ക്രിസ്തുവൽക്കരിക്കപ്പെട്ട കെജ്രിവാളും ഭാരതമാതാവും

ജനാധിപത്യത്തിനു മാത്രം ചെയ്യാനാവുന്ന ചില പ്രതികാരങ്ങളുണ്ട്. അതിലേറ്റവും മൂര്‍ച്ചയുള്ള ഒന്നാണ് ഇന്ന് ഡല്‍ഹിയില്‍ ബിജെപിക്ക് ആം ആദ്മി പാര്‍ട്ടി കനിഞ്ഞുനല്‍കിയിരിയ്ക്കുന്ന പ്രതിപക്ഷസ്ഥാനം. ലോക്‌സഭയില്‍ ബിജെപി കാണിക്കാതെ പോയ ജനാധിപത്യത്തിന്റെ പ്രതിബഹുമാനസംസ്കാരത്തിന്റെ കനിവ് ഇന്നു ബിജെപിയ്ക്കു തിരിച്ചു ലഭിയ്ക്കുമ്പോള്‍ അവര്‍ക്കു തോന്നുന്ന വികാരമെന്തായിരിയ്ക്കും? സ്വയംവിമര്‍ശനമെന്നൊന്ന് വര്‍ഗീയതയുടെ ഏഴയലത്തില്ലാത്തതുകൊണ്ട് ഒരു നാണക്കേടും പ്രതീക്ഷിയ്ക്കാനില്ല.

എന്തായാലും ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശക്തി വെളിപ്പെടുത്തിയ ദിവസമാണിത്. നൂറ്റിയിരുപത് എംപിമാരും ഇരുപത് കാബിനറ്റ് മന്ത്രിമാരും അതുക്കെല്ലാം മേലെ നരേന്ദ്രമോഡിയും ഒന്നിച്ചു പ്രചരണത്തിനിറങ്ങിയാലും ജനാധിപത്യം മറ്റൊന്നു വിചാരിച്ചാല്‍ അതു സംഭവിച്ചിരിയ്ക്കും എന്നു ബോദ്ധ്യമായ ദിവസം. കോര്‍പ്പറേറ്റുകള്‍ കെട്ടിപ്പൊക്കിയ മോഡീവിഗ്രഹത്തിനാണ് ഏറ്റവും ശക്തമായ അടിയേല്‍ക്കുന്നത്. ആഘാതം അവിടേയ്ക്കാണ് എന്ന ബോദ്ധ്യം കൊണ്ടുതന്നെയാണ് ബിജെപിയുടെ തിരഞ്ഞെടുപ്പു കാര്യസ്ഥന്മാര്‍ മുതല്‍ കിരണ്‍ബേദി വരെ സകലരും പത്രക്കാരെ കണ്ടാലുടന്‍ ‘തോല്‍വിയും മോഡിയും തമ്മില്‍ ബന്ധമില്ല’ എന്ന് അഖണ്ഡനാമം ഉരുക്കഴിക്കുന്നത്. പിന്നെന്തു തമ്മിലാണ് ബന്ധമെന്നു ചോദിച്ചാല്‍ പരമ്പരാഗതമായി തോറ്റവര്‍ക്ക് നിലവിലുള്ള സ്റ്റീരിയോടൈപ്പ് ഓണ്‍ചെയ്യും – ജനങ്ങളിലേക്കു സന്ദേശമെത്തിക്കാന്‍ കഴിയായ്ക, സംഘടനാതലത്തിലെ പാളിച്ചകള്‍…

കാര്യം സുവ്യക്തമാണ്. റിപ്പബ്ലിക്കിനെ ആശയപരമായി എതിര്‍ക്കുന്നവര്‍ റിപ്പബ്ലിക്കിന്റെ അധികാരത്തിലെത്തിയ ഈ ഒമ്പതുമാസക്കാലത്തിന്റെ പ്രതികരണം ഡല്‍ഹി തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചിരുന്നു. ആഗോള ഫൈനാന്‍സ് മൂലധനത്തിന്റെ വക്താവായി, ലിബറല്‍ ജനാധിപത്യനിഷേധങ്ങളുടെ കാവല്‍ക്കാരനായി അധികാരത്തിലേറിയ മോഡിയുടെ സര്‍വ്വസന്നാഹങ്ങളും കൂടി പടയ്ക്കിറങ്ങിയിട്ടും മൂന്നുസീറ്റിലേക്കു ജനാധിപത്യം ബിജെപിയെ ചുരുട്ടിക്കൂട്ടിയ ശേഷം ഇതില്‍ സംശയത്തിനടിസ്ഥാനമില്ല. ആ അര്‍ത്ഥത്തില്‍ ഈ വിജയം എല്ലാ ജനാധിപത്യവാദികളുടെയും സന്തോഷമാണ്.

എന്നാല്‍, തോറ്റവരെയോര്‍ത്തല്ലാതെ, ജയിച്ചവരെയോര്‍ത്ത് തുള്ളിച്ചാടാന്‍ നില്‍ക്കാനാവുക, ആം ആദ്മി മുന്നോട്ടുവെക്കുന്ന spontaneous പ്രസ്ഥാനരാഷ്ടീയത്തെപ്പറ്റി തിരിച്ചറിയാനാവാത്തവര്‍ക്കു മാത്രമാണ്. ‘പ്രശ്നവും അതിന്റെ അടിയന്തിരപരിഹാരവും’ എന്ന മുദ്രാവാക്യത്തിലൂന്നി പ്രവര്‍ത്തിക്കുന്ന ഒരു രാഷ്ടീയപ്രസ്ഥാനത്തില്‍ നിന്ന് നയരൂപീകരണത്തിലേക്കു വളരാനാവാത്ത പാര്‍ട്ടിയാണ് ഇന്നും ആം ആദ്മി പാര്‍ട്ടി. വര്‍ഗീയരാഷ്ടീയം മോഡിയെ മുന്നോട്ടുവെച്ചതിനോട് ഒരര്‍ത്ഥത്തില്‍ സമാനമായി കെജ്രിവാളിന്റെ വ്യക്തിപരിവേഷത്തെ മുന്നോട്ടുവെയ്ക്കുന്ന, ദലിത്-സ്ത്രീ പ്രശ്നമടക്കമുള്ളവയിലെ നിലപാടുകളില്‍ വ്യക്തതയില്ലാത്ത, വിദേശനയത്തിലും ഇന്ത്യന്‍ വര്‍ഗീയതയ്ക്കെതിരായ ചെറുത്തുനില്‍പ്പില്‍ തന്നെയും ദൃഢനിലപാടിനു കഴിയാത്ത ഒരു സംഘടനയുടെ വിജയം കൂടിയാണിത്. വിജയിച്ച സ്ഥലമാകട്ടെ, ഡല്‍ഹിയാണ്. വെള്ളവും വൈദ്യുതിയും മാത്രം പരിഹരിയ്ക്കാനുള്ള രണ്ടു ഭാവനകള്‍ അവതരിപ്പിയ്ക്കപ്പെട്ടാല്‍ കയ്യടിക്കാത്ത ഡല്‍ഹിക്കാര്‍ ചുരുങ്ങും. “ട്രാഫിക്ക് ബ്ലോക്ക് ഇല്ലാതാക്കാനും പോലീസിന്റെ കൈക്കൂലി ഇല്ലാതാക്കാനും കഴിയുമെന്ന് തോന്നുവര്‍ക്ക് ഞങ്ങള്‍ വോട്ടുചെയ്യും” എന്നൊരു ഫ്ലാറ്റിനു മുന്നില്‍ നിന്ന് വീട്ടമ്മ പറയുന്നത് ദേശീയമാദ്ധ്യമങ്ങളില്‍ കണ്ടിരുന്നതാണ് ടിപ്പിക്കല്‍ ഡല്‍ഹി മനസ്സ്. ആം ആദ്മിയുടെ നിലവിലുള്ള സ്ഥിതിയും ഗതിയും അവിടേയ്ക്ക് കൃത്യമായി ചേരുന്നതായിരുന്നു എന്നതുതന്നെയാണ് ഈ വിയത്തിന്റെ അടിസ്ഥാനവും.

'രാഷ്ട്രീയക്കാരാണ് എല്ലാറ്റിനും കുറ്റക്കാര്‍ ' എന്ന മധ്യവര്‍ഗ്ഗത്തിന്റെ അവാസ്തവികവും അരാഷ്ട്രീയവുമായ എന്‍ ജി ഒ സമീപനത്തിന്റെ രാഷ്ടീയരൂപമായാണ് ആം ആദ്മി പിറവിയെടുത്തതും വളര്‍ന്നതും. ഹിന്ദുത്വരാഷ്ട്രീയത്തിനു മേധാവിത്വമുള്ള ഉള്ള ഉത്തരേന്ത്യയിലെ മധ്യവര്‍ഗ്ഗ സാംസ്ക്കാരിക, രാഷ്ട്രീയ ബോധമാണ് അതിനുള്ളതും. സംവരണവിരുദ്ധസമരത്തിനു കൂടെയുണ്ടായിരുന്ന അതേ കെജ്രിവാള്‍ തന്നെയാണ് ഇന്നത്തെ ‘സിങ്കം റിട്ടേണ്‍സ്’ എന്ന ഓര്‍മ്മ നല്ലതാണ്.

1990കളില്‍ USIS പ്രസിദ്ധീകരണങ്ങളുടെ ഒരു പ്രമേയം 'ജനാധിപത്യം നേരിടുന്ന പ്രതിസന്ധി'യായിരുന്നു. ആഗോളവല്‍കൃതനിലയില്‍ തൊണ്ണൂറുകളോടെ ലോകം പ്രവര്‍ത്തിയ്ക്കുന്നുണ്ട്. ഇതിനുവേണ്ട ഘടനാക്രമീകരണ പദ്ധതികള്‍ (SAP)ഒട്ടുമിക്ക രാജ്യങ്ങളിലും ഏറിയോ കുറഞ്ഞോ നടന്നിരുന്നു. ആഗോളവല്ക്കരണം കടന്നുചെല്ലുന്ന രാജ്യങ്ങളില്‍ ജനാധിപത്യം അളവുപരമായി വളരും. ജനങ്ങളുടെ ഭൗതികാവശ്യങ്ങളും പ്രാതിനിധ്യത്തിനും അവകാശങ്ങള്‍ക്കുംവേണ്ടിയുള്ള സമരങ്ങളും വര്‍ദ്ധിയ്ക്കും. എന്നാല്‍ അതു നല്കാനുള്ള ജനാധിപത്യസ്ഥാപനങ്ങളുടെ കഴിവ് കുറഞ്ഞുവരികയും ചെയ്യും. ഇതു വലിയ പ്രതിസന്ധികള്‍ സൃഷ്ടിയ്ക്കും എന്നതായിരുന്നു ഈ പഠനങ്ങളുടെ നിരീക്ഷണം. ഈ ഗതിയിലാണ് അണ്ണാഹസാരെ എന്ന കാല്‍പ്പനികവാദി നയിച്ച സമരങ്ങളും തുടര്‍ന്ന് കെജ്രിവാള്‍ക്രിസ്തുവിന്റെ വരവും ക്രൂശുമരണവും ഉയിര്‍പ്പും എന്ന് ഇപ്പോള്‍ വ്യക്തമാണ്.

ഏത് മോഡിയേയാണ് ആപ്പ് തോല്‍പ്പിയ്ക്കുന്നത് എന്നു നോക്കുക. ജനാധിപത്യശക്തികള്‍ ദുര്‍ബലപ്പെടുകയും പിന്‍വാങ്ങുകയും ചെയ്യുമ്പോള്‍ വര്‍ഗീയകക്ഷികള്‍ ശക്തിപ്പെടുമെന്ന് രണ്ടായിരത്തിനു ശേഷമുള്ള പതിനഞ്ചുവര്‍ഷങ്ങള്‍ തെളിയിച്ചത് നമുക്കു മുന്നിലുണ്ട്. ഭക്തിപ്രസ്ഥാനം മുതല്‍ക്കേ പരിഷ്കരണപരവും മതാതീതവുമായ സെക്കുലര്‍ ഉള്ളടക്കങ്ങളീലൂടെ കടന്നുപോന്ന ഇന്ത്യയിലേക്ക് സംഘപരിവാര്‍ ‘ഹിന്ദുത്വ’മെന്ന അജണ്ടയുമായി കടന്നുവന്നിട്ട് അരനൂറ്റാണ്ടു കടന്നിട്ടും സാദ്ധ്യമാവാഞ്ഞത്, കോര്‍പ്പറേറ്റുകളുടെയും ആഗോളഫിനാന്‍സ് മൂലധനത്തിന്റെയും പിന്തുണയോടെ നവസംഘപരിവാര്‍ നേതാവായ നരേന്ദ്രമോഡി സാധിച്ചെടുത്തു. എന്നാല്‍, അധികാരത്തിലെത്തിയ സംഘപരിവാരത്തിന് ആരോടാണ് ബാദ്ധ്യതയെന്നു നാം കണ്ടതാണ്. അതിനു കൂറ് അടിസ്ഥാനപരമായി ‘ഹിന്ദുത്വ’മെന്ന സാവര്‍ക്കറുടെയും ഗോള്‍വാള്‍ക്കറുടെയും ഭീകരപരിപ്രേക്ഷ്യത്തോടു പോലുമല്ല, ഫിനാന്‍സ് മൂലധനത്തോടും അതിനോടു ചേരുന്ന തദ്ദേശീയ കോര്‍പ്പറേറ്റുകളോടുമാണ്. ഒബാമ വന്നാല്‍ ആണവനയമടക്കം എന്തും കാല്‍ക്കല്‍ വീണു തലചൊറിഞ്ഞുനില്‍ക്കാന്‍ തയ്യാറാവുന്ന കോര്‍പ്പറേറ്റുവിശ്വസ്തന്റെ കോട്ടിലുള്ള പേര് സംസ്കൃതത്തിലല്ല, അമേരിക്കന്‍ ഇംഗ്ലീഷിലാണ്.

ആം ആദ്മിയുടെ രാഷ്ടീയത്തെ നിശിതപരിശോധനയ്ക്കു വിധേയമാക്കേണ്ടത് ഈ പശ്ചാത്തലത്തിലാണ്. 'രാഷ്ട്രീയക്കാരാണ് എല്ലാറ്റിനും കുറ്റക്കാര്‍ ' എന്ന മധ്യവര്‍ഗ്ഗത്തിന്റെ അവാസ്തവികവും അരാഷ്ട്രീയവുമായ എന്‍ ജി ഒ സമീപനത്തിന്റെ രാഷ്ടീയരൂപമായാണ് ആം ആദ്മി പിറവിയെടുത്തതും വളര്‍ന്നതും. ഹിന്ദുത്വരാഷ്ട്രീയത്തിനു മേധാവിത്വമുള്ള ഉള്ള ഉത്തരേന്ത്യയിലെ മധ്യവര്‍ഗ്ഗ സാംസ്ക്കാരിക, രാഷ്ട്രീയ ബോധമാണ് അതിനുള്ളതും. സംവരണവിരുദ്ധസമരത്തിനു കൂടെയുണ്ടായിരുന്ന അതേ കെജ്രിവാള്‍ തന്നെയാണ് ഇന്നത്തെ ‘സിങ്കം റിട്ടേണ്‍സ്’ എന്ന ഓര്‍മ്മ നല്ലതാണ്.

വെള്ളം പ്രശ്നമാണ്. വൈദ്യുതിയും പ്രശ്നമാണ്. പക്ഷേ ഇവ രണ്ടും ആവശ്യമുള്ള മനുഷ്യനെ ഒന്നാകെ കാര്‍ന്നുതിന്നുന്ന ഫാഷിസ്റ്റ് വാഴ്ച്ചയ്ക്കുമുണ്ട് ഏതാണ്ട് കെജ്രിവാളിനോളം തന്നെ ഇന്ത്യയില്‍ ഭരണകാലം. ശ്രദ്ധിയ്ക്കുക - ഡല്‍ഹിയും ഏറിയാലിനി ഹരിയാനയും ചേര്‍ന്ന ഒരു ന്യൂനപ്രദേശത്തല്ല, സമസ്ത ഇന്ത്യയില്‍. അതുകൊണ്ട് വിജയിക്കുന്നവരുടെ നയമെന്തെന്ന ചോദ്യത്തിനു താല്ക്കാലികപ്രശ്നപരിഹാരപൂരക്കമ്മറ്റിയ്ക്ക് നല്‍കാന്‍ ചില ഉത്തരങ്ങളുണ്ടാവണം. അതത്ര പ്രതീക്ഷാജനകമൊന്നുമല്ല.

മതേതരവിരുദ്ധവും ബോധരാഹിത്യവും ചേര്‍ന്ന ‘ഭാരത് മാതാ കീ ജയ്’ എന്ന മുദ്രാവാക്യം ജനക്കൂട്ടത്തെക്കൊണ്ടു വിളിപ്പിയ്ക്കുന്ന കെജ്രിവാളിന്റെ ഇന്നത്തെ മുഖം അത്രമേല്‍ ക്രിസ്തുവല്‍ക്കരിക്കപ്പെട്ടിരിയ്ക്കുന്നു.. ഫാഷിസത്തിന്റെ വിഷപ്പത്തിയ്ക്ക് ആരടിച്ചാലും കയ്യടിക്കാം, അടിയ്ക്കണം. പക്ഷേ ക്രിസ്തുവല്‍ക്കരണത്തിനു നേരെ ആശങ്കകളോടെയല്ലാതെ നോക്കാതിരിയ്ക്കാനാവില്ല.