ഒരു ഹ്രസ്വ ജീവചരിത്രം

1966ല്‍ ബര്‍മ്മില്‍ (പുതിയ പേര്‍ മ്യാന്‍മാര്‍) ജനിച്ച മാ തിഡ വൈദ്യശാസ്ത്ര മേഖലയില്‍ പ്രാവീണ്യം നേടിയ സര്‍ജനും എഴുത്തുകാരിയുമാണ്. രണ്ടു നോവലുകളും നിരവധി ചെറുകഥകളും അവര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2002 സെപ്റ്റംബറില്‍ എഴുതിയ ഈ ആഖ്യാനം ബര്‍മ്മയില്‍ പ്രസിദ്ധപ്പെടുത്തിയിട്ടില്ല. ഇംഗ്ളീഷിലേക്കുള്ള പരിഭാഷ അവര്‍ തന്നെ നടത്തി. ബര്‍മ്മയില്‍ ജനാധിപത്യത്തിനും സമാധാനത്തിനും അഹിംസാമാര്‍ഗ്ഗത്തിലുടെ പോരാടുകയും ദണ്ടു ദശാബ്ദത്തിലധികമായി വീട്ടുതടങ്കലില്‍ കഴിയുകയും ചെയ്യുന്ന ആംഗ് സാന്‍ സ്യൂചിയുടെ അനുയായി ആയ മാ തിഡയെ 1993ല്‍ ഇരുപതു വര്‍ഷത്തെ ജയില്‍ ശിക്ഷയ്ക്കു വിധിച്ചു. മാനുഷിക പരിഗണനയുടെ പേരില്‍ അഞ്ചു വര്‍ഷത്തിനു ശേഷം വിട്ടയച്ചു.

കുറച്ചു കാലമായി അമേരിക്കയില്‍ കഴിയുന്ന മാ തിഡയുടെ 'ഹൃസ്വ ജീവചരിത്രം' അവടുത്തെ അയോവാ സര്‍വകലാശാലയുടെ വെബ് സൈറ്റില്‍ അവരുടെ രചനാശൈലിയുടെ മാതൃകയായി കൊടുത്തിട്ടുണ്ട്. 2009 ഒക്ടോബറില്‍ കോവളത്തു വച്ചു നടന്ന സാഹിത്യ സമാരോഹത്തില്‍ അവര്‍ ഇതു വായിക്കുകയുണ്ടായി. പ്രതിരോധ സാഹിത്യത്തിന്റെ നല്ല ഒരു മാതൃകയായി കണ്ടതുകൊണ്ട് അത് മലയാളത്തിലേക്ക് ആക്കാനുള്ള എന്റെ താല്‍പര്യത്തോട് അവര്‍ യോജിക്കുകയും അതിന്റെ പകര്‍പ്പ് എനിക്ക് അയച്ചു തരികയും ചെയ്തു.

1966

ഞാന്‍ ജനിച്ച വര്‍ഷം.

ഇംഗ്ളണ്ടിലെ ലണ്ടനില്‍ വച്ചു നടന്ന ലോക സോക്കര്‍
മത്സരത്തില്‍ ജര്‍മ്മനിയെ 4-2 നു തോല്‍പ്പിച്ചു.

അമേരിക്കന്‍ കവയിത്രി ആഡ്രിയെന്‍ റീഷ് ജീവിതാ-
വശ്യങ്ങള്‍ (Necessities of Life) എന്ന പേരില്‍ തന്റെ
നാലാമത്തെ കവിതാസമാഹാരം പ്രസിദ്ധീകരിച്ചു.

ഇന്ദിരാ ഗാന്ധി കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ പ്രസിഡന്റും
ഇന്ത്യയുടെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയുമായി.

രക്തകലുഷിതമായ ഒരു അട്ടിമറി, തുടര്‍ന്നുണ്ടായ
ആഭ്യന്തര കലാപം ഇവയ്ക്കു ശേഷം ജനറല്‍
സുഹാര്‍ത്തൊ അധികാരത്തിലേറി. ഇന്തൊനേഷ്യന്‍
വനങ്ങള്‍ വിദേശികള്‍ക്കു തുറന്നു കൊടുത്തു. വന്‍-
തോതിലുള്ള വനനശീകരണമായിരുന്നു ഫലം.

1967, '68, '69, '70

എന്റെ അച്ഛനും അമ്മയും എന്റെ ശരീരം, മനസ്സ്
ഹൃദയം ഇവ പരിപോഷിപ്പിച്ചുകൊണ്ടിരുന്നു.
എന്റെ ശരീരം പുഷ്ടി പ്രാപിച്ചു.
എന്റെ മാനസിക നില ഉയര്‍ന്നു.
എന്റെ ഹൃദയം സംസ്കാരത്തിന്റെ ആദ്യ രശ്മികള്‍ ഏറ്റു.

ലാറ്റിന്‍ അമേരിക്കന്‍ ഗ്രന്ഥകര്‍ത്താവ് ഗാബ്രിയെ
ഗാര്‍സിയാ മാര്‍ക്വേസ് തന്റെ ഐതിഹാസിക സംഭാവന
ഏകാന്തതയുടെ നൂറുവര്‍ഷം (One Hundred Years of Solitude) എഴുതിതീര്‍ത്തു.

ദക്ഷിണ ആഫ്രിക്കന്‍ സര്‍ജന്‍ കൃസ്ത്യാന്‍ ബര്‍ണാര്‍ഡ്
ലോകത്തിലാദ്യമായി ഹൃദയപറിച്ചുനടീല്‍ ശസ്ത്രക്രിയ നടത്തി.

അമേരിക്കന്‍ സ്ത്രീകള്‍ വിയറ്റ്നാം യുദ്ധത്തിനെതിരെ പ്രകടനം നടത്തി.

അപ്പോളോ 11 ലെ അമേരിക്കന്‍ ബഹിരാകാശ
വൈമാനികന്‍ നെയ്ല്‍ ആംസ്റ്റ്രോംഗ് ചന്ദ്രന്റെ ഉപരി-
തലത്ത് കാലുകുത്തിയ ആദ്യത്തെ മനുഷ്യനായി.

ഗോള്‍ഡാ മെയ്ര്‍ ഇസ്റയേലിലെ ആദ്യത്തെ വനിതാ
പ്രധാനമന്ത്രി ആയി.

ബ്രിട്ടിഷ്-അമേരിക്കന്‍ വൈദ്യശാസ്ത്ര ഗവേഷകര്‍
ആയിരക്കണക്കിന് എക്സ്-റെ പ്രതിഫലനങ്ങളെ
സംയോജിപ്പിച്ച് ഒരു വിസ്തൃതമായ ചിത്രം തരുന്ന
കാറ്റ് (CAT) സ്കാന്‍ കണ്ടുപിടിച്ചു.

1971, 72, 73, 74, 75, 76, 77, 78, 79, 80, 81, 82, 83,

എന്റെ നിരവധി ജന്മദിനങ്ങള്‍ കടന്നു പോയി.
എന്റെ മുടിയുടെ ജന്മദിനം കണ്ണുകളുടെ ജന്മദിനം
എന്റെ ചെവികളുടെ ജന്മദിനം വായുടെ ജന്മദിനം
എന്റെ തൊണ്ടയുടെ ജന്മദിനം
എന്റെ വലതുകയ്യുടെ ജന്മദിനം ഇടതുകയ്യുടെ ജന്മദിനം
എന്റെ ശരീരത്തിന്റെ ജന്മദിനം കാലുകളുടെ ജന്മദിനം
എന്റെ മനസ്സിന്റെ ജന്മദിനം ഹൃദയത്തിന്റെ ജന്മദിനം

ജോര്‍ദാന്‍ സ്ത്രീകള്‍ക്കു വോട്ടവകാശം ലഭിച്ചു.

ലോകജനസംഖ്യ നാലു ബില്യണ്‍ കടന്നു.

141 രാജ്യങ്ങളില്‍ നിന്നു ഏതാണ്ട് 2000 പ്രതിനിധികള്‍
പങ്കെടുക്കുന്ന അന്തര്‍ദേശീയ വനിതാവര്‍ഷം ബര്‍ലിനില്‍ തുടങ്ങി.

തൊഴില്‍ മന്ത്രി റ്റീനാ അന്‍സല്‍മി ഇറ്റാലിയന്‍
കാബിനറ്റിലെ ആദ്യത്തെ വനിത ആയി.

മാര്‍ഗററ്റ് താച്ചര്‍ ഗ്രേറ്റ് ബ്രിട്ടനിലെ പ്രഥമ വനിതാ
പ്രധാനമന്ത്രി ആയി.

ഗര്‍ഭപാത്രത്തിനു വെളിയില്‍ ബീജസംയോജനം
നടത്തി ജനിപ്പിച്ച ആദ്യത്തെ കുഞ്ഞ് പിറന്നു.

വസൂരി നിര്‍മ്മാര്‍ജനം ചെയ്യപ്പെട്ടു എന്നു
ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു.

ഇന്റ്ര്‍നെറ്റ് കണ്ടുപിടിക്കപ്പെട്ടു.

1984

മാ തിഡാ (സാഞ്ച്വാംഗ്) ജനിച്ചു

ഇന്ത്യയില്‍ ഭോപ്പാലില്‍ യൂണിയന്‍ കാര്‍ബൈഡിന്റെ
ഒരു രാസപദാര്‍ത്ഥ സ്ഥാപനത്തില്‍ പൊട്ടിത്തെറി 3300
പേരെ കൊല്ലുകയും ആയിരക്കണക്കിനാളുകളെ ഗുരു-
തരമായി പരിക്ക് ഏല്‍പ്പിക്കുകയും ചെയ്തു.

അമേരിക്കന്‍ ഗവേഷകന്‍ ഗല്ലോയും ഫ്രഞ്ചു ഗവേഷ-
കന്‍ ലൂക്ക് മോണ്ടാഗ്നിയെറും എച്ച്.ഐ.വി എന്ന്
പിന്നീട് അറിയപ്പെട്ട വൈറസിനെ കണ്ടുപിടിച്ച വിവരം
പ്രഖ്യാപിച്ചു.

പില്‍ക്കാലത്ത് കേപ്പ് ടൌണിലെ ആര്‍ച്ച് ബിഷപ്പ് ആയ
ദക്ഷിണ ആഫ്രിക്കന്‍ ആംഗ്ളിക്കന്‍ പള്ളി തലവന്‍

ഡെസ്മണ്ട് തുതുവിന് അപ്പാര്‍ത്തൈഡിനു എതിരായ
ദേശീയ പ്രക്ഷോഭണങ്ങള്‍ക്ക് നേതൃത്വം
കൊടുത്തതിനു നോബല്‍ സമ്മാനം ലഭിച്ചു.

1985, 86, 87.

എന്റെ വലതു കയ്യ്, നാക്ക്, ഹൃദയം ഇവ പേജുകളില്‍ പുനര്‍-ജനിച്ചു.
എന്റെ വലതുകയ്യ് പ്രകടമായി വളര്‍ന്നു, നാക്കിനു
വാക്ക്-വൈഭവം വര്‍ദ്ധിച്ചു, ഹൃദയം എപ്പോഴും ഊഷ്മളമായിരുന്നു.
എന്റെ തലച്ചോറ്, വലതുകയ്യ്, നാവ് ഇവ ആശുപത്രികളില്‍ പുനര്‍ജനിച്ചു.
എന്റെ തലച്ചോറ് പ്രകടമായി വളര്‍ന്നു, വലതു കയ്യ്
എപ്പോഴും ചലനാത്മകമായി, നാവ് സദാ ഊഷ്മളവും.

നൈജീറിയന്‍ നാടകകൃത്തും നോവലെഴുത്തുകാരനു-
മായ വോള്‍ സോയിങ്കാ സാഹിത്യത്തിനുള്ള നോബല്‍
സമ്മാനത്തിനര്‍ഹനായി.

സോവിയറ്റ് യുക്രെയിനിലെ ഷെര്‍നോബിലില്‍
അറ്റോമിക്ക് റിയാക്ടറിലുണ്ടായ ഉണ്ടായ അപകടം
യുദ്ധേതര ന്യൂക്ളിയര്‍ ഊര്‍ജ്ജമേഖലയിലുണടായിട്ടുള്ള
ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായി.

1988-89

ഞാന്‍ എന്നെത്തന്നെ ജീവിപ്പിച്ചു.
എന്റെ വലതുകയ്യ്, നാവ്, തലച്ചോറ്, ഹൃദയം ഇവയുടെ
പ്രവര്‍ത്തനം നിലച്ചു, നിശ്ചേതനമായി, കരഞ്ഞു കൊണ്ടിരുന്നു.
ആദ്യത്തെ എന്നില്‍ നിന്നു ഒരു പുതിയ 'ഞാന്‍' ജനിച്ചു

ബ്രസീലില്‍ ആമസോണ്‍ വനനശീകരണം അതിന്റെ
ഉച്ചകോടിയില്‍ എത്തി, അന്തര്‍ദേശീയ ഉത്കണ്ഠ ആകര്‍ഷിച്ചു.

ബേനസീര്‍ ഭൂട്ടോ പാകിസ്ഥാന്‍ പ്രധാനമന്ത്രി ആയി

1990

ഡോക്ടര്‍ മാ തിഡയെ ഞാന്‍ ജനിപ്പിച്ചു.
ഞാന്‍ കുറേശ്ശെ ദുര്‍ബലയായി.
എന്റെ വലതു കയ്യുടെ വികസനം നിലച്ചു, നാവില്‍
നിന്നുള്ള ഭാഷാപ്രവാഹം ഇല്ലാതായി, ഹൃദയം തിളയ്ക്കാന്‍ തുടങ്ങി.
എന്റെ തലച്ചോറ് വികസിച്ചില്ല, വലതു കയ്യ്
പ്രവര്‍ത്തനരഹിതമായി, നാവ് നീറി തുടങ്ങി.
'എന്റെ' ചില ഭാഗങ്ങള്‍ മരിച്ചു.
എന്റെ ശരീരഭാഗങ്ങളുടെ ശവസംസ്ക്കാര ചടങ്ങില്‍
പങ്കെടുക്കാന്‍ എനിക്കു അവസരമുണ്ടായി.
ഞാന്‍ ചുവന്നറോസാ പുഷ്പങ്ങള്‍ അര്‍പ്പിച്ചില്ല.
മെഴുകുതിരി കത്തിച്ചില്ല,എന്റെ ചിത്രം പ്രദര്‍ശിപ്പിച്ചില്ല.
മറ്റു ശവസംസ്ക്കാരങ്ങളില്‍ എന്ന പോലെ നിശ്ശബ്ദയായിരുന്നു.

ലോക ജനസംഖ്യ അഞ്ചു ബില്യണ്‍ കവച്ചു വച്ചു.

സൌദി അറേബിയയില്‍ റിയാദില്‍ സ്ത്രീകള്‍, തങ്ങള്‍
മോട്ടോര്‍ വാഹനങ്ങള്‍ ഓടിക്കുന്നതിനെതിരയുള്ള
നിയമങ്ങള്‍ നിഷേധിച്ച് കാറ് ഓടിച്ചു.

വിയലെറ്റാ ബാരിയോസ് ദ് ഷാര്‍മാരോ നിക്കാറുഗ്വന്‍
പ്രസിഡന്റായി തിരഞ്ഞടുക്കപ്പെട്ടു.

1991, 92

എന്റെ ശരീരഭാഗങ്ങളില്‍ ചിലവ മരിച്ചുകൊണ്ടിരുന്നു.
ഞാന്‍ അവയുടെ ശവസംസ്കാരത്തില്‍ പങ്കുകൊണ്ടു.
ചുവന്ന റോസാപുഷ്പങ്ങള്‍ അര്‍പ്പിച്ചില്ല.
മെഴുകുതിരി കത്തിച്ചില്ല.
എന്റെ ചിത്രം പ്രദര്‍ശിപ്പിച്ചുമില്ല.
മറ്റു സംസ്ക്കാരചടങ്ങുകളിലെന്നപോലെ ഞാന്‍
എന്റെ നാണം നിറഞ്ഞ മനസ്സിനെ നെഞ്ചിനു മുന്നില്‍
വിലങ്ങനെ വച്ച കൈകള്‍ കൊണ്ടു മറച്ഛു.

ഇന്ത്യ, പകീസ്ഥാന്‍, ബംഗ്ളദേശ് ഇവിടങ്ങളില്‍ ഹിന്ദു-
മുസ്ളിം സംഘട്ടനങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു.

എര്‍വിന്‍ നെഹര്‍, ബെര്‍ട്ട് സാക്മാന്‍ എന്നീ രണ്ടു
ജര്‍മ്മന്‍ ശരീരകോശ വിദഗ്ധര്‍ വൈദ്യശാസ്ത്ര-
ത്തിനുള്ള നോബല്‍ സമ്മാനം നേടി.

ചിലര്‍ക്ക്സമ്മാനം ലഭിച്ചു,ചിലര്‍ പ്രാര്‍ഥനകള്‍ നേര്‍ന്നു
ചിലരുടെ ആഗ്രഹങ്ങള്‍ സഫലമായില്ല.

1993

ഞാന്‍ താല്‍ക്കാലികമായി മരിച്ചു.
എന്റെ മുടിയുടെ ശവസംസ്ക്കാരം.
പോണി പോണിടെയ്ലിനു വിധേയമാകാതെ
വതന്ത്രമായി പറന്നിരുന്ന മുടിയെ കറുത്ത
ഹെയര്‍ ബാന്‍ഡുകൊണ്ടു ബന്ധിച്ചു.
എന്റെ കണ്ണുകളുടെ ശവസംസ്ക്കാരം.
ദൂരക്കാഴ്ചയുള്ള, വിസ്തൃത വീക്ഷണമുള്ള എന്റെ
കണ്ണുകള്‍ ഇമകള്‍ മാത്രം കാണാവുന്നവയായി ചുരുങ്ങി.
എന്റെ ചെവികളുടെ ശവസംസ്ക്കാരം.
കമ്മലുകളേക്കാള്‍ വിജ്ഞാനവും വിവരവും

ഇഷ്ടപ്പെട്ടിരുന്ന എന്റെ ചെവികള്‍ 'നിങ്ങള്‍ക്ക്
സുഖമല്ലേ?' എന്ന ശബ്ദങ്ങള്‍ക്കായി സ്ക്രൂ ചെയ്യപ്പെട്ടു.
എന്റെ വായുടെ ശവസംസ്ക്കാരം.
മാധുര്യവും സുഖവും തരുന്ന വാക്കുകളേക്കാള്‍
അര്‍ത്ഥവത്തും ശരിയുമായവ ഇഷ്ടപ്പെട്ടിരുന്ന
വായ് അരച്ചമര്‍ത്തുന്ന പല്ലുകളുടെയും
കടിച്ചമര്‍ത്തുന്ന ചുണ്ടുകളുടെയും പാരമ്പര്യത്താല്‍ നിശ്ശബ്ദമായി.

എന്റെ വലതു കയ്യുടെ ശവസംസ്ക്കാരം.
മനസ്സും ഹൃദയവും ശാരീരികമായി
പ്രതിഫലിപ്പിക്കുന്ന എന്റെ വലതുകയ്യ് നെറ്റിയും
കഴുത്തും തടവി തടവി ക്ഷീണിച്ചു.
എന്റെ ഇടതു കയ്യുടെ ശവസംസ്ക്കാരം.
പ്രായമായവരെ തുണയ്ക്കാനും ചെറുപ്പക്കാരെ
സഹായിക്കാനും സദാ സന്നദ്ധമായിരുന്ന എന്റെ
എന്റെ ഇടതു കയ്യ് തുടര്‍ച്ചയായി മുട്ടുകളിന്മേല്‍
വിശ്രമിക്കാന്‍ എന്ന പോലെ ഒരിരുപ്പിലായി.
എന്റെ ശരീരത്തിന്റെ ശവസംസ്ക്കാരം.
തുറന്ന മാറിടവും മുകളിലേക്കുള്ള വീക്ഷണവും
ഉണ്ടായിരുന്ന എന്റെ ശരീരം തുടര്‍ച്ചയായി ദിനരാത്ര-
ങ്ങള്‍ നിശ്ചലമായി കിടന്നതിന്റെ ഫലമായി അമര്‍ത്തപ്പെട്ടു.
എന്റെ കാലുകളുടെ ശവസംസ്ക്കാരം.
ചക്രവാളത്തോളം നടക്കാന്‍ ശ്രമിച്ച എന്റെ കാലുകള്‍
അടഞ്ഞ വൃത്തത്തില്‍ ഓടി തളര്‍ന്നു.

> എന്റെ മനസ്സ്
> എന്റെ ഹൃദയം
> ഒരിക്കലും മരിക്കില്ല.
> ഒരിക്കലും മരിക്കില്ല.

ഞാന്‍ ഒരിക്കലും എന്റെ മനസ്സിന്റെയും
ഹൃദയത്തിന്റെയും ശവസംസ്ക്കാരത്തില്‍ പങ്കെടുക്കുകയില്ല.

ടോണി മോറിസണ്‍ നോബല്‍ സമ്മാനത്തിന്
അര്‍ഹയാകുന്ന ആദ്യത്തെ ആഫ്രിക്കന്‍ അമേരിക്കന്‍ എഴുത്തുകാരിയായി.

ടൊന്‍സു സില്ലര്‍ ടര്‍ക്കിയിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രി ആയി.

ആകുലത നിറഞ്ഞ നാല്‍പതു വര്‍ഷങ്ങള്‍ക്കു ശേഷം
ചൈനയിലെ യാന്‍ത് സെ നദിയില്‍ ലോകത്തിലെ
ഏറ്റവും വലിയ അണക്കെട്ട് ആയ Three Gorges പണിഞ്ഞു.

1995.

എന്റെ ജന്മദിനം ഞാനില്ലാതെ, ഞാന്‍ ഒരിക്കലും
അറിഞ്ഞിട്ടില്ലാത്ത, ധാരാളം പേര്‍ ചേര്‍ന്നു ആഘോഷിച്ചു.
ഞാന്‍ പതുക്കെ മരിക്കുകയും ക്രമേണ പുനജനിക്കുകയും ചെയതു.
ഞാന്‍ എന്റെ ശവസംസ്ക്കാരത്തില്‍ പങ്കെടുത്തു.
ഞാനില്ലാതെ എന്റെ ജന്മദിനം ആഘോഷിക്കപ്പെട്ടു.
ഐക്യരാഷ്ട്രസഭയുടെ നാലാമത്തെ ലോകവനിതാ
കോണ്ഗ്രസ്സ് ചൈനയില്‍ ബീജിംഗില്‍ ചേര്‍ന്നു.

ഷിക്കാഗോയിലെ ആര്‍ട്ട് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ക്ളോഡ്
മൊണെയുടെ ചിത്രപ്രദര്‍ശനം 965,000 പേര്‍ കണ്ടു.

അമ്ളമഴ കാരണം പോളണ്ടില്‍ 82 ശതമാനം വനങ്ങള്‍ തകര്‍ന്നു.

1996, 97, 98

എന്നെ ലോകം വീണ്ടും ദത്തെടുത്തു
ഞാന്‍ അപ്പോഴും എന്റെ ശവസംസ്ക്കാരത്തില്‍ പങ്കെടുത്തു.
എന്റെ ദത്തെടുക്കല്‍ ആഘോഷം ഞാനില്ലാതെ നടന്നു.

കിഴക്കന്‍ തിമോറിലെ റോമന്‍ കത്തോലിക്കാ ബിഷപ്പ്
കാര്‍ലോസ് ഫെലിപ്പ് സ്കിമെന്‍സ് ബെലോ
അഹിംസാ മാര്‍ഗ്ഗത്തിലുടെ അന്തര്‍ദേശീയ ശ്രദ്ധ
അവിടേയ്ക്ക് ആകര്‍ഷിച്ചതിനും ഇന്തൊനേഷ്യായില്‍
നിന്ന് വിമോചനം നേടിയതിനും സമാധാനത്തിനുള്ള
1996ലെ നോബല്‍ സമ്മാനത്തിന് അര്‍ഹനായി.

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണകൂടം
സ്ത്രീകള്‍ വിദ്യാഭ്യാസം നേടുന്നതിനും വീട്ടിനു
പുറമെ ഉദ്യോഗങ്ങളില്‍ ഏര്‍പ്പെടുന്നതിനുമെതിരെ
കര്‍ശനനിരോധനം ഏര്‍പ്പെടുത്തി.

1999

ഞാന്‍ പുനര്‍ജനിച്ചു , എന്നാലും ചില
ശവസംസ്സ്ക്കാരങ്ങളില്‍ പങ്കുകൊണ്ടിരുന്നു.
രണ്ടു ചരടുകള്‍ കൂട്ടി ചേര്‍ക്കുമ്പോള്‍ ഒരു കെട്ടുകാണും.
എന്റെ മുടി, കണ്ണുകള്‍, ചെവികള്‍, തൊണ്ട, ശരീരം,
ഇവ പുനര്‍ജനിക്കപ്പെട്ടു.
എന്റെ ശരീരഭാഗങ്ങളില്‍ ചിലവയുടെ ശവസംസ്സ്ക്കാ-
രത്തില്‍ ഞാന്‍ പങ്കുകൊണ്ടേയിരുന്നു.

AIDS എന്ന വ്യാധി ആഫ്രിക്കയില്‍ വ്യാപകമായി.
ദിനംപ്രതി ഏതാണ്ട് 9400 പേര്‍ ഈ രോഗത്തിന്റെ
വൈറസിനു വിധേയരാകുന്നു എന്നാണ് പത്രവാര്‍ത്തകള്‍.

മിറെയാ മോസ്കൊസോ പനാമായിലെ ആദ്യത്ത
വനിതാ പ്രസിഡന്റായി, അമേരിക്കന്‍ ഐക്യനാടുകള്‍
പനാമാ കനാല്‍ കൈമാറുന്നതിനു സാക്ഷ്യം വഹിച്ചു.

എലിസബത്ത് ഡോള്‍, റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ത്ഥിയായി
അമേരിക്കന്‍ പ്രസിഡന്റു സ്ഥാനത്തേക്കു
മത്സരിക്കാനുള്ള സാധ്യത ആരായാന്‍ റെഡ് ക്രോസ്സ്
പ്രസിഡന്റു സ്ഥാനം രാജി വച്ചു.

1999, 2000, 2001

ഡോക്ടര്‍ മാ തിഡയുടെ ദിവസങ്ങള്‍ കുറെശ്ശെ,
കുറെശ്ശെയായി പുനരുദ്ധരിക്കപ്പെട്ടു.
എന്റെ മുടി, കണ്ണുകള്‍, ചെവികള്‍, തൊണ്ട, ഇടതുകയ്യ്,
ശരീരം, കാലുകള്‍, ഇവ പുനര്‍ജനിച്ചു.
കണ്ണുകള്‍ വിദൂരത്തേക്കു പോയി, നാവ് ചുറ്റിക്കറങ്ങി,
തൊണ്ട ശര്‍ദ്ദി തോന്നിപ്പിക്കുന്നതിനെ ഇറക്കാന്‍
വിസമ്മതിച്ചു. കയ്യുകള്‍ പ്രായമായവരെ തുണച്ചു,
ചെറുപ്പക്കാരെ സഹായിച്ചു, സര്‍ഗ്ഗവാസന ഉള്ളവരുമായി കൂട്ടുകൂടി.
എന്നാലും ഞാന്‍ എന്റെ ശവസംസ്ക്കാരചടങ്ങില്‍ പങ്കുകൊണ്ടു.
ചുവന്ന റോസാപുഷ്പങ്ങള്‍ അര്‍പ്പിച്ചില്ല.
മെഴുകുതിരി കത്തിച്ചില്ല.
ഛായാചിത്രം പ്രദര്‍ശിപ്പിച്ചില്ല.

y2k ലോകത്തെ നടുക്കി.

ജപ്പാന്‍ ദ്വീപായ അവാജിയെ മറ്റൊരു വന്‍ദ്വീപായ
ഹോണ്‍ഷുവിലെ കോബ് നഗരവുമായി ബന്ധിപ്പിക്കുന്ന
ആകാഷി കെയ്കൊ പാലം യാത്രക്കാര്‍ക്കായി തുറന്നു
കൊടുത്തു. 3911 മീറ്റര്‍ (12831 അടി) ദൈര്‍ഘ്യമുള്ള
ഈ പാലം ലോകത്തിലെ ഏറ്റവും നീളമുള്ള തൂക്കു-
പാലമാണ്.

ഒസാമാ ബിന്‍ ലാദന്‍ കെട്ടിപ്പടുത്ത അല്‍ ക്വെയ്ദാ
എന്ന അന്തര്‍ദേശീയ ആതങ്കവാദി കൂട്ടായ്മ ന്യൂ-
യോര്‍ക്കിലെ ലോക വ്യാപാര കേന്ദ്രം തകര്‍ത്തു. 3047
പേര്‍ കൊല്ലപ്പെട്ടു. 3152 കുട്ടികള്‍ അനാഥരായി.
കൊല്ലപ്പെട്ടവരില്‍ വളരെ അധികം പേരുടെ ജഡം
കണ്ടുകിട്ടിയില്ല. നിരവധി വിദേശികള്‍, പോലിസ്,
അഗ്നിശമനജോലിക്കാര്‍, രക്ഷാപ്രവര്‍ത്തനത്തില്‍
ഏര്‍പ്പെട്ടിരുന്ന വൈദ്യമേഖലാസേവകര്‍ എന്നിങ്ങനെ-
യുള്ളവരും മരിച്ചവരില്‍ പെട്ടു.

തുടര്‍ച്ചയായി ശവസംസ്ക്കാരങ്ങള്‍,
വളരെ വലിയ ശവസംസ്ക്കാരങ്ങള്,
പുഷ്പങ്ങളുടെ വലിയ പരവതാനി,
കറുപ്പ്-വെള്ള നിറമുള്ള പുഷ്പങ്ങളുടെ
കുലകള്‍, ബൊക്കെകള്‍, പൂക്കൂടകള്‍.
എണ്ണമറ്റ മെഴുകുതിരികള്‍,
പടങ്ങള്‍, ഛായാചിത്രങ്ങള്‍,
എവിടെയും കണ്ണുനീര്‍, ഏങ്ങലുകള്‍, ദു:ഖം.
ദുര്‍ബലമായ വിരലുകളും ശരീരവും ദൈന്യത
നിറഞ്ഞ കാലുകളും വേദനയില്‍ മുഴുകിയ
ശവസംസ്ക്കാരത്തിനു സാക്ഷിയായി.
ശവപ്പെട്ടിയുടെ മുകളില്‍ ദേശീയപതാക,
അപാര അനുകമ്പ, അധികാരികളുടെ ശക്തമായ
പിന്തുണ, മരിച്ചവരുടെ ബന്ധുക്കളുമായി മുഖാമുഖം,
കാണാതായവരെപ്പറ്റിയുള്ള വിവരങ്ങള്‍,
പദ്യശകലങ്ങള്‍, ഇവ നിറഞ്ഞ പത്രങ്ങള്‍.
അവര്‍ക്കു സ്വന്തം ശവസംസ്ക്കാരത്തില്‍
പങ്കെടുക്കേണ്ടി വന്നില്ല.
അവരുടെ ശവസംസ്ക്കാരം അവര്‍ ഒരിക്കലും
അറിഞ്ഞിട്ടില്ലാത്ത വിശ്വപൌരരുടെ സാന്നിദ്ധ്യത്തില്‍
നടന്നു. അവയില്‍ അവരുടെ ജന്മദിന
ആഘോഷങ്ങളേക്കാള്‍ വലിയ ജനക്കൂട്ടം പങ്കു ചേര്‍ന്നു.
അവരില്‍ അധികം പേരും നേതാക്കളല്ലായിരുന്നു,
വെറും സാധാരണക്കാര്‍.
ഒന്നും അറിയാതെ മരിച്ചവരായിരുന്നു അധികം പേരും.
വിശ്വപൌരര്‍ അവരുടെ ജഡം അടക്കി. അവര്‍ ആതങ്ക-
വാദത്തിന്റെയും ഹിംസയുടെയും ഫലത്തിന്
മൃതസാക്ഷികളായി.
അവരുടെ ശവസംസ്ക്കാരം ലോകപ്രസിദ്ധമായി.
അവരുടെ ജീവന്‍ നഷ്ടമായി.
ഇനി എല്ലാ വര്‍ഷവും അവരുടെ മരണം ലോകത്തിന്റെ
മുന്നില്‍ സമാധാനത്തിന്റെ മൂല്യത്തെപ്പറ്റിയുള്ള
ഓര്‍മ്മക്കുറിപ്പാകും.
നാവും കൈകളും ജീവനോടെ തന്നെയിരുന്നു, അവരുടെ ശരീരം മരിച്ചുവെങ്കിലും.
അവര്‍ വാസ്തവത്തില്‍ മരിച്ചില്ല.

2002

മാ തിഡ സാഞ്ച്വാംഗ്, എന്റെ തൂലികാനാമം ഏതാണ്ട്
മുഴുവനായി ജനിച്ചു.
എന്റെ മുടി, കണ്ണുകള്‍, ചെവികള്‍,തൊണ്ട, ഇടതുകയ്യ്,
ശരീരം, കാലുകള്‍ എല്ലാം പുനര്‍ജനിച്ചു.
കണ്ണുകള്‍ വിദൂരത്തേക്കു പോയി, നാവ് ചുറ്റക്കറങ്ങി,
തൊണ്ട ശര്‍ദ്ദി തോന്നിപ്പക്കുന്നവയെ ഇറക്കാന്‍
വിസമ്മതിച്ചു. ഇടതുകയ്യ് പ്രായമായവരെ തുണച്ചു,
ചെറുപ്പക്കാരെ സഹായിച്ചു, സര്‍ഗ്ഗവാസന
ഉള്ളവരുമായി ചേര്‍ന്നു, ശരീരം കിടങ്ങുമാതിരി
കിടന്നു കൊടുത്തു, ശരീരം മുപ്പത്തിയാറു ഡിഗ്രി
ദിശയിലേക്ക് ഓടി.
പക്ഷെ, ഞാന്‍ എന്റെ ശവസംസ്ക്കാരത്തില്‍ പങ്കു
കൊള്ളുകയായിരുന്നു.
എന്റെ വലതു കയ്യും നാവും പുനര്‍-
ജനിച്ചിട്ടില്ലായിരുന്നു.
ഇതുവരെ ചുവന്ന റോസാപുഷ്പങ്ങള്‍ അര്‍പ്പിച്ചിട്ടില്ല.
മെഴുകുതിരി കത്തിച്ചില്ല.
ഛായാചിത്രം പ്രദര്‍ശിപ്പിച്ചില്ല.

ബിന്‍ ലാദന്‍ അറസ്റ്റു ചെയ്യപ്പെട്ടില്ല.
ആതങ്കവാദം അവസാനിച്ചില്ല.
ലോകതാപം തുടരുന്നു.

---------

**(വിവര്‍ത്തനം. ഡോ. കെ. ശാരദാമണി.)**