മുതലാളിത്ത ഉല്പാദന പ്രക്രിയയും മത്സ്യതൊഴിലാളി സമരങ്ങളും

xdfdfd

മുഖവുര

1ഏറ്റവും വിലകുറഞ്ഞ എന്നാല്‍ ഗുണനിലവാരം കൂടിയ പ്രോട്ടീന്‍ പ്രദാനം ചെയ്യുന്ന ഭക്ഷ്യ വസ്തുവാണ് മത്സ്യങ്ങള്‍. ഏകദേശം 35 ശതമാനത്തോളം ഇന്ത്യക്കാര്‍ മീന്‍ പ്രധാന ആഹാരമാക്കുന്നുണ്ടെന്നാണ് സര്‍ക്കാര്‍ കണക്കുകള്‍. ഈ മത്സ്യങ്ങളുടെ ലഭ്യത രണ്ടുതരത്തിലാണ് ഉറപ്പാക്കുന്നത്. ഒന്ന്, കടലില്‍ നിന്നും മറ്റേത് ഉള്‍നാടന്‍ ജലാശയങ്ങളില്‍ നിന്നും. കടലില്‍ നിന്നുള്ള മത്സ്യസമ്പത്താണ് സിംഹഭാഗവും. ഇന്ത്യയില്‍ എണ്ണായിരം കിലോമീറ്ററിലധികം കടലോരവും കടല്‍ ഉപജീവനമാക്കുന്ന ദശലക്ഷക്കണക്കിന് മത്സ്യതൊഴിലാളികുടുംബങ്ങളും ഉണ്ട്. 2013-14 ലെ കണക്കനുസരിച്ച് 378.18 കോടി കിലോ മീനാണ് മത്സ്യബന്ധന മേഖല കരയിലെത്തിച്ചത്2. ഇതില്‍ പതിനെട്ടോളം ശതമാനം കേരളത്തിന്‍റെ വിഹിതമാണ് (67.13 കോടി കിലോ) [http://cmfri.org.in] കേരളത്തിന്റെ കടലോരം വെറും 7.5 ശതമാനം മാത്രമാണെങ്കിലും ഇന്ത്യയിലെ മൊത്തം കടലോര മത്സ്യ തൊഴിലാളികളില്‍ 17 ശതമാനവും കേരളത്തില്‍ നിന്നാണ്. 2013-14 ലെ കണക്കനുസരിച്ച് സമുദ്ര മത്സ്യ സമ്പത്തിന്‍റെ ഉല്‍പാദനത്തില്‍ കേരളം രണ്ടാം സ്ഥാനത്താണ്. അതായത് ഏറ്റവും ഉയര്‍ന്ന കടലോര മത്സ്യമേഖല സാന്ദ്രതയുള്ള സംസ്ഥാനമാണ് കേരളം എന്ന്‍ വിവക്ഷ. പിടിച്ചെടുക്കുന്ന മത്സ്യങ്ങള്‍ നൂറുശതമാനവും അപ്പപ്പോള്‍ത്തന്നെ വിപണനത്തിന് (Marketing Fresh) വിധേയമാക്കുന്ന സംസ്ഥാനം കൂടിയാണ് കേരളം. ഉപഭോക്താക്കള്‍ ഈ മേഖലയെ നേരിട്ട് ആശ്രയിക്കുന്നു എന്നുകൂടി കാണിക്കുന്നതാണ് സര്‍ക്കാരിന്‍റെ ഈ കണക്കുകള്‍. മലയാളികളുടെ പ്രോട്ടീന്‍ ആവശ്യകതയുടെ സിംഹഭാഗവും മത്സ്യാഹാരത്തില്‍ നിന്നാണെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. (Hariharaputhran 2015). അങ്ങനെയാകുമ്പോള്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ബാധിക്കുന്ന ഏതൊരു നീക്കവും സാധാരണ ഉപഭോക്താകളെയും അവരുടെ ജീവിത രീതിയെയും ബാധിക്കും എന്നതില്‍ തര്‍ക്കമില്ല. ഇത്തരം നീക്കങ്ങളെ ശക്തിയുക്തം എതിര്‍ത്താണ് മത്സ്യബന്ധനമേഖല മുന്നോട്ട് പോകുന്നത്. ഈ പരിതസ്ഥിതിയിലാണ് മത്സ്യബന്ധന മേഖലയിലെ അസ്വാസ്ഥ്യങ്ങളും അതിന് എതിരെയുള്ള പോരാട്ടങ്ങളെയും മനസിലാക്കാന്‍ ലേഖനം ശ്രമിക്കുന്നത്.

പൊതുവില്‍ അവിദഗ്ദ്ധരായ ജനവിഭാഗമാണ് മത്സ്യബന്ധന മേഖലയില്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് സര്‍ക്കാരിന്‍റെ ഏറ്റവും പുതിയ സാമ്പത്തിക സര്‍വേയില്‍ പോലും പരാമര്‍ശിക്കുന്നത്. ഈ വിശദീകരണത്തില്‍ അവരുടെ വൈദഗ്ദ്ധ്യത്തെ സ്കൂള്‍ വിദ്യാഭ്യാസത്തിന്‍റെ മാനദണ്ഡത്തിലേക്ക് ചുരുക്കി പ്രകാശിപ്പിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. അത്യധികം പരിശീലനവും നൈപുണ്യവും കായികക്ഷമതയും ആവശ്യമായ തൊഴിലാണ് മത്സ്യബന്ധനം. പ്രമുഖ നരവംശ ശാസ്ത്രജ്ഞനായ മാതൂറും സാമൂഹിക ശാസ്ത്രജ്ഞനായ ജോണ്‍ കുര്യനും സൂചിപ്പിക്കുന്നത് “മത്സ്യത്തിന്‍റെ സ്വഭാവം, തിരമാലകള്‍, കടലൊഴുക്കുകള്‍, നക്ഷത്ര ദിശകള്‍, ഇവയെക്കുറിച്ചുള്ള അറിവാണ് കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ ഏറ്റവും വലിയ മുതല്‍ക്കൂട്ട്. ഈ അറിവാകട്ടെ അനുഭവത്തില്‍ നിന്നും വികസിപ്പിച്ചെടുത്ത്‌ തലമുറതലമുറയായി കൈമാറിക്കൊണ്ടിരിക്കുന്ന അമൂല്യനിധിയാണ്” (Mathur 1978; Kurien 1985)3 മത്സ്യബന്ധന മേഖലയെക്കുറിച്ചും മത്സ്യ തൊഴിലാളികളെക്കുറിച്ചുമുള്ള മേല്‍പറഞ്ഞ സര്‍ക്കാര്‍ സമീപനം കാലങ്ങളായി ഇവര്‍ക്കെതിരെ പുലര്‍ത്തിപോരുന്ന വിധിയെഴുത്താണ്. ഇതിന്‍റെ ഏറ്റവും നൂതനമായ രൂപരേഖയാണ് പരമ്പരാഗത മത്സ്യബന്ധന മേഖലയെ സാരമായി ബാധിക്കുന്ന 2014 ലെ ഡോ. മീനാകുമാരി കമ്മിറ്റി റിപ്പോര്‍ട്ട്. ഇതിനെ പ്രതിരോധിക്കുന്നതിലെക്കായി പലവിധ പോരാട്ടങ്ങളും ഈ മേഖലയില്‍ നിന്നും ഉയര്‍ന്ന് വരുന്നുണ്ട്. പരമ്പരാഗത മത്സ്യ തൊഴിലാളികളുടെ ഈ സമരകാഹളം ആയിരത്തി തൊള്ളായിരത്തി എണ്‍പതുകളില്‍ ആഞ്ഞടിച്ച സാഗര ഗര്‍ജ്ജനം ഓര്‍മ്മിപ്പിക്കുന്നതാണ്. കാലങ്ങളായുള്ള സര്‍ക്കാരിന്‍റെ മത്സ്യബന്ധന മേഖലയോടുള്ള അവഗണനയും, മുതലാളിത്തവല്കരണത്തിനായുള്ള ഒത്താശ യിലും നിന്ന്‍ അവരുടെ നയങ്ങളില്‍ അല്പമെങ്കിലും അയവ് വരുത്തിച്ചത്‌ മത്സ്യതൊഴിലാളികളുടെ നിരന്തരമായ സംഘര്‍ഷങ്ങളാണ്. ഈ സംഘര്‍ഷങ്ങല്‍ എങ്ങനെ ഏതൊക്കെ സാഹചര്യത്തില്‍ ആണ് കേരളത്തിലെ കടലോര നിവാസികള്‍ പടുത്തുയര്‍ത്തിയത്, അത് എന്ത് മാറ്റമാണ് മത്സ്യതൊഴിലാളി ജീവിതത്തിലും സമൂഹത്തിലും ചെലുത്തിയത്, തുടങ്ങി ഒട്ടനവധി വിഷയങ്ങള്‍ ചുരിക്കി പ്രതിപാദിക്കുകയാണ് ഈ കുറിപ്പിന്‍റെ ലക്‌ഷ്യം.

പരമ്പരാഗത മത്സ്യബന്ധന മേഖല: ചരിത്രം

എണ്‍പതുകളില്‍, ഉയര്‍ന്ന സാക്ഷരതയില്‍, ജീവിതനിലവാരത്തില്‍, നൈതികബോധത്തിലൊക്കെയും കേരളം പുതിയ ചുവടുകള്‍ വയ്ക്കുമ്പോള്‍, മാതൃകയാകുമ്പോള്‍ പരമ്പരാഗത മത്സ്യതൊഴിലാളികള്‍ ദുരിതങ്ങളുടെ ആഴകടലില്‍ തോണിയിറക്കുകയായിരുന്നു. 15 ശതമാനത്തിലധികം വരുന്ന പരമ്പരാഗത മത്സ്യതൊഴിലാളികള്‍ തലചായ്ക്കാന്‍ സ്വന്തമായി ഒരുതുണ്ട് ഭൂമിയില്ലത്തവരാണ്. ഏകദേശം 40% മത്സ്യത്തൊഴിലാളികൾക്കും 5 സെന്റിനും താഴെ ഭൂമിയെ ഉണ്ടായിരുന്നുള്ളൂ (Aerthayil 2002). മത്സ്യത്തൊഴിലാളികള്‍ക്ക് ചാകരക്കാലത്തും നിറച്ചുണ്ണാന്‍ ഇടത്തരക്കാരുടെ ചൂഷണത്തിനാല്‍ കഴിയാതെപോയത് പ്രബുദ്ധ കേരളം ഈ കാലയളവില്‍ സൗകര്യപൂര്‍വ്വം കണ്ടില്ലെന്ന് നടിച്ചു.

കേരളത്തിലെ മത്സ്യതൊഴിലാളികളുടെ ഇന്നത്തെ സാമൂഹിക പരിതസ്ഥിതി മനസ്സിലാക്കുവാന്‍ ആദ്യം ഇവരുടെ വിദ്യഭ്യാസം പരിശോധിക്കാം. കേരളത്തിലെ മൊത്തം കടലോര മത്സ്യതൊഴിലാളി അംഗങ്ങളില്‍ 27 ശതമാനവും പ്രൈമറി വിദ്യാഭ്യാസം പോലും ലഭിക്കാത്തവരാണ്. ഇത് ഇവരെ കീഴാളരില്‍ കീഴാളരാക്കുന്നു. ഇവരില്‍ 66 ശതമാനം കുടുംബങ്ങളും സ്വന്തമായി തൊഴിലുപകരണങ്ങളായ വള്ളമോ വലയോ ഇല്ലാത്തവരാണ് [cmfri.org.in]. ഏര്‍ത്തയിലിന്‍റെ പഠനത്തില്‍ ഇരുപതാം നൂറ്റാണ്ടിന്‍റെ അവസാന പാദത്തില്‍ ഏകദേശം 27 ശതമാനം മത്സ്യതൊഴിലാളി കുടുംബങ്ങള്‍ക്ക് മാത്രമാണ് ഏതെങ്കിലും തരത്തിലുള്ള തൊഴിലുപകരണം (വള്ളമോ വലയോ) ഇല്ലാത്തത് (Aerthayil 2002). ഇത് സൂചിപ്പിക്കുന്നത് 21 ആം നൂറ്റാണ്ടില്‍ ഇവരെത്തുമ്പോള്‍ അങ്ങേയറ്റം പിന്നോക്കം നില്കുന്നവരായി മാറി എന്ന വസ്തുതയാണ്. അപ്പോള്‍ ഇരുപതാം നൂറ്റാണ്ടിന്‍റെ ഉത്തരാര്‍ദ്ധത്തില്‍ നടപ്പിലാക്കിയ മുതലാളിത്ത വല്‍ക്കരണം എത്രമാത്രം ഇവരെ പിന്നോട്ടടിച്ചു എന്നതും ഇവരുടെ ഉല്‍പാദന ഉപാധികള്‍ എങ്ങനെ ഇവര്‍ക്ക്‌ അപ്രാപ്യമോ താങ്ങാനാകാത്ത വിധം വിലപിടിപ്പുള്ളതോ ആയി മാറി എന്നതിനെക്കുറിച്ചും മനസ്സിലാക്കണം.

മത്സ്യബന്ധന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ മനസ്സിലാക്കുകയാണെങ്കില്‍ മീന്പിടിത്തം, വിപണനം, സംസ്കരണം കയറ്റുമതി മുതലായ പ്രക്രിയകള്‍ ഉള്‍പ്പെട്ടിട്ടുള്ളതായി കാണാം. ഇതില്‍ മീന്‍പിടിത്തത്തിലാണ് ഏറിയ അധ്വാനവും വേണ്ടിവരുന്നത്. അതുകൊണ്ടുതന്നെ പരമ്പരാഗത രീതിയില്‍ പിടിച്ചെടുക്കുന്ന മത്സ്യത്തിന്‍റെ മൂല്യം തൊഴിലാളികള്‍ക്കിടയില്‍ കൃത്യമായി പങ്കുവക്കുകയും ഉപകരണങ്ങളുടെ ഉടമസ്ഥതക്ക് (വള്ളത്തിനൊന്ന്‍ വലക്കൊന്നു തുടങ്ങിയ രീതിയില്‍) അധിക പങ്കും നല്‍കുകയാണ് തെക്കന്‍ കേരളത്തില്‍ പതിവ്‌. വടക്കന്‍ കേരളത്തില്‍ വള്ളത്തിന്‍റെ വലിപ്പം അനുസരിച്ച് പങ്കുകളുടെ എണ്ണവും വ്യത്യാസപ്പെട്ടിരിക്കുന്നതായി കാണാം4. പരമ്പരാഗത രീതിയില്‍ മത്സ്യതൊഴിലാളികള്‍ക്ക് ഉപകരണങ്ങള്‍ ഇല്ലെങ്കില്‍ പോലും ഇവരുടെ അധ്വാനവും അതിന്‍റെ പ്രതിഫലവും ആരെങ്കിലും അധികമായി ചൂഷണം ചെയ്തിരുന്നില്ല, പകരം അവര്‍ വീതിച്ചെ ടുക്കലാണ്, ഈ രീതി ഇപ്പോഴും ഈ മേഖലയില്‍ തുടരുന്നുണ്ട്.

യന്ത്രവത്കൃത ബോട്ടുകളും ആധുനീക മീന്‍പിടിത്ത ഉപാധികളായ പഴ്സീനിംഗ്, ട്രോളിംഗ് നെറ്റ്, ട്രോളര്‍ മുതലായവ മത്സ്യ സമ്പത്ത്‌ വന്‍തോതില്‍ കടലില്‍ നിന്നും കരക്കെത്തിച്ചു. എന്നാല്‍ ഈ സമ്പ ത്തിലുള്ള അവകാശം പാരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് കാലക്രമേണ വേതനത്തിന്‍റെ രൂപത്തില്‍ ചുരുക്കി നല്‍കി. പലപ്പോഴും അത് ജീവിത ചിലവുകൂടി താങ്ങാന്‍ സഹായകമല്ലാത്ത തരത്തിലുള്ള തുച്ഛ മായ തുക മാത്രമാണ്. കൂടുതല്‍ വേതനത്തിനായി അവര്‍ കൂടുതല്‍ മത്സ്യസമ്പത്ത് ചൂഷണം ചെയ്യാന്‍ നിര്‍ബന്ധിതരാക്കി. ഈ അമിത ചൂഷണം മറിച്ച് ഒരു പുത്തന്‍ മദ്ധ്യവര്‍ഗ്ഗ മുതലാളിത്ത വ്യവസ്ഥയെയാണ് പരമ്പരാഗത മത്സ്യബന്ധന മേഖലക്കുപകരം ശക്തമാക്കി അവരോധിച്ചത്. ഇത് പരമ്പരാഗത മത്സ്യതൊഴിലാളികളെയും അവരുടെ ആശ്രിതരായ ഒരു വലിയ ജനവിഭാഗത്തെയും കൂടുതല്‍ ദുരിതങ്ങളിലേക്ക് തള്ളിവിട്ടു. മറുവശത്ത് മത്സ്യബന്ധനത്തെ മൂലധന സ്വരൂപീകരണത്തിനുള്ള മാര്‍ഗ്ഗം മാത്രമാക്കി ചുരുക്കി. ഇത് കേരള തീരത്തിലെ മത്സ്യ സമ്പത്തിന്‍റെ വന്‍തോതിലുള്ള ഉന്മൂലനത്തിന് കാരണമായി5.

വ്യാവസായിക അടിസ്ഥാനത്തിലുള്ള ഈ മീന്‍പിടുത്തം മുതലാളിത്ത രീതിശാസ്ത്രം അനുസരിച്ച് ലാഭം നല്കുന്നതാണെങ്കിലും മത്സ്യസമ്പത്തിന്‍റെ സ്ഥായിയായ ഉന്മൂലനവും അതുവഴി മത്സ്യ ബന്ധന മേഖലയെ വിശേഷിച്ചും പാരമ്പര്യ മത്സ്യതൊഴിലാളികളെ അങ്ങേയറ്റം ദുര്‍ഘടത്തിലാക്കുന്ന ഒരവസ്ഥയാണ് എഴുപതുകളുടെ അവസാനത്തോടെ സംജാതമാക്കിയത്. ഈ അവസ്ഥയിലാണ് അറുപതുകളുടെ അവസാനത്തോടെ ഉയര്‍ന്നുവന്ന “മത്സ്യബന്ധന-മുതലാളിത്ത വ്യവസ്ഥക്കെതിരെ” പരമ്പരാഗത മത്സ്യതൊഴിലാളികള്‍ തങ്ങളുടെ പ്രതിഷേധവും സമരവും അഴിച്ച് വിടുന്നത്.

മത്സ്യബന്ധന മേഖലയിലെ മുതലാളിത്തവല്കരണവും അസ്വാസ്ഥ്യങ്ങളും

സ്വതന്ത്ര്യ ഇന്ത്യ അഭിമുഖീകരിച്ച വെല്ലുവിളികളില്‍ പ്രധാനമാണ് രാജ്യത്തിന്‍റെ ഗ്രാമീണ-പാരമ്പര്യ മേഖലകളുടെ ഉന്നമനം. ഇതിന്‍റെ പശ്ചാത്തലത്തില്‍ നെഹ്രുവിന്‍റെ ആവേശമായ “ആധുനീകത യന്ത്രവല്‍കരണത്തിലൂടെ” യെന്ന മുദ്രാവാക്യം പഞ്ചവത്സര പദ്ധതികളിലൂടെ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചു. ഇതിന്‍റെ അനുകരണമായാണ് മത്സ്യബന്ധന മേഖലയും യന്ത്രവല്‍ക്കരണത്തിനു തുറന്ന് കൊടുക്കുന്നത്6. ഇതിലേക്കായി 1953-1966 വരെയുള്ള പദ്ധതിക്കാലത്തേക്കായി മുന്നോട്ടുവന്ന ഒരു പ്രൊജക്റ്റ്‌ ആണ് ഇന്‍ഡോ-നോര്‍വീജിയന്‍ പ്രോജക്റ്റ്‌ (ഐ എന്‍ പി). കേരള രൂപീകരണത്തിന് മുന്‍പ്‌ തിരുവിതാംകൂര്‍-കൊച്ചി രാജ്യത്തിന്‍റെ കടലോര മേഖലയുടെ സമഗ്ര വികസനത്തിന്‍റെ മാതൃക പരീക്ഷിക്കുക കൂടിയാണ് ഐ എന്‍ പിയുടെ പ്രഖ്യാപിത ലക്‌ഷ്യം (Klause 1968). കൊല്ലം ജില്ലയിലെ “പുത്തന്‍തുറയും” “നീണ്ടകരയും” “ശക്തികുളങ്ങരയും” ആണ് ഈ മാതൃകാ പദ്ധതി പ്രദേശങ്ങള്‍.

പാരമ്പര്യമത്സ്യബന്ധന സാങ്കത്യങ്ങള്‍ പരിഷ്കരിച്ച് മത്സ്യതൊഴിലാളികളുടെ ജീവിത നിലവാരം ഉയര്‍ത്തുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന്‍റെ പ്രഥമ ലക്‌ഷ്യം. ഇതിനായി നാടന്‍ വള്ളങ്ങള്‍ക്ക് വേണ്ട തടികള്‍, നെയ്ലോന്‍ വലകള്‍, ഔട്ട്‌ബോര്‍ഡ്‌ എന്‍ജിന്‍, സംസ്കരണത്തിനും വിപണനങ്ങല്‍ക്കുമുള്ള സൗകര്യങ്ങള്‍ മുതലായവ സര്‍ക്കാര്‍ ഏര്‍പ്പെടുത്തി. ഇതിന്‍റെ ഫലമായി കരക്കടിപ്പിക്കുന്ന മത്സ്യങ്ങളുടെ അളവ് വന്‍തോതില്‍ വര്‍ദ്ധിച്ചു. ഈ സാഹചര്യത്തിൽ, വിദേശ കമ്പോളങ്ങളില്‍ മത്സ്യ വിഭവങ്ങളുടെ പ്രത്യേകിച്ചും ചെമ്മീനിന്‍റെ വര്‍ദ്ധിച്ച ആവശ്യം ഐ എന്‍ പിയില്‍ ലാഭേച്ച വര്‍ദ്ധിതമാക്കി. കൂടാതെ കേരളത്തിന്‍റെ രൂപീകരണവും മാറിമറിഞ്ഞ രാഷ്ട്രീയ മാറ്റവും ഇടതുപക്ഷത്തിന്‍റെ അധികാര ആരോഹണ-അവരോഹണങ്ങളും പെട്ടന്ന്‍ പ്രോജെക്ടിലൂടെ ലാഭം കൊയ്ത് പോകാന്‍ ഇവരെ പ്രേരിപ്പിച്ചു. സ്വന്തം ബോട്ട്നിര്‍മ്മാണ ശാലയില്‍ ഇവര്‍ വലിയ യന്ത്രവല്‍കൃത ബോട്ടുകള്‍ (32 അടി) നിര്‍മ്മിക്കുകയും മത്സ്യ സമ്പത്തിന്‍റെ അടിത്തറവരെ തൂത്തുവാരുന്ന പഴ്സീന്‍, ട്രോളിംഗ് വലകള്‍ ഉപയോഗിച്ച് ചെമ്മീന്‍ വാരുകയും ചെയ്തു. ഇത് ഇതര മേഖലകളില്‍ പ്രവര്‍ത്തിച്ച മുതലാളികളെ മത്സ്യബന്ധന മേഖലയിയിലേക്ക് ആകർഷിച്ചു. പരമ്പരാഗത മത്സ്യതൊഴിലാളികളെ ഉപയോഗിച്ച് സര്‍ക്കാര്‍ സബ്സിഡിയും യന്ത്രവല്‍കൃത ബോട്ടുകളും വലകളും കടലിലിറക്കി. എന്നാല്‍ പരമ്പരാഗത മത്സ്യതൊഴിലാളികളുടെ സാമ്പത്തിക ശേഷിക്കപ്പുറത്തായിരുന്നു ഇതിന്‍റെ പരിപാലനം. അത് ചുരുങ്ങിയ കാലം കൊണ്ട് പരമ്പരാഗത മത്സ്യതൊഴിലാളികളെ കടക്കാരും മത്സ്യബന്ധന സാമഗ്രികളില്ലാത്ത കൂലിക്കാര്‍ മാത്രമാക്കിയും തരം താഴ്ത്തി.

xdfdfd
Fisherworkers' Harbour: Kovalam Image Courtesy: Romtomtom on Flickr

1963 ല്‍ ഐ എന്‍ പി കേരള സര്‍ക്കാരിന് കൈമാറിയെങ്കിലും നേരത്തെ സൂചിപ്പിച്ചത് പോലെ പരമ്പരാഗത മത്സ്യതൊഴിലാളികള്‍ക്ക്‌ സര്‍ക്കാര്‍ അനുവദിച്ച സഹായങ്ങളും ബോട്ടുകളും ക്രമേണ കുത്തക വ്യാപാരികളുടെയും മുതലാളിമാരുടെയും കൈകളിലായി. ചുരുക്കത്തില്‍ നാടന്‍ വള്ളങ്ങളും പരമ്പരാഗത രീതിയിലുള്ള മത്സ്യബന്ധനവുമായി ഒരു വലിയ വിഭാഗവും വന്‍തോതില്‍ മത്സ്യസമ്പത്ത്‌ വാരുന്ന ഒരു ചെറിയ വിഭാഗം മുതലാളിത്ത-കുത്തകവ്യാപാരികളും മത്സ്യബന്ധന മേഖലയില്‍ നിലവില്‍ വന്നു. ഈ രണ്ടാമത്തെ വിഭാഗം കടല്‍ എന്ന പൊതു സ്വത്തിനെ പരമാവധി ചൂഷണം ചെയ്തു ലാഭം കൂട്ടണമെന്ന് വാദിക്കുമ്പോള്‍ പരമ്പരാഗത മത്സ്യതൊഴിലാളികള്‍ ഇതിനെ ജീവിത ഉപാധിയും അതിനപ്പുറം അമിതമായി നശിപ്പിക്കപ്പെടാന്‍ പാടില്ലാത്ത പൊതു മുതലായുമാണ് കാണുന്നത്. ഉദാഹരണത്തിന് ട്രോളിംഗ് വലകളില്‍ നിന്നും ഒരുദിവസം കൊന്ന് ഉപേക്ഷിക്കുന്ന ചെറുമത്സ്യങ്ങള്‍ 25 കിലോയെങ്കിലും വരും ഇത് വളര്‍ന്ന് വലുതായാല്‍ ഏകദേശം 15000 ടന്‍ വരെയാകുമെന്നാണ് കണക്ക്. പാരമ്പര്യ മത്സ്യതൊഴിലാളികള്‍ ഇത്തരം ചെറു മത്സ്യങ്ങളെ കടലില്‍ ജീവനോടെ വിടുകയാണ് പതിവ്‌ (Mathew 2001). ഇത് തന്നെ സൂചിപ്പിക്കുന്നത് ട്രോളിംഗ് പൂര്‍ണ്ണമായും മത്സ്യസമ്പത്തിന്‍റെ അടിവേര് അറുക്കുന്നു എന്ന വസ്തുതയാണ്. ഈ നശീകരണ സ്വഭാവത്താല്‍ 1936 ല്‍ നോര്‍വെയില്‍ നിരോധിച്ച ട്രോള്‍ വലകളാണ് 1953 കേരളത്തില്‍ ഐ എന്‍ പി നല്കിയതെന്നതും ചരിത്രത്തിലെ വൈരുധ്യമാണ്.

സര്‍ക്കാര്‍ സമീപനം പലപ്പോഴും കുത്തക-മുതലാളിത്ത വ്യവസ്ഥയുടെ ചങ്ങാതികളാണ് എന്ന മട്ടിലായിരുന്നു. കാരണം 1950 കളിലെ ചെമ്മീന്‍ ഉള്‍പ്പെടെ കയറ്റുമതി 500 ടണ്‍ എന്നത് 84000 ടണ്ണായി 1970 കളില്‍ വര്‍ദ്ധിച്ചു. ഇതിന്‍റെ സിംഹഭാഗവും ആധുനീക മേഖലക്കാണ് ലഭിച്ചത് (1969 ല്‍ പരമ്പരാഗത മേഖലയുടെ 90.44 ശതമാനം മത്സ്യോത്പാദനം 1982 ല്‍ 54.44 ശതമാനമായി കുറഞ്ഞു. ഈ കാലയളവില്‍ തൊഴില്‍ ശക്തിയുടെ 86 ശതമാനവും പരമ്പരാഗത മേഖലയിലാണ് എന്നിരിക്കെ ആധുനീക മേഖലയുടെ പ്രഭാവം വ്യക്തമാണ്). അതിനാല്‍ തന്നെ അവരുടെ സര്‍ക്കാരിലുള്ള സ്വാധീനം ശക്തവും സംഘടിതവുമായിരുന്നു. നേരേമറിച്ച് പരമ്പരാഗത മത്സ്യ തൊഴിലാളികള്‍ ഒട്ടും സംഘടിതരുമായിരുന്നില്ല. ഇതിന്‍റെ പ്രത്യാഘാതമായി പാരമ്പര്യ മത്സ്യതൊഴിലാളികള്‍ മത്സ്യശോഷണവും, ഉല്‍പാദന മാന്ദ്യവും അതിനോടനുബന്ധിച്ച് സാമ്പത്തിക തകര്‍ച്ചയും നിരന്തരം നേരിടുകയുണ്ടായി. ഇതിന്‍റെ അനുരണനമാണ് പരമ്പരാഗത മത്സ്യതൊഴിലാളികള്‍ 1980 കളില്‍ അഴിച്ചുവിട്ട സമരപരമ്പര.

പരമ്പരാഗത മത്സ്യബന്ധന മേഖലയിലെ ആദ്യകാല ഇടപെടലുകള്‍

1916 ല്‍ തന്നെ “ജ്ഞാനോദയം സഭ”യിലൂടെ പണ്ഡിറ്റ്‌ കറുപ്പന്‍റെ നേതൃത്വത്തില്‍ കൊച്ചിയിലെ “വാള”7 വിഭാഗത്തില്‍ പെട്ട മത്സ്യതൊഴിലാളികളെ സംഘടിപ്പിച്ച് ചെറിയതോതില്‍ സാമൂഹിക മാറ്റത്തിന്‍റെ പാതയിലേക്ക് നയിച്ചു. എന്നാല്‍ ഇത് കാര്യമായ ചലനം സൃഷ്ടിച്ചില്ല. അതുപോലെതന്നെ മത്സ്യബന്ധന ഉപകരണങ്ങല്‍ക്കുമേല്‍ ബ്രിട്ടീഷുകാര്‍ ഏര്‍പ്പെടുത്തിയ നികുതിക്കെതിരെ മലബാര്‍ കലാപങ്ങളില്‍ (1916-1921) മത്സ്യത്തൊഴിലാളികളും പങ്കുചേര്‍ന്നിരുന്നു. ഇത് കിരാതമായി അടിച്ചമര്‍ത്തിയത് ചരിത്രമാണല്ലോ. മലബാറില്‍ 1920 ല്‍ രൂപപ്പെട്ട അഖില കേരള മുക്കുവ സംഘവും 1933 ല്‍ കോഴിക്കോട് രൂപപ്പെട്ട മുക്കുവ മഹാസഭയും ഹിന്ദു മത്സ്യതൊഴിലാളികളുടെ സംഘാടനവും ക്ഷേമവുമാണ് ലക്ഷ്യം വച്ചത്. പുന്നപ്ര-വയലാര്‍ സമരത്തിലും ഏതാനും മത്സ്യ-തൊഴിലാളികള്‍ പങ്കെടുത്തിരുന്നെങ്കിലും മൊത്തത്തില്‍ ഈ പോരാട്ടങ്ങളൊന്നും മത്സ്യതൊഴിലാളികളെ സംഘടിപ്പിക്കാന്‍ പാകമായിരുന്നില്ല. ആലപ്പുഴയില്‍ സൈമണ്‍ ആശാന്‍റെ നേതൃത്വത്തിലുള്ള മത്സ്യതൊഴിലാളി സമരക്കാരെയും മൃഗീയമായി തിരിവിതാംകൂര്‍ ഭരണകൂടം അടിച്ചമര്‍ത്തി. അതോടുകൂടി മത്സ്യതൊഴിലാളികളുടെ കമ്യൂണിസ്റ്റ്‌ ട്രേഡ് യൂണിയന്‍ തിരിവിതാംകൂറില്‍ കുറഞ്ഞ കാലത്തേക്കെങ്കിലും ഉന്മൂലനം ചെയ്യപ്പെട്ടു. സൈമണ്‍ ആശാന്‍റെ നേതൃത്വം യഥാര്‍ത്ഥത്തില്‍ തൊഴിലാളി എന്ന വര്‍ഗ്ഗബോധം ആലപ്പുഴയിലെ മത്സ്യ-ബന്ധനക്കാര്‍കിടയില്‍ വളര്‍ത്തിഎടുക്കാന്‍ കഴിഞ്ഞുവെന്നാണ് മത്സ്യതൊഴിലാളികളെ സംഘടിപ്പിച്ച ഏര്‍ത്തയില്‍ ആഭിപ്രായപ്പെടുന്നത് (Aerthayil 2002). ഇതിന്‍റെ തുടര്‍ച്ചയായി എഴുപതുകളില്‍ സി ഐ ടി യു വും, സി പി ഐ യുടെ എ ഐ ടി യു സി യും മത്സ്യതൊഴിലാളികളെ സംഘടിപ്പിക്കാന്‍ ശ്രമിച്ചു.

തൊഴില്‍ പരമായും സാമൂഹികമായും ഒരു കൂട്ടായ്മയായോ ഒരു കുലമായോ വ്യത്യസ്ഥ മതവിഭാഗങ്ങളുടെ കീഴില്‍ ജീവിക്കുന്ന ഇവരെ വര്‍ഗ്ഗപരമായി മാത്രം സംഘടിപ്പിക്കുക ഇടത് പക്ഷ പ്രസ്ഥാനങ്ങളെ സംബന്ധിച്ച് ശ്രമകരമായിരുന്നു. കാരണം മതത്തിന്‍റെ സ്വാധീനം വര്‍ഗ്ഗപരമായ ഒന്നിച്ച്പോക്കിനെക്കാളും പലപ്പോഴും മത്സ്യതൊഴിലാളികളെ പിന്തിരിപ്പിക്കുന്നുണ്ട്. ഇതിന്‍റെ ഉദാഹരണങ്ങളാണ് ഈ സമൂഹം പങ്കാളികളായ പല തീരപ്രദേശ വര്‍ഗ്ഗീയ കലാപങ്ങൾ8. കടലില്‍ പോകുന്ന ഇവര്‍ അതീവ മതവിശ്വാസികളാണെന്ന് പി ടി മാത്യൂവും തന്‍റെ പഠനത്തില്‍ സമര്‍ഥിക്കുന്നുണ്ട്. നേരേമറിച്ച് മതബന്ധങ്ങളില്‍ അധികം പ്രസക്തികല്‍പ്പിക്കാത്ത ഇടുതുപക്ഷത്തെയും അവരുടെ ആശയങ്ങളെയും മത്സ്യതൊഴിലാളികള്‍ വര്‍ഗ്ഗപരമായി സ്വീകരിച്ചിരുന്നുവെങ്കിലും മതവിശ്വാസത്തിന്‍റെ ചട്ടക്കൂട് ഇടതുപക്ഷത്തെ ആശങ്കയോടുകൂടി വീക്ഷിക്കാനാണ് അവരെ പ്രേരിപ്പിച്ചത്‌9. ഇതില്‍ നിന്നും വ്യത്യസ്തമായി എടുത്തുപറയത്തക്ക പ്രവര്‍ത്തനം സംഘടിപ്പിക്കപ്പെട്ടത് എ വി താമരാക്ഷന്‍റെ ഇടപെടലുകളിലൂടെയാണ്. ഈ ഇടപെടലുകള്‍ പില്‍കാലത്ത്‌ ചെറിയതോതില്‍ ആലപ്പുഴയില്‍ യു ടി യു സി യുടെ യൂണിറ്റുകള്‍ സ്ഥാപിക്കാന്‍ സഹായിച്ചിട്ടുണ്ട്. എന്നാല്‍ താമരക്ഷന്‍റെ പ്രവര്‍ത്തനങ്ങള്‍ സാമ്പത്തികപരമായും, പ്രവര്‍ത്തകരുടെ അഭാവത്താലും അധികകാലം ശക്തമായി തുടരാന്‍ കഴിഞ്ഞില്ലെന്നാണ് കൊല്ലത്തും ആലപ്പുഴയിലുമുള്ള മുതിര്‍ന്ന മത്സ്യതൊഴിലാളികൾ അഭിപ്രായപ്പെട്ടത്‌.

കോണ്‍ഗ്രസ്‌, മുസ്ലിം ലീഗ് പാർട്ടികൾ മത്സ്യതൊഴിലാളികളെ വോട്ട് ബാങ്ക് ആയി കണക്കാക്കിയിരുന്നെങ്കിലും കാര്യമായ പ്രവർത്തനങ്ങളൊന്നും തന്നെ ചെയ്തിരുന്നില്ല. ഹിന്ദു വിഭാഗത്തില്‍പെട്ട വിവിധ ജാതികളിലുള്ള മത്സ്യതൊഴിലാളികളെ “ധീവരസഭ”ക്ക് കീഴില്‍ അണിനിരത്തി. എങ്കിലും മത്സ്യതൊഴിലാളികളുടെ താല്പര്യങ്ങള്‍ പൂര്‍ണ്ണമായും സംരക്ഷിക്കാന്‍ ഇവര്‍ക്കുമായില്ല എന്നതാണ് ചരിത്രം. ജോണ്‍ കുര്യന്‍ അഭിപ്രായപ്പെട്ടതുപോലെ രാഷ്ട്രീയപാര്‍ടികളും ജാതി-മത സംഘടനകളും ഇവരെ ഒരു തൊഴിലാളിവര്‍ഗ്ഗമായി സംഘടിപ്പിക്കുന്നതില്‍ പൂര്‍ണ്ണ പരാജയമായിരുന്നു ഈ കാലഘട്ടങ്ങളില്‍. മറിച്ച് മനസ്സിലാക്കിയാല്‍, വിവിധ മതങ്ങളില്‍ പെട്ടവരും അസംഘടിതരുമെന്ന ഒറ്റക്കാരണത്താലാണ് മൊത്തം തൊഴിലാളികളില്‍ രണ്ട് ശതമാനം വരുന്ന ഇവരെ രാഷ്ട്രീയ കേരളം അവഗണിച്ചതോ സംഘടിപ്പിക്കാന്‍ പരാജയപ്പെട്ടതോ എന്ന് പറയേണ്ടിവരുന്നത്.

പലപ്പോഴും പാരമ്പര്യ മത്സ്യ തൊഴിലാളികളും യന്ത്ര വൽകൃത ബോട്ടുകളിലെ ജീവനക്കാരും തമ്മിൽ സന്ഘർഷമുണ്ടാവുകയും ഏകദേശം 50 ഓളം മത്സ്യതൊഴിലാളികളെങ്കിലും കൊല്ലപ്പെടുകയും ചെയ്തിട്ടുണ്ട്. ഇത് ബോട്ടുടമകള്‍ വര്‍ഗ്ഗ ശത്രുക്കളാണെന്ന ബോധം തൊഴിലാളികളിലുണ്ടാക്കി. തെക്കന്‍ കേരളത്തില്‍ കടലില്‍പോകുന്ന മത്സ്യതൊഴിലാളികളില്‍ ബഹുഭൂരിപക്ഷവും ലത്തീന്‍ കത്തോലിക്ക വിഭാഗത്തില്‍പെടുന്നവരായിരുന്നു. ഇവരുടെ ജീവിത അവസ്ഥയില്‍ പള്ളിക്ക് കൃത്യമായ പങ്കും ഉണ്ട്. കത്തോലിക്ക വൈദികരും മറ്റു പുരോഗമന ഇടതു പക്ഷ പ്രസ്ഥാനങ്ങളും ഈ സാഹചര്യത്തിൽ ഇടപെട്ടു.

എന്നാൽ മതബന്ധങ്ങള്‍ അവരെ കൂടുതല്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളില്‍ നിന്നും അകറ്റി നിര്‍ത്തി. ഈ സാഹചര്യത്തിലാണ് വൈദികരുടെ നേതൃത്വത്തില്‍ കക്ഷിരഹിത മതകേന്ദ്രീകൃത തൊഴിലാളി സംഘടനക്ക് രൂപം നല്‍കിയത്. ഉദാഹരണത്തിന് ആലപ്പുഴ കത്തോലിക്ക മത്സ്യത്തൊഴിലാളി യൂണിയന്‍, കോട്ടയത്തെ വിജയപുരം രൂപത മത്സ്യതൊഴിലാളി യൂണിയന്‍ തുടങ്ങിയവ. ഇത് കൂടാതെ ജില്ലാതലങ്ങളില്‍ പ്രവര്‍ത്തം സജീവമാക്കിയിരുന്ന അഷ്ടമുടിക്കായല്‍ മത്സ്യതൊഴിലാളി യൂണിയന്‍, ആലപ്പുഴ ജില്ല ഉള്‍നാടന്‍ മത്സ്യതൊഴിലാളി യൂണിയന്‍, തിരുവനന്തപുരം ജില്ല മത്സ്യതൊഴിലാളി യൂണിയന്‍, കൊച്ചി ജില്ലാ തല മത്സ്യതൊഴിലാളി യൂണിയന്‍ എന്നിവ അസംഘടിതരായ ഇവരെ മതത്തിന്‍റെ സ്വാധീനത്തില്‍ നിര്‍ത്തിക്കൊണ്ട് തന്നെ സംഘടിപ്പിച്ചു. ഇത് പലരും മത ധാര്‍മ്മികതയുടെ പരിപ്രേക്ഷ്യമായും ചിത്രീകരിച്ച് പോരുന്നുണ്ട്. മറ്റ് ചിലര്‍ ഇതിന് വിമോചന ദൈവശാസ്ത്രത്തിന്‍റെ പരിപ്രേക്ഷ്യവും കല്‍പ്പിക്കുന്നുണ്ട്. എന്നാല്‍ വിഘടിച്ചുനിന്ന് മത്സ്യതൊഴിലാളികളുടെ അവകാശം സംരക്ഷിക്കുക എളുപ്പമല്ലെന്ന തിരിച്ചറിവ് ഒരു സംസ്ഥാന തല പ്രക്ഷോഭ സംഘം രൂപീകരിക്കാന്‍ മേല്‍പ്പറഞ്ഞ ജില്ലാ തല യൂണിയനുകള്‍ 1977 ൽ ഒരുമിച്ച് കൂടി തീരുമാനിച്ചു. ഇതിന്‍റെ ഫലമായി ഫാ. പോല്‍ അറക്കല്‍ അദ്ധ്യക്ഷനായി “ലത്തീന്‍ കത്തോലിക്ക മത്സ്യതൊഴിലാളി ഫെഡറേഷന്‍” നിലവില്‍ വന്നു. കൃഷി ചെയ്യുന്ന കര്‍ഷകന് കൃഷിഭൂമി എന്ന മുദ്രാവാക്യം ഉയര്‍ത്തുമ്പോള്‍ ഇതേ കാലയളവില്‍ മത്സ്യതൊഴിലാളികളുടെ പണിയിടമായ കടലില്‍ ജീവനും ഉപകരണങ്ങള്‍ക്കും വന്‍കിട ലാഭേഛക്കാർ ഭീഷണിയായപ്പോഴാണ് മത്സ്യതൊഴിലാളികളുടെ സമരങ്ങള്‍ വൈദികരാല്‍ നിറക്കപ്പെട്ടത്.

തെക്കന്‍ കേരളത്തില്‍ ലത്തീന്‍ മത്സ്യതൊഴിലാളികള്‍ ശക്തമായിരുന്നുവെങ്കിലും ലത്തീന്‍ കത്തോലിക്ക മത്സ്യതൊഴിലാളി യൂണിയന്‍ മറ്റുവിഭാഗക്കാരെ സംസ്ഥാന തലത്തില്‍ “മത്സ്യതൊഴിലാളി” എന്ന വര്‍ഗ്ഗാടിസ്ഥാനത്തില്‍ ഒരുമിപ്പിക്കാന്‍ നന്നെ വിയര്‍ത്തു. സമരത്തിലെ ദൗര്‍ബല്യങ്ങള്‍ വിശകലനം ചെയ്തതിനുശേഷമാണ് “കത്തോലിക്ക” എന്ന സംഘടനാ പേരില്‍ പ്രവര്‍ത്തിക്കുമ്പോഴാണ് മറ്റ് ബഹുഭൂരിപക്ഷ മത്സ്യത്തൊഴിലാളി സമൂഹത്തെയും പ്രതിനിധീകരിക്കാന്‍ കഴിയാത്തതെന്ന് ഇവര്‍ മനസ്സിലാക്കുന്നത്. വര്‍ഗ്ഗാടിസ്ഥാനത്തിലുള്ള സംഘടനയാണ് കൂടുതല്‍ പ്രായോഗികം എന്ന തിരിച്ചറിവാണ് മത്സ്യതൊഴിലാളി എന്ന വര്‍ഗ്ഗത്തിന്‍റെ കക്ഷി രഹിത മത രഹിത സംഘാടനത്തിന്‍റെ യുക്തിയോട് ഇവരെ സമരസപ്പെടുത്തുന്നതും “കേരള സ്വതന്ത്ര മത്സ്യ തൊഴിലാളി ഫെഡറേഷന്‍” രൂപം കൊള്ളുന്നതും10.

കേരള സ്വതന്ത്ര മത്സ്യ തൊഴിലാളി ഫെഡറേഷനും സമരങ്ങളും

മത്സ്യബന്ധനത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരുടെ സാമൂഹികവും-രാഷ്ട്രീയവും-സാമ്പത്തികവുമായ ഉന്നമനമാണ് കെ എസ് എം ടി എഫിന്‍റെ പ്രഖ്യാപിത ലക്ഷ്യം. ഇതിലേക്കായി സര്‍ക്കാരുകളില്‍ നിന്നുള്ള പരമാവധി ആനുകൂല്യങ്ങള്‍ മത്സ്യതൊഴിലാളികളിൽ എത്തിക്കുന്ന പ്രവര്‍ത്തനമാണ് ഇവരുടെ പരിപാടി. രാഷ്ട്രീയകക്ഷികളുമായി പ്രത്യക്ഷത്തിലോ പരോക്ഷമായോ അഫിലിയേറ്റ് ചെയ്യാത്തതിനാല്‍ ഇവരൊരു കക്ഷിരഹിത പ്രസ്ഥാനമായി വീക്ഷിക്കപ്പെട്ടു. നേരത്തെ സൂചിപ്പിച്ച ലത്തീൻ കത്തോലിക്ക സഭയുടെ കോണ്ഗ്രസ് അനുഭാവം ഒഴിച്ചാല്‍ പ്രവര്‍ത്തന പരമായും ധൈ ഷണികമായും ഇടത് അനുഭാവമാണ് പുലര്‍ത്തിയിരുന്നത്11. ഇതിന്‍റെ വെളിച്ചത്തിലാണ് മത്സ്യബന്ധനത്തെ ശക്തിപ്പെടുത്തുന്ന ട്രോളിംഗ് നിരോധനം ജൂണ്‍, ജൂലൈ, ആഗസ്റ്റ്‌ മാസങ്ങളില്‍ ഏര്‍പ്പെടുത്തണം എന്ന ശാസ്ത്രീയമായ ആവശ്യം12.

എറണാകുളം മുതല്‍ തിരുവനന്തപുരം വരെ നീളുന്ന കൂറ്റന്‍ ജാഥ 1980 ല്‍ സംഘടിക്കപ്പെട്ടു. ഇതിൽ ഉന്നയിച്ച 38 ആവശ്യങ്ങളിൽ പ്രധാനം പഴ്സീന്‍ വലകളുടെ നിരോധനം, പ്രജനന കാലമായ ജൂണ്‍ ജൂലൈ ആഗസ്റ്റ്‌ മാസങ്ങളിലെ സമ്പൂര്‍ണ്ണ യന്ത്രവല്കരണ ബോട്ടുകളുടെ ട്രോളിംഗ് നിരോധനം, തുടങ്ങിയവയാണ്. സമരങ്ങളുടെ സമ്മര്‍ദ്ദ ഫലമായി 1980 ൽ കേരള സര്‍ക്കാര്‍ കടല്‍ മത്സ്യബന്ധന നിയന്ത്രണ നിയമം പാസാക്കി. ഇത് പാരമ്പര്യ മത്സ്യതൊഴിലാളികളുടെ അവകാശ സംരക്ഷണത്തിന്‍റെ നാഴികകല്ലായി. ഈ നിയമം ട്രോളിംഗ് നിരോധനം എന്ന ആവശ്യത്തെ പില്‍കാലത്ത് സാധൂകരിച്ചു. ഇതിനെ യന്ത്രവല്‍കൃത ബോട്ട് ഉടമകള്‍ കോടതിയില്‍ 1980 ല്‍ തന്നെ ചോദ്യം ചെയ്തു. പക്ഷെ കെ എസ് എം ടി എഫ് തങ്ങളുടെ ട്രോളിംഗ് നിരോധനമെന്ന വാദവുമായി മുന്നോട്ട് പോകുകയും ഈ സമര ചൂടില്‍ 1981 ല്‍ ആദ്യമായി ട്രോളിംഗ് നിരോധനം ഇ കെ നായനാരുടെ നേതൃത്വത്തിലുള്ള ഇടത് സര്‍ക്കാര്‍ ഏര്‍പ്പെടുത്തുകയുമായിരുന്നു.

യന്ത്രവല്‍കൃത ബോട്ടുകളെ സഹായിക്കാന്‍ പത്ത്ദിവസത്തിനുള്ളില്‍ ഫിഷറീസ്‌ മന്ത്രിയായ പി എസ് ശ്രീനിവാസന്‍ നീണ്ടകരയെ ട്രോളിങ്ങില്‍ നിന്നും ഒഴിവാകി. ഇത് കടുത്ത സമരങ്ങളിലേക്ക് വീണ്ടും മത്സ്യതൊഴിലാളികളെ തള്ളിവിട്ടു. 1981 ജൂണ്‍ 12 ന് 50 തൊഴിലാളികള്‍ ഫിഷറീസ്‌ ഡയറക്ടര്‍ കാര്യാലയത്തിൽ അതിക്രമിച്ച് കയറി അറസ്റ്റ്‌ വരിച്ചു. തുടര്‍ന്ന് അഞ്ചു ദിവസം ഫിഷറീസ്‌ മന്ത്രിയുടെ വസതിക്കുമുന്നില്‍ പിക്കറ്റിങ്ങും അവസാനം ജൂണ്‍ 25 ന് ഭാരവാഹികള്‍ നിരാഹാര സത്യാഗ്രഹത്തിലും പ്രവേശിച്ചു. തിരുവനന്തപുരം കൊല്ലം ആലപ്പുഴ ജില്ലകളുടെ പൂര്‍ണ്ണ സഹായത്തോടെ ആയിരക്കണക്കിന് സ്ത്രീകളും പുരുഷന്‍മാരും അടങ്ങുന്ന വമ്പിച്ച സമരപരിപാടി തലസ്ഥാനത്ത്‌ അരങ്ങേറി. നാള്‍ക്കുനാള്‍ അറസ്റ്റ്‌ വരികള്‍, വിമാന-റെയില്‍ നിലയങ്ങളിലെ പിക്കടിംഗ് വാഹന ഗതാഗത നിയന്ത്രണം തുടങ്ങി സമരം ശക്തിപ്പെട്ടു. സി ഐ ടി യു വിന്റെ മത്സ്യതൊഴിലാളി ഘടകം, ആര്‍ എസ് പി, കത്തോലിക്കാ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ ഐക്കഫ് മുതലായവരും സമരത്തിന് വലിയതോതില്‍ ആത്മവിശ്വാസം പകര്‍ന്നു. പത്തൊമ്പത്‌ ദിവസം നീണ്ട സമരത്തിനു ഒടുവില്‍ ഫിഷറീസ്‌ മന്ത്രി വഴങ്ങി ഒരു അന്വേഷണ കമ്മീഷനെ നിയോഗിക്കാമെന്ന് തീരുമാനമെടുത്തു13. വലത് പക്ഷം ഈ സാഹചര്യം കൂടുതല്‍ രാഷ്ട്രീയമായി ഉപയോഗിക്കുകയും സര്‍ക്കാരിന്‍റെ പതനത്തിലേക്കത് ഇതിനെ വഴി തെളിക്കുകയും ചെയ്തു. യഥാര്‍ത്തത്തില്‍ സി പി ഐ മന്ത്രിയുടെ നടപടി ഇടത് സര്‍ക്കാരിനെതന്നെ അട്ടിമറിക്കുന്നതായിരുന്നു.

ബാബു പോൾ കമ്മിഷന്‍ അനുസരിച്ചുള്ള നിര്‍ദേശങ്ങള്‍ നടപ്പിലാക്കണമെന്ന് ആവശ്യം ഉന്നയിച്ചു 1984 ല്‍ വീണ്ടും കെ എസ് എം ടി എഫ് സമരം ശക്തമാക്കി. ജോയ്‌ ആന്‍റണിയുടെ നേതൃത്വത്തില്‍ 10000 മത്സ്യതൊഴിലാളികള്‍ ഒപ്പുവച്ച 17 ആവശ്യങ്ങളുള്ള ഭീമ ഹര്‍ജി സര്‍ക്കാരിന് സമര്‍പ്പിച്ചു. നേരത്തെ സൂചിപ്പിച്ച എല്ലാ തരം ട്രോളിങ്ങും നിരോധനവും, വിനാശകരമായ പഴ്സീനിംഗ്, ബോട്ടം ട്രോള്‍ നെറ്റ് മുതലായവയുടെ നിരോധനവുമല്ലാതെ മത്സ്യതൊഴിലാളികള്‍ക്ക്‌ പെന്‍ഷന്‍, ഇവരുടെ കുട്ടികള്‍ക്കായി ലംസം ഗ്രാന്‍റ്, സ്ത്രീകള്‍ക്ക് മത്സ്യവിപണനത്തിനായുള്ള യാത്രാ സൗകര്യം, കടലില്‍ വച്ച് ജീവനും സ്വത്തിനും ഉണ്ടാകുന്ന നഷ്ടങ്ങള്‍ക്ക്‌ പരിഹാരം നല്‍കുക, കടലോരത്തെ തങ്ങളുടെ കുടിലുകള്‍ക്ക്‌ പട്ടയം നല്‍കുക, തുടങ്ങി ഒട്ടനവധി പുരോഗമന സാമൂഹിക പരിരക്ഷണങ്ങളാണ് ഇവര്‍ മുന്നോട്ട് വച്ചത്. ഇതില്‍ പലതും ആദ്യമായാണ്‌ അധികാരികളുടെ മുന്‍പില്‍ ഉന്നയിക്കപ്പെട്ടത്. സംസ്ഥാനത്തുടനീളം ഒരേസമയത്ത് അഴിച്ച്വിട്ട സമരം ക്രമേണ അതത് ജില്ലകള്‍ക്ക്‌ വേണ്ടവിധത്തിലും സമരത്തിന്‍റെ സ്വഭാവത്തെ പരുവപ്പെടുത്തി. കേരളം മുഴുവന്‍ ഉണരുന്ന തരത്തില്‍ രൂട്ടുമാര്ച്ചുകള്‍, വാഹനജാഥ, പ്രകടനങ്ങള്‍, സമ്മേളനങ്ങള്‍, വീട്സന്ദര്‍ശനം തുടങ്ങി എല്ലാതരം സമരമുറകളും മത്സ്യത്തൊഴിലാളികള്‍ പുറത്തെടുത്തു. എന്നാല്‍ കരുണാകരന്‍ സര്‍ക്കാര്‍ അതിനെയൊക്കെ അവഗണിച്ചു. ഇതില്‍ തളരാതെ മത്സ്യതൊഴിലാളി പ്രസ്ഥാനത്തിന്‍റെ ജനറല്‍ സെക്രട്ടറി എം ജോസഫ് മെയ്‌ 15 ന് കളക്ടറെറ്റിന് മുന്നില്‍ നിരാഹാരം ആരംഭിച്ചു. നൂറുകണക്കിന് അനുഭാവികള്‍ വിവിധ ജില്ലകളില്‍ കൂട്ട ഉപവാസം നടത്തി. ഉപവാസത്തിന്‍റെ ഒന്‍പതാം നാള്‍ തീരക്കടല്‍ പരിധി ലംഘിച്ച ബോട്ടുകളെ പിടിച്ച് സര്‍ക്കാരില്‍ ഏല്‍പ്പിച്ചു. ഇതോടെ കടലിലെ സമരവും ശക്തമായി. നിരാഹരത്തിന്‍റെ പത്താം നാള്‍ മലബാറില്‍ സിസ്റ്റര്‍ ആലീസും വേലായുധനും കോഴിക്കോട്‌ അനിശ്ചിത കാല നിരാഹാരം ആരംഭിച്ചു. അതുവരെ സജീവമല്ലാതിരുന്ന മുസ്ലിം മത്സ്യത്തൊഴിലാളികള്‍ (സ്ത്രീകളും പുരുഷന്മാരും) സമരക്കാര്‍ക്ക്‌ പിന്തുണപ്രഖ്യാപിച് നിരത്തിലിറങ്ങി. ഇതിന്‍റെഭാഗമായി ആദ്യമായി മത്സ്യത്തൊഴിലാളികള്‍ “സമരസഹായ സമിതി” രൂപീകരിച്ച് ജനങ്ങളിലിറങ്ങി. ഇത് സമരത്തെ കൂടുതല്‍ ജനകീയമാക്കി. അപ്പോഴും കരുണാകരന്‍ സര്‍ക്കാര്‍ ചര്‍ച്ചക്ക്‌ തയ്യാറല്ല എന്ന്‍ തുറന്നടിച്ചു. ഇതോടെ സിഐ ടി യു, എ ഐ ടി യു സി, യു ടി യു സി തുടങ്ങിയവര്‍ ശക്തമായ പിന്തുണക്കുകയും സമരം പുതിയ ഘട്ടത്തിലെത്തുകയുമുണ്ടായി.

എട്ടാം ദിവസം സിസ്റ്റര്‍ ആലീസിനെയും വേലായുധനെയും അറസ്റ്റുചെയ്തു നീക്കുമ്പോള്‍ കൂടുതല്‍ കന്യാസ്ത്രീകളും അച്ഛന്‍മാരും അനിശ്ചിതകാല നിരാഹാരത്തില്‍ പ്രവേശിച്ച് കഴിഞ്ഞിരുന്നു. മത്സ്യതൊഴിലാളികളുടെ പ്രക്ഷോഭം എന്ന തലക്കെട്ടില്‍ പല പത്രങ്ങളും മുഖപ്രസംഗങ്ങള്‍ എഴുതി. ഇത് വര്‍ഗ്ഗാടിസ്ഥാനത്തില്‍ ഒരു സമരത്തിന് ലഭിച്ച ഏറ്റവും വലിയ അംഗീകാരമായിട്ടാണ് പലരും വിലയിരുത്തുന്നത് (Aerthayil 2002). ഒടുവില്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി ഒരു സമ്മേളനം വിളിച്ച് കൂട്ടുകയും രാത്രികാല ട്രോളിംഗ് നിരോധിക്കണമെന്നും സാമൂഹിക സംരക്ഷണത്തിന് 18 കോടി അനുവദിക്കാം എന്നും മുഖ്യമന്ത്രി ഉറപ്പ് നല്‍കി. മണ്‍സൂണ്‍ ട്രോളിങ്ങിലെ നയം വ്യക്തമാകാതിരുന്നതിനാല്‍ ഈ ചര്‍ച്ച സംഘടനകള്‍ അംഗീകരിച്ചില്ല. യന്ത്രവല്‍കൃത ബോട്ടുടമകൾ ഇതേസമയം ഒരു കൌണ്ടര്‍ കാമ്പൈന്‍ സംഘടിപ്പിച്ചു. അന്നത്തെ ബോട്ടുടമകളുടെ ഫെഡറേഷന്‍ പ്രസിഡന്‍റ് ഭാസ്കരപിള്ള പറഞ്ഞത് “കൊഞ്ച് പിടിക്കാനുള്ള അവകാശത്തില്‍ കൈകടത്തിയാല്‍ കേരളത്തില്‍ ഒരു ‘പഞ്ചാബ്‌ മോഡല്‍’ സമരം നടത്തുമെന്നാണ്” (Aerthayil 2002). ഈ അവസരത്തില്‍ ബിഷപ്പുമാരെ സ്വാധീനിച്ച് സമരം പിന്‍വലിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചു. ഇതിന് കെ എസ് എം ടി എഫ് മറുപടിപറഞ്ഞത്‌ “ബിഷപ്പുമാര്‍ പിന്തുണച്ചാലും ട്രോളിംഗ് പ്രശ്നത്തില്‍ ഒരു പുതിയ കമ്മീഷന്‍റെ നിര്‍ദേശങ്ങള്‍ ഞങ്ങള്‍ സ്വീകരിക്കില്ല”. പ്രക്ഷോഭം 45 ദിവസം പിന്നിട്ടപ്പോള്‍ സിപിഐ പൂര്‍ണ്ണമായും ഫെഡറേഷനെ അനുകൂലിച്ച് രംഗത്തെത്തി. ഇതേ തുടര്‍ന്ന് പ്രതിപക്ഷകക്ഷികളുടെ നേതാക്കളും സെക്രെടരിയേറ്റിന് മുന്‍പില്‍ നിരാഹാരം ആരംഭിച്ചു. ആദ്യമായാണ്‌ സര്‍വസ്വ പിന്തുണയോടെ ഒരു തൊഴിലാളി പ്രസ്ഥാനത്തിന്‍റെ ആവശ്യം ഒരു ജനകീയ ആവശ്യമായി കേരള ചരിത്രത്തില്‍ ഇടംപിടിക്കുന്നത്. കാരണം ഒരുകക്ഷിരഹിത സംഘടന നേതൃത്വം നല്‍കിയ സമരം ഇതിന് മുന്‍പ്‌ ഇത്രകണ്ട് ജനകീയമാക്കപ്പെട്ടില്ല എന്നത് തന്നെയാണ്. ഇവര്‍ ഉയര്‍ത്തിയ ഒരു മുദ്രാവാക്യം അതിനുദാഹരണമാണ് “ഞങ്ങളില്ലാതെ കടലില്ല, മീനില്ലെങ്കില്‍ ഞങ്ങളില്ല, ഞങ്ങളില്ലെങ്കില്‍ രാജ്യമില്ല”. ആയിരങ്ങളുടെ കണ്‍ഠങ്ങള്‍ ഒരുമിച്ച് മുഴക്കിയ ഈ മുദ്രാവാക്യത്തില്‍ സംസ്ഥാനവും തലസ്ഥാനവും ഒരുമിച്ച് സ്തബ്ദമായി എന്നത് ചരിത്രം. ഇതേ തുടര്‍ന്ന് ലംസം ഗ്രാന്റും പെന്‍ഷനും നല്‍കാമെന്ന് കോണ്ഗ്രസ് സര്‍ക്കാര്‍ സമ്മതിച്ചെങ്കിലും മണ്‍സൂണ്‍ ട്രോളിംഗ് നിരോധനം അവര്‍ സമ്മതിച്ചില്ല. 22 ദിവസം പിന്നിട്ട സിസ്റ്റര്‍ ഫിലമെന്‍റ് മേരിയുടെ ആരോഗ്യത്തില്‍ ആശങ്കയുണ്ടായ ഫെഡറേഷന്‍ അന്ന് അര്‍ദ്ധരാത്രി യോഗം ചേരുകയും 50 ദിവസം പിന്നിട്ട തങ്ങളുടെ സുദീര്‍ഘമായ സമരം താല്‍കാലികമായി നിര്‍ത്തിവക്കുകയുമുണ്ടായി. ഈ നടപടിയെ പ്രതിപക്ഷ കക്ഷികളും സ്വാഗതം ചെയ്ത് താല്‍കാലികമായി സമരത്തിന് വിരാമം കുറിച്ചു.

എന്നാല്‍ വാഗ്ദാനം പാലിക്കാത്ത സര്‍ക്കാരിനെതിരെ 1985 മെയ്‌ 25 ന് വീണ്ടും കെ എസ് എം ടി എഫ് സമരമുഖത്തിറങ്ങി. മത്സ്യതൊഴിലാളി ചരിത്രത്തില്‍ ഏറ്റവും നീണ്ടുനിന്ന സമര കാലഘട്ടമാണ് ഇത്. “മത്സ്യസമ്പത്ത്‌ സംരക്ഷിക്കു, കേരളത്തെ രക്ഷിക്കു” എന്ന മുദ്രാവാക്യമാണ് ഇതില്‍ ഉയര്‍ന്നത്. മത്സ്യതൊഴിലാളികളായ യുവ കലാകാരന്മാരുടെ നേതൃത്വത്തിലുള്ള ഒരു കലാജാഥ വടക്കുമുതല്‍ തെക്ക് വരെയുള്ള മത്സ്യതൊഴിലാളി ഗ്രാമങ്ങളില്‍ പ്രദര്‍ശിപ്പിച്ചാണ് ഈ സമരം ആരംഭിച്ചത്‌. മൂന്നു ഘട്ടങ്ങളിലായി പുരോഗമിക്കാന്‍ ആസൂത്രണം ചെയ്ത്‌ സമരം ആദ്യം ജയില്‍ നിറക്കലിനും പിന്നീട് ജില്ലാതല സത്യഗ്രഹത്തിനും അവസാനം നിരാഹാര സത്യഗ്രഹത്തിനുമാണ് നേതൃത്വം നല്‍കിയത്‌. ആയിരക്കണക്കിന് മത്സ്യതൊഴിലാളികളാണ് ജയിലില്‍ നിറക്കപ്പെട്ടത്. രണ്ടാംഘട്ടത്തില്‍ ജില്ലാ തലങ്ങളില്‍ “അവകാശദിന” പ്രഖ്യാപനം നടത്തിയാണ് സമരം മുന്നേറിയത്‌. എ വി താമരാക്ഷന്‍റെ നേതൃത്വത്തില്‍ യു ടി യു സി ആലപ്പുഴയില്‍ പികടിംഗ് സംഘടിപ്പിച്ചു. അവസാനം ട്രോളിംഗ് നിരോധനത്തെ പഠിക്കാന്‍ നിയോഗിച്ച കലാവര്‍ കമ്മിറ്റി ജൂണ്‍ 20 ന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു, ശുപാര്‍ശകൾ ട്രോളിംഗ് നിരോധനത്തെ പിന്താങ്ങുന്നതായിരുന്നു. കെ എസ് എം ടി എഫിന്‍റെയും മറ്റ് മത്സ്യതൊഴിലാളി പ്രക്ഷോഭ പരിപാടികളുടെയും സാധുതയെ തത്വത്തില്‍ അംഗീകരിക്കുന്നതായിരുന്നു കലാവര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്.

സമരം ശക്തിയാര്‍ജ്ജിച്ച് കൊണ്ടിരിക്കുമ്പോഴാണ്‌ കേരള മനസാക്ഷിയെ ഞെട്ടിപ്പിച്ച് നാല് മത്സ്യതൊഴിലാളികള്‍ പരിധിലംഘിച്ച ബോട്ടിടിച്ച് കൊല്ലപ്പെട്ടത്‌. ആലപ്പുഴയിലെ കാട്ടൂരിലെ ഈ രക്തസാക്ഷികള്‍ കേരള മനസ്സാക്ഷിയില്‍ മത്സ്യതൊഴിലാളി സമരത്തിന് പുതിയമാനങ്ങള്‍ നല്‍കി. എന്ത് വിലകൊടുത്തും കടല്‍ സമ്പത്ത്‌ സംരക്ഷിക്കും എന്നവര്‍ പ്രതിഞ്ജ എടുത്തു. 65 ദിവസം പിന്നിടുമ്പോഴും ഗവര്‍മെന്‍റ് നിഷേധാത്മക നിലപാടാണ് സ്വീകരിച്ചത്‌. അത് വീണ്ടും നിരാഹാര സമരത്തില്‍ കലാശിച്ചു. ഫാദര്‍ ജോസ് കളീക്കലിന്‍റെ നിരാഹാരം കൂടുതല്‍ കന്യാസ്ത്രീകളെയും വൈദികരെയും രംഗത്തിറക്കി. 50 കന്യാസ്ത്രീകള്‍ സ്വാതന്ത്ര്യ ദിനത്തില്‍ നടത്തിയ സമരം സങ്കീര്‍ത്തനങ്ങള്‍ക്ക് പകരം ഈങ്ക്വിലാബ് മുഴക്കി. ഇന്ത്യ ടുഡേ മൂന്ന്‍ മാസം പിന്നിട്ട ഈ സമര വീര്യത്തെ “കടലിന്‍റെ കൊടുംകാറ്റ്” എന്ന്‍ വിശേഷിപ്പിച്ചു. സമരങ്ങളുടെ ഫലമായി സെപ്തംബര്‍ 19 ന് കേരള നിയമസഭ “മത്സ്യതൊഴിലാളി ക്ഷേമനിധി ബില്‍” ഐക്യകണ്ഠം പാസാക്കി.

എന്നിട്ടും സമരം നിലക്കാത്തതിനാല്‍ മുഖ്യമന്ത്രി ഇടത് സംഘടനകളെയും കെ എസ് എം ടി എഫ് നേതാക്കളെയും ഒത്തുതീര്‍പ്പ്‌ യോഗത്തിന് വിളിക്കുകയും മുഖ്യമന്ത്രി തന്നെ പങ്കെടുക്കാതിരിക്കുകയും ചെയ്തത് മത്സ്യതൊഴിലാളികളോട് കാണിച്ച ദാര്ഷ്ട്യത്തെ സൂചിപ്പിക്കുന്നതാണ്. ഇതിനാല്‍ ഉപയോഗ ശൂന്യമായിതോന്നിയ സമരം കെ എസ് എം ടി എഫ് ഉടന്‍ (ഒക്ടോബര്‍ 10 ന്) പിന്‍വലിക്കുകയും മത്സ്യതൊഴിലാളികള്‍ ഒന്നടങ്കം വരുന്ന തിരെഞ്ഞെടുപ്പില്‍ ഇതിന് മറുപടി പറയുമെന്ന് പ്രഖ്യാപിക്കുകയും ബാലറ്റിലൂടെ അവര്‍ മറുപടി പറയുകയും ചെയ്തു. ഇടത് സര്‍ക്കാര്‍ അധികാരത്തില്‍ വരുകയും ട്രോളിംഗ് നിരോധനം പരിഗണനയിലാണെന്ന് ഉറപ്പ്‌ നല്‍കുകയും ചെയ്തു.1988 ആയിട്ടും ട്രോളിംഗ് നിയന്ത്രണം പ്രഖ്യാപിക്കത്തതില്‍ പ്രതിഷേധിച്ച് വീണ്ടും മത്സ്യത്തൊഴിലാളികള്‍ സമര സജ്ജരായി. പതിവ് പോലെ പിക്കറ്റിങ്ങും ജയില്‍ നിറയ്ക്കലുകളും നടന്നെങ്കിലും സര്‍ക്കാര്‍ കാര്യമാക്കിയില്ല. സമരം അങ്ങനെ നിരാഹാരം എന്ന കടുത്ത പരിപാടിയിലേക്ക് നീങ്ങി. കൂടാതെ നൂറ്റി ഇരുപത്തി അഞ്ച് വലിയ വള്ളങ്ങളില്‍ ഏകദേശം 1000 മത്സ്യതൊഴിലാളികള്‍ ഒരു മിന്നല്‍ ഉപരോധത്തിലൂടെ കൊച്ചി മത്സ്യബന്ധന തുറമുഖം സ്തംഭിപ്പിച്ചു. ശത്രുവിന്‍റെ കോട്ട കീഴടക്കിയ സമര സഖാക്കള്‍ക്ക് പുത്തന്‍ ആത്മവിശ്വാസം ഇതോടെ കൈവന്നു. ഇതോടെ സക്രിയമായ സര്‍ക്കാര്‍ ജൂണ്‍ 23 ന് ട്രോളിംഗ് നിരോധിച്ച്കൊണ്ട് ഉത്തരവിറക്കി. എന്നാല്‍ ടി കെ രാമകൃഷ്ണന്‍റെ പ്രഖ്യാപനത്തില്‍ നീണ്ടകരയെ ഉള്‍പ്പെടുത്താത്തത് ബോട്ടുടമയായ മന്ത്രി ബേബി ജോണിന്‍റെ താല്പര്യങ്ങള്‍ സംരക്ഷിക്കാനാണെന്ന് സമരക്കാര്‍ ആരോപിച്ചു. ചുരിക്കിപറഞ്ഞാല്‍ ദശകങ്ങളായി നീണ്ട് നിന്ന പാരമ്പര്യ മത്സ്യതൊഴിലാളികളുടെ മണ്‍സൂണ്‍ ട്രോളിംഗ് നിരോധനം എന്ന ആവശ്യം പൂര്‍ണ്ണ രൂപത്തില്‍ അംഗീകരിക്കുന്നത് 1989 ല്‍ ഇടത് പക്ഷ സര്‍ക്കാരാണ്. എന്നിരുന്നാലും 1991 ലാണ് സര്‍ക്കാര്‍ ഈ നീക്കം കൊണ്ട് ഉണ്ടാകുന്ന പ്രശ്നങ്ങള്‍ക്ക് ആശ്വാസം പ്രഖ്യാപിക്കുന്നത്. ഇത് മത്സ്യ തൊഴിലാളി സമരങ്ങളുടെ സുവര്‍ണ്ണ അധ്യായമായി കുറിക്കപ്പെട്ടു. എന്നാല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ട കോണ്ഗ്രസ്സിന്‍റെ കരുണാകരന്‍ സര്‍ക്കാര്‍ ഇടത്പക്ഷ സര്‍ക്കാരിന്‍റെ നിരോധനം പിന്തുടര്‍ന്നില്ല. ഇത് വീണ്ടും കെ എസ് എം ടി എഫ് നെ സമരമുഖത്തിറക്കി. ഗന്ത്യന്തരം ഇല്ലാതെ സര്‍ക്കാര്‍ പാരമ്പര്യ മത്സ്യതൊഴിലാളികളുടെ ആവശ്യമായ മണ്‍സൂണ്‍ ട്രോളിംഗ് നിരോധനം 45 ദിവസമായി നിജപ്പെടുത്തി നിരോധനം ഏര്‍പ്പെടുത്തി. ഇതിന് ശേഷം മിക്ക സര്‍ക്കാര്‍ കമ്മിഷനുകളും പഠനങ്ങളും വെളിപ്പെടുത്തുന്നത് ട്രോളിംഗ് നിരോധനം മൂലം വംശനാശം സംഭവിച്ചു എന്ന്‍ കരുതിയ പല മത്സ്യങ്ങളും/ഭീഷണി നേരിടുന്ന മത്സ്യങ്ങളുടെയും അളവ് ക്രമേണ വര്‍ദ്ധിച്ചു എന്നാണ്.

കെ എസ് എം ടി എഫിന്‍റെ മറ്റൊരു സുപ്രധാന സമരമാണ് ആഴക്കടലിലെ വിദേശ മത്സ്യബന്ധന കപ്പലുകള്‍ക്കെതിരെയുള്ളത്. 1994 ല്‍ കേന്ദ്രസര്‍ക്കാര്‍ വിദേശ കപ്പലുകള്‍ക്ക് ആഴക്കടലില്‍ മത്സ്യബന്ധനം നടത്താന്‍ ഒരു കരാര്‍ ഉണ്ടാക്കി. ഇതിനെതിരെ കെ എസ് എം ടി എഫും, നാഷണല്‍ ഫിഷ്‌വര്‍ക്കേഴ്സ്‌ ഫോറവും സംയുക്തമായി പ്രക്ഷോഭത്തിന് ആഹ്വാനം നല്‍കി. സര്‍ക്കാര്‍ നയം റദ്ദാക്കണം എന്ന ആവശ്യം ഉന്നയിച്ചു രാജ്യമൊട്ടാകെ 1994 ഫെബ്രുവരി 14 ദേശീയ ബന്ദ്‌ ആചരിച്ചു. അന്ന് ഇന്ത്യയില്‍ എല്ലാ മത്സ്യബന്ധന പ്രവര്‍ത്തനങ്ങളും വിപണനവും നിര്‍ത്തിവച്ചു. ബന്ദ്‌ പരിപൂര്‍ണ്ണ വിജയമായിരുന്നെങ്കിലും സര്‍ക്കാര്‍ ബന്ദിനോട് ഒരു അനുഭാവവും കാണിച്ചില്ല. ഇതില്‍ പ്രതിഷേധിച്ചു വീണ്ടും ഒരു ദ്വിദിന ബന്ദ്‌ നവംബര്‍ 23, 24 തിയതികളില്‍ നടത്തി. എട്ട് തീരദേശസംസ്ഥാനങ്ങളിലും ബന്ദ് പൂര്‍ണ്ണമായിരുന്നു. ഇതെതുടര്‍ന്ന്‍ പാര്‍ലമെണ്ടിലെ ശീതകാല സമ്മേളനം പ്രക്ഷുബ്ധമായി. രാജ്യത്തെ മത്സ്യസമ്പത്ത്‌ നമുക്ക് തന്നെ പിടിച്ചെടുക്കാനുള്ള ശേഷിയും സൗകര്യവും ഉണ്ടായിരിക്കെ വിദേശകമ്പനികള്‍ക്ക് നല്‍കുന്ന നവലിബറല്‍ ആശയത്തെ കക്ഷി ഭേദമന്യേ ലോക്സഭയില്‍ ചോദ്യം ചെയ്തു. കോണ്ഗ്രസ്സിന്‍റെ നവഉദാരീകരണത്തിൻറെ മറ്റൊരു ഉദാഹരണമായിരുന്നു ഈ തീരുമാനവും. അവസാനം കര്‍ണ്ണാടകയില്‍ ജനങ്ങള്‍ കോണ്ഗ്രസ്സിന് ബാലറ്റിലൂടെ മറുപടി നല്‍കി. ഈ പരാജയം മനസ്സിലാക്കിയ കോണ്ഗ്രസ് വിദേശ കമ്പനികള്‍ക്ക്‌ ലൈസന്‍സ്‌ നല്‍കുന്ന നടപടി നിര്‍ത്തുന്നതായി പാര്‍ലമെന്റില്‍ പ്രഖ്യാപിച്ചു.

“കേരള സ്വതന്ത്ര മത്സ്യ തൊഴിലാളി ഫെഡറേഷന്‍” എന്ന കക്ഷിരഹിത തൊഴിലാളി പ്രസ്ഥാനം മത്സ്യത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതിലും പുത്തന്‍ സമര പാത തുറന്ന് കൊടുക്കുന്നതിലും കാണിച്ച ഊര്‍ജ്ജസ്വലത ഇവിടെ നിസ്തുലമാണ്. ഏര്‍ത്തയില്‍ സൂചിപ്പിക്കുന്നത് വളരെ പ്രസക്തമാണ്. “മത്സ്യതൊഴിലാളികള്‍ ട്രോളിങ്ങിനെതിരെ സംഘടിച്ചത് വര്‍ഗ്ഗാടിസ്ഥാനത്തില്‍ ആയിരുന്നു. യന്ത്ര വല്കരണം രണ്ടു മേഖലകളെ സൃഷ്ടിച്ചു... ഉല്പാദനരീതിയെ അടിസ്ഥാനമാകിയ ഈ സാമ്പത്തികവിഭജനം മത്സ്യതൊഴിലാളികളുടെ സാമൂഹികവിഭജനത്തിലും പ്രതിഫലിച്ചു. പരമ്പരാഗത മത്സ്യതൊഴിലാളികള്‍ ഒരുവശത്തും ബോട്ടുടമകളും കുത്തകവ്യാപാരികളും ഉള്‍പ്പെടുന്ന മുതലാളിവര്‍ഗ്ഗം മറുവശത്തും... ഈ വര്‍ഗ്ഗവൈരുധ്യം മൂര്‍ച്ചിച്ചപ്പോള്‍ ഒരു തൊഴിലാളി വര്‍ഗ്ഗമെന്ന നിലയില്‍ മത്സ്യ തൊഴിലാളികള്‍ സംഘടിച്ചു.” ഇവിടെ മനസ്സിലാക്കേണ്ടത് ഇടതുപക്ഷ ചിന്തയില്‍ ഉദ്ഭൂതമായ എന്നാല്‍ ഒരു ഇടതുകക്ഷികളോടും പ്രത്യേക താല്പര്യം വച്ചുപുലര്‍ത്താതെ മത-ജാതി ചിന്തകള്‍ക്കപ്പുറത്താണ് വര്‍ഗ്ഗബോധം എന്ന മാര്‍ക്സിയന്‍-ഗ്രാമ്ഷിയന്‍ രീതിയിലൂടെയുള്ള പ്രവര്‍ത്തനമാണ് കെ എസ് എം ടി എഫ് പ്രയോഗിച്ചത്14, അതുകൊണ്ട് തന്നെയാണ് അവര്‍ സമ്മതരായതും വിജയിച്ചതും.

വാല്‍ക്കഷണം

മേല്‍പ്പറഞ്ഞ ദേശീയ പ്രശ്നത്തിന്‍റെ പുതിയ രൂപമാണ് വീണ്ടും രണ്ടാം യു പി എ വിദേശ കമ്പനികള്‍ക്ക് ഇന്ത്യന്‍ കടല്‍ തുറന്ന്കൊടുക്കുന്നത് സാധ്യമാക്കുന്നതിനായുള്ള സാധ്യത ആരായാന്‍ നിയോഗിച്ച ഡോക്ടര്‍ മീനാകുമാരി കമ്മിഷന്‍. യുപിഎ സര്‍ക്കാരിനെക്കാള്‍ കണിശമായി നവലിബറ നയങ്ങള്‍ നടപ്പാക്കുന്ന മോഡി സര്‍ക്കാരിന്‍റെ താല്പര്യങ്ങള്‍ കൂടി സംരക്ഷിച്ച് സമര്‍പ്പിച്ച റിപ്പോര്‍ടായാണ് ഇന്ത്യയിലെ സാധാരണ മത്സ്യത്തൊഴിലാളികള്‍ ഇതിനെ വിലയിരുത്തുന്നത്. കാരണം ഡോ. മീനാകുമാരി സമര്‍പ്പിച്ച ഈ റിപ്പോര്‍ട്ട് പരമ്പരാഗത മത്സ്യതൊഴിലാളികളെയും യന്ത്രവല്‍കൃത ബോട്ടുടമകളെയും ഒരുപോലെ പ്രതികൂലമായി ബാധിക്കുമെന്നാണ് നാഷണല്‍ ഫിഷ്‌വര്കെഴ്സ് ഫോറവും, കെ എസ് എം ടി എഎഫും തങ്ങളുടെ പഠനങ്ങളിലും സമ്മേളനങ്ങളിലും വാര്‍ത്തകുറിപ്പുകളിലും ഒരുപോലെ ആശങ്കപ്പെടുന്നത്. ഇതേ തുടര്‍ന്നുള്ള പാര്‍ലമെന്‍റ് മാർച്ചോട് അനുബന്ധിച്ച് സര്‍ക്കാര്‍ റിപ്പോര്‍ട്ട് നടപ്പാക്കില്ലന്ന് പറയുന്നുണ്ട്. ഈ വിഷയം കൂടുതല്‍ വ്യക്തമായി മറ്റൊരു ലേഖനത്തില്‍ പരാമര്‍ശിക്കുന്നതാണ്. മൊത്തത്തില്‍ മത്സ്യതൊഴിലാളികളുടെ സമരചരിത്രം രേഖപ്പെടുത്തുമ്പോള്‍ മനസ്സിലാകുന്നത് ഈ സമരപരമ്പര കേരളത്തിലെ വര്‍ഗ്ഗസമരചരിത്രത്തിലെ സുപ്രധാന സമരമാണെന്നാണ്. കാരണം ഈ സമരങ്ങളെല്ലാം മുതലാളിത്ത ഉല്പാദന ക്രമത്തിനെതിരെയോ അതിന് ഒത്താശചെയ്യുന്നവരുടെ ഭരണത്തിനെതിരോ ആയിരുന്നു. അങ്ങനെയാകുമ്പോള്‍ മത്സ്യതൊഴിലാളി സമരങ്ങള്‍ തികഞ്ഞ ഒരു വര്‍ഗ്ഗ സമരമെന്നതില്‍ ലെവലേശം ശങ്കിക്കേണ്ടതില്ല . ഇതില്‍ ഇടത് പക്ഷത്തിന്‍റെയും കെ എസ് എം ടി എഫ് എന്ന കക്ഷിരഹിത സംഘടനയുടെയും സംഭാവനകള്‍ നിസ്തുലമാണ്.

 

References

Aerthayil, Mathew (2002) “കേരളത്തിലെ മത്സ്യ തൊഴിലാളി പ്രസ്ഥാനം: സാമൂഹിക ശാസ്ത്രപരമായ ഒരു വിശകലനം”, ഡി സി ബുക്സ്‌, കോട്ടയം
Dube S C (1960) “India’s Changing Villages: Human Factor in Community Development”, Routledge & Paul London
Firth, Raymond (1971) “Malay Fishermen and their Peasant Economy”, R K P, London
Government of India (2014-15) Handbook on Fisheries Statistics 2014, Ministry of Agriculture, New Delhi
Government of India (Various Issues) Economic Survey , Ministry of Finance, New Delhi
Government of Kerala (1980) Kerala Marine Fishing Regulation Act, 1980
Government of Kerala (2014) Report Of The Committee To Evaluate Fish Wealth/ Impact Of Trawl Ban Along Kerala Coast, Department of Fisheries, Thiruvananthapuram.
Gramsci, Antonio (1971) “Selections from Prison Notebooks of Antonio Gramsci”, Trans. ed. Quintin Hoare & G N Smith, International Publishers, New York
Hariharaputhran, Aranmulla (2015) “കേരളത്തിലെ മത്സ്യസമ്പത്ത്‌”, വിജ്ഞാനകൈരളി, വാല്യം 46, ലക്കം 2 കേരള ഭാഷ ഇന്സ്ടിട്യൂറ്റ്‌
Jose, J. K., K. Thomas, and P. Jose (1988), Oru Samarakatha, (in Malayalam), KSMTF Publications Trivandrum
K S M T F (1985-2015) “അലകള്‍” മുഖപത്രം കെ എസ് എം ടി എഫ്, തിരുവനന്തപുരം (http://alakal.net/)
K S M T F “വിവിധ വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ടുകല്‍”, തിരുവനന്തപുരം
Kalawar A G, et al. (1985) “Report of the Expert Committee on Fisheries in Kerala”, Department of Fisheries, Government of Kerala, Trivandrum
Klausen, Arne Martin (1968) Kerala Fishermen and the Ind Norvegian Pilot Project, Monograph, International Peace Research Institute, Oslo
Kurien, John (1985) “Technical Assistance Projects and Socio-Economic Change-Norwegian Intervention in Kerala s Fisheries Development”, Economic and Political Weekly, 22-29 June
Kurien, John (1994) “The Kerala Model: Its Central Tendancy and the Outlier”, Paper presented at the International Congress on Kerala Studies, Trivandrum
Kurien, John (2000) “Icelandic Fisheries Governance”, Economic and Political Weekly, 19 August
Mathew, P T (2001) “We Dare the Waters: The World and the Worldview of Mukkuvar”, Department of Christian Studies, University of Madras, Chennai
Mathur, P R G (1977) “The Mappila Fisherfolk of Kerala”, Kerala Historical Studies, Trivandrum
Meenakumari, B (2014) “Report of the Expert Committee Constituted for Comprehensive Review of the Deep Sea Fishing Policy and Guidelines”, Department of Animal Husbandry, Dairying & Fisheries, Ministry of Agriculture, Government of India, New Delhi
Namboodiripad, E M S & P Govindapillai (1996) “ഗ്രാംഷിയന്‍ വിചാരവിപ്ലവം” (രണ്ടാം പതിപ്പ്), ചിന്ത പബ്ലിഷേഴ്സ്, തിരുവനന്തപുരം
Paul, Babu (1982) “Report on the Committee to study the Need for Conversation of Marine Fishing Resources During Certain Seasos of the Year and Allied Matters”, Government of Kerala, Trivandrum.
Ram, Kalpana (1992) “Mukkuvar Women: Gender, Hegemony and Capitalist Transformation in South Indian fishing Community”, Kali for Wome, New Delhi
www.cmfri.org.in