ഔഷധനയം - ഇനിയെങ്ങോട്ട്?

മനുഷ്യന്റെ ജിവിതത്തിൽ ഭക്ഷണം, പാർപ്പിടം, വസ്ത്രം എന്നിവയെപ്പോലെയോ അതിനേക്കാളേറെയോ പ്രാധാന്യമർഹിക്കുന്നതാണു ആരോഗ്യസംരക്ഷണം. അത് കൊണ്ട് തന്നെ ആരോഗ്യസംരക്ഷണം സംബന്ധിച്ച വിവിധ വിഷയങ്ങളും അതിനായ് ചിലവിടേണ്ടി വരുന്ന പണവും വ്യക്തിയുടെ നിത്യ ജീവിതവുമായി ഇഴപിണഞ്ഞിരിക്കുന്നു. അടുത്തിടെ പുറത്ത് വന്ന ഒരു വാർത്ത അത്കൊണ്ടു തന്നെ ബഹുജന ശ്രദ്ധ അർഹിക്കുന്നതാണ്. യു എസ് - ഇന്ത്യ ബിസിനസ് കൌൺസിൽ സമർപ്പിച്ച റിപ്പോർട്ട് പ്രകാരം, നമ്മുടെ കേന്ദ്ര ഗവർമെന്റ് അവർക്ക് കൊടുത്ത 'സ്വകാര്യ ഉറപ്പ് ' അനുസരിച്ച് ഇന്ത്യൻ പേറ്റന്റ് നിയമത്തിലെ നിർബന്ധിത ലൈസൻസിങ്ങ് വ്യവസ്ഥ ഇനി മുതൽ നമ്മുടെ രാജ്യത്തെ ഔഷധ മേഖലയിൽ ഉപയോഗിക്കില്ല. ഇന്ത്യൻ ഔഷധമേഖലയിലും മരുന്നിന്റെ വിലനിലവാരത്തിലും ദൂരവ്യാപകമായ മാറ്റം കൊണ്ടു വരാൻ ഇടയുള്ള തീരുമാനമാണിത്. ഈ നയത്തിന്റെ പ്രത്യാഘാതത്തെ കുറിച്ചറിയണമെങ്കിൽ ചില ചരിത്ര വസ്തുതകൾ അറിയേണ്ടതുണ്ട്.

1970ന് മുമ്പേ

സ്വാതന്ത്ര്യപൂർവ്വ ഇന്ത്യയിലും സ്വാതന്ത്ര്യലബ്ദിക്കു ശേഷം രണ്ട് ദശാബ്ദങ്ങളിലും ഇന്ത്യൻ ഔഷധമേഖലയിൽ വിദേശ നിർമ്മിതമായ മരുന്നുകൾക്കാണ് ആധിപത്യമുണ്ടായിരുന്നത്. 1901ൽ തന്നെ ബംഗാൾ കെമിക്കൽ ആന്റ് ഫാർമസ്യുട്ടിക്കൽ വർക്സ് ലിമിറ്റഡ് പോലുള്ള ഇന്ത്യൻ ഔഷധ നിർമ്മാണ കമ്പനികൾ സ്ഥാപിക്കപ്പെട്ടെങ്കിലും ബഹുഭൂരിപക്ഷം മരുന്നുകളും ബ്രിട്ടീഷ് കമ്പനികളുൾപ്പെടെയുള്ള വിദേശ കുത്തകകളുടെ ഇറക്കുമതിയായിരുന്നു. സ്വാതന്ത്ര്യാനന്തരം സാങ്കേതിക വിദ്യയും മൂലധനവും ആർജ്ജിക്കാൻ വിദേശ കമ്പനികൾക്ക് അനുകൂലമായ നയം ഫലം ഉണ്ടാക്കിയില്ലെന്നു മാത്രമല്ല അമിത ചൂഷണത്തിനു വഴി വച്ചു. ഈ നയപരാജയത്തിന്റെ ഫലമായി 1956-ഓടെ വ്യവസായനയത്തിൽ സ്വാശ്രയത്വത്തിൽ ഊന്നിയ കാതലായ മാറ്റം പ്രഖ്യാപിക്കപെട്ടു. 1954 ൽ ഹിന്ദുസ്ഥാൻ ആന്റിബയോട്ടിക്ക് ലിമിറ്റഡ് (HAL), 1961-ൽ ഇന്ത്യൻ ഡ്രഗ്സ് ആന്റ് ഫാർമസ്യുട്ടിക്കൽ ലിമിറ്റഡ് എന്നിവ സ്ഥാപിക്കുക വഴി പൊതുമേഖലയിൽ ഔഷധനിർമാണം വ്യാപകമാക്കാൻ സാധിച്ചു.

തൊണ്ണൂറുകൾക്കു ശേഷം രാജ്യത്ത് ആഗോളവൽക്കരണത്തിനനുസരിച്ചുള്ള നയവ്യതിയാനങ്ങളുടെ ഭാഗമായ് ഔഷധവ്യവസായ മേഖലയിലും മാറ്റങ്ങൾ വരുത്താൻ ആഗോള മൂലധനത്തിന്റെ തുടർസമ്മർദ്ദങ്ങൾ രൂപപ്പെട്ടു. ലോക വ്യാപാര സംഘടനയുടെ നിർദ്ദേശപ്രകാരമുള്ള ട്രിപ്പ്സ് (Trade Related Aspects of Intellectual Property Rights :TRIPS) നിബന്ധനകൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി 1999-ലും, 2002-ലും അന്നത്തെ എൻ.ഡി.എ. സർക്കാറിന്റെ കാലത്ത് കൊണ്ടു വന്ന ഭേദഗതികളും, പിന്നീട് 2005-ൽ ഒന്നാം യു.പി.എ സർക്കാറിന്റെ കാലത്ത് നടപ്പിലാക്കിയ സമൂലമായ മാറ്റങ്ങളോടെയുള്ള പേറ്റന്റ് നിയമവും നിലവിൽ വന്നു.

1970ന് ശേഷം

എന്നാൽ ഔഷധമേഖലയിൽ കുതിച്ച് ചാട്ടത്തിനു വഴി വച്ചത് എഴുപതുകളിൽ എടുത്ത പല നടപടികളുടേയും നിയമഭേദഗതികളുടേയും ഫലമായാണ്. 1970 ൽ പാർലമെന്റ് പാസാക്കിയ പുതിയ പേറ്റന്റ് നിയമമാണ് അതിൽ പ്രധാനം. അതിന്റെ ഏറ്റവും പ്രധാന പ്രത്യേകത അതിലുള്ള പ്രക്രിയാ പേറ്റന്റ് (Process Patent) വ്യവസ്ഥയായിരുന്നു. അതായത് ഈ നിയമപ്രകാരം വിദേശ കമ്പനികൾ പേറ്റന്റ് എടുത്ത് ബ്രാന്റ് ചെയ്ത മരുന്നുകൾ മറ്റൊരു ഉത്പാദന രീതിയിലൂടെ നിർമ്മിച്ച് മാർകറ്റ്‌ ചെയ്യാൻ ഇന്ത്യൻ കമ്പനികൾക്ക് അവകാശമുണ്ട്. മറ്റൊരു പ്രധാന പ്രത്യേകത ഔഷധ പേറ്റന്റ് കാലാവധി പരമാവധി 7 വർഷമായി നിജപ്പെടുത്തി എന്നുള്ളതാണ്. ഇത് വഴി പുതിയ മരുന്നുകൾ കൂടുതൽ വേഗത്തിൽ ഇന്ത്യയിൽ നിർമ്മിക്കപ്പെട്ടു. ഹാത്തി കമ്മിറ്റി നിർദേശപ്രകാരമുള്ള, 1978-ലെ ഔഷധനയവും, 1979-ലെ ഔഷധവില നിയന്ത്രണ ഉത്തരവും (Drug Price Control Order) ഔഷധ വ്യവസായ മേഖലക്ക് പുത്തൻ ഉണർവ് നല്കുന്നവയായിരുന്നു. ഈ നയമാറ്റങ്ങൾ ഇന്ത്യൻ ഔഷധമേഖലയെ വമ്പിച്ച കുതിപ്പിന് സജ്ജമാക്കി. എഴുപതുകളുടെ തുടക്കത്തിൽ മരുന്നുകളുടെ പങ്കാളിത്തം 80-90% വരെ വിദേശ കമ്പനികൾക്കായിരുന്നെങ്കിൽ, തൊണ്ണൂറുകളാമ്പോഴേക്കും അത് 40%ത്തിൽ താഴെ മാത്രമായി ചുരുങ്ങി. ഇന്ത്യയിൽ മാത്രമല്ല ഇന്ത്യക്ക് പുറത്ത് വികസ്വര രാജ്യങ്ങൾക്ക് വരെ കുറഞ്ഞ ചിലവിൽ മെച്ചപ്പെട്ട മരുന്നുകൾ ലഭിക്കുന്ന സ്രോതസ്സായ് ഇന്ത്യ മാറി. വികസ്വര രാജ്യങ്ങളുടെ ഫാർമസി എന്ന വിളിപ്പേരിൽ ജനകീയാരോഗ്യപ്രസ്ഥാനമായ മെഡിസിൻസ് സാൻസ് ഫ്രൊണ്ടിയേർസ് ഇന്ത്യയെ വിശെഷിപ്പിച്ചത് ഈ സാഹചര്യത്തിലാണ്.മെച്ചപെട്ട മരുന്നുകൾ താരതമ്യേന കുറഞ്ഞ ചിലവിൽ ലഭ്യമായി എന്ന് മാത്രമല്ല ഫാർമസ്യൂട്ടികൽ കമ്പനികളുടെ വികാസം ഇന്ത്യയിൽ ഒരു പ്രധാന തൊഴിൽ ദാതാവായ് ഈ മേഖലയെ മാറ്റി എന്നും കാണേണ്ടതുണ്ട്.

ആഗോളവൽക്കരണത്തിനു ശേഷം

xdfdfd
ചിത്രത്തിന് കടപ്പാട്: fineartamerica.com

തൊണ്ണൂറുകൾക്കു ശേഷം രാജ്യത്ത് ആഗോളവൽക്കരണത്തിനനുസരിച്ചുള്ള നയവ്യതിയാനങ്ങളുടെ ഭാഗമായ് ഔഷധവ്യവസായ മേഖലയിലും മാറ്റങ്ങൾ വരുത്താൻ ആഗോള മൂലധനത്തിന്റെ തുടർസമ്മർദ്ദങ്ങൾ രൂപപ്പെട്ടു. ലോക വ്യാപാര സംഘടനയുടെ നിർദ്ദേശപ്രകാരമുള്ള ട്രിപ്പ്സ് (Trade Related Aspects of Intellectual Property Rights :TRIPS) നിബന്ധനകൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി 1999-ലും, 2002-ലും അന്നത്തെ എൻ.ഡി.എ. സർക്കാറിന്റെ കാലത്ത് കൊണ്ടു വന്ന ഭേദഗതികളും, പിന്നീട് 2005-ൽ ഒന്നാം യു.പി.എ സർക്കാറിന്റെ കാലത്ത് നടപ്പിലാക്കിയ സമൂലമായ മാറ്റങ്ങളോടെയുള്ള പേറ്റന്റ് നിയമവും നിലവിൽ വന്നു. പുതിയ നിയമത്തിൽ വന്ന പ്രധാനമാറ്റം പ്രക്രിയാ പേറ്റന്റ് (Process Patent) ൽ നിന്നും ഉല്പന്ന പേറ്റന്റിലേക്കുള്ള (Product Patent) മാറ്റമാണ്. ഇതോടൊപ്പം പേറ്റന്റ് കാലാവധി 7 വർഷത്തിൽ നിന്നുയർത്തി 20 വർഷമാക്കി. ഇതിലൂടെ പുതുതായി നിർമ്മിക്കപ്പെടുന്ന മരുന്നുകൾക്കു മേൽ ദീർഘകാലം കുത്തക സ്ഥാപിക്കാനും അതിന്നുമേൽ കൊള്ള വില ഈടാക്കാനും കമ്പനികൾക്ക് അവസരം ലഭിക്കുന്ന സ്ഥിതിയുണ്ടായി.

2001-ൽ ലോകവ്യാപാരസഘടനയുടെ ‘ദോഹ സമ്മേളനം’ ട്രിപ്പ്സ് കരാറിൽ ചില ഇളവുകൾ വ്യവസ്ഥ ചെയ്തിരുന്നു. എന്നാൽ ഈ ഇളവുകൾ 2005-ലെ നിയമത്തിൽ ഉൾക്കൊള്ളിച്ചിരുന്നില്ല. ഈ സാഹചര്യത്തിൽ ഇടത് പാർട്ടികൾ ദോഹാ ഇളവുകൾ ഉപയോഗിക്കുന്ന തരത്തിൽ നിയമത്തിൽ 12 ഭേദഗതികൾ നിർദ്ദേശിക്കുകയും, ഒന്നാം യു.പി.എ. സർക്കാറിൽ ഇടതു പക്ഷത്തിനുള്ള സ്വാധീനം മൂലം മിക്കവാറും അംഗീകരിക്കപെടുകയും ചെയ്തു. ഈ ഭേദഗതികളാണ് ഇന്നും ഇന്ത്യൻ ഔഷധമേഖലയിൽ ഒരു നിയന്ത്രണശക്തിയായ് പ്രവർത്തിക്കുന്നത് എന്ന് എടുത്തു പറയാതെ വയ്യ. ഇതിനായുള്ള നിയമ പരിരക്ഷയിൽ പ്രധാനമാണ് നിർബന്ധിത ലൈസെൻസിങ്ങ് സംവിധാനം. ഔഷധങ്ങളുടെ അമിത വില, ദൌർലഭ്യത, ആവശ്യാനുസരണം മരുന്നുൽപാദിപ്പിക്കാനുള്ള പരിമിതി, സർക്കാർ ആവശ്യത്തിനായുള്ള മരുന്ന് ലഭ്യമാക്കൽ എന്നിങ്ങനെയുള്ള സാഹചര്യങ്ങളിൽ നിർബന്ധിത ലൈസെൻസിങ്ങ് പ്രകാരം പേറ്റന്റ് എടുക്കാത്ത മറ്റ്‌ കമ്പനികൾക്ക് മരുന്നുല്പാദിപ്പിക്കാൻ അനുമതി നല്കാവുന്നതാണ്. ഇത് കൂടാതെ മുൻകൂർ എതിർപ്പവകാശം (Pre-grant opposition ) മുതലായ മറ്റ്‌ ചില വ്യവസ്ഥകളും പരിരക്ഷകളായ് നിയമത്തിലുണ്ട്. പേറ്റന്റ് കാലാവധി തീരാറായുള്ള മരുന്നുകൾക്ക് പ്രസക്തിയില്ലാത്ത മാറ്റങ്ങൾ വരുത്തി പേറ്റന്റ് കുത്തക നീട്ടാനുള്ള ശ്രമങ്ങൾ തടയുന്നതിനായ് 3(ഡി) വ്യവസ്ഥയും ഇടത് ഇടപെടൽ മൂലം നിയമത്തിൽ വന്നതാണ്.

പൊതുവിൽ ശുഷ്കമായ് ഉപയോഗിക്കപ്പെട്ടതും, പക്ഷെ, കാതലായ പരിരക്ഷ നല്കുന്നതുമായ നിർബന്ധിത ലൈസൻസിങ്ങ് വ്യവസ്ഥയെ അപ്രസക്തമാക്കുന്ന സർക്കാർ "ഉറപ്പ് " നമ്മുടെ ഔഷധമേഖലയിൽ പ്രത്യേകിച്ചും ആരോഗ്യ രംഗത്ത് പൊതുവിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണ്. വിദേശ കുത്തകകൾക്ക് ഇന്ത്യൻ ഔഷധവിപണി തീറെഴുതി കൊടുക്കുന്നതിനു തുല്യമാകുമത്. ഇത് വഴി സാധാരണ ജനങ്ങൾക്ക്‌ മുമ്പിൽ പുത്തൻ ചികിത്സാ സാധ്യതകൾ അടക്കപ്പെടും.

ആഗോളവൽകരണത്തിന്റെ കാലഘട്ടത്തിൽ ഫിനാൻസ് മൂലധനത്തിന്റെ കുത്തകവൽകരണ പ്രവണത മൂലം ഔഷധവ്യാപാരവ്യവസായത്തിലും വൻകിട കമ്പനികൾ ചെറുകിട കമ്പനികളെ വിഴുങ്ങുന്ന കാഴ്ചയാണ് കാണുന്നത്. ഇന്ന് മരുന്നുല്പാദനം വിരലിലെണ്ണാവുന്ന വിദേശ-ദേശീയ കുത്തക ഭീമന്മാരുടെ കൈയ്യിലാണ്. അത് കൊണ്ട് തന്നെ നിയമത്തിലെ പരിരക്ഷകൾ പലതും ഉപയോഗിക്കപ്പെടാതിരിക്കുകയും ചെയ്യുന്നു. ഇതിനപവാദമായി നിന്നത് ബെയർ കമ്പനി ഉല്പാദിപ്പിക്കുന്ന സോറാഫെനിബ് എന്ന മരുന്നിനു നിർബന്ധിത ലൈസൻസിങ്ങ് പ്രകാരമുള്ള ഉല്പാദനാധികാരം ഇന്ത്യൻ പേറ്റന്റ് കണ്ട്രോളർ ശ്രീ പി. എച്ച്. കുര്യൻ മറ്റ് കമ്പനികൾക്ക് നല്കിയതാണ്. ഇതിലൂടെ കുത്തക കമ്പനിയായ ബെയർ ഈ കാൻസർ മരുന്നിനു ഈടാക്കിയിരുന്ന കൊള്ള വിലയിൽ നിന്ന് ഇന്ത്യൻ ജനതയെ സംരക്ഷിക്കാൻ സാധിച്ചു. ഈ നടപടിയെ ചോദ്യം ചെയ്തു കൊണ്ട് കമ്പനി കോടതികളെ സമീപിച്ചെങ്കിലും ഈ വിഷയത്തിൽ ജനനന്മയ്ക്ക് അനുസ്രിതമായ് പേറ്റന്റ് കണ്ട്രോളറുടെ തീരുമാനം ശരിവെക്കുകയാണു കോടതി ചെയ്തത്. ബഹുരാഷ്ട്ര കുത്തക ഭീമൻ നൊവാർട്ടിസ് മറ്റൊരു കാൻസർ മരുന്നായ ഇമാറ്റിനിബിന്റെ കാര്യത്തിൽ 3(ഡി) വകുപ്പിനെതിരായുള്ള നിയമ പോരാട്ടത്തിലും ഇന്ത്യൻ കോടതികൾ ജനപക്ഷ നിലപാടുകളെടുക്കുകയും കമ്പനികളുടെ അമിത ചൂഷണം തടയുകയും ചെയ്തു.

കാൻസർ, പ്രമേഹം, ഹൃദ്രോഗം എന്നിവയുൾപ്പെടുന്നവയുടെ പല മരുന്നുകളേയും അത്യാവശ്യ മരുന്നുകളായ് പരിഗണിച്ച് വിലനിയന്ത്രണത്തിനും സർക്കാർ ഇടക്കിടെ നടപടികളെടുക്കുന്നുണ്ടെന്നുള്ളതു ആശാവഹമാണ്. എന്നിരുന്നാലും ആഗോളവല്കരണ കാലഘട്ടത്തിൽ മരുന്ന് വില ക്രമാതീതമായ് ഉയർന്നിട്ടുണ്ടെന്നും മാറി മാറി വരുന്ന കേന്ദ്ര സർക്കാറുകളുടെ നവ ഉദാരീകരണനയങ്ങൾ മരുന്ന് കുത്തകകൾക്കനുകൂലമായ പൊതു ദിശയിലുള്ളതാണെന്നും നമുക്ക് കാണാൻ സാധിക്കും. ഈ സാഹചര്യത്തിലാണ് നമ്മൾ കേന്ദ്ര സർക്കാറിന്റെ പുതിയ നീക്കത്തെ കാണേണ്ടതത്. പൊതുവിൽ ശുഷ്കമായ് ഉപയോഗിക്കപ്പെട്ടതും, പക്ഷെ, കാതലായ പരിരക്ഷ നല്കുന്നതുമായ നിർബന്ധിത ലൈസൻസിങ്ങ് വ്യവസ്ഥയെ അപ്രസക്തമാക്കുന്ന സർക്കാർ "ഉറപ്പ് " നമ്മുടെ ഔഷധമേഖലയിൽ പ്രത്യേകിച്ചും ആരോഗ്യ രംഗത്ത് പൊതുവിലും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണ്. വിദേശ കുത്തകകൾക്ക് ഇന്ത്യൻ ഔഷധവിപണി തീറെഴുതി കൊടുക്കുന്നതിനു തുല്യമാകുമത്. ഇത് വഴി സാധാരണ ജനങ്ങൾക്ക്‌ മുമ്പിൽ പുത്തൻ ചികിത്സാ സാധ്യതകൾ അടക്കപ്പെടും. സർക്കാറിന്റെ ഈ നടപടികളും ഔഷധ രംഗത്തുള്ള നവ ലിബറൽ നയങ്ങളും എതിർക്കാൻ ജനങ്ങൾ നിതാന്ത ജാഗ്രത പുലർത്തേണ്ടതിന്റെ ആവശ്യകതയാണ് ഇത് ചൂണ്ടികാണിക്കുന്നത്.