ലീഗെന്നാൽ ഇതൊക്കെയാണ് ഭായ്..

ലോകമാകെ ഉറ്റുനോക്കുന്നൊരു തെരഞ്ഞെടുപ്പിന്റെ പടിവാതിലിലാണ് കേരളം. നവലിബറൽ - ഹിന്ദുത്വ അച്ചുതണ്ടിനെതിരെ രാജ്യമെമ്പാടും രൂപം കൊള്ളുന്ന പ്രതിരോധ സഖ്യത്തിന്റെ ഭാവിയെ തീരുമാനിക്കുന്ന തെരഞ്ഞെടുപ്പ്. നവലിബറൽ - ഹിന്ദുത്വത്തിനെതിരെ രാജ്യമെമ്പാടും അഭൂതപൂർവ്വമായൊരു ഐക്യനിര രൂപം കൊള്ളുന്നുണ്ട്. രാഷ്ട്രീയ പ്രത്യയശാസ്ത്ര നിലപാടുകളിൽ ഭിന്നിച്ചു നിന്നിരുന്ന നിരവധി ഗ്രൂപ്പുകൾ ഈ ഐക്യനിരയുടെ ഭാഗമാകുന്നു. നവലിബറൽ - ഹിന്ദുത്വത്തിന്റെ നേരിട്ടുള്ള ഇരകളിൽ ഗണ്യമായൊരു വിഭാഗം താഴേ തട്ടിലുള്ള മുസ്ലീങ്ങളാണ്. സ്വാഭാവികമായും കേരളത്തിലെ എറ്റവും വലിയ മുസ്ലീം രാഷ്ട്രീയ പ്രസ്ഥാനമെന്നവകാശപ്പെടുന്ന മുസ്ലീം ലീഗിനെ ഈ ഐക്യ നിരയിലോ പോരാട്ടങ്ങളിലോ നാം പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ കഴിഞ്ഞ രണ്ടു വർഷമായി ദിനംപ്രതിയെന്നോണം നടക്കുന്ന പ്രതിരോധ പോരാട്ടങ്ങളിലെങ്ങും ലീഗിനെ കാണാനില്ലെന്നു മാത്രമല്ല, പലപ്പോഴും ഈ ഐക്യ നിരയെ ദുർബലപ്പെടുത്തുന്ന നിലപാടുകൾ സ്വീകരിക്കുകയും ചെയ്യുന്നു. എന്നാൽ തെരഞ്ഞെടുപ്പ് കാലത്താകട്ടെ "ഫാഷിസ്റ്റ്‌ ഭീതിയെ" പരമാവധി മാർക്കറ്റ് ചെയ്യാനും അതുവഴി സൃഷ്ടിക്കപ്പെടുന്ന സാമുദായിക ധ്രുവീകരണത്തിലൂടെ കൂടുതൽ സീറ്റുകൾ നേടാനും ലീഗിന് കഴിയുന്നു. നവലിബറൽ നയങ്ങളോടുള്ള ലീഗിന്റെ സമീപനവും സമാനമാണ്. ഒരേ സമയം നവലിബറൽ നയങ്ങളുടെ വക്താക്കളായി നില്ക്കാനും അതേ സമയം ഈ നയങ്ങളുടെ ഭാഗമായി പുറം തള്ളപ്പെടുന്ന ബഹുഭൂരിപക്ഷത്തെ ചാരിറ്റിയുടെയും, സാമുദായികതയുടെയും ഭാഗമായി കൂടെ നിർത്താനും ലീഗിന് സാധിക്കുന്നു. നവലിബറൽ കാലത്തെ ജീവിത പ്രതിസന്ധിയുടെ കാരണം വ്യക്തിഗത ധാർമ്മികതയിൽ വന്ന കുറവാണെന്നും, ഈ ധാർമ്മികത ഉയർത്തിപ്പിടിക്കുന്നതിലൂടെ പരലോകത്തെ സ്വർഗ്ഗവും ഇഹലോകത്തെ ചാരിറ്റിയും വാഗ്ദാനം ചെയ്ത്, വർഗ്ഗാതീതമായൊരു സാമുദായിക ഐക്യം സൃഷ്ടിക്കാൻ ലീഗിനാവുന്നു. ഒപ്പം ഒരേസമയം മതേതര വാദികൾക്കും, രാഷ്ട്രീയ ഇസ്ലാമിസ്റ്റുകൾക്കും ലീഗ് അഭയ കേന്ദ്രമാകുന്നു. ഇത്തരത്തിൽ വൈരുദ്ധ്യ പൂർണ്ണമായ നിലപാടുകളെ സാമുദായികതയിൽ സമർത്ഥമായൊളിപ്പിച്ച് തങ്ങളുടെ വർഗ്ഗതാല്പര്യം സംരക്ഷിക്കുകയാണ് ലീഗ്. അത് കൊണ്ട് ചരിത്രപരമായൊരു പുനർവായനക്ക് ലീഗ് രാഷ്ട്രീയത്തെ വിധേയമാക്കേണ്ടതുണ്ട്.

1906 ഡിസംബർ 30ന് ധാക്കയിൽ രൂപീകരിക്കപ്പെട്ട അഖിലേന്ത്യാ മുസ്ലിം ലീഗിന്റെ മലബാർ ജില്ലാഘടകം കണ്ണൂരിൽ വെച്ച് രൂപീകരിക്കപ്പെടുന്നത് 1936 മെയ്‌ 21ന് മാത്രമാണ്. കട്ടക്കാട്ട് അഹമ്മദ് കുഞ്ഞി ഹാജിയും 20 പേരും പങ്കെടുത്ത യോഗം തലശ്ശേരി കേന്ദ്രമാക്കി പ്രവർത്തിക്കാൻ തീരുമാനിച്ചു. അറക്കൽ സുൽത്താൻ അബ്ദുറഹ്മാൻ അലി രാജയായിരുന്നു മലബാർ ഘടകത്തിന്റെ ആദ്യ പ്രസിഡന്റ്‌. 1931-35 വർഷങ്ങളിൽ തലശ്ശേരി നഗരസഭാംഗമായിരുന്നു. ഹാജി അബ്ദു സത്താർ സേട്ടായിരുന്നു ജനറൽ സെക്രട്ടറി. സി പി മമ്മുകേയി, കൊയപ്പത്തൊടി അഹമ്മദ് കുട്ടി ഹാജി തുടങ്ങി ഭൂജന്മിമാരും, വൻകിട വ്യാപാരികളുമായ അതിസമ്പന്നർക്കായിരുന്നു തുടക്കം മുതലേ ലീഗിന്റെ നേതൃത്വം.

സ്വാതന്ത്ര്യാനന്തരം 1948 മാർച്ച്‌ 10 ന് മദ്രാസ്സിലെ രാജാജി ഹാളിൽ ചേർന്ന കൺവെൻഷനിൽ ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് രൂപീകരിക്കപ്പെടുകയും ഖാഇദെ മില്ലത്ത് മുഹമ്മദ്‌ ഇസ്മയിൽ സാഹിബ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. വിഭജനത്തിന്റെ ചോരപ്പുഴ കണ്ട പലരും മുസ്ലിം ലീഗ് പുനരുജ്ജീവിപ്പിച്ചതിൽ പ്രതിഷേധിച്ച് സംഘടന വിട്ടു പോയി. മലബാറിൽ വി പി ഹസ്സൻ കോയ എം.എൽ.എ സ്ഥാനം രാജി വെച്ചു. മലബാർ ജില്ലാ പ്രസിഡന്റ്‌ ആയിരുന്ന സത്താർ സേട്ട് പാക്കിസ്ഥാനിലേക്ക് കുടിയേറിയത് ലീഗിന് കടുത്ത ആഘാതമായി. കേരള സംസ്ഥാന രൂപീകരണത്തിന് ശേഷം 1956 നവംബർ 18 നു് എറണാകുളത്ത് ചേർന്ന പ്രതിനിധി സമ്മേളനം ബാഫഖി തങ്ങൾ പ്രസിഡന്റ്‌ ആയും കെ എം സീതി സെക്രട്ടറി ആയും മുസ്ലിം ലീഗ് കേരള ഘടകം രൂപീകരിച്ചു.

മലബാർ കലാപത്തിന് ശേഷം കോൺഗ്രസ്‌ സ്വീകരിച്ച മൃദുഹിന്ദുത്വ നിലപാടുകളുടെ ഉച്ചസ്ഥായിയിലാണ് അതു വരെ തലശ്ശേരിയിലെ ധനാഢ്യരുടേയും, വക്കീലന്മാരുടെയും, വൻകിട കച്ചവടക്കാരുടെയും സംഘം മാത്രമായിരുന്ന ലീഗിന് ദക്ഷിണ മലബാറിലേക്കും,ഉൾഗ്രാമങ്ങളിലേക്കും വളരാനവസരം കിട്ടിയത്. ലീഗ് സംസ്ഥാന ഘടകം രൂപികരിക്കപെട്ട ശേഷം ജനറൽ സെക്രട്ടറി സീതി സാഹിബ് "മുസ്ലിം ലീഗ് എന്ത്, എന്തിന് ?" എന്ന പേരിൽ ഒരു സർക്കുലർ ശാഖകൾക്ക് അയച്ചു കൊടുത്തു. ലീഗ് ചരിത്രത്തിൽ നിർണ്ണായകമായ ആ സർക്കുലർ ഇങ്ങനെ പറയുന്നു "മുസ്ലിം ലീഗിന്റെ അഭാവത്തിൽ മുസ്ലിംങ്ങൾ പലരും കമ്യൂണിസ്റ്റ് ആദിയായ പാർട്ടികളിൽ ചേർന്ന് പോയതും,ലീഗിന്റെ സംഘടന വന്നതോട് കൂടി അവരിൽ ഒരു വലിയ വിഭാഗം ലീഗിൽ ചേരുക വഴി ഇസ്ലാമിന്റെ വൃത്തത്തിലേക്ക് വീണ്ടും വന്നതും ലീഗിന്റെ അത്യാവശ്യകത സന്ദേഹമന്യേ തെളിയിച്ചിരിക്കുന്നു."

സീതി സാഹിബിന്റെ സർക്കുലർ വാക്കു പാലിച്ചു. കമ്മ്യുണിസ്റ്റ് പാർട്ടിയുടെ യാന്ത്രിക വർഗ്ഗ വീക്ഷണങ്ങളും സമുദായത്തിനകത്തെ വർഗ്ഗ വൈരുദ്ധ്യങ്ങളോട് വേണ്ടവിധം അഭിസംബോധന ചെയ്യാൻ മടിച്ചതും ലീഗിന് മലബാറിന്റെ മണ്ണിൽ (പ്രത്യേകിച്ച് മലപ്പുറം ജില്ലയിൽ ) നല്ല വേരോട്ടം നൽകി. ഈ ചരിത്ര സന്ദർഭത്തിൽ പൊന്നാനി ഒരു വ്യതിരിക്തതയായി നിന്നു. ഒരു പക്ഷേ ഇന്നും പാഠങ്ങൾ മുന്നോട്ട് വെക്കുന്ന ഒരു മാതൃക. 1939ൽ പൊന്നാനിയിലെ ബീഡി തൊഴിലാളികൾ ഐതിഹാസികമായ ഒരു സമരം നടത്തി. തൊഴിലാളികളിൽ ഭൂരിഭാഗവും മുസ്ലീങ്ങളായിരുന്നു. അന്നവർ പൊന്നാനിയുടെ തെരുവിൽ ചെങ്കൊടിയുമേന്തി മുദ്രാവാക്യം വിളിച്ചു:

" ജോലി വിയർപ്പുകൾ മാറും മുമ്പേ /
കൂലി കൊടുക്കണമെന്നരുൾ ചെയ്തോൻ /
കൊല്ലാക്കൊലകളെതിർക്കും നബി/
സല്ലല്ലാഹു അലൈഹിവസല്ലം /
ഇങ്കലാബ് സിന്ദാബാദ് ".

കമ്പനി ഉടമകളായ മുസ്ലിംകളും, ഹിന്ദു ജന്മിമാരും സമരത്തെ ക്രൂരമായി നേരിട്ടു. പ്രവർത്തകർ ജയിലിലടക്കപ്പെട്ടു. പൊന്നാനിയുടെ ചരിത്രത്തിലാദ്യമായി മുസ്ലീം സ്ത്രീകൾ തെരുവിലിറങ്ങി സമരം ചെയ്തു.

"കമ്പനി പൂട്ടി കമ്പനി ഉടമ /
കുമ്പ നിറച്ചു സുഖിച്ചീടുമ്പോൾ /
ബീഡി തെരച്ചു തെരച്ചിഹ നിത്യം /
വീട് പുലർത്തും തൊഴിലാളികളോ/
പട്ടണ നടുവിൽ പണിയില്ലാതെ /
പട്ടികളെ പോലുഴലീടുന്നു /
എങ്ങിനെ പോക്കും വീടുകൾ ഞങ്ങൾ /
എങ്ങിനെ പോക്കും റംസാൻ കാലം.”

1921നും 1957നും ഇടയിൽ മലബാറിന്റെ മണ്ണിൽ നടന്ന എടുത്തു പറയാവുന്ന തൊഴിലാളി മുന്നേറ്റങ്ങളിലൊന്നായിരുന്നു പൊന്നാനി സമരം. യാന്ത്രിക വർഗ്ഗ രാഷ്ട്രീയത്തിനും കേവല സ്വത്വ വാദത്തിനും വിരുദ്ധമായി നടന്ന ഈ മുന്നേറ്റമാണു പൊന്നാനിയുടെ മണ്ണിൽ കമ്മ്യൂണിസ്റ്റ് മുന്നേറ്റത്തിനു അടിത്തറ പാകിയത്‌.

ഭൂപ്രമാണി-കച്ചവട സാമുദായിക നേതൃത്വവും തൊഴിലാളിവർഗ്ഗ അണികളും എന്ന വൈരുദ്ധ്യം ആരംഭ കാലം മുതൽ തന്നെ ലീഗിന്റെ മുഖമുദ്രയായിരുന്നു. എന്നാൽ കലാപാനന്തരം സൃഷ്ടിക്കപെട്ട സാമുദായിക ഐക്യവും, ഒരു സമ്മർദ്ദ ശക്തി എന്ന നിലയിൽ ഇടതു-വലതു സർക്കാരുകളിൽ നിന്ന് നേടിയെടുത്ത വിഭവങ്ങളും മുൻനിർത്തി മുന്നോട്ടു പോയ ലീഗിന്റെ പ്രത്യയശാസ്ത്ര നിലപാടുകളിൽ ഗണ്യമായ മാറ്റം വരുന്നത് എഴുപതുകളിലാണ്‌. ഭൂപരിഷ്കരണത്തിന്റെ നടപ്പാക്കലുമായി ബന്ധപ്പെട്ട് വർഗ്ഗ താല്പര്യങ്ങളിലുണ്ടായ വൈരുദ്ധ്യമാണ് 1967 ലെ ഇടതു - ലീഗ് ഏച്ചുകെട്ടലിനു അന്ത്യം കുറിച്ചത്. എണ്ണഡോളറിന്റെ സ്ഥാപനത്തോടെ സാമ്രാജ്യത്വം മദ്ധ്യേഷ്യയിൽ പിടിമുറുക്കുകയും, വർദ്ധിച്ചുവരുന്ന 'ഇസ്ലാമിക സോഷ്യലിസത്തിന്റെ' സ്വാധീനം തകർക്കുന്നതിനായി 'ഇസ്ലാമിക പോപ്പായി' സൗദി ഭരണകൂടത്തെ ഉയർത്തിക്കൊണ്ടു വരികയും ചെയ്തു. ഈജിപ്ത് മുതൽ ഇന്തോനേഷ്യ വരെ വ്യാപിച്ച ഇസ്ലാമിക സോഷ്യലിസ്റ്റ് മുന്നേറ്റങ്ങൾ ഇല്ലാതാവുകയും പെട്രോ ഡോളർ ചാരിറ്റിയുടെ അടിസ്ഥാനത്തിൽ തികച്ചും സാമ്രാജ്യത്വ മുതലാളിത്ത വിധേയമായ ഒരു പുത്തൻ സാമുദായിക രാഷ്ട്രീയം ഉയർന്നു വരികയും ചെയ്തു. വിമോചന പോരാട്ടങ്ങളിൽ സഖ്യ കക്ഷികളായിരുന്ന ഇടതു പക്ഷം, നിരീശ്വരവാദികളായി ശത്രുപക്ഷത്ത് അവരോധിക്കപെട്ടു.

80 കളുടെ ഒടുവിലാണ് രണ്ടു പ്രതിലോമ ആശയങ്ങൾ ഇന്ത്യയിൽ മേൽക്കൈ പ്രാപിച്ചത്. ഹിന്ദുത്വയും നവലിബറലിസവും. പരസ്പരബന്ധിതവും പൂരകവുമായ ഈ ആശയങ്ങൾ ഇന്ത്യയുടെ സമസ്ത മേഖലയിലും ഒരു മാതൃകാ വ്യതിയാനത്തിന് തുടക്കം കുറിച്ചു. മുസ്ലീം ലീഗാകട്ടെ നവലിബറലിസത്തിന്റെ വക്താക്കളായും ഹിന്ദുത്വത്തോട് നിശബ്ദത പാലിച്ചും വലതു പക്ഷ കൈയ്യടി നേടി. ഹിന്ദുത്വ ശക്തികൾ ആപത്കരമാം വിധം വളർച്ച തുടങ്ങിയ ഈ കാലത്ത് തന്നെയാണു ഇടതുപക്ഷത്തെ പരാജയപ്പെടുത്താൻ കുപ്രസിദ്ധമായ കോ-ലി-ബി സഖ്യം ഉടലെടുക്കുന്നത്. ഗൾഫ് യുദ്ധത്തെ തുടർന്നുണ്ടായ സാമ്രാജ്യത്വ വികാരത്തിൽ ഒരു നിലപാടെടുക്കാൻ കഴിയാതിരുന്നതും, ജില്ലാ കൌൺസിൽ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം നേടിയ കണ്ണഞ്ചിപ്പിക്കുന്ന വിജയവും ലീഗിനെ പ്രതിസന്ധിയിലാക്കി.

സ്വാതന്ത്ര്യ സമരകാലം മുതൽ 70 കളുടെ അവസാനം വരെ ഇന്ത്യൻ തൊഴിലാളി വർഗ്ഗത്തിന്റെ നിർണ്ണായക കേന്ദ്രമായിരുന്നു മഹാരാഷ്ട്ര. കമ്മ്യുണിസ്റ്റ് പാർട്ടികൾക്കും, ട്രേഡ് യൂണിയനുകൾക്കും വിപുലമായ ജനസമ്മിതിയുള്ള ഇടം. ജിന്നയുടെ ആസ്ഥാനമായിരുന്ന ബോംബയിൽ മുസ്ലിം ലീഗിനും ഗണ്യമായ സ്വാധീനമുണ്ടായിരുന്നു. 70കളിലെ സാമ്പത്തിക കുഴപ്പത്തിന്റെ പശ്ചാത്തലത്തിലാണ് ലക്ഷണമൊത്ത ഫാഷിസ്റ്റ് സംഘടനയായ ശിവസേന മുംബയിൽ പിടിയമർത്തുന്നത്. 73 മുതൽ തന്നെ ശിവ സേനയുടെ മുംബൈ മേയറെ ലീഗിന്റെ 11 അംഗങ്ങളും പിന്തുണച്ചിരുന്നെങ്കിലും സഖ്യം പരസ്യമായത് 1978ലെ തെരഞ്ഞെടുപ്പിൽ മാത്രമാണ്. 1978ൽ നഗ്പടയിൽ നടന്ന മഹാറാലിയിൽ ശിവസേനാ തലവൻ ബാലാ സാഹിബ്‌ താക്കറെയും ലീഗ് അധ്യക്ഷൻ ജി എം ബനാത്ത് വാലയും കൈകോർത്ത് പിടിച്ച് കമ്മ്യൂണിസ്റ്റുകളെ ബോംബെയിൽ നിന്ന് കെട്ടുകെട്ടിക്കാൻ ആഹ്വാനം ചെയ്തു. ശിവസേനക്കും ലീഗിനും മുന്നിൽ കമ്മ്യുണിസ്റ്റ്കൾക്ക് അടിതെറ്റി, ഒരു കാലത്തെ ഉരുക്ക് കോട്ടയിൽ ചെങ്കൊടി കാണാതായി ഇടതുപക്ഷം ഇല്ലാതായ ബോംബെയിൽ പിന്നെ കണ്ടത് പഴയ ആ നീമുള്ളർ കവിതയുടെ ദൃശ്യാവിഷ്കാരമായിരുന്നു (ആദ്യമവർ ജൂതന്മാരെ തേടി വന്നു...). തൊണ്ണൂറുകളിലെ ബോംബെ കലാപത്തിൽ തെരുവിൽ ശിവസേന അഴിഞ്ഞാടിയപ്പോൾ പ്രതിഷേധത്തിന്റെ ചെറു വിരലനക്കുവാൻ ആരും അവശേഷിച്ചിരുന്നില്ല.

80 കളുടെ ഒടുവിലാണ് രണ്ടു പ്രതിലോമ ആശയങ്ങൾ ഇന്ത്യയിൽ മേൽക്കൈ പ്രാപിച്ചത്. ഹിന്ദുത്വയും നവലിബറലിസവും. പരസ്പരബന്ധിതവും പൂരകവുമായ ഈ ആശയങ്ങൾ ഇന്ത്യയുടെ സമസ്ത മേഖലയിലും ഒരു മാതൃകാ വ്യതിയാനത്തിന് തുടക്കം കുറിച്ചു. മുസ്ലീം ലീഗാകട്ടെ നവലിബറലിസത്തിന്റെ വക്താക്കളായും ഹിന്ദുത്വത്തോട് നിശബ്ദത പാലിച്ചും വലതു പക്ഷ കൈയ്യടി നേടി. ഹിന്ദുത്വ ശക്തികൾ ആപത്കരമാം വിധം വളർച്ച തുടങ്ങിയ ഈ കാലത്ത് തന്നെയാണു ഇടതുപക്ഷത്തെ പരാജയപ്പെടുത്താൻ കുപ്രസിദ്ധമായ കോ-ലി-ബി സഖ്യം ഉടലെടുക്കുന്നത്. ഗൾഫ് യുദ്ധത്തെ തുടർന്നുണ്ടായ സാമ്രാജ്യത്വ വികാരത്തിൽ ഒരു നിലപാടെടുക്കാൻ കഴിയാതിരുന്നതും, ജില്ലാ കൌൺസിൽ തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം നേടിയ കണ്ണഞ്ചിപ്പിക്കുന്ന വിജയവും ലീഗിനെ പ്രതിസന്ധിയിലാക്കി. ഈ സാഹചര്യത്തിൽ 1991ൽ ലോകസഭാ - നിയമസഭാ തെരഞ്ഞെടുപ്പുകൾ ഒന്നിച്ച് വന്നപ്പോൾ കോൺഗ്രസ്സിന്റെ സീറ്റായ വടകരയിൽ അഡ്വ. രത്ന സിംഗും, ലീഗ് സീറ്റായ ബേപ്പൂരിൽ ഡോ. കെ മാധവൻകുട്ടിയും കോ-ലീ-ബി സഖ്യത്തിന്റെ പൊതു സ്ഥാനാർതികളായി (അന്ന് ബേപ്പൂരിൽ ഇരുപതിലേറെ യോഗങ്ങളിലാണു ശിഹാബ് തങ്ങളെത്തിയത്). ഫലം വന്നപ്പോൾ രണ്ടിടത്തും ഇടതുപക്ഷം വൻ വിജയം നേടി. എന്നാൽ 1992ലെ ബാബറി മസ്ജിദ് പൊളിക്കലോടു കൂടി ലീഗിന്റെ ഈ നിലപാട് പ്രതിസന്ധിയിലായി. ബാബറി മസ്ജിദ് തകർക്കാൻ കൂട്ട് നിന്ന കോൺഗ്രസ്സിനെതിരെ അണികളിൽ ഒരു വലിയ വിഭാഗം തിരിഞ്ഞു. ഇടതുപക്ഷം സഖ്യസാധ്യതകൾ നിരാകരിച്ചതോടെ കോൺഗ്രസ്സിനൊപ്പം നില്ക്കുകയോ എന്നെന്നേക്കുമായി അധികാരം കൈയ്യൊഴിയുകയോ എന്ന രണ്ടു പോംവഴികളാണ് ലീഗിന് മുന്നിലുണ്ടായിരുന്നത്. ലീഗ് അധികാരത്തിനൊപ്പം നിന്നു. ഒരു ഹിന്ദു ഭൂരിപക്ഷ ഭരണസംവിധാനത്തിൽ തങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കപ്പെടാൻ ഇസ്ലാമിസം ഉയർത്തിപ്പിടിച്ചാൽ കഴിയില്ലെന്നും അത് അധികാരത്തിന്റെ ഇടനാഴികളിൽ നിന്നും തങ്ങളെ അകറ്റുമെന്നും ലീഗിനറിയാമായിരുന്നു. ലീഗിന്റെ ഈ നിലപാടിൽ നിരാശരായ ഒരു വലിയ വിഭാഗം കേരളത്തിൽ രാഷ്ട്രീയ ഇസ്ലാമിക സംഘടനകൾക്ക് ശക്തി നല്കി.

xdfdfd

മുസ്ലീം ലീഗ് വിശകലനത്തിനുള്ള എറ്റവും നല്ല ഉപാധി ഗ്രാംഷിയുടെ അധീശത്വ സങ്കല്പമാണ്. വ്യക്തി ജീവിതത്തിലെ 'സ്വാധീനവും' ( force ) 'ബൗദ്ധീകവും ധാർമ്മികവുമായ നേതൃത്വവും ' (intellectual and moral leadership) വഴി അധീശവർഗ്ഗത്തിന് തങ്ങൾ മൊത്തം സമുദായത്തിന്റെ താല്പര്യ സംരക്ഷകരാണെന്ന പൊതു ബോധം സൃഷ്ടിക്കാനും അങ്ങനെ വർഗ്ഗാതീതമായ ഒരൈക്യം കെട്ടിപ്പെടുക്കാനും കഴിയുന്നു. മോഡേൺ പ്രിൻസിൽ ഗ്രാംഷി ചൂണ്ടിക്കാട്ടുന്ന സമഗ്രാധിപത്യ പാർട്ടിയുടെ പ്രവണതകൾ ശ്രദ്ധേയമാണ്. അധീശപരമായ ഒരു പൊതുബോധത്തെ സൃഷ്ടിക്കുകയും അതുവഴി പാർട്ടി നേതൃത്വത്തിന്റെ വർഗ്ഗ താല്പര്യത്തെ സമൂഹത്തിന്റെ പൊതു താല്പര്യമായി മുന്നോട്ട് വെക്കുകയും ചെയ്യുന്നത പ്രവണത ലീഗിനും ബാധകമാണ്.

ചരിത്രപരമായ കാരണങ്ങൾ കൊണ്ട് വിദ്യാഭ്യാസവും മറ്റ് സാമൂഹിക മൂലധനങ്ങളും നിഷേധിക്കപ്പെട്ടവരാണു കേരളത്തിലെ ഭൂരിപക്ഷം മുസ്ലീംകളും. വയനാട്ടിലെ തോട്ടം തൊഴിലാളികളും, തീരദേശത്തെ മത്സ്യ തൊഴിലാളികളും, ചെറുകിട ഉത്പാദകരും കച്ചവടക്കാരും,തൊഴിലാളി പ്രവാസികളും എല്ലാമടങ്ങുന്നവർ. ഇവരാണ് ലീഗിന്റെ അണികളിൽ ബഹുഭൂരിപക്ഷവും എന്നാൽ നേതൃത്വമാകട്ടെ മുൻ സൂചിപ്പിച്ച പോലെ ഭൂപ്രമാണി - വൻകിട കച്ചവടക്കാരോ, ഗൾഫ് കുടിയേറ്റത്തിലൂടെ അതിസമ്പന്നരായ ഒരു ചെറു വിഭാഗത്തിന്റെയോ പ്രതിനിധികളാണ്. മേൽ സൂചിപ്പിച്ച അണികൾ നവലിബറൽ സാമ്പത്തിക നയങ്ങളുടെ നേരിട്ടുള്ള ഇരകളാണ് എന്നാൽ നേതൃത്വമാകട്ടെ ഈ നയങ്ങളുടെ ഗുണഭോക്താക്കളും. ഈ വൈരുദ്ധ്യത്തെ ലീഗ് നേരിടുന്നത് 70 കൾ മുതൽ പെട്രോ ഡോളറിന്റെ കരുത്തിൽ വഹാബിസം മുന്നോട്ട് വെച്ച ചാരിറ്റിയുടെ അതേ സാധ്യതകൾ ഉപയോഗിച്ചും , ജീവിത പ്രശ്നങ്ങളുടെ അടിസ്ഥാന കാരണം വൈയക്തിക തലത്തിൽ ഉണ്ടായ ധാർമിക ശോഷണമാണെന്ന പൊതു ബോധം സൃഷ്ടിച്ചുമാണ്. അങ്ങനെ ഒരേ സമയം ലീഗിലൂടെ ഇഹലോകത്തെ ചാരിറ്റിയും പരലോകത്തെ സ്വർഗ്ഗവും അണികൾക്ക് ലഭ്യമാകുന്നു.

തൊണ്ണൂറുകൾ മുതൽ തുടരുന്ന നവലിബറൽ കടന്നാക്രമണം എറ്റവുമധികം ബാധിച്ചത് മേൽസൂചിപ്പിച്ച വിധം തോട്ടം തൊഴിലാളികളും, തീരദേശത്തെ മത്സ്യ തൊഴിലാളികളും, ചെറുകിട ഉത്പാദകരും കച്ചവടക്കാരും,തൊഴിലാളി പ്രവാസികളും അടങ്ങുന്ന ലീഗിന്റെ അണികളെ കൂടിയാണ്. എന്നിട്ടും ഇക്കാലമത്രയും ഈ വിഷയത്തെ കുറിച്ച് ഒരു നിലപാടെടുക്കാൻ പോലും ലീഗ് തയാറായിട്ടില്ലെന്ന് മാത്രമല്ല അധികാരത്തിൽ വരുമ്പോഴൊക്കെ നവലിബറൽ നയങ്ങളുടെ പ്രധാന വക്താക്കളും നടത്തിപ്പുകാരുമായി ലീഗ് മാറുകയും ചെയ്യുന്നു.

ചരിത്രപരമായ കാരണങ്ങൾ കൊണ്ട് വിദ്യാഭ്യാസവും മറ്റ് സാമൂഹിക മൂലധനങ്ങളും നിഷേധിക്കപ്പെട്ടവരാണു കേരളത്തിലെ ഭൂരിപക്ഷം മുസ്ലീംകളും. വയനാട്ടിലെ തോട്ടം തൊഴിലാളികളും, തീരദേശത്തെ മത്സ്യ തൊഴിലാളികളും, ചെറുകിട ഉത്പാദകരും കച്ചവടക്കാരും,തൊഴിലാളി പ്രവാസികളും എല്ലാമടങ്ങുന്നവർ. ഇവരാണ് ലീഗിന്റെ അണികളിൽ ബഹുഭൂരിപക്ഷവും എന്നാൽ നേതൃത്വമാകട്ടെ മുൻ സൂചിപ്പിച്ച പോലെ ഭൂപ്രമാണി - വൻകിട കച്ചവടക്കാരോ, ഗൾഫ് കുടിയേറ്റത്തിലൂടെ അതിസമ്പന്നരായ ഒരു ചെറു വിഭാഗത്തിന്റെയോ പ്രതിനിധികളാണ്.

സി എച്ച് സെന്റർ, കെ.എം.സി.സി, യത്തീം ഖാനകൾ, ശിഹാബ് തങ്ങളുടെ പേരിലുള്ള നൂറു കണക്കിനു സംഘടനകൾ എന്നിവയിലൂടെ 'പ്രതീക്ഷ നഷ്ടപ്പെട്ട സമൂഹത്തിനു മുന്നിൽ പ്രതീക്ഷയായി' എത്താൻ ലീഗിന് കഴിയുന്നു. ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക ക്ഷേമം, ഭവന നിർമാണം തുടങ്ങിയ നിരവധി പദ്ധതികൾ ചാരിറ്റിയായി എറ്റെടുത്തു നടത്തുന്ന ലീഗ് ചോദ്യം ചെയ്യപ്പെടാത്ത വിധേയത്തമാണ് അണികളിൽ സൃഷ്ടിക്കുന്നത്. ഭൂരിപക്ഷം പള്ളി കമ്മിറ്റികളും നിയന്ത്രിക്കുന്നതിലൂടെ ഒരു ശരാശരി മുസ്ലീമിന്റെ ജനനം മുതൽ മരണം വരെ ഉടനീളം ഇടപെടാൻ ലീഗിന് കഴിയുന്നു. (അതുകൊണ്ടാകും യഥാർത്ഥ പാർട്ടി ഗ്രാമങ്ങൾ മലപ്പുറത്താണെന്ന് പണ്ടൊരു ജേണലിസ്റ്റ് എഴുതിയത്).

നവലിബറൽ കാലത്ത് സകല ക്ഷേമ പ്രവർത്തനങ്ങളിൽ നിന്നുമുള്ള സ്റ്റേറ്റിന്റെ പിന്മാറ്റം ഈ ചാരിറ്റി രാഷ്ട്രീയത്തിന് വലിയ സാധ്യതയാണ് തുറന്നു കൊടുക്കുന്നത്. അതുകൊണ്ടാണ് കേരളത്തിന്റെ പൊതു ആരോഗ്യ മേഖലയെ തകർത്തു തരിപ്പണമാക്കിയ യു.ഡി.എഫ് ഭരണത്തിന്റെ ഭാഗമാകുമ്പോൾ തന്നെ ആരോഗ്യ രംഗത്തെ മുഖ്യ ചാരിറ്റി പ്രവർത്തകരായി മാറാനും ലീഗിന് കഴിയുന്നത്. കേരളത്തിലെ ബഹുഭൂരിപക്ഷത്തിനും വീട് ലഭിക്കുമായിരുന്ന ഇ.എം.എസ് ഭവന പദ്ധതി തകർത്ത അതേ ലീഗ് തന്നെ ബൈത്തുർറഹ്മയുടെ ചാരിറ്റിയുമായി വീടുണ്ടാക്കാൻ ഇറങ്ങുന്നത്. ഇങ്ങനെ ഒരേ സമയം സാമൂഹിക സുരക്ഷാ പദ്ധതികളെ തകർക്കുന്ന നയത്തിന്റെ നടത്തിപ്പുകാരായും അതേ സമയം അങ്ങിനെ ഓരം ചേർക്കപ്പെട്ടവരുടെ മുന്നിൽ ചാരിറ്റിയായും ലീഗ് എത്തുന്നു.

അധീശത്വം എന്നത് സ്വാഭാവികമോ, സ്വയം പ്രേരിതമോ അല്ല അത് നിലനിർത്താൻ നിരന്തരമായ 'ഇടപെടലുകൾ' കൂടിയേ മതിയാകൂ. പ്രത്യേകിച്ച് സാമൂഹികവും സാമ്പത്തികവുമായ അരക്ഷിതാവസ്ഥ നിലനില്ക്കുന്ന കാലങ്ങളിൽ. ലീഗിന്റെ ഈ 'ഇടപെടലാണ്' ധാർമ്മികതയുടെ പാഠങ്ങളായി അണികളിൽ എത്തിക്കുന്ന മത പ്രഭാഷണങ്ങൾ. ജീവിതത്തിലെ എല്ലാ പ്രതിസന്ധികളുടെയും അടിസ്ഥാനം വ്യക്തിപരമായ ധാർമ്മികതയിൽ / മതബോധത്തിൽ വന്ന കുറവാണെന്നും അത് തിരിച്ചു പിടിച്ച് സ്വർഗ്ഗം നേടുകയാണ്‌ വേണ്ടതെന്നും നിരന്തരമായ മത പ്രഭാഷണങ്ങളിലൂടെ സ്ഥാപിച്ചെടുക്കപ്പെടുന്നു. കേരളത്തിലിപ്പോൾ നടക്കുന്ന ഏറ്റവും പ്രധാന ബൗദ്ധീക ഇടപെടൽ ഗ്രാമ ഗ്രാമാന്തരങ്ങൾ തോറും നടത്തപ്പെടുന്ന ഈ മത പ്രഭാഷണങ്ങളാണ്. വിലക്കയറ്റവും, വിളനാശവും, തൊഴിലില്ലായ്മയും, ആരോഗ്യ പ്രശ്നങ്ങളും, ഉയർന്ന ഫീസും മുതൽ ബീഫു കഴിച്ചാൽ കൊല്ലപ്പെടുന്നത് വരെ മതബോധത്തിൽ വന്ന കുറവ് കൊണ്ടാണെന്ന് ഈ പ്രഭാഷണങ്ങളിൽ സ്ഥാപിക്കപ്പെടും. വ്യവസ്ഥയും ചൂഷകരും ചർച്ചയിലെവിടെയും വരുകയുമില്ല.

ഇങ്ങനെ നവലിബറൽ നയങ്ങളുടെ നടത്തിപ്പുകാരായ ലീഗിന് അതേ നയങ്ങളുടെ പ്രായോജകരായ സംഘപരിവാരിനോടുള്ളത് അടവുപരമായ ശത്രുത മാത്രമാണ്. ലീഗിനെ സംബന്ധിച്ചിടുത്തോളം ഹിന്ദുത്വ ഫാഷിസമെന്നത് തെരഞ്ഞെടുപ്പ് കാലത്ത് ഭീതി പടർത്തി വോട്ടുനേടാനുള്ള പ്രയോഗം മാത്രമാണ്. തങ്ങളുടെ വർഗ്ഗ താല്പര്യങ്ങളെ ഹനിക്കാത്തിടത്തോളം ലീഗിന് ഫാഷിസമെന്നത് 'പുലി വരുന്നേ കഥയിലെ പുലി മാത്രമാണ്'. അതുകൊണ്ടാണ് പഞ്ചായത്ത് മുതൽ പാർലമെന്റ് വരെ ഒളിഞ്ഞും തെളിഞ്ഞും സംഘപരിവാറുമായി കൂട്ടുകൂടാൻ ലീഗ് മടിക്കാത്തതും മുഖ്യ ശത്രുവായി ഇടതുപക്ഷത്തെ ഉയർത്തിക്കാണിക്കുന്നതും. പക്ഷെ അടിച്ചേൽപ്പിക്കുന്ന ഈ അധീശത്വം പഞ്ചായത്ത് തെരഞ്ഞെടുപ്പു മുതലെങ്കിലും താഴേ തട്ടിൽ ചോദ്യം ചെയ്യപ്പെടുകയാണ്. ഇഹലോകത്ത് സ്വർഗ്ഗം പണിയാൻ പോരാടുന്നവരും പരലോകത്ത് സ്വർഗ്ഗമാഗ്രഹിക്കുന്ന വിശ്വാസികളും മണ്ണിലുറച്ചു നിന്ന് ഫാഷിസ്റ്റുകൾക്കെതിരെ പോരാടുകയാണ്.