പെണ്ണേ, നിനക്കും പഠിപ്പിടങ്ങള്‍ക്കും തമ്മിലെന്ത്?

ഇന്ത്യയില്‍ ഒരു പെണ്ണിന്റെ ഇടങ്ങള്‍ ഏതൊക്കെയാണ്, അവിടെയൊക്കെ അവള്‍ ഉണ്ടായിരിക്കേണ്ട സമയങ്ങള്‍ ഏതൊക്കെയാണ് എന്ന് "ഇന്ത്യയുടെ മകള്‍" എന്ന ഡോക്യുമെന്ററിയിലൂടെ ´മഹത്തായ´ ഇന്ത്യന്‍ സംസ്കാരത്തിന്റെ ആണ്‍ശബ്ദം ലോകത്തിനു മനസ്സിലാക്കി കൊടുത്തു കൊണ്ടിരിക്കുകയാണ്. അതേസമയം, ആ ഇന്ത്യയിലെ ഏറ്റവും വിദ്യാദ്യാസ - സംസ്കാര സമ്പന്നര്‍ എന്നു സ്വയം കരുതുന്ന ¨മല്ലു¨ ജനത, നിയമസഭയില്‍ സഹപ്രവർത്തകയുടെ ഇടങ്ങള്‍ എങ്ങനെ നിശ്ചയിക്കുമെന്നു നാലാം തൂണ് എന്നവര്‍ വിളിച്ചു കൊണ്ടിരിക്കുന്ന ദൃശ്യമാധ്യമങ്ങളിലൂടെ ´ജമീലയുടെ ലീലകളായി´ ഇന്ത്യയ്ക്ക് തന്നെ കാണിച്ചു കൊടുത്തു കൊണ്ടിരിക്കുന്നു.

ഇതൊക്കെ നടക്കുമ്പോള്‍ കേരളത്തിലെ പെണ്ണുങ്ങള്‍ തങ്ങളടെ ഇടങ്ങള്‍ക്ക് വേണ്ടിയുള്ള രണ്ട് സമരങ്ങള്‍ നടത്തുന്നുണ്ട്. ആദ്യത്തേത്, ഈയടുത്തകാലത്ത് കേരളം കണ്ട ഏറ്റവും ആർജ്ജവമുള്ള സമരം : ഇരിക്കല്‍ സമരം. പണിയിടത്തില്‍ ഇരിക്കുക, മൂത്രമൊഴിക്കാന്‍ സമയം അനുവദിക്കുക എന്നുള്ള, ആധുനിക മനുഷ്യന്‍ കേട്ടാല്‍ അമ്പരന്ന് പോകുന്ന, മൗലീക-മാനുഷികാവകാശങ്ങള്‍ക്ക് വേണ്ടിയാണ്. എഴുപതു ദിവസത്തിലേറെ നീണ്ട, കല്യാണ്‍ സാരീസിനു മുന്പിലുള്ള, ആ ഇരിപ്പ് മെയ് ഒന്നുമുതല്‍ കേരളമാകമാനമുള്ള ടെക്സ്റ്റൈല്‍ തൊഴിലാളികള്‍ ഏറ്റെടുക്കുകാന്‍ പോവുകയാണ്. സംഘടിതരാകുക എന്നത് തന്നെയാണു ചൂഷണം നേരിടാനുള്ള ബാലപാഠം.

ഇങ്ങനെ പല പാഠങ്ങളും പഠിപ്പിക്കുന്ന പഠിപ്പിടങ്ങളില്‍ പെണ്ണിന്റെ സ്ഥാനം എന്താണ്? ആ ചോദ്യത്തിനുള്ള ഉത്തരമാണ്, ബ്രേക്ക്‌ ദ കർഫ്യൂ (Break the Curfew) എന്ന പേരില്‍ തിരുവനന്തപുരത്തെ കോളേജ് ഓഫ് എഞ്ചിനീറിംഗിലെ വിദ്യാര്‍ത്ഥിനികള്‍ നടത്തുന്ന സമരം. രാത്രി 8 വരെ ലൈബ്രറിയും 9 വരെ കമ്പ്യൂട്ടര്‍ സൗകര്യവും ഉണ്ടെങ്കിലും 6.30 നു ഹോസ്റ്റലില്‍ കയറിക്കൊള്ളണം എന്ന ´നിരോധനാജ്ഞ´യ്ക്കെതിരെയാണ് പെണ്‍കുട്ടികള്‍ സമരം ചെയ്യുന്നത്.

ഈ സമരത്തെക്കുറിച്ചുള്ള ഒരു ശരാശരി മല്ലു പ്രതികരണം ഇങ്ങനെയാണ്: ¨ ഇവളുമാർക്ക് ലൈബ്രറിയില്‍ ഇരുന്നു തന്നെ പഠിക്കണോ? പുസ്തകം എടുത്ത് ഹോസ്റ്റലില്‍ പോയി ഇരുന്നു വായിച്ചൂടെ? എല്ലാത്തിന്റേയും കയ്യില്‍ ലാപ്ടോപ് കാണും, ഹോസ്റ്റലില്‍ ഇരുന്നു പണിതൂടെ? രാത്രി തെണ്ടി തിരിഞ്ഞ് നടക്കണം. അതിനുള്ള അടവാണിത്¨ എന്നതാണ്. ഇത്തരം പ്രതികരണങ്ങളെ കുറിച്ച് ലൈബ്രറിയില്‍ ഇരുന്ന് റഫര്‍ ചെയ്ത് പ്രൊജക്റ്റുകള്‍ എഴുതുന്ന, ധാരാളം പ്രോഗ്രാമുകളും കൂടുതൽ കമ്പ്യൂട്ടേഷന്‍ പവറുമുള്ള മഷീനുകള്‍ ഉപയോഗിച്ച് പ്രോജക്ടുകൾ ചെയ്യാന്‍ പറ്റുന്നവരും അതില്ലാത്തവരുമായി താരതമ്യം ചെയ്ത് വായനക്കാര്‍ തന്നെ വിലയിരുത്തുക.

കേരളത്തില്‍, പ്രായത്തിനനുസരിച്ച് ആണ്‍കുട്ടിയുടെ സ്വാതന്ത്ര്യവും വളരുന്നുവെങ്കിൽ പെണ്‍കുട്ടിയുടേത് നേരെ തിരിച്ചാണ്. വളർച്ചയുടെ ഒരോ പടവിലും ഒരോ നിരോധനാജ്ഞ അവളെ കാത്തിരിപ്പുണ്ട്. ¨പെണ്ണു വലുതായി ഇനി ആറുമണി കഴിഞ്ഞുള്ള ട്യൂഷന്‍ ഒന്നും വേണ്ട, അതികാലത്ത് കൊണ്ടു വിടണം ആ സ്കൂളിലെ ഷിഫ്റ്റിന്, പെണ്‍കുട്ടിയാണ്, വല്ലതും സംഭവിച്ചാല്‍, അവളെയവിടെ ചേർക്കണ്ട¨ എന്നിങ്ങനെ പ്രൈമറി സ്കൂള്‍ മുതല്‍ തുടങ്ങുന്ന കര്‍ഫ്യുകള്‍ അഥവാ നിരോധനാജ്ഞകള്‍ സ്വന്തം വീട്ടില്‍ നിന്നും പരിശീലിച്ചാണ് അവള്‍ സ്കൂള്‍ തലം കടക്കുന്നത്. സൂര്യാസ്തമയത്തോടെ നിഷേധിക്കപ്പെടുന്ന പഠിപ്പിടങ്ങളാണ് അവള്‍ ശീലിക്കപ്പെടുന്നത്.

ഇവിടെ എഴുതാനുള്ളത് പെണ്ണിന്റെ പഠിപ്പിടത്തിന്റെ വ്യാപ്തി- ഇന്നത്തെ കേരള സമൂഹം ´അനുവദിച്ചു നല്കിയ ´ വ്യാപ്തി- എത്രയാണെന്നും അതിന്റെ അസമത്വത്തിന്റെ അളവ് എത്രയെന്ന് ഓർമ്മപ്പെടുത്തുകയും ആണ്.

കേരളത്തില്‍, പ്രായത്തിനനുസരിച്ച് ആണ്‍കുട്ടിയുടെ സ്വാതന്ത്ര്യവും വളരുന്നുവെങ്കിൽ പെണ്‍കുട്ടിയുടേത് നേരെ തിരിച്ചാണ്. വളർച്ചയുടെ ഒരോ പടവിലും ഒരോ നിരോധനാജ്ഞ അവളെ കാത്തിരിപ്പുണ്ട്. ¨പെണ്ണു വലുതായി ഇനി ആറുമണി കഴിഞ്ഞുള്ള ട്യൂഷന്‍ ഒന്നും വേണ്ട, അതികാലത്ത് കൊണ്ടു വിടണം ആ സ്കൂളിലെ ഷിഫ്റ്റിന്, പെണ്‍കുട്ടിയാണ്, വല്ലതും സംഭവിച്ചാല്‍, അവളെയവിടെ ചേർക്കണ്ട¨ എന്നിങ്ങനെ പ്രൈമറി സ്കൂള്‍ മുതല്‍ തുടങ്ങുന്ന കര്‍ഫ്യുകള്‍ അഥവാ നിരോധനാജ്ഞകള്‍ സ്വന്തം വീട്ടില്‍ നിന്നും പരിശീലിച്ചാണ് അവള്‍ സ്കൂള്‍ തലം കടക്കുന്നത്. സൂര്യാസ്തമയത്തോടെ നിഷേധിക്കപ്പെടുന്ന പഠിപ്പിടങ്ങളാണ് അവള്‍ ശീലിക്കപ്പെടുന്നത്. ഇതു കൂടാതെ, ¨കേരളം വിട്ട് പോകാന്‍ പാടില്ല, പതിനെട്ട് കഴിഞ്ഞാല്‍ ´കെട്ടിക്കണം´, ഇന്ത്യയ്ക്ക് വെളിയില്‍ പോയാല്‍ പിന്നെ ´കെട്ടിക്കാന്‍´ കൊള്ളില്ല¨ . ഇങ്ങനെ എണ്ണിയാല്‍ തീരാത്തത്ര പഠിപ്പിട നിഷേധങ്ങള്‍ ഒരോ മലയാളി പെണ്‍കുട്ടിയും തങ്ങളുടെ പഠനകാലയളവില്‍ അഭിമുഖീകരിക്കേണ്ടതുണ്ട്. അതിലേക്ക് കടന്നാല്‍ ഈ ലേഖനം, ലേഖനപരമ്പരയാക്കേണ്ടി വരും.

സ്കൂള്‍ കഴിഞ്ഞ് പ്രൊഫഷണല്‍ കോഴ്സുകള്‍ക്കോ മറ്റ് ഉന്നതവിദ്യാഭാസത്തിനോ ചേരുന്ന എല്ലാ വിദ്യാര്‍ത്ഥികളെയും, ലിംഗഭേദമന്യേ കാത്തിരിക്കുന്നത് ഒരേ സിലബസാണ്. ഒരേ ലാബ്, ഒരേ തരം പ്രൊജക്റ്റുകള്‍, ഒരേ തിയറി, ഒരേ പ്രാക്റ്റികല്‍. ഇതെല്ലാം പാസ്സായി അവര്‍ നേരിടേണ്ടത് ഒരേ തരം ഇന്റര്‍വ്യൂകളേയും ലിംഗഭേദമില്ലാത്ത ജോലി സാഹചര്യങ്ങളെയുമാണ്. എന്നാല്‍ സൂര്യാസ്തമയത്തോടെ കര്‍ഫ്യൂ വീഴ്ത്തുന്ന അവളുടെ പഠിപ്പിടങ്ങളില്‍ ഈ സമത്വം സാധ്യമാവുകയില്ല; എന്നു മാത്രമല്ല, കര്‍ഫ്യൂ സമയത്തിനു ശേഷം ചെയ്യേണ്ടി വരുന്ന ലാബുകളിലോ, എക്സ്പെരിമെന്റുകളിലോ, സമയമെടുക്കുന്ന പ്രൊജക്റ്റുകളിലോ അവള്‍ക്ക് പങ്കെടുക്കാനും കഴിയില്ല. ഇത്തരം കര്‍ഫ്യൂകള്‍ ഏര്‍പ്പെടുത്തുന്ന സമൂഹത്തിന്റെ അപ്പോസ്തോലന്മാര്‍ക്ക് ഇതിനൊരു ´എളുപ്പവഴിയില്‍ ക്രിയ´ ചെയ്യലുണ്ട്. പെണ്‍കുട്ടിള്‍ക്ക് കര്‍ഫ്യൂ സമയത്തിനുള്ളില്‍ ചെയ്ത് തീർക്കാവുന്ന ഏറ്റവും ലളിതമായ പ്രൊജക്റ്റുകള്‍ നൽകുക എന്നതാണ് ആ ´സൂത്രത്തില്‍ കൂടെയുള്ള മോക്ഷം´. ചില ചെറിയ പ്രൊഫഷണല്‍ കോഴ്സുകളിലെയോ, പ്രാക്റ്റികലും പ്രോജക്റ്റും അത്ര ബാധിക്കാത്ത കോഴ്സുകളിലെയോ പെണ്‍കുട്ടികളെ ഈ സൂത്രം പരീക്ഷ കടക്കുക എന്ന മോക്ഷത്തിലെത്തിക്കാം. എന്നാലും അവര്‍ക്ക് നഷ്ടപ്പെടുന്ന പരിശീലന നൈപുണ്യം അവരുടെ ഭാവി കരിയറില്‍ ഇടപ്പെടുക തന്നെ ചെയ്യും. ¨പെണ്‍കുട്ടികള്‍ നഷ്ടപ്പെടുത്തുന്ന ആണ്‍കുട്ടികളുടെ പ്രൊഫണല്‍ കോഴ്സ് സീറ്റുകളും തൊഴിലവസരങ്ങളും ¨ എന്ന ലേഖനപരമ്പരയ്ക്ക് ആണാധിപത്യ സമൂഹത്തിനു മറ്റൊരു അവസരമൊരുങ്ങുകയായി. എന്നാല്‍ മിക്ക പ്രൊഫഷണല്‍- ഉന്നതവിദ്യാഭ്യാസ കോഴ്സുകളും ഇങ്ങനെ സൂത്രവഴിക്ക് പോകാന്‍ പറ്റാത്തവയാണ്. അവിടങ്ങളില്‍ ആറുമണിയുടെ നിരോധനാജ്ഞ പെണ്ണിനെ തോൽപ്പിച്ചു കളയും. ഒന്നുകില്‍ തീരെ ചെറിയ പ്രൊജക്റ്റുകള്‍ ചെയ്ത് അവള്‍ എങ്ങിനെയും കോഴ്സ് പാസ്സായി കരിയറില്‍ തോൽക്കും. അല്ലെങ്കില്‍ ഹോസ്റ്റലില്‍ കയറാതെ ലാബിലോ പ്രൊജക്റ്റ് സ്ഥലത്തോ തന്നെ കിടന്നുറങ്ങി, ഒരു മനുഷ്യന്റെ പ്രാഥമികാവശ്യങ്ങളെ പോലും അവഗണിച്ച് വാശികൊണ്ട് ജയിക്കും

കേരളത്തിലെ ലേഡീസ് ഹോസ്റ്റലുകളില്‍, ആറുമണി കര്‍ഫ്യൂ നിർബന്ധങ്ങള്‍ അസാരം കഠിനമാണ്. പ്രൊഫഷണല്‍ കോളേജുകളിലോ യൂണിവേഴ്സിറ്റികളിലോ മുന്‍സമ്മതപ്രകാരമല്ലെങ്കില്‍ ആറുമണിയ്ക്കു ശേഷമുള്ള പ്രവേശനം വളരെ ദുഷ്കരവും. കണ്ടിടത്തോളം കേരളത്തിനു വെളിയിലെ പ്രൊഫഷണല്‍ സ്ഥാപനങ്ങളും യൂണിവേഴ്സിറ്റികളും കേരളത്തേക്കാള്‍ എത്രയോ മെച്ചമാണ്. സെക്യൂരിറ്റി പുസ്തകത്തിലെ എൻട്രികള്‍ എന്ന അനായാസ കടമ്പ വഴി മിക്ക പെണ്‍ഹോസ്റ്റലുകളിലും പ്രവേശനം സാധ്യമാകാറുണ്ട്.

ഈ സാഹചര്യത്തിലാണ് തിരുവന്തപുരത്തെ കോളേജ് ഓഫ് എഞ്ചിനീറിംഗിലെ വിദ്യാർത്ഥിനികള്‍ തങ്ങളുടെ ആറരമണി കര്‍ഫ്യൂവിനെതിരെ സമരവുമായി രംഗത്തെത്തുന്നത്. അവകാശങ്ങൾക്കായി സംഘടിക്കുകയും അവ പിടിച്ചെടുക്കുകയും മാത്രമെ വഴിയുള്ളൂ എന്ന് വിദ്യാര്‍ത്ഥിനികള്‍ മനസ്സിലാക്കി കഴിഞ്ഞിരിക്കുന്നു. ഇതിനിടയില്‍ കോഴിക്കോട് എന്‍.ഐ.ടി യിലെ പെണ്‍കുട്ടികള്‍ അവരുടെ കര്‍ഫ്യൂ സമയം ഒൻപതു മണി വരെ നേടിയെടുത്ത സന്തോഷത്തിലാണ്. മിടുക്കികള്‍! എസ്. എഫ്.ഐ സമരത്തിന് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചിരിക്കുന്നു. വി.ടി ബല്‍റാം, ശശി തരൂര്‍, ഡി. ബാബുപോള്‍ എന്നീ പ്രമുഖരും പിന്തുണ പ്രസ്താവനകളുമായി വന്നിട്ടുണ്ട്. ഇതൊക്കെയായിട്ടും കേരളത്തിലെ ആദ്യ വനിത എഞ്ചിനിയർമാരെ നൽകിയ സ്ഥാപനത്തിനു വലിയ അനക്കമൊന്നുമില്ല. എന്നാല്‍ നിരോധനാജ്ഞകള്‍ എക്കാലവും നിലനിൽക്കുകയില്ല, പെണ്‍കുട്ടികള്‍ അവരുടെ പഠിപ്പിടങ്ങള്‍ പിടിച്ചെടുക്കുക തന്നെ ചെയ്യും.

ബ്രേക്ക്‌ ദ് കഫ്യൂവിന്റെ ഫേസ്ബുക്ക്‌ പേജ്