റിച്ചാര്‍ഡ് സ്റ്റാള്‍മാനുമായി ഒരു സംഭാഷണം

സ്വതന്ത്ര സോഫ്‌റ്റ്‌വെയര്‍ ഫൗണ്ടേഷന്റെ സ്ഥാപകനും സജീവ പ്രവര്‍ത്തകനുമായ റിച്ചാര്‍ഡ് മാത്യു സ്റ്റാള്‍മാനുമായിട്ട് ഫ്രണ്ട്‌ലൈനിനു വേണ്ടി പ്രശാന്ത് രാധാകൃഷ്ണന്‍ നടത്തിയ അഭിമുഖത്തിന്റെ ഒരു സ്വതന്ത്ര പരിഭാഷയാണ് ഇത്. “സ്വതന്ത്ര സോഫ്‌റ്റ്‌വെയര്‍, സ്വാതന്ത്ര്യം, വിദ്യാഭ്യാസം” എന്ന വിഷയത്തെ സംബന്ധിച്ച് ഫ്രീ സോഫ്റ്റ്‌വെയര്‍ ഫൗണ്ടേഷന്‍ തമിഴ്നാടിന്റെ (FSFTN) ആഭിമുഖ്യത്തില്‍ ഐ.ഐ.റ്റി. മദ്രാസില്‍ വെച്ചു നടത്തിയ പ്രഭാഷണത്തില്‍ പങ്കെടുക്കുവാന്‍ എത്തിയതായിരുന്നു സ്റ്റാള്‍മാന്‍. സമകാലീന സമൂഹത്തിലെ രാഷ്ട്രീയ സംഭവ വികാസങ്ങളെക്കുറിച്ചും, അസ്വതന്ത്ര സോഫ്‌റ്റ്‌വെയറുകളിലൂടെയും ഭരണകൂട നയപരിപാടികളിലൂടെയും വിവരശേഖരത്തെ സാമാന്യ ജനത്തിന് അപ്രാപ്യമാക്കുന്ന ശക്തികളെ കുറിച്ചും തന്റെ കാഴ്ചപ്പാടുകള്‍ പങ്ക് വയ്ക്കുകയാണ് സ്റ്റാള്‍മാന്‍.


ചോ: അക്കാദമിക്-സോഫ്റ്റ്‌വെയര്‍ മേഖലകളില്‍ പൊതുവേ ഉപയോഗിച്ചു വരുന്ന പദങ്ങളാണല്ലോ ഓപ്പണ്‍ സോഴ്സ്, ഫ്ലോസ്സ് (FLOSS - Free/Libre/ Open Source Software), ഫോസ്സ് (FOSS - Free and Open Source Software). സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ രാഷ്ട്രീയ പരിസരത്തില്‍ നിന്നും ഈ പദപ്രയോഗങ്ങളെ എങ്ങനെയാണ് വീക്ഷിക്കുന്നത്?

ഞാനാദ്യം ഇവ തമ്മിലുള്ള സാമ്യതകളും വ്യത്യാസങ്ങളും എന്തൊക്കെയെന്ന് വിശദീകരിക്കാം. 1983-ലാണ് സോഫ്റ്റ്‌വെയര്‍ ഉപയോക്താക്കളുടെ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം (Free Software Foundation) ആരംഭിച്ചത്. കമ്പ്യൂട്ടിങ്ങിനെ നിയന്ത്രിക്കുവാനുള്ള പരമാധികാരം ഉപയോക്താക്കള്‍ക്കാണ് എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് സ്വതന്ത്ര സോഫ്‌റ്റ്‌വെയര്‍ പ്രസ്ഥാനം പ്രവര്‍ത്തിക്കുന്നത്. അസ്വതന്ത്ര സോഫ്‌റ്റ്‌വെയറുകളുടെ (proprietary softwares) ഉപയോഗം അതിന്റെ ഉപയോക്താക്കളെ അടിമപ്പെടുത്തുന്നു. ഇതൊരു അനീതിയാണ്. ആ വ്യവസ്ഥിതിയെ നിലനിര്‍ത്തുവാന്‍ ഒരിക്കലും അനുവദിക്കുകയുമരുത്. അങ്ങനെ ഉപയോക്താക്കളെ അസ്വതന്ത്ര സോഫ്റ്റ്‌വെയറുകളില്‍ നിന്നും രക്ഷപെടുത്തുവാന്‍ വേണ്ടി സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ വികസിപ്പിക്കുവാന്‍ ഞങ്ങള്‍ തുനിഞ്ഞിറങ്ങി. ആ പരിശ്രമങ്ങള്‍ക്കിടയില്‍ നിര്‍മ്മിതമായ ആദ്യ സ്വതന്ത്ര ഓപ്പറേറ്റിങ്ങ് സിസ്റ്റമാണ് ഗ്നു (GNU). തൊണ്ണൂറുകളില്‍ ലിനക്സ് കേണല്‍ (kernel) ഉപയോഗപ്പെടുത്തിക്കൊണ്ട് ഗ്നു ഓപ്പറേറ്റിങ്ങ് സിസ്റ്റം പുരോഗതി കൈവരിക്കുകയുണ്ടായി. ഇതിന്റെ ആദ്യ ഉപഭോക്താക്കളില്‍ ചിലര്‍ക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എന്ന ആശയത്തിനോട് അഭിപ്രായവ്യത്യാസങ്ങളുണ്ടായി. ചിലരാകട്ടെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എന്ന ആശയത്തെ പറ്റി കേട്ടിട്ടു കൂടിയുണ്ടായിരുന്നില്ല. മറ്റ് ചിലര്‍ പ്രായോഗികാവശ്യങ്ങള്‍ക്ക് മാത്രം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുന്നവരായിരുന്നു. ഇവരെല്ലാം ചേര്‍ന്ന് 1998-ല്‍ ഓപ്പണ്‍ സോഴ്സ് എന്നൊരു നാമം സ്വീകരിക്കുകയും, സ്വതന്ത്ര സോഫ്‌റ്റ്വെയറിന്റെ ഉദ്ദേശലക്ഷ്യങ്ങളെയാകെ വഴിതിരിച്ചു വിടുകയും ചെയ്തു. എന്നാല്‍ സോഫ്റ്റ്‌വെയര്‍ വിതരണ രീതികളിലെ ശരി തെറ്റുകളെക്കുറിച്ചോ, മുന്നോട്ട് വയ്ക്കുന്ന ആശയങ്ങളുടെ ധാര്‍മ്മികവശങ്ങളെ കുറിച്ചോ ചര്‍ച്ച ചെയ്യുവാന്‍ വിമുഖത കാണിച്ചു കൊണ്ട് പ്രായോഗികമായ ആനുകൂല്യങ്ങള്‍ മാത്രമാണ് വിഷയമാക്കേണ്ടതെന്ന് ഇക്കൂട്ടര്‍ സൈദ്ധാന്തീകരിക്കുകയുണ്ടായി. യഥാര്‍ത്ഥത്തില്‍ അടിസ്ഥാന മൂല്യങ്ങളില്‍ തന്നെ വൈരുദ്ധ്യങ്ങള്‍ ഉള്ള രണ്ട് വ്യത്യസ്തമായ പ്രത്യയശാസ്ത്രങ്ങളാണ് സ്വതന്ത്ര സോഫ്‌റ്റ്‌വെയറും ഓപ്പണ്‍ സോഴ്സും.

ഇതിനു രണ്ടിനുമിടയില്‍ വ്യക്തമായ നിലപാട് സ്വീകരിക്കുവാന്‍ ബുദ്ധിമുട്ടിയ ചിലരുമുണ്ടായിരുന്നു. ഈ രണ്ട് ആശയങ്ങള്‍ക്കും തുല്യപ്രാധാന്യം നല്‍കുന്നുവെന്ന വ്യാജേന ഫ്ലോസ്സ് (FLOSS) എന്ന നാമം സ്വീകരിച്ചു കൊണ്ട് മദ്ധ്യപാതയില്‍ സഞ്ചരിക്കുവാന്‍ അവരില്‍ കുറച്ചു പേര്‍ താല്പര്യപ്പെട്ടു. ബാക്കിയുള്ളവര്‍ ഓപ്പണ്‍ സോഴ്സിനോട് നേരിയ ചായ്‌വ് പ്രകടിപ്പിച്ചു കൊണ്ട് ഫോസ്സ് (FOSS) എന്ന നാമം സ്വീകരിക്കുകയുണ്ടായി. ഇതിലുള്ള ഒരു പ്രധാനപ്പെട്ട കുഴപ്പം, ഉപയോക്താവിന്റെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ടിട്ടുള്ള പ്രശ്നങ്ങളെ ഈ നാമം അഭിസംബോധന ചെയ്യുന്നില്ല എന്നതാണ്. അത് കൊണ്ടു തന്നെ, പൊതുജനം ഈ പേരുകള്‍ കേള്‍ക്കുമ്പോള്‍ ഫ്രീ (free) എന്നത് ഉപയോക്താവിന്റെ സ്വാതന്ത്ര്യമല്ല മറിച്ച് അതിന്റെ വിലയിലുള്ള സൗജന്യം (gratis) ആണ് എന്ന് തെറ്റിധരിക്കപ്പെടുവാനിടയാക്കുന്നു. ഒരു മദ്ധ്യപാത സ്വീകരിക്കുവാനാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ഫ്ലോസ്സ് (FLOSS) എന്നുപയോഗിക്കുക. എന്നാല്‍ ഈ രണ്ട് പ്രധാന ആശയങ്ങള്‍ക്കിടയില്‍ ഒരു വിട്ടുവീഴ്ചാനിലപാട് സ്വീകരിക്കുവാന്‍ ഞാന്‍ താല്പര്യപ്പെടുന്നില്ല. ഞാന്‍ നിങ്ങളുടെ ശ്രദ്ധ ക്ഷണിക്കുന്നത് ഉപയോക്താവിന്റെ സ്വാതന്ത്ര്യത്തിലാണ്. അത് കൊണ്ട് ഫ്ലോസ്സ് എന്നോ ഫോസ്സ് എന്നോ ഞാന്‍ ഉപയോഗിക്കാറില്ല. ഞാന്‍ ഉപയോഗിക്കുവാന്‍ താല്പര്യപ്പെടുന്നത് ഫ്രീ/ലിബ്രെ/സ്വതന്ത്ര സോഫ്‌റ്റ്‌വെയര്‍ എന്നാണ്.

ചോ: സാങ്കേതികത ഒന്ന് തന്നെ ഉപയോഗിക്കുന്നിടത്തോളം കാലം പേരില്‍ എന്ത് മാത്രം പ്രസക്തിയുണ്ട് എന്ന് വിദ്യാര്‍ത്ഥികളും പ്രവര്‍ത്തകരും ചോദിക്കുന്നത് കേള്‍ക്കാറുണ്ട്.

എല്ലാ പേരുകള്‍ക്കും ഓരോരോ അര്‍ത്ഥങ്ങളുണ്ട്. വ്യത്യസ്തമായ നാമം ഉപയോഗിക്കപ്പെടുമ്പോള്‍ അതിന് പുതിയൊരു മാനം കൈവരുന്നു. ഒരേ സാങ്കേതികത ഉപയോഗിക്കുന്നു എന്നതല്ല ഇവിടെ ശരിക്കുമുള്ള പ്രശ്നം. സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ ഒരു പ്രത്യേക ഉല്പന്നമെന്ന നിലയില്‍ കാണുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല എന്നതാണ്. ശരിക്കും പറഞ്ഞാല്‍ ഇതിനെ മറ്റൊരു തലത്തില്‍ നിന്നുമാണ് നോക്കിക്കാണേണ്ടത്. കമ്പോളത്തില്‍ വില്‍ക്കുവാന്‍ ഉദ്ദേശിച്ച് നിര്‍മ്മിക്കുന്ന ഒന്നിനെയാണ് ഉല്പന്നം എന്ന് വിളിക്കുന്നത്. ജനങ്ങള്‍ക്ക് സ്വതന്ത്രമായി ജീവിക്കുവാന്‍ വേണ്ടി നിര്‍മ്മിക്കപ്പെട്ട ഒന്നിനെയാണ് ഞാന്‍ ഗ്നു സിസ്റ്റം കൊണ്ട് ഉദ്ദേശിക്കുന്നത്. അക്കാരണം കൊണ്ടു തന്നെ അതിനെ ഉല്പന്നം എന്ന് വിളിക്കുവാന്‍ കഴിയില്ല. പക്ഷെ, ആരെങ്കിലും അങ്ങനെ വിളിക്കുന്നുവെങ്കില്‍ വിഷയത്തോടുള്ള കാഴ്ചപാടിനെയാണത് പ്രതിഫലിപ്പിക്കുന്നത്. മറ്റേതൊരു ഉല്പന്നത്തിനെയും പോലെ തന്നെ കേവലോപയോഗത്തിന് മാത്രമുതകുന്ന ഒന്നാണ് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എന്നാണ് അവരുടെ ധാരണ. ഒരു തരത്തില്‍ ഇത് ശരിയാണെങ്കിലും സ്വതന്ത്ര സോഫ്‌റ്റ്‌വെയറിന്റെ ആശയം ഇതിലൂടെ പൂര്‍ണ്ണമാകുന്നില്ല എന്നൊരു പ്രശ്നം അവിടെ നിലനില്‍ക്കുന്നുണ്ട്. ചിലപ്പോളൊരുപക്ഷെ ഇത് മാത്രമായിരിക്കാം അവര്‍ക്ക് അറിയാവുന്നത്. സ്വാതന്ത്ര്യം എന്ത് കൊണ്ട് പ്രാധാന്യമര്‍ഹിക്കുന്നു എന്നതിനെക്കുറിച്ച് അവര്‍ക്ക് ബോധ്യമുണ്ടായിരിക്കുവാന്‍ സാധ്യതയില്ല. അവരുടെ അടുത്ത് സ്വാതന്ത്ര്യത്തിനെക്കുറിച്ചും, എന്ത് കൊണ്ട് ഓപ്പണ്‍ സോഴ്സിന്റെ വക്താക്കള്‍ സ്വാതന്ത്ര്യമെന്ന ആശയത്തെ അംഗീകരിക്കുന്നില്ല എന്നും വ്യക്തമാക്കിക്കൊടുത്താല്‍ പേരുകളിലുള്ള ഈ വ്യത്യാസം എന്ത് കൊണ്ട് പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് മനസ്സിലാകും.

ചോ:ഗ്നു പ്രോജക്റ്റ് തുടങ്ങിയിട്ട് ഏകദേശം 30 വര്‍ഷമാകുന്നു. ഈ പദ്ധതിയുടെ ഇത് വരെയുള്ള ഏറ്റവും വലിയ വിജയം എന്താണെന്നാണ് നിങ്ങള്‍ കരുതുന്നത്?

വിവിധ ഹാര്‍ഡ്‌വെയറുകളില്‍ ഉപയോഗിച്ചു വന്നിരുന്ന അസ്വതന്ത്ര സോഫ്‌റ്റ്‌വെയറുകള്‍ക്ക് ഒരു പരിധി വരെയെങ്കിലും ബദലായി ഉപയോഗിക്കാവുന്ന ഒരു സ്വതന്ത്ര ഓപ്പറേറ്റിങ്ങ് സിസ്റ്റം ഇപ്പോള്‍ നിലവിലുണ്ട് എന്നത് തന്നെയാണ് ഞങ്ങളുടെ വിജയം. ഈ പദ്ധതിയുടെ ആരംഭത്തിലേ ആ ഒരു ഉദ്ദേശം തന്നെ ആയിരുന്നു ഞങ്ങള്‍ക്ക് ഉണ്ടായിരുന്നത്. യഥാര്‍ത്ഥത്തില്‍ ആ ഒരു ലക്ഷ്യത്തില്‍ നിന്ന് വളരെയധികം ഞങ്ങള്‍ക്ക് മുന്നോട്ട് പോകുവാന്‍ സാധിച്ചിട്ടുണ്ട്. കാരണം അനവധിയാളുകള്‍ സ്വതന്ത്ര ഓപ്പറേറ്റിങ്ങ് സിസ്റ്റം ഉപയോഗിക്കുന്നു എന്നതില്‍ കവിഞ്ഞ്, അനേകമനേകം ആളുകള്‍ ഇപ്പോള്‍ സ്വതന്ത്ര സോഫ്‌റ്റ്‌വെയറുകള്‍ വികസിപ്പിക്കുന്നതിനായി യത്നിക്കുന്നുണ്ട്.

ചോ: ഗ്നു പദ്ധതിക്ക് മുന്നില്‍ പ്രധാന വിലങ്ങുതടികളായി കാണുന്നത് എന്തൊക്കെയാണ്?

പറയുവാനാണെങ്കില്‍ ഒട്ടനവധിയുണ്ട്. കുറേയധികം കമ്പ്യൂട്ടറുകള്‍ക്ക് സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ ഉപയോഗപ്പെടുത്തുവാന്‍ സാധിക്കില്ല. ഇതിന് പലവിധ കാരണങ്ങളുണ്ട്. ഒന്നുകില്‍ അതിന്റെ സ്പെസിഫിക്കേഷനുകള്‍ രഹസ്യമായിരിക്കും അല്ലെങ്കില്‍ അതിന്റെ നിര്‍മ്മാതാക്കള്‍, ഉപയോക്താവിനെ ആ ഉദ്യമത്തില്‍ നിന്നും വിലക്കുന്ന നികൃഷ്ടര്‍ ആയിരിക്കും. പ്രധാന തടസ്സങ്ങള്‍ എന്ന് പറയാവുന്നത് ഇതൊക്കെയാണ്.

എന്നാല്‍ കുറച്ചു കൂടെ ആഴത്തില്‍ അവലോകനം ചെയ്യുമ്പോള്‍ പ്രധാന തടസ്സം സാമൂഹിക ജഢത്വമാണ്. കുറേയധികം ജനങ്ങള്‍ അസ്വതന്ത്ര സോഫ്‌റ്റ്‌വെയറുകള്‍ ഉപയോഗിക്കുന്നു. ഇത് മൂലം മറ്റുള്ളവരും ഇതേ അസ്വതന്ത്ര സോഫ്‌റ്റ്‌വെയര്‍ ഉപയോഗിക്കുവാന്‍ നിര്‍ബ്ബന്ധിതരാകുന്നു. ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുള്ള പല സാമൂഹിക വ്യവസ്ഥിതികളും ജനങ്ങളെ അസ്വതന്ത്ര സോഫ്‌റ്റ്‌വെയര്‍ ഉപയോഗിക്കുവാന്‍ പ്രേരിപ്പിക്കുന്നു. ഇതിനുള്ള ഒരു കാരണം അസ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ ഉപജ്ഞാതാക്കള്‍ ഈ സ്ഥാപനങ്ങളുമായി അവിശുദ്ധ കരാറുകളില്‍ ഏര്‍പ്പെടുന്നത് കൊണ്ടാണ്. മൈക്രോസോഫ്റ്റ്, ആപ്പിള്‍, ഓട്ടോക്കാഡ് മുതലായ കമ്പനികള്‍ വിദ്യാലയങ്ങളില്‍ അവരുടെ സോഫ്റ്റ്‌വെയറുകള്‍ പഠിപ്പിക്കുവാന്‍ കരാര്‍ ഉറപ്പിക്കുമ്പോള്‍ അതിന്റെ ഉദ്ദേശലക്ഷ്യങ്ങളെപ്പറ്റി അവര്‍ ബോധവാന്മാരാണ് എന്നതാണ് സത്യം. തത്ത്വത്തില്‍ ഈ വിദ്യാലയങ്ങളെ ഇവര്‍ വിലയ്ക്കെടുക്കുകയാണ്. ഇതിന്റെ അന്തിമമായ ലക്ഷ്യം തങ്ങളുടെ സാമ്രാജത്യ അജണ്ടകളെ സംരക്ഷിക്കുക എന്നതൊന്ന് മാത്രമാണ്.

ചോ: താങ്കളുടെ ഒരു ലേഖനത്തില്‍ പണ്ടൊരിക്കല്‍ ഇങ്ങനെ പറഞ്ഞതോര്‍ക്കുന്നു - “.....സ്വതന്ത്ര സോഫ്‌റ്റ്‌വെയറുകളിലുള്ള പൊതുതാല്പര്യം അതിന്റെ അടിസ്ഥാനമായ തത്ത്വശാസ്ത്രത്തിനേക്കാള്‍ വേഗത്തിലാണ് വളരുന്നത്. ഇത് ഒരു പ്രശ്നത്തിലേക്കാണ് നയിക്കുന്നത്.” എന്ത് കൊണ്ടാണ് ഇങ്ങനെ ഒരു അഭിപ്രായം?

സൈബര്‍സ്പേസിന്റെ വിമോചനമായിരുന്നു ഞങ്ങളുടെ ലക്ഷ്യം. എല്ലാവരും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മാത്രമുപയോഗിക്കണമെന്നും അത് വഴി എല്ലാവര്‍ക്കും സ്വാതന്ത്ര്യം പ്രാപ്യമാകണമെന്നുമായിരുന്നു ഞങ്ങള്‍ ആഗ്രഹിച്ചിരുന്നത്. എന്നാല്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എത്ര പേര്‍ ഉപയോഗിക്കുന്നു എന്നതിനേക്കാള്‍ എത്രയാളുകള്‍ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നു എന്നുള്ളതിലാണ് കാര്യം. ഇത് ഒരു ദീര്‍ഘകാല ലക്ഷ്യമാണ്. ഇപ്പോള്‍ അത് കൊണ്ടു തന്നെ എണ്ണം ഞങ്ങളുടെ ലക്ഷ്യമല്ല, മറിച്ച് സൈബര്‍സ്പേസിന്റെ വിമോചനമാണ് ഞങ്ങളുടെ ലക്ഷ്യം. അതാകട്ടെ, കുറച്ച് അധികം കാലം എടുക്കുന്ന ഒരു കാര്യമാണ്. അത് കൊണ്ട് ഉപലക്ഷ്യങ്ങളില്‍ - അതായത് എണ്ണത്തില്‍ - ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നില്ല.

കൂടുതല്‍ ആളുകള്‍ സ്വതന്ത്ര പ്രോഗ്രാമ്മുകള്‍ ഉപയോഗിക്കുന്നത് വളരെ നല്ല കാര്യമാണ്. പക്ഷെ അത് മാത്രമല്ല ഞങ്ങളുടെ ലക്ഷ്യം. പ്രോഗ്രാം ഡെവലപ്പര്‍മാര്‍ക്കിടയില്‍ ഈ എണ്ണം ഒരു ലക്ഷ്യമാക്കുന്നതിനുള്ള ഒരു പ്രവണത കണ്ടു വരുന്നുണ്ട്. തങ്ങള്‍ വികസിപ്പിക്കുന്ന സോഫ്‌റ്റ്‌വെയറുകള്‍ പ്രചുരപ്രചാരത്തിലാകണം എന്നൊരു താല്പര്യം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുമ്പോള്‍ അവ ഉപയോക്താക്കളൂടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന രീതികളിലേക്ക് മാറിപ്പോകുന്നു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ സ്വതന്ത്രാവസ്ഥ എന്നത് അതിന്റെ പ്രാധാന്യം തിരിച്ചറിയപ്പെടുന്നതിനെയും അതിനെ ആവശ്യപ്പെടുന്നതിനേയുമായിട്ട് ബന്ധപ്പെട്ടിരിക്കുന്നതിനാല്‍, 'സ്വാതന്ത്ര്യം ഒരു ലക്ഷ്യമേയല്ല' എന്ന ആശയം പ്രചരിപ്പിക്കുന്ന എന്തും സ്വാതന്ത്രത്തിന്റെ അഭാവത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്.

അപ്പോള്‍ എത്ര പേര്‍ സോഫ്‌റ്റ്‌വെയര്‍ ഉപയോഗിക്കുന്നു എന്നതാണ് നിങ്ങളുടെ മുഖ്യമായ പ്രശ്നമെങ്കില്‍, ഒരുപക്ഷെ അസ്വതന്ത്രമായ ആഡോണുകള്‍ (add-ons) സഹിതം ഉപയോഗിക്കുവാന്‍ ഒരു സൈറ്റ് നിര്‍മ്മിച്ച് വിതരണം ചെയ്യുകയാണെങ്കില്‍, നിങ്ങള്‍ സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തിനെയാണ് ഇല്ലാതെയാക്കുന്നത്. അത്തരമൊരു അവസരത്തില്‍ ജനങ്ങളെ സ്വാതന്ത്ര്യത്തെ പറ്റി അവബോധമുള്ളവരാക്കുവാനായിട്ട് നിങ്ങള്‍ പ്രവര്‍ത്തിക്കുന്നില്ല. നിങ്ങളുടെ സോഫ്‌റ്റ്‌വെയര്‍ ഒരു പക്ഷെ സ്വതന്ത്രമായിരിക്കാം, ഉപയോഗപ്രദമായിരിക്കാം, എന്നാല്‍ സ്വാതന്ത്രത്തിന്റെ പ്രധാന്യം ഉയര്‍ത്തിക്കാട്ടുന്നതില്‍ നിങ്ങള്‍ അവിടെ പരാജയപ്പെടുകയാണ് എന്നതാണ് യാഥാര്‍ത്ഥ്യം.

xdfdfd
അപ്പോള്‍ എത്ര പേര്‍ സോഫ്‌റ്റ്‌വെയര്‍ ഉപയോഗിക്കുന്നു എന്നതാണ് നിങ്ങളുടെ മുഖ്യമായ പ്രശ്നമെങ്കില്‍, ഒരുപക്ഷെ അസ്വതന്ത്രമായ ആഡോണുകള്‍ (add-ons) സഹിതം ഉപയോഗിക്കുവാന്‍ ഒരു സൈറ്റ് നിര്‍മ്മിച്ച് വിതരണം ചെയ്യുകയാണെങ്കില്‍, നിങ്ങള്‍ സ്വാതന്ത്ര്യം എന്ന ലക്ഷ്യത്തിനെയാണ് ഇല്ലാതെയാക്കുന്നത്.

ചോ: സ്വതന്ത്ര സോഫ്‌റ്റ്‌വെയറിന്റെ ഒരു പ്രധാന ഗുണമായി എടുത്തു കാണിക്കാവുന്നത് പ്രാദേശികവല്‍ക്കരണത്തിനായുള്ള കൂടിയ സാദ്ധ്യതകളാണ്. എത്ര പ്രധാനമാണ് സ്വതന്ത്ര സോഫ്‌റ്റ്വെയറിന്റെ ഈ ഒരു ഗുണം.

തങ്ങളുടെ ഉദ്ദേശങ്ങള്‍ക്കനുസൃതമായി സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ അതിന്റെ ഉപയോക്താക്കള്‍ മാറ്റാമെന്നത് അതിന്റെ ഒരു ഗുണമാണ്. മാറ്റങ്ങള്‍ക്ക് വിധേയമാക്കുന്നതിനുള്ള അനേകമുദ്ദേശങ്ങളില്‍ ഒന്നാണ് പ്രാദേശികവല്‍ക്കരണം. ഇത്തരം സ്വാതന്ത്ര്യങ്ങള്‍ ലക്ഷ്യം വെച്ചു തന്നെയാണ് ഞങ്ങള്‍ സ്വതന്ത്ര സോഫ്‌റ്റ്‌വെയറിന്റെ വികസിപ്പിച്ചത്. എന്നാലൊരുപക്ഷെ ഈ ചോദ്യത്തിന് ഉത്തരം പറയുവാന്‍ ശരിയായ ആള്‍ ഞാനല്ല എന്നൊരു അഭിപ്രായം എനിക്കുണ്ട്. കാരണം മറ്റൊന്നുമല്ല, എനിക്ക് വ്യക്തിപരമായി പ്രദേശികവല്‍ക്കരണത്തിന്റെ ആവശ്യമില്ല എന്നത് കൊണ്ട് തന്നെയാണ്.

ചോ: അമേരിക്കയില്‍ ഈയിടെ നടന്ന സോപ്പ/പീപ്പ (SOPA/PIPA) വിവാദവും, ഇന്ത്യന്‍ കോടതികളില്‍ ഫേസ്‌ബുക്ക്, ഗൂഗിള്‍ എന്നിവയ്ക്കെതിരെ നടക്കുന്ന കേസുകളും തമ്മില്‍ എന്തെങ്കിലും സമാനതകളുണ്ടോ?

ജനങ്ങളെ പങ്ക് വയ്ക്കുന്നതില്‍ നിന്നും നിരുല്‍സാഹപ്പെടുത്തുക എന്നതുദ്ദേശിച്ചുകൊണ്ടുള്ള ഒരു സെന്‍സറിങ്ങ് വ്യവസ്ഥയാണ് സോപ്പ/പീപ്പ (SOPA/PIPA). ഇതിനൊരു പാര്‍ശ്വഫലം കൂടിയുണ്ട്. അറിവ് പരിമിതപ്പെടുത്തുവാന്‍ പൊതുവേ പ്രയോഗിക്കപ്പെടുന്ന വ്യാജ പകര്‍പ്പവകാശ വാദങ്ങള്‍ക്ക് ഈ നിയമവ്യവസ്ഥകളിലൂടെ അനര്‍ഹമായി പ്രസക്തിയേറുന്നു. ഇതു കൊണ്ടു തന്നെ, പകര്‍പ്പവകാശം ലംഘിച്ചു എന്ന് യാതൊരു കഴമ്പുമില്ലാത്ത ആരോപണങ്ങള്‍ ഉന്നയിച്ചു കൊണ്ടു തന്നെ ഒരു വെബ്ബ് സൈറ്റ് ആര്‍ക്കും അടച്ചു പൂട്ടുവാന്‍ കഴിയും. ഇന്ത്യ ചെയ്യുന്നത് പക്ഷെ തികച്ചും വ്യത്യാസമായ കാര്യമാണ്. യാതൊരു ഒളിവും മറയുമില്ലാതെ സമൂഹത്തില്‍ പ്രത്യക്ഷമായി നടത്തുന്ന സെന്‍സര്‍ഷിപ്പാണ് ഇന്ത്യന്‍ ഭരണകൂടം നടത്തുവാന്‍ ഉദ്ദേശിക്കുന്നത്. “ഒരാളുടെ വികാരങ്ങള്‍ വ്രണപ്പെടാതെയിരിക്കുവാന്‍ അപരര്‍ മിണ്ടാതെയിരുന്നുകൊള്ളണം” എന്നത് ശരിയെന്ന് വിശ്വസിപ്പിച്ച് കൊണ്ടാണ് ഇതിന്റെ നിര്‍മ്മിതി. ഇതൊരു അനീതിയാണ്, കാരണം ഇത്തരമൊരു ആനുകൂല്യം ആര്‍ക്കുമുണ്ടാകുവാന്‍ പാടില്ല. ഒരാള്‍ക്ക് ഇങ്ങനെയൊരു ആനുകൂല്യമുണ്ടാകുക എന്നതിന്റെ അര്‍ത്ഥം ജനങ്ങളുടെ വായടപ്പിക്കുവാന്‍ അത് സമ്മര്‍ദ്ദം ചെലുത്തുവെന്നതാണ്. അഭിപ്രായ സ്വാതന്ത്ര്യം വിമര്‍ശിക്കുവാനുള്ള സ്വാതന്ത്ര്യമാണ്, അതിപ്പോള്‍ ഒരാളുടെ - അത് ഞാനാകട്ടെ, നിങ്ങളാകട്ടെ - വികാരങ്ങളെ വ്രണപ്പെടുത്തുകയാണെങ്കില്‍ക്കൂടിയും. നിങ്ങളുടെ വീക്ഷണകോണുകള്‍ എന്തു തന്നെ ആയാലും, ജനങ്ങള്‍ക്ക് അത് പറയുവാനുള്ള അവകാശമുണ്ട്. ലോകവ്യാപകമായി ഭരണകൂടങ്ങള്‍ ഇത്തരം അടിച്ചമര്‍ത്തല്‍ നയങ്ങള്‍ നടപ്പിലാക്കുന്നതില്‍ വ്യാപൃതരാണ്.

ചോ: ഉപയോക്താവിന്റെ സ്വകാര്യതയുടെ വിഷയത്തിലും, മുന്‍കാലങ്ങളില്‍ 'ആക്ഷേപകരമായ ഉള്ളടക്കം' നീക്കം ചെയ്യാന്‍ സര്‍ക്കാരുകളുമായി സഹകരിച്ചതിന്റെ പേരിലും ഏറെ വിമര്‍ശനങ്ങള്‍ നേരിട്ട ഇന്റര്‍നെറ്റ് ഭീമന്മാര്‍, ഇന്ത്യയിലെ സെന്‍സര്‍ഷിപ്പിനെതിരെ രംഗത്തു വരുന്നതിലെ വൈരുദ്ധ്യത്തെക്കുറിച്ച് ?

നമ്മള്‍ സെന്‍സര്‍ഷിപ്പിനെതിരെ ദുര്‍ഘടമായ ഒരു പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുമ്പോള്‍, ലക്ഷ്യത്തിലെത്താന്‍ സഹായിക്കുന്ന ഏതൊരു സഹായവും സ്വീകരിക്കണമെന്നാണ് എന്റെ അഭിപ്രായം. അതിന്റെ അര്‍ത്ഥം, സഹായിക്കുന്നവരുടെ കൈകള്‍ ശുദ്ധമാണെന്ന് നമ്മള്‍ നടിച്ചുകൊള്ളണം എന്നല്ല. അവരുടെ നിലപാടുകളില്‍ കാപട്യവും പൊരുത്തക്കേടുകളും കണ്ടേക്കാം. എന്നാല്‍ അതിന്റെ വെളിച്ചത്തില്‍, ഒരു സഹായ ഹസ്തത്തെ, പാടേ തള്ളിക്കളയുന്നത് ഒരു പിഴവായാണ് ഞാന്‍ കരുതുന്നത്.

ചോ: സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളില്‍ ഉപയോക്താക്കള്‍ നേരിടുന്ന ഭീഷണികളെക്കുറിച്ച് താങ്കള്‍ കടുത്ത വിമര്‍ശനങ്ങള്‍ ഉന്നയിച്ചിട്ടുണ്ട്. എന്തൊക്കെയാണ് ആ ഭീഷണികള്‍. പോംവഴികള്‍?

ഞാന്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ ഉപയോഗിക്കാറില്ല; എനിക്കവ ഒരു അസൗകര്യമായാണ് അനുഭവപ്പെട്ടിട്ടുള്ളത്. നിലവിലുള്ള സോഷ്യല്‍ നെറ്റ്‌വര്‍ക്കുകളിലെ ചില ദോഷവശങ്ങള്‍ ചൂണ്ടിക്കാട്ടാം. ഒന്നാമതായി, സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങ് സൈറ്റുകളില്‍ സ്വകാര്യത എന്നത് ഒരു മരീചികയാണ്. നിങ്ങള്‍ ഒരു സോഷ്യല്‍ നെറ്റ്‌വര്‍ക്കില്‍ കൂറച്ചാളുകളുമായി പങ്കുവെയ്ക്കുന്ന ഒരു കാര്യം, അവരിലാര്‍ക്കു വേണമെങ്കിലും എടുത്ത് പരസ്യമാക്കാവുന്നതാണ്. ഈ സാധ്യത സോഷ്യല്‍ നെറ്റ്‌വര്‍ക്കിന്റെ പിഴവായി കാണാനാകില്ല, മറിച്ച് സ്വകാര്യതാ നഷ്ടം എന്നുള്ളത് അതിന്റെ പ്രകൃതം തന്നെയാകുന്നു. നൈതികമായ ഒരു സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങ് വ്യവസ്ഥയില്‍, ഈ സാധ്യതയെപ്പറ്റി ഉപയോക്താവിനെ പതിവായി ഓര്‍മ്മപ്പെടുത്തുവാനുള്ള സംവിധാനമുണ്ടാകണം. അടുത്ത ദിവസം വര്‍ത്തമാന പത്രത്തില്‍ കണ്ടാല്‍ പ്രയാസമുണ്ടാക്കാവുന്ന ഒരു വിവരം, സോഷ്യക് നെറ്റ്‌വര്‍ക്കില്‍ പങ്കുവെയ്ക്കാതിരിക്കുകയാണ് നല്ലത് എന്ന ബോധം ഉപയോക്താവിനുണ്ടാകണം.

സോഷ്യല്‍ നെറ്റ്‌വര്‍ക്കുകള്‍ സജീവമായി തുടര്‍ന്ന് വരുന്ന മറ്റു ചില മോശം കാര്യങ്ങളുമുണ്ട്. ഉദാഹരണത്തിന് നിരീക്ഷണ സംവിധാനങ്ങള്‍ - ഇത്തരം സൈറ്റുകളുടെ ഉപയോക്താക്കള്‍ എന്തു ചെയ്യുന്നു എന്ന വിവരം അവരുടെ അനുമതി കൂടാതെ ശേഖരിക്കുക, ഉപയോക്താവിന്റെ വിവരങ്ങള്‍ സൈറ്റില്‍ നിന്നും പൂര്‍ണ്ണമായി പിന്‍വലിക്കാന്‍ അനുവദിക്കാതിരിക്കുക തുടങ്ങിയവ. ഫേസ്ബുക്ക്, അതിന്റെ ഉപയോക്താക്കളുടെ പ്രൊഫൈല്‍ ചിത്രങ്ങള്‍ പരസ്യ വരുമാനത്തിനുള്ള മാര്‍ഗ്ഗമായി ഉപയോഗിക്കുന്നു എന്നറിയണം. പീര്‍ റ്റു പീര്‍ മാതൃകയില്‍ പ്രവര്‍ത്തിക്കുന്ന ഒരു സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ്ങ് വ്യവസ്ഥയാകും ഞാന്‍ ശുപാര്‍ശ ചെയ്യുക. അത്തരമൊരു വ്യവസ്ഥയില്‍, കേന്ദ്രീകൃത സെര്‍വ്വറുകള്‍ ഉണ്ടാകില്ലാ എന്നതിനാല്‍ ആര്‍ക്കും വ്യക്തികളെ സംബന്ധിച്ച വിവര ശേഖരണം വലിയ തോതില്‍ നടത്തുവാനാകില്ല - വിവരങ്ങള്‍ 'വല്യേട്ടന്മാര്‍ക്കു' കൈമാറാനും കഴിയില്ല.

ചോ: സെന്‍സര്‍ഷിപ്പ് വിഷയവും, അഭിപ്രായസ്വാതന്ത്ര്യത്തിനു മേലുള്ള കൈകടത്തലും ഒക്കെ വിശാലമായ അര്‍ത്ഥത്തില്‍ ഭരണകൂട സുതാര്യതയ്ക്കു വേണ്ടിയുള്ള ആവശ്യവുമായി കൂട്ടിവായിക്കേണ്ടതല്ലേ.

ഞാന്‍ സുതാര്യത ആവശ്യപ്പെടുന്നില്ല. ഞാന്‍ സ്വാതന്ത്ര്യത്തിന്റെ പ്രചാരകനാണ്. ഭരണകൂടങ്ങള്‍ അനുവര്‍ത്തിക്കുന്ന ഭീകര നടപടികള്‍ - പീഡനങ്ങള്‍, കൊലപാതകങ്ങള്‍, വിചാരണയില്ലാതെ തടവിലാക്കുക, യുദ്ധങ്ങള്‍ അഴിച്ചുവിടുക - ഈ ഭീകരത അവസാനിപ്പിക്കുന്നതുമായി താരതമ്യം ചെയ്യുമ്പോള്‍, സുതാര്യത ഉപയോഗമുള്ളതായിരിക്കിലും, ചെറിയ ഒരു കാര്യം മാത്രം. ഭീകരതയുടെ നിജസ്ഥിതി മനസ്സിലാക്കാന്‍ അന്വേഷണം ആവശ്യമായി വന്നേക്കാം, എന്നാല്‍ പലപ്പോഴും ഇവയൊക്കെ നമ്മുടെ കണ്‍മുമ്പിലാണ് നടക്കുന്നത്.

ചോ: ഞാന്‍ സൂചിപ്പിക്കാനുദ്ദേശിച്ചത് ബ്രാഡ്ലി മാന്നിങ്ങിന്റേതു പോലുള്ള വിഷയങ്ങളാണ്. ആ വിഷയത്തില്‍ അമേരിക്കന്‍ പൗരസമൂഹം ഒരു തരം നിസ്സഹായാവസ്ഥയിലല്ലേ?

അമേരിക്കന്‍ പ്രസിഡന്റ് ഒബാമ വിസില്‍ ബ്ലോവര്‍മാരോട് ശത്രുതാപരമായ നിലപാടാണ് സ്വീകരിക്കുന്നത്. പീഢകരെ സംരക്ഷിക്കുന്ന അദ്ദേഹം, സംഭവങ്ങളുടെ നിജസ്ഥിതി ജനങ്ങള്‍ അറിയാതിരിക്കണം എന്നു കരുതുന്നതില്‍ അല്‍ഭുതമില്ല. എന്നാല്‍ ജനങ്ങള്‍ക്ക് അധികമൊന്നും ചെയ്യാന്‍ കഴിയുമെന്നും തോന്നുന്നില്ല. 'ബ്രാഡ്ലി മാന്നിങ്ങ് കുറ്റവാളിയാണോ? എങ്കില്‍ അയാള്‍ ഒരു തികഞ്ഞ ഹീറോ ആണ്!' എന്നു ജനകോടികള്‍ ഒരേ സ്വരത്തില്‍ പറയുകയാണെങ്കില്‍ ഒബാമ ഒരു പക്ഷേ ശ്രദ്ധിച്ചേക്കും. എന്നാല്‍ അങ്ങനെ പറയുന്നവരുടെ എണ്ണം തുലോം കുറവാണ്. അതിനാല്‍ തന്നെ മനുഷ്യാവകാശങ്ങള്‍ക്കുള്ള പിന്തുണ അമേരിക്കയില്‍ പൊതുവേ നേര്‍ത്തതാണ്.

ഉദാഹരണത്തിന്, അടുത്തിടെ പാസ്സായ, വിചാരണ കൂടാതെ തടവ് അനുവദിക്കുന്ന നിയമം അനുസരിച്ച് അമേരിക്കന്‍ ഭരണകൂടത്തിനു നിങ്ങളെ അല്‍-ക്വൈദ അനുകൂലി എന്നാരോപിച്ച് തടവിലാക്കാം - യാതൊരു തെളിവുമില്ലാതെ തന്നെ. ഒബാമയും യു.എസ്. കോണ്‍ഗ്രസ്സും ഈ നിയമത്തെ അനുകൂലിച്ചു. ഇതെല്ലാം വിരല്‍ ചൂണ്ടുന്നത്, അമേരിക്കയില്‍ മനുഷ്യാവകാശങ്ങളുടെ ഇന്നത്തെ അവസ്ഥയിലേക്കാണ്. ഇവിടെ മനുഷ്യാവകാശങ്ങള്‍ ആവര്‍ത്തിച്ച് ആക്രമിക്കപ്പെടുന്നു. അമേരിക്കന്‍ ജനത ഏറിയ കൂറും ഇതിനെ പിന്തുണയ്ക്കുന്നു. 'എന്നെയാരും അല്‍-ക്വൈദ അനുകൂലി എന്നു വിളിക്കില്ല' , 'ഭരണകൂടം കള്ളം പറയില്ല' തുടങ്ങി മിത്ഥ്യാധാരണകളിലാണെന്നു തോന്നുന്നു അവര്‍.

ചോ: ഈ വിഷയത്തിലെ അമേരിക്കന്‍ ഭരണകൂടത്തിന്റെ നയങ്ങള്‍ പ്രതിപക്ഷ കക്ഷികള്‍ക്കും സ്വീകാര്യമാകുന്നത് കൗതുകകരമല്ലേ?

അതെ. അതെ അല്‍ഭുതമുളവാക്കുന്നതാണ്. ഈ നിയമത്തിന്റെ കാര്യത്തില്‍, ഉപരിസഭയില്‍ ഡെമോക്രാറ്റിക്ക് പാര്‍ട്ടിയും, അധോസഭയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുമാണ് ബില്ലിനെ അനുകൂലിച്ചത്. എന്നാല്‍ എന്തുകൊണ്ട് അങ്ങനെ സംഭവിച്ചു എന്ന് എനിക്ക് വ്യക്തമായി അറിയില്ല.

ചോ: ഇത്തരം പ്രവണതകള്‍ക്കെതിരെ സംഘടിക്കപ്പെട്ട ഒരു പ്രതിഷേധമായിരുന്നല്ലൊ വാള്‍ സ്ട്രീറ്റ് പിടിച്ചെടുക്കല്‍ പ്രസ്ഥാനം. ഇതു ഒരു തിരുത്തല്‍ ശക്തിയായി പ്രവര്‍ത്തിക്കുമെന്നു കരുതുന്നുണ്ടോ?

വാള്‍ സ്ട്രീറ്റ് പിടിച്ചെടുക്കല്‍ പ്രസ്ഥാനം ഒരു മാറ്റത്തിനു നാന്ദിയാകുമോ എന്നറിയില്ല. പ്രക്ഷോഭകാരികള്‍ പൊതുസ്ഥലങ്ങളില്‍ തമ്പടിച്ചാണല്ലോ പ്രതിഷേധിക്കുന്നത്. ഭരണകൂടം ഈ സമരത്തെ, പ്രക്ഷോഭരീതികള്‍ നിരോധിക്കാനുള്ള ഒരു അവസമായാണ് കാണുന്നതെന്നു തോന്നുന്നു. വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കു വേണ്ടി പണിയെടുക്കുന്ന ഭരണകൂടത്തില്‍ നിന്നും മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ലല്ലൊ. പ്രതിഷേധ സമരങ്ങളെ മര്‍ക്കടമുഷ്ടിയാല്‍ ജനാധിപത്യ വിരുദ്ധമായി അടിച്ചമര്‍ത്തുക എന്നതിലാവണം ഭരണകൂടം വിജയം കാണുന്നത്.

വലിയ കോര്‍പ്പറേഷനുകള്‍ ഉള്‍പ്പടെ എല്ലാവര്‍ക്കും ഫ്രീ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാം. അത് അങ്ങനെ ആയിരിക്കുക്കയും വേണം - കാരണം നമ്മുടെ മുമ്പിലുള്ള ഇതര മാര്‍ഗ്ഗമെന്നത് സോഫ്റ്റ്‌വെയര്‍ ഒരു അടിമത്ത ഉപാധിയായി വികസിപ്പിച്ചെടുക്കുക എന്നത് മാത്രമാണ്.

ചോ: ഒട്ടനവധി സന്നദ്ധ അംഗങ്ങള്‍ (പലപ്പോഴും സൗജന്യമായി) നടത്തുന്ന അദ്ധ്വാനത്തിന്റെ ഫലമാണ് ലിബ്രെ സൊഫ്റ്റ്‌വെയര്‍ വികസനം. എന്നാല്‍ ഇങ്ങനെ വികസിപ്പിക്കുന്ന കോഡ്, ജി.പി.എല്‍ പ്രകാരം ആര്‍ക്കു വേണമെങ്കിലും മാറ്റങ്ങള്‍ വരുത്തി ഒരു വാണിജ്യ ഉല്‍പ്പന്നമാക്കി വില്‍ക്കാവുന്നതാണ്. ഇത് ഫ്രീ സൊഫ്റ്റ്‌വെയര്‍ സമൂഹത്തിന്റെ അദ്ധ്വാനം, വലിയ കോര്‍പ്പറേറ്റുകള്‍ക്ക് യാതൊരു ചിലവുമില്ലാതെ ചൂഷണം ചെയ്യാനും മൂലധനം പെരുപ്പിക്കുവാനും അവസരമൊരുക്കുന്നില്ലേ? മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, സ്വാതന്ത്ര്യം എന്ന ലക്ഷ്യം നേടുന്ന അവസരത്തില്‍, അദ്ധ്വാനചൂഷണത്തിനെതിരായ പോരാട്ടം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ ലക്ഷ്യങ്ങളിലൊന്നാകുമോ? ഫ്രീ സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകര്‍ക്കു എത്രമാത്രം പ്രധാനമാണ് കുത്തകവല്‍ക്കരണങ്ങള്‍ക്കെതിരായ പോരാട്ടം?

വലിയ കോര്‍പ്പറേഷനുകള്‍ ഉള്‍പ്പടെ എല്ലാവര്‍ക്കും ഫ്രീ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കാം. അത് അങ്ങനെ ആയിരിക്കുക്കയും വേണം - കാരണം നമ്മുടെ മുമ്പിലുള്ള ഇതര മാര്‍ഗ്ഗമെന്നത് സോഫ്റ്റ്‌വെയര്‍ ഒരു അടിമത്ത ഉപാധിയായി വികസിപ്പിച്ചെടുക്കുക എന്നത് മാത്രമാണ്.

ഏതൊരു സോഫ്റ്റ്‌വെയറിനു മേലും ഒരു ഉപയോക്താവിനുണ്ടാകേണ്ട നിയന്ത്രണത്തിനു വേണ്ടിയാണ് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനം നിലകൊള്ളുന്നത്. ഇനി ഏതെങ്കിലും കാരണവശാല്‍ ഒരു കമ്പനി, ഈ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രത്യയശാസ്ത്രങ്ങളെ ദുരുപയോഗം ചെയ്തെന്ന് വന്നാല്‍ തന്നെ, അത് അസ്വതന്ത്ര സോഫ്‌റ്റ്‌വെയറുകള്‍ ഉപയോഗിക്കുന്നതിനുള്ള കാരണമാകുന്നില്ല. അത് കൊണ്ടു തന്നെ, അത്തരമൊരു പോരാട്ടം മൈക്രോസോഫ്റ്റ് അല്ലെങ്കില്‍ ആപ്പിള്‍ പോലെയുള്ള കമ്പനികളെ സഹായിക്കുന്നതിനേ വഴി വയ്ക്കുകയുള്ളൂ.


*സ്റ്റാള്‍മാന്റെയടുത്ത് ബോധി പ്രത്യേകം ചോദിച്ച ചോദ്യമാണ്. ഫ്രണ്ട്‌ലൈന്‍ പ്രസിദ്ധീകരിച്ച ഇന്റര്‍വ്യൂവില്‍ ഇത് വന്നിട്ടില്ല.

This work is based on the original version by Prasanth Radhakrishnan that had appeared in The Frontline titled “Social Inertia is the Main Obstacle” Frontline, Volume 29(04). This work of translation is published under a Creative Commons Attribution-No Derivatives License v3.0 (unported) license.