മാധ്യമപ്രവർത്തനവും അഭിഭാഷകവൃത്തിയും: സമന്വയത്തിന്റെ സാധ്യതകൾ

അഭിഭാഷകരും മാധ്യമപ്രവർത്തകരും തമ്മിൽ കഴിഞ്ഞദിവസങ്ങളിലുണ്ടായ അസ്വാരസ്യങ്ങൾ തെരുവിലും ചർച്ചകളിലും ഇരുപക്ഷത്തുനിന്നുള്ള ഏറ്റുമുട്ടലുകളായ് കാണപ്പെട്ടു എന്നതിനേക്കാളുപരി തൊഴിലിടങ്ങളിലെ സംഘബോധത്തിന്റെ തിരിതെളിച്ചാണ് നിലയുറപ്പിച്ചിട്ടുള്ളത്. ഈ സംഘബോധത്തിന്റെ ദിശാസൂചകങ്ങൾ ആഴത്തിലുള്ള സ്വയംബോധ്യത്തിന്റെയും പരിവർത്തനക്ഷമതയുടെയും നേർക്കാണോ അതോ കേവലം സ്പർദ്ധയുടെയും അധരവ്യായാമങ്ങളുടെയും പക്ഷത്താണോ എന്ന് പരിശോധിക്കപ്പെടേണ്ടിയിരിക്കുന്നു.

അസ്വാരസ്യങ്ങൾ ഉണർത്തിവിട്ടത് എന്ത്?

ദൗർഭാഗ്യവശാൽ കഴിഞ്ഞ നാളുകളിൽ ഉരുത്തിരിഞ്ഞു വന്ന ബഹുഭൂരിപക്ഷം ചർച്ചകളും കേമത്തത്തിന്റെ ദ്വന്ദ്വ നിലപാടുകളിലൂന്നിയവയായിരുന്നു. മാധ്യമപ്രവർത്തകരുടെ ത്യാഗത്തിന്റെയും സഹനത്തിന്റെയും മഹിമ ഉയർത്തിക്കാട്ടി ഞങ്ങളാണ് അനിവാര്യർ, ഞങ്ങളാണ് സമൂഹത്തിന്റെ ചക്രം തിരിക്കുന്നവർ എന്നും, അഭിഭാഷകർ ആഭാസന്മാരും കയ്യൂക്കിൽ കാര്യം സാധിക്കുന്ന സഹിഷ്ണുതയില്ലാത്ത ജന്മങ്ങളുമാണെന്ന മട്ടിലായിരുന്നു ഏറിയ പങ്കും മാധ്യമ സുഹൃത്തുക്കളുടെ ഇടപെടൽ. മറിച്ച് ഈ ജനാധിപത്യ വ്യവസ്ഥയുടെയും നീതിന്യായ സംവിധാനത്തിന്റെയും കാവലാളാണ് തങ്ങളെന്നും സമൂഹത്തിലെയാകെ അസത്യങ്ങളെ സ്വീകാര്യതയുടെ കുപ്പായങ്ങളിടുവിച്ച് ജനങ്ങളുടെ മുൻപിൽ അവതരിപ്പിക്കുന്നവരാണ് മാധ്യമങ്ങൾ എന്ന നിലയ്ക് ഏറെക്കുറെ അഭിഭാഷകരും പറഞ്ഞുവച്ചു. മുഖ്യമായും ഇരുപക്ഷത്തിന്റെയും പങ്കാളിത്തത്തോടെയുള്ള ഏറ്റുമുട്ടൽ നടന്നത് സോഷ്യൽ മീഡിയയിലാണ്. മുഖ്യധാരാ മാധ്യമങ്ങൾതന്നെ ഒരുപക്ഷത്ത് നിലയുറപ്പിക്കുമ്പോൾ അങ്ങനെയാകാതെ തരമില്ലല്ലോ.

വാസ്തവത്തിൽ ധനേഷ് മാഞ്ഞൂരാൻ എന്ന ഗവൺമെൻറ് പ്ലീഡർക്കെതിരെ പൊതു ഇടത്തിൽവച്ച് ഉപദ്രവിച്ചു എന്നതായി ഒരു സ്ത്രീ ഉന്നയിച്ച പരാതി നിയമത്തിന്റെ വ്യവസ്ഥാപിതമുറകളിൽ നീങ്ങുകയും മാധ്യമങ്ങൾ അവരുടെ റിപ്പോർട്ടിങ് ഉത്തരവാദിത്വം നിർവഹിച്ചുപോരുകയും ചെയ്യുക എന്ന സന്തുലിതമായ അവസ്ഥയിൽ നിന്നാണ് ഈ അസ്വസ്ഥജനകമായ സ്ഥിതിവിശേഷം സംജാതമായിരിക്കുന്നത്. ഇരുചേരിയായ് തിരിഞ്ഞ് മാധ്യമ പ്രവർത്തകരും അഭിഭാഷകരും കൈക്കൊള്ളുന്ന നിലപാടുകൾ ജനാധിപത്യസംവിധാനത്തിനും സാമൂഹ്യപുരോഗതിയ്ക്കും ഒട്ടും ആശാസ്യകരമായ ഒന്നല്ല. അതുകൊണ്ട് തന്നെ സമൂഹത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് ചാലക ശക്തിയാകേണ്ടുന്ന ഈ രണ്ടു വിഭാഗങ്ങളുടെയും പരിമിതികളെയും വെല്ലുവിളികളെയും മറികടക്കാനാകുംവിധമുള്ള സാഹചര്യം സൃഷ്ട്ടിക്കാൻ ഇപ്പോഴുണ്ടായിട്ടുള്ള പ്രശ്നങ്ങൾക്ക് കഴിഞ്ഞാൽ മാത്രമേ ഇരുപക്ഷങ്ങൾക്കും ആത്യന്തികമായ വിജയം കൈവരിക്കാനാകൂ.

ഇപ്പോൾ ഉണ്ടായിട്ടുള്ള സംഘബോധത്തിന്റെ കരുത്ത് മാധ്യമപ്രവർത്തനത്തിന്റെ ലക്ഷ്യങ്ങൾക്കും അതിനുവേണ്ടി നിലകൊള്ളുന്നവരുടെ ക്ഷേമത്തിനും വേണ്ടിയുമായ് ഒഴുകുകയാണ് വേണ്ടത്. ദൃശ്യ മാധ്യമ രംഗത്ത് അടിയന്തരമായി വേതനവ്യവസ്ഥകൾ സ്ഥാപിക്കപ്പെടണം. അച്ചടി-ദൃശ്യ മാധ്യമങ്ങൾക്ക് സമാനമായ ക്ഷേമ വ്യവസ്ഥകൾ ഉണ്ടാകേണ്ടിയിരിക്കുന്നു. മാനേജ്മെന്റിന്റെ ദുഷ്പ്രവണതകൾക്കെതിരെ ശബ്ദമുയർത്തുന്നവരെ പിരിച്ചുവിടുകയോ സ്വയം പിരിഞ്ഞു പോകലിന് നിര്ബന്ധിതരാക്കുകയോ സ്ഥലം മാറ്റുകയോ ഒക്കെ ചെയ്യുന്ന രീതികൾ ഉണ്ട്. ഇതിനൊക്കെ എതിരെ ഒറ്റയ്ക്കായി പൊരുതുക എന്ന നയം മാറ്റി സമൂഹത്തിന്റെ ആകെ പിന്തുണ ഉറപ്പുവരുത്തുകയും മാനേജ്‌മെന്റ് ഭേദമന്യേ മാധ്യമ യൂണിയനുകൾ കാര്യക്ഷമമായി ഇടപെടുകയും വേണം.

യഥാർത്ഥത്തിൽ തർക്കങ്ങളുണ്ടാകേണ്ടതും തിരുത്തലുകളാവശ്യമായിട്ടുള്ളതും ഇരുകൂട്ടരുടെയും തൊഴിൽവ്യവസ്ഥിതിയ്ക്കുള്ളിൽ തന്നെയാണ്. അത്രമേൽ മലീമസമായ പ്രവണതകളും നീതികേടുകളും ഇരുപക്ഷത്തും ഉണ്ടെന്നത് വസ്തുതയാണ്. ഈ സാഹചര്യത്തിൽ ഇരുകൂട്ടരും സ്വന്തം വേരുകളിൽ ആവാഹിക്കപ്പെട്ട വിഷാoശങ്ങളെപ്പറ്റിക്കൂടി ചിന്തിക്കുന്നത് ഉചിതമാകും. ഡ്രൈവിങ് ലൈസൻസ് കൈവശമില്ലെങ്കിലോ ഹെൽമെറ്റ് എടുത്തില്ലെങ്കിലോ സീറ്റ് ബെൽറ്റ് ഇട്ടില്ലെങ്കിലോ ഒക്കെ പോലീസുകാർക്ക് മുന്നിൽ വണ്ടിയിലൊട്ടിച്ച ലേബൽ കാട്ടി രക്ഷപെടാൻ നോക്കുന്നവരാണ് മിക്ക മാധ്യമപ്രവർത്തകരും അഭിഭാഷകരും. ഇത്തരത്തിലെ എല്ലാ പ്രവണതകൾക്കും അറുതിവരുത്താനാകട്ടെ നിലവിലെ ചർച്ചകൾ.

മാധ്യമപ്രവർത്തനത്തിന്റെ പരിസരങ്ങൾ

ഒട്ടേറെ സഹനങ്ങളിലൂടെത്തന്നെയാണ് ഓരോ മാധ്യമപ്രവർത്തകനും തൊഴിലെടുത്തുപോരുന്നത്. എന്നാൽ വാസ്തവങ്ങളെ അതേപടി ജനങ്ങളിൽ എത്തിക്കുക എന്ന മാധ്യമധർമം ഈ പ്രയത്നങ്ങളിൽ യഥാവിധി നിർവ്വഹിക്കപ്പെടുന്നുണ്ടോ? രാഷ്ട്രീയ വാർത്തകൾ പൊടിപ്പും തൊങ്ങലും കൂടാതെ തന്നെയാണോ സമൂഹത്തിന്റെ മുൻപിൽ അവതരിപ്പിക്കപ്പെടുന്നത്? വൻകിട വ്യവസായികളെയും പരസ്യദാതാക്കളെയും വെള്ളപൂശാൻ പലപ്പോഴും ബോധപൂർവ്വം ശ്രമിച്ചിട്ടില്ലേ ഇവിടുത്തെ മാധ്യമങ്ങൾ? ബോബി ചെമ്മണ്ണൂരിനെതിരെ അദ്ദേഹത്തിന്റെ തൊഴിലാളിയായ സ്ത്രീ നൽകിയ പരാതിയും ചെമ്മണ്ണൂരിന്റെ സാമ്പത്തിക തട്ടിപ്പും ഭൂമിതട്ടിപ്പും മറ്റുമായി ഉയർന്നുവന്ന ആരോപണങ്ങളെയും നമ്മുടെ മാധ്യമസമൂഹം കണ്ടില്ലെന്ന് നടിച്ചു. ആശുപത്രിയിലെ അനാസ്ഥമൂലം രോഗിയുടെ മരണമോ മാനേജ്മെന്റിന്റെ തൊഴിലാളിചൂഷണമോ അതേത്തുടർന്നുണ്ടായ ആത്മഹത്യയോ ഒക്കെ സംഭവിച്ചതാണെന്ന് പ്രകടമായാൽക്കൂടി ആശുപത്രിയുടെയോ തൊഴിൽസ്ഥാപനത്തിന്റെയോ പേരുപറയാതെ സ്വകാര്യ ആശുപത്രി എന്നോ പ്രമുഖ സ്ഥാപനം എന്നോ ഒക്കെ ഒറ്റവാക്കിൽ ഒതുക്കി കളയുന്നതാണോ യഥാർത്ഥ മാധ്യമ ധർമം? കല്യാണിലും മറ്റും തൊഴിലാളികൾ നടത്തിയ സമരങ്ങളെ കണ്ടില്ലെന്നു നടിച്ചത് ആർക്കുവേണ്ടിയാണ്? കുരീപ്പുഴയുടെ നേതൃത്വത്തിൽ സാംസ്കാരികമായ വലിയ മുന്നേറ്റം തീർത്ത് കാസർഗോഡ് നിന്നും തിരുവനന്തപുരം വരെ നടന്ന മതാതീത സാംസ്കാരികയാത്ര സ്വദേശാഭിമാനിയുടെ പൈതൃകം പേറുന്ന മലയാള മാധ്യമങ്ങൾക്ക് എന്തുകൊണ്ട് പ്രധാനമായില്ല? എറണാകുളത്തും തിരുവനന്തപുരത്തും അഭിഭാഷകരുമായി ഏറ്റുമുട്ടൽ ഉണ്ടായപ്പോൾ പരിക്കേൽക്കുകയും അവശതയനുഭവിക്കുകയും ചെയ്ത അഭിഭാഷകരെപ്പറ്റി എന്തിനു മൗനം പേറണം? ഇതൊക്കെയും പൊതുസമൂഹത്തിന്റെ മുന്നിൽ അവതരിപ്പിക്കപ്പെട്ടത് സൈബർ ഇടങ്ങളിൽ ചെറുമാധ്യമങ്ങളും സോഷ്യൽമീഡിയയും നടത്തിയ ഇടപെടലുകൾ കൊണ്ട് മാത്രമാണ്. ഇതിനോടൊക്കെ ഐക്യപ്പെടാൻ മാധ്യമപ്രവർത്തകരുടെ സംഘബോധത്തിനു എത്ര കണ്ട് കഴിഞ്ഞിട്ടുണ്ട്? മാധ്യമങ്ങളുടെ സാമ്പത്തികമായ സ്രോതസുകളും വിധേയത്വവും തന്നെ നയങ്ങൾ നിശ്ചയിക്കുമ്പോൾ, അതേതു മാധ്യമവുമാകട്ടെ അതിനെതിരെ ഒരു ചർച്ച സംഘടിപ്പിക്കാനുള്ള കരുത്താണ് യഥാർത്ഥത്തിൽ മാധ്യമപ്രവർത്തകരുടെ സംഘശക്തി കാണിക്കേണ്ടത്. ഇത്തരം വിഷയങ്ങൾ ഒരുപരിധിവരെയെങ്കിലും ചർച്ചയായി നിലനിർത്തുന്നത് ഇവിടുത്തെ രാഷ്ട്രീയപ്രസ്ഥാനങ്ങളാണ്.

ഇപ്പോൾ ഉണ്ടായിട്ടുള്ള സംഘബോധത്തിന്റെ കരുത്ത് മാധ്യമപ്രവർത്തനത്തിന്റെ ലക്ഷ്യങ്ങൾക്കും അതിനുവേണ്ടി നിലകൊള്ളുന്നവരുടെ ക്ഷേമത്തിനും വേണ്ടിയുമായ് ഒഴുകുകയാണ് വേണ്ടത്. ദൃശ്യ മാധ്യമ രംഗത്ത് അടിയന്തരമായി വേതനവ്യവസ്ഥകൾ സ്ഥാപിക്കപ്പെടണം. അച്ചടി-ദൃശ്യ മാധ്യമങ്ങൾക്ക് സമാനമായ ക്ഷേമ വ്യവസ്ഥകൾ ഉണ്ടാകേണ്ടിയിരിക്കുന്നു. മാനേജ്മെന്റിന്റെ ദുഷ്പ്രവണതകൾക്കെതിരെ ശബ്ദമുയർത്തുന്നവരെ പിരിച്ചുവിടുകയോ സ്വയം പിരിഞ്ഞു പോകലിന് നിര്ബന്ധിതരാക്കുകയോ സ്ഥലം മാറ്റുകയോ ഒക്കെ ചെയ്യുന്ന രീതികൾ ഉണ്ട്. ഇതിനൊക്കെ എതിരെ ഒറ്റയ്ക്കായി പൊരുതുക എന്ന നയം മാറ്റി സമൂഹത്തിന്റെ ആകെ പിന്തുണ ഉറപ്പുവരുത്തുകയും മാനേജ്‌മെന്റ് ഭേദമന്യേ മാധ്യമ യൂണിയനുകൾ കാര്യക്ഷമമായി ഇടപെടുകയും വേണം. ഇത്തരത്തിൽ ന്യൂസ് സെൻസേഷണലിസത്തിനപ്പുറത്തേക്ക് ഉയരാനുളള കാഹളമായി നിലവിലെ സാഹചര്യങ്ങളെ കാണാൻകഴിഞ്ഞാൽത്തന്നെ മാധ്യമ രംഗത്ത് വലിയൊരു മുന്നേറ്റം സാധ്യമാകും.

അഭിഭാഷകവൃത്തത്തിന്റെ വ്യാസവും വിസ്തൃതിയും

മാധ്യമപ്രവർത്തനത്തിന്റെ അന്തസത്തയാണ് ചർച്ചചെയ്യപ്പെടുന്നതെങ്കിലും സാങ്കേതികവിദ്യാ രംഗത്തുണ്ടായ മുന്നേറ്റങ്ങളും സാമൂഹ്യക്രമത്തിന്റെ മാറിവന്ന പരിതഃസ്ഥിതിക്കുമൊക്കെയനുസരിച്ച് ഒട്ടനവധി ഘടനാപരമായ മാറ്റങ്ങൾ മാധ്യമരംഗത്ത് ഉണ്ടായിട്ടുണ്ട്. അച്ചടിമാധ്യമങ്ങൾ മാത്രം നിലനിന്നിരുന്ന അവസ്ഥയിൽനിന്ന് സാങ്കേതികവിദ്യയുടെ വികാസം, വാർത്താമാധ്യമങ്ങളെ മനുഷ്യന്റെ വിരൽത്തുമ്പിൽ എത്തിക്കാനും തത്സമയം അറിയിക്കാനുമുള്ള രൂപഭാവങ്ങൾ പ്രാപിച്ചു.അച്ചടി മാധ്യമങ്ങളും ദൃശ്യമാധ്യമങ്ങളും മെച്ചപ്പെട്ട അടിസ്ഥാനസൗകര്യങ്ങൾ തൊഴിലിടങ്ങളിൽ ഉറപ്പുവരുത്തുകയുണ്ടായിട്ടുണ്ട്. എന്നാൽ ഈ സാങ്കേതികവിദ്യയുടെ കുതിപ്പുകളെ വേണ്ടും വിധത്തിൽ നീതിനിർവ്വഹണപ്രക്രിയയുടെ ഭാഗമാക്കിമാറ്റിയെടുക്കുന്നതിൽ ഒരു ഇഴച്ചിൽ ഇപ്പോഴും പ്രകടമാണ്. ഓൺലൈൻ ആയി കേസ് ഫയൽ ചെയ്യുന്നതിനും കോടതിഫീസ് നൽകുന്നതിലും മുതൽ ജഡ്‌ജിമെന്റിന്റെ സർട്ടിഫൈഡ് കോപ്പി കിട്ടുന്നതിൽ വരെ ഈ പിന്നാക്കാവസ്ഥ പ്രകടമാണ്. ഒട്ടുമിക്ക കീഴ്കോടതികളിലും അടിസ്ഥാനസൗകര്യങ്ങളുടെ കുറവ് നേരിടുന്നുണ്ട്. ന്യായാധിപന്മാർക്ക് പോലും വേണ്ടത്ര സൗകര്യങ്ങൾ ഉറപ്പു വരുത്തുന്നതിൽ വീഴ്ചയുണ്ട്. നീതിന്യായ വ്യവസ്ഥയോടുള്ള സർക്കാരുകളുടെ നയസമീപനം തന്നെയാണ് ഈ അവസ്ഥയ്ക്ക് കാരണം. എന്നാൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളിലൊക്കെയും ഏതാണ്ടെല്ലാക്കാലത്തും അഭിഭാഷക സമൂഹത്തിന്റെ പ്രതിനിധികൾ താക്കോൽസ്ഥാനങ്ങളിൽ ഉണ്ടായിട്ടുണ്ട്. അവർക്കൊന്നും അല്ലെങ്കിൽ അവരിൽ സമ്മർദ്ദം ചെലുത്തി ഇത്തരം കാര്യങ്ങൾ നേടിയെടുക്കുന്നതിൽ അഭിഭാഷക സംഘത്തിന് വീഴ്ചപറ്റിയിട്ടുണ്ട്. നീതി നടപ്പാക്കാൻ കോടതിയെ സഹായിക്കേണ്ട ഉദ്യോഗസ്ഥരായ അഭിഭാഷകർ അതിന്റെ നിർവ്വഹണം എത്രകണ്ട് സാധ്യമാക്കുന്നുണ്ട്? കോടതിയിലെ കൊളോണിയൽ ചര്യകൾ - വസ്ത്രധാരണംതൊട്ട് അഭിസംബോധനയും നടപടിക്രമങ്ങളുംവരെ - കാലത്തിനും കാലാവസ്ഥയ്ക്കും അനുസൃതമായി മാറ്റിതീർക്കാനുള്ള ശബ്ദം ഉയരേണ്ടുന്നതും ഇതേ അഭിഭാഷകരിൽനിന്നാണ്. ദൗർഭാഗ്യവശാൽ ഒട്ടുമിക്കവരും ഇതിൽ അഭിരമിച്ചുപോരുന്നവരാണ്.

മാധ്യമപ്രവർത്തനത്തെയും അഭിഭാഷകവൃത്തിയേയും അവയുടെ സാമൂഹ്യധർമ്മങ്ങളുടെ അടിസ്ഥാനത്തിൽ നോക്കികാണുമ്പോൾ ജനാധിപത്യത്തിന്റെ അടിസ്ഥാനശിലകളാണ് രണ്ടും എന്നു വ്യക്തമാണ്. ജനങ്ങളുടെ വൈജ്ഞാനിക-രാഷ്ട്രീയ അവബോധതെ നിർമ്മിക്കുന്നതിൽ മാധ്യമങ്ങളും, അവകാശങ്ങളും കടമകളും സാധ്യമാക്കിത്തീർക്കുന്നതിൽ അഭിഭാഷക സമൂഹവും നടത്തുന്ന ഇടപെടലുകൾകൊണ്ട് മാത്രം ഒരു ക്ഷേമരാഷ്ട്രത്തിന്റെ നിലനിൽപ്പും ഭാവിയും നിര്ണയിക്കപ്പെടാവുന്നതാണ്. അത്തരത്തിൽ മാധ്യമപ്രവർത്തകരുടെയും അഭിഭാഷകരുടെയും പരസ്പര സഹകരണം കാംക്ഷിക്കുന്ന ഒരു ചരിത്രഘട്ടത്തിലാണ് നാം ഇന്ന് നിലനിൽക്കുന്നതും.

മാധ്യമപ്രവർത്തകരുമായുണ്ടായ സംഘർഷത്തിന്റെ ഭാഗമായി കോടതിയിലെ മീഡിയ റൂം അടച്ചുപൂട്ടിയതെന്തിനാണ്? അവകാശസംരക്ഷണത്തിന്റെ മുന്നണിപോരാളികൾക്ക് ഭൂഷണമാണോ അത്തരം ചെയ്തികൾ? സാധാരണക്കാരന് നീതിലഭ്യമാകും വിധം പ്രാപ്യമാണോ ഇവിടുത്തെ സമുന്നതകോടതികൾ? സീനിയർ അഭിഭാഷകരുടെ ഫീസും കോടതിചിലവുകളുമൊക്കെ സാധാരണക്കാരന് താങ്ങാനാകുന്നതാണോ? തിരുവനന്തപുരത്തു ഹൈക്കോടതി ബെഞ്ച്‌ വരുന്നതിനെ എറണാകുളത്തെ അഭിഭാഷകർ എതിർക്കുന്നതിന്റെ കാരണം സാമാന്യബോധമുള്ളവരൊക്കെ മനസിലാക്കിയിട്ടുള്ളതാണ്. എറണാകുളത്തെ അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യുണൽ ബെഞ്ചിന്റെ കാര്യത്തിൽ ഹൈക്കോടതി അഭിഭാഷകർ കൈക്കൊണ്ട വേറിട്ട താല്പര്യം കാര്യക്ഷമമായ നീതിനിർവ്വഹണത്തെപറ്റിയുള്ള കാഴ്ചപ്പാടിന്റെ വൈരുധ്യങ്ങൾ തന്നെയല്ലേ? പുതുതായി ഒരു കോർട്ട് ഓഫ് അപ്പീലോ സുപ്രീം കോടതി ബെഞ്ചോ ബംഗളൂരിലോ ചെന്നൈയിലോ വേണം എന്നു വാദിച്ചാൽ തന്നെ ഇടിവ് ഉണ്ടാകും ദേശീയതലത്തിൽപോലും ഈ സംഘബോധത്തിന്. ഇത്തരം ചോദ്യങ്ങളെയൊക്കെ മറികടക്കാനാകാത്തപക്ഷം സാർത്ഥകമായ നീതിനിർവ്വഹണ ഉത്തരവാദിത്വത്തിൽനിന്ന് അഭിഭാഷകർക്ക് പിന്നാക്കം പോവുക അസാധ്യമാണ്. ജൂനിയർ അഭിഭാഷകർക്ക് കുറഞ്ഞ വരുമാനം/സ്റ്റൈപ്പെൻഡ് ഉറപ്പുവരുത്താനുള്ള നടപടികൾ ഇപ്പോഴുള്ള ഐക്യബോധം കൊണ്ട് ഉണ്ടാകേണ്ടതുണ്ട്. പൊതുജനങ്ങൾക്ക് സമീപസ്ഥമായ അവസ്ഥയിൽ നീതിനിർവഹണം സാധ്യമാക്കാനുള്ള കാഴ്ചപ്പാട് പ്രഖ്യാപിച്ചുകൊണ്ടുതന്നെയാകണം അഭിഭാഷകരുടെ ഒത്തൊരുമ മുന്നോട്ട് പോകേണ്ടുന്നത്. കേസുകൾ സമയബന്ധിതമായി പൂർത്തിയാക്കാനുള്ള നടപടികൾ കൈക്കൊള്ളുകയും വേണം. ഇത്തരത്തിൽ പ്രഖ്യാപിത നയങ്ങളിൽ നിന്നു വ്യതിചലിക്കുന്നവർക്കെതിരെയാകട്ടെ ബാർ അസോസിയേഷനുകളുടെ നിലപാട്. അനാവശ്യമായ മത്സരബുദ്ധിയും പ്രകടനപരതയും ഈ തൊഴിൽമേഖലയിൽനിന്ന് തൂത്തെറിയുകതന്നെ വേണം.

സമന്വയത്തിന്റെ ഊർജ്ജഭാവങ്ങൾ

മാധ്യമപ്രവർത്തനത്തെയും അഭിഭാഷകവൃത്തിയേയും അവയുടെ സാമൂഹ്യധർമ്മങ്ങളുടെ അടിസ്ഥാനത്തിൽ നോക്കികാണുമ്പോൾ ജനാധിപത്യത്തിന്റെ അടിസ്ഥാനശിലകളാണ് രണ്ടും എന്നു വ്യക്തമാണ്. ജനങ്ങളുടെ വൈജ്ഞാനിക-രാഷ്ട്രീയ അവബോധതെ നിർമ്മിക്കുന്നതിൽ മാധ്യമങ്ങളും, അവകാശങ്ങളും കടമകളും സാധ്യമാക്കിത്തീർക്കുന്നതിൽ അഭിഭാഷക സമൂഹവും നടത്തുന്ന ഇടപെടലുകൾകൊണ്ട് മാത്രം ഒരു ക്ഷേമരാഷ്ട്രത്തിന്റെ നിലനിൽപ്പും ഭാവിയും നിര്ണയിക്കപ്പെടാവുന്നതാണ്. അത്തരത്തിൽ മാധ്യമപ്രവർത്തകരുടെയും അഭിഭാഷകരുടെയും പരസ്പര സഹകരണം കാംക്ഷിക്കുന്ന ഒരു ചരിത്രഘട്ടത്തിലാണ് നാം ഇന്ന് നിലനിൽക്കുന്നതും.

വസ്തുത ഇങ്ങനെയൊക്കെയാണെന്നിരിക്കെ അതതു മേഖലയിലെ വെല്ലുവിളികളെ സമഗ്രമായി നോക്കിക്കാണാനും തൊഴിൽമേഖലയിൽ ആരും തന്റേതല്ലാത്ത കാരണങ്ങളാൽ അന്യവൽക്കരിക്കപ്പെടരുത് എന്നബോധ്യത്തിലൂന്നിയ പ്രവർത്തനങ്ങളാണ് സംഘബോധം കൊണ്ട് ഉണ്ടാകേണ്ടുന്നത്. തൊഴിൽമേഖലയിൽ അധികാരരൂപങ്ങൾ സ്ഥാപിക്കപ്പെടുന്നതിനെതിരെയും സങ്കീർണ്ണമായ സ്ഥിതിഗതികളെ ഇഴപിരിച്ച് ലഘുവായ പാതകളിലൂടെ സർവ്വർക്കും സുഗമമായ തൊഴിൽ സാഹചര്യം ഉറപ്പുവരുത്തുകയും വേണം. മാധ്യമപ്രവർത്തനത്തിൽ നിക്ഷിപ്തമായിട്ടുള്ളത് അഭിഭാഷകവൃത്തിയുടെ സ്വഭാവമുള്ള തൊഴിൽരൂപം തന്നെയാണ്. വസ്തുതകളെ സമൂഹത്തിനു മുന്നിൽ തുറന്നുകാട്ടുകയും ജനസൗഹൃദ-ക്ഷേമ പക്ഷംപിടിച്ച് റിപ്പോർട്ടിങ് നടത്തിപ്പോരുകയും ചെയ്യുക എന്നത് നീതിനിർവ്വഹണത്തെ സഹായകമാം വിധം താങ്ങി നിർത്തുന്ന ഒന്നാണ്. അതെനിലയ്ക്ക് തന്നെ അഭിഭാഷകരും ജനക്ഷേമത്തിന്റെ വിവിധമുഖങ്ങളെ നീതിവ്യവസ്ഥയ്ക്ക് മുൻപിൽ റിപ്പോർട്ട് ചെയ്യുക മാത്രമാണ് ചെയ്യുന്നത്. ബാക്കിയൊക്കെയും തീരുമാനിക്കേണ്ടത് ഇവിടുത്തെ ജനതയും ജനാധിപത്യവും ഭരണഘടനാവ്യവസ്ഥയുമാണ്. ഭരണഘടന വിഭാവനം ചെയ്യുന്ന ആ ക്ഷേമ സങ്കല്പങ്ങൾക്കും അഭിപ്രായ സ്വാതന്ത്ര്യത്തിനുമായി പരസ്പരബഹുമാനത്തോടെ കൈകൾകോർക്കാം.