ബജറ്റ് അവലോകനം: ചൂഷിതവിഭാഗങ്ങള്‍ക്ക് നേരെയുള്ള തുറന്ന ആക്രമണം

(2016-17 വര്‍ഷത്തേക്കുള്ള കേന്ദ്ര ബജറ്റ് 2016 ഫെബ്രുവരി 29-ന് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലി ലോകസഭയില്‍ അവതരിപ്പിക്കുകയുണ്ടായി. പ്രസ്തുത ബജറ്റിനെ സംബന്ധിച്ച് സി.പി.ഐ. (എം) പുറത്തിറക്കിയ പത്രക്കുറിപ്പിന്റെ മലയാള പരിഭാഷ കൂടുതല്‍ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കുമായി പ്രസിദ്ധീകരിക്കുന്നു.)

ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തി‌ല്‍, ആഭ്യന്തര ഡിമാന്‍ഡ് വര്‍ദ്ധിപ്പിക്കുവാനുള്ള നടപടികള്‍ക്ക് ആക്കം കൂട്ടുകയായിരുന്നു ബജറ്റില്‍ വേണ്ടിയിരുന്നത്. എന്നാല്‍ സങ്കോചമുണ്ടാക്കുന്ന പ്രതിലോമകരമായ നയങ്ങള്‍ അതേപടി പിന്തുടരുകയാണ് ഈ ബജറ്റില്‍. അസമത്വവും തൊഴിലില്ലായ്മയും രൂക്ഷമാക്കുന്നതിലേക്കും കയറ്റുമതിയില്‍ ഇടിവ് വരുത്തുന്നതിലേക്കും ഇത് നയിക്കും. ഗ്രാമങ്ങളിലെയും കാര്‍ഷികമേഖലയിലെയും പ്രതിസന്ധി വര്‍ദ്ധിപ്പിക്കുവാനും, വ്യാവസായികോല്പാദനം ക്ഷയിപ്പിക്കുവാനും, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും മറ്റ് അനേകം സേവനങ്ങളും മന്ദീഭവിക്കുവാനും ഈ ബജറ്റ് ഇടയാക്കും.

ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ചയെ സംബന്ധിച്ചുള്ള ഗവണ്‍മെന്റിന്റെ അവകാശവാദങ്ങള്‍ പൊള്ളയാണെന്നാണ് 2015-2016 വര്‍ഷത്തെ വരുമാനക്കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് മതിപ്പില്‍ നിന്നും വളരെ കുറവാണ് കോര്‍പറേറ്റ്, വ്യക്തിഗത ആദായ നികുതികളില്‍ നിന്നുള്ള വരുമാനം. ഏകദേശം 46000 കോടി രൂപ വരുമിത്. 2015-2016 വര്‍ഷത്തില്‍ വിവിധ സംസ്ഥാനങ്ങള്‍ക്ക് വാഗ്ദാനം ചെയ്തിട്ടുള്ള കേന്ദ്ര നികുതി വകയിരുപ്പിനെയും ഇത് സാരമായി ബാധിച്ചിട്ടുണ്ട്. വാഗ്ദാനം ചെയ്യപ്പെട്ട തുകയേക്കാള്‍ കുറവാണ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രത്തില്‍ നിന്നും ലഭിച്ചത്. എക്സൈസ് ഡ്യൂട്ടി വര്‍ദ്ധിപ്പിച്ചത് വഴിയാണ് ധനക്കമ്മി കുറച്ചു കൊണ്ടു വരുവാന്‍ സര്‍ക്കാരിന് സാധിച്ചത്. ഏകദേശം 54000 കോടി രൂപ ഈ വിധത്തില്‍ അധികമായി സമാഹരിക്കുവാനിടയായി. ആഗോള എണ്ണവിലയില്‍ ഉണ്ടായ കുറവിന്റെ ആനുകൂല്യം ജനങ്ങള്‍ക്ക് നല്‍കാതെ എക്സൈസ് ഡ്യൂട്ടി വര്‍ദ്ധിപ്പിച്ചത് മൂലമാണ് ഇത് സാധ്യമായത്.

ധനികര്‍ക്ക് ലാഭമുണ്ടാക്കുന്ന പ്രത്യക്ഷ നികുതി നിര്‍ദ്ദേശങ്ങള്‍ 1060 കോടി രൂപയുടെ വരുമാനക്കുറവിന് ഇടയാക്കും. ഉപഭോക്താക്കള്‍ക്ക് അധിക ബാധ്യതകള്‍ക്ക് ഇടയാക്കുന്ന ബജറ്റിലെ പരോക്ഷ നികുതി നിര്‍ദ്ദേശങ്ങള്‍ 20670 കോടി രൂപയുടെ അധിക വരുമാനത്തിനുമിടയാക്കും. ഇത് തന്നെ 11% ജിഡിപി വര്‍ദ്ധനയുണ്ടാകുമെന്ന പ്രതീക്ഷയിലാണ്. പക്ഷെ കഴിഞ്ഞ വര്‍ഷം സമാനമായ തോതിലുള്ള വളര്‍ച്ചാ നിരക്ക് പ്രതീക്ഷയില്‍ മാത്രം ഒടുങ്ങുകയാണുണ്ടായത്. നികുതി വെട്ടിപ്പുകാര്‍ക്ക് പ്രയോജനങ്ങള്‍ ഉണ്ടാക്കുന്ന പൊതുമാപ്പ് പദ്ധതികള്‍ കൂടുതല്‍ പ്രഖ്യാപിക്കുന്നത് വഴി നികുതി അച്ചടക്കത്തെ സംബന്ധിച്ചിടത്തോളം തലതിരിഞ്ഞ സൂചനകളാണ് ധനകാര്യ മന്ത്രി നല്‍കിയിരിക്കുന്നത്.

പെന്‍ഷന്‍-പ്രൊവിഡന്റ് ഫണ്ടുകള്‍ പിന്‍വലിക്കുമ്പോള്‍ 60 ശതമാനത്തോളം തുകയ്ക്ക് നികുതി ഈടാക്കുമെന്നാണ് ധനകാര്യ മന്ത്രി പറയുന്നത്! ചരിത്രത്തിലാദ്യമായിട്ടാണ് ഇങ്ങനെ ഒരു നിര്‍ദ്ദേശം. ഇതിന്റെ ഫലമായി തൊഴിലാളികളും ശമ്പളമുള്ള മധ്യവര്‍ഗവും ഇനി മുതല്‍ തങ്ങളുടെ സ്വന്തം സമ്പാദ്യം പിന്‍വലിക്കുമ്പോള്‍ നിര്‍ദ്ദിഷ്ട നികുതിയുടെ ഭാരം കൂടി ചുമക്കേണ്ടി വരും.

ധനക്കമ്മി വീണ്ടും കുറയ്ക്കുക എന്ന നിര്‍ബന്ധബുദ്ധിയോട്കൂടി, കേന്ദ്ര ഗവണ്‍മെന്റിന്റെ ചിലവുകളും ജിഡിപിയുമായിട്ടുള്ള അനുപാതം ഇനിയും വെട്ടിച്ചുരുക്കണമെന്ന് ധനകാര്യ മന്ത്രി നിര്‍ദ്ദേശിച്ചിരിക്കുകയാണ്. ചില തലങ്ങളില്‍ ചെലവു വര്‍ധനയുണ്ട് എന്ന് അവകാശവാദങ്ങള്‍ നിലനില്ക്കുന്നുണ്ടെങ്കില്‍ തന്നെയും, മറ്റ് ചില തലങ്ങളില്‍ സമാന്തരമായ വെട്ടിച്ചുരുക്കലുകളുമുണ്ട്. ബജറ്റിലെ കാര്‍ഷിക മേഖലയിലേക്കുള്ള വകയിരുത്തല്‍ പ്രധാനമായും ബാങ്കുകള്‍ക്കും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കുമുള്ളവയാണ്. ഇവ കര്‍ഷകര്‍ക്ക് ഗുണമുള്ള ഒന്നല്ല. അടിസ്ഥാനസൗകര്യങ്ങളുടെ വികസനത്തിന് വന്‍തോതില്‍ പിന്തുണ നല്‍കുന്നുവെന്നാണ് അവകാശമെങ്കിലും 2015-16 കാലഘട്ടത്തിലെ മൂലധനച്ചെലവ് ബജറ്റില്‍ പ്രഖ്യാപിച്ചതിനേക്കാള്‍ താഴെ ആയിരുന്നു. എന്ന് മാത്രമല്ല, 2016-17 കാലഘട്ടത്തില്‍ വകയിരുത്തിയ തുക മുന്‍വര്‍ഷത്തെ അതേ തലത്തില്‍ തന്നെ നിലനിര്‍ത്തിയിരിക്കുകയുമാണ്. അതായത്, നാണയപ്പെരുപ്പം കൂടി കണക്കിലെടുക്കുമ്പോള്‍ ഈ തുക കുറവാണ് എന്ന് മാത്രവുമല്ല, ജിഡിപിയുടെ 1.8 ശതമാനമായിരുന്ന മൂലധനച്ചെലവ്, 1.6 ശതമാനമായി കുറയ്ക്കുകയാണു ചെയ്തിരിക്കുന്നത്.. ഭക്ഷണത്തിനും വളത്തിനും നീക്കി വച്ച സബ്സിഡി തുകകളില്‍, യഥാക്രമം 5000 കോടി രൂപയുടെയും 2000 കോടി രൂപയുടെയും കുറവുകള്‍ ഉണ്ടായിട്ടുണ്ട്. മൊത്തം പദ്ധതിച്ചെലവിന്റെ 8.6 ശതമാനം ആയിരിക്കേണ്ട ആദിവാസി ഉപപദ്ധതികള്‍ക്കുള്ള പങ്ക് ഇപ്പോള്‍ വെറും 4.4% മാത്രമാണ്. അതായത് 24000 കോടി രൂപയുടെ കുറവ്. ന്യൂനപക്ഷക്ഷേമത്തിനുള്ള വകയിരുത്തിയ തുകയിലും, ഇക്കാലയളവിലുള്ള നാണയപ്പെരുപ്പം കണക്കിലെടുക്കുമ്പോള്‍, ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. സാര്‍വത്രികവല്‍കരിക്കണം എന്ന സുപ്രീം കോടതി നിര്‍ദ്ദേശമുള്ളപ്പോഴാണ് ICDS-നുള്ള പങ്ക് 1500 കോടി രൂപയോളം വെട്ടിക്കുറച്ചിട്ടുള്ളത്. സുപ്രീംകോടതി നിര്‍ദ്ദേശം നടപ്പിലാക്കണമെങ്കില്‍ 10000 കോടി രൂപയുടെ അധികച്ചെലവ് വേണ്ടി വരുമായിരുന്നു. അതേ പോലെ തന്നെ, പിന്നോക്ക ജാതി ഉപപദ്ധതികള്‍ക്കുള്ള പങ്ക് 16.6% ആയിരിക്കേണ്ടയിടത്ത് മൊത്തം പദ്ധതി തുകയുടെ 7% മാത്രമാണ് വകയിരുത്തിയിരിക്കുന്നത് - അതായത് 52470 കോടി രൂപയുടെ കുറവ്. പെന്‍ഷന്‍-പ്രൊവിഡന്റ് ഫണ്ടുകള്‍ പിന്‍വലിക്കുമ്പോള്‍ 60 ശതമാനത്തോളം തുകയ്ക്ക് നികുതി ഈടാക്കുമെന്നാണ് ധനകാര്യ മന്ത്രി പറയുന്നത്! ചരിത്രത്തിലാദ്യമായിട്ടാണ് ഇങ്ങനെ ഒരു നിര്‍ദ്ദേശം. ഇതിന്റെ ഫലമായി തൊഴിലാളികളും ശമ്പളമുള്ള മധ്യവര്‍ഗവും ഇനി മുതല്‍ തങ്ങളുടെ സ്വന്തം സമ്പാദ്യം പിന്‍വലിക്കുമ്പോള്‍ നിര്‍ദ്ദിഷ്ട നികുതിയുടെ ഭാരം കൂടി ചുമക്കേണ്ടി വരും.

നാണയപ്പെരുപ്പം കൂടി കണക്കിലെടുക്കുമ്പോള്‍ 2010-2011 ലെ നിലവാരം 2016-2017 കാലഘട്ടത്തില്‍ അതേപടി നിലനിര്‍ത്തണമെങ്കില്‍ തന്നെ 65000 കോടിയിലേറെ രൂപ ചെലവഴിക്കേണ്ടതായി വരും.

കേന്ദ്ര തൊഴിലുറപ്പ് പദ്ധതിയില്‍ (MNREGA) ഇതുവരെ ഉണ്ടായതില്‍ വച്ച് ഏറ്റവും കൂടുതല്‍ വകയിരുത്തല്‍ ഇത്തവണയാണ് എന്ന ഊതിപ്പെരുപ്പിച്ച അവകാശവാദം വ്യാജമാണ് എന്നത് സ്പഷ്ടമാണ്. കാരണം 2010-11 സാമ്പത്തിക വർഷത്തിൽ, ഇതിനെക്കാളധികം തുക വകയിരുത്തിയിരുന്നു.. നാണയപ്പെരുപ്പം കൂടി കണക്കിലെടുക്കുമ്പോള്‍ 2010-2011 ലെ നിലവാരം 2016-2017 കാലഘട്ടത്തില്‍ അതേപടി നിലനിര്‍ത്തണമെങ്കില്‍ തന്നെ 65000 കോടിയിലേറെ രൂപ ചെലവഴിക്കേണ്ടതായി വരും. 2015-2016 ഒരു ക്ഷാമവര്‍ഷമായിരുന്നു. ഇക്കാലയളവില്‍ പ്രവര്‍ത്തി ദിനങ്ങള്‍ 100-ല്‍ നിന്ന് 200 ആക്കി ഇരട്ടിപ്പിക്കാം എന്ന വാഗ്ദാനവും ഉണ്ടായിരുന്നു. എന്നിട്ടും, ധനവിനിയോഗം ശരാശരി 38 പ്രവര്‍ത്തി ദിനങ്ങള്‍ മാത്രം ഉണ്ടാക്കുവാന്‍ കഴിയുന്നത്ര താഴെയായിരുന്നു എന്നതാണ് ഏറെ ഞെട്ടിപ്പിക്കുന്ന, മറച്ചു വയ്ക്കപ്പെട്ട ഒരു വസ്തുത.

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കലിലൂടെ 56500 കോടി രൂപ സംഭരിക്കുവാ‌ന്‍ ആണ് നിര്‍ദ്ദേശം. ഇന്‍ഷുറന്‍സ് മേഖലയില്‍ നേരിട്ടുള്ള വിദേശനിക്ഷേപം ഉദാരീകരിക്കുക, ഭക്ഷ്യധാന്യ സമ്പാദനം വികേന്ദ്രീകരിക്കുക തുടങ്ങിയ നിര്‍ദ്ദേശങ്ങള്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ കൂടുതല്‍ താളം തെറ്റിക്കുവാന്‍ പോന്ന അപകടകരമായ നീക്കങ്ങളാണ്.

അതിനാല്‍ ഈ ബജറ്റ് വീക്ഷണം ഇല്ലാത്ത വികൃതമായ ഒന്നാണ്. ദരിദ്രരുടെയും ചൂഷിതരുടെയും നേരെയുള്ള മറ്റൊരു തുറന്ന ആക്രമണമാണിത്. തൊഴിലില്ലായ്മയും അസമത്വവും വര്‍ദ്ധിപ്പിക്കുന്നത്തിനും ധനികരെ പ്രീണിപ്പിക്കുന്നതിനും വേണ്ടിയുള്ള ബജറ്റ് ആണിത്.