#JusticeforJisha എന്നാല്‍

എല്‍.എല്‍.ബി വിദ്യാര്‍ത്ഥിനിയും പെരുമ്പാവൂര്‍ സ്വദേശിനിയുമായ ജിഷ എന്ന ദളിത് യുവതി അതിക്രൂരമായി ലൈംഗികാതിക്രമത്തിനിരയാവുകയും കൊല്ലപ്പെടുകയും ചെയ്ത ദാരുണ വാര്‍ത്ത 5 ദിവസത്തിനുശേഷം പുറം ലോകമറിഞ്ഞപ്പോള്‍ ഉയരുന്ന ധാര്‍മ്മികരോഷവും സ്ത്രീസുരക്ഷാവ്യാകുലതകളും ഒരു ഇലക്ഷനു തൊട്ടുമുമ്പുള്ള രാഷ്ട്രീയ മുതലെടുപ്പുകളും ഒക്കെ കൂടിച്ചേര്‍ന്ന അന്തരീക്ഷത്തിലാണ് ഈ കുറിപ്പെഴുതുന്നത്.

പൊതുജനപ്രതികരണത്തിന്റെ ഭാഗമായി സോഷ്യല്‍മീഡിയയില്‍ justiceforjisha എന്ന ഹാഷ്‌ടാഗില്‍ ശക്തമായ പ്രതികരണങ്ങളും നിയമസംവിധാനങ്ങളോടുള്ള വിമര്‍ശനങ്ങളും നീതിനിര്‍വ്വഹണത്തിനുള്ള സമ്മര്‍ദ്ദവും ഉയര്‍ന്നുവന്നിട്ടുണ്ട് കേരളത്തിനകത്തും പുറത്തും നിരവധി ബഹുജനപ്രക്ഷോഭങ്ങളും പ്രതിഷേധയോഗങ്ങളും ജിഷയുടെ ഘാതകരരെ അറസ്റ്റ് ചെയ്യാനും ജിഷയ്ക്കും കുടുംബത്തിനും നീതി ലഭിയ്ക്കാനുമായി നടക്കുന്നുണ്ട്. ജിഷയുടെ അതിജീവനപ്പോരാട്ടം തന്നെ അന്തസ്സുറ്റ ഒരു ജീവിതം വിദ്യാഭ്യാസം കൊണ്ടു സാധ്യമാവും എന്ന വിശ്വാസത്തിലൂന്നിയതായിരുന്നെന്നും ആ മരണത്തിനു ശേഷം നമ്മളെല്ലാവരും തിരിച്ചറിയുന്നു. ജിഷ നടന്ന കനല്‍വഴികളും പൊള്ളുന്ന ജീവിതാനുഭവങ്ങളും അവരുടെ അതിക്രൂരമായകൊലപാതകവും നീതിനിഷേധത്തിന്റെ തന്നെ പ്രത്യക്ഷരൂപങ്ങളാണ്. ഒരാള്‍ക്കുണ്ടായ ജീവനഷ്ടത്തിനു പകരം വയ്ക്കാനുതകുന്ന ഒരു നീതിയും ലോകത്തിലില്ല. 27 വര്‍ഷത്തിന്റെ അതിജീവനപാതയില്‍ സഞ്ചരിച്ച, ആണ്‍കോയ്മയേയും ജാതിവ്യവസ്ഥയേയും ദാരിദ്രത്തേയും നിത്യേന ചെറുത്ത ധീരതയായിരുന്നു ജിഷ. അവരുടെ അരുംകൊലമാത്രമാണീ പൊള്ളുന്നജീവിതത്തെ നമ്മുടെ സമൂഹത്തിന്റെ മുന്നിലെത്തിച്ചത്. ഒരുദിവസം കൊണ്ട് ഇരയായി ഉയര്‍ത്തതല്ല മറിച്ച് ചെറുത്ത്‌നില്‍പ്പിന്റേയും നിരന്തരജീവിതസമരങ്ങളുടേയും പോരാട്ടം കൂടിയായിരുന്നു ജിഷയുടെ ജീവിതം.

ജിഷയുടെ അടിസ്ഥാനാവശ്യങ്ങളെന്തെല്ലാമായിരുന്നു? ഒരു തുണ്ട് ഭൂമി, സ്വന്തം വീട്, ഉന്നത വിദ്യാഭ്യാസം, സുരക്ഷ എന്നിവ എന്തായാലും ആ പട്ടികയുടെ ആദ്യം കാണുമെന്നുറപ്പാണ്. ഇതില്‍ സ്വന്തം മികവിനാല്‍ പൊരുതിനേടാവുന്ന വിദ്യാഭ്യാസം എന്നത് ജിഷയ്ക്ക് സാധിച്ചു. എന്നാല്‍ എന്തൊക്കെ നിഷേധിക്കപ്പെട്ടു. എന്തുകൊണ്ട് ആ സാമൂഹ്യനീതി നിഷേധിയ്ക്കപ്പെട്ടു എന്നതു കൂടി നമ്മള്‍ പരിഗണിക്കേണ്ടതുണ്ട്. കനാല്‍കരയിലെ പുറമ്പോക്കിലെ ഏതുനിമിഷവും കാറ്റുകൊണ്ടുപോകാവുന്ന ഒറ്റമുറി വീട്ടിലെ ജീവിതം തന്നെ ഒന്നാമത്തെ ചൂണ്ടുപലക. സ്വന്തമായി ഭൂമിയില്ലാതെ പുറമ്പോക്കു കോളനികളില്‍ കഴിയേണ്ടിവരുന്ന മനുഷ്യര്‍ എന്നതു തന്നെ ഇതില്‍ ഉള്‍ച്ചേര്‍ന്ന ദളിത് അവസ്ഥയെ വ്യക്തമാക്കുന്നുണ്ട്. ഒരു വീടിനായി അവര്‍ സര്‍ക്കാര്‍ പദ്ധതികളുടെ പിന്നാലെ നടക്കുകയും ഒരു തുണ്ട് ഭൂമി കഷ്ടപ്പാടുകള്‍ക്കിടയിലും സംഘടിപ്പിക്കുകയും വീടനുവദിയ്ക്കാന്‍ പഞ്ചായത്തിന്റെ കനിവിനായി കാത്തിരിയ്ക്കുകയും ചെയ്തു.

ചുറ്റുപാടുള്ളവര്‍ അവജ്ഞയോടെ വീക്ഷിയ്ക്കുന്ന അയല്‍പക്കമെന്നത് മറ്റൊരു ചൂണ്ടുപലകയാണ്. ഗ്രാമാന്തരീക്ഷത്തില്‍ സുരക്ഷ എന്നതില്‍ പ്രാദേശിക സമൂഹത്തിന്റെ പങ്ക് നിസ്സാരമല്ല. അതുകഴിഞ്ഞേ സ്റ്റേറ്റിനു പോലും ഇടപെടാനാവൂ. സദാചാരപോലീസുകാര്‍ക്ക് പഞ്ഞമില്ലാതാവുന്നതിന്റെയും കാരണം ഇതുതന്നെ. ചുറ്റൂപാടുമുള്ളവര്‍ തിരിഞ്ഞുനോക്കാത്ത പുറമ്പോക്കുകാര്‍ എന്നതും മറ്റൊരുതരത്തില്‍ സുരക്ഷയുടെ ജാതീയമാനങ്ങള്‍ വെളിവാക്കുന്നു. ഈ സാമൂഹ്യമായ ഒഴിച്ചുനിര്‍ത്തലും അതിനവരെത്തന്നെ കുറ്റപ്പെടുത്തലും നടത്തുന്നു. ഇതേ കാരണം ഒരതിക്രമം നടക്കുമ്പോള്‍ ശബ്ദം കേട്ടാല്‍ പോലും തിരിഞ്ഞുനോക്കാത്തതിനു ന്യായീകരണമാകുന്നതും കാണുന്നു. ജിഷയുടെ കുടുംബം അനുഭവിച്ച ഈ സാമൂഹികമായ അവഗണനയില്‍ ജാതിപരമായ അപരവല്‍ക്കരണത്തിനു പങ്കുണ്ട്.

xdfdfd

ചുരുക്കത്തില്‍ ജിഷയ്ക്കു കിട്ടേണ്ട നീതി എന്നത് ജിഷയുടെ ജീവിതത്തോട് നമുക്ക് ചെയ്യാൻ കഴിയാതെ പോയ സാമൂഹ്യ നീതി മരണത്തിനുശേഷമെങ്കിലും ഉണ്ടാവേണ്ടതുണ്ടെന്ന ഉറച്ചബോധ്യവും, ജിഷയുടെ അനുഭവം ഇനി മറ്റൊരാള്‍ക്കും ഉണ്ടാകാതിരിക്കാനുള്ള സാമൂഹ്യജാഗ്രത കെട്ടിപ്പടുക്കലുമാണ്. കുറ്റവാളിയെ കണ്ടുപിടിയ്ക്കുന്നതിനും ശിക്ഷിയ്ക്കുന്നതിനും അപ്പുറം ഭൂമി, പാര്‍പ്പിടം, സുരക്ഷ ഈ മൂന്നു കാര്യങ്ങളിലെ ജാതീയവിവേചനത്തിന്റെ കൂടി ഭാഗമായിരുന്നു അവരുടെ ജീവിതവും മരണവും എന്നു തീര്‍ച്ച. ജിഷയുടെ മരണം അവരുടെ അമ്മയ്ക്കുണ്ടാക്കിയ വ്യക്തിപരമായ നഷ്ടത്തിനു ഒരു നീതിയും പകരം വെയ്ക്കാനില്ല. എന്നാല്‍ അവരുടെ ജീവിതസാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ കഴിയും. ഒപ്പം ഇനിയൊരു കുടുംബത്തിനും ഇത്തരം സാമൂഹ്യനീതി നിഷേധങ്ങള്‍ അനുഭവിയ്ക്കേണ്ടി വരരുത് എന്നുറപ്പിയ്ക്കാനും കഴിയണം.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ ഒഴിവാക്കാന്‍ ലിംഗനീതിയും ലൈംഗികാവിദ്യാഭ്യാസവും കുട്ടികള്‍ക്ക് നല്‍കുന്നത് മുതല്‍ സ്ത്രീകള്‍ക്ക് സ്വയരക്ഷാ സ്മാര്‍ട്ട് ഉപകരണങ്ങള്‍ നല്‍കുന്നതു വരെ നിരവധി പരിഹാരമാര്‍ഗ്ഗങ്ങളും സ്ത്രീ സുരക്ഷാ മാര്‍ഗ്ഗങ്ങളും ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ലഹരിമരുന്നുകളുടെ അമിത ഉപയോഗവും അതുണ്ടാക്കുന്ന മാനസിക പ്രശ്നങ്ങളും കുറ്റവാസനകളും പലരും ചര്‍ച്ചയ്ക്കെടുത്തു കണ്ടു. പ്രതിയുടെ ആക്രമണോത്സുകതയും ലൈംഗികവൈകൃതങ്ങളുമാണ് കുറ്റകൃത്യത്തിലേയ്ക്കും കൊലപാതകത്തിലേയ്ക്കും പലപ്പോഴും നയിക്കുന്നത് എന്നതും കണ്ടിട്ടുള്ളതാണ്. ലിംഗനീതിയിലൂന്നിയ ഒരു സോഷ്യല്‍ കണ്ടീഷണിങ്ങിനു ഈ ചര്‍ച്ചകളെല്ലാം ഏതെങ്കിലും തരത്തില്‍ സഹായകരമാവും എന്ന് തന്നെ നമുക്ക് ആശ്വസിയ്ക്കാം.

ജിഷ നേരിട്ട ദളിത് ഭൂമിപ്രശ്നത്തേയും ജാതീയവിവേചനത്തെയും അഭിസംബോധന ചെയ്യാതെയുള്ള ഒരു സ്ത്രീസുരക്ഷാ നടപടിയും നിയമഭേദഗതികളും ലിംഗസമത്വ ആഹ്വാനങ്ങളും ജിഷയുടെ അരുംകൊലയ്ക്ക് നീതിയാവും എന്നെനിയ്ക്ക് വ്യക്തിപരമായി വിശ്വാസമില്ല. എന്നാല്‍ രാഷ്ട്രീയ ബലാബലങ്ങള്‍ക്കും പൂര്‍ണ്ണ രാഷ്ട്രീയശരിവാദങ്ങള്‍ക്കും ഒക്കെ അപ്പുറം ജിഷയ്ക്കുവേണ്ടി, അവര്‍ക്കു നിഷേധിയ്ക്കപ്പെട്ട സാമൂഹ്യനീതി മരണാനന്തരമെങ്കിലും പരിഹരിയ്ക്കപ്പെടാന്‍ വേണ്ടി, വീണ്ടുമൊരു കൊലപാതകത്തിന്റെ മോഡലായി ജിഷ പരാമര്‍ശിക്കപ്പെടാതിരിക്കാനായി, നമ്മളെല്ലാം ഈ തെരഞ്ഞെടുപ്പിന്റെ ധ്രുവീകരണം മറന്ന് കൈകോര്‍ത്തേ തീരൂ.