ഭരത് ചന്ദ്രനിൽ നിന്നും ആക്ഷൻഹീറോ ബിജുവിലേക്ക് - ഇരകൾ വില്ലന്മാരാകുന്ന കാലത്തിലേക്ക്

ഈ ലോകത്ത് സർവവ്യാപിയായി എന്തെങ്കിലുമൊന്നുണ്ടെങ്കിൽ അത് രാഷ്ട്രീയമാണ്. ഓരോ നിമിഷവും നിങ്ങളറിയാതെ അതു നിങ്ങളെ സ്വാധീനിച്ചുകൊണ്ടിരിക്കുന്നു. നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾ നിങ്ങൾ സ്വയം തെരഞ്ഞെടുക്കുന്നതാണെങ്കിലും അല്ലെങ്കിലും, അവയോരോന്നും ഓരോ രാഷ്ട്രീയ തീരുമാനമാണ്.

ഇതൊരു സിനിമാനിരൂപണമല്ല. മറിച്ച്, ഒരു സമൂഹത്തിന്റെ രാഷ്ട്രീയത്തെ വായിച്ചെടുക്കാനുള്ള ശ്രമമാണ്. മലയാള സിനിമാ ചരിത്രത്തിലെ പോലീസ് കഥകളിൽ നിന്നും ഏറെ വ്യത്യസ്തമാണ് "ആക്ഷൻ ഹീറോ ബിജു" എന്നതാണ് സിനിമയുടെ പ്രധാന മേന്മയായി പലരും ഉയർത്തിക്കാട്ടുന്ന കാര്യം. അങ്ങനെയാണെങ്കിൽ ആ വ്യത്യസ്തത എന്താണെന്നും അത് നമുക്ക് അനുഭവഭേദ്യമാക്കുന്ന രാഷ്ട്രീയമെന്താണെന്നും ഒന്ന് ആലോചിച്ചു നോക്കുന്നത് നന്നായിരിക്കും. പ്രത്യേകിച്ചും കുറച്ചു കാലമായി ആരും തിരിഞ്ഞു നോക്കാനില്ലാതിരുന്ന മലയാള പോലീസ് സിനിമാ ശാഖയിൽ പുതുതായി ഒരു ആട്ടവും അനക്കവും ബിജു ഉണ്ടാക്കിയ സ്ഥിതിയ്ക്ക്.

ഈ സിനിമയിൽ ആദിമദ്ധ്യാന്ത പൊരുത്തമുള്ള ഒരു നരേറ്റീവില്ല. പകരം, ഒരു സബ് ഇൻസ്പെക്ടറുടെ തൊഴിൽ ജീവിതത്തിലെ നിരവധി എപ്പിസോഡുകൾ ചിത്രീകരിച്ചു വച്ചിരിക്കയാണ്. എന്നാൽ അവ വെറുതെ ഡോക്കുമെന്റ് ചെയ്തിരിക്കുകയല്ല സംവിധായകൻ. മറിച്ച് തന്റെ വീക്ഷണകോണിലൂടെ അവയെ വിലയിരുത്തി, വ്യാഖ്യാനിച്ച്, നായകൻറെ കൃത്യനിർവഹണത്തിന്റെ സാമൂഹിക പ്രസക്തി എന്താണെന്ന തന്റെ തന്നെ കാഴ്ചപ്പാടുകൾ ആസ്വാദകനിലേയ്ക്ക് പകർന്നിരിക്കുകയാണ് ഇദ്ദേഹം.

ബിജുവിന്റെ റിയലിസ്റ്റിക് ഹീറോയിസം

പിന്തിരിപ്പൻ കൾച്ചറൽ സ്റ്റീരിയോടൈപ്പുകൾ ഈ സിനിമയിൽ അസഹനീയമാം വിധം ഉപയോഗിക്കപ്പെട്ടു എന്നുള്ള വിമർശനം ഇതിനോടകം പലരും ഉന്നയിച്ചു കഴിഞ്ഞിട്ടുണ്ട്. അത്തരം സ്വാധീനങ്ങൾ ഒരു വാണിജ്യ സിനിമക്കകത്ത് കടന്നുവരുന്നത് സ്വാഭാവികമാണെങ്കിലും, ദുർഗ്രഹമായ അവയുടെ സാന്നിദ്ധ്യങ്ങൾക്കപ്പുറം അവയെ ശക്തമായി ന്യായീകരിക്കുന്നു എന്നിടത്താണ് ബിജുവിന്റെ രാഷ്ട്രീയം വ്യത്യസ്തമാകുന്നത്.

പ്രധാനമായും രണ്ടു മൂന്നു പ്രശ്നങ്ങളാണ് എനിക്ക് ഇതിൽ ചൂണ്ടിക്കാണിക്കാനുള്ളത്. അധികാര കേന്ദ്രങ്ങളോട് സാധാരണക്കാരനുളള അമർഷവും അസംതൃപ്തിയും ഏറ്റെടുത്തുകൊണ്ട്, ഒരു തരത്തിൽ നോക്കിയാൽ അവന്റെ തന്നെ പ്രതിരൂപമായി നിന്നുകൊണ്ട്, അവന്റെ സ്വപ്നങ്ങളിൽ മാത്രം സാധ്യമായ ആക്ഷനുകളിലൂടെ അവനെ ത്രസിപ്പിക്കുകയും ചാരിതാര്‍ത്ഥ്യം സമ്മാനിക്കുകയും ആയിരുന്നു ഭരത് ചന്ദ്രനും ഇൻസ്പെക്ടർ ബൽറാമും പോലുള്ള നായകൻമാർ ചെയ്തു കൊണ്ടിരുന്നിരുന്നത്. എന്നാൽ രാഷ്ട്രീയക്കാരെ ഉള്ളം കയ്യിലമ്മാനമാടുന്ന കോർപ്പറേറ്റ്-അധോലോക വില്ലന്മാരോട് നേർക്കുനേർ മുട്ടിയിരുന്ന ആ പോലീസ് വേഷങ്ങളിൽ നിന്നും വ്യത്യസ്തമായി, ആക്ഷൻ ഹീറോ ബിജു പടവെട്ടുന്നത് മുച്ചീട്ട് കളിക്കാരോടും ലോക്കൽ റൗഡിമാരോടും, നാലണയിൽ കൂടുതൽ കക്കാൻ ശേഷിയില്ലാത്ത കള്ളന്മാരോടും, പോക്കറ്റിലൊരു പൊതി കഞ്ചാവ് തിരുകുന്ന മീശ മുളയ്ക്കാത്ത പയ്യൻമാരോടും ഒക്കെയാണ്. ഇതുവരെ നാം കണ്ടു ശീലിച്ച മലയാളം പോലീസ് സിനിമകളിലെ (അവ എത്രമേൽ അസംഭവ്യമോ അയഥാർത്ഥമോ ആയവയായിരുന്നെങ്കിലും) പ്രതിനായകൻമാർ സമ്പന്നരും ശക്തരും അധികാരം കൈയാളുന്നവരുമായിരുന്നു. എന്നാൽ ബിജുവിലേക്കെത്തുമ്പോൾ ആ അധികാര ശക്തികളുടെ ചൂഷണം ഏറ്റവും കൂടിയ തോതിൽ നേരിടേണ്ടി വരുന്ന ഏറ്റവും താഴേക്കിടയിലുള്ള മനുഷ്യരാണ് ആന്റീഹീറോസായി മാറുന്നത്. ഇരകൾ വില്ലൻമാരാവുകയാണ്.

ഇത് യഥാർത്ഥ പോലീസ് കഥയാണെന്നും ഒരു സാധാരണ പോലീസുകാരന്റെ ദൈനംദിന ജീവിതത്തിൽ പരമാവധി സാധ്യമായ ഹീറോയിസമാണെന്നും നമുക്ക് വാദിക്കാം. അങ്ങനെയാണെങ്കിൽ പോലീസ് അധികാരത്തിന്റെ കയ്യിലെ ഒരു മർദ്ദനോപകരണമാണെന്നും ആ ഹീറോയിസം അതിനു വേണ്ടി ചെയ്യുന്ന ക്വൊട്ടേഷൻ പണിയാണെന്നതും തർക്കമില്ലാത്തൊരു വസ്തുതയായി മാറും.

അതുകൊണ്ടു തന്നെ സമൂഹത്തിലെ പുഴുക്കുത്തുകൾ എന്ന് കണക്കാക്കപ്പെടുന്ന Lumpenproletariat നെ തല്ലി നന്നാക്കലാണ് സിനിമയിലെ നായകന്റെ പണി. പെറ്റി ക്രിമിനലുകൾ, വീട്ടുവേലക്കാർ, തെരുവിൽ കഴിയുന്നവർ, ചെറുകിട മോഷ്ടാക്കൾ, ലൈംഗികത്തൊഴിലാളികൾ, ഭിക്ഷാടകർ തുടങ്ങി സാമൂഹ്യ പുരോഗതിയുടെ എച്ചിൽ പോലും കിട്ടാതെ പോയ നിർഭാഗ്യവാൻമാരായ ആ മനുഷ്യർ, വ്യവസ്ഥിതിയുടെ തന്നെ ഉൽപന്നങ്ങളാണെന്നത് സൗകര്യപൂർവ്വം അവഗണിക്കുകയാണ് അതുകണ്ട് കൈകൊട്ടുന്ന നമ്മൾ ചെയ്യുന്നത്. ആ ക്ലാസിൽ നിന്നും ഉയർന്നു വരുന്ന ക്രിമിനലുകൾക്കെതിരെ പോലീസ് ക്വൊട്ടേഷനെടുക്കുന്നതു കണ്ട് ആവേശം കൊള്ളുന്ന ഓരോരുത്തരും, അവരെ ക്രിമിനൽവൽക്കരിക്കുന്നതിൽ തനിക്കും താൻ പ്രതിനിധാനം ചെയ്യുന്ന വർഗത്തിനും അതിന്റെ താൽപര്യങ്ങൾക്കും അതിലുള്ള റോളിനെ മനസ്സിലാക്കാതെ പോവുകയാണ്. തന്റെ സ്വച്ഛന്ദമായ ജീവിതത്തിന്റെ വിലങ്ങുതടികൾ എന്നതിലപ്പുറം ഒരു പരിഗണനയും ചേരികളിൽ കഴിയുന്ന കറുത്ത നിറമുള്ള മനുഷ്യകീടങ്ങൾ അർഹിക്കുന്നില്ല എന്ന് നാം അറിഞ്ഞോ അറിയാതെയോ തീരുമാനിക്കുകയാണ്. അധികാരത്തിന്റെ പാളിച്ചകളിലേക്ക്, അതിന്റെ നീതിശൂന്യമായ പ്രയോഗങ്ങളിലേക്ക്, അതുണ്ടാക്കുന്ന ഞെട്ടിക്കുന്ന വൈരുദ്ധ്യങ്ങളിലേക്ക് ഒന്നും തന്നെ നമ്മുടെ ശ്രദ്ധ പായാതെ തിരിച്ചുവിടുന്ന ആ കൗശലത്തിനു മുന്നിൽ നാം കീഴടങ്ങുകയാണ്. ഈ ഒരു വീക്ഷണ കോണിൽ നിന്നു നോക്കിയാൽ ഭരത് ചന്ദ്രനെപ്പോലുള്ള ജോസഫ് അലക്സിനെപ്പോലുള്ള കഥാപാത്രങ്ങൾ ബിജുവിനേക്കൾ ഉന്നതമായ രാഷ്ട്രീയ നിലപാടുകളും ദൗത്യങ്ങളും ഉള്ളവരാണെന്ന് നിസ്സംശയം പറയാം.

xdfdfd

ഇനി ഇത് യഥാർത്ഥ പോലീസ് കഥയാണെന്നും ഒരു സാധാരണ പോലീസുകാരന്റെ ദൈനംദിന ജീവിതത്തിൽ പരമാവധി സാധ്യമായ ഹീറോയിസമാണെന്നും നമുക്ക് വാദിക്കാം. അങ്ങനെയാണെങ്കിൽ പോലീസ് അധികാരത്തിന്റെ കയ്യിലെ ഒരു മർദ്ദനോപകരണമാണെന്നും ആ ഹീറോയിസം അതിനു വേണ്ടി ചെയ്യുന്ന ക്വൊട്ടേഷൻ പണിയാണെന്നതും തർക്കമില്ലാത്തൊരു വസ്തുതയായി മാറും. നന്മയുടെ ആൾരൂപങ്ങളായും ജനസംരക്ഷകരായും 'മാത്രം', വളരെ 'റിയലിസ്റ്റിക്' ആയി ബിജുവിൽ ചിത്രീകരിക്കപ്പെടുന്ന പോലീസിന്റെ 'റിയൽ' ചരിത്രവും വർത്തമാനവും ജനങ്ങൾക്കു നേരെ അഴിച്ചുവിടുന്ന അക്രമങ്ങളുടേയും മർദ്ദനങ്ങളുടേയും കറയിൽ കുതിർന്നതാണ്. ലോകത്തെ ഏതു കോണിൽ നോക്കിയാലും പോലീസ് ഫോഴ്സ് അധികാരത്തിന്റെ കയ്യിലെ ചട്ടുകം മാത്രമാണ്. സിവിൽ ഓർഡർ നിലനിർത്താനുള്ള ഉപകരണമാണ്. അഴിമതിയുടേയും ക്രിമിനലിസത്തിന്റേയും സ്വാധീനം ശക്തമാണ്. അടിക്കാൻ ഉപയോഗിക്കുന്ന വടിയ്ക്ക് ധാർമ്മികതയെക്കുറിച്ച് ആവലാതിപ്പെടാനുള്ള ആത്മാവോ ബോധമോ ഒന്നുമില്ല. അതുള്ളത് അതുപയോഗിക്കുന്നവനും മർദ്ദനമേൽക്കുന്നവനും മാത്രമാണ്. അതായത് അത്രയേയുള്ളു പോലീസ് എന്ന്. റിയലിസ്റ്റിക് ആയി ഒരു വിഷയത്തെ സമീപിക്കുമ്പോൾ റിയാലിറ്റിയെ മൂടിവയ്ക്കുന്നതും വക്രീകരിക്കുന്നതും പ്രൊപഗാണ്ടയുടെ (propaganda) സ്വഭാവമാണ്. ആയതിനാൽ ബിജു സ്റ്റേറ്റിന്റെ പ്രൊപഗാണ്ട പേറുന്ന സിനിമയാണെന്നത് തർക്കത്തിനിടം നൽകാത്ത കാര്യമാണ്.

ബിജുവിന്റെ ആരാധകർ

സിനിമയെ അടരടരായടർത്തിയെടുത്ത് പിന്തിരിപ്പത്തരം ത്രാസിലിട്ടു തൂക്കി റേറ്റിങ്ങ് കൊടുക്കുന്ന സ്ഥിരം സിനിമാ നിരൂപണത്തേക്കാൾ ഇവിടെ പ്രസക്തമാകേണ്ടത്, ഇത്തരം സിനിമകൾ ഏറ്റെടുക്കുന്ന സമൂഹത്തിന്റെ മനശ്ശാസ്ത്രത്തെ മനസ്സിലാക്കാനുള്ള ശ്രമങ്ങളാണ്. അതു വാർക്കപ്പെടുന്ന രാഷ്ട്രീയത്തിന്റെ മൂശകളാണ് ജനാധിപത്യത്തെ സുശക്തമാക്കുന്നതിനായി കണ്ടെത്തേണ്ടതും തകർക്കേണ്ടതും. താഴെക്കൊടുത്തിരിക്കുന്നത് ബിജുവിനു ലഭിച്ച പ്രശംസകളുടെ ഒരു സ്പെസിമെൻ ആണ്. തീർത്തും സമാനമായ നിരവധി പ്രതികരണങ്ങൾ കാണണമെങ്കിൽ സോഷ്യൽമീഡിയയിൽ ചുമ്മാ ഒന്നു നോക്കിയാൽ മതി.

xdfdfd

ഈ സിനിമയുടെ പ്രതിലോമകരമായ രാഷ്ട്രീയത്തെ പാർശ്വവൽക്കരിക്കപ്പെടുന്ന ജനവിഭാഗങ്ങളോട് മുഖ്യധാരയ്ക്കകത്ത് നിൽക്കുന്നവർക്കുള്ള സമീപനമെന്ന രീതിയിൽ, അല്ലെങ്കിൽ കീഴാളവിരുദ്ധത എന്ന നിലയ്ക്ക് ചുരുക്കിക്കെട്ടുന്നതിൽ പിശകുണ്ട്. കീഴാള വിരുദ്ധത വളരെ വ്യക്തമാണെങ്കിലും സിനിമയ്ക്കകത്ത് കൂടുതൽ മുഴച്ചു നിൽക്കുന്നത് അതിനുമപ്പുറമുള്ള അതുകൂടെ ഉൾപ്പെടുന്ന അടിമുടി ജനവിരുദ്ധതയാണ്. കുറേക്കൂടെ കൃത്യമായി പറഞ്ഞാൽ ജനാധിപത്യവിരുദ്ധതയാണ്. അതുകൊണ്ട് അവനവനെതിരേ നിൽക്കുന്ന ഒരു ഐഡിയോളജിയെ ആൾക്കൂട്ടം സ്വയം പുൽകുന്നിടത്തെ ഐറണിയാണ് (irony) ഈ സിനിമയ്ക്ക് കിട്ടുന്ന സ്വീകാര്യതയിലൂടെ ദൃശ്യമാകുന്നത്.

ജനാധിപത്യത്തിനെതിരെ, അതിനെ അട്ടിമറിക്കാനുതകുന്ന ഒരു മാസ് മൂവ്മെന്റ് എന്ന രീതിയിൽ ഇന്ത്യൻ ഫാസിസം ശക്തമായിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് അത്തരമൊരു സ്വീകാര്യത അപകടകരമായ ചില സൂചനകൾ നമ്മുടെ മുന്നിലേക്കിട്ടു തരുന്നുണ്ട്. അതിൽ ഫാസിസത്തിന്റെ അവിഭാജ്യ സ്വഭാവങ്ങളിലൊന്നായ മിലിട്ടറിസത്തിന്റെ സ്വാധീനശകതി വളരെ പ്രകടമായി കാണാൻ സാധിക്കും. അതുപോലെത്തന്നെ നൂറ്റാണ്ടുകൾ പുറകിൽ നിൽക്കുന്ന പ്രാകൃതമായ നീതിബോധത്തിന്റെ പുളിച്ചു തികട്ടലും. എന്നാൽ അത്ര പ്രകടമല്ലെങ്കിലും അതുപോലെത്തന്നെ, ഒരു പക്ഷേ അതിനേക്കാൾ പ്രധാനപ്പെട്ട, മറ്റൊരു കാര്യം വ്യവസ്ഥിതിയ്ക്ക് അകത്തു വളർന്നുകൊണ്ടിരിക്കുന്ന ആളുകളുടെ ക്രിയാശൂന്യമായ പങ്കാളിത്തം (Passive Complicity) ആണ്.

അതെന്താണെന്നു മനസ്സിലാക്കുന്നതിനു മുൻപ് ഈ സിനിമ ഇഷ്ടപ്പെട്ടവർ ആരൊക്കെ എന്നൊന്നു അന്വേഷിക്കേണ്ടതുണ്ട്. അവരുടെ രാഷ്ട്രീയമെന്താണെന്നും നിലപാടുകളെന്താണെന്നുമൊക്കെ. ബിജു ഇഷ്ടപ്പെട്ടവരെല്ലാം ഫാസിസ്റ്റുകളാണെന്നൊക്കെയുള്ള വാദങ്ങൾ അതിശയോക്തിയിലൂന്നിയ അതിവായനകളാണ്. ഞാൻ മനസ്സിലാക്കിയിടത്തോളം പല സ്പെക്ട്രങ്ങളിലുള്ള, വിഭിന്നമായ രാഷ്ട്രീയ ചായ്‌വുകളുള്ള, അങ്ങനെ ഒരു പ്രത്യേക വിഭാഗത്തിലൊതുക്കാൻ സാധിക്കാത്ത ഒരു 'കൂട്ടം ആളുകൾ' കല്ലുകടി കൊണ്ടും അല്ലാതെയും ആ സിനിമ ആസ്വദിച്ചിട്ടുണ്ട്. കൃത്യമായും ഫാസിസ്റ്റ് മൂല്യബോധം മുറുകെപ്പിടിക്കുന്ന ഒരു വിഭാഗത്തെ മാറ്റി നിർത്തിയാൽ, ഇവരൊന്നും അധികാരത്തോട് അതൃപ്തിയോ വിമർശനങ്ങളോ ഇല്ലാത്തവരല്ല. അവരിൽ ഭൂരിപക്ഷവും ഇന്ത്യൻ ഫാസിസത്തിന് പിന്തുണ പ്രഖ്യാപിച്ചവരല്ല. പക്ഷേ, അവർ ജനാധിപത്യവിരുദ്ധമായ അധികാരതാല്പര്യങ്ങളോടും പ്രയോഗങ്ങളോടും നിസ്സംഗമായ സമീപനം പുലർത്തുന്ന, അതിനു നേരെ വിരലുയർത്താൻ മടിക്കുന്ന, അതൊരു വേവലാതിയായി മാറാത്ത ഒരു വലിയ വിഭാഗത്തിന്റെ പ്രതിനിധികളാണ്. അവർ കാഴ്ചക്കാരല്ല. മറിച്ച് ഫാസിസത്തിന്റെ മുന്നേറ്റത്തിൽ 'ക്രിയാശൂന്യമായ പങ്കാളിത്തം' നിർവഹിക്കുന്നവരാണ്. അവരുടെ മാറിനിൽക്കൽ യഥാർത്ഥത്തിൽ അവരുപോലുമറിയാതെ അവരുടെ പങ്കാളിത്തമായി മാറുന്നുണ്ട് എന്നു ചുരുക്കം.

നിസ്സംഗതയുടെയും അവഗണനയുടേയും പാസീവ് പങ്കാളിത്തത്തിന്റേയും ഫലം, ഒരു ജനാധിപത്യരാഷ്ട്രത്തിന്റെ നാശവും ഫാസിസത്തിന്റെ ഉദയവും ആയിരിക്കും. താൻ കൂടി കാരണമാകുന്ന വംശഹത്യകളെക്കുറിച്ച് തലമുറകളോളം പേറേണ്ടി വരുന്ന കുറ്റബോധം ആയിരിക്കും, ചരിത്രം വൈകാരികവും ബൗദ്ധികവും രാഷ്ട്രീയപരവുമായ മരവിപ്പ് അനുഭവിക്കുന്ന ഈ ഭൂരിപക്ഷത്തിന് വേണ്ടി ബാക്കിവയ്ക്കുക.

ഫാസിസത്തെക്കുറിച്ചുള്ള ആർതർ റോസൻബർഗിന്റെ വിഖ്യാതമായ പഠനത്തിലെ സുപ്രധാനമായ ഒരു വാദം, ബഹുഭൂരിപക്ഷം ജർമ്മൻകാരും നാസികൾക്ക് നൽകിയത് സക്രിയമായ പങ്കാളിത്തമായിരുന്നില്ല, മറിച്ച് ക്രിയാശൂന്യമായ (passive) പിന്തുണ ആയിരുന്നു എന്നതാണ്. An Ordinary Guilt (Une culpabilite ordinaire? by Edouard husson) എന്ന പുസ്തകത്തിൽ എഡ്വേർഡ് ഹുസ്സൺ നാസിഭീകരതയെ സാധ്യമാക്കുന്നതിൽ അക്രിയമായ പങ്കു വഹിച്ച ജർമ്മൻ ജനതയെ വിമർശനവിധേയമാക്കുന്നുണ്ട്. ഇവിടെ കാണാൻ സാധിക്കുന്നത്, തങ്ങളുടെ രാഷ്ട്രീയനിസ്സംഗത സൗകര്യപൂർവ്വം തുടരാൻ വേണ്ടി അധികാരതാല്പര്യങ്ങൾക്കു നേരെ, അതഴിച്ചുവിടുന്ന അനീതികൾക്കു നേരെ കണ്ണടച്ചുകൊണ്ടും, അതിന്റെ സംസ്ഥാപനത്തിൽ അക്രിയമായ പിന്തുണ നൽകിക്കൊണ്ടും, ഇരകളെ അവഗണിച്ചുകൊണ്ടും, ഫാസിസത്തിനു വളരാൻ വളമിടുന്ന ഒരു കൂട്ടം മനുഷ്യരേയാണ്. അവരുടെ നിസ്സംഗതയുടെയും അവഗണനയുടേയും പാസീവ് പങ്കാളിത്തത്തിന്റേയും ഫലം, ഒരു ജനാധിപത്യരാഷ്ട്രത്തിന്റെ നാശവും ഫാസിസത്തിന്റെ ഉദയവും ആയിരിക്കും. താൻ കൂടി കാരണമാകുന്ന വംശഹത്യകളെക്കുറിച്ച് തലമുറകളോളം പേറേണ്ടി വരുന്ന കുറ്റബോധം (Guilt) ആയിരിക്കും, ചരിത്രം വൈകാരികവും ബൗദ്ധികവും രാഷ്ട്രീയപരവുമായ മരവിപ്പ് (Paralysis) അനുഭവിക്കുന്ന ഈ ഭൂരിപക്ഷത്തിന് വേണ്ടി ബാക്കിവയ്ക്കുക.

"What did appal me was to see the vast majority of the French people turn chauvinist and to realise the depth of their racist attitude. Bost and Jacques Lanzmann ... told me how the police treated the neighbourhood Algerians; there were searches, raids, and manhunts everyday; they beat them up, and overturned the vendors' carts in the open-air market. No one made any protest, far from it...this hypocrisy, this indifference, this country, my own self, were no longer bearable to me. All those people in the streets, in open agreement or battered into a stupid submission - they were all murderers, all guilty. Myself as well." Force of Circumstance, Simone de Beauvoir.

അൾജീരിയയിൽ ഫ്രാൻസ് നടത്തിയ യുദ്ധങ്ങളോടൊപ്പം അൾജീരിയക്കാർക്കെതിരെ നടന്ന അതിക്രമങ്ങളിൽ ഉലഞ്ഞുപോയ സിമോൺ ദെ ബുവെ തന്റെ ജീവിത പങ്കാളിയായ സാർത്ര്, ക്രിട്ടിക്ക് ഓഫ് ഡയലക്റ്റിക്കൽ റീസൺ എന്ന ഗ്രന്ഥത്തിന്റെ രചനയിൽ മുഴുകിയത് ആ സന്ദർഭത്തിന്റെ ഭീകരതയിൽ നിന്നും അതു സൃഷ്ടിച്ച നിസ്സഹായതയിൽ നിന്നും ഒളിച്ചോടാനോ അല്ലെങ്കിൽ സ്വയം സമാധാനിപ്പിക്കാനോ ആയിരുന്നെന്ന് പറയുന്നുണ്ട്.

xdfdfd
സിമോൺ ദെ ബുവെ

അധികാരത്തിന്റെ മൃഗീയമായ തേരോട്ടങ്ങൾ മനുഷ്യനെ ഇതുപോലുളള ഒരുതരം ശക്തിശോഷണത്തിലേക്കും (powerlessness) നിഷ്ക്രിയത്വത്തിലേക്കും നയിക്കുന്നു. അത്തരം അവസ്ഥകളിൽ ആൾക്കൂട്ടം ചെയ്യുന്നത്, സാഹചര്യങ്ങളോട് സമരസപ്പെട്ടുകൊണ്ട് അധികാരത്തോട് സന്ധി ചെയ്തു കൊണ്ട്, സ്വയമറിയാതെയെങ്കിലും അതഴിച്ചു വിടുന്ന വയലൻസിൽ പങ്കാളികളാവുക എന്നതാണ്. സമകാലീന ഇന്ത്യൻ സാഹചര്യത്തിൽ ജനാധിപത്യ-രാഷ്ട്രീയ പ്രസ്ഥാനങ്ങൾ നേരിടുന്ന വലിയ വെല്ലുവിളി ഇതാണ്. ഫാസിസത്തിന്റെ ജനകീയ അടിത്തറ (mass base) നിഷ്ക്രിയമായ ഒരു വലിയ ആൾക്കൂട്ടം ചേർന്നു നിർമ്മിക്കുന്നതാണ്. അതിദ്രുതം വളർന്നു കൊണ്ടിരിക്കുന്ന ഫാസിസത്തിനകത്തെ അവരുടെ ക്രിയാശൂന്യമായ പങ്കാളിത്തത്തെ അഭിമുഖീകരിക്കാതെ ജനകീയ പോരാട്ടങ്ങൾക്ക് മുന്നോട്ട് പോകാനാകില്ല. അതിന് ജനാധിപത്യത്തിലും അതിന്റെ മൂല്യങ്ങളിലും അവർക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന വിശ്വാസം വീണ്ടെടുത്തേ പറ്റൂ. "Demoralization and depoliticization are the necessary conditions of a healthy neoliberal society" എന്ന് റോബർട്ട് മക്ചെസ്നി പറയുന്നത് പ്രസക്തമാണ്. ചരിത്രം അവസാനിച്ചിട്ടില്ലെന്നു നമുക്ക് സ്വയം ബോധ്യപ്പെടുത്തേണ്ടതുണ്ട്. അതിനിയും വൈകാൻ പാടില്ല.

തുടക്കത്തിൽ പറഞ്ഞതു പോലെ ആക്ഷൻ ഹീറോ ബിജുവല്ല, അത് പ്രതിഫലിപ്പിക്കുന്ന സമൂഹത്തിന്റെ രാഷ്ട്രീയമാണ് അലട്ടേണ്ടതും വിമർശന വിധേയമാകേണ്ടതും. ഈ പ്രത്യേക ചരിത്ര സന്ദർഭത്തിന്റെ സങ്കീർണതകളെ മനസ്സിലാക്കാനുള്ള അവസരമാണ് സിനിമ ഉൾപ്പെടെയുള്ള ഓരോ മീഡിയ ടെക്സ്റ്റും നമുക്ക് തരുന്നത്.

Tags