ദേശീയതയെക്കുറിച്ച്‌ പറയാന്‍ ഇവര്‍ക്ക്‌ എന്ത്‌ അവകാശം?

ഇന്നലെ ടെലിവിഷന്‍ തുറന്നപ്പോള്‍ കോഴിക്കോട്ട്‌ ബാബ രാംദേവിന്റെ പ്രകടനങ്ങള്‍ നടക്കുകയായിരുന്നു. കേരളത്തില്‍ മാറ്റത്തിന്റെ കാറ്റ്‌ വീശുമെന്ന്‌ കേന്ദ്രമന്ത്രി രാജീവ്‌ പ്രതാപ്‌ റൂഡിയുടെ പ്രഖ്യാപനവും ആ പരിപാടിയില്‍ നടന്നതായും വാര്‍ത്ത കണ്ടു. എന്ത്‌ മാറ്റമാണ്‌ സംഘപരിവാറിന്റെ ഈ വക്താവ്‌ കേരളത്തില്‍ ഉണ്ടാക്കുമെന്ന്‌ ഉദ്ദേശിക്കുന്നത്‌? അത്‌ മനസിലാവണമെങ്കില്‍ ഇവര്‍ക്ക്‌ സ്വാധീനമുള്ള മേഖലയില്‍ എന്താണ്‌ നടക്കുന്നത്‌ എന്ന്‌ നോക്കിയാല്‍ മതിയല്ലോ.

ബി.ജെ.പി ഭരിക്കുന്ന ഝാര്‍ഖണ്ഡില്‍ കഴിഞ്ഞ ദിവസമാണ്‌ കന്നുകാലി വ്യാപാരത്തില്‍ ഏര്‍പ്പെട്ടതിന്റെ പേരില്‍ ബാലനായ ഇംതിയാസ്‌ ഖാനെയും മജ്‌ലും അന്‍സാരിയേയും ക്രൂരമായ മര്‍ദ്ദിച്ച്‌ സംഘപരിവാറുകാര്‍ ഒരു മരത്തില്‍ കെട്ടിത്തൂക്കി കൊന്നത്‌. ഉത്തരേന്ത്യയിലെ ദാരുണമായ ജീവിതത്തിന്റെ നേര്‍ സാക്ഷ്യപത്രം കൂടിയാണ്‌ ഇവരുടെ ജീവിതങ്ങള്‍. ഇതുപോലുള്ള എത്ര സംഭവങ്ങള്‍ക്ക്‌ അടുത്ത ദിവസങ്ങളില്‍ നാം സാക്ഷ്യം വഹിക്കേണ്ടി വന്നു. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളിലെ കണ്ണീരുകള്‍ക്ക്‌ അന്ത്യമുണ്ടാകുന്നില്ലല്ലോ?

ജീവിക്കാന്‍ നിര്‍വ്വാഹമില്ലാത്ത ഇത്തരം കുടുംബങ്ങളെ ദേശീയതയുടെ പേരു പറഞ്ഞ്‌ കൊന്നൊടുക്കുന്നവര്‍ കേരളത്തില്‍ വന്ന്‌ എന്ത്‌ ദേശീയതയാണ്‌ പഠിപ്പിക്കാന്‍ പോകുന്നത്‌?. എന്ത്‌ മാറ്റമുണ്ടാക്കുമെന്നാണ്‌ നമ്മളോട്‌ പറയുന്നത്‌?

സംഘപരിവാര്‍ ശക്തികള്‍ കൊലപ്പെടുത്തിയ ബാലനായ ഇംതിയാസ്‌ ഖാന്റെ പിതാവ്‌ ആസാദ്‌ ഖാന്‌ അപകടത്തില്‍ ഉണ്ടായ പരിക്ക്‌ കാരണം ജോലി ചെയ്യാന്‍ കഴിയുമായിരുന്നില്ല. മൂത്തമകനാവട്ടെ ശാരീരികമായ വൈകല്യം കാരണം ഇത്തരം ജോലികള്‍ ഏറ്റെടുക്കാനും കഴിയുമായിരുന്നില്ല. ഈ ഘട്ടത്തിലാണ്‌ ബാലനായ ഇംതിയാസ്‌ ഖാന്‌ കുടുംബത്തിന്റെ ഭാരം ഏറ്റെടുത്ത്‌ പോത്തുകളെ വില്‍ക്കാന്‍ ചന്തയിലേക്ക്‌ പോകേണ്ടി വന്നത്‌. ആ ബാലനെയാണ്‌ സംഘപരിവാറുകാര്‍ ക്രൂരമായി മര്‍ദ്ദിച്ച്‌ കെട്ടിത്തൂക്കി കൊന്നത്‌. സഹോദരിമാരെ നോക്കാമെന്ന്‌ പറഞ്ഞ്‌ ചന്തയിലേക്ക്‌ പോയ മകനെക്കുറിച്ചോര്‍ത്ത്‌ ഇപ്പോഴും വിതുമ്പുകയാണ്‌ അവന്റെ മാതാവ്‌.

ഇംതിയാസ്‌ ഖാനോടൊപ്പം കൊല ചെയ്യപ്പെട്ട മജ്‌ലും അന്‍സാരിയാവട്ടെ ഒരു മാസം മുമ്പ്‌ ഗോസംരക്ഷകരെന്ന്‌ പ്രഖ്യാപിച്ച സംഘപരിവാറുകാര്‍ ഭീഷണിപ്പെടുത്തിയത്‌. അതിനാല്‍ കന്നുകാലി വ്യാപാരം നടത്താന്‍ തന്റെ കൈവശമുള്ള സര്‍ട്ടിഫിക്കറ്റ്‌ അവരെ കാണിച്ച്‌ ബോധ്യപ്പെടുത്താനും ഈ പാവം ശ്രമിക്കുകയും ചെയ്‌തു. പക്ഷെ അവര്‍ക്ക്‌ പണമായിരുന്നു വേണ്ടിയിരുന്നത്‌. ഒരു നേരത്തെ ആഹാരത്തിന്‌ പോലും ബുദ്ധിമുട്ടുന്നവര്‍ക്ക്‌ എങ്ങനെ പണം നല്‍കാനാകും. അന്‍സാരിയുടെ ഈ കാര്യങ്ങള്‍ അവരുടെ ഭാര്യ വിശദീകരിക്കുന്നത്‌ കേള്‍ക്കുമ്പോള്‍ ഏത്‌ മനുഷ്യന്റേയും ഹൃദയം നോവാതിരിക്കില്ല.

ജീവിക്കാന്‍ നിര്‍വ്വാഹമില്ലാത്ത ഇത്തരം കുടുംബങ്ങളെ ദേശീയതയുടെ പേരു പറഞ്ഞ്‌ കൊന്നൊടുക്കുന്നവര്‍ കേരളത്തില്‍ വന്ന്‌ എന്ത്‌ ദേശീയതയാണ്‌ പഠിപ്പിക്കാന്‍ പോകുന്നത്‌?. എന്ത്‌ മാറ്റമുണ്ടാക്കുമെന്നാണ്‌ നമ്മളോട്‌ പറയുന്നത്‌? ജീവിതത്തിന്റെ രണ്ട്‌ അറ്റവും കൂട്ടി മുട്ടിക്കാന്‍ പാടുപെട്ട ഈ പാവങ്ങളെ പീഡിപ്പിച്ചുകൊന്നവര്‍ക്ക്‌മനസാക്ഷിയുള്ള ആര്‍ക്കെങ്കിലും മാപ്പ്‌ നല്‍കാനാകുമോ.

ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടത്തില്‍ ത്യാഗത്തിന്റെ വീരേതിഹാസം രചിച്ചവരാണ്‌ ഇന്ത്യന്‍ ജനത. ബ്രിട്ടീഷുകാരന്റെ കുതന്ത്രങ്ങളൊക്കെ ഉണ്ടായിട്ടും മതേതര പാരമ്പര്യത്തില്‍ ഉറച്ചു നിന്നവരാണ്‌ ഇന്ത്യന്‍ ജനത. രാജ്യസ്‌നേഹത്തിന്റെ ഉന്നതമായ എത്രയോ ഇതിഹാസങ്ങള്‍ രചിച്ച ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക്‌ നേരെ രാജ്യദ്രോഹം കുറ്റം ചുമത്തുകയാണ്‌ ബ്രിട്ടീഷുകാരനൊപ്പം നിന്ന്‌ സ്വാതന്ത്ര്യസമരത്തെ ഒറ്റു കൊടുത്ത സംഘപരിവാറിപ്പോള്‍. ദേശസ്‌നേഹത്തിന്റെ അളവുകോലുമായി കേരളത്തിലും ഇറങ്ങിയിരിക്കുന്ന ഇവര്‍ നാടിന്റെ പുരോഗതിക്ക്‌ എന്താണ്‌ സംഭാവന ചെയ്‌തത്‌?

ഉത്തരേന്ത്യയിലെ വര്‍ഗീയ രാഷ്‌ട്രീയം നമ്മുടെ നാട്ടില്‍ ഇറക്കുമതി ചെയ്യാന്‍ പുറപ്പെട്ടപ്പോഴാണ്‌ പ്രവീണ്‍ തൊഗാഡിയയ്‌ക്കെതിരെ കേരളത്തില്‍ കേസ്‌ ചാര്‍ജ്ജ്‌ ചെയ്‌തത്‌. ആ കേസുപോലും കേരള സര്‍ക്കാര്‍ പിന്‍വലിച്ചിരിക്കുന്നു. സംഘപരിവാറിന്‌ ഇത്തരം ചെയ്‌തികളിലൂടെ പരവതാനി ഒരുക്കുന്നവര്‍ക്ക്‌ എങ്ങനെയാണ്‌ കേരളത്തിന്റെ മഹത്തായ മതനിരപേക്ഷതയെ സംരക്ഷിക്കാനാവുക?