയൊരാളുടെ ഉപദേശം നല്ലതല്ലേ?

ആഗോള സമ്പദ്‌വ്യവസ്ഥയെപ്പറ്റി നല്ല അവഗാഹമുള്ള, നവലിബറൽ വിരുദ്ധരും ഇടതുപക്ഷക്കാരുമൊക്കെയായ ധാരാളം സാമ്പത്തിക വിദഗ്ദ്ധരുണ്ട്. ഇടതുപക്ഷ സാമ്പത്തിക വിദഗ്ദ്ധർ ഏറ്റവും സുലഭമായിട്ടുള്ള മേഖലകളിൽ ഒന്നാണിത്.

അതുപോലെ തന്നെ പ്രധാനപ്പെട്ട കാര്യം, നവലിബറലുകളും ഇടതുപക്ഷം ഉൾപ്പെടുന്ന മറ്റുള്ളവരും തമ്മിലുള്ള വിയോജിപ്പുകൾ ഏറ്റവും ശക്തമായിട്ടുള്ള മേഖലകളിലൊന്നാണ് ആഗോള സമ്പദ്‌വ്യവസ്ഥയെ സംബന്ധിച്ചുള്ളത് എന്നുള്ളതാണ്!

അതേ സമയം ഗീതാ ഗോപിനാഥിന് എൽ.ഡി.എഫ്. സർക്കാരിന്റെ ചെലവിൽ തന്റെ ബയോഡേറ്റ കൊഴുപ്പിക്കാം. ഒരു നവലിബറലിനെ ഉപദേഷ്‌ടാവായി വയ്‌ക്കുക വഴി നവലിബറലിസം നിരുപ്രദവകരമാണെന്നോ വിശ്വാസയോഗ്യമാണെന്നോ ഒക്കെ ഇടതുപക്ഷക്കാരിൽ ചിലർക്കെങ്കിലും തോന്നാനിടയാകുകയോ ചെയ്‌തു എന്നതാണ് ഇപ്പോൾത്തന്നെ സംഭവിച്ചിട്ടുള്ള അപകടം. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടക്കുന്ന ചർച്ചകളിൽ നിന്നും ഇത് വ്യക്തമാണ്.

5. ചില ഇടതു സാമ്പത്തിക വിദഗ്ധർക്ക് ഉപദേഷ്ടാവ് പദവി കിട്ടാത്തതിന്റെ കെറുവാണോ വിമർശനങ്ങൾക്കു പിന്നിൽ?

എല്ലാ വിമർശനങ്ങളെയും വ്യക്തി തലത്തിലേയ്‌ക്കു ചുരുക്കി യഥാർത്ഥ വിഷയങ്ങളെ തമസ്‌കരിക്കാനുള്ള പ്രവണതയാണ് ഇത്തരം തരംതാണ ചോദ്യങ്ങൾക്കു പിന്നിൽ. ഇനി യോജ്യരായ ഇന്ത്യക്കാരിൽ ആർക്കും ഒഴിവില്ല, പുറത്തു നിന്നും ആളെക്കൂടിയേ കഴിയൂ എന്നാണെങ്കിൽ ഇടതുപക്ഷക്കാരും ഇടതുപക്ഷത്തോട് അടുത്തുനിൽക്കുന്നവരുമായ ധാരാളം നവലിബറൽ വിരുദ്ധ സാമ്പത്തിക ശാസ്‌ത്രജ്ഞരുണ്ട് ലോകത്തിന്റെ നാനാഭാഗങ്ങളിൽ, അമേരിക്കയിലുൾപ്പെടെ. പോസ്റ്റ്-കെയ്‌ൻസിയൻ, മാർക്സിയൻ മുതലായ ചിന്താധാരകൾക്ക് പ്രാമുഖ്യം നൽകുന്ന സർവകലാശാലാ ഡിപ്പാർട്ട്മെന്റുകളും അത്തരം ചിന്താധാരകൾ പിന്തുടരുന്ന സാമ്പത്തിക വിദഗ്ദ്ധരുടെ നെറ്റ്‌വർക്കുകളും ലോകമെമ്പാടുമുണ്ട്.

6. ഒരു വലതുപക്ഷ ഉപദേഷ്‌ടാവിന്റെ നിയമനം കൂടുതൽ വിദേശനിക്ഷേപം ആകർഷിക്കാൻ സഹായിക്കുമോ?

കുറെയധികം വർഷങ്ങളായി ഏതാണ്ടെല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളും സ്വകാര്യ നിക്ഷേപം ആകർഷിക്കാനുള്ള ശ്രമത്തിലാണ്. സ്വകാര്യ-വിദേശ നിക്ഷേപങ്ങൾ ആകർഷിച്ച് തൊഴിലില്ലായ്‌മ പരിഹരിക്കാം, ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താം എന്ന തെറ്റിദ്ധാരണയുടെ അടിസ്ഥാനത്തിലാണിത്. ആഗോള സാമ്പത്തിക പ്രതിസന്ധിയെത്തുടർന്ന് ലോകമെമ്പാടും സാധനങ്ങൾക്ക് ഡിമാന്റ് കുറഞ്ഞിരിക്കുന്ന സമയമാണിത്. അതുകൊണ്ടുതന്നെ പുതിയ നിക്ഷേപങ്ങളും താരതമ്യേന കുറവ്. നിക്ഷേപകരാകട്ടെ, ഏറ്റവുമധികം ലാഭമുണ്ടാക്കാൻ സാധിക്കുമെന്ന് അവർ കണക്കുകൂട്ടുന്ന സ്ഥലങ്ങളിലേയ്‌ക്കായിരിക്കും പോകാൻ ശ്രമിക്കുക. ചെലവുകൾ കുറയ്‌ക്കാൻ ഏറ്റവും കൂടുതൽ ആനുകൂല്യങ്ങൾ എവിടെ നിന്നു കിട്ടും എന്ന് നോക്കിയിരിക്കുകയാണ് അവർ. ഇന്ത്യൻ സംസ്ഥാനങ്ങളാണെങ്കിൽ തൊഴിൽ, പരിസ്ഥിതി നിയമങ്ങളിൽ ഇളവു വരുത്തിയും സമരം ചെയ്യുന്നവരെ ജയിലിലിട്ടും വേണമെങ്കിൽ കൊന്നുകളഞ്ഞും, ട്രേഡ് യൂണിയനുകളെ അടിച്ചമർത്തിയും വ്യവസായികൾക്ക് ചുളുവിലയ്‌ക്ക് ഭൂമി കൊടുത്തും മതിയായ നഷ്‌ടപരിഹാരവും പുനരധിവാസവും ഉറപ്പുവരുത്താതെ ഭൂവുടമസ്‌ഥരായ കർഷകരെ ഇറക്കിവിട്ടും മൂലധനം ആകർഷിക്കാൻ മത്സരിക്കുകയാണ്. ഇന്ത്യൻ സംസ്ഥാനങ്ങൾ മാത്രമല്ല, മിക്കവാറും മൂന്നാം ലോകരാജ്യങ്ങളെല്ലാം ഇതു തന്നെയാണ് ചെയ്‌തുകൊണ്ടിരിക്കുന്നത്. ഇതിനെ പൊതുവിൽ “Race to the bottom” എന്നുവിളിക്കാറുണ്ട്. പടുകുഴിയിലേയ്‌ക്കുള്ള മത്സരം എന്ന് വിവർത്തനം ചെയ്യാം.

നവലിബറലിസം ചെന്നിടത്തെല്ലാം വിതച്ചത് മരണമാണ്. കാർഷികരംഗത്ത് സർക്കാർ നിക്ഷേപവും സബ്‌സിഡികളും വെട്ടിക്കുറയ്‌ക്കുകയും ഗവേഷണം, സാങ്കേതികവിദ്യ, കൃഷിസങ്കേതങ്ങൾ തുടങ്ങിയ മേഖലകളിൽ കർഷകർക്ക് സഹായം നൽകിയിരുന്ന പൊതുസംവിധാനങ്ങളെ ദുർബലപ്പെടുത്തുകയും ബാങ്കുകൾ വഴിയുള്ള‌കാർഷികവായ്‌പയുടെ ലഭ്യത കുറയുകയും ലോക വ്യാപാര സംഘടനയിൽ അംഗമായി ഇന്ത്യ വിപണി തുറന്നുകൊടുത്തതിന്റെ ഫലമായി ഒട്ടനവധി വിളകൾക്ക് വിലത്തകർച്ചയുണ്ടാവുകയും ചെയ്‌തതോടെയാണ് ഇന്ത്യയിൽ കാർഷികരംഗം പ്രതിസന്ധിയിലായത്.

ഭൂമി ഏറ്റെടുക്കുന്നതു വഴിയും മറ്റുമായി ഉപജീവനമാർഗ്ഗം നഷ്‌ടമാകുന്നവരുടെ എണ്ണം പരിഗണിച്ചുകഴിയുമ്പോൾ, കോർപ്പറേറ്റ് വ്യവസായവൽക്കരണം വഴി തൊഴിലില്ലായ്‌മ പരിഹരിക്കാം എന്നത് ഒരു മിഥ്യാധാരണയാണെന്നു കാണാം. വാരിക്കോരി ഇളവുകളും കൂടി കൊടുത്തുകഴിയുമ്പോൾ സർക്കാരിനും കാര്യമായ വരുമാനം ഇതിൽ നിന്നും ഉണ്ടാവുകയില്ല. ലാഭം മൊത്തം ന്യൂനപക്ഷം വരുന്ന സമ്പന്നർക്കും, നഷ്‌ടം തൊഴിലാളികൾക്കും കർഷകർക്കും മറ്റ് സാധാരണക്കാർക്കും. അതാണ് ഈ മത്സരത്തിന്റെ ബാക്കിപത്രം.

ഈ മത്സരത്തിൽ ആവേശപൂർവം പങ്കെടുക്കാനുള്ള ശക്തമായ സമ്മർദ്ദം ഉണ്ടായിട്ടും അതിൽ കേരളം വീണില്ല എന്നത് കഴിഞ്ഞ എൽ.ഡി.എഫ്. സർക്കാരിനെപ്പറ്റി എടുത്തു പറയേണ്ട കാര്യങ്ങളിലൊന്നായിരുന്നു. പരിധിവിട്ട് ഇളവുകൾ നൽകേണ്ടതില്ല എന്നതായിരുന്നു സർക്കാർ നയം. നികുതിവരുമാനം ഉയർത്തി അതോടൊപ്പം പദ്ധതിച്ചെലവ് ഗണ്യമായി വർദ്ധിപ്പിച്ച് സാധാരണക്കാരുടെ വാങ്ങൽ ശേഷിയും ജീവിതനിലവാരവും ഉയർത്തുക എന്ന തന്ത്രമാണ് സർക്കാർ സ്വീകരിച്ചത്. അക്കാലത്ത് സാമ്പത്തിക വളർച്ചയിലും കേരളം ഇന്ത്യൻ ശരാശരിയെക്കാൾ മുന്നിലായിരുന്നു.

പുറത്തുനിന്നും നാണ്യവിളകളിൽ നിന്നുമുള്ള വരുമാനത്തിൽ മാന്ദ്യം നേരിടുന്ന ഇക്കാലത്ത് പൊതുമേഖലയ്‌ക്കും സഹകരണമേഖലയ്‌ക്കും കൂടുതൽ പ്രാമുഖ്യം നൽകിക്കൊണ്ടു മാത്രമേ പ്രശസ്‌തമായ കേരള മാതൃകയുടെ നേട്ടങ്ങൾ സംരക്ഷിക്കാനാകൂ. തൊഴിലാളികളുടെയും അധ:സ്ഥിത വിഭാഗങ്ങളുടെയും നടുവൊടിക്കുന്ന ഗുജറാത്ത് മാതൃകയല്ല നമ്മൾ പിന്തുടരേണ്ടത്.

7. എന്താണു ശരിക്കും ഗീതാ ഗോപിനാഥ് ഉപദേഷ്‌ടാവ് എന്ന നിലയിൽ ചെയ്യാൻ പോകുന്ന ജോലി?

ജൂലൈ 24-ന് ഗീതാ ഗോപിനാഥ് പുറപ്പെടുവിച്ച പ്രസ്‌താവനയിൽ പറയുന്നത്, അവർ രണ്ട് കാര്യങ്ങളാണു ചെയ്യാൻ ഉദ്ദേശിക്കുന്നത് എന്നാണ്. ഒന്ന്, ആഗോള, ദേശീയ, സംസ്‌ഥാന തലങ്ങളിലെ വിവിധ സംഭവവികാസങ്ങൾ കേരള സമ്പദ്‌വ്യവസ്ഥയെ എങ്ങനെ ബാധിക്കും എന്നതിനെപ്പറ്റി മുഖ്യമന്ത്രി ആവശ്യപ്പെടുന്ന മുറയ്‌ക്ക് ഉപദേശം കൊടുക്കുക. രണ്ട്, പൊതു ധനകാര്യം, മാനേജ്മെന്റ്, തൊഴിൽരംഗം, വികസന സാമ്പത്തിക ശാസ്‌ത്രം, സംരഭകത്വം തുടങ്ങിയ മേഖലകളിൽ ലോകത്ത് വിദഗ്ധരായിട്ടുള്ള ആളുകളുമായി സംസ്ഥാന സർക്കാർ വകുപ്പുകളെ ബന്ധിപ്പിക്കാൻ നേതൃത്വം കൊടുക്കുക.

ഇപ്പറഞ്ഞ കാര്യങ്ങളിൽ ആദ്യത്തേതിന്റെ പ്രശ്‌നങ്ങൾ എന്തൊക്കെയെന്ന് ഇതുവരെ എഴുതിയതിൽ നിന്നും വ്യക്തമാണല്ലോ.

ഇനി രണ്ടാമത്തേതിലേയ്‌ക്കു കടക്കാം. ഉപദേഷ്‌ടാവ് പറഞ്ഞതുപോലെ പ്രവർത്തിക്കുകയാണെങ്കിൽ അതായിരിക്കും ഏറ്റവും അപകടം. അവർ പരാമർശിച്ച രംഗങ്ങളിലെല്ലാം (പൊതു ധനകാര്യം, മാനേജ്മെന്റ്, തൊഴിൽരംഗം, വികസന സാമ്പത്തിക ശാസ്‌ത്രം, സംരഭകത്വം) അഗാധ പാണ്ഡിത്യമുള്ള ഇടതുപക്ഷ, അല്ലെങ്കിൽ നവലിബറൽ വിരുദ്ധ സാമ്പത്തികശാസ്‌ത്രജ്ഞരും മറ്റു വിദഗ്ദ്ധരും ലോകമെമ്പാടും ഉണ്ട്. അവരുമായിട്ടായിരിക്കില്ല ഗീതാ ഗോപിനാഥ് നമ്മുടെ സർക്കാർ വകുപ്പുകളെ ബന്ധിപ്പിക്കുക എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കൂടുതൽ വലതുപക്ഷ ഉപദേശികളുടെയും ഉപദേശങ്ങളുടെയും കടന്നുകയറ്റമായിരിക്കും ഫലം. നവലിബറലുകൾ ധാരാളമുള്ള ഉദ്യോഗസ്ഥവൃന്ദത്തിന് ഇത്തരം ഉപദേശികളുടെ പിന്തുണ കൂടിയാകുമ്പോൾ ഇടതുപക്ഷത്തിന്റെ ദൗത്യം കൂടുതൽ ശ്രമകരമാകും.

കുറച്ച് ഉപദേഷ്‌ടാക്കൾ വന്നാൽ ഒന്നും സംഭവിക്കില്ല, നമ്മുടെ നയങ്ങളെ അതൊന്നും ബാധിക്കില്ല എന്നു കരുതുന്നവർ നമ്മുടെ രാജ്യത്തിന്റെ തന്നെ ചരിത്രം ഒന്നു പരിശോധിക്കുന്നത് നന്നായിരിക്കും. സാമ്പത്തിക നയരൂപീകരണത്തിൽ നിർണ്ണായകമായ സ്ഥാപനങ്ങളുടെ തലപ്പത്തേയ്‌ക്ക് അന്താരാഷ്ട്ര നാണ്യനിധിയിൽ (ഐ.എം.എഫ്.) നിന്നുൾപ്പെടെയുള്ള നവലിബറൽ സാമ്പത്തിക ശാസ്‌ത്രജ്ഞരുടെ തള്ളിക്കയറ്റമുണ്ടായ 1980-കളിലാണ് ഇന്ത്യയിൽ നവലിബറൽ സാമ്പത്തിക “പരിഷ്‌കാരങ്ങൾ” ആരംഭിക്കുന്നത്. ഇത് ഇന്ത്യയുടെ മാത്രം അനുഭവമല്ല. ഏതാണ്ടെല്ലാ മൂന്നാം ലോകരാജ്യങ്ങളിലും സംഭവിച്ചത് ഇതുതന്നെയാണ്.

നവലിബറൽ സാമ്പത്തിക പരിഷ്‌കാരങ്ങൾ നടപ്പാക്കാൻ അന്ന് ലോകമെമ്പാടും വലതുപക്ഷം ഉയർത്തിയ ന്യായമായിരുന്നു “There Is No Alternative” (TINA) – മറ്റു മാർഗ്ഗങ്ങളില്ല, ബദലില്ല എന്ന്. അതേ ന്യായം തന്നെയാണ് ഇന്ന് ഗീതാ ഗോപിനാഥിനെ പിന്തുണച്ച് ഒടുവിൽ നവലിബറൽ നയങ്ങളെത്തന്നെ പിന്തുണയ്‌ക്കുന്നവരും ഉയർത്തുന്നത്.

നവലിബറലിസം ചെന്നിടത്തെല്ലാം വിതച്ചത് മരണമാണ്. കാർഷികരംഗത്ത് സർക്കാർ നിക്ഷേപവും സബ്‌സിഡികളും വെട്ടിക്കുറയ്‌ക്കുകയും ഗവേഷണം, സാങ്കേതികവിദ്യ, കൃഷിസങ്കേതങ്ങൾ തുടങ്ങിയ മേഖലകളിൽ കർഷകർക്ക് സഹായം നൽകിയിരുന്ന പൊതുസംവിധാനങ്ങളെ ദുർബലപ്പെടുത്തുകയും ബാങ്കുകൾ വഴിയുള്ള‌കാർഷികവായ്‌പയുടെ ലഭ്യത കുറയുകയും ലോക വ്യാപാര സംഘടനയിൽ അംഗമായി ഇന്ത്യ വിപണി തുറന്നുകൊടുത്തതിന്റെ ഫലമായി ഒട്ടനവധി വിളകൾക്ക് വിലത്തകർച്ചയുണ്ടാവുകയും ചെയ്‌തതോടെയാണ് ഇന്ത്യയിൽ കാർഷികരംഗം പ്രതിസന്ധിയിലായത്.

അങ്ങനെ കടക്കെണിയിലായി 1995-നു ശേഷം ആത്മഹത്യ ചെയ്‌ത മൂന്നു ലക്ഷം കർഷകരുടെ രക്തക്കറ പുരണ്ട കൈകളുമായാണ് നവലിബറൽ പരിഷ്‌കർത്താക്കൾ നമ്മെ താലോലിക്കാനെത്തുന്നത്. സദാ ജാഗരൂകരായിക്കുക എന്നതേ മാർഗ്ഗമുള്ളൂ.

(ആശയങ്ങൾക്ക് കടപ്പാട്: വിവിധ ഓൺലൈൻ ഇടങ്ങളിൽ നടന്ന ചർച്ചകൾക്ക്.)