മാര്‍ക്സിസം സമകാലിക ലോകത്ത് : പി.ജീ.യുമായി ഒരു സംഭാഷണം

ഇന്നത്തെ നവ ലിബറല്‍ യുഗത്തില്‍ മാര്‍ക്സിസത്തിന്റെ പ്രസക്തിയെ കുറിച്ച് പീ ജിയുമായി ഒരു സംഭാഷണം. ആഗോളീകരണം, സ്വകാര്യവത്കരണം, ഉദാരവത്കരണം തുടങ്ങിയ നവ ലിബറല്‍ നയങ്ങളിലൂടെ പഴയ സാമ്രാജ്യത്വ ആധിപത്യം പ്രച്ഛന്നരൂപത്തില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അവക്കെതിരായ ഒരു താത്വികായുധമെന്ന നിലയില്‍ മാര്‍ക്സിസം-ലെനിനിസത്തെ കവച്ചു വെക്കാന്‍ പോന്ന മറ്റൊരു സിദ്ധാന്തവും ഇന്ന് മാനവരാശിയുടെ മുന്‍പിലില്ല എന്ന് അദ്ദേഹം അടിവരയിട്ടു പറയുന്നു.

Q: ഇപ്പോഴത്തെ മുതലാളിത്ത വ്യവസ്ഥയുടെ പ്രതിസന്ധികള്‍ മനസ്സിലാക്കുന്നതിനു ഉതകുന്ന വിധം വിശകലനരീതികളെ എങ്ങനെ പരിഷ്കരിക്കാം? ആഗോള ധനമൂലധനത്തിന്റെ സവിശേഷതകളെ മനസ്സിലാക്കുന്നതില്‍ ക്ലാസിക്കല്‍ മാര്‍ക്സിസ്റ്റ് രീതികള്‍ക്കു പോരായ്മകളുണ്ടോ? മാര്‍ക്സിസത്തിന്റെ എല്ലാ അടിസ്ഥാനപ്രമാണങ്ങളും പുതിയ ലോകസാഹചര്യത്തിലും പ്രസക്തമാണോ?

A: ഏതെങ്കിലും ഒരു വസ്തുവോ ജന്തുവോ സസ്യമോ സജീവമായി നിലനില്‍ക്കുന്നു എന്ന് പറയുന്നതിന്റെ അര്‍ത്ഥമെന്താണ്.? എല്ലാ വസ്തുക്കളെയും ജീവജാലങ്ങളെയും നാം നോക്കി കാണുന്നത് ഡയലക്ടിക്കല്‍ എന്നോ വൈരുധ്യാത്മകമെന്നോ ദ്വന്ദ്വാത്മകമെന്നോ വിശേഷിപ്പിക്കാവുന്ന ഒരു വീക്ഷണകോണില്‍ നിന്നാണ്. അവയ്ക്കെല്ലാം ഇന്നലെകളും നാളെകളുമുണ്ട്. അവയ്ക്കെല്ലാം ഒരേ സമയത്ത് ജീര്‍ണ്ണതയും വളര്‍ച്ചയുമുണ്ട്. ജീര്‍ണ്ണത വളര്‍ച്ചയേക്കാള്‍ കൂടുതലാകുമ്പോള്‍ അത് മരണോന്മുഖമായി എന്ന് തീരുമാനിക്കാം. എന്നാല്‍ വളര്‍ച്ചയുടെ ഘടകം ജീര്‍ണ്ണതയേക്കാള്‍ മുന്തി നില്‍ക്കുമ്പോള്‍ അത് വികസനോന്മുഖമാണെന്നും സജീവമാണെന്നും പരിഗണിക്കാം. ഇത് വസ്തുക്കള്‍ക്കും ജീവജാലങ്ങള്‍ക്കും മാത്രമല്ല സാമൂഹ്യ വ്യവസ്ഥകള്‍ക്കും പ്രതിഭാസങ്ങള്‍ക്കും സിദ്ധാന്തങ്ങള്‍ക്കും കൂടി ബാധകമാണ്. ഒരു സിദ്ധാന്തം ക്ഷയോന്മുഖമാകുന്നത് അതിലെ കാലഹരണപ്പെട്ട അഥവാ ജീര്‍ണ്ണതയില്‍പ്പെട്ട ഘടകങ്ങള്‍ ഏറി വരുകയും അതിന്റെ പ്രയുക്ത ഘടകം കുറഞ്ഞുവരികയും ചെയ്യുമ്പോഴാണ്. ഇവിടെ വിവരിച്ച കാര്യങ്ങളെല്ലാം മാര്‍ക്സിസത്തിന്റെ അടിസ്ഥാനത്തിലാണ്. ഈ പറഞ്ഞ നിഗമനങ്ങളെല്ലാം മാര്‍ക്സിസത്തിനും ബാധകമാണ്. മാര്‍ക്സും എംഗല്‍സും മാര്‍ക്സിസം ആവിഷ്കരിച്ചപ്പോള്‍ അതിനുമുണ്ടായിരുന്നു ചില ഇന്നലെകള്‍. ജെര്‍മ്മന്‍ ദാര്‍ശനികനായ ഹെഗല്‍ ആവിഷ്കരിച്ച ഡയലക്ടിസവും മറ്റൊരു ജെര്‍മ്മന്‍ ദാര്‍ശനികനായ ഫൊയര്‍ബാഹും ആവിഷ്കരിച്ച ഭൌതികവാദവും സമന്വയിച്ച് രണ്ടിലെയും പോരായ്മകള്‍ തിരസ്ക്കരിച്ച് ഒരുയര്‍ന്ന തലത്തിലേക്ക് എത്തിച്ചപ്പോഴാണ് വൈരുദ്ധ്യാത്മക ഭൌതികവാദവും സാമൂഹ്യ പ്രശ്നങ്ങളില്‍ അതിന്റെ വിശകലനരീതി അംഗീകരിക്കുമ്പോള്‍ സിദ്ധിക്കുന്ന ചരിത്രപരമായ ഭൌതികവാദവും രൂപം കൊണ്ടത്. അതാണ് മാര്‍ക്സിസത്തിന്റെ ഇന്നലെകള്‍.

മാര്‍ക്സിന്റെയും എംഗല്‍സിന്റെയും കാലത്ത് തുടക്കം മാത്രം കുറിച്ചിരുന്ന ഫിനാന്‍സ് ക്യാപ്പിറ്റല്‍ ആധിപത്യവും

null

സാമ്രാജ്യത്വവും ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തോടുകൂടി ലോകത്തെയാകെ ഗ്രസിച്ചു കഴിഞ്ഞിരുന്നു. അതോടുകൂടി മാര്‍ക്സിസം കാലഹരണപ്പെട്ടുവെന്നു യാഥാസ്ഥിതികര്‍ ഉദ്ഘോഷിച്ചു നടന്നു. എന്നാല്‍ വി.ഐ. ലെനിന്‍ ഈ പുതിയ പ്രതിഭാസത്തെ കൂടി കണക്കിലെടുത്ത് മാര്‍ക്സിന്റെയും എംഗല്‍സിന്റെയും സിദ്ധാന്തത്തെ വിപുലപ്പെടുത്തി. അങ്ങനെ മാര്‍ക്സിസം എന്നത് മാര്‍ക്സിസം-ലെനിനിസമായി വളര്‍ന്നു. മാര്‍ക്സും എംഗല്‍സും ലെനിനും ചര്‍ച്ച ചെയ്തതും പ്രവര്‍ത്തിച്ചതും മുഖ്യമായും യൂറോപ്പിന്റെ തൊഴിലാളിവര്‍ഗ്ഗസമരങ്ങളുടെ അനുഭവങ്ങളെ മുന്‍നിര്‍ത്തിയാണ്. വ്യത്യസ്തമായ ഒരു ദേശീയ സാഹചര്യത്തില്‍ മാവോ സെ ദുങ്ങ് ആ സിദ്ധാന്തം ചൈനയിലെ വസ്തുനിഷ്ടമായ സാഹചര്യങ്ങളുമായി സമന്വയിച്ച് വിപ്ലവം വിജയകരമായി നയിച്ചു.

ഇതെല്ലാം വിസ്തരിച്ചു പറഞ്ഞത് ചോദ്യ കര്‍ത്താവിന്റെ പല ചോദ്യങ്ങളിലും മാര്‍ക്സിസം കാലഹരണപ്പെട്ടുവോ എന്ന സംശയം ഉയര്‍ന്നു വന്നതുകൊണ്ടാണ്. ഒക്ടോബര്‍ സോഷ്യലിസ്റ്റ് വിപ്ലവം 73 വര്‍ഷം പിന്നിട്ട ശേഷം തകര്‍ന്നെങ്കിലും മാര്‍ക്സിസം തകര്‍ന്നില്ല. സോവിയറ്റ് തകര്‍ച്ച മാര്‍ക്സിസത്തിന്റെ ദൌര്‍ബല്യം കൊണ്ടല്ല അതിന്റെ പ്രയോഗത്തില്‍ വന്ന വൈകല്യങ്ങള്‍ കൊണ്ടാണെന്ന് സി.പി.ഐ.എമ്മിന്റെ ചെന്നൈയില്‍ ചേര്‍ന്ന പതിനാറാം കോണ്‍ഗ്രസ്സിലെ രാഷ്ട്രീയ പ്രമേയത്തില്‍ വിവരിച്ചിട്ടുണ്ട്. ക്യൂബ, വടക്കന്‍ കൊറിയ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളില്‍ ഇപ്പോഴും മാര്‍ക്സിസം-ലെനിനിസം വിജയകരമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. ലാറ്റിനമേരിക്കയിലെ വ്യത്യസ്തമായ സാഹചര്യങ്ങളപേക്ഷിച്ച് കൊണ്ട് ആവശ്യമായ ഭേദഗതികളോടെ മാര്‍ക്സിസം പ്രയോഗിക്കുന്ന പല രാഷ്ട്രങ്ങളുമുണ്ട്. ആഗോളീകരണം, സ്വകാര്യവത്കരണം, ഉദാരവത്കരണം തുടങ്ങി പഴയ സാമ്രാജ്യത്വ ആധിപത്യം പ്രച്ഛന്നരൂപത്തില്‍ അവതരിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ അവക്കെതിരായ ഒരു താത്വികായുധമെന്ന നിലയില്‍ മാര്‍ക്സിസം-ലെനിനിസത്തെ കവച്ചു വെക്കാന്‍ പോന്ന മറ്റൊരു സിദ്ധാന്തവും ഇന്ന് മാനവരാശിയുടെ മുന്‍പിലില്ല. ഇപ്പറഞ്ഞ കാരണങ്ങളാല്‍ മാര്‍ക്സിസ്റ്റ് വിശകലന രീതി കാലഹരണപ്പെട്ടു എന്ന സൂചന നിരര്‍ത്ഥകമാണ്.

Q: മാര്‍ക്സിസത്തെ കുറിച്ചും സോഷ്യലിസത്തെ കുറിച്ചും, അവയുമായി ബന്ധപ്പെട്ട പുത്തന്‍ ചിന്താധാരകളെ കുറിച്ചും പഠിക്കാനുള്ള റെഫറന്‍സ് പുസ്തകങ്ങള്‍?

(എ) മാര്‍ക്സിസം : ഒരു പാഠപുസ്തകം - ഇ.എം.എസ്

(ബി) കാറല്‍ മാര്‍ക്സ് ജീവചരിത്രം (മോസ്കോ) ഇത് ഒരു ജീവചരിതം എന്നതിലുപരി മാര്‍ക്സിസത്തെ പഠിക്കാന്‍ ഉപകരിക്കുന്ന ഗ്രന്ഥമാണ്.

(സി) സോഷ്യലിസം: സാങ്കല്പികവും ശാസ്ത്രീയവും - എംഗല്‍സ്

(ഡി) ഈ ലേഖകന്‍ എഴുതിയ വൈജ്ഞാനികവിപ്ലവം: ഒരു സാംസ്കാരികചരിത്രം.

null

Q: മതപരവും അല്ലാത്തതുമായ യാഥാസ്ഥികത്വം കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുന്നത് കാണാം. ആധുനികമൂല്യങ്ങള്‍ അതിന്റെ പാരമ്യത്തിലെത്തി എന്നു കരുതപ്പെടുന്ന അമേരിക്കയില്‍ പോലും യാഥാസ്ഥിക ഗ്രൂപ്പുകള്‍ കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുന്നു. ഇതിനെ പറ്റി?

A: ആഗോളീകരണത്തിന്റെയും മറ്റും വര്‍ധിച്ച സ്വാധീനവും കുത്തക മുതലാളിത്തത്തിന്റെ പിടിയിലമര്‍ന്ന മാധ്യമങ്ങളുടെ പ്രചാരവും മറ്റും യാഥാസ്ഥിതികത്വത്തിനു മുന്‍കൈ കിട്ടി എന്ന തോന്നലുണ്ടാക്കുന്നു. ലോകത്തിലെ മാധ്യമ ഭീമനായ റുപ്പര്‍ട്ട് മര്‍ഡോക്കിന്റെ തകര്‍ച്ച മാധ്യമങ്ങളുടെ വിശ്വാസ്യതയുടെ തകര്‍ച്ച കൂടിയാണ്. ഇവയൊക്കെ മറികടന്നു കൊണ്ടുതന്നെ ലാറ്റിനമേരിക്കയിലും അറബി രാഷ്ട്രങ്ങളിലും ഒരു പുത്തനുണര്‍വ്വ് നമുക്ക് കാണാന്‍ കഴിയുന്നു.

Q: കൂടുതല്‍ സജീവമാകുന്ന ഗ്രീന്‍ ലെഫ്റ്റ് പ്രസ്ഥാനങ്ങളെ കുറിച്ചുള്ള വിശകലനം. A: മുതലാളിത്തത്തിന്റെ ആപല്‍ക്കരമായ ദുഷ്‌ഫലങ്ങളില്‍ പരിസ്ഥിതിയുടെ നാശം വളരെ വലുതാണെന്നും അത് ഈ ഭൂഗോളത്തെ മനുഷ്യ വാസയോഗ്യമല്ലാതാക്കി മാറ്റുമെന്നും പത്തൊന്‍പതാം നൂറ്റാണ്ടില്‍ തന്നെ കണ്ടെത്തിയത് മാര്‍ക്സും എംഗല്‍സും മറ്റു ചില സോഷ്യലിസ്റ്റ് ചിന്തകരുമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തില്‍ മാത്രമാണ് ചില സോഷ്യലിസ്റ്റ് ഇതര ചിന്തകരും ദാര്‍ശനികരും ഈ വസ്തുത കണ്ടെത്തിയത്. 1950 കളില്‍ റെയിച്ചല്‍ കഴ്സണ്‍ നിശബ്ദ വസന്തം (Silent Spring) എഴുതിയതിനെ തുടര്‍ന്നാണ് ഈ ആശങ്ക വര്‍ധിച്ചു വന്നത്. 1991-ല്‍ മാത്രമാണ് UN ഇക്കാര്യത്തില്‍ ശ്രദ്ധ പതിപ്പിച്ചത്. മാര്‍ക്സിനും എംഗല്‍സിനും ശേഷം മാര്‍ക്സിസ്റ്റുകളും സോഷ്യലിസ്റ്റുകളും ഈ പ്രശ്നം കുറെ കാലത്തേക്ക് വിസ്മരിച്ചു എന്നത് വാസ്തവം. എന്നാലിപ്പോള്‍ ഇടതുപക്ഷ സഖ്യത്തിന്റെ സ്വാഭാവിക ശക്തിയായി പരിസ്ഥിതി സംരക്ഷകര്‍ മാറിയിരിക്കുന്നു. പരിസ്ഥിതി സംരക്ഷണത്തിന് ഏറ്റവും എതിര് നില്‍ക്കുന്നത് സാമ്രാജ്യത്വ വാദികള്‍, പ്രത്യേകിച്ച് അമേരിക്കന്‍ സാമ്രാജ്യത്വവാദികള്‍ ആണെന്ന് കാലാവസ്ഥ വ്യതിയാനം, അന്തരീക്ഷത്തിലെ CO2 വാതകം കുറവ് ചെയ്യാനുള്ള ശ്രമം മുതലായവയെ കുറിച്ചുള്ള സാര്‍വദേശീയ സമ്മേളനങ്ങള്‍ വ്യക്തമാക്കുന്നു. പരിസ്ഥിതിസംരക്ഷണത്തിനും അന്തരീക്ഷതാപനത്തിനും എതിരായ ക്യോട്ടോ പ്രോട്ടോക്കോള്‍ എന്ന തീരുമാനത്തെ എതിര്‍ക്കുന്നതില്‍ മുന്‍പില്‍ നില്‍ക്കുന്നത് സാമ്രാജ്യത്വ വാദികളാണ്. അതുകൊണ്ട് ഇടതുപക്ഷ-ഹരിത സഖ്യമെന്നത് സ്വാഭാവികമായ ഒരു പരിപാടിയായി ഉയര്‍ന്നിരിക്കുന്നു. സി.പി.ഐ.എമ്മിന്റെ പരിപാടിയില്‍ അടുത്ത കാലത്ത് വരുത്തിയ മാറ്റങ്ങളില്‍ പരിസ്ഥിതി സംരക്ഷണവും സ്ത്രീവിമോചനവും ഉള്‍പ്പെടുത്തിയിരിക്കുന്നത് ശ്രദ്ധേയമാണ്.

Q: ക്രിയാതമ മാര്‍ക്സിസമാണ് ഇന്ത്യന്‍ വിപ്ലവപ്രസ്ഥാനങ്ങളുടെ മുഖമുദ്ര എന്നു പറയാറുണ്ട്. ബഹുപാര്‍ടി ജനാധിപത്യമാണ് ഇന്ത്യക്ക് അനുയോജ്യമായ സോഷ്യലിസ്റ്റ് പാത എന്നു പാര്‍ടി ജനറല്‍ സെക്രട്ടറി തന്നെ പറയുന്നു. എന്നാല്‍ പാര്‍ടി സംവിധാനം ഇപ്പോഴും തുറന്ന ചര്‍ച്ചകള്‍ക്കു അനുയോജ്യമല്ലാത്ത വിധം കേന്ദ്രീകൃത ജനാധിപത്യം എന്ന സംവിധാനത്തില്‍ ആണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ ഒരു വൈരുധ്യമുണ്ടോ?

A: സി.പി.ഐ(എം) പരിപാടിയില്‍ ഇന്ത്യയിലെ സോഷ്യലിസ്റ്റ് പാത ജനകീയ ഘട്ടത്തിലൂടെയാണ് പോകേണ്ടതെന്ന് പറഞ്ഞിട്ടുണ്ട്. ഇടതുപക്ഷ ജനാധിപത്യ മുന്നണി എന്നാല്‍ ജനകീയ ജനാധിപത്യ മുന്നണിക്ക് വഴിതെളിക്കുന്ന ഒരു ഇടത്താവളം മാത്രം. ഇന്ത്യയില്‍ ബഹുകക്ഷി ജനാധിപത്യത്തിലൂടെ തന്നെ സമാധാനപരമായി സോഷ്യലിസം സംസ്ഥാപിക്കാന്‍ ശ്രമിക്കുമെന്നും എന്നാല്‍ ഒരു വര്‍ഗ്ഗം അധികാരം വിട്ടു മറ്റൊരു വര്‍ഗ്ഗത്തിന് സമാധാനപരമായി അരങ്ങൊഴിഞ്ഞു കൊടുക്കുന്ന സംഭവങ്ങള്‍ വിരളമാണെന്നുംകൂടി പറയുന്നു. അതുകൊണ്ട് സമാധാനപരമായി ബഹുകക്ഷി ജനാധിപത്യം പരീക്ഷിക്കുന്നതിനോടൊപ്പം പാര്‍ലമെന്റിതരമായ മറ്റു മാര്‍ഗ്ഗങ്ങള്‍ കൂടി സ്വീകരിക്കാന്‍ തയ്യാറാവുകയും അണികളെ ഒരുക്കുകയും ചെയ്യേണ്ടതുണ്ട്. ഇന്ത്യയില്‍ 1975-77 ല്‍ പ്രഖ്യാപിക്കപ്പെട്ട അടിയന്തരാവസ്ഥ പാര്‍ലമെന്ററി മാര്‍ഗ്ഗത്തിന്റെ പരിമിതികളിലേക്ക്‌ വിരല്‍ ചൂണ്ടുകയും മറ്റു മാര്‍ഗ്ഗങ്ങളുടെ ആവശ്യകതയെ പറ്റി ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു.

Q: ഇന്ത്യയുടെ ആധുനികതയിലേക്കുള്ള പ്രയാണം ഇപ്പോഴും വളരെ പിന്നാക്കാവസ്ഥയില്‍ തന്നെ. ഇവിടത്തെ ഇടതുപുരോഗമനപ്രസ്ഥാനങ്ങള്‍ക്ക് എന്തു ചെയ്യാന്‍ കഴിയും? അനാചാരങ്ങള്‍, വര്‍ണ്ണ വിവേചനം തുടങ്ങിയവക്കെതിരെയുള്ള സമരത്തെ എങ്ങനെ ഇടതുപക്ഷത്തിന് ഏറ്റെടുക്കാന്‍ കഴിയും?

A: പാര്‍ട്ടി പരിപാടിയില്‍ ഇക്കാര്യം പരാമര്‍ശിക്കുന്നുണ്ട്. പാര്‍ട്ടി പരിപാടിയില്‍ ഭരണകൂടത്തിന്റെ വര്‍ഗ്ഗസംഘടനയെയും വര്‍ഗ്ഗരചനയെയും കുറിച്ച് പറഞ്ഞിട്ടുണ്ട്. സാമ്രാജ്യത്വവുമായി സഹകരിക്കുന്ന വന്‍കിട ബൂര്‍ഷ്വാവര്‍ഗ്ഗവും ഫ്യൂഡല്‍ അവശിഷ്ടങ്ങളും ചേര്‍ന്ന് നയിക്കുന്ന ഒന്നാണ് ഇന്ത്യന്‍ ഭരണകൂടം. പല പടിഞ്ഞാറന്‍ രാജ്യങ്ങളെയും പോലെ ഫ്യൂഡലിസത്തെ നിര്‍മ്മാര്‍ജനം ചെയ്ത് ആ സ്ഥാനത്തല്ല ഇന്ത്യന്‍ ബൂര്‍ഷ്വാസി ഭരണകൂടം രൂപീകരിച്ചിട്ടുള്ളത്. അത് കൊണ്ട് ചോദ്യ കര്‍ത്താവ്‌ ഉന്നയിക്കുന്ന പിന്നോക്കാവസ്ഥയും അനാചാരങ്ങളുമെല്ലാം ഈ ഫ്യൂഡല്‍ അവശിഷ്ടത്തിന്റെ ഉപരിഘടനയാണ്. ഫ്യൂഡലിസത്തെ പൂര്‍ണ്ണമായും നിര്‍മ്മാര്‍ജനം ചെയ്ത് കൊണ്ട് മാത്രമേ ബൂര്‍ഷ്വാ വ്യവസ്ഥ കെട്ടിപ്പടുക്കുവാന്‍ കഴിയൂ. അതുകൊണ്ടാണ് നമ്മുടെ ഇന്നത്തെ കര്‍ത്തവ്യം സോഷ്യലിസം സ്ഥാപിക്കലല്ല എന്നും ജനകീയജനാധിപത്യത്തില്‍ ഊന്നിക്കൊണ്ട് മുന്നേറുകയാണെന്നും പാര്‍ട്ടി പരിപാടിയില്‍ പറഞ്ഞിട്ടുള്ളത്.

Q: ഇന്ത്യയില്‍ ശക്തമായ വേരുകളുള്ള ആധ്യാത്മികവാദം ആധുനികതയിലേക്കുള്ള പ്രയാണത്തെ പിന്നോട്ടടിപ്പിക്കുന്നുണ്ടൊ?

A: സ്പിരിച്വലിസം എന്ന വാക്ക് കുഴപ്പം പിടിച്ചതാണ്. സോഷ്യലിസത്തെ പറ്റി ആചാര്യന്മാര്‍ പറയുമ്പോള്‍ മെറ്റീരിയല്‍ ആന്‍ഡ്‌ സ്പിരിച്വല്‍ എന്ന് പരാമര്‍ശിക്കാറുണ്ട്. അതിന്റെ അര്‍ഥം സ്പിരിച്വല്‍ എന്ന വാക്ക് ദോഷവശത്തെ മാത്രമല്ല ബാധിക്കുന്നത് എന്നാണ്. ചോദ്യകര്‍ത്താവ് ഉദേശിക്കുന്നത് സ്പിരിച്വല്‍ എന്ന വാക്കിന്റെ അര്‍ഥം മതവിശ്വാസങ്ങളെയും അതോടനുബന്ധിച്ച അന്ധവിശ്വാസങ്ങളെയും യുക്തിരാഹിത്യവും മറ്റുമാണെങ്കില്‍, തീര്‍ച്ചയായും അവ നമ്മുടെ പുരോഗതിയെ തടസ്സപ്പെടുത്തുകയോ മന്ദീഭവിപ്പിക്കുകയോ ചെയ്യുന്നുണ്ട്. മാത്രമല്ല അത് വര്‍ഗ്ഗീയ കലഹങ്ങള്‍ക്കും വഴിവെക്കുന്നു.

null

Q: മാവോയിസ്റ്റ് പ്രസ്ഥാനങ്ങളുടെ പ്രസക്തിയെ പറ്റി? അവര്‍ക് എന്തെങ്കിലും ചരിത്രപരമായ സാംഗത്യമുള്ളതായി കരുന്നുവോ?

A: ഇവിടത്തെ മാവോയിസ്റ്റ് പ്രസ്ഥാനങ്ങളുടെ സമകാലികസാഹചര്യത്തില്‍ മാവോയിസവും ഇപ്പോള്‍ തെറ്റിധാരണ ഉളവാക്കുന്ന ഒരു പദപ്രയോഗമായി തീര്‍ന്നിട്ടുണ്ട്. മാവോയിസ്റ്റ് പ്രസ്ഥാനത്തിന്റെ പേരില്‍ ഭീകരവാദം മാത്രമല്ല നടക്കുന്നത്; മമതാ ബാനര്ജീയെ പോലെ കമ്മ്യൂണിസ്റ്റ് വിരുദ്ധ ഭ്രാന്തു പിടിച്ചവരോട് കൂട്ട് ചേര്‍ന്ന് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള ഊന്നു വടിയായി അത് തീര്‍ന്നിട്ടുണ്ട്. അതോടൊപ്പം തന്നെ പല വിധത്തിലുള്ള നക്സലൈറ്റ് ഗ്രൂപ്പുകളുടെ വിപ്ലവാഭാസ സാഹസ പ്രവര്‍ത്തനങ്ങള്‍ക്കും സഹായകരമായിട്ടുണ്ട്. ഇവയൊക്കെ മാറ്റി നിര്‍ത്തിയാല്‍ മാവോ സെ ദൂങ്ങിന്റെ സിദ്ധാന്തങ്ങളില്‍ നിന്നും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അനുഭവങ്ങളില്‍ നിന്നും നമുക്ക് ചിലതൊക്കെ പഠിക്കാന്‍ കഴിയും.

Q: കേരളത്തിലെ നിലവിലെ സാമൂഹിക വ്യവസ്‌ഥയെ എങ്ങനെ നോക്കി കാണുന്നു? ഒരു പോസ്റ്റ് ഇന്‍ഡസ്ട്രിയല്‍ സമൂഹത്തില്‍ ഇപ്പോഴും ബാക്കി നില്ക്കുന്ന ഫ്യൂഡല്‍ അംശങ്ങള്‍? ജാതിസംഘടനകളുടെ അതിപ്രസരം, തികച്ചും യാഥാസ്ഥിതികമായ സ്ത്രീ-പുരുഷ ബന്ധങ്ങള്‍ ഇവയെ ഒക്കെ എങ്ങനെ നോക്കി കാണുന്നു.

നേരത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ ഇത്തരം അവസ്ഥകള്‍ ഫ്യൂഡല്‍ അവശിഷ്ടങ്ങളുടെ ഉപരിഘടന ആണെന്ന് പറഞ്ഞല്ലോ. കൂടുതല്‍ വിശദീകരണവും അപ്പോള്‍ പറഞ്ഞല്ലോ.

Q: കല കലക്കു വേണ്ടി എന്നു പറഞ്ഞ യാഥാസ്ഥിതിക സാഹിത്യത്തില്‍ നിന്നു മാറി, ജീവല്‍ സാഹിത്യവും പുരോഗമന സാഹിത്യവും വന്നല്ലൊ? ഒരു പടി കൂടി കടന്നു ഇപ്പോള്‍ ജനകീയ കല, അല്ലെങ്കില്‍ ജനകീയ സാഹിത്യം എന്ന പുതിയ രീതി പലരും പ്രയോഗിക്കുന്നു. ഇതിനെ കുറിച്ച്?

A: കല കലയ്ക്കു വേണ്ടി എന്ന പിന്തിരിപ്പന്‍ വാദത്തില്‍ ഒരു പുരോഗമന ഘടകവും അടങ്ങിയിട്ടുണ്ടെന്ന് പുരോഗമന കലാ സാഹിത്യ സംഘത്തിന്റെ 1996 ലെ പെരുമ്പാവൂര്‍ രേഖ ചൂണ്ടികാട്ടുന്നു. കല രാജാവിനും പള്ളിക്കും നിലനില്‍ക്കുന്ന വ്യവസ്ഥയ്ക്കും വേണ്ടിയുള്ളതാണ് എന്ന ധാരണയെ തിരുത്താന്‍ പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാന പാദത്തില്‍ വാള്‍ട്ടര്‍ പീറ്റര്‍ തുടങ്ങിയ സൈദ്ധാന്തികര്‍ മുന്നോട്ടു വെച്ച ഒരു മുദ്രാവാക്യം കൂടിയാണിതെന്നു പെരുമ്പാവൂര്‍ രേഖയില്‍ പറയുന്നുണ്ട്. അത് കൊണ്ട് പുരോഗമന സാഹിത്യം അല്ലെങ്കില്‍ പുരോഗമന കല എന്നതിന് ജനകീയ കല എന്ന് പേര് മാറ്റി ഇട്ടതുകൊണ്ട് വലിയ കാര്യമൊന്നുമില്ല. മാറ്റിയാലും വലിയ ദോഷം വരാനില്ല.

Q: സാമൂഹിക പരിവര്‍ത്തനത്തിലും കമ്മ്യൂണിസ്റ്റുകള്‍ വിഭാവനം ചെയ്യുന്ന സാമൂഹികവിപ്ലവത്തിലും കലയുടെ പ്രാധാന്യത്തെ കുറിച്ച്?

A: മനുഷ്യരുടെ സാംസ്കാരിക പുരോഗതി സാധ്യമാക്കുന്ന രണ്ടു ഘടകങ്ങളാണ് സയന്‍സും കലയും. സയന്‍സിന്റെയും കലയുടെയും പുരോഗതിയെ ത്വരിതപ്പെടുത്തിയാല്‍ മാത്രമേ സാമൂഹ്യ പരിവര്‍ത്തനം സാധ്യമാകൂ. മാറ്റങ്ങളുടെ ആദ്യരശ്മികള്‍ പ്രത്യക്ഷപ്പെടുന്നത് കലയിലും, ശാസ്ത്രത്തിലും ദര്‍ശനത്തിലുമാണ്. റൂസ്സോയുടെ വിപ്ലവചിന്തയും വോള്‍ട്ടയറുടെ വിപ്ലവകലകളും ന്യൂട്ടന്റെ ശാസ്ത്രവും ഒരുക്കിയ പശ്ചാത്തലമാണ് ഫ്രഞ്ച് വിപ്ലവത്തിന് പ്രചോദനമായത്. സ്വന്തം നിലയില്‍ രാഷ്ട്രീയ യാഥാസ്ഥിതികന്‍ ആയിരുന്നുവെങ്കിലും ടോള്‍സ്റ്റോയിയുടെ കലയും കൃതികളും റഷ്യന്‍ വിപ്ലവത്തിന്റെ കണ്ണാടിയായിരുന്നു അല്ലെങ്കില്‍ മുന്നോടിയായിരുന്നു എന്ന ലെനിന്റെ നിഗമനം ശ്രദ്ധിക്കുക.