അതിജീവനത്തിന്റെ അകം പൊരുളുകൾ

xdfdfd

2016 മാർച്ച് 19ന്റെ ചന്ദ്രികയിൽ (ലക്കം 23) വന്ന ഇ. സന്തോഷ് കുമാറിന്റെ അതിജീവനം എന്ന നോവലെറ്റ് എഴുത്തുകാരുടെ അന്തഃസംഘർഷങ്ങളെ മനോഹരമായി ആവിഷ്കരിച്ചിരിക്കുകയാണ്. ചാൾസ് ഡാർവ്വിന്റെ സുപ്രസിദ്ധ സിദ്ധാന്തത്തെ- Survival of the fittest- ഓർമിപ്പിക്കുന്ന തലക്കെട്ട് തിരഞ്ഞെടുത്തു കൊണ്ട് കഥാകാരൻ സൂചിപ്പിക്കാൻ ശ്രമിക്കുന്നതും മറ്റൊന്നല്ല. ജീവിതത്തിന്റെ എല്ലാ മണ്ഡലത്തിലും എന്ന പോലെ സാഹിത്യത്തിലും അനുയോജ്യമായവയുടെ അതിജീവനത്തിന് അനുയോജ്യരല്ലാത്തവർ വളമാകുകയോ അല്ലെങ്കിൽ വളമാക്കപ്പെടുകയോ ചെയ്യുന്നത് തുടരുകയാണ് എന്നുതന്നെ.

പദസൂക്ഷ്മതയുള്ള കവിയായ നായകനും, അതേ സൂക്ഷ്മത സൂക്ഷിക്കുന്ന നോവലെറ്റിന്റെ കർത്താവും സ്വന്തം കൃതിക്ക് അതിജീവനം എന്നു പേരിടുന്നത് വളരെ ധ്വന്യാത്മകമായാണ്. നോവലെറ്റിലെ സമീറിന്റെ നോവലിന്റെ പേര് തന്നെ എഴുത്തുകാരനും സ്വീകരിക്കുന്നത് യാദൃശ്ചികമല്ല. നോവലിലെ ആഖ്യാതാവ്‌ ആയ സമീറിലേക്ക് എഴുത്തുകാരൻ പരകായപ്രവേശം നടത്തുകയാണ് ഇവിടെ. എഴുത്തുകാരനിലെ അപരൻ തന്നെയാണ് ജീവൻ എന്ന കഥാപാത്രം. അല്ലെങ്കിൽ സമീറും, ജീവനും എഴുത്തുകാരൻ തന്നെയാണ്. പരനും അപരനും എഴുത്തുകാരനാകുന്ന അവസ്ഥ.

അർത്ഥാന്തരങ്ങൾ നിറഞ്ഞ ആ ഒരു പദത്തിൽ നിറയെ ആശങ്കകളാണ് കഥാകൃത്ത് ഒളിപ്പിച്ചിട്ടുള്ളത്. ജീവിതത്തിന്റെ എല്ലാ തുറകളിലും, വിജയിച്ചവരെക്കാൾ കഴിവുള്ള അനേകർ കളത്തിന് പുറത്ത് ആരാലും പരിഗണിക്കപ്പെടാതെ, അറിയപ്പെടാതെ കടന്നുപോവുന്നുണ്ട് എന്ന കഥാകാരന്റെ വിഷാദം കഥയിൽ അന്തർലീനമാണ്.

സർക്കാർ സർവീസിൽ അളവ് തൂക്ക ഇൻസ്പക്ടറായിരുന്നു ജീവൻ കെ.ആർ. എന്നാൽ കഴിഞ്ഞ മൂന്നു വർഷമായി അയാളെക്കുറിച്ച് ആർക്കും ഒരു വിവരവുമില്ല. അയാൾ ഒരു നോവലിസ്റ്റും കൂടിയാണ്. പക്ഷേ ആ അറിവ് വളരെക്കുറച്ച് പേരിൽ മാത്രം ഒതുങ്ങി നിൽക്കുന്ന സംഗതിയാണ്. കാരണം അയാൾ ജീവിതത്തിൽ ഇന്നുവരെ ഒരു നോവൽ മാത്രമേ പ്രസിദ്ധീകരിച്ചിട്ടുള്ളൂ. “ജീവിതം” എന്ന് പേരിട്ടിരുന്ന ആ നോവലാവട്ടെ ഭൂരിപക്ഷം പ്രതികളും വിറ്റഴിക്കപ്പെടാതെ പ്രസാധകരുടെ കൈവശം പൊടിപിടിച്ച് എവിടെയോ കിടക്കുന്നു. ജീവന്റെ ജീവിതത്തിന്റെ വിധി!

പ്രശസ്ത കവിയും ചലച്ചിത്രഗാന രചയിതാവുമായ സമീറിന്റെ ഓർമ്മകളിലൂടെയാണ് കഥ വികസിക്കുന്നത്. അയാളുടെ പ്രഥമ നോവൽ പ്രസിദ്ധീകരിക്കുന്നതിനു മുൻപ് തന്നെ വലിയ ചർച്ചാവിഷയമാകുകയാണ്. പക്ഷേ അതിന്റെ പ്രമേയത്തെക്കുറിച്ചോ മറ്റോ ഉള്ള വിവരങ്ങൾ അയാൾ മറ്റാരുമായും പങ്ക് വെയ്ക്കാനാഗ്രഹിക്കുന്നില്ല; മാധ്യമ പ്രവർത്തകരും, ആരാധകരും, സുഹൃത്തുക്കളും ജിജ്ഞാസുക്കളാണെങ്കിലും.

നോവൽ രചനക്കിടെ തിരുവനന്തപുരത്ത് നടക്കുന്ന സാഹിത്യക്യാമ്പിൽ പങ്കെടുക്കാൻ സമീർ നടത്തുന്ന തീവണ്ടിയാത്രയിൽ സഹയാത്രികനാകുന്നത് ജീവനാണ്. ആ യാത്രക്കിടയിൽ എപ്പോഴോ ജീവനെ കാണാതാകുന്നു. വർഷം മൂന്ന് കഴിഞ്ഞിട്ടും മരിച്ചോ ജീവിച്ചിരിപ്പുണ്ടോ എന്നറിയാത്ത ദുരൂഹത!

എന്തിനാണ് ജീവൻ സമീറിനൊപ്പം യാത്രക്കു കൂടുന്നത്? ആദ്യത്തെ നോവൽ സ്വയം അച്ചടിക്കേണ്ടി വന്ന ഹതഭാഗ്യൻ, എന്നിട്ടും തളരാതെ താൻ രണ്ടാമതെഴുതിയ നോവലിന് പ്രസാധകരെത്തേടിയാണ് ക്യാമ്പിലേക്കെത്താനാഗ്രഹിക്കുന്നത്. ഒപ്പം ആദ്യ നോവൽ സമീറിനെക്കൊണ്ട് വായിപ്പിച്ചിട്ടുള്ളതു പോലെ പുതിയതും വായിപ്പിക്കണമെന്നുള്ള ആശയും.

ഭക്ഷണത്തോടൊപ്പം ഒരുമിച്ച് പങ്കിട്ട വൈറ്റ് റമ്മിന്റെ നേർത്ത ലഹരിയിൽ, യാത്രക്കിടയിൽ സമീർ തന്റെ നോവലിനെക്കുറിച്ച് ജീവനോട് ചർച്ച ചെയ്യാൻ തയ്യാറാകുന്നു. എല്ലാത്തരത്തിലും വിജയിയായ തനിക്ക് ഈ പരാജയപ്പെട്ട എഴുത്തുകാരൻ ഒരുതരത്തിലും എതിരാളി ആകുന്നില്ല എന്ന സ്വകാര്യ അഹങ്കാരമാവാം സമീറിനെ അതിനു പ്രേരിപ്പിക്കുന്നത്. വൈറ്റ് റമ്മിന്റെ ലഹരി പകരാൻ വിജയങ്ങൾക്കും കഴിയുന്നുണ്ടാവും.

അങ്ങനെ ചർച്ച പുരോഗമിക്കവേയാണ് അടിയന്തിരാവസ്ഥക്കാലത്തെ വിപ്ലവകാരിയും ഇപ്പോൾ മൂത്രചികിൽസയുടെ പ്രചാരകനുമായ സഖാവ് ശേഖരൻ മാഷ് സ്ഥലം തെറ്റി അവരുടെ കമ്പാർട്ട്മെൻറിൽ കയറുന്നത്. ആ വഴിതെറ്റൽ കഥാകാരൻ ഒളിപ്പിക്കുന്ന ഒരു സൂചനയാണ്. ഭൂതകാലത്തിൽ തെറ്റായ മാർഗ്ഗം തെരഞ്ഞെടുത്തിട്ടുള്ള അതിവിപ്ലവകാരികൾക്ക് വഴിതെറ്റാതെ വയ്യ എന്ന സൂചന. അതോടൊപ്പം സമീറിന്റെ നിരീക്ഷണവും, “മാഷിന്റെ യാത്ര വലിയ ദൂരത്തേക്കുമാവില്ല”. അതെ, തീവ്രവിപ്ലവപ്രവർത്തനങ്ങൾക്ക് അത്ര ദൂരമൊന്നും സഞ്ചരിക്കാനാവില്ല എന്ന കഥാകാരന്റെ നിരീക്ഷണം തന്നെയാണത്. ഒപ്പം ഒരിക്കൽ നാടിനെ ഞെട്ടിച്ച ഇത്തരക്കാരുടെ ആവേശം വഴിതിരിഞ്ഞ് തലതിരിഞ്ഞ് മൂത്രചികിൽസ പോലുള്ളതിൽ മുട്ടിത്തിരിയുന്നതിന്റെ ജുഗുപ്സ! ഒരു വിപ്ലവകാരിയുടെ പതനം! അടിയന്തിരാവസ്ഥക്കാലത്ത് യുവത്വം ഹോമിച്ച പലരും, വാർദ്ധക്യത്തിൽ യുക്തിക്ക് നിരക്കാത്ത വിഷയങ്ങളിൽ ആണ്ടുകിടക്കുന്ന ദയനീയമായ കാഴ്ച. പുതിയ കാലഘട്ടത്തിന് അനുയോജ്യരല്ലാത്ത ഇവർ കാലം തെറ്റി ഇവിടേക്കു കടന്നു വരുന്നതാണെന്നും സൂചനയുണ്ട്.

നക്സലുകളോടും ആക്ടിവിസ്റ്റുകളോടും സമീറിനുള്ള താൽപര്യമില്ലായ്മ ഇവിടെ പ്രകടമാണ്. ആർക്കുവേണ്ടിയാണോ സമരം ചെയ്തത് ആ ഇരകൾക്ക് പോലും വേണ്ടാത്ത സമരമാണ് അന്ന് ചെയ്തത് എന്ന് മാഷിനെക്കൊണ്ട് ഏറ്റു പറയിക്കുന്നു. അനാവശ്യ സമരങ്ങൾ ചെയ്യുന്ന, അതിലൂടെ സ്വയം നശിക്കുന്ന, ഒട്ടുംതന്നെ ഭാവപൂർണ്ണമായി ചിന്തിക്കാത്ത, സമൂഹത്തിന് പ്രയോജനമില്ലാത്തവരാണ് ഇക്കൂട്ടർ എന്ന പിന്തിരിപ്പനും ഒരു പക്ഷേ അരാഷ്ട്രീയവുമായ നിലപാടിലൂടെ വർത്തമാന സമൂഹത്തെ പ്രതിനിധാനം ചെയ്യുകയാണ് സമീർ. എല്ലാ സമരങ്ങളും നിരർത്ഥകങ്ങളാണ് എന്ന പുതിയ കാല ചിന്താഗതി. ഒരുപക്ഷേ കഥാകാരനും ഇത്തരം ഒരു കാഴ്ചപ്പാടുകൾ ഭാഗികമായെങ്കിലും സൂക്ഷിക്കുന്നുണ്ടാവാം. നിലപാട് കഥയിലൊളിപ്പിച്ച കഥാകാരൻ സ്വന്തം നിലപാട് തന്നെ പ്രഖ്യാപിക്കുകയാണ് ഇവിടെ.

മികച്ച സർഗ്ഗസൃഷ്ടികൾ നടത്താൻ കഴിഞ്ഞിട്ടും, അപ്രശസ്തിയാൽ ദുർബലനായ, അനുയോജ്യനല്ലാത്ത ജീവന് സാഹിത്യലോകത്ത് അതിജീവിക്കാൻ കഴിയുന്നില്ല. എന്നാൽ പ്രശസ്തനായ കവി, വിജയിച്ചവൻ അഥവാ അനുയോജ്യൻ ആയതിനാൽ ആ ദുർബ്ബലൻ പകർന്നു നല്കിയ ചരിത്രബോധത്തിന്റെ വളക്കൂറിൽ നിന്ന് വെള്ളവും വളവും വലിച്ചെടുത്ത് അതീജീവനം നടത്തുന്നു. മറ്റൊരുതലത്തിൽ നിന്ന് വീക്ഷിക്കുമ്പോൾ ഇതര എഴുത്തുകാരുടെ സർഗ്ഗാത്മകഭീഷണിയിൽ നിന്നും ഒരു എഴുത്തുകാരൻ നടത്തുന്ന അതിജീവനം തന്നെയാണ് അയാളുടെ സൃഷ്ടിയുടെ വിജയം.

മാഷിറങ്ങിപ്പോയതിനുശേഷമാണ് ജീവൻ സമീറിനെ അടിമുടി അമ്പരപ്പിക്കുന്ന ഒരു യാഥാർത്ഥ്യമറിയിക്കുന്നത്. സമീറെഴുതിത്തുടങ്ങിയ നോവലും ജീവനെഴുതിപ്പൂർത്തിയാക്കിയ നോവലും തമ്മിൽ അസാമാന്യ സാദൃശമുണ്ടെന്നും മാഷിന്റെയും മറ്റനേകം ചെറുപ്പക്കാരുടേയും വസന്തത്തിലെ ഇടിമുഴക്കങ്ങളെക്കുറിച്ചാണ്, അവരുടെ തകർച്ചയെക്കുറിച്ചാണ് നോവൽ എന്നുമുള്ള അയാളുടെ വെളിപ്പെടുത്തൽ സമീറിനെ ഞെട്ടിക്കുകയാണ്. ഇത് പൊതുവേ മിക്ക എഴുത്തുകാരുടേയും ആശങ്ക തന്നെയാണ്. താനെഴുതുന്നത് തനിക്കു മുന്നേ ആരെങ്കിലും എഴുതി പ്രസിദ്ധീകരിക്കുമോ എന്ന ഉൾഭയം ഇല്ലാത്ത എഴുത്തുകാരുണ്ടാവില്ല. സമകാലീന സാഹിത്യലോകത്ത് പ്രത്യേകിച്ച്.

താൻ നടത്തിയതിനേക്കാളും മികച്ച പഠനങ്ങളിലൂടെ, മുന്നൊരുക്കങ്ങളിലൂടെ സമീറിന്റെ നോവലിലെ കഥാപാത്രങ്ങളേക്കാളും കഥാ സന്ദർഭങ്ങളേക്കാളും മിഴിവാർന്ന കഥാസന്ദർഭങ്ങളെ വാർത്തെടുക്കാൻ ജീവനായിട്ടുണ്ടെന്ന് സമീർ മനസ്സിലാക്കുകയാണ്. അതോടൊപ്പം അടിയന്തിരാവസ്ഥക്കാലത്തെ ആക്ടിവിസങ്ങളെ, സഹനങ്ങളെ ഒറ്റയടിക്ക് തള്ളുന്ന, ചരിത്രങ്ങളിൽ നിന്നൊളിച്ചോടുന്ന ഒരു തലമുറയുടെ പ്രതിനിധിയായ സമീറിന് അന്നത്തെ ത്യാഗങ്ങളേക്കുറിച്ച് മനസ്സിലാക്കിക്കൊടുക്കാനും ജീവൻ പരിശ്രമിക്കുന്നു. അധികാരം തകർത്തെറിയുന്ന ശേഖരൻമാഷിനേപ്പോലുള്ളവരുടെ ഇടതു കൈകളക്കുറിച്ച്, ഇടതുരാഷ്ട്രീയചിന്തകളെക്കുറിച്ച് ജീവൻ ബോധവാനാണ്. അധികാരം കടന്നുകയറി വേരോടെ പിഴുതെറിയാൻ ശ്രമിച്ചിട്ടും അനേകം കൈവഴികളിലായ് ഉയർത്തെഴുന്നേറ്റ, ആയിരം പൂക്കളായി വിടർന്ന കേരളത്തിന്റെ വിപ്ലവാംശം സമീർ കാണാതെ പോകുമ്പോൾ, കേരളസമൂഹത്തെ ഇന്നത്തെക്കാലത്തേക്ക് രൂപപ്പെടുത്തിയതിൽ വിപ്ലവകാരികളുടെ ത്യാഗങ്ങളുടേയും സഹനങ്ങളുടേയും അവരുയർത്തിയ സമരങ്ങളുടേയും ചിന്തകളുടേയും പങ്ക് ഉൾക്കൊള്ളുന്ന കഥാകാരന്, അത് ജീവനിലൂടെ പറയാതിരിക്കാനാവുന്നില്ല. ചരിത്രത്തെ ശരിയായി വായിക്കാതെ ഒരു എഴുത്തുകാരന് മുന്നോട്ട് പോകാൻ കഴിയുമോ??

രണ്ട് നോവലുകളുടേയും സാദൃശ്യം മനസ്സിലാക്കുന്ന ജീവൻ, സമീറിന്റെ നോവൽ പൂർത്തിയാക്കിയശേഷം മാത്രമേ വായിക്കാവൂ എന്ന വ്യവസ്ഥയിൽ തന്റെ നോവൽ സമീറിനെ ഏൽപ്പിച്ചശേഷം ഉറങ്ങാൻ പോവുന്നു. അളവ് തൂക്ക ഇൻസ്പെക്ടറായ അയാൾ എന്തു ചെയ്യുമ്പോഴും അത് അളന്ന് തൂക്കിത്തന്നെ ചെയ്യാൻ ശ്രമിക്കുന്നതിനാൽ, ലക്ഷ്യസ്ഥാനത്ത് തീവണ്ടി എത്തുമ്പോഴാണ് ജീവൻ കൂടെയില്ല എന്ന വിവരം അപരൻ അറിയുന്നത്. അതായത് തന്റെ ലക്ഷ്യസ്ഥാനമായ നോവൽ പ്രസിദ്ധീകരണം വരെ ജീവന്റെ തിരോധാനം അയാൾക്ക് ഒരു പ്രശ്നമല്ല, അയാളെ അത് ബാധിക്കുന്നില്ല എന്ന ദുസ്സൂചനയും ഇവിടെയുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അവസാന യാത്രയിലെ സഹയാത്രികനെന്ന നിലയിൽ, തന്നെ ചോദ്യം ചെയ്ത പൊലീസ് ഉദ്യോഗസ്ഥനോട് പോലും വെളിപ്പെടുത്താതെ ഈ രഹസ്യങ്ങൾ സമീർ സൂക്ഷിക്കുന്നതും മറ്റൊന്നിലേക്കല്ല വിരൽ ചൂണ്ടുന്നത്.

ഒടുവിൽ തന്റെ നോവൽ ജീവൻ സൂചിപ്പിച്ച സാദൃശ്യങ്ങളിൽ നിന്ന് വിമുക്തമാക്കി, വീണ്ടും പുതുക്കി എഴുതി പ്രസിദ്ധീകരിച്ചതിനുശേഷമാണ് താൻ വാക്കു നൽകിയതുപോലെ ജീവന്റെ നോവൽ അയാൾ തുറന്ന് വായിക്കുന്നത്. ജീവന്റെ നോവലിന് ഒരു പ്രസാധകനെത്തേടി അലയുന്ന സമീറിന് പക്ഷേ നിരാശയായിരുന്നു ഫലം. അപ്രശസ്തനായ ഒരു എഴുത്തുകാരന്റെ കൃതി ആർക്കും വേണ്ടാതാവുകയാണ്. തന്റെ വിധി തിരിച്ചറിഞ്ഞ നോവൽ ഒടുവിൽ സ്വയം അപ്രത്യക്ഷമാവുന്നു.

xdfdfd
ഇ. സന്തോഷ്‌ കുമാർ ചിത്രത്തിന് കടപ്പാട്: ദി ഹിന്ദു

പ്രശസ്ത കവി റഫീക്ക് അഹമ്മദിന്റെ അഴുക്കില്ലം എന്ന പ്രഥമനോവൽ, അതിലെ പൊലീസിന്റെ മർദ്ദനനമേറ്റ് തകർന്ന മൂത്തേടമെന്ന മുൻകാല വിപ്ലവകാരി, ഇവരുടെയൊക്കെ പ്രത്യക്ഷമായ ഛായ തന്നെ നോവലെറ്റിൽ ദൃശ്യമാണ്.

മികച്ച സർഗ്ഗസൃഷ്ടികൾ നടത്താൻ കഴിഞ്ഞിട്ടും, അപ്രശസ്തിയാൽ ദുർബലനായ, അനുയോജ്യനല്ലാത്ത ജീവന് സാഹിത്യലോകത്ത് അതിജീവിക്കാൻ കഴിയുന്നില്ല. എന്നാൽ പ്രശസ്തനായ കവി, വിജയിച്ചവൻ അഥവാ അനുയോജ്യൻ ആയതിനാൽ ആ ദുർബ്ബലൻ പകർന്നു നല്കിയ ചരിത്രബോധത്തിന്റെ വളക്കൂറിൽ നിന്ന് വെള്ളവും വളവും വലിച്ചെടുത്ത് അതീജീവനം നടത്തുന്നു. മറ്റൊരുതലത്തിൽ നിന്ന് വീക്ഷിക്കുമ്പോൾ ഇതര എഴുത്തുകാരുടെ സർഗ്ഗാത്മകഭീഷണിയിൽ നിന്നും ഒരു എഴുത്തുകാരൻ നടത്തുന്ന അതിജീവനം തന്നെയാണ് അയാളുടെ സൃഷ്ടിയുടെ വിജയം.

എഴുത്ത് പ്രമേയമായ ഈ നോവലെറ്റ് എഴുത്തുകാരുടെ നിരവധി പ്രശ്നങ്ങളെ പരാമർശിച്ചു കൊണ്ടാണ് കടന്ന് പോകുന്നത്. അപ്രശസ്തനായ ഒരു എഴുത്തുകാരന് കിട്ടുന്ന അസ്വീകാര്യത- അത് പ്രസാധകൻ മുതൽ നിരൂപകനിലൂടെ കടന്ന് വായനക്കാർ വരെ എത്തുന്നത് - വളരെ യഥാതഥമായി വരച്ചിട്ടുണ്ട് ഇ. സന്തോഷ് കുമാർ. ഇത്തരം നിരാസങ്ങളിലൂടെ, പരീക്ഷണങ്ങളിലൂടെ കടന്നുപോവാത്ത ഒരു ഭൂതകാലവും എഴുത്തുകാർക്കില്ല തന്നെ.

ഒരു ആനുകാലികത്തിൽ ഒരിക്കലെങ്കിലും കഥ വന്നാൽ സാഹിത്യലോകത്ത് തനിക്കും ഒരു ഇടമായി എന്ന് പുതിയ എഴുത്തുകാരെല്ലാം കരുതുന്നു. പുതിയ എഴുത്തുകാർക്ക് പുറംതിരിഞ്ഞിരിക്കുന്ന പ്രസാധകരാണ് അവരുടെ മുന്നിലെ മറ്റൊരു വെല്ലുവിളി. വായനക്കാരോ, കേട്ടു പരിചയമുള്ളവരുടേതല്ലാത്ത മറ്റൊരു കൃതി വാങ്ങാൻ തയ്യാറാകുകയുമില്ല, അത് എത്ര വില കുറച്ച് കിട്ടിയാൽ പോലും.

പുതിയ എഴുത്തുകാരെ യാതൊരു ദാക്ഷിണ്യവുമില്ലാതെ പരിശോധിക്കുന്ന നിരൂപകരാകട്ടെ, വിജയിച്ച എഴുത്തുകാർക്കുവേണ്ടി നടത്തുന്ന വിട്ടുവീഴ്ചകളുടെ പൊള്ളത്തരങ്ങളെ കഥ നന്നായി തുറന്ന് കാണിക്കുന്നു. "ജീവനെപ്പോലുള്ളവർ എഴുതിയില്ലെങ്കിലും എന്താ കുഴപ്പമെന്ന" ചോദ്യം പ്രതിഫലിപ്പിക്കുന്നത് നിരൂപകർക്കുള്ള സ്ഥിരം ധാർഷ്ട്യത്തെയാണ്. “Bad literature is a crime against the society”എന്ന നിരൂപകമതം പക്ഷേ ESTABLISHED ആയ എഴുത്തുകാരെ വിലയിരുത്തുന്നതിന് അവർക്ക് തടസ്സമാകാറില്ല എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് സമകാലീന നിരൂപകരുടെ കാപട്യത്തെ വായനക്കാരുടെ മുന്നിൽ തുറന്നിടുകയും ചെയ്യുന്നുണ്ട് കഥാകാരൻ. എഴുത്തിലൂടെ സാമൂഹ്യവിമർശനം നടത്താൻ തയ്യാറാകുന്നത് ശുഭോദർക്കമാണ്.

പുതിയ എഴുത്തുകാരുടെ വെല്ലുവിളികളാണ് ഇവയെങ്കിൽ വിജയിച്ച എഴുത്തുകാരും മറ്റ് തരത്തിലുള്ള വെല്ലുവിളികൾക്ക് വിധേയരാണ്. അതിലൊന്ന് നേരത്തേ സൂചിപ്പിച്ച കാര്യം - താനെഴുതുന്നത് മറ്റൊരാരാളുടെ മൂശയിൽ ഉരുവായിക്കഴിഞ്ഞോ എന്ന ആശങ്ക, അത് മനുഷ്യസഹജമാണ്. തന്റെ കഥാതന്തു, ആശയം, സന്ദർഭങ്ങൾ, കഥാപാത്രങ്ങൾ ഒക്കെയും മറ്റൊരാളുടെ പണിശാലയിൽ പണിക്കുറവ് തീർന്നിരിക്കുമോ എന്ന ഭീതി അവനെ ഞെക്കിപ്പിഴിഞ്ഞ് കൊണ്ടിരിക്കും. അത് പ്രസിദ്ധീകരിക്കുന്നതുവരെ. ജീവന്റെ നോവൽ ഡി.ടി.പി ചെയ്യുന്ന റാഹേലിന് അവൾ എന്താണ് ടൈപ്പ് ചെയ്യുന്നതെന്ന് അറിയില്ല. ഏറ്റവും പ്രിയങ്കരരെപ്പോലും സാഹിത്യകാരന്മാർക്ക് ഇക്കാര്യത്തിൽ വിശ്വാസമില്ലെന്ന സൂചനയാണിത് നൽകുന്നത്. സ്വന്തം ജീവിതം തന്നെ ഏൽപ്പിക്കാൻ കൊതിക്കുന്നത്, തന്റെ നോവൽ പോലും സമർപ്പിച്ചിട്ടുള്ളത് എല്ലാമെല്ലാമായ റാഹേലിനാണ്. പക്ഷേ ക്രമം തെറ്റിയ അധ്യായങ്ങൾ ഡി.ടി.പി ചെയ്യാൻ അവൾക്ക് കൊടുക്കുന്നതിലൂടെ തന്റെ കൃതി മോഷ്ടിക്കപ്പെടുമോ എന്ന ഭീതിയിൽ കൂടിയുമാണ് ജീവൻ അഥവാ എഴുത്തുകാരൻ കടന്നുപോവേണ്ടി വരുന്നത് എന്ന് കാണാം.

മറ്റൊന്ന് എല്ലാ സാഹിത്യകാരന്മാരും ഭയക്കുന്ന WRITER’S BLOCK എന്ന അവസ്ഥയെ കഥാകാരൻ ഭംഗിയായി പ്രതിപാദിച്ചിട്ടുള്ളതാണ്. ജീവന്റെ തിരോധാനം യഥാർത്ഥത്തിൽ ജീവിതത്തിൽ നിന്നുതന്നെയാണോ? അതോ അയാൾ ഇറങ്ങിപ്പോകുന്നത് സർഗ്ഗാത്മക ജീവിതത്തിൽ നിന്നോ? അഴിച്ചിട്ട ചെരുപ്പ് വെളിവാക്കുന്നത് അയാൾ മറ്റെവിടേക്കും പോയിട്ടില്ല എന്നാണ്. തനിക്കിനിയും എഴുതാനാവില്ല എന്നത് എഴുത്തുകാരന്റെ മരണം തന്നെയാണ്. സർഗ്ഗാത്മക മരണം. അത് താൽ‌ക്കാലികമാകാം, സ്ഥിരമാവാം. ഓരോ എഴുത്തുകാരും WRITER’S BLOCKന്റെ ഭീഷണി നേരിട്ടുകൊണ്ട് തന്നെയാവാം സർഗാത്മക സൃഷ്ടിയിലേർപ്പെടുന്നത്. ഇ. സന്തോഷ് കുമാർ അദ്ദേഹത്തിന്റെ നിരവധി കഥകളിൽ ഈ ഭീഷണിയേക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ മൂന്ന് വിരലുകൾ, ഒരു പൂച്ചയുടെ ആത്മകഥ, ഒരു മരണം, നിരവധി മരണങ്ങൾ എന്നിങ്ങനെ പലകഥകളിലും WRITER’S BLOCK എന്ന ആശങ്ക പങ്കു വെക്കുന്നത് സൂക്ഷ്മവായനയിൽ ശ്രദ്ധയിൽപ്പെടും.

സെക്സും വയലൻസും മറ്റ് ഗിമ്മിക്കുകളും കൊണ്ട് വിപണി പിടിക്കുന്ന സമകാലീന എഴുത്തുകാരിൽനിന്നും തികച്ചും വ്യത്യസ്ഥമായി തന്റെ പ്രതിഭയും സർഗ്ഗാത്മകതയും കൊണ്ട് വായനക്കാരുടെ മനസ്സിൽ ഇടം നേടിയ കഥാകാരനാണ് ഇ. സന്തോഷ് കുമാർ.

നോവൽ എന്ന വലിയ ക്യാൻവാസിന്റെ ചെറുപതിപ്പാണ് നോവലെറ്റ്. എന്നാൽ ഇവിടെ നോവലെറ്റിന്റെ അത്ര ചെറുതല്ലാത്ത ക്യാൻവാസിലേക്ക് പൂർണ്ണമായും പ്രമേയത്തെ പ്രതിഷ്ഠിക്കാനായോ എന്ന സംശയമുണ്ട്. സമീറും ജീവനും ശേഖരൻ മാഷുമടങ്ങുന്ന ചെറിയ വൃത്തത്തെ, മനോഹരമായ ഒരു ചെറുകഥയുടെ ഭാവാന്തരീക്ഷത്തിലേക്ക് ഒതുക്കാമായിരുന്നു. ആവിഷ്കാര കൌശലം നന്നായി ഉപയോഗിച്ചിട്ടുണ്ടെങ്കിലും ഗഹനമായ വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ചിലയിടങ്ങളിലെങ്കിലും, എഴുത്ത് സംവേദനക്ഷമമാകാതെ ഉപന്യാസരൂപത്തിലേക്ക് വഴുതിയിട്ടുണ്ടോ എന്ന് സംശയമുണ്ട്. തീവ്രവും ഏകതാനവുമല്ലാത്ത വൈകാരികതയും കൃത്യമായ സാമൂഹ്യ പ്രതിബദ്ധതയുടെ അഭാവവും നോവലെറ്റിന്റെ ഭാവഭദ്രതക്ക് ചെറിയ തടസ്സം സൃഷ്ടിച്ചിട്ടുണ്ട്.

സെക്സും വയലൻസും മറ്റ് ഗിമ്മിക്കുകളും കൊണ്ട് വിപണി പിടിക്കുന്ന സമകാലീന എഴുത്തുകാരിൽനിന്നും തികച്ചും വ്യത്യസ്ഥമായി തന്റെ പ്രതിഭയും സർഗ്ഗാത്മകതയും കൊണ്ട് വായനക്കാരുടെ മനസ്സിൽ ഇടം നേടിയ കഥാകാരനാണ് ഇ. സന്തോഷ് കുമാർ. അതിജീവനത്തിന്റെ രാഷ്ട്രീയവും എഴുത്തുകാർ നേരിടുന്ന വിവിധ തരത്തിലുള്ള സർഗ്ഗാത്മകമായ വെല്ലുവിളികളും ചാരുതയോടെ വിളക്കിച്ചേർത്തു കൊണ്ട് പ്രശ്നഭരിതമായ എഴുത്തിനെ അനുവാചകരുടെ മുന്നിലെത്തിക്കുവാൻ അതിജീവനം എന്ന നോവലെറ്റിലൂടെ ഇ. സന്തോഷ് കുമാറിന് കഴിഞ്ഞിട്ടുണ്ട്.