ഇന്ത്യയില്‍ നിര്‍മ്മിക്കാം വ്യാജ തെളിവുകള്‍

(പാലക്കാട് ലോകസഭാ മണ്ഡലത്തിന്റെ ജനപ്രതിനിധിയായ സി.പി.ഐ. (എം) കേരള സംസ്ഥാന കമ്മിറ്റി അംഗവുമായ എം.ബി. രാജേഷ് എം.പി. 2016 ഫെബ്രുവരി 26-ന് ലോകസഭയില്‍ ഇന്ത്യയൊട്ടാകെ നടക്കുന്ന വിദ്യാര്‍ഥി സമരങ്ങളെ സംബന്ധിച്ച് നല്‍കിയ പ്രസംഗത്തിന്റെ മലയാളം പരിഭാഷ)

നന്ദി മാഡം. നമ്മുടെ രാജ്യത്തെ കാമ്പസുകൾ ഇതുവരെയില്ലാത്ത രീതിയിൽ സമരങ്ങളാൽ തിളച്ചുമറിയുന്ന അവസരത്തിലാണ് നമ്മൾ ഇത് ചർച്ചയ്ക്കെടുക്കുന്നത്. രാജ്യത്തെ സർവകലാശാലകൾക്കും കാമ്പസുകൾക്കും മേൽ അടിച്ചേല്പിക്കപ്പെട്ട അപ്രഖ്യാപിതമായ അടിയന്തരാവസ്ഥയ്ക്കെതിരെ സമരം പ്രഖ്യാപിച്ചുകൊണ്ട് പതിനായിരക്കണക്കിന് വിദ്യാർത്ഥികളാണ് തെരുവിലേക്കിറങ്ങിയിരിക്കുന്നത്. മാഡം സ്പീക്കർ, രണ്ട് സംഭവങ്ങൾ രാജ്യത്തിന്റെ മനഃസാക്ഷിയെ ആകെ പിടിച്ചുകുലുക്കിയിരിക്കുകയാണ്. ആദ്യത്തേത് രോഹിത് വെമുലയുടെ ആത്മഹത്യ - യഥാർഥത്തിൽ ഒരു വ്യവസ്ഥാപിതമായ കൊലപാതകം - ആണ്. കാൾ സാഗൻ ആകുവാൻ ആഗ്രഹിച്ചിരുന്ന ഒരു മിടുക്കനായ വിദ്യാർത്ഥി ആയിരുന്നു രോഹിത്. ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിലാണ് രോഹിത് പഠിച്ചിരുന്നത്. ജെ.എൻ.യു.എസ്.യു.-വിന്റെ തിരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റായ കൻഹയ്യ കുമാറിനെ ജയിലടച്ചതാണ് രണ്ടാമത്തെ സംഭവം. മാഡം, രോഹിത് ഒരു ദളിത് വിദ്യാർത്ഥിയാണ്. കൻഹയ്യ കുമാർ ഒരു ദരിദ്ര കുടുംബത്തിൽ നിന്നാണ് വരുന്നത്. അദ്ദേഹത്തിന്റെ മാതാവ് ഒരു അംഗൻവാടി ജീവനക്കാരിയാണ്. അദ്ദേഹത്തിന്റെ അമ്മയ്ക്ക് മാസവേതനമായി കിട്ടുന്ന തുച്ഛമായ 3500 രൂപയിലാണ് അദ്ദേഹത്തിന്റെ കുടുംബം ജീവിക്കുന്നത്.

ഇതിന്റെയൊക്കെ അർത്ഥമെന്താണ്? മാഡം സ്പീക്കർ, ദളിതരും ദരിദ്രവിഭാഗങ്ങളിൽ പെടുന്നവരുമായ യുവജനങ്ങളും സർവകലാശാലകളിൽ വരുന്നതിൽ അവർക്ക് താല്പര്യമില്ല എന്നതാണ് അതിന്റെ അർത്ഥം. ഏകലവ്യന്മാരുടെ തള്ളവിരലുകൾ ഇപ്പോഴും ഛേദിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. ഇത് തുടർച്ചയായി സംഭവിച്ചുകൊണ്ടിരിക്കുകയാണ്. മാഡം സ്പീക്കർ, രണ്ട് കേന്ദ്ര മന്ത്രിമാർ നിരന്തരമായി ചെലുത്തിയ സമ്മർദ്ദം മൂലമാണ് രോഹിത് വെമുല സസ്പെൻഡ് ചെയ്യപ്പെട്ടത്. മൂന്ന് മാസക്കാലയളവിൽ ഈ കേന്ദ്രമന്ത്രിമാർ അയച്ചത് എട്ട് കത്തുകളാണ്. രോഹിത് വെമുലയ്ക്കെതിരെ നടപടിയെടുക്കുവാൻ വിമുഖത കാണിച്ച വൈസ് ചാൻസലറെ നീക്കം ചെയ്യുകയും തൽസ്ഥാനത്ത് അവരുടെ ഒരു ശിങ്കിടിയെ നിയോഗിക്കുകയും ചെയ്തു. ഈ പുതിയ വൈസ് ചാൻസലർ ആണ് രോഹിത് വെമുലയ്ക്കെതിരെ നടപടിയെടുത്തത്. സമ്മർദ്ദങ്ങൾ താങ്ങുവാൻ കഴിയാതെ മിടുക്കനായ ആ വിദ്യാർത്ഥി തന്റെ ജീവൻ ഒടുക്കുകയാണുണ്ടായത്. അത് കൊണ്ടാണ് ഞാൻ പറഞ്ഞത് ഇതൊരു ആത്മഹത്യയല്ലായെന്നും മറിച്ച് ഒരു വ്യവസ്ഥാപിതമായ കൊലപാതകമാണെന്നും. ഇന്നലെ ഞാൻ അദ്ദേഹത്തിന്റെ അമ്മയേയും സഹോദരനെയും കണ്ടിരുന്നു. അവർ ഡൽഹിയിൽ ഉണ്ടായിരുന്നു. ആ കുടുംബത്തിന് നിങ്ങൾ നീതി നൽകിയോ? ആ അമ്മയ്ക്ക് നിങ്ങൾ നീതി നൽകിയോ? അവർ ഡൽഹിയിലേക്ക് നീതി തേടിയാണ് വന്നത്. നിങ്ങൾ നീതി നൽകിയില്ലെന്ന് മാത്രമല്ല, രോഹിത് വെമുലയ്ക്കെതിരെ അപമാനകരമായ പരാമർശങ്ങൾ നടത്തിക്കൊണ്ട് മുറിവുകളിൽ ഉപ്പ് വാരിത്തേക്കുകയാണ് നിങ്ങൾ. കേന്ദ്രമന്ത്രിമാർ വരെ രോഹിത് വെമുലയ്ക്കെതിരെ അപമാനകരമായ പ്രസ്താവനകൾ നടത്തി.

ഇന്നലെ ഞാൻ അദ്ദേഹത്തിന്റെ അമ്മയേയും സഹോദരനെയും കണ്ടിരുന്നു. അവർ ഡൽഹിയിൽ ഉണ്ടായിരുന്നു. ആ കുടുംബത്തിന് നിങ്ങൾ നീതി നൽകിയോ? ആ അമ്മയ്ക്ക് നിങ്ങൾ നീതി നൽകിയോ? അവർ ഡൽഹിയിലേക്ക് നീതി തേടിയാണ് വന്നത്.

പിന്നീടവർ ജെ.എൻ.യു.-വിനെ ഉന്നം വച്ച് തുടങ്ങി. ജെ.എൻ.യു.-വിനേക്കാൾ മുന്നേ അവർ ഐ.ഐ.റ്റി. മദ്രാസിലെ അംബേദ്കർ പെരിയാർ സ്റ്റഡി സർക്കിളിനെ ലാക്കാക്കി പ്രവർത്തിച്ചിരുന്നു. അവർ ഐ.ഐ.റ്റി. ഡൽഹിയേയും, പൂനെ എഫ്.റ്റി.ഐ.ഐ.-നെയും ലക്ഷ്യമാക്കി പ്രവർത്തിച്ചിരുന്നു. എഫ്.റ്റി.ഐ.ഐ. വിദ്യാർത്ഥികളെ മയക്കുമരുന്ന് അടിമകളായും അരാജകവാദികളായും അവർ ചാപ്പകുത്തുവാൻ ശ്രമിച്ചിരുന്നു. ഐ.ഐ.റ്റി. മദ്രാസിലെ വിദ്യാർത്ഥികളെ അവർ തീവ്രവാദികൾ എന്ന് പറഞ്ഞാണ് ആക്ഷേപിച്ചത്. അവരുടെ പ്രത്യയശാസ്ത്രത്തെ ചോദ്യം ചെയ്യുന്ന, വെല്ലുവിളിക്കുന്ന ആരെയും അവർ ദേശവിരുദ്ധർ, മയക്കുമരുന്നടിമകൾ, അരാജകവാദികൾ എന്നൊക്കെയാണ് മുദ്രകുത്തുവാൻ ശ്രമിക്കുന്നത്. ഇതാണ് നമ്മുടെ രാജ്യത്ത് സംഭവിച്ചു കൊണ്ടിരിക്കുന്നത്. മാഡം സ്പീക്കർ, ജെ.എൻ.യു. എന്നും അവരുടെ ഒരു പ്രഥമലക്ഷ്യമായിരുന്നു. അവരുമായി വളരെ അടുപ്പമുള്ള ഒരാളെ ജെ.എൻ.യു.-വിന്റെ വൈസ് ചാൻസലർ ആക്കുവാൻ ഒരു നീക്കമുണ്ടായിരുന്നുവെങ്കിലും, അവർക്കത് സാധിച്ചിരുന്നില്ല. ഇപ്പോഴവർ ഒരു യൂണിവേഴ്സിറ്റിയെ മൊത്തത്തിൽ ദേശവിരുദ്ധർ എന്ന് മുദ്രകുത്തുകയാണ്. ജീവിതത്തിന്റെ എല്ലാ തുറകളിലേക്കും അളക്കുവാനാകാത്ത സംഭാവനകൾ നൽകിയ ഒരു സർവകലാശാലയാണ് ജെ.എൻ.യു. നിങ്ങളുടെ ഫോറിൻ സെക്രട്ടറി ജെ.എൻ.യു.-വിലെ ഒരു പൂർവ്വവിദ്യാർത്ഥിയാണ്. ഈ ഗവൺമെന്റിന്റെ തന്നെ കീഴിൽ പ്രവർത്തിക്കുന്ന നാല് ഡസനോളം ഗവൺമെന്റ് സെക്രട്ടറിമാർ ജെ.എൻ.യു.-വിൽ നിന്ന് പഠിച്ചിറങ്ങിയവരാണ്. "Make in India"-യുടെ സ്റ്റിയറിങ്ങ് പിടിച്ചിരിക്കുന്നയാളും ജെ.എൻ.യു.-വിൽ നിന്ന് തന്നെയാണ്. റോയുടെ ഭീകരതാ വിരുദ്ധ വിഭാഗത്തിന്റെ മുഖ്യനും, സി.ബി.ഐ. ഡയറക്ടറും ജെ.എൻ.യുവിൽ നിന്നാണ്. ഈയിടെ ജമ്മു കശ്മീരിൽ ഭീകരവാദികളോടുള്ള ഏറ്റുമുട്ടലിനിടയിൽ മരണപ്പെട്ട പവൻ കുമാറും ജെ.എൻ.യു.-വിലെ പൂർവവിദ്യാർത്ഥിയാണ്. അങ്ങനെയൊരു സർവകലാശാലയെ എങ്ങനെയാണ് ദേശവിരുദ്ധരുടെ കേന്ദ്രമെന്ന് ആരോപിക്കുവാൻ കഴിയുന്നത്? ജെ.എൻ.യു.-വിനെ ദേശവിരുദ്ധരുടെ കേന്ദ്രമെന്ന് ആരോപിക്കുവാൻ, ജെ.എൻ.യു.എസ്.യു. പ്രസിഡന്റിനെ അഴികൾക്ക് പിന്നിൽ അടയ്ക്കുവാൻ, തെളിവിന്റെ ഒരു അണുമാത്ര എങ്കിലും ഉണ്ടോ മാഡം സ്പീക്കർ? അതെ, തെളിവുകൾ കെട്ടിച്ചമയ്ക്കപ്പെട്ടിട്ടുണ്ട്, ഫോട്ടോഷോപ്പിങ്ങ് നടന്നിട്ടുണ്ട്. ഒരു ആഴ്ചയിൽ മാത്രം നാല് തവണ തെളിവുകൾ കെട്ടിച്ചമയ്ക്കപ്പെടുകയും ഫോട്ടോഷോപ്പിങ്ങ് നടത്തുകയും ചെയ്തിട്ടുണ്ട്.

ആദ്യത്തേതാണ് വ്യാജ ട്വീറ്റുകൾ. (അവ്യക്തം). വ്യാജ തെളിവുകൾ പരിഗണിക്കുവാൻ ആഭ്യന്തര മന്ത്രി തിടുക്കം കാണിക്കുകയും ഭീകരബന്ധമുണ്ട് എന്ന് ആരോപിക്കുകയും ചെയ്തു. ആഭ്യന്തര മന്ത്രിക്ക് എന്തെങ്കിലും വിശ്വാസ്യതയുണ്ടോ? വിഭജിക്കപ്പെട്ട ഇന്ത്യൻ ഭൂപടത്തിന്റെ പശ്ചാത്തലത്തിൽ ഫോട്ടോഷോപ്പ് ചെയ്യപ്പെട്ട കൻഹയ്യയുടെ ഒരു ചിത്രവും, കൃത്രിമപ്പണി കാട്ടിയ ഒരു വീഡിയോയും ഉണ്ടായിരുന്നു. ആരാണ് ആ വീഡിയോയിൽ കൃത്രിമം കാട്ടിയതെന്ന് ഞങ്ങളോട് പറയാമോ? ആരാണ് ആ കൃത്രിമത്വങ്ങളുടെ ഗുണഭോക്താക്കൾ? ഈ വീഡിയോയെ അടിസ്ഥാനമാക്കിയാണ് വളരെ സമർഥനായ ഒരു വിദ്യാർത്ഥി നേതാവിനെ, തിരഞ്ഞെടുക്കപ്പെട്ട സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റിനെ, നിങ്ങൾ അഴികൾക്കുള്ളിലാക്കിയിരിക്കുന്നത്. മറ്റൊരു കൃത്രിമവും നടന്നിട്ടുണ്ട്. ദേശീയ മനുഷ്യാവകാശ കമ്മീഷൻ (National Human Rights Commission - NHRC) പറഞ്ഞത്, അനുകൂലമായ മൊഴി നൽകുവാൻ കൻഹയ്യ കുമാറിന്റെ മേൽ പൊലീസിന്റെ സമ്മർദ്ദം ഉണ്ടായിരുന്നുവെന്നാണ്. നിർബന്ധിതമായിട്ടാണ് കൻഹയ്യ കുമാർ മൊഴി നൽകിയിരിക്കുന്നത്. അങ്ങനെ ഒരു ആഴ്ചയിൽ നാല് തവണയാണ് തെളിവുകളിൽ കൃത്രിമം കാണിക്കുവാനുള്ള ശ്രമങ്ങൾ നടന്നിട്ടുള്ളത്. നിങ്ങളിപ്പോൾ വിദ്യാർത്ഥികളെ ദേശവിരുദ്ധർ എന്ന് വിളിക്കുവാനാണ് ശ്രമിക്കുന്നത്.

ആ ഉപദേശം നിങ്ങളുടെ തന്നെ പാർടിയിലെ എം.എൽ.ഏ.-മാർക്കും നേതാക്കൾക്കുമാണ് നൽകേണ്ടത്. രാജസ്ഥാനിൽ നിന്നുള്ള നിങ്ങളുടെ പാർടിയിലെ ഒരു എം.എൽ.ഏ. പറഞ്ഞു നടക്കുന്ന കാര്യങ്ങൾ സഭയിൽ അവതരിപ്പിക്കുവാൻ ഞാൻ താല്പര്യപ്പെടുന്നില്ല.

(വെങ്കയ്യ നായിഡു എം.ബി. രാജേഷ് എം.പി-യുടെ പ്രസംഗം തടസ്സപ്പെടുത്തുന്നു)

ബഹുമാനപ്പെട്ട മന്ത്രി വെങ്കയ്യ നായിഡു നിലപാട് വ്യക്തമാക്കിയതിൽ എനിക്ക് സന്തോഷമുണ്ട്. പക്ഷെ ആ ഉപദേശം നിങ്ങളുടെ തന്നെ പാർടിയിലെ എം.എൽ.ഏ.-മാർക്കും നേതാക്കൾക്കുമാണ് നൽകേണ്ടത്. രാജസ്ഥാനിൽ നിന്നുള്ള നിങ്ങളുടെ പാർടിയിലെ ഒരു എം.എൽ.ഏ. പറഞ്ഞു നടക്കുന്ന കാര്യങ്ങൾ സഭയിൽ അവതരിപ്പിക്കുവാൻ ഞാൻ താല്പര്യപ്പെടുന്നില്ല. നിങ്ങളുടെ പാർടിയുടെ ഒരു ദേശീയ സെക്രട്ടറിക്ക് വേണ്ടിയിരുന്നത് ഒരു എം.പി.-യുടെ മകൾ- അവർ ദേശവിരുദ്ധ ആയിരുന്നതിനാൽ- വെടി വെച്ച് കൊല്ലപ്പെടേണമെന്നായിരുന്നു. അത് കൊണ്ട് നിങ്ങൾ നിങ്ങളുടെ എം.എൽ.ഏമാരെയും എം.പിമാരെയും ഉപദേശിക്കൂ.

മാഡം, ഇപ്പോൾ ഞങ്ങളെയും ഇവർ ലക്ഷ്യം വെച്ചിരിക്കുകയാണ്. ഞങ്ങളെയും ദേശവിരുദ്ധർ എന്ന് മുദ്രകുത്തുവാൻ ശ്രമിക്കുകയാണിവർ. ദേശീയവാദികൾ എന്നും ദേശവിരുദ്ധർ എന്നും ഒരു വിഭാഗീയത സൃഷ്ടിക്കുകയാണിവർ. നിങ്ങളുടെ പൊള്ളത്തരം തുറന്ന് കാട്ടുവാൻ ഒരു അവസരം ഞങ്ങൾക്ക് തന്നതിൽ, നിങ്ങളോട് നന്ദിയുണ്ട്. ആരാണ് ദേശവിരുദ്ധർ? ഈ രാജ്യം കഷണങ്ങളായി വെട്ടിമുറിക്കുന്നതിന് മുമ്പ് ഞങ്ങളുടെ ശരീരങ്ങൾ നിങ്ങൾക്ക് വെട്ടിമുറിക്കേണ്ടി വരും. കശ്മീരിലാകട്ടെ, ആസാമിലാകട്ടെ, പഞ്ചാബിലാകട്ടെ ഞങ്ങൾ ധൈര്യപൂർവം ഭീകരവാദത്തെയും തീവ്രവാദത്തെയും എതിർത്തു പോന്നിട്ടുണ്ട്. പഞ്ചാബിൽ, കശ്മീരിൽ എല്ലാം തന്നെ, ഞങ്ങളുടെ അനേകം സഖാക്കൾ രക്തസാക്ഷിത്വം വരിച്ചിട്ടുണ്ട്. പഞ്ചാബിൽ ഖലിസ്ഥാൻ ഭീകരവാദികളെ എതിർത്തപ്പോൾ ഒരുപാട് സഖാക്കൾ കൊല്ലപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ സ്വാതന്ത്ര്യ സമരചരിത്രത്തിന്റെ മഹത്തായ ഒരു ചരിത്രമുണ്ട് ഞങ്ങൾക്ക്. ഐതിഹാസികനായ കമ്മ്യൂണിസ്റ്റ് സഖാവ് ഹർകിഷൻ സിങ്ങ് സുർജിത്ത് തന്റെ പതിനാറാമത്തെ വയസ്സിൽ ബ്രിട്ടീഷുകാരുടെ വെടിയുണ്ടകളെ സധൈര്യം നേരിട്ടുകൊണ്ട് ഹോഷിയാർപുർ ജില്ലാക്കോടതിയിൽ ത്രിവർണ പതാക പറപ്പിച്ചു. സ്വാതന്ത്ര്യ സമരപ്രക്ഷോഭകാലത്ത് ബ്രിട്ടീഷുകാർ ഇ.എം.എസിന്റെ തലയ്ക്ക് വിലയിട്ടിരുന്നു. ലോകസഭയിലെ ആദ്യത്തെ പ്രതിപക്ഷ നേതാവായിരുന്ന ഏ.കെ. ഗോപാലൻ ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്ന സമയത്ത് ജയിലിൽ ആയിരുന്നു. ഇതൊക്കെയാണ് കമ്മ്യൂണിസ്റ്റുകാരുടെ ചരിത്രം. ഭഗത് സിങ്ങ്, ചന്ദ്രശേഖർ ആസാദ്, സുഖ് ദേവ്, രാജ് ഗുരു, ക്യാപ്റ്റൻ ലക്ഷ്മി എന്നിങ്ങനെ ഞങ്ങൾക്ക് പറയുവാൻ ഒരുപാട് പേരുണ്ട് സ്വാതന്ത്ര സമരത്തിൽ പങ്കാളികളായിട്ട്. നിങ്ങൾക്ക് അങ്ങനെ ഒരു പേരെങ്കിലുമുണ്ടോ ചൂണ്ടിക്കാണിക്കുവാൻ എന്ന് ഞാൻ വെല്ലുവിളിക്കുകയാണ്.