വരും ഇനിയൊരുകാലം - ഓര്‍മപ്പെടുത്തലുകളോടെ ഒരു നാടകയാത്ര

കൈക്കോട്ട്‌ ഉയര്‍ത്തിപ്പിടിച്ച്‌ പ്രാണരക്ഷാര്‍ത്ഥം ഓടുകയാണ്‌ സഹായി നാരായണന്‍. അയാളെ ഇട്ടോടിക്കുകയാണ്‌ കുഞ്ഞിക്കണ്ണന്‍മാഷും കൂട്ടരും. എല്ലവര്‍ക്കും സഹായിനാരായണനെ വെണം .അവനെ ഇങ്ങിനെ ഇട്ടോടിക്കാതെടാ...ചൂലുയര്‍ത്തിപ്പിടിച്ച്‌ സഹായിനാരായണന്റെ അമ്മ അലറിവിളിക്കുന്നുമുണ്ട്‌." നിനക്കുമില്ലെടാ തണ്ടും തടിയുമുള്ള ഒരു മോന്‍ അവനെക്കൊണ്ട്‌ കണ്ടം കൊത്തിച്ചാലെന്താ....."സഹായി നാരായണന്റെ അമ്മ ചോദിക്കുകയാണ്‌... "കുഞ്ഞിക്കണ്ണന്‍ മാഷിന്റെ മകന്‍ കണ്ടം കൊത്ത്വേ..... അയിനാണൊ ഓന്‍ വല്ല്യേ യൂണിവേഴ്സിറ്റീന്‌ പാസ്സായത്‌ ... നാളെ ആകാശത്ത്‌ ബാങ്ക്‌ നടത്തണ്ടോനാ ഓന്‍.."ദ്വേഷ്യത്തോടെ അതും പറഞ്ഞ്‌ മാഷ്‌ സഹായി നാരായണന്റെ പിന്നാലെ ഓടുകയാണ്‌

അതുപോലെ എല്ലാവര്‍ക്കും സഹായി നാരായണനെ വേണം . തേങ്ങയിടണം, കണ്ടം കൊത്തണം, കിണര്‍ വൃത്തിയാക്കണം, അങ്ങിനെ പലകൂട്ടം പണികളുണ്ട്‌ അതൊക്കെ ചെയ്യാന്‍ നാട്ടില്‍ സഹായി നാരായണേയൊള്ളൂ. അവനാണെങ്കില്‍ ഇതിനൊന്നും സമയമില്ല ഇപ്പോള്‍തന്നെ രണ്ടായിരത്തി പതിനാല്‌ ജനുവരി വരെ അവന്‍ പണിയേറ്റിട്ടുണ്ട്‌. രണ്ടായിരത്തിപതിനാല്‌ ജനുവരിയില്‍ ഞാന്‍ ചെയ്തോളാം എന്നവന്‍ ഓടുമ്പോള്‍ വിളിച്ചു പറയുന്നുമുണ്ട്‌ ആര്‌ കേള്‍ക്കാന്‍ ...?

ഒടുവില്‍ എല്ലാവരും കൂടി നാരായണനെ എടുത്തു തൂക്കി കൊണ്ടു പോകുന്നു .പിന്നീട്‌ കാണുന്ന കാഴ്ച കൊട്ടേഷന്‍ സംഘത്തിന്റെ പിടിയിലാണ്‌ സഹായി നാരായണന്‍ അയാള്‍ ഓടിപോകാതെ പണിചെയ്യിപ്പിക്കാന്‍ മുതലാളി ഏര്‍പ്പാടു ചെയ്തതാണ്‌ കൊട്ടേഷന്‍ സംഘത്തെ അവിടെ നിന്ന് സഹായി നാരായണന്‍ ജനങ്ങളോട്‌ സംവദിക്കുകയാണ്‌. "പണ്ടീപാടം എങ്ങിനെയായിരുന്നു... കണ്ടം കൊത്താന്‍ കോരേട്ടന്‍.... തെങ്ങില്‍ കയറാന്‍ കൃഷ്ണേട്ടന്‍ ...പുല്ലരിയാന്‍ ജാന്വേടത്തി....." ഓര്‍മകളില്‍ മുഴുകി നാരായണന്‍ ഉറക്കെ വിളിക്കുകയാണ്‌ 'കോരേട്ടാ...ഓാ‍ാ‍യ്‌.....' അതിന്‌ മറുവിളി ഉയരുന്നു 'ഓാ‍യ്‌.....'

തുടര്‍ന്ന്‌ പൊയ്പ്പോയ കാര്‍ഷിക സ മൃദ്ധിയുടേയും ജല സ മൃദ്ധിയുടേയും നാളുകളില്‍ നിന്ന് കോരേട്ടനും, ശങ്കരേട്ടനും കൃഷ്ണേട്ടനും, ജാന്വേടത്തിയും വിവിധ കൂലിപണികളുമായി രംഗത്തെത്തുന്നു. വേദി ഒരു പാട ശേഖരമായി മാറുന്നു.... നാട്ടു പണികളുടെ മെയ്‌ വഴക്കം പ്രകടമാകുന്ന ചലനങ്ങള്‍... ചെടിത്തലപ്പുകളുടേയും,ഉറവകലുടേയും, വിളവുകളുടേയും സാന്നിദ്ധ്യം രംഗത്ത്‌ ചലനങ്ങളാലും ഭാവങ്ങളാലും പകര്‍ത്തുന്ന കലാകരന്‍മാര്‍ .... ഹൃദയത്തോട്‌ നേരിട്ട്‌ സംവദിക്കുന്ന നാട്ടു സ്നേഹാന്വേഷണങ്ങള്‍ ....കര്‍ഷക സമൂഹം കാത്തു സൂക്ഷിച്ച മാനവീകതയിുടെ ആഴത്തിലുള്ള ബന്ധങ്ങള്‍....

xdfdfd

കേരളത്തില്‍ ഭൂപരിഷ്കരണത്തിനു ശേഷം കൈവന്ന കാര്‍ഷിക ബന്ധങ്ങളുടെ കരുത്തും ഉല്‍പാദനബന്ധങ്ങളും ഉല്‍പാദനും നല്‍കുന്ന ഐശ്വര്യപൂര്‍ണ്ണമായ നാളുകളിലെ ജനജീവിതവും അത്‌ നല്‍കുന്ന സാമൂഹ്യ സുരക്ഷിതത്വവും പാടത്തിന്റെ പശ്ചാതലത്തില്‍ കാണികളിലേക്ക്‌ പകരുന്നു... മണ്‍കലത്തില്‍ കഞ്ഞിയും ചക്ക കൂട്ടാനും അത്‌ വിളമ്പാന്‍ ഇലയും ചിരട്ടക്കൈലുമായി കൃഷ്ണേട്ടന്റെ മകള്‍ സുനിത രംഗത്തെത്തുന്നതോടെ എല്ലാവരും ഉച്ചക്കഞ്ഞിക്ക്‌ തയ്യാറാകുന്നതിന്റെ ചലനങ്ങള്‍ ...കയ്യും കാലും മുഖവും കഴുകുന്നവര്‍.... ഇലയിട്ടിരിക്കുന്നവര്‍.... രുചിനോക്കുന്നവര്‍ ... അതിലൊരാള്‍ ചക്കകൂട്ടാനുപ്പില്ല എന്നു വിളിച്ചു പറയുന്നു.... വേണ്ടത്ര ഉപ്പിടാത്ത സുനിതയോട്‌ "ഇയ്യ്‌ നാളെ ഒരന്വവീട്ടില്‍ കഴിയണ്ടോളല്ലെ സുനിതേ... നാരാണേട്ടാ ഇങ്ങള്‌ പറഞ്ഞൊട്ക്കീ" എന്ന്‌ സ്നേഹസംമ്പന്നനായ നാരാണേട്ടന്‍ സുനിതയെ ഉപദേശിക്കുന്നു "സുനിതേ ഇയ്യ്‌ നാളെ ഒരന്യ വീട്ടിലേക്ക്‌ കേറിച്ചെല്ലണ്ടോളല്ലേ.... നന്നായിട്ട്‌ വെച്ച്ണ്ടാക്കാനെങ്കിലും ഇന്റെ കുട്ടി പഠിക്കേണ്ടേ...." കേരള സാംസ്കാരികരംഗത്ത്‌ കടന്നു വന്നുകൊണ്ടിരിക്കുന്ന മാറ്റം സുനിത പ്രകടമാക്കുന്നത്‌ നാരാണേട്ടന്റെ ചോദ്യത്തിനുള്ള ഉത്തരമായാണ്‌ . "അയിന്‌ ന്റെ നാരാണേട്ടാ..അവ്ടെ ഒന്നൂം വെച്ച്‌ ണ്ടാക്കാറില്ല" നാരാണേട്ടന്‍ അത്ഭുതപ്പെടുന്നു "പിന്നെ ഓല്‍ക്കെന്താ വെപ്പും തീനും ഒന്നും ഇല്ലേ..." ആടെല്ലാം പാര്‍സലാ.... എന്നാണതിന്‌ സുനിതപറയുന്ന ഉത്തരം. കാലം പോകുന്ന പോക്കുകണ്ട്‌ നാരാണേട്ടന്‍ ദീര്‍ഘ നിശ്വാസത്തോടെ "ആ...... അന്നെ ഓല്‌ പാര്‍സലാക്കാതെ നോക്ക്യാല്‍ മതി" എന്നു പറയുന്നു . എല്ലാവരും ഉച്ചക്കഞ്ഞി കഴിച്ച്‌ വിവിധ പണികളിലേക്ക്‌ പിരിയുന്നു " ഭാര്‍ഗ്ഗവാ തേങ്ങ ഇട്ടിട്ടില്ല ... അത്‌ ചെക്കക്കന്‍മാര്‌ രാത്രീല്‌ കക്ക്ണ്‌ ണ്ട്‌ നാളേങ്കിലും തേങ്ങയിടണം എന്ന്‌ കൃഷ്നേട്ടന്‍ പറയുമ്പോള്‍ ഭാര്‍ഗ്ഗവാ .. തേങ്ങയിടാന്‍ ഇയ്യ്‌ കൃഷ്ണേട്ടനെ സഹായിക്ക്‌ അല്ലേല്‍ ചെക്കന്‍മാര്‍ വാട്ടീസടിക്കാന്‍ അതെല്ലാം കട്ട്‌ വില്‍ക്കും എന്ന്‌ നാരാണേട്ടന്‍ ഉപദേശിക്കുന്നിടത്ത്‌ എല്ലാവരും പിരിയുന്നു . നാരയണന്‍ വേദിയില്‍ ഒറ്റക്കാകുന്നു..... നമ്മളിതുവരെ കണ്ടത്‌ നാരായണന്റെ ഓര്‍മകളാണ്‌ ..... നാരായണന്‍ പറയുന്നു .. "അന്നീ പാടത്തു നിന്നു പോയവര്‍ പിന്നെ തിരിച്ചു വന്നില്ല ഭാര്‍ഗ്ഗവര്‍ ഗള്‍ഫില്‍ പോയി ... കോരേട്ടന്‍ ഭൂമിക്കച്ചവടക്കാരനായി .. കൃഷ്ണേട്ടന്‌ ....കൃഷ്ണേട്ടന്‌ ... അതയാള്‍ക്ക്‌ മുഴുമിപ്പിക്കാന്‍ കഴിയുന്നില്ല ....കൃഷ്ണനെ ഭ്രാന്തനാക്കിയ പാടാണിത്‌ ആ കഥ നിങ്ങള്‍ക്കറിയ്യോ....ആ കഥ പറയുകയാണ്‌ പിന്നെ നാരായണന്‍...കല്ല്യാണ സ്വപ്നവുമായിട്ടിരിക്കുന്ന സുനിത പണികഴിഞ്ഞ്‌ കയറിവരുന്ന കൃഷ്ണന്‍ "സുനിതേ..കുടിക്കാനെന്തെങ്കിലും ...." അവളതു കേള്‍ക്കുന്നില്ല "സുനിതേ..ഇയ്യ്‌ എവിടേണ്‌ ...???"സുനിത സ്വപ്നത്തില്‍ നിന്നുണരുന്നു .... അച്ഛാ ഞാനിന്നു കണ്ട സ്വപ്നത്തില്‍ മുപ്പത്തിയഞ്ചു പവനുണ്ടായിരുന്നു ഇന്നലെത്തേതിനേക്കാള്‍ അഞ്ചു പവന്‍ കൂടി..അവള്‍ തന്റെ സ്വപ്നം അച്ഛനുമായി പങ്കു വെക്കുകയാണ്‌ .. സുനിതേ...... സുനിതേ ഞാനിതെല്ലാം എവിടെന്നുണ്ടാക്കും അയാല്‍ക്ക്‌ ആധിയായി .. " ഞാന്‍ വല്ലതും ചെയ്യും " സുനിത ഉറച്ചു തന്നെയാണ്‌... കല്ല്യാണ ചെലവിലെക്കായി അയാള്‍ പാടം വില്‍ക്കുന്നു വാങ്ങാന്‍ വരുന്നവര്‍ സെന്റിന്‌ അയ്യായിരം പറയുന്നു അയാള്‍ക്ക്‌ സമ്മതമല്ല ..സുനിതക്കു വേണ്ടി അയാള്‍ അഞ്ചേക്കര്‍ പാടം വില്‍ക്കുന്നു. വാങ്ങാന്‍ വന്നവര്‍ അഡ്വാന്‍സ്‌ നല്‍കി കച്ചവടം ഉറപ്പിച്ച്‌ ആ ഭൂമി തമ്മില്‍ തമ്മില്‍ വില്‍ക്കുന്നു വില്‍പ്പനയുടെ അവസാന ഘട്ടത്തില്‍ സെന്റിന്‌ ഒരു ലക്ഷമായി ഉയരുന്നു ഇതു കണ്ട്‌ കൃഷ്ണന്‍ തനിക്കുകിട്ടിയ അഡ്വാന്‍സ്‌ നോക്കി " എനിക്കയ്യായിരം ..ഓന്‌ ഒരുലക്ഷം എന്ന്‌ ആദ്യം പതുക്കേയും പിന്നീട്‌ ഉറക്കേയും ഒടുവില്‍ അതൊരലര്‍ച്ചയായും ആവര്‍ത്തിക്കുന്നു.....അങ്ങനെ കൃഷ്ണന്‌ ഭ്രാന്താകുന്നു....

കാര്‍ഷിക കേരളത്തിന്റേയും കേരള സംസ്കാരത്തിന്റേയും ദുരന്തവും നിലവിളികളും എടുത്തുകാണിച്ച്‌ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്‌, സുവര്‍ണ്ണ ജൂബിലി സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച,നാടകയാത്ര ജില്ലയിലെ നാല്‍പ്പതു കേന്ദ്രങ്ങളില്‍ അവതരിപ്പിച്ച തെരുവു നാടകത്തിലെ ജീവന്‍ തുടിക്കുന്ന രംഗങ്ങളില്‍ ചിലതാണ്‌ നമ്മള്‍ മുകളില്‍ വായിച്ചത്‌. കനത്ത പരിസ്ഥിതി തകര്‍ച്ചക്ക്‌ സാക്ഷ്യം വഹിക്കുന്ന ജില്ലയിലൂടെ രണ്ടു സംഘങ്ങളായി ചുട്ടുപൊള്ളുന്ന വെയില്‍ വകവെക്കാതെ നാടകയാത്ര കടന്നുപോയപ്പോള്‍, അത്‌ മുന്നോട്ടുവെക്കുന്ന സാമൂഹ്യപ്രശ്നങ്ങള്‍ അനുഭവിക്കുന്ന ജനങ്ങള്‍ തങ്ങളുടെ വീട്ടു മുറ്റത്തും, വയനശാലമുറ്റത്തും, തെരുവോരങ്ങളിലും സ്വീകരണങ്ങല്‍ സംഘടിപ്പിച്ച്‌ ജാഥയെ വരവേറ്റു. ഗിരീഷ്‌ ഗ്രാമികയുടെ രചന 'വരും ഇനിയൊരുകാലം' ആണ്‌ നാടകയാത്രയില്‍ തെരുവില്‍ അവതരിപ്പിച്ചത്‌. രണ്ടു കലാജാഥകളിലായി ഇരുപത്തിനാലുപര്‍ ഉള്‍പ്പെട്ട സംഘമാണ്‌ അണിനിരന്നത്‌ . നാടയാത്രക്ക്‌ എന്‍.മഖ്ബൂല്‍,ഡോ:ഇ.എം .സുരജ, ടി. അജിത്‌കുമാര്‍, കെ. പി. ബിന്ദു ,എന്നിവര്‍ നേതൃത്വം നല്‍കി സാബുരാമകൃഷ്ണന്‍,സുബ്രഹ്മണ്യന്‍ ചെമ്രക്കാട്ടൂര്‍ എന്നിവര്‍ ക്യാപ്റ്റന്‍മാരായിരുന്നു. സജിജേക്കബ്‌,വേണുപാലൂര്‍ ,എം.ഗോപാലന്‍ തുടങ്ങിയര്‍ നാടകയാത്രയില്‍ സംസാരിച്ചു.

xdfdfd
കനത്ത പരിസ്ഥിതി തകര്‍ച്ചക്ക്‌ സാക്ഷ്യം വഹിക്കുന്ന ജില്ലയിലൂടെ രണ്ടു സംഘങ്ങളായി ചുട്ടുപൊള്ളുന്ന വെയില്‍ വകവെക്കാതെ നാടകയാത്ര കടന്നുപോയപ്പോള്‍, അത്‌ മുന്നോട്ടുവെക്കുന്ന സാമൂഹ്യപ്രശ്നങ്ങള്‍ അനുഭവിക്കുന്ന ജനങ്ങള്‍ തങ്ങളുടെ വീട്ടു മുറ്റത്തും, വയനശാലമുറ്റത്തും, തെരുവോരങ്ങളിലും സ്വീകരണങ്ങല്‍ സംഘടിപ്പിച്ച്‌ ജാഥയെ വരവേറ്റു.

"ഞാനാണിവിടെത്തെ സഹായി നാരായണന്‍.... " ഞാനാണിവിടെത്തെ കൃഷ്ണേട്ടന്‍" എന്നും സ്വയം പരിചയപ്പെടുത്തി പലരും പല കേന്ദ്രങ്ങളിലും മുന്നോട്ട്‌ വന്നത്‌ നാടകയാത്ര മുന്നോട്ട്‌ വെക്കുന്ന ആശയങ്ങല്‍ എത്രമാത്രം നീറുന്ന ജനകീയ പ്രശ്നങ്ങളായി സമൂഹത്തില്‍ നിലനില്‍ക്കുന്നൂ എന്നതിന്റെ തെളിവാണ്‌. ജനങ്ങള്‍ നേരിടുന്ന നീറുന്ന പ്രശ്നങ്ങള്‍, വികസനം എന്ന്‌ വിവിധ മാഫിയകള്‍ ഓമനപ്പേരിട്ടു വിളിക്കുന്ന പരിസ്ഥിതി നാശത്തിന്റേയും, സാംസ്കാരിക തകര്‍ച്ചയുടേയും വ്യാപനത്തില്‍ എത്രമാത്രം പാര്‍ശ്വവല്‍ക്കരിക്കപ്പേടുന്നു എന്നതിന്റെ തെളിവാണ്‌ പൊതുരംഗത്ത്‌ ഇതൊന്നും ചര്‍ച്ചയായി വേണ്ടതോതില്‍ കടന്നുവരാത്തത്‌. സാമുദായിക ശക്തികളുടെ തര്‍ക്കവിതര്‍ക്കങ്ങളും പങ്കുവെക്കലുകളും രാഷ്ട്രീയ നേതാക്കളുടെ അഴിമതിയും വഴിവിട്ട ജീവിത കഥകളും മുഖ്യ "സാംസ്കാരിക" വിഷയമായ ഇക്കാലത്ത്‌ കേള്‍ക്കേണ്ട നിലവിളികള്‍ കേള്‍പ്പിക്കാന്‍ ശക്തമായ ഇടപെടലുകള്‍ കാലം ആവശ്യപ്പേടുന്നൂ എന്ന്‌ ഈ കൊച്ചു നാടക യാത്ര തെളിയിക്കുന്നു. കേള്‍ക്കാന്‍ റിയാലിറ്റിഷോകള്‍ക്കും,സ്റ്റാര്‍ സിംഗര്‍ കോപ്രായങ്ങ്ല്ക്കും,കണ്ണീര്‍ സീരിയലുകള്‍ക്കും, മാത്രമല്ല ആളുകളുള്ളത്‌ എന്നും, വീട്ടുമുറ്റത്തേക്കും തെരുവോരത്തേക്കും കടന്നു ചെന്നുള്ള സംവാദത്തിന്റെ പ്രസക്തി എക്കാലത്തും നിലനില്‍ക്കുന്നതാണേന്നും നാടക്‌ യാത്ര യിലെ അനുഭവങ്ങള്‍ പഠിപ്പിക്കുന്നു. നമ്മുടെ കാഴ്ച്ചപ്പടുകളിലും ജീവിതരീതികളിലും സമൂലമായ മാറ്റം കാലഘട്ടം ആവശ്യപ്പെടുന്നുണ്ട്‌. സമൂലമായമാറ്റത്തിമുവേണ്ടിയുള്ള ശ്രമങ്ങളെ അപ്രായോഗീകമെന്നും വികസനവിരുദ്ധമെന്നും പരിഹസിക്കുന്ന ഒരു സാമൂഹ്യസാഹചര്യം ഇന്ന്‌ നിലനില്‍ക്കുന്നുണ്ട്‌ വ്യവസ്ഥക്കും സംവിധാനത്തിനും നേതൃത്വം കൊടുക്കുന്നവര്‍ ഇന്ന്‌ കൈകാര്യം ചെയ്യുന്ന കാര്യങ്ങള്‍ അത്യന്തം പ്രതിലോമകരമാണ്‌. സാമുദായിക ബന്ധങ്ങളിലും, സാമ്പത്തിക ബന്ധങ്ങളിലും ഇടപെട്ട്‌, സ്വന്തം ഭാവി ഭാസുരമാക്കുന്നതില്‍ അപ്പൂറം സാമൂഹ്യലക്ഷ്യങ്ങളില്ലാത്ത ഒരു പിടി ആളുകള്‍, സമൂഹത്തെ സര്‍വ്വനാശത്തിലേക്ക്‌ നയിക്കുകയാണ്‌. സാമ്പത്തിക അസംന്തുലിതാവസ്ഥയും, പാരിസ്ഥിതിക അസന്തുലിതാവസ്ഥയും ആണ്‌ വികസനം, എന്ന്‌ തെറ്റിദ്ധരിക്കുകയാണിവര്‍. അങ്ങിനെ നിലപാടുകളാലും ആശയപരമായും വരണ്ട ഒരു കാലത്ത്‌ പരിഷത്ത്‌ പാരിസ്ഥിതിക -സാമൂഹ്യ വെല്ലു വിളികളെ തുറന്നു കാണീക്കുന്ന ഒരു നാടകയാത്രയിലൂടെ സംവാദത്തിന്റെ അനന്ത സാധ്യതകളുള്ള തെരുവോരങ്ങളേയും ,നാട്ടുകൂട്ടങ്ങളേയും അരങ്ങാക്കി മാറ്റുന്നു. നമ്മുടെ തെരുവുകളേയും വീട്ടു മുറ്റങ്ങളേയും നാലാള്‍കൂടുന്ന മറ്റിടങ്ങളേയും യഥാര്‍ത്ഥ ജീവിത പ്രശ്നങ്ങള്‍ എടുത്തുയര്‍ത്തുന്ന പരിഹാരത്തിന്‌ ബദലുകള്‍ സൃഷ്ടിക്കുന്ന ജനകീയ വേദികളാക്കാനുള്ള അഹ്വാനമാണ്‌ പരിഷത്ത്‌ നടത്തുന്നത്‌.