കേരളത്തിന്റെ പ്രാചീന-മധ്യകാലചരിത്രം: ഇ എം എസിന്റെ മാര്‍ക്സിയന്‍ വിശകലനം

ഇ. എം. എസ്. സമ്പൂര്‍ണ കൃതികളുടെ അറുപത്തഞ്ചാം സഞ്ചികയാണ് ഈ പ്രബന്ധത്തിന് ആധാരം. നാഷണല്‍ ബുക്ക് ഏജന്‍സി (കല്‍ക്കട്ട) 1967-ല്‍ പ്രസിദ്ധീകരിച്ച, "Kerala: Yesterday, Today and Tomorrow" എന്ന ഗ്രന്ഥത്തിന്റെ മലയാളം പരിഭാഷയാണ് അറുപത്തഞ്ചാം സഞ്ചിക. ഡോ. ഡി. ജയദേവദാസാണ് പരിഭാഷകന്‍.

ഒരു സാമൂഹികപരിഷ്കര്‍ത്താവിന്റെ പഠനപട്ടിക്കയിലെ അനിവാര്യഘടകമാണ് അവന്‍ പരിഷ്കരിക്കാന്‍ ഉദ്യമിക്കുന്ന സമൂഹത്തിന്റെ ചരിത്രം. ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ഏതൊരു പുരോഗമന പ്രവര്‍ത്തകന്റെയും ഒരു പ്രധാന ലക്ഷ്യം ഇവിടത്തെ ജാതി വ്യവസ്ഥിതിയെ തകര്‍ക്കുക എന്നതായിരിക്കെ, ഇവിടെ ഈ ജാതി വ്യവസ്ഥിതി എങ്ങിനെ ഉത്ഭവിച്ചു?, ഇത്രയും നീണ്ട കാലം അതെന്തുകൊണ്ടു നിലനിന്നു?, രണ്ട് നൂറ്റാണ്ട് കാലത്തെ കോളോണിയല്‍ ഭരണവും, അര നൂറ്റാണ്ട് കാലത്തെ ദേശീയ ബൂര്‍ഷ്വാസി ഭരണവും അതിനെ എന്തുകൊണ്ട് തകര്‍ത്തില്ല? തുടങ്ങിയ ചോദ്യങ്ങള്‍ അവന് പരമപ്രധാനമാകുന്നു. ഇവയടക്കമുള്ള ചോദ്യങ്ങള്‍ക്കു ഉത്തരം കണ്ടെത്താനായി കേരളചരിത്രത്തെ ഒരു ശാസ്ത്രീയ പഠനത്തിനു വിധേയമാക്കണം എന്നു സഖാവ് ഇ. എം. എസ്. ആഗ്രഹിച്ചിരുന്നു. അതിനു ഒരു തുടക്കം കുറിക്കുന്നത്തിനും, ചില സങ്കല്‍പനങ്ങള്‍ അവതരിപ്പിക്കുനതിനുമായി സഖാവ് അനേകം ലേഖനങ്ങളും പുസ്തകങ്ങളും രചിച്ചിട്ടുണ്ട്. ജീവിതകാലം മുഴുവന്‍ തുറന്ന മനസ്സുള്ള ഒരു വിദ്യാര്‍ത്ഥിയായി ജീവിച്ച സഖാവ് പുതിയ തെളിവുകളുടെയും പുതിയ അറിവുകളുടെയും വെളിച്ചത്തില്‍ തന്റെ ചരിത്രവീക്ഷണം പരിഷ്കരിച്ചു കൊണ്ടേയിരുന്നു, കേരളചരിത്രത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ പുസ്തകങ്ങളുടെ നീണ്ട നിര തന്നെ അതിന്റെ ഉത്തമോദാഹരണം: കേരളം-മലയാളികളുടെ മാതൃഭൂമി (1948), The National Question in Kerala (1952), Kerala: Yesterday Today and Tomorrow (1967), Kerala Society and Politics: A Historical Survey (1984) എന്നിവയാണ് അവയില്‍ ശ്രദ്ധേയമായ ഗ്രന്ഥങ്ങള്‍. പ്രാചീനകാലം മുതല്‍ക്കേയുള്ള കേരളചരിത്രത്തെ മാര്‍ക്സിയന്‍ ചരിത്ര വീക്ഷണത്തിലൂടെ വിശകലനം ചെയ്യുന്നതില്‍ ഈ ഗ്രന്ഥങ്ങളുടെ പങ്ക് നിസ്തുലമാണ്. ഒരു പ്രത്യേക സംഭവത്തെയോ, കാലഘട്ടത്തെയോ അല്ല, മറിച്ചു കേരള സമൂഹത്തിന്റെ ആകെയുള്ള വികാസത്തിന്റെ ഭൗതികവാദപരമായ വിശകലനമാണ് സഖാവിന്റേത്. അതുകൊണ്ട് തന്നെ കേരളത്തെ കുറിച്ചുള്ള ഒരു പുതിയ വീക്ഷണം പ്രദാനം ചെയ്യുന്നതിനോടൊപ്പം തന്നെ മാര്‍ക്സിസ്റ്റ് ചരിത്രശാസ്ത്രത്തിന്റെ അതിര്‍ത്തികള്‍ വിപുലപെടുത്തുന്നതിനും ഇതു സഹായകമായി..

ചരിത്രത്തെ ശാസ്ത്രീയമായ ഒരു പഠനത്തിനു വിധേയമാക്കാന്‍ ശ്രമിക്കുന്ന ഒരാളുടെ മുന്നിലെ ആദ്യത്തെ തടസം, ലഭ്യമായിട്ടുള്ള ലിഖിത ചരിത്രം പലപ്പോഴും ഒരു പ്രബലവര്‍ഗം അതിന്റെ താല്‍പര്യസംരക്ഷണത്തിനായി എഴുതിയ ചരിത്രമാവും എന്നതാണ്. ഇന്ത്യയുടെ കാര്യത്തില്‍ ഇത്തരം മൂന്നു തരം ചരിത്രങ്ങള്‍ ലഭ്യമാണ്. ഇന്ത്യയിലെ ഭൂപ്രഭുക്കന്‍മാരായിരുന്ന ഒരു വരേണ്യവര്‍ഗം എഴുതിയ ചരിത്രം, കൊളോണിയല്‍ ഭരണവര്‍ഗം എഴുതിയ ചരിത്രം, സ്വാതന്ത്ര്യസമരകാലത്തും പിന്നീടും ഇന്ത്യന്‍ ബൂര്‍ഷ്വാവര്‍ഗം എഴൂതിയ ചരിത്രം. ഈ വിഭാഗങ്ങളെല്ലാം തന്നെ ഒരു കാലഘട്ടത്തില്‍ ചൂഷകവര്‍ഗങ്ങള്‍ ആയിരുന്നതിനാല്‍ അവരുടെ ചരിത്ര പഠനങ്ങളില്‍ ആ ചൂഷണവ്യവസ്ഥിതിയെ ന്യായീകരിക്കാനും നിലനിര്‍ത്താനും ഉള്ള ശ്രമവും, അതിനുവേണ്ടിയുള്ള വളച്ചൊടിക്കലുകളും കടന്നുകൂടും. സ്വന്തം വര്‍ഗതാല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു ചരിത്രവസ്തുതകള്‍ മറച്ചു പിടിക്കാന്‍ താല്‍പര്യമില്ലാത്ത ഒരു വര്‍ഗത്തിനു മാത്രമെ ചരിത്രത്തെ ശാസ്ത്രീയമായി വികസിപ്പിചെടുക്കാന്‍ കഴിയുകയുള്ളു. അതിനാല്‍ ആ കടമ ഇന്നത്തെ ചൂഷിതവര്‍ഗമായ തൊഴിലാളികളുടെ ചുമലിലാണ്.

സഖാവ് ഇങ്ങനെ കുറിക്കുന്നു (p31)

ചരിത്രത്തെ ശാസ്ത്രീയമായി വികസിപ്പിച്ചെടുക്കാന്‍ കഴിയുക തൊഴിലാളിവര്‍ഗത്തിനു മാത്രമാണ്. എന്തെന്നാല്‍ സ്വന്തം വര്‍ഗതാല്‍പര്യങ്ങള്‍ പരിരക്ഷിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും ചരിത്ര വസ്തുതകള്‍ മറച്ചുവയ്ക്കാന്‍ താല്‍പര്യമില്ലാത്ത ഒരേ ഒരു വര്‍ഗമാണത്. യാഥാര്‍ഥ്യങ്ങളെ വസ്തുനിഷ്ഠമായി നോക്കിക്കാണുന്നതിനും, മുന്‍ വിധികളില്ലാതെ വ്യാഖ്യാനിക്കുന്നതിനും, പ്രത്യക്ഷത്തില്‍ ബന്ധപെട്ടതല്ലെന്നു തോന്നുന്ന അനേകം വസ്തുതകളുടെ സങ്കീര്‍ണമായ ബന്ധത്തെ കൂട്ടിയിണക്കുന്നതിനും, അങ്ങിനെ ചരിത്രത്തിന്റെ സാമൂഹ്യവികാസനിയമങ്ങള്‍ സ്ഥാപിച്ചെടുക്കുന്നതിനും തൊഴിലാളി വര്‍ഗത്തിനു മാത്രമെ കഴിയുകയുള്ളു. എന്നാല്‍, നിര്‍ഭാഗ്യവശാല്‍ തൊഴിലാളിവര്‍ഗവും അതിന്റെ പ്രത്യയശാസ്ത്രവും ഇതുവരെയും ഇവിടെ ദുര്‍ബലമായേ വികസിചിട്ടുള്ളു എന്നതിനാല്‍ അവര്‍ക്കു പ്രാചീനകേരളത്തിന്റെ ചരിത്രപ്രശ്നങ്ങളില്‍ ചരിത്രപരമായ ഭൗതികവാദം പ്രയോഗിക്കുന്നതിനു കഴിഞ്ഞിട്ടില്ല.

കേരളത്തിന്റെ പ്രാചീനചരിത്രത്തിന്റെ കാര്യത്തില്‍ ഇതിനോടൊപ്പം തന്നെ രണ്ടാമതൊരു തടസം കൂടി പ്രസക്തമാണ്. കുറച്ചു ഐതീഹ്യങ്ങള്‍ക്കും, യുദ്ധചരിത്രങ്ങള്‍ക്കുമപ്പുറം ഇവിടത്തെ മനുഷ്യര്‍ എങ്ങിനെ ജീവിച്ചിരുന്നു എന്നതിന്റെ കുറിച്ചുള്ള വിവരണങ്ങള്‍ തീരെ ലഭ്യമല്ല. എന്നാല്‍ ചരിത്രത്തെ ഭൗതികവാദപരമായി പഠിക്കാന്‍ വേണ്ടത് യുദ്ധവിവരണങ്ങളും കെട്ടുകഥകളുമല്ല, മറിച്ച് അന്നത്തെ സമൂഹത്തിലെ ഉത്പാദനോപാധികളേയും, അവയുടെ ഉടമസ്ഥതയേയും, പരസ്പര ബന്ധങ്ങളെയും കുറിചുള്ള അറിവാണ്. സമൂഹത്തിന്റെ സാമ്പത്തികമായ ഈ അടിത്തറയാണ് അതിന്റെ മറ്റു സാമൂഹിക ഉപരിഘടകങ്ങളെ (കുടുംബബന്ധങ്ങളും, അധികാര വിഭജനവും, കലയും, സാഹിത്യവും അടക്കം) നിര്‍ണായകമായി സ്വാധീനിക്കുന്നത് എന്നതാണ് ഭൗതികവാദം. ഈ അടിസ്ഥാനപരമായ അറിവിന്റെ അഭാവം കാരണം കേരളത്തിന്റെ പ്രാചീന ചരിത്രത്തെ കുറിച്ച് ഒരു ഭൗതികസങ്കല്പനം മുന്നോട്ടു വെക്കുമ്പോള്‍ അതിന്റെ വിശ്വാസ്യത ഒരു പരിധിവരെ തെളിവുകളുടെ അടിസ്ഥാനത്തിലും, ബാക്കി യുക്തിയുടെ അടിസ്ഥാനത്തിലും ആയിരുക്കും. ഇതിനെ ചരിത്രത്തെ കുറിചുള്ള ഒരു പൂര്‍ണവും അനിഷേധ്യവുമായ ഒരു വിവരണം എന്ന നിലയ്ക്കല്ല, മറിച്ച് ചര്‍ച്ചകളേയും ഗഹനമായ പഠനത്തെയും പ്രോത്സാഹിപ്പിക്കാനുള്ള ഒരു ശ്രമം എന്ന നിലയക്കാണ് കാണേണ്ടത് എന്നു സഖാവ് ഓര്‍മിപ്പിക്കുന്നു.

കേരള സമൂഹത്തിന്റെ വികാസം യൂറോപ്യന്‍ മാതൃകയില്‍ പ്രാചീന കമ്മ്യൂണിസം - അടിമത്തം - ഫ്യൂഡലിസം - മുതലാളിത്തം എന്ന നിലയക്കായിരുന്നോ അതോ മാര്‍ക്സും ഏംഗല്‍സും പില്‍കാലത്തു മുന്നോടു വെച്ച "ഏഷ്യാട്ടിക് ഉല്പാദന രീതി" (Asiatic Mode of Production) പ്രകാരമാണോ അതൊ മറ്റേതെങ്കിലും സവിശേഷമായ രീതിയിലാണോ എന്ന ചോദ്യം ഏറ്റവും പ്രസക്തമായി നിലനില്‍ക്കുന്നു. ഇതിനെ കുറിചുള്ള സഖാവിന്റെ സകല്പനം സഖാവ് (2) പ്രാചീന ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം, (3) ഫ്യൂഡലിസത്തിന്റെ ഉദയം, (4) ഒരു രാഷ്ട്രത്തിന്റെ ജനനം (5) സാമ്രാജ്യത്വം രംഗത്ത് വരുന്നു (6) സൈനിക-ഫ്യൂഡല്‍ സമ്പദ്‌വ്യവസ്ഥയില്‍ നിന്നും കൊളോണിയല്‍-ഫ്യൂഡല്‍ സമ്പദ്‌വ്യവസ്ഥയിലേക്ക് (7) കര്‍ഷകര്‍ സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനത്തില്‍ (8) മഹത്തായ ദേശീയപ്രക്ഷോഭവും അപകീര്‍ത്തികരമായ വഞ്ചനയും (9) തൊഴിലാളിവര്‍ഗം സാമ്രാജ്യത്വവിരുദ്ധ പ്രസ്ഥാനത്തില്‍ (10) ഐക്യകേരളം :ഒരു സ്വപ്നത്തിന്റെ സാക്ഷാല്‍കാരം (11) കമ്മ്യൂണിസ്റ്റ് വിരോധത്തിന്റെ അപഹാസ്യമായ പരാജയം (12) ഒരു കോണ്‍ഗ്രസേതര കൂട്ടുകക്ഷിഗവണ്‍മെന്റിലേക്ക് എന്നിങ്ങനെയുള്ള അധ്യായങ്ങളില്‍ വിവരിക്കുന്നു.

പ്രാചീന ചരിത്രത്തിലേക്ക് ഒരെത്തിനോട്ടം

പ്രാചീന ഗോത്രസമൂഹം തകര്‍ന്നു പകരം ഒരു ജാതിവ്യവസ്ഥ നിലവില്‍ വന്നതു വരെയുള്ള കാലഘട്ടമാണ് ഈ അധ്യായത്തിലെ പ്രതിപാദ്യവിഷയം - ഏതാണ്ട് ആദിമകാലം മുതല്‍ ചേരസാമ്രാജ്യം കേരളം ഭരിക്കാന്‍ തുടങ്ങുന്നതു വരെയുള്ള കാലം (1 BC).

null

പ്രാചീന കാലം (3000-2000 BC) മുതല്‍ക്കു തന്നെ ബാബിലോണിയ, ഫോണീഷ്യ, ഈജിപ്ത് മുതലായ രാജ്യങ്ങളുമായി കേരളം വ്യാപാര ബന്ധം പുലര്‍ത്തിയിരുന്നതായി തെളിവുകളുണ്ട്. രാമായണം, മഹാഭാരതം തുടങ്ങിയ കൃതികളില്‍ കേരളത്തിനെ കുറിചുള്ള പരാമര്‍ശങ്ങളുണ്ട്. അശോകചക്രവര്‍ത്തിയുടെ ശിലാശാസനങ്ങളിലും കേരളപുത്ത്രത്തെ കുറിച്ചു പറയുന്നുണ്ട്. എന്നാല്‍ മുന്‍പേ സൂചിപ്പിചതു പോലെ വ്യാപാര സാമഗ്രികളുടെ ഒരു വിവരണമല്ലാതെ ഇവിടുത്തെ ജീവിതരീതികളെ കുറിച്ചു ഒരു ശാസ്ത്രീയ വിവരവും ലഭ്യമല്ല. മഹാബലിയുടെ കഥയില്‍ സ്പഷ്ടമായ ഒരു സമത്വസുന്ദര പ്രാചീന കാലത്തിന്റെ ഓര്‍മയും, പറശ്ശിനിക്കടവ് പോലെയുള്ള ആരാധനാലയങ്ങളിലെ ആരാധനാരീതിയും ഇവിടെ ഒരു പ്രാചീന ഗോത്രസമൂഹം (ആദിമ കമ്മ്യൂണുകള്‍) നിലനിന്നിരുന്നു എന്നതിന്റെ തെളിവാണ്. ഇതു മാറി എങ്ങിനെ ഒരു ജാതിവ്യവസ്ഥയും, ഓരോ ജാതിവ്യവസ്ഥയിലും പ്രത്യേക കുടുംബവ്യവസ്ഥയും നിലവില്‍ വന്നു എന്നതാണ് പ്രധാനമായും ആദ്യം പഠനവിധേയമാക്കുന്നത്. ഇതിനു ഫ്യൂഡല്‍, കൊളോണിയല്‍ ചരിത്രകാരന്‍മാര്‍ നല്‍കുന്ന വിവരണം ഇപ്രകാരമാണ്, തീരെ വികസിച്ചിട്ടില്ലായിരുന്ന ഒരു പ്രാകൃത സമൂഹമായിരുന്നു കേരളം. അവിടേയ്ക്ക് ആദ്യം നായന്‍മാരും, പിന്നീട് ഉത്തരേന്ത്യയില്‍ നിന്നു ബി.സി. രണ്ടാം നൂറ്റാണ്ടില്‍ നമ്പൂതിരിമാരും, എതാണ്ട് ബി. സി. അവസാനം സിലോണില്‍ നിന്നു ഈഴവരും കുടിയേറിപാര്‍ത്തു. ഇവിടുത്തെ തനതു വിഭാഗം ഇന്നത്തെ പട്ടികജാതിക്കാര്‍ മാത്രമാണ്. ക്രിസ്ത്യാനികള്‍, മുസ്ലീമുകള്‍ ഒക്കെ കുടിയേറിയവരോ മതപരിവര്‍ത്തനം നേടിയവരോ ആണ്. അങ്ങിനെ കുടിയേറിവന്ന വിഭാഗം അവുരെടെ കുടുംബവ്യവസ്ഥകളും ഒപ്പം ഇങ്ങോട്ടു പറിച്ചു നട്ടു. അതില്‍ നമ്പൂതിരിമാര്‍ എന്തുകൊണ്ടോ ഭൂവുടമകളുമായി.(എന്തുകൊണ്ടെന്നു കൊളോണിയല്‍ ചരിത്രകാരന്‍മാര്‍ പരശുരാമന്റെ കഥയുടെ സഹായത്താലല്ലാതെ മറ്റൊരു തെളിവുകളുടെയും അടിസ്ഥാനത്തില്‍ അവര്‍ വിശദീകരിക്കുന്നില്ല).

ഈ വിവരണത്തെ ഇ. എം. എസ്. നിശിതമായി വിമര്‍ശിക്കുന്നു. കാരണം അതായിരുന്നു സത്യം എങ്കില്‍ കേരളത്തിലെ നമ്പൂതിരിമാരുടെ കുടുംബരീതികള്‍ എന്തുകൊണ്ടു ഉത്തരേന്ത്യന്‍ ബ്രാഹ്മണരെകാലും കൂടുതല്‍ കേരളത്തിലെ നായന്‍മാരോടു സാമ്യമുള്ളതായി?, ഒരു ന്യൂനപക്ഷകുടിയേറ്റകാരായ അവര്‍ എങ്ങിനെ നായന്‍മാരെ കവച്ച് ഭൂവുടമകളായി?, നായര്‍-നമ്പൂതിരി വിഭാഗങ്ങള്‍ തമ്മിലുള്ള വിചിത്രമായ വിവാഹബന്ധങ്ങള്‍ എങ്ങിനെ ഉണ്ടായി?, ബി. സി. അവസാനം സിലോണില്‍ നിന്നു നടന്ന ഇത്രയും വലിയ ഒരു കുടിയേറ്റം (കേരളത്തിന്റെ 25 ശതമാനം വരും ഈഴവര്‍) എന്തുകൊണ്ടു ഒരു തെളിവും അവശേഷിപ്പിചില്ല? തുടങ്ങിയ ചോദ്യങ്ങള്‍ ഉത്തരം കിട്ടാതെ അവശേഷിക്കും. അതുകൊണ്ട് ബ്രാഹ്മണരുടെയും ബുദ്ധമതക്കാരുടെയും ചെറുഗ്രൂപ്പുകള്‍ കൊണ്ടുവന്ന ബ്രാഹ്മണ-ബുദ്ധസംസ്കാരങ്ങളുടെ വ്യാപനത്തിന്റെ ഫലമായി കേരളത്തിന്റെ സാമൂഹ്യഘടനയില്‍വന്ന പരിവര്‍ത്തനത്തിന്റെ ആലങ്കാരികപ്രകാശനം മാത്രമാണ് മേല്‍പറഞ്ഞ വിവരണം എന്നു സഖാവ് അനുമാനിക്കുന്നു,. ക്രിസ്ത്യന്‍-മുസ്ലീം വ്യാപനം ഏതാണ്ട് ഇങ്ങനെ തന്നെ ആയിരുന്നു എന്നു ഫ്യൂഡല്‍-കൊളോണിയല്‍ ചരിത്രകാരന്‍മാര്‍ സമ്മതിക്കുന്നുണ്ട്. അതു ഇ. എം. എസ്. അംഗീകരിക്കുന്നു. കേരളത്തില്‍ ഒരോ ജാതിവിഭാഗത്തിലും നിലന്നിരുന്ന വിചിത്രങ്ങളും വ്യത്യസ്തങ്ങളുമായ കുടുംബഘടനയും വിവാഹരീതികളും ആദിമസംഘവിവാഹസമ്പ്രദായത്തില്‍നിന്നും മേല്‍പറഞ്ഞ വ്യത്യസ്ത സംസ്കാരങ്ങളുടെ സ്വാധീനത്തില്‍ ഏകഭാര്യാത്വത്തിലേക്കുള്ള വികാസത്തിന്റെ വിവിധ ഘട്ടങ്ങള്‍ മാത്രമാണ്. ഇതിന്റെ സവിസ്തരമായ വിവരണം സഖാവ് ഗ്രന്ഥത്തില്‍ നല്‍കുന്നുണ്ട്.

ബ്രാഹ്മണസംസ്കാരം കേരളത്തിലേക്കു വ്യാപിച്ചെങ്കിലും സംഘവിവാഹവും മരുമക്കത്തായവും എന്തുകൊണ്ടു അവസാനിച്ചില്ല?, ഇന്ത്യയിലെ മറ്റു പ്രദേശങ്ങളിലെ പോലെ തൊഴിലടിസ്ഥാനത്തിലുള്ള ചാതുര്‍വര്‍ണ്യം അതിന്റെ പൂര്‍ണരൂപത്തില്‍ ഇവിടെ എന്തുകൊണ്ട് വികസിച്ചില്ല?, എന്നാല്‍ ജാതിവ്യവസ്ഥ തൊട്ടുകൂടായ്മയും തീണ്ടുകൂടായ്മയുമായി എങ്ങിനെ വികലമായി വികസിച്ചു?, ഒരു ന്യൂനപക്ഷമായ ബ്രാഹ്മണസമൂഹം എങ്ങിനെ ഭൂവുടമകളായി? തുടങ്ങിയ ചോദ്യങ്ങള്‍ക്കു ഉത്തരം തേടണം. ഇതില്‍ ആദ്യത്തെ മൂന്നു ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ കേരളത്തിന്റെ പ്രാചീനകാലഘട്ടവുമായി ബന്ധപ്പെടുത്തി താഴെ വിവരിക്കുന്നു. അവസാനത്തെ ചോദ്യം കേരളത്തില്‍ ഫ്യൂഡലിസം എങ്ങിനെ രംഗത്തു വന്നു എന്നതാണ് - അതൊരു പുതിയ കാലഘട്ടത്തിന്റെ ഉദയമാണ്. അതു വിശദമായി പിന്നീട് നോക്കാം.

ആദ്യത്തെ മൂന്നു ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഇന്ത്യന്‍ പ്രാചീന ചരിത്രം എന്തുകൊണ്ട് യൂറോപ്യന്‍ പ്രാചീന ചരിത്രത്തില്‍ നിന്നും (പ്രാചീന കമ്മ്യൂണിസം - അടിമത്തം - ഫ്യൂഡലിസം - മുതലാളിത്തം‌) വ്യത്യസ്തമായി, കേരളസമൂഹത്തിന്റെ വികാസം എന്തുകൊണ്ട് ഇന്ത്യയിലെ ഇതരപ്രദേശങ്ങളിലെ വികാസവുമായി വ്യത്യസ്തമായി തുടങ്ങിയ ചോദ്യങ്ങളിലേക്കു നയിക്കുന്നു. ഈ വ്യത്യാസങ്ങളുടെ മൂലകാരണം ഭൗതികമാണ്. കൃത്യമായി പറഞ്ഞാല്‍ മണ്ണിന്റെ കൃഷിയോഗ്യതയാണ്. യൂറോപ്പില്‍ ഒരു ഭൂവുടമയ്ക്കു തന്റെ അടിമകളേയോ, അടിയാളന്‍മാരെയോ വെച്ചു ഭൂമി കൃഷിയോഗ്യമാക്കാന്‍ കഴിഞ്ഞുരുന്നെവെങ്കില്‍, സഹാറയില്‍ തുടങ്ങി, അറേബ്യയും പേര്‍ഷ്യയും കടന്നു ഏഷ്യന്‍ പീഠഭൂമി വരെ വ്യാപിക്കുന്ന മരുപ്രദേശങ്ങളില്‍ ഇതു സാധ്യമായിരുനില്ല. അവിടെ കൃഷി നിലനിര്‍ത്താന്‍ വേണ്ട കൃത്രിമജലസേചനത്തിനു കമ്മ്യൂണുകളോ, പ്രവിശ്യകളോ, ഒരു കേന്ദ്രീകൃത ഗവണ്‍മെന്റോ അവശ്യമായിരുന്നു. അതുകൊണ്ടു തന്നെ യൂറോപ്പിലെ പോലെ സ്വകാര്യസമ്പത്തിന്റെ വികാസം ഈ പ്രദേശങ്ങളില്‍ നടന്നില്ല. എന്നാല്‍ ഉല്‍പാദനോപാധികളുടെ വികസനം മറ്റെവിടെയും പോലെ അവിടെയും പ്രാചീന കമ്മ്യൂണിസ്റ്റ് വ്യവസ്ഥിതിയെ അതിന്റെ പരിമിതിയിലെത്തിച്ചു. പക്ഷെ അതിന്റെ തകര്‍ച്ചയില്‍ നിന്നും വളര്‍ന്നു വന്നത് അടിമത്തമല്ല മറിച്ചു തൊഴിലടിസ്ഥാനത്തിലുള്ള വര്‍ഗവിഭജനവും കേന്ദീകൃത ഭരണയന്ത്രങ്ങളുമായിരുന്നു. ഇതില്‍ വേഗം സമ്പന്നരായ വിഭാഗം ആ വ്യവസ്ഥ നിലനിര്‍ത്തുവാനായി മതത്തേയും കൂട്ടുപിടിച്ചു. അതൊടുവില്‍ നമ്മളറിയുന്ന ജാതിവ്യവസ്ഥയില്‍ എത്തിച്ചേര്‍ന്നു. അങ്ങിനെ വേരുറപ്പിക്കപെട്ട ജാതിവ്യവസ്ഥ അടിമത്തം പോലെ ചൂഷണത്തെ സ്പഷ്ടമാക്കിയില്ല എന്നതും, അടിമത്തത്തേക്കാളും ഭൗതികവികാസത്തിനു പര്യാപ്തമായിരുന്നുവെന്നതും അതിന്റെ ദീര്‍ഘകാലമുള്ള നിലനില്‍പിനു കാരണമായി. ഒരുപക്ഷെ ഉല്പാദനവികാസത്തിനു ഈ ജാതിയടിസ്ഥാനത്തിലുള്ള തൊഴില്‍ വിഭജനം അടിമത്തത്തേക്കാള്‍ മാത്രമല്ല, യൂറോപ്യന്‍ ഫ്യൂഡലിസത്തെക്കാളും അനുയോജ്യവും എന്നാല്‍ മുതലാളിത്തത്തെകാള്‍ തികച്ചും അയോഗ്യവും ആയിരുന്നു. ആദിമ-മദ്ധ്യകാലങ്ങളിലെ ഈ പ്രദേശത്തിന്റെ കരകൗശല, ശാസ്ത്ര, സാഹിത്യ അഭിവൃദ്ധി യൂറോപ്പിനോടു കിടപിടിയ്ക്കുന്നതായിരുന്നതും, എന്നാല്‍ ബൂര്‍ഷ്വാവിപ്ലവത്തിനു ശേഷം യൂറോപ്പ് അതിവേഗം ഈ പ്രദേശങ്ങളേക്കാള്‍ മുന്നോട്ടു പോയതും ഇതുകൊണ്ടാവണം. ചൂഷണത്തെ മതഗ്രന്ഥങ്ങളുടെ അടിസ്ഥാനത്തില്‍ ഒരു ദൈവനിയോഗമാണെന്നു വരുത്തി അതിനെ അരക്കിട്ടുറപ്പിക്കാന്‍ അന്നത്തെ ചൂഷകവര്‍ഗത്തിനു കഴിഞ്ഞിരുന്നു. കോളോണിയല്‍ സാമ്രാജ്യത്ത്വ ഭരണത്തേയും, ദേശീയ ബൂര്‍ഷ്വാഭരണത്തേയും പോലും അതിജീവിക്കാന്‍ ജാതി അടിസ്ഥാനത്തിലുള്ള ഈ ചൂഷണ വ്യവസ്ഥയ്ക്കു കഴിഞ്ഞു എന്നത് ശ്രദ്ധേയമാണ്. ഈ വായന ഏറ്റവും സ്പഷ്ടമായി സി.പി.ഐ.എമിന്റെ പാര്‍ട്ടി പദ്ധതിയില്‍ കുറിച്ചിരിക്കുന്നത് സഖാവ് ഉദ്ധരിക്കുന്നുമുണ്ട്.

Neither the British colonialists whose rule continued for over a century, nor the Indian bourgeoisie into whose hands power passed in 1947, delivered those smashing blows against pre-capitalist society which are necessary for the free development of capitalist society and its replacement by socialist society. The present Indian society therefore is a peculiar combination of monopoly capitalist domination with caste, communal and tribal institutions. It has thus fallen to the lot of the working class and its party to unite all the progressive forces interested in destroying the pre-capitalist society and to so consolidate the revolutionary forces within it as to facilitate the most rapid completion of the democratic revolution and the preparation of the ground for transition to socialism.

ഇന്ത്യയിലെ ഇതരഭാഗങ്ങളിലെ ചരിത്രം ഇപ്രകാരമായിരിക്കെ, കേരളത്തിന്റെ പാത അല്പം വ്യത്യസ്തമായിരുന്നു. ഇവിടെ ചാതുര്‍വര്‍ണ്യം അതിന്റെ പൂര്‍ണരൂപത്തില്‍ വളര്‍ന്നിരുന്നില്ല. ക്ഷത്രിയരുടെ സ്ഥാനം എടുക്കേണ്ട നായന്മാര്‍ പട്ടാളജോലിക്കൊപ്പം തന്നെ കൃഷിയിലും മറ്റു തൊഴിലുകളിലും ഏര്‍പെട്ടിരുന്നു. ക്ഷത്രിയേതര രാജകുടുംബങ്ങളും ഇവിടെ ഉണ്ടായിരുന്നു. കേരളത്തിലെ ഹിന്ദുക്കളുടെ ഇടയില്‍ ഒരു വൈശ്യവിഭാഗം ഇല്ലായിരുന്നു. വ്യാപാരം തൊഴിലായി ചെയ്തിരുന്നത് മറ്റു മതസ്ഥരും തമിഴ്‌നാട്ടില്‍ നിന്നുള്ള ചെട്ടിയാന്മാരുമായിരുന്നു. എന്നാല്‍ ബ്രാഹ്മണസംസ്കാരം കേരളത്തില്‍ വ്യാപിച്ചതിനു ശേഷം ഇന്ത്യയിലെ ഇതരഭാഗങ്ങളെ വെല്ലുന്ന രീതിയിലുള്ള അയിത്തവ്യവസ്ഥ ഇവിടെ സംജാതമാവുകയും ചെയ്തു. ഇതില്‍ നിന്ന് നമ്മള്‍ അനുമാനിക്കേണ്ടത് കേരളത്തിലെ ഗോത്രസമൂഹങ്ങളുടെ തകര്‍ച്ചയും ജാതിവ്യവസ്ഥയുടെ തുടക്കവും മറ്റിടങ്ങളില്‍ നിന്നും വ്യത്യസ്തമായിരുന്നു എന്നാണ്. കേരളത്തിലെ ഗോത്രസമൂഹം മറ്റുപ്രദേശങ്ങളിലെക്കാള്‍ കൂടുതല്‍ കാലം നിലനിന്നിരുന്നു എന്ന് വിശ്വസിക്കാന്‍ കാരണമുണ്ട്. കേരളത്തില്‍ ഒരു വ്യാപാരിവര്‍ഗ്ഗത്തിന്റെ ആവിര്‍ഭാവം വിദേശികളുടെ വരവുമായി ബന്ധപെട്ടിരിക്കുന്നു എന്നതു ഒന്ന്. ഉത്തരേന്ത്യയിലെ മഹാഭാരതവും രാമായണവും, ദ്രാവിഡമേഖലയിലെ ചിലപ്പതികാരവും മണിമേഖലയുമായി തുലനം ചെയ്യാവുന്ന സാഹിത്യകൃതികളൊന്നും ഇവിടെ ഇല്ലായിരുന്നു എന്നത് രണ്ട്. ഇന്ത്യയിലെ മറ്റു പ്രദേശങ്ങളില്‍ നിന്നും കേരളത്തിന്റെ ഭൗതിക പശ്ചാതലത്തിന്റെ ഒരു പ്രധാന വ്യത്യാസം ഇവിടെ ജലസേചനത്തിനോ മറ്റാവശ്യങ്ങള്‍ക്കോ ഒരു കേന്ദ്രീകൃത ഭരണസംവിധാനത്തിന്റെ ആവശ്യമില്ലായിരുന്നു എന്നതാണ്. അതുകൊണ്ടു തന്നെ ഇവിടെ ഉത്തരേന്ത്യയിലെ പോലെ ഭൂമി സ്വകാര്യസ്വത്തായി മാറാന്‍ തടസങ്ങളില്ലായിരുന്നു. അതങ്ങിനെയായിരുന്നു എന്നതിനു തെളിവുകളും ലഭ്യമാണ്. ഇതു സൂചിപ്പിക്കുന്നത് വളരെ വൈകി തകര്‍ന്ന ഒരു ഗോത്രസമൂഹം, തൊഴിലധിഷ്ഠിത വര്‍ഗവിഭജനത്തിലേക്ക് മാറുകയും, ജാതിവികാസം പൂര്‍ണമായിരുന്ന അയല്‍സംസ്കാരങ്ങളുമായുള്ള കുടിയേറ്റ-വ്യാപാര ബന്ധങ്ങളാല്‍ സ്വാധീനിക്കപ്പെടുകയും, സ്വകാര്യസ്വത്തുവികാസത്തിനു അനുയോജ്യമായ ഭൗതികസാഹചര്യത്തില്‍ അതിവേഗം അസമത്വപരമായി വികസിക്കുകയും ചെയ്തതാവണം കേരളത്തില്‍ സംഭവിച്ചത് എന്നാണ്. ഇത് എങ്ങിനെ ഒരു ഗോത്രസമൂഹത്തെ അതിവേഗം ജാതി അടിസ്ഥാനതിലുള്ള ഒരു ഫ്യൂഡല്‍ സമൂഹമായി മാറ്റി എന്നു ഇ. എം. എസ്. പിന്നീട് വിവരിക്കുന്നു. അതു നേരത്തെ ചോദിച്ച ഒരു ചോദ്യത്തിന്റെ ഉത്തരത്തിലേക്കും വെളിച്ചം വീശുന്നു.

ഫ്യൂഡലിസത്തിന്റെ ഉദയം

മേല്‍വിവരിച്ചതു പോലെ വര്‍ഗ-ജാതി വികസനം എല്ലാ അര്‍ഥത്തിലും ദൃശ്യമായികഴിഞ്ഞ അവസ്തയിലാണ് ചേരചക്രവര്‍ത്തികള്‍ ബി.സി അവസാനം കേരളം കീഴടക്കുന്നത്. അതുതുടങ്ങി അടുവില്‍ സ്വന്തം സൈനികശേഷിയുള്ള ശക്തരായ നാടുവാഴികളുടെയും പരിമിത അധികാരങ്ങളുള്ള രാജാക്കന്മാരുടെയും നിയന്ത്രണത്തിലുള്ള സൈനിക-ഫ്യൂഡല്‍ വ്യവസ്ഥിതിയിലേക്കു പരിണമിക്കുന്ന പാതയും, ഏതാണ്ട് എ.ഡി. അഞ്ചാം നൂറ്റാണ്ടില്‍ പെരുമാക്കന്മാരുടെ തകര്‍ച്ച വരെയുള്ള അതിന്റെ നിലനില്‍പ്പുമാണ് ഈ അധ്യായത്തിലെ പഠനവിഷയം.

ചേര, ചോള, പാണ്ഡ്യ സാമ്രാജ്യങ്ങള്‍ ദ്രാവിഡ സ്വഭാവമുള്ളതായിരുന്നു. ഉത്തരേന്ത്യയിലെ ആര്യന്‍ സാമ്രാജ്യങ്ങളുമായി അവര്‍ പലപ്പോഴും യുദ്ധത്തിലുമായിരുന്നു. എന്നാലും ജാതിവ്യവസ്ഥയുടെയും ബ്രാഹ്മണമേധാവിത്തതിന്റെയും കാര്യത്തില്‍ അവ ഇന്തോ-ആര്യന്‍ സംസ്കാരവുമായി സദൃശങ്ങളായിരുന്നു. പരസ്പര സ്വാധീനത്തില്‍ വികസിച്ച സംസ്കാരങ്ങളാണവ എന്നതു കൊണ്ടുതന്നെ ഇവയില്‍ ഏതാണ് കൂടുതല്‍ ഉത്കൃഷ്ടം എന്ന ചോദ്യം നമുക്കു പ്രസക്തമല്ല. രണ്ടിന്റെയും വികാസം എതാണ്ട് ഒരെ പാതയിലായിരുന്നു എന്നതാണ് പ്രസക്തം. എന്നാല്‍ മലകടന്ന് കേരളത്തില്‍ എത്തിയപ്പോള്‍ സ്ഥിതി വ്യത്യസ്തമായി. ദ്രാവിഡസാമ്രാജ്യങ്ങളുടെ രാജാക്കന്മാര്‍ എത്ര തന്നെ ശക്തരായിരുന്നെങ്കിലും, അവരുടെ വ്യാപാരം എത്ര വിപുലമായിരുന്നിരുന്നാലും, അവരുടെ കലാ-സാഹിത്യം എത്ര മെച്ചപെട്ടിരുന്നതായിരുന്നാലും, അവര്‍ക്കു ഇവിടെ നിലനിന്നിരുന്ന സാമൂഹ്യജീവിതരീതിയെ കാര്യമായി മാറ്റാന്‍ കഴിഞ്ഞില്ല. സഖാവ് ഇങ്ങനെ കുറിക്കുന്നു (p59)

കേരളം തൊഴില്‍വിഭജനത്തിന്റെ ബ്രാഹ്മണപദ്ധതി (സമൂഹത്തെ ഉയര്‍ന്ന-താണ ജാതികളാക്കി വിഭജിക്കുന്ന സമ്പ്രദായം) സ്വീകരിക്കുകയും അതിന്റെ തൊട്ടുകൂടായ്മയും തീണ്ടിക്കൂടായമയും പോലും ഏറ്റവും വഷളാക്കി വികസിപ്പിച്ചെടുക്കുകയും ചെയ്തപ്പോള്‍തന്നെ അതേ കാര്യങ്ങളില്‍ അത് അത്യധികം അബ്രാഹ്മണമായ സമൂഹജീവിതരൂപങ്ങളില്‍ മുറുകെപ്പിടിച്ചു. സമൂഹത്തിന്റെ ജാതികളായുള്ള വിഭജനം തമിഴ്‌നാട്ടിലും ഉത്തരേന്ത്യയിലും എന്നപോലെ കേരളത്തിലും ഒരു സ്വാഭാവിക വികാസമായിരുന്നു. എന്തെന്നാല്‍ ആദ്യകാലഘട്ടങ്ങളെക്കാള്‍ സമ്പത്തിന്റെ സഞ്ചയം മുന്നോട്ടുകൊണ്ടുപോകുന്ന ശക്തിതന്ത്രം ഇതായിരുന്നു. [പക്ഷെ] സമൂഹത്തിന്റെ ജാതികളായുള്ള ഈ വിഭജിനത്തിന്റെ സവിശേഷ ഉപയോഗവും ഒരു കേന്ദ്രീകൃതരാജ്യമായുള്ള അതിന്റെ വികസനവും കേരളത്തെ സംബന്ധിച്ചിടത്തോളം അപ്രായോഗികമായിരുന്നു. അതിനാല്‍ പഴയ ഗോത്രസ്മൂഹത്തിന്റെ തകര്‍ച്ചയ്ക്ക്, കേരളത്തിനുപുറത്തുള്ള വര്‍ഗങ്ങളും ദേശീയതകളും അവലംബിച്ചതില്‍നിന്നും വ്യത്യസ്തമായ ഒരു പാത സ്വീകരിക്കേണ്ടി വന്നു.

xdfdfd
ചിത്രം കടപ്പാട്: Lampsy@flickr

ആ പ്രക്രിയ താഴെ പറയുന്നപ്രകാരമായിരിക്കാനാണ് സാധ്യത എന്നു സഖാവ് പറയുന്നു.

(1) ചേരസാമ്രാജ്യകാലത്തോ അതിനുമുന്‍പോ തന്നെ നിലംകൃഷി വികസിച്ചിരുന്നു (മഹാഭാരത്തിലെ പരാമര്‍ശം ശ്രദ്ധിക്കുക). അതു വര്‍ഗവിഭജനത്തിന്റെ ആവിര്‍ഭാവത്തിന് ആരംഭമായി. (2) വര്‍ഗവിഭജനം ജാതിവിഭജനത്തിന്റെ രൂപംപ്രാപിച്ചു. വര്‍ധിച്ചതോതിലുള്ള സ്വത്ത് കൂട്ടിവെക്കാവുന്ന പദവിയുള്ളവര്‍ ഏറ്റവും ഉയര്‍ന്ന ജാതിയായിയായും തീരെ കഴിയാത്തവര്‍ താണജാതിയായും പരിഗണിക്കപെട്ടു. (3) ഈ ജാതിവിഭജനം അയല്‍സാമ്രാജ്യങ്ങളുമായുള്ള ബന്ധം അനായാസമാക്കുകയോ ത്വരിതപെടുത്തുകയോ ചെയ്തു. (4) ഈ ജാതിവിഭജനം ഗോത്രസഭകളെ തകര്‍ത്ത് അവയുടെ സ്ഥാനത്ത് ജാതിസമതികളെ സ്ഥാപിച്ചു. (5) തുടര്‍ന്നുള്ള കൃഷിവികസനവും ചരക്കുവ്യാപാരവും വന്‍തോതിലുള്ള സ്വത്തുസമ്പാദനത്തിലേക്കും അതുവഴി ജാതിസമതികളുടെ അധികാരം പരിമിതപെടുന്നതിലേക്കും പകരം അതു ചില ശക്തരായ കുടുംബങ്ങളുടെ കയ്യിലേക്കും, ഒടുവില്‍ ആ കുടുംബത്തിന്റെ തലവനിലേക്കും ചുരുങ്ങി. (6) ഇങ്ങനെ ഉയര്‍ന്നു വന്ന ഫ്യൂഡല്‍ പ്രമാണിമാര്‍ തമ്മില്‍ തമ്മില്‍ സ്വത്തുകള്‍ പിടിച്ചടക്കിയും, ഭക്തരായ അബ്രാഹ്മണരില്‍ നിന്നു ദാനങ്ങള്‍ സ്വീകരിച്ചും ശക്തിയാര്‍ജിച്ച് മധ്യകാല കേരളത്തിലെ സൈനിക-ഫ്യൂഡല്‍ ഭരണസംവിധാനത്തിലെത്തി. അതോടെ പ്രാചീന ഗോത്രസമൂഹത്തിന്റെ പൊതുസ്വത്ത് പൂര്‍ണയും നശിച്ച് സ്വകാര്യസ്വത്ത് വ്യക്തമായും സ്ഥാപിതമായി. (p63-65)

ഇങ്ങനെയുള്ള ഒരു ജാതിവ്യവസ്ഥയില്‍ ചൂഷകവര്‍ഗത്തിനു നേരെ ചൂഷിതര്‍ഗത്തില്‍ നിന്നു ഉയര്‍ന്നുവരാന്‍ സാധ്യതയുള്ള ചെറുത്തുനില്പിനെ തകര്‍ക്കുവാന്‍ ചൂഷകവര്‍ഗം വികസിപ്പിച്ചെടുക്കാറുള്ള യന്ത്രവിദ്യായാണ് ഒരു കേന്ദ്രീകൃത ഭരണകൂടം. ഇന്ത്യയിലെ ഇതരഭാഗങ്ങളിലെപോലെ ഇവിടെ അതു സ്വാഭാവികമായി വികസിക്കാത്തതു കൊണ്ട്, അങ്ങിനെ ഒരു ഭരണാധികാരിയെ പുറത്തുനിന്നും ഇവിടെ കൊണ്ടുവരാനുള്ള തീരുമാനം തിരുനാവായയില്‍ ചേര്‍ന്ന ഒരു ബ്രാഹ്മണസമ്മേളനത്തില്‍ വെച്ചു എടുക്കുകയുണ്ടായി. അങ്ങിനെ ആദ്യമായി നറുക്കു വീണത് കേയപുരം എന്ന രാജ്യത്തെ കേയപെരുമാള്‍ക്കാണ്. അദ്ദേഹം എ.ഡി. 216-ല്‍ ആ സ്ഥാനം ഏറ്റെടുത്തു. അതുമുതല്‍ എ.ഡി. 428 വരെ 25 പെരുമാക്കന്മാര്‍ ഇവിടെ ഭരിച്ചിരുന്നു. രാജാവ് എന്ന പദവി ഉണ്ടെങ്കിലും അനേകം നിബന്ധനകള്‍ക്കും, ബ്രാഹ്മണമേധാവിത്വത്തിനും വഴങ്ങിയാണ് അവര്‍ രാജ്യം ഭരിച്ചിരുന്നത്. അതുകൊണ്ട് തന്നെ ഈ കാലഘട്ടം രാജഭരണത്തെകാളേറെ ഒരു സൈനിക-ഫ്യൂഡല്‍ ഭരണകാലമായിരുന്നു.

ഒരു രാഷ്ട്രത്തിന്റെ ജനനം

കേരളത്തിലെ സൈനിക-ഫ്യൂഡല്‍ വ്യവസ്ഥിതി ഒടുവില്‍ കോഴിക്കോട്, കൊച്ചി, തിരുവിതാങ്കൂര്‍ എന്നിങ്ങനെ മൂന്നു രാജ്യങ്ങളുടെ ഭരണത്തിന്‍ കീഴിലായി എങ്ങനെ മാറി എന്നാണ് ഇനി പഠിക്കേണ്ടത്.

പെരുമാക്കളുടെ കാലത്തും, അതിനു ശേഷവും സ്വന്തം സൈനികശേഷിയുള്ള ശക്തരായ ഭൂപ്രഭുക്കന്മാരുടെ ഒരു സൈനിക-ഫ്യൂഡല്‍ വ്യവസ്ഥിതിയിലായിരുന്നു കേരളം എന്നു കണ്ടല്ലോ. ഇതില്‍ നിന്നും മാറി ദേശീയാടിസ്ഥാനത്തിലുള്ള ഒരു ഭരണം നിലവില്‍ വരാനുള്ള ഭൗതിക അടിത്തറ ഒരു ദേശീയകമ്പോളമാണ്. അതുകൊണ്ടു തന്നെയാണ് പലപ്പോഴും ദേശങ്ങളുടെ അതിര്‍ത്തികള്‍ ഭാഷാടിസ്ഥാനത്തിലാകുന്നത്. കേരളത്തില്‍ പെരുമാക്കന്മാരുടെ തകര്‍ച്ചയെ തുടര്‍ന്നുള്ള കാലഘട്ടത്തില്‍ പതുക്കെ ഒരു ദേശീയ കമ്പോളം ഉണ്ടായി വന്ന പ്രക്രിയ സഖാവ് ഇങ്ങനെ വിവരിക്കുന്നു (p85).

ആ കാലഘട്ടത്തില്‍ ഉല്‍പ്പാദനത്തിലും വിനിമയത്തിലുമുണ്ടായ വികസനം - നാളികേരം പോലെ ഭക്ഷ്യേതര വിളകളുടെ ആവിര്‍ഭാവം‌, പ്രാഥമിക ഉല്‍പന്നങ്ങളെ വീണ്ടുമുള്ള (രണ്ടാംഘട്ട) ഉല്‍പ്പാദനത്തിന് ചില പ്രക്രിയകളുടെ അംഗീകാരം, കൈത്തൊഴിലുകളുടെ വികസനവും സമ്പൂര്‍ണതയും, ദേശീയവും വൈദേശികവുമായുള്ള അനേകം ഉല്‍പ്പന്നങ്ങളുടെ വിനിമയം തുടങ്ങിയവ - ആഭ്യന്തര-വിദേശ വ്യാപാരത്തിന്റെ വികസനത്തിലേക്കും, നാണയത്തിന്റെ കൂടുതല്‍ കൂടുതല്‍ ഉപയോഗത്തിലേക്കും ഭൂപണയം, ക്രയവിക്രയങ്ങള്‍ എന്നിവയിലേക്കും നയിച്ചു. അങ്ങനെ സാവധാനത്തിലും, തലമുറകളിലൂടെയുമെങ്കിലും തീരെ പിഴവുകൂടാതെ ദേശീയതയുടെ രൂപീകരണത്തിനുള്ള ഒരു മുന്‍ ഉപാധിയായ ദേശീയകമ്പോളം ആവിര്‍ഭവിക്കുകയായിരുന്നു.

ഈ ദേശീയകമ്പോളത്തിന്റെ അവിര്‍ഭാവത്തിനു മുന്‍ ഉപാധിയായി വിവിധ ഗ്രാമ്യഭാഷകളെ ഏകികരിച്ച് ഒരു ദേശീയഭാഷയുടെ രൂപപ്പെടെലും, തമിഴിന്റെയും സംസ്കൃതതിന്റെയും പിടിയില്‍നിന്നു മോചിതമായ സാഹിത്യത്തിന്റെ വരവും, അതോടൊപ്പം കഥകളി, ഓട്ടന്‍തുള്ളല്‍, കൂത്ത് തുടങ്ങിയ ദേശീയകലകളുടെ പ്രചാരവും ഈ കാലഘട്ടത്തില്‍ നടന്നു. സ്വന്തമായി ഉല്‍പ്പാദനപ്രക്രിയയയില്‍ ഏര്‍പെടാതെ, മറ്റു വര്‍ഗങ്ങളുടെ ഉല്‍പ്പാദനത്തിന്റെ ഒരു നിശ്ചിതവിഹിതം പറ്റി, മുഴുവന്‍ സമയവും ബൗദ്ധികതൊഴിലില്‍ ഏര്‍പെടാനുള്ള സാഹചര്യമുണ്ടായിരുന്ന ഒരു വര്‍ഗം ഇവിടെ ഉണ്ടായിരുന്നു എന്നതുകൊണ്ടാണ് ഇതു സാധ്യമായത് എന്നും സഖാവ് ഓര്‍മപെടുത്തുന്നു.

അറബികള്‍, പോര്‍ച്ച്യുഗീസുകാര്‍, ഡച്ചുകാര്‍ തുടങ്ങി ഒടുവില്‍ ബ്രിട്ടീഷുകാര്‍ വരെയുള്ള വിദേശികളുടെ വരവ് ഈ ദേശീയകമ്പോളത്തെ പുഷ്ടിപെടുത്തി. വ്യാപാരത്തിന്റെ വളര്‍ച്ചയക്ക് ഒരു അഭ്യന്തരകമ്പോളത്തിന്റെ സ്ഥിരതയും വികസനവും ആവശ്യമായി വന്നതിനാല്‍ അത് ചെറുരാജ്യങ്ങളെ ഫലശൂന്യവും കാലഹരണപെട്ടതുമാക്കിത്തീര്‍ത്തു. കോഴിക്കോട്ടെ സാമൂതിരിയും, കൊച്ചിയിലെയും തിരുവിതാംകൂറിലെയും രാജാക്കന്മാരുമാണ് ചെറുരാജ്യങ്ങളുടെ ചിലവില്‍ ശക്തരായിത്തീര്‍നത്. സഹായം അര്‍ഹരായവരെ സഹായിച്ചും, അനുരഞ്‌ജനപ്പെടേണ്ടവരോട് അനുഞ്‌ജനപെട്ടും, ഭീഷണിപെടുത്തേണ്ടവരെ ഭീഷണിപെടുത്തിയും, പടവെട്ടേണ്ടവരോടു പടവെട്ടിയും, കശക്കാവുന്നവരെ കശക്കിയും അവര്‍ അതിശക്തരായി തീര്‍ന്നു. അവര്‍ തങ്ങളുടെ അധികാരം ഫ്യൂഡല്‍ പ്രമാണിമാരുടെയും ക്ഷേത്രസംഘടനകളുടെയും മുകളിലും ഉറപ്പിച്ചു. ദേശീയ ഐക്യം, ലോകത്തെവിടെയും പോലെ ഇവിടെയും, കായികശക്തിയുടെ വിനിയോഗത്തിലൂടെ തന്നെയാണ് കടന്നുവന്നത്. അതിനോടൊപ്പം വികസിച്ച കലയും സാഹിത്യവും മാത്രം അയവിറക്കുന്ന ബൂര്‍ഷ്വാപ്രചാരകര്‍ അതിനെ എത്ര വിസ്മരിച്ചാല്‍ കൂടിയും.

പിന്നീടാണ് കേരളത്തിലേക്കു സാമ്രാജ്യത്വം കടന്നു വരുന്നത്. പിന്നീടങ്ങോട്ടുള്ള ചരിത്രം പഠിക്കുന്നതിനു ഒട്ടനവധി തെളിവുകള്‍ ചരിത്രവിദ്യാര്‍ഥികള്‍ക്കു ലഭ്യമാണ്. പ്രബലവര്‍ഗങ്ങള്‍ തങ്ങളുടെ ഇഷ്ടങ്ങള്‍ക്കനുസൃതമായി എഴുതി വച്ചിരിക്കുന്ന പില്കാല ചരിത്രത്തെയും തൊഴിലാളിവര്‍ഗ കാഴ്ചപ്പാടോടെ മാറ്റിയെഴുതാനുള്ള ശ്രമം നടത്തേണ്ടതുണ്ട്. സഖാവ് ഇ എം എസ് അതു തന്റെ പുസ്തകത്തില്‍ നിര്‍വഹിക്കുന്നുണ്ട്. പക്ഷെ ഈ പ്രബന്ധത്തിന്റെ പരിഗണനയില്‍ ആ വിശദാംശങ്ങള്‍ വരുന്നില്ല.