സി.ഐ.ടി.യു മെയ്‌ദിന മാനിഫെസ്റ്റൊ 2016

xdfdfd

സി.ഐ.ടി.യു മെയ്‌ദിന മാനിഫെസ്റ്റൊ, 2016 മലയാള പരിഭാഷ.

പരിഭാഷ: ഷാരോൺ വിനോദ്

ഈ മെയ്‌ ദിനത്തിൽ, CITU

സ്വരാജ്യമായ ഇന്ത്യയിലെയും ലോകം മുഴുവനിലെയും തൊഴിലാളി വർഗ്ഗത്തെയും അധ്വാനിക്കുന്ന ജനതയെയും അഭിവാദ്യം ചെയ്യുന്നു;

അന്താരാഷ്‌ട്ര ധനം നിയന്ത്രിക്കുന്ന നവ ലിബറൽ മുതലാളിത്ത വ്യവസ്ഥയുടെ ചൂഷണത്തിനെതിരെ തൊഴിലാളി വർഗ്ഗവും, എല്ലാ ഭൂഖണ്ഡങ്ങളിലെ ജനതയും നയിക്കുന്ന സമരങ്ങൾക്ക് ഐക്യദാർഡ്യം രേഖപ്പെടുത്തുന്നു.

സോഷ്യലിസ്റ്റ്‌ രാജ്യങ്ങളിലെ ജനങ്ങൾക്കും, സോഷ്യലിസം സംരക്ഷിച്ചു നിർത്താൻ അവർ നടത്തുന്ന പോരാട്ടങ്ങൾക്കും പൂർണ ഐക്യം; സോഷ്യലിസം അട്ടിമറിക്കാനും മുതലാളിത്തം വീണ്ടെടുക്കാനും വേണ്ടിയുള്ള സാമ്രാജ്യത്വ ഗൂഡാലോചന അന്തിമമായി തോല്പ്പിക്കാനുള്ള ആത്മവിശ്വാസം ദൃഢപ്പെടുത്തുന്നു.

സോഷ്യലിസത്തോടുള്ള പ്രതിബദ്ധതയും ചൂഷകമായ മുതലാളിത്ത വ്യവസ്ഥക്കെതിരെയുള്ള യുദ്ധം തുടരുന്നതിൽ ഉള്ള നിശ്ചയദാര്‍ഢ്യവും ഉറച്ചു പ്രഖ്യാപിക്കുന്നു.

യു.എസ്.എ യുടെ പിന്തുണയോടെ ഇസ്രായേൽ, ലോകാഭിപ്രായത്തെ ധിക്കരിച്ചു നടത്തുന്ന നിയമവിരുദ്ധമായ കൈയ്യടക്കലിനെതിരെയുള്ള പാലസ്തീൻ ജനതയുടെ ധീരമായ പോരാട്ടങ്ങൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്നു; 1967 ലെ അതിർത്തികളോടെ ജെറുസലേം തലസ്ഥാനമായി പാലസ്തീൻ എന്ന സ്വതന്ത്ര പരമാധികാര രാഷ്ട്രം ആവശ്യപ്പെടുന്നു.

ലോകം എങ്ങുമുള്ള പ്രകൃതി വിഭവങ്ങൾക്കും പ്രദേശങ്ങൾക്കും മേലുള്ള ആധിപത്യത്തിന് വേണ്ടി സിറിയ, അഫ്ഘാനിസ്ഥാൻ, ഇറാഖ് തുടങ്ങി ഭൂഗോളത്തിന്റെ പല ഭാഗങ്ങളിലും യു.എസ് സാമ്രാജ്യത്തം നയിക്കുന്ന യുദ്ധങ്ങളെ ശക്തമായി അപലപിക്കുന്നു. ഈ സാമ്രാജ്യത്ത സൈനിക അതിക്രമങ്ങളുടെ ഫലമായി ലക്ഷക്കണക്കിന്‌ ജനങ്ങൾ, സാധാരണക്കാർ, സ്ത്രീകളും കുഞ്ഞുങ്ങളും അടക്കം മരിച്ചു വീഴുകയും ഭാവനരഹിതരും നിരാലംബരും ആവുകയും വീടും നാടും ഉപേക്ഷിച്ച് മറ്റിടങ്ങളിൽ അഭയാർഥികൾ ആവുകയും ചെയ്യുന്നു.

കോർപ്പറേറ്റ് അനുകൂലവും സമ്പന്ന അനുകൂലവുമായ നവലിബറൽ നയങ്ങൾക്കെതിരെ, വരുമാനത്തിലുള്ള അസമാനതക്കെതിരെ വർദ്ധിച്ചു വരുന്ന അതൃപ്തിയും രോഷവും ജനങ്ങളെ തൊഴിലും ഉപജീവന മാർഗവും സംരക്ഷിക്കാനുള്ള പോരാട്ടങ്ങളുടെ ഭാഗമാക്കാനുള്ള പ്രേരകം ആകുന്നതായി നിരീക്ഷിക്കുന്നു. പല വിഭാഗങ്ങളിലുമുള്ള ജനങ്ങൾ - തൊഴിലാളികൾ, കൃഷിക്കാർ, യുവാക്കൾ, തൊഴിൽ രഹിതർ, സ്ത്രീകൾ - മുതലാളിത്ത സമ്പദ്വ്യവസ്ഥ വാഗ്ദാനം ചെയ്യുന്ന വികസനങ്ങളിൽ നിന്ന്, 62 ധനികർ ചേർന്ന് 50 ശതമാനം ജനസമൂഹത്തിന്റെയും സമ്പത്ത് കൈക്കലാക്കുന്ന നീചമായ അസമത്വത്തിൽ കലാശിച്ച വ്യവസ്ഥിതിയിൽ നിന്ന് മോഹവിമുക്തി നേടുകയാണ്‌.

സാമ്രാജ്യത്വത്തിനെതിരെ ഉള്ള സമരം ചൂഷണത്തിനെതിരെയുള്ള വർഗ്ഗ സമരത്തിന്റെ ഭാഗമാണ് എന്ന തത്വത്തെ മുറുകെ പിടിക്കുന്നു; സാമ്രാജ്യത്വത്തിനും അതിന്റെ പ്രകോപനപരമായ ഇടപെടലുകൾക്കും എതിരെ സമരം ചെയ്യുന്നതിനുള്ള ദൃഢനിശ്ചയം ഊട്ടി ഉറപ്പിക്കുന്നു;

സാമ്രാജ്യത്വത്തിനെതിരെ തൊഴിലാളി വർഗ്ഗം നയിക്കുന്ന അന്താരാഷ്‌ട്ര പോരാട്ടങ്ങൾക്ക് നേതൃത്വം നല്കിക്കൊണ്ട് ലോക സംയുക്ത ട്രേഡ് യുണിയൻ സംഘം (World Federation of Trade Unions) നല്കുന്ന സഹകരണങ്ങൾ സ്മരിക്കുന്നു. ഒക്ടോബറിൽ നടക്കാൻ ഇരിക്കുന്ന WFTU ന്റെ 17ആം കോൺഗ്രസ്‌ അധ്വാനവർഗ്ഗത്തോടുള്ള സാമ്രാജ്യത്ത കടന്നാക്രമണങ്ങൾക്കെതിരെ ലോക തൊഴിലാളി വർഗ്ഗത്തെ അണി നിരത്തുന്നതിനുള്ള നാഴികക്കല്ലാവും എന്ന വിശ്വാസം പങ്കു വയ്ക്കുന്നു.

ചൂഷണങ്ങൾക്കെതിരെയും അവകാശങ്ങൾക്ക് മേലുള്ള കടന്നാക്രമാണങ്ങൾക്കെതിരെയും പോരാടുന്ന, ലോകത്തിന്റെ അങ്ങോളം ഇങ്ങോളമുള്ള എല്ലാ ജനങ്ങൾക്കും ഒപ്പം നില്ക്കുന്നു.

നമ്മുടെ രാജ്യത്തെ ജനാധിപത്യ ധ്വംസനങ്ങൾക്കെതിരെ അലയടിക്കുന്ന സമരങ്ങൾക്ക് എല്ലാ പിന്തുണയും നല്കുന്നു. വിയോജനം രേഖപ്പെടുത്തുകയും ചർച്ച ക്ഷണിക്കുകയും ചെയ്യുന്ന വിദ്യാർഥികളെയും കലാലയങ്ങളെയും ആക്രമിക്കുന്നതിനെ ശക്തമായി അപലപിക്കുന്നു. ആവിഷ്കാര സ്വാതന്ത്ര്യം എന്ന മൗലിക അവകാശത്തിനായി പോരാടുന്ന എല്ലാ വിദ്യാർഥികളെയും യുവജനങ്ങളെയും പിന്തുണയ്ക്കുന്നു.

തൃണമൂൽ ഗവണ്മെന്റും അവരുടെ ഗുണ്ടകളും ചേർന്ന് നടത്തുന്ന ക്രൂരമായ ആക്രമണങ്ങളെ സാഹസികമായി ചെറുത്തു തോല്പ്പിക്കുന്ന പശ്ചിമ ബംഗാളിലെ തൊഴിലാളി വർഗ്ഗത്തെയും അധ്വാനിക്കുന്ന ജനതയെയും അഭിവാദ്യം ചെയ്യുന്നു.

ഈ മെയ്‌ ദിനത്തിൽ CITU,

കഴിഞ്ഞ എട്ടു വർഷത്തിനു മേലെ, ലോക സാമ്പത്തിക മാന്ദ്യം വീണ്ടെടുപ്പിനുള്ള നിലവിളികൽക്കിടയിലും മാറ്റമില്ലാതെയും പലയിടങ്ങളിലും ഇനിയും രൂക്ഷമാകാൻ ഉള്ള സൂചനകൾ നല്കിക്കൊണ്ടും തുടരുന്നതായി നിരീക്ഷിക്കുന്നു.

ഈ അപകടനിലയുടെ ഭാരം സാധാരണക്കാരന്റെ ചുമലിൽ അടിച്ചേൽപ്പിച്ച് ഇതിൽ നിന്ന് പുറത്തു കടക്കാൻ ഉള്ള ഭരണ വർഗ്ഗത്തിന്റെ ശ്രമം - ജീവിതത്തെയും ഉപജീവനത്തെയും ആക്രമിച്ചും ദാരിദ്ര്യത്തിന്റെ പേരിൽ അവൻ പ്രയത്നിച്ചു സമ്പാദിച്ച അവകാശങ്ങൾ നിയന്ത്രിച്ചും എന്നാൽ കോർപറേറ്റ് ലാഭത്തെ സംരക്ഷിച്ചും സാധാരണക്കാരനെയും ദേശീയ സമ്പത്തും കൊള്ളയടിക്കാൻ അനുവദിച്ചും മുന്നേറാൻ ഉള്ള ശ്രമം - നിഷ്ഫലം ആണെന്ന് മാത്രമല്ല വിപരീത ഫലം ചെയ്യുന്നതാണ് എന്ന് മുൻപേ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. വാസ്തവത്തിൽ, കൂടുതൽ വിനാശകരമായ ഒരു പ്രതിസന്ധിക്കുള്ള വിത്തു പാകുകയാണ് അവർ. അമൂല്യമായ മനുഷ്യ വിഭവശേഷി മാനുഷികതയുടെ വളർച്ചക്ക് ഉപയോഗിക്കുന്നതിൽ ഉള്ള മുതലാളിത്തത്തിന്റെ കഴിവില്ലായ്മയും പരാജയവും തുറന്നു കാട്ടുന്ന വിധത്തിൽ തൊഴിലില്ലായ്മയും തൊഴിൽ നഷ്ടവും താങ്ങാനാവാത്ത അനുപാതത്തിൽ പെരുകിയിരിക്കുന്നു.

തൊഴിൽ ഉൽപ്പാദിപ്പിക്കുന്നതിനും ഭയാനകമായ തൊഴിലില്ലായ്മ പ്രശ്നം പരിഹരിക്കുന്നതിനും ഉള്ള സത്വര നടപടികളുടെ ഭാഗമായി തൊഴിൽ സമയം ആഴ്ചയിൽ 35 മണിക്കൂറായി നിജപ്പെടുത്താനും ഷിഫ്റ്റുകളുടെ എണ്ണം നാലായി ഉയർത്താനും ആവശ്യപ്പെടുന്നു.

കോർപ്പറേറ്റ് അനുകൂലവും സമ്പന്ന അനുകൂലവുമായ നവലിബറൽ നയങ്ങൾക്കെതിരെ, വരുമാനത്തിലുള്ള അസമാനതക്കെതിരെ വർദ്ധിച്ചു വരുന്ന അതൃപ്തിയും രോഷവും ജനങ്ങളെ തൊഴിലും ഉപജീവന മാർഗവും സംരക്ഷിക്കാനുള്ള പോരാട്ടങ്ങളുടെ ഭാഗമാക്കാനുള്ള പ്രേരകം ആകുന്നതായി നിരീക്ഷിക്കുന്നു. പല വിഭാഗങ്ങളിലുമുള്ള ജനങ്ങൾ - തൊഴിലാളികൾ, കൃഷിക്കാർ, യുവാക്കൾ, തൊഴിൽ രഹിതർ, സ്ത്രീകൾ - മുതലാളിത്ത സമ്പദ്വ്യവസ്ഥ വാഗ്ദാനം ചെയ്യുന്ന വികസനങ്ങളിൽ നിന്ന്, 62 ധനികർ ചേർന്ന് 50 ശതമാനം ജനസമൂഹത്തിന്റെയും സമ്പത്ത് കൈക്കലാക്കുന്ന നീചമായ അസമത്വത്തിൽ കലാശിച്ച വ്യവസ്ഥിതിയിൽ നിന്ന് മോഹവിമുക്തി നേടുകയാണ്‌. 99 ശതമാനം ജനങ്ങൾക്ക് സംയുക്തമായി ഉള്ള സമ്പത്തിലും അധികമാണ് 1 ശതമാനം ജനങ്ങൾ കൈയ്യടക്കി വച്ചിരിക്കുന്നത്. ഏറ്റവും ദരിദ്രരായ 50 ശതമാനം ജനസമൂഹത്തിന്റെ സമ്പത്തിൽ 41 ശതമാനത്തിന്റെ കുറവാണ് 2010 നും 2015 നും ഇടയിൽ സംഭവിച്ചിരിക്കുന്നത്. ഇന്ത്യയിലെ കണക്ക് എടുത്താൽ സമാനമോ അതിലും നികൃഷ്ടമോ ആണ് - സമ്പന്നരായ 1 ശതമാനം ആളുകൾ രാജ്യത്തിന്റെ 53 ശതമാനം സ്വത്ത് കൈയ്യടക്കിയിരിക്കുന്നു. പത്തു ശതമാനം കൈയ്യടക്കിയിരിക്കുന്നത് 76.3 % സമ്പത്ത്.

ശക്തമായ പുരോഗമന ഇടതുപക്ഷ മാർഗങ്ങളുടെ അഭാവത്തിൽ, പല രാജ്യങ്ങളിലെയും വലത്, പിന്തിരിപ്പൻ, വംശീയ ശക്തികൾ നില കണ്ടെത്തുകയും ജനങ്ങളുടെ അമർഷത്തെ തങ്ങൾ തങ്ങളിലുള്ള സഹോദര വധങ്ങളിലേക്ക് വഴിതിരിച്ചു വിടുകയും, നവലിബറൽ നയങ്ങൾക്കും മുതലാളിത്തത്തിനും എതിരെയുള്ള ഏകീകൃത സമരമായി മാറാൻ അതിനെ അനുവദിക്കാതിരിക്കുകയും ചെയ്യുന്ന സ്ഥിതി അങ്ങേയറ്റത്തെ ഉത്‌കണ്‌ഠയോടെ നിരീക്ഷിക്കുന്നു.

തൊഴിലാളി വർഗ്ഗത്തിനും അധ്വാനിക്കുന്ന ജനതക്കും മുന്നിൽ തങ്ങളുടെ ദുരിതത്തിനും അധപതനത്തിനും കാരണക്കാരായ കുറ്റവാളികളെ തുറന്നു കാട്ടാനുള്ള പ്രയത്നങ്ങൾക്കായി - ചൂഷണത്തിന്റെ മുതലാളിത്ത വ്യവസ്ഥിതിയെ കടപുഴക്കാനും, എല്ലാ ചൂഷണങ്ങൾക്കും എതിരെയുള്ള അന്തിമ പോരാട്ടത്തിന്അവരെ സജ്ജരാക്കാനും - മുഴുവൻ ശക്തിയും വിഭവങ്ങളും വാഗ്ദാനം ചെയ്യുന്നു.

ഈ മെയ്‌ ദിനത്തിൽ CITU,

തൊഴിലാളി വർഗ്ഗത്തിനും എല്ലാ തുറകളിലുമുള്ള സാധാരണ ജനങ്ങൾക്കും അഭിമുഖീകരിക്കേണ്ടി വരുന്ന ഇരട്ട അപായത്തെ കുറിച്ചുള്ള മുന്നറിയിപ്പ് നല്കുന്നു. ബിജെപി നയിക്കുന്ന മോഡി ഗവണ്മെന്റ് കൈക്കൊള്ളുന്ന നവലിബറൽ നയങ്ങളുടെ ഫലമായി തൊഴിലാളികളുടെ നിലനിൽപ്പിന് സംഭവിക്കാൻ ഇരിക്കുന്ന അധപതനം ഒരു വശത്തും, ഈ നയങ്ങൾക്കെതിരെ ഉള്ള പോരാട്ടങ്ങളെ ക്ഷയിപ്പിക്കാൻ മത ജാതി ദേശ അടിസ്ഥാനത്തിൽ ജനങ്ങളെ വിഭജിക്കുന്ന നിഷ്ടൂര പ്രയത്നങ്ങൾ മറുവശത്തും.

ഹിന്ദുത്വ ശക്തികളുടെ വർഗീയ ഫാസിസ്റ്റ് ഇടപെടലുകൾ, ന്യൂനപക്ഷ മൗലികവാദത്തിന്റെയും തീവ്രവാദത്തിന്റെയും അപകടസാധ്യത വർദ്ധിപ്പിക്കും എന്ന് നമ്മുടെ രാജ്യത്തെ ജനങ്ങളെ ഓർമ്മപ്പെടുത്തുന്നു. ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയവാദങ്ങൾ അനുപൂരകമായി പുഷ്ടിപ്പെടുന്നെന്ന ഉറച്ച വിശ്വാസം ഊന്നിപ്പറയുന്നു. രണ്ടും ജനങ്ങളെ വിഭജിക്കുന്നു, ഒരുമയെ തകർക്കുന്നു, യഥാർത്ഥ ദൈനംദിന പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുന്നു, ജീവിതം പുഷ്ടിപ്പെടുത്താൻ ഉള്ള സമരങ്ങളെ തളർത്തുന്നു, എല്ലാത്തിനും ഉപരി രണ്ടും വർഗ ചൂഷണത്തിന് സഹായകമാകുന്നു.

മോഡി നയിക്കുന്ന കേന്ദ്ര ഗവണ്മെന്റ് ദേശീയ അന്തർദേശീയ കുത്തകകളെ ഐശ്വര്യങ്ങൾ ചൊരിഞ്ഞു ലാളിക്കുകയാണ് - നികുതി ഇളവുകൾ, നികുതി ലോൺ വീഴ്ചവരുത്തുന്നവർക്കുള്ള പാരിതോഷികങ്ങൾ, നാടിന്റെ നിയമവ്യവസ്ഥയിൽ നിന്നും പ്രത്യേകിച്ചു തൊഴിൽ നിയമങ്ങളിൽ നിന്നും നല്കുന്ന ഒഴിവുകൾ അങ്ങനെ പലതും. രാഷ്ട്രത്തിന്റെ സമ്പത്തിനു മേലെയുള്ള പൂർണമായ നിയന്ത്രണം അവർക്ക് കൈമാറുകയാണ് - നമ്മുടെ പൊതു മേഖല, നമ്മുടെ ഭൂമി, നമ്മുടെ ഖനികൾ, നമ്മുടെ കടൽ, നമ്മുടെ കുന്നുകൾ, നമ്മുടെ കാടുകൾ, എല്ലാത്തിനും ഉപരി നമ്മുടെ ജനങ്ങൾ - എല്ലാം അനിയന്ത്രിത ചൂഷണങ്ങൾക്ക് വിട്ടു കൊടുക്കുകയാണ്.

അതേസമയം, സ്വന്തം വിയർപ്പും രക്തവും നല്കി വിഭവങ്ങൾ ഉൽപ്പാദിപ്പിക്കുന്ന നമ്മുടെ ബഹുഭൂരിപക്ഷം തൊഴിലാളികളും കർഷകരും അടിമത്തത്തിലേക്കും ദാരിദ്ര്യത്തിലേക്കും കൂപ്പുകുത്തുകയാണ്. നിയമവിരുദ്ധമായവ നിയമവിധേയമാക്കാൻ കുത്തകകളുടെ കൊള്ളകൾക്ക് നിയമസാധുത നല്കാൻ ഭേദഗതികൾ വരുത്തുന്നു.

ICDS, MGNREGA, NHM, ഉച്ചഭക്ഷണ നടപടികൾ തുടങ്ങിയവ എല്ലാം ഗുരുതരമാം വിധം വെട്ടി മാറ്റുന്നു; കാർഷിക പ്രതിസന്ധിയും കർഷക ആത്മഹത്യകളും ശമനമില്ലാതെ തുടരുന്നു; ‘Make in India’, ‘Start Up India’, ‘Stand Up India’ തുടങ്ങിയ പ്രചാരണങ്ങൾക്കിടയിലും തൊഴിൽ ഉത്പ്പാദനം മരീചികയായി തുടരുകയും വാസ്തവത്തിൽ കുറഞ്ഞു വരികയും ചെയ്യുന്നു.

ജനാധിപത്യ അവകാശങ്ങൾക്ക് മേൽ ഗുരുതരമായ കയ്യേറ്റം ഇന്ന് സംഭവിക്കുന്നു. അഭിപ്രായഭിന്നതകൾ വെട്ടി ചുരുക്കെണ്ടതാണ് എന്ന നില വന്നിരിക്കുന്നു. ചോദ്യം ചെയ്യുന്ന ശബ്ദങ്ങൾ അടിച്ചമർത്തപ്പെടുന്നു. RSS ൻറെ വർഗീയ ഫാസിസ്റ്റ് പ്രത്യയശാസ്ത്ര പ്രേരിതമായി, വിവിധ ഹിന്ദുത്വ സേനകൾ അവരുടെ അഭിപ്രായങ്ങൾക്ക് വിപരീതമായി ചിന്തിക്കുന്നവരെയും, പുരോഗമന യുക്തി ശാസ്ത്രപരമായ ചിന്തകൾ വച്ചു പുലർത്തുന്നവരെയും കായികമായി ആക്രമിക്കുകയും കൊന്നു തള്ളുക വരെയും ചെയ്യുന്നു. അവരുടെ കാഴ്ചപ്പാടിനോട് വിയോജിക്കുന്നവരെ ദേശദ്രോഹി ആയി മുദ്ര കുത്തുന്നു. ഭരണപാർട്ടി ആയ ബി.ജെ.പിയുടെ മന്ത്രിമാർ, എം.പി മാർ എം.എൽ.എ മാർ തുടങ്ങി ഭരണഘടനാ പദങ്ങളിൽ ഇരിക്കുന്ന പലരിൽ നിന്നും "നാവരിയൽ" "കഴുത്തു വെട്ടൽ" തുടങ്ങിയ ഭീഷണികൾ ഉയരുന്നു, ഗവണ്മെന്റിന്റെ അകമഴിഞ്ഞ നിശബ്ദ പിന്തുണയോടെ.

ദേശത്തിന്റെ സ്വാതന്ത്ര്യസമര പോരാട്ടങ്ങളിൽ നിന്ന് മനപൂർവ്വം അകന്നു നിന്ന RSS എന്ന സംഘടന ദേശീയതക്കും ദേശഭക്തിക്കും സാക്ഷ്യപത്രം നല്കാനുള്ള അവകാശം കയ്യടക്കിയത് ഈ കാലത്തിന്റെ വിരോധാഭാസമാണ്. രാജ്യത്തിന്‌ ഹാനികരമായ നയങ്ങളിലൂടെ ഭരിക്കുന്ന ബിജെപി, ഈ നയങ്ങളെ എതിർക്കുന്നവരുടെ ദേശഭക്തി ചോദ്യം ചെയ്യുന്ന വ്യാജോക്തി.

ഈ മെയ്‌ ദിനത്തിൽ, CITU

ഹിന്ദുത്വ ശക്തികളുടെ വർഗീയ ഫാസിസ്റ്റ് ഇടപെടലുകൾ, ന്യൂനപക്ഷ മൗലികവാദത്തിന്റെയും തീവ്രവാദത്തിന്റെയും അപകടസാധ്യത വർദ്ധിപ്പിക്കും എന്ന് നമ്മുടെ രാജ്യത്തെ ജനങ്ങളെ ഓർമ്മപ്പെടുത്തുന്നു.

ഭൂരിപക്ഷ ന്യൂനപക്ഷ വർഗീയവാദങ്ങൾ അനുപൂരകമായി പുഷ്ടിപ്പെടുന്നെന്ന ഉറച്ച വിശ്വാസം ഊന്നിപ്പറയുന്നു. രണ്ടും ജനങ്ങളെ വിഭജിക്കുന്നു, ഒരുമയെ തകർക്കുന്നു, യഥാർത്ഥ ദൈനംദിന പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കുന്നു, ജീവിതം പുഷ്ടിപ്പെടുത്താൻ ഉള്ള സമരങ്ങളെ തളർത്തുന്നു, എല്ലാത്തിനും ഉപരി രണ്ടും വർഗ ചൂഷണത്തിന് സഹായകമാകുന്നു.

നവലിബറൽ സാമ്പത്തിക ക്രമത്തിനും അതിന്റെ രാഷ്ട്രീയ പ്രചാരകർക്കും എതിരെയുള്ള ഏകീകൃത സമരത്തിന്റെ അവിഭാജ്യമായ ഘടകമാണ് വർഗീയ തീവ്രദേശീയ ഭേദക ശക്തികൾക്കെതിരെ വർഗ്ഗത്തെയും ജനത മുഴുവനെയും ഒന്നിപ്പിച്ചു നിർത്തുക എന്ന ദൃഢവിശ്വാസം ഉറപ്പിക്കുന്നു.

ഈ ദൃഡവിശ്വാസം ചുമലിൽ നല്കുന്ന ഉത്തരവാദിത്തങ്ങളെ പറ്റി ബോധ്യമുണ്ട് - നവലിബറലിസത്തിനും വർഗീയതക്കും, അവ രണ്ടിനെയും പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയ ശക്തികൾക്കെതിരെ എല്ലാ വിഭാഗങ്ങളിലുമുള്ള അധ്വാനിക്കുന്ന ജനതയെ ഒന്നിപ്പിക്കാനും സമരസജ്ജരാക്കാനും ഉള്ള ഉത്തരവാദിത്തം. ഇടതുപക്ഷ ജനാധിപത്യ വഴിത്താരയിലെക്ക് ഈ പോരാട്ടത്തെ നയിച്ച് വർഗ്ഗ സമവാക്യങ്ങളെ സമൂലമായ മാറ്റത്തിനു വിധേയമാക്കുക എന്ന ലക്ഷ്യത്തിൽ എത്തിക്കാൻ ഉള്ള ഉത്തരവാദിത്തം.

രാജ്യത്തെ തൊഴിലാളി വർഗ്ഗത്തെ എല്ലാ വിഭാഗത്തിലുമുള്ള അധ്വാനിക്കുന്ന ജനതയെ - കർഷകർ, കൃഷിപ്പണിക്കാർ, തൊഴിൽ രഹിതർ, യുവാക്കൾ - ഒന്നിപ്പിക്കാനുള്ള പ്രയത്നത്തിൽ മുന്നണി പോരാളികളാകാൻ ആഹ്വാനം ചെയ്യുന്നു. ഭരണവർഗ്ഗത്തിന്റെ നവലിബറൽ നയങ്ങൾക്കെതിരെ ഒറ്റ ശബ്ദമായി മാറാൻ, മതത്തി ജാതി ദേശ ലിംഗ ഭേദത്തിന്റെ പേരിൽ ഒരുമയെ തകർക്കാനുള്ള ശ്രമങ്ങളെ എതിർത്തു തോൽപ്പിക്കാൻ ആഹ്വാനം ചെയ്യുന്നു.

രാജ്യത്താകമാനമുള്ള തൊഴിലാളികളെ, ട്രേഡ് യൂണിയൻ ഭേദമന്യേ, യൂണിയൻ രഹിത തൊഴിൽ മേഖലകളിലെ തൊഴിലാളികളെ ഉൾപ്പടെ സെപ്റ്റംബർ 2, 2016 ൽ നിശ്ചയിച്ചിരിക്കുന്ന ദേശവ്യാപക പണിമുടക്കുമായി സഹകരിക്കാൻ ആഹ്വാനം ചെയ്യുന്നു. പട്ടണ ഗ്രാമ ഭേദമില്ലാതെ എല്ലാ സാധാരണ ജനങ്ങളും സുസ്ഥിര സമ്പദ് വ്യവസ്ഥക്കും രാജ്യത്തിന്റെ പരമാധികാരത്തിനും വേണ്ടിയുള്ള ഈ സമരത്തെ പൂർണ മനസോടെ പിന്തുണക്കാൻ അപേക്ഷിക്കുന്നു.

ഈ മെയ്‌ ദിനത്തിൽ, CITU അപേക്ഷിക്കുന്നു..

ഇന്ത്യയിലെ തൊഴിലാളി വർഗത്തോട്

ട്രേഡ് യുണിയൻ ഭേദത്തിനപ്പുറം ഗവണ്മെന്റ് കൈക്കൊള്ളുന്ന തൊഴിലാളിവിരുദ്ധ ജനവിരുദ്ധ ദേശവിരുദ്ധ നവലിബറൽ നയങ്ങൾക്കെതിരെ തൊഴിലാളികളുടെ ഐക്യം വ്യാപിപ്പിക്കാനും ആഴപ്പെടുത്താനും.

തങ്ങളുടെ അവകാശങ്ങൾക്കും തൊഴിലിനും ജീവനത്തിനും ജീവിതാവസ്ഥക്കും നേരെയുള്ള കയ്യേറ്റങ്ങളെ ചെറുത്തു തോൽപ്പിക്കാൻ വിവിധ മേഖലകളിൽ ഉള്ളവരുമായുള്ള ഐകമത്യം ശക്തിപ്പെടുത്താൻ.

എല്ലാ അധ്വാനിക്കുന്ന ജനവിഭാഗങ്ങളുമായും - കർഷകർ, കൃഷിപ്പണിക്കാർ, കൈത്തോഴിലാളികൾ, മറ്റു ഗ്രാമീണ തൊഴിലാളികൾ - ഐക്യം പുലർത്താനും അതുവഴി നവലിബറൽ ഭരണക്രമത്തെ നിർണായകമായ പരാജയത്തിൽ എത്തിക്കുന്ന പോരാട്ടത്തിൽ അവരെക്കൂടി പങ്കാളികൾ ആക്കാനും.

തങ്ങളുടെ ജീവിതാവസ്ഥ നാൾക്കുനാൾ വഷളാവുന്നതിന്റെ യഥാർത്ഥ കാരണങ്ങൾ - മുതലാളിത്ത വ്യവസ്ഥയും അതിനെ പ്രോത്സാഹിപ്പിക്കുന്ന രാഷ്ട്രീയ ശക്തികൾ - ഇവയാണെന്ന് തിരിച്ചറിയാൻ. ഈ ചൂഷകമായ വ്യവസ്ഥക്ക് എതിരെ ഉള്ള പോരാട്ടങ്ങൾക്ക് അവരെ പ്രാപ്തരാക്കാൻ.

തങ്ങളുടെ ഐക്യത്തെ തകർക്കാനും ഭിന്നിപ്പിക്കാനും ഉള്ള ശ്രമങ്ങൾക്ക് എതിരെ ജാഗരൂകരാകാനും, ഇത് വേഷത്തിലോ നിറത്തിലോ അവ നമുക്ക് മുന്നിൽ അവതരിപ്പിക്കപ്പെടുമ്പോഴും ജാഗ്രതയോടെ അവയെ എതിർക്കാനും.

ഈ മെയ്‌ ദിനത്തിൽ, CITU

പിന്തുണയുടെ ശബ്ദം ഉയർത്തുന്നു

അന്താരാഷ്‌ട്ര തൊഴിലാളിവർഗ ഐക്യത്തോട്
എല്ലാ ചൂഷണങ്ങൾക്കും അടിച്ചമർത്തലിനും എതിരെയുള്ള ഐക്യത്തോട്

മുതലാളിത്തവും സാമ്രാജ്യത്വവും തുലയട്ടെ
സാമ്രാജ്യത്വ നിയന്ത്രിതമായ നവലിബറൽ ആഗോളീകരണം തുലയട്ടെ

സോഷ്യലിസം നീണാൽ വാഴട്ടെ
സർവരാജ്യ തൊഴിലാളികളെ സംഘടിക്കുവിൻ