ആണായത് വല്യ മിടുക്കൊന്നുമല്ല സാര്‍

ദൈവത്തിന്റെ സ്വന്തം നാട് ഒറ്റയാഴ്ച കൊണ്ട് ചെകുത്താന്റെ സ്വന്തം നാടായി മാറി എന്ന് എത്രയോ പേര്‍ വിലപിക്കുന്നു. അല്ലല്ലോ സാര്‍, ഈ നാട് എപ്പോഴും ഇങ്ങനെയൊക്കെ തന്നെയായിരുന്നു. അതിക്രൂര ബലാത്സംഗങ്ങള്‍ നടന്നാല്‍ മാത്രം ഉണരുന്ന ഈ പൊതുബോധനിലവിളി എത്ര അര്‍ത്ഥശൂന്യമാണെന്ന് ആലോചിക്കുക. പെണ്ണായും ആണായും ഉഭയലിംഗത്തിലുള്ളയാളായും കേരളത്തില്‍ ജനിച്ചു-ജീവിച്ചു-മരിക്കുന്ന ഓരോരുത്തരും ദിവസേനയെന്നോണം പല തരം സൂക്ഷ്മ ബലപ്രയോഗങ്ങള്‍ക്ക് വിധേയരാകുന്നു. ഇതൊക്കെ കാണുന്ന അറിയുന്ന ബഹുഭൂരിപക്ഷം ജനവും ഒന്നും കണ്ടില്ലെന്ന് നടിച്ച് അവരവരുടെ വീട്ടകങ്ങളിലേയ്ക്കും, അവിടെ ആറുമണിക്ക് മുന്‍പ് ചേക്കേറിയ കുടുംബത്തില്‍ പിറന്ന സ്ത്രീകളിലേയ്ക്കും തിരിച്ചുപോകുന്നു. അവരവരുടേതല്ലാത്ത ആര്‍ക്ക് എന്ത് സംഭവിച്ചാലും എനിക്കെന്ത്?

ദാ വഴിയില്‍ ഒരു അന്യദേശത്തൊഴിലാളിയെ കെട്ടിയിട്ട് കൊല്ലുന്നു, നാളെ പത്രത്തില്‍ വായിക്കാമല്ലോ. എന്റെ ഭാര്യയോ മകനോ മകളോ പെങ്ങളോ അല്ലാത്തിടത്തോളം വല്ലവന്റെയും പീഡനസുഖത്തില്‍ ഞാന്‍ എന്തിന് ഇടപെടണം എന്ന് കരുതുന്ന ചിലര്‍. ഒന്നിലും ഇടപെടാതിരിക്കുന്നത് അങ്ങനെയൊന്നും ചിന്തിച്ചിട്ട് പോലുമാകണമെന്നുമില്ല. അറിഞ്ഞുകൊണ്ട് എന്തിന് വഴിയേ പോകുന്ന വയ്യാവേലി പിടിക്കണം എന്ന് കരുതി കണ്ണുമടച്ച് വീടുകളിലേയ്ക്ക് തിരക്കിട്ട് നടന്നുപോകുന്ന അച്ഛന്മാരും ആങ്ങളമാരും ഒരുപാടുണ്ട്. ഇവര്‍ വളരെ നല്ല മനുഷ്യരാണ്. പക്ഷേ ഇവര്‍ ചെയ്യുന്ന ഒരു വലിയ കുറ്റമുണ്ട്. കണ്ടിട്ടും കണ്ടില്ലെന്ന് വെച്ച് വിട്ടുകളയുന്ന ചില അറിവുകള്‍. ആളൊഴിഞ്ഞ ഒരു ട്രെയിന്‍ കമ്പാര്‍ട്ട്മെന്റില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന ഒരു പെണ്‍കുട്ടിയുടെ മുന്നില്‍ ആരെങ്കിലും ഉദ്ധരിച്ച ലിംഗം പ്രദര്‍ശിപ്പിക്കാന്‍ എത്തിയാല്‍ ‘ഞാന്‍ ഇതൊന്നും കണ്ടില്ലേ’ എന്ന രീതിയില്‍ പതിയെ സീന്‍ വിടുന്ന അച്ഛനാങ്ങളമാര്‍. ‘എന്തെങ്കിലും പ്രശ്നമുണ്ടോ’ എന്നിവര്‍ നാവുയര്‍ത്തി ഒന്നു ചോദിച്ചാല്‍ എത്ര പെണ്‍കുട്ടികളാവും ഇരയാക്കപ്പെടലില്‍ നിന്ന് രക്ഷപെടുക? പെണ്‍കുട്ടികളെ രക്ഷിക്കാന്‍ ആരെങ്കിലും വരണം എന്നൊന്നുമല്ല പറഞ്ഞുവയ്ക്കുന്നത്. പക്ഷെ പ്രശ്നത്തിലാണ് എന്ന് തോന്നുന്നത് ആണായാലും പെണ്ണായാലും നിങ്ങള്‍ ആണായാലും പെണ്ണായാലും ഒരു ചെറിയ പിന്തുണ കൊടുക്കുക എന്നത് മാനുഷികമായ കാര്യമാണ്. അതിക്രൂരബലാല്‍സംഗം എത്തുന്നത് വരെ കാത്തിരിക്കണ്ട കാര്യമുണ്ടോ?

കേരളത്തില്‍ ജീവിക്കുന്ന പ്രായഭേദമന്യേയുള്ള എല്ലാ സ്ത്രീകളും ദൈനംദിനം അസംഖ്യം ചെറുപീഡനങ്ങള്‍ക്ക് ഇരകളാകുന്നുണ്ട്. ഇതൊക്കെ സ്വാഭാവികമായി ആളുകള്‍ സ്വീകരിച്ചുകഴിഞ്ഞ കാര്യങ്ങളാണ്. തിരക്കുള്ള ബസിലെ ഭാരമുള്ള ബാഗ് കയ്യില്‍ ഊരിപ്പിടിച്ച്, സ്റ്റുഡന്റ് കൺസഷൻ എന്ന ഭിക്ഷ വാങ്ങുന്നത് കൊണ്ട് കണ്ടക്ടര്‍ തള്ളിവിടുന്ന ഏത് കോണിലേയ്ക്കും നീങ്ങി നില്‍ക്കേണ്ടി വരുന്ന പെണ്‍കുട്ടിക്ക് സ്വന്തം ശരീരത്തില്‍ ആരു തൊട്ടാലും അതൊക്കെ സ്കൂളിലേയ്ക്കുള്ള യാത്രയുടെ ഭാഗമാണ്.

കവിളത്തൊരടി കൊടുത്ത് ഭാര്യയെ സ്വന്തമാക്കി ചേര്‍ത്തുപിടിക്കുന്ന നായക ഭര്‍ത്താക്കന്മാര്‍, പിറകെ നടന്നു ശല്യം ചെയ്ത് ബലമായി ഉമ്മ വയ്ക്കുമ്പോള്‍, പല തരം ബ്ലാക്ക് മെയിലിങ്ങിലൂടെ ‘ഐ ലവ് യൂ’ എന്ന് പറയിപ്പിച്ചുകഴിയുമ്പോള്‍ പ്രേമപരവശകളായി മാറുന്ന നമ്മുടെ നായികമാര്‍. കാലങ്ങളായി കാണികളുടെ മനസിലേയ്ക്ക് നമ്മള്‍ കയറ്റിവിടുന്ന ഉത്തമബന്ധങ്ങള്‍ എല്ലാം തന്നെ ഹിംസയുടേതാണ് സാര്‍.

പെണ്‍കുട്ടികളെ കളരി പഠിപ്പിക്കണം, കരാട്ടെ പഠിപ്പിക്കണം തുടങ്ങിയ തിയറികളൊക്കെ പറയാന്‍ എളുപ്പമാണ്. പെണ്‍കുട്ടികളും ആണ്‍കുട്ടികളും സ്വയരക്ഷ പഠിക്കുന്നതൊക്കെ നല്ലത് തന്നെ. പക്ഷേ ഒരു സമൂഹമെന്ന നിലയില്‍ പെരുമാറാന്‍ നമ്മള്‍ എന്നാണു പഠിക്കുക? ആരെങ്കിലും ഒരു ബുദ്ധിമുട്ടുള്ള അവസ്ഥയിലാണ് എന്ന് കണ്ടാല്‍ നിങ്ങള്‍ ആണായാലും പെണ്ണായാലും ഒരു നിമിഷം നിന്ന് അവരോട് ‘പ്രശ്നമൊന്നുമില്ലല്ലോ?’ എന്നൊന്ന് തിരക്കാന്‍ എന്നാണു നാം തയ്യാറാവുക? കൂട്ടം കൂടി അക്രമിയെന്നു തോന്നുന്നവനെ തല്ലിക്കൊല്ലുന്ന കാര്യമൊന്നുമല്ല പറയുന്നത്. കാടന്‍ നീതികളെപ്പറ്റിയല്ല, സഹജീവിയോടുള്ള ചെറിയ ചില കരുതലുകളെപ്പറ്റിയാണ് പറയുന്നത്. മറ്റുള്ളവരുടെ പ്രശ്നത്തില്‍ തലയിടുന്നതും ഒരാള്‍ക്കൊരു പ്രശ്നമുണ്ടായാല്‍ അതിലിടപെടുന്നതും തമ്മില്‍ നേര്‍ത്ത ഒരു അതിര്‍വരമ്പേ ഉള്ളൂ. അത് മനസിലാക്കാനാണ് നാം പഠിക്കേണ്ടത്. മറ്റൊരാളുടെ ജീവിതമായാലും ശരീരമായാലും ഇടപെടേണ്ടത് എവിടെ വരെ എന്ന ബോധമാണ് ഒരു ജനതയെന്ന നിലയില്‍ നമുക്കില്ലാത്തത്.

ഗ്രാമ്യവിശുദ്ധിയും തുളസിക്കതിരും അടക്കമൊതുക്കവും ഒക്കെ മാറ്റിവയ്ക്കാം. സ്ത്രീയും പുരുഷനും തമ്മിലുള്ള നല്ല സൌഹൃദങ്ങള്‍ അസ്വാഭാവികതയോടെ മാത്രം കാണുന്ന ഒരു നാടാണ് നമ്മുടേത്. കാലങ്ങളായി നമ്മള്‍ പറഞ്ഞുവയ്ക്കുന്നതും ശരീരത്തിന്റെ ഉടമസ്ഥതയെപ്പറ്റിയാണ്. കവിളത്തൊരടി കൊടുത്ത് ഭാര്യയെ സ്വന്തമാക്കി ചേര്‍ത്തുപിടിക്കുന്ന നായക ഭര്‍ത്താക്കന്മാര്‍, പിറകെ നടന്നു ശല്യം ചെയ്ത് ബലമായി ഉമ്മ വയ്ക്കുമ്പോള്‍, പല തരം ബ്ലാക്ക് മെയിലിങ്ങിലൂടെ ‘ഐ ലവ് യൂ’ എന്ന് പറയിപ്പിച്ചുകഴിയുമ്പോള്‍ പ്രേമപരവശകളായി മാറുന്ന നമ്മുടെ നായികമാര്‍... കാലങ്ങളായി കാണികളുടെ മനസിലേയ്ക്ക് നമ്മള്‍ കയറ്റിവിടുന്ന ഉത്തമബന്ധങ്ങള്‍ എല്ലാം തന്നെ ഹിംസയുടേതാണ് സാര്‍.

അവസരം കിട്ടിയാല്‍, പിടിക്കപ്പെടില്ലെന്ന് ഉറപ്പുകിട്ടിയാല്‍ ബലാല്‍സംഗം ചെയ്തുകളഞ്ഞേക്കും എന്ന ഭാവത്തില്‍ ജീവിക്കുന്ന ഒരുപാട് ആളുകളുണ്ട്. സ്കൂള്‍കുട്ടികളെ തിരക്കുള്ള ബസില്‍ കയറിപ്പിടിക്കുന്നവര്‍ മുതല്‍ പീഡനവാര്‍ത്ത ചായക്കൊപ്പം രസിച്ചുവായിക്കുന്നവര്‍ വരെ ഇതില്‍ പെടും. വെറുതെ ഇരിക്കുമ്പോള്‍ വാട്സാപ്പ് ഗ്രൂപ്പുകളില്‍ സ്ത്രീവിരുദ്ധ തമാശകള്‍ കയറ്റിവിടുന്നവര്‍. ഇവര്‍ തരം പോലെ പീഡകരും സദാചാരപ്പോലീസും ഉത്തമകുടുംബസ്ഥന്‍മാരും ഒക്കെയാകാറുണ്ട്. അതൊക്കെ ഒരു കഴിവാണ്.

xdfdfd

‘അവളുമാരുടെ വേഷം കണ്ടിട്ട് ഞങ്ങള്‍ക്ക് കണ്ട്രോള്‍ പോകുന്നച്ചോ' എന്ന് പള്ളീലച്ചനോട് പരാതിപറഞ്ഞുകൊണ്ട് ഇടവകക്കാര്‍ ചെന്നെന്നു പറഞ്ഞ് ഒരു വൈദികന്‍ നടത്തിയ പ്രസംഗം ഈയടുത്ത് കാണാനിടയായി. പറയുന്നത് ബിക്കിനിയിട്ടുകൊണ്ട് കുര്‍ബാനയ്ക്ക് വന്ന സ്ത്രീയെപ്പറ്റിയൊന്നുമല്ല. അങ്ങനെയാണെങ്കില്‍ തന്നെ ഈ കണ്ട്രോള്‍ പോകാതെ നോക്കുന്നതാണ് അഭികാമ്യം. ജീന്‍സോ ടീഷര്‍ട്ടോ ചുരിദാറോ ഇട്ട പെണ്‍കുട്ടികളെപ്പറ്റിയാണ് അച്ചന്‍ ചര്‍ച്ചയ്ക്ക് വിഷയമാക്കുന്നത്. സ്ത്രീ എന്നാല്‍ പ്രാപിക്കാന്‍ മാത്രമുള്ള ‘സാധനം’ എന്ന ധാരണയെ ഊട്ടിയുറപ്പിക്കുന്നതാണ് ഇത്തരം പ്രസംഗങ്ങള്‍. (സാധനം എന്ന വാക്ക് വന്ദ്യവൈദികനും പ്രസംഗത്തില്‍ ഉപയോഗിച്ചിരുന്നു എന്നാണ് ഓര്‍മ്മ). ഇതുപോലെയുള്ള എത്രയോ ആയിരം സ്ത്രീവിരുദ്ധ വീഡിയോകളും തമാശകളുമാണ് എന്നും വാട്സ്ആപ്പിലൂടെ കറങ്ങുന്നത്?

ഒരു സമൂഹമെന്ന രീതിയില്‍ ലിംഗഭേദമില്ലാതെ നാം പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിട്ടു കാലമെത്ര കഴിഞ്ഞു. ഓരോ ഫേസ്ബുക്ക് കമന്റിനോടും സുഹൃത്തോ ബന്ധുവോ ഷെയര്‍ ചെയ്യുന്ന ഓരോ വാട്സ്ആപ്പ് സ്ത്രീവിരുദ്ധതമാശയോടും കുടുംബത്തിനുള്ളില്‍ ആളുകള്‍ പറയുന്ന തമാശകളോടും അതിക്രമങ്ങളോടും ഒന്നായും ഒറ്റയായും ഒക്കെ പ്രതികരിക്കേണ്ടിയിരിക്കുന്നു. 'ആമ്പിള്ളേരാകുമ്പോ ചെല കുരുത്തക്കേടൊക്കെ കാണിക്കും' എന്ന് അലക്ഷ്യമായി പറഞ്ഞുപോകുന്ന എത്രയോ സ്ത്രീകള്‍ തന്നെ നമ്മുടെയൊക്കെ വീടുകളിലുണ്ട്? ക്രൂരതകളിലേയ്ക്ക് ഇറങ്ങാന്‍ തോന്നുന്ന ഓരോരുത്തനും ആരുടെയെങ്കിലുമൊക്കെ ആങ്ങളയോ മകനോ ഒക്കെയാണ്. നിനക്കൊക്കെ അമ്മയും പെങ്ങന്മാരുമില്ലേ എന്ന ചോദ്യം ചോദിക്കരുത്. തിരുത്തേണ്ടത് നമ്മുടെയോരോരുത്തരുടെയും ചുറ്റുമുള്ള ഓരോ ആണ്‍പിറപ്പിനെയുമാണ്. ആണായത് വല്യ മിടുക്കായിപ്പോയി എന്ന രീതിയില്‍ ഒരെണ്ണത്തിനെപ്പോലും ദയവുചെയ്ത് വളര്‍ത്തിവിടരുത്, കേരളമേ.