ഒരു യാത്രയില്‍

"എത്രയായി ?" ഓട്ടോക്കാരനോട് അവള്‍ ചോദിച്ചു.

"പത്ത്".

അയാള്‍ക്ക് രൂപ കൊടുത്ത ശേഷം കുനിഞ്ഞ് ഓട്ടോയ്ക്കകത്തിരുന്ന തന്റെ വലിയ ബാഗ് പുറത്തേയ്ക്കെടുക്കാന്‍ ശ്രമിയ്ക്കുന്നതിനിടയില്‍ ഓട്ടോക്കാരന്‍ വണ്ടിയിലെ കണ്ണാടിയിലൂടെ തന്റെ ശരീരത്തെ നോക്കുന്നതായി അവള്‍ക്ക് തോന്നി. അയാളുടെ നോട്ടത്തില്‍ നിന്ന് രക്ഷപ്പെടാനായി അവള്‍ ധൃതിയില്‍ തന്റെ ബാഗ് പുറത്തേയ്ക്കെടുക്കാന്‍ നോക്കി. എപ്പോഴെങ്കിലും വല്ലാതെ പരിഭ്രമിച്ച് ധൃതിപിടിച്ച് അവള്‍ ഒരു കാര്യം ചെയ്യാന്‍ നോക്കിയാല്‍ സംഭവിയ്ക്കുന്നതുപോലെ ബാഗിന്റെ അടിയിലുള്ള ഒരു കൊളുത്ത് വണ്ടിയ്ക്കകത്ത് എവിടെയോ ഉടക്കി.

"ചേച്ചി നന്നായി ബുദ്ധിമുട്ടുന്നുണ്ടല്ലോ. ഞാന്‍ എടുത്ത് തരണോ ?" അയാള്‍ ചോദിച്ചു. "ഉപകാരമായിരുന്നു, ഒന്ന് എടുത്ത് തന്നാല്‍" അയാളുടെ മുഖത്തേയ്ക്ക് നോക്കാതെ അവള്‍ മറുപടി പറഞ്ഞു.

വളരെ എളുപ്പത്തില്‍ തന്നെ അയാളത് പുറത്തെടുത്ത് അവള്‍ക്ക് നേരെ നീട്ടി. "അവിടെ നിലത്ത് വച്ചോളൂ. ഞാന്‍ എടുക്കാം." അയാള്‍ സഞ്ചി അവിടെ മണ്ണില്‍ അവള്‍ക്ക് മുന്‍പിലായി വച്ചു. അവളെ വീണ്ടും ഒന്നു നോക്കി ഒരു ചിരിയും ചിരിച്ച് അയാള്‍ ഓട്ടോ സ്റ്റാര്‍ട്ടാക്കി.

ബാഗ് വലതുകയ്യിലെടുത്ത് അവള്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബസ്സുകളുടെ അടുത്തേയ്ക്ക് നടന്നു. കനമുള്ള ബാഗിന്റെ വീതിയില്ലാത്ത വള്ളി കൊണ്ട് ഉള്ളംകൈ നന്നായി വേദനിയ്ക്കുന്നുണ്ടായിരുന്നു. ഒരു വശത്ത് മാത്രമുള്ള ഭാരം കാരണം അവള്‍ വലത്തേയ്ക്ക് ചരിഞ്ഞായിരുന്നു നടന്നത്. ആഞ്ഞ് ഒരു കാറ്റടിച്ചാല്‍ തന്റെ മെലിഞ്ഞ ശരീരം പറന്നു പോകുമെന്ന് അവള്‍ക്ക് തോന്നി. ട്രയിനില്‍ വച്ച് ഉറങ്ങിയത് ഇപ്പോള്‍ ബുദ്ധിമുട്ടായി. അതു വേണ്ടിയിരുന്നില്ല. തല മുഴുവന്‍ വിയര്‍ത്തു എന്ന് മാത്രമല്ല, ക്ഷീണം കൂടുകയും ചെയ്തിരിയ്ക്കുന്നു. പോരാത്തതിന് കത്തുന്ന വെയിലും. ഇനി രണ്ടു ദിവസത്തേയ്ക്ക് നല്ല തലവേദനയായിരിക്കും.

പഠിപ്പിച്ചു വച്ച പോലെ അവളുടെ കാലുകള്‍ സാധാരണ അവള്‍ക്ക് പോകേണ്ട ബസ്സ് നിര്‍ത്തുന്ന സ്ഥലത്തേയ്ക്ക് അവളെ കൊണ്ട് പോയി. അധികം ആള്‍ക്കാരൊന്നും കയറിയിരുന്നില്ല. വെയില്‍ അടിയ്ക്കാത്ത വശം നോക്കി സൌകര്യമുള്ള ഒരു സ്ത്രീകളുടെ സീറ്റില്‍ അവളിരുന്നു. വേഗം വീട്ടിലെത്തണം. ഇടയ്ക്കിടയ്ക്കുള്ള ഈ യാത്രകള്‍ അവള്‍ക്ക് മടുത്തു തുടങ്ങിയിരുന്നു. ആവര്‍ത്തനങ്ങളാകുന്നു ഓരോ യാത്രയും. പണ്ടൊക്കെ അവള്‍ ഒരു യാത്രയ്ക്കെങ്കിലും പോകാന്‍ കൊതിച്ചിട്ടുണ്ട്. കൂട്ടുകാരികള്‍ പലയിടങ്ങളിലും പോയ വിശേഷങ്ങള്‍ പറയുമ്പോള്‍ അവള്‍ സ്വയം ആശ്വസിപ്പിക്കാറുണ്ട്. അന്നൊക്കെ അവള്‍ തന്റെ സഞ്ചാരമോഹങ്ങളെ പൊറ്റെക്കാടിന്റെ യാത്രാവിവരണങ്ങള്‍ വായിക്കുന്നതിലേയ്ക്ക് ഒതുക്കാന്‍ ശ്രമിച്ചിരുന്നു. തന്റെ ആ മോഹങ്ങളൊന്നും ഒരു കാലത്തും നിറവേറപ്പെടില്ലെന്ന് അവള്‍ക്കിപ്പോള്‍ അറിയാം. മക്കളുണ്ടായിരുന്നെങ്കില്‍ അവര്‍ കൊണ്ടുപോവും എന്ന് പ്രതീക്ഷിക്കാമായിരുന്നു. തനിക്ക് അങ്ങനെയൊരു യോഗവുമില്ലല്ലോ. ദത്തെടുക്കാന്‍ അവര്‍ക്കിരുവര്‍ക്കും താത്പര്യവുമില്ല.

വീട്ടില്‍ നിന്ന് എപ്പോള്‍ ഇറങ്ങുമ്പോഴും മടുപ്പാണ്. പോയിപ്പഴകിയ വഴികളില്‍ വീണ്ടും വീണ്ടും. ഒരേ നിറമുള്ള ബസ്സുകള്‍. ഒരേ കെട്ടിടങ്ങള്‍. ഒരേ തീവണ്ടി. ഒരു പോലെയുള്ള സമ്മേളനങ്ങള്‍. ഒട്ടും ആത്മാര്‍ത്ഥതയില്ലാത്ത പ്രസംഗങ്ങള്‍. ഒരു പൊതുപ്രവര്‍ത്തകയുടെ ജീവിതം ഇങ്ങനെയൊക്കെയാണെന്ന് സമാധാനിയ്ക്കും ഇടയ്ക്കൊക്കെ. പൊതുപ്രവര്‍ത്തക പോലും. താന്‍ ചെയ്യുന്ന ഒന്നിലും തനിക്ക് സന്തോഷം ലഭിക്കുന്നില്ല എന്ന് അവള്‍ ഓര്‍ത്തു. താന്‍ ഒരു കലാകാരിയാവണമായിരുന്നു. ഒരുപാട് വേദികളില്‍ നൃത്തം ചെയ്ത്, എല്ലാവര്‍ക്കും ഇഷ്ടപ്പെടുന്ന പാട്ടുകള്‍ പാടി, സ്വയം സന്തോഷിക്കണമായിരുന്നു. കൃഷ്ണന്റെ പ്രേമവും രാധയുടെ വിരഹവും തന്റെ സ്വരങ്ങളിലും ചലനങ്ങളിലും നിറയണമായിരുന്നു. അതില്‍ മുഴുകി ലയിച്ച് ഒരു ജീവിതം. അല്ലെങ്കില്‍ ഒരു സാഹിത്യകാരിയാവണമായിരുന്നു. കവയത്രി. മാധവിക്കുട്ടിയെപ്പോലെ. അല്ല കമലയെപ്പോലെ. എത്ര നല്ല പേരാണ് കമല. കമലയെപ്പോലെ ഹൃദയത്തിന്റെ ഭാഷയില്‍ എഴുതണമായിരുന്നു. ഇഷ്ടമുള്ളതിനെ ഇഷ്ടമുണ്ടെന്ന് പറയാനും ഇഷ്ടമല്ലാത്തതിനെ ഇഷ്ടമല്ല എന്നു പറയാനും പറ്റണമായിരുന്നു. സ്വപ്നചിത്രങ്ങള്‍ തുന്നിയ മേലങ്കി കഥാപാത്രങ്ങള്‍ക്ക് സമ്മാനിക്കാന്‍ കഴിയണമായിരുന്നു. മറ്റുള്ളവരുടെ മുന്നില്‍ നടിച്ചു കൊണ്ടുള്ള ഈ ജീവിതം അവള്‍ക്ക് മടുത്ത് തുടങ്ങിയിരുന്നു. പുറമേക്ക് കാണിക്കുന്ന ഈ കാര്‍ക്കശ്യം തന്റെ ഉള്ളിലില്ലല്ലോ.

തന്റെ സൌന്ദര്യത്തെ ഒന്ന് അണിയിച്ചൊരുക്കാന്‍ കൂടി അവള്‍ക്ക് പറ്റാറില്ല. നല്ല ഉദ്യോഗമുള്ള ഒരു ഭര്‍ത്താവ് തനിക്കുണ്ടായിരുന്നെങ്കില്‍ താന്‍ എങ്ങനെ ജീവിച്ചേനെ എന്ന് അവള്‍ സങ്കല്‍പിച്ച് നോക്കി. താന്‍ തനിക്ക് ഇഷ്ടമുള്ളത് മാത്രം ചെയ്യുമായിരുന്നിരിക്കാം. വീട്ടില്‍ വെറുതെ ഇരിക്കുന്നത് ഒഴിവാക്കാന്‍ അവള്‍ കൊച്ചുപെണ്‍കുട്ടികളെ മോഹിനിയാട്ടം പഠിപ്പിച്ചേനെ. വൈകുന്നേരങ്ങളില്‍ അണിഞ്ഞൊരുങ്ങി ഭര്‍ത്താവിന്റെ കൂടെ അമ്പലങ്ങളില്‍ പോയേനെ. താന്‍ തൊഴുതു മടങ്ങുന്നത് കണ്ട് പലരും പറഞ്ഞേനെ, "നല്ല ഐശ്വര്യമുള്ള സ്ത്രീ. എന്തൊരു ഭംഗിയാ അവര്‍ക്ക്." പരിചിതമായ ഒരു ശബ്ദം കേട്ട് അവള്‍ തിരിഞ്ഞു നോക്കി. മഞ്ഞക്കാര്‍ഡും പിടിച്ച് പ്രാരാബ്ധക്കാരി വന്നതാണ്. മറ്റൊരാവര്‍ത്തനം. എന്നൊക്കെ അവളീ സമയത്ത് ഈ സ്റ്റാന്റില്‍ വന്നിട്ടുണ്ടോ അപ്പോഴൊക്കെ ഈ സ്ത്രീയെയും കാണാറുണ്ട്. അവര്‍ പറയാന്‍ പോകുന്നത് എന്താണെന്ന് അവള്‍ക്ക് ഏതാണ്ടൊക്കെ ഇപ്പോള്‍ അറിയാം. ഉറക്കെയാണെങ്കിലും ഒട്ടും ഉയര്‍ച്ചതാഴ്ച്ചകളില്ലാത്ത ഒച്ചയില്‍ അവര്‍ തന്റെ കഷ്ടപ്പാടിന്റെ കെട്ടഴിയ്ക്കും. എല്ലാവരുടെയും അടുത്ത് വന്ന് മടിയില്‍ ഒരു മഞ്ഞക്കാര്‍ഡ് നിക്ഷേപിച്ചിട്ടുപോകും. സാധാരണ അവള്‍ ആ സ്ത്രീക്ക് ഒന്നും കൊടുക്കാറില്ല. അന്നെന്തോ അവരോട് അവള്‍ക്ക് വല്ലാത്ത സഹതാപം തോന്നി. പേഴ്സിലുണ്ടായിരുന്ന ചില്ലറ കുറച്ച് എടുത്ത് അവര്‍ക്ക് കൊടുത്തു.

താമസിയാതെ വണ്ടി വിട്ടു. വലിയ തിരക്കില്ല. സീറ്റുകള്‍ മിക്കതും കാലിയാണ്. അവളുടെ അടുത്തുള്ള സീറ്റടക്കം. ആരും ഇതുവരെ വന്ന് ഇരുന്നിട്ടില്ല. ടിക്കറ്റെടുത്തു. ആരാണാവോ അടുത്ത് വന്നിരിക്കാന്‍ പോകുന്നത്. കുട്ടികളുള്ള സ്ത്രീയാണെങ്കില്‍ കുറച്ചു ബുദ്ധിമുട്ടും. നന്നായി ഒതുങ്ങി ഇരിക്കേണ്ടി വരും. ചിലപ്പോള്‍ വിയര്‍ത്ത് കുളിച്ച് വരുന്ന കോളേജ് കുമാരിമാരാവും. അങ്ങനെയാണെങ്കില്‍ യാത്ര സഹിയ്ക്കാന്‍ കുറച്ചധികം ബുദ്ധിമുട്ടും. യാത്ര തീരുന്നതുവരെ ആരും വന്നില്ലായിരുന്നെങ്കില്‍ നന്നായിരുന്നു. വണ്ടി വിട്ട് കുറച്ച് നേരം കഴിഞ്ഞ് ഒരു തടിച്ച സ്ത്രീ വന്നിരുന്നു. മദ്ധ്യവയസ്ക. വലിയ ഒരു ചാന്തുപൊട്ട് നെറ്റിയില്‍ തൊട്ടിട്ടുണ്ട്. കാറിയ വെളിച്ചെണ്ണയുടെ നാറ്റം അവരുടെ തലമുടിയില്‍നിന്ന് പുറപ്പെടുന്നുണ്ടായിരുന്നു. അവര്‍ ഇരുന്നു കഴിഞ്ഞതോടെ അവള്‍ക്ക് ഇരിക്കാന്‍ സ്ഥലം കുറഞ്ഞു. കാലുരണ്ടും പരത്തി ഉള്ള സ്ഥലം മുഴുവന്‍ മുതലാക്കിക്കൊണ്ടായിരുന്നു അവരുടെ ഇരുപ്പ്. ഹാന്‍ഡ്ബാഗ് ഒന്നുകൂടി മുറുക്കെപ്പിടിച്ച് അവള്‍ ഒതുങ്ങി പുറത്തേയ്ക്ക് നോക്കിക്കൊണ്ടിരുന്നു. അല്‍പസമയം കഴിഞ്ഞപ്പോള്‍ തന്റെ പുറത്താരോ തോണ്ടിയതായി അവള്‍ക്ക് തോന്നി. നോക്കിയപ്പോള്‍ അവരാണ്.

"കൊച്ചെ, എന്താ ഇങ്ങനെ തിരിഞ്ഞിരിയ്ക്കണത്? കട്പ്പക്കോട്ടയ്ക്കല്ലേ. ഞാനും അങ്ങട്ടാ. നമ്മക്ക് എന്തെങ്കിലുവൊക്കെ പറഞ്ഞിരിയ്ക്കാമെന്നേ." അവളൊന്നും മിണ്ടിയില്ല. എന്തെങ്കിലും പറഞ്ഞാല്‍ ഇവര്‍ പിന്നെ അതില്‍ പിടിച്ച് തൂങ്ങും. ഒഴിവാക്കുന്നതാണു ഭേദം.

"ഇതെന്താണ് ഇങ്ങനെ. കൊച്ചിന്റെ പേരെന്തൂട്ടാ?" "പ്രിയംവദ.", ഇങ്ങനെ അപരിചിതരോട് പറയാന്‍ ഒരു കള്ളപ്പേര് ഈയിടെയായി പഠിച്ചതാണ്. ഏതോ വനിതാമാസികയില്‍ കണ്ട നിര്‍ദ്ദേശമാണ്. എല്ലാവരും ഏതു തരക്കാരാണെന്നറിയില്ലല്ലോ.

"എന്താ പണി ? കെട്ടൊക്കെ കഴിഞ്ഞോ?" "അറിഞ്ഞിട്ടിപ്പൊ എന്തിനാ?" "അല്ലാ, അറിഞ്ഞിരിക്കാല്ലോ. ഇത്ര ചേലൊള്ള ഒരു പെണ്ണ് ഇങ്ങനെ ആഭരണമൊന്നും അണിയാതെ നടക്കുന്നതോണ്ട് ചോദിച്ചതാ. നോക്കട്ടെ ഈ കൊച്ചിന് താലിയൊണ്ടോന്ന്."

അവര്‍ അവരുടെ തടിച്ച കൈ അവളുടെ കഴുത്തിലേയ്ക്ക് നീട്ടി. വേഗം തന്നെ അവള്‍ ഒഴിഞ്ഞുമാറി. അവള്‍ പറഞ്ഞു, "എനിക്ക് ആഭരണമൊന്നുമില്ല. എനിക്കിഷ്ടമല്ല അതൊന്നും. പിന്നെ താലിയുമില്ല."

അവരുടെ മട്ടും പെരുമാറ്റവും അവള്‍ക്ക് തീരെ പിടിച്ചില്ല. ഉള്ളിന്റെയുള്ളില്‍ ലേശം പേടിയും തോന്നി. എന്തായാലും മൂന്നുമണിയാവുമ്പോഴേയ്ക്കും അവള്‍ക്കിറങ്ങാനുള്ള സ്ഥലമെത്തും. പിന്നെ പേടിക്കാനില്ല.

കുറച്ചു നേരം അവര്‍ അടങ്ങിയിരുന്നു. അവര്‍ക്ക് ഭ്രാന്തായിരിക്കണമെന്ന് അവള്‍ ഊഹിച്ചു. ഭ്രാന്തുള്ളവരെ അവള്‍ക്ക് പണ്ടേ പേടിയാണ്. കുട്ടിക്കാലത്ത് അമ്പലത്തില്‍ പോവുമ്പോള്‍ കാണാറുള്ള ഭ്രാന്തിയമ്മൂമ്മയെ അവള്‍ക്കോര്‍മ്മ വന്നു. മുഴുഭ്രാന്തിയായിരുന്നെങ്കിലും എന്നും രാവിലെ അമ്പലത്തില്‍ വന്ന് തൊഴും. വഴിയില്‍ കാണുന്ന കുട്ടികളെ വിളിച്ച് നിവേദ്യം കൊടുക്കും. അത് കഴിച്ചാലും കഴിച്ചില്ലെങ്കിലും ബഹളം വയ്ക്കും. ചിലപ്പോള്‍ കയ്യില്‍ കിട്ടുന്നതെന്തും എടുത്ത് കുട്ടികളെ എറിയും. അതുകൊണ്ട് ഭ്രാന്തിയമ്മൂമ്മയെ കണ്ടാലുടനെ അവള്‍ ഓടി അമ്പലത്തിന്റെ അകത്തു കയറും. അകത്ത് ഇടയ്ക്ക കൊട്ടുന്ന പൊതുവാളിന്റെ അടുത്ത് ചെന്ന് നില്‍ക്കും. അതൊരു രക്ഷയായിരുന്നു.

അവള്‍ക്കിറങ്ങാനുള്ള സ്റ്റോപ്പ് എത്താന്‍ കുറച്ചു കൂടി കഴിയണമായിരുന്നു. പുറത്ത് കാറ് മൂടിത്തുടങ്ങിയിരുന്നു. ഒരു നല്ല മഴ പെയ്യാനുള്ള എല്ലാ ലക്ഷണവും ഒത്തു വരികയായിരുന്നു. കുട എടുത്തിട്ടില്ല എന്ന് അപ്പോഴാണവള്‍ ഓര്‍ത്തത്. സാരമില്ല. വേഗം എത്തുമല്ലോ. പുറത്ത് മഴ ചാറിത്തുടങ്ങി. കാറ്റടിച്ച് ചെറുതുള്ളികള്‍ മുഖത്ത് വന്ന് പതിക്കുന്നുണ്ടായിരുന്നു. ചെറുമഴ പെയ്യുമ്പോള്‍ വണ്ടിയിലിരിക്കാന്‍ അവള്‍ക്കെന്നും ഇഷ്ടമായിരുന്നു. ഓരോ തുള്ളിയും നല്‍കുന്ന പുളകം ആസ്വദിച്ച് പുറമേയ്ക്ക് നോക്കിയിരിക്കുമ്പോള്‍ അവള്‍ അവളുടേത് മാത്രമായ ഒരു ലോകത്തെത്തും. അവള്‍ക്ക് വല്ലാത്ത നഷ്ടബോധം അനുഭവപ്പെട്ടു. ആരോടും ഉത്തരം പറയാന്‍ കാത്തുനില്‍ക്കാതെ, യാത്ര ചോദിക്കാതെ ആ മഴത്തുള്ളികളിലൊന്നാവാന്‍ അവളാഗ്രഹിച്ചു. എത്ര ചെറുതാണവയുടെ നിയോഗം. മേഘങ്ങളില്‍ നിന്നടര്‍ന്ന്, നിമിഷാര്‍ദ്ധം കൊണ്ട് ഭൂമിയെ ചുംബിച്ച് അവരവരുടെ ആയുസ്സൊടുക്കുന്നു.

"ആ ഷട്ടറങ്ങട്ട് അടച്ചേ കൊച്ചേ. ചാറ്റലടിച്ച് മന്‍ഷ്യന്റെ മേല് മുഴോനും നനഞ്ഞു." ആ സ്ത്രീ വഴക്കുണ്ടാക്കാനുള്ള പുറപ്പാടിലായിരുന്നു. ആ നിമിഷം അവള്‍ അവരെ വല്ലാതെ വെറുത്തു. അവരുടെ സംസാരവും രൂപവും വേഷവുമെല്ലാം അവള്‍ വെറുത്തു. ഷട്ടറടച്ച് വണ്ടിയുടെ അകത്തെ മൂടലില്‍ പുറത്തെ മഴയുടെ ആരവവും കേട്ടുകൊണ്ട് അവള്‍ ആ സ്ത്രീയെയും മനസ്സു മടുപ്പിക്കുന്ന മൂടിച്ചയെയും ശപിച്ചു.

ഇനി ഇറങ്ങേണ്ട സ്റ്റോപ്പറിയാന്‍ പ്രയാസമായിരിക്കും. ഡ്രൈവറുടെ മുന്നിലുള്ള ചില്ലില്‍ കൂടെ നോക്കിയാല്‍ മാത്രമേ പുറമേ എന്തെങ്കിലും കാണാനാകൂ. മഴ കാരണം അതിലൂടെയും കാര്യമായി ഒന്നും വ്യക്തമായി കാണാന്‍ പറ്റുന്നുണ്ടായിരുന്നില്ല. സ്ഥലമെത്തുമ്പോള്‍ മനസ്സിലായാല്‍ മതിയായിരുന്നു. അടുത്തുകൂടെ നടന്നു പോയ കണ്ടക്റ്ററോട് അവള്‍ ചോദിച്ചു, "പള്ളിപ്പടി സ്റ്റോപ്പെത്തുമ്പോ ഒന്ന് പറയണേ."

"കിളി പറയൂട്ടാ." അയാള്‍ മുന്നോട്ട് പോയി.

എന്നാലങ്ങനെ. അവള്‍ കരുതി. എന്തായാലും ഒരു പത്ത് മിനുട്ടല്ലേയുള്ളൂ ഏറിവന്നാല്‍. അപ്പോഴേക്കും എത്തേണ്ടതാണ്. പെട്ടെന്ന് തന്റെ സാരിയുടെ മടിക്കുത്തിനരികില്‍ എന്തോ അനങ്ങുന്നത് പോലെ അവള്‍ക്ക് തോന്നി. ഹാന്‍ഡ്ബാഗിനടിയിലായിരുന്നു അനക്കം. അത് ആ സ്ത്രീയുടെ കൈ ആയിരിക്കുമെന്ന് അവള്‍ക്കുറപ്പായി. തിരക്കുള്ള ബസ്സുകളിലും മറ്റും കയറി അടുത്തു നില്‍ക്കുന്ന സ്ത്രീകളുടെ ബാഗും മറ്റും അവരറിയാതെ ബ്ളേഡ് വച്ച് കീറി പണവും സ്വര്‍ണ്ണവും മോഷ്ടിയ്ക്കുന്ന സ്ത്രീസംഘങ്ങളെപ്പറ്റി അവള്‍ കേട്ടിട്ടുണ്ട്. ഇനി ഇവരങ്ങനെ വല്ല സ്ത്രീയുമാണോ എന്തോ. അവള്‍ അവരുടെ മുഖത്തേയ്ക്ക് നോക്കി. ഭാവഭേദം കൂടാതെ പുറത്തേക്ക് നോക്കിയിരിയ്ക്കുകയായിരുന്നു അവര്‍. മറ്റാരു നോക്കിയാലും കാണാത്ത രീതിയിലാണ് അവര്‍ അവരുടെ കൈ തന്റെ മടിയില്‍ വച്ചിരിയ്ക്കുന്നത്. പതിയെ സാരിയ്ക്കിടയിലൂടെ തന്റെ അടിവയറ്റിലേയ്ക്ക് ആ കൈ നീങ്ങുന്നതായി അവള്‍ക്ക് അനുഭവപ്പെട്ടു. അവള്‍ അവരുടെ ചെവിയില്‍ പറഞ്ഞു, "ചേച്ചീ കയ്യെടുക്കൂ."

പിടിയ്ക്കപ്പെട്ട ഭാവത്തില്‍ അവളെ നോക്കിക്കൊണ്ട് ആ സ്ത്രീ ചോദിച്ചു, "ഞാനവിടെ തൊടുന്നതുകൊണ്ട് മോള്‍ക്കെന്താ കൊഴപ്പം ? ഒന്നൂല്യെങ്കി നമ്മള് പെണ്ണ്ങ്ങളല്ലേ." "ഛീ, കയ്യെടുക്കാനല്ലേ പറഞ്ഞത്. ഇല്ലെങ്കി ഞാന്‍ ഒച്ചയെടുക്കും." എവിടെനിന്നോ വന്ന ധൈര്യത്തില്‍ അവള്‍ പറഞ്ഞു.

അവര്‍ പേടിച്ചു എന്ന് തോന്നുന്നു. വേഗം അവര്‍ കൈ വലിച്ചെടുത്ത് തിരിഞ്ഞിരുന്നു. അവള്‍ തരിച്ചിരുന്നു പോയി. ഇങ്ങനെയൊരു പെരുമാറ്റം അവരില്‍ നിന്ന് അവള്‍ തീരെ പ്രതീക്ഷിച്ചിരുന്നില്ല. ഇങ്ങനെയും സ്ത്രീകളോ ? ആലോചനാശേഷി നഷ്ട്ടപ്പെട്ട പോലെയായിരുന്നു അവളുടെ മനസ്സാകെ. കിളി വിളിച്ചു പറഞ്ഞു, "പള്ളിപ്പടി പറഞ്ഞോര് ആരെങ്കിലുണ്ടാ. പള്ളിപ്പടി.."

അവള്‍ എഴുന്നേറ്റു. ഒന്നും സംഭവിയ്ക്കാത്ത മട്ടില്‍ ആ സ്ത്രീ ഒതുങ്ങിത്തന്നു. അവള്‍ കഴിവതും അവരെ മുട്ടാതെ അവിടെ നിന്ന് നീങ്ങാന്‍ ശ്രമിച്ചു. മഴ ഒന്ന് കുറഞ്ഞിട്ടുണ്ടായിരുന്നു. അവള്‍ക്കതൊന്നും ഒരു പ്രശ്നമായി തോന്നിയില്ല. മഴയത്ത് കുടയില്ലാതെ അവള്‍ റോഡ് ക്രോസ്സ് ചെയ്ത് ഇടവഴിയിലേയ്ക്ക് ഇറങ്ങി. റോട്ടില്‍ നിന്നു കുത്തിയൊലിച്ചു വരുന്ന ചെളിവെള്ളം തെറിച്ച് അവളുടെ സാരിയുടെ അടിവശം വൃത്തികേടായി. പടിയ്ക്കല്‍ തന്നെ ലത നില്‍ക്കുന്നുണ്ടായിരുന്നു. ഓടി മുന്നോട്ട് വന്ന് തന്നെ കുടയില്‍ നിര്‍ത്തിയിട്ട് ലത പറഞ്ഞു, "കൊടയെടുത്തിട്ട്ണ്ടാവില്ലെന്ന് എനിക്ക് തോന്നി. അതോണ്ടാ ഇവിടെ വന്ന് നിന്നേ."

അകത്ത് ചെന്ന് വേഷം മാറിയപ്പോഴേയ്ക്കും ലത കാപ്പിയുണ്ടാക്കിക്കഴിഞ്ഞിരുന്നു. കാപ്പി കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ ലത ചോദിച്ചു, "സമ്മേളനം എങ്ങനെയുണ്ടായിരുന്നു ഇത്തവണ ?" "നന്നായിരുന്നു. എല്ലാത്തവണത്തെയും പോലെ."

"അതെന്താ അങ്ങനെയൊരു മറുപടി ? അത്യാവശ്യം നല്ല വിഷമത്തിലാണല്ലോ സഖാവ്. എന്താ ഉണ്ടായത് ?"

കുറച്ചു നേരം ലതയോടതു പറയണോ വേണ്ടയോ എന്ന് ആലോചിച്ചിരുന്നു. താന്‍ പറയാനായി കാത്ത് ക്ഷമയോടെയിരിക്കുന്ന ലതയുടെ മുഖം കണ്ട് അവള്‍ ഉണ്ടായതെല്ലാം പറഞ്ഞു.

എല്ലാം കേട്ടു കഴിഞ്ഞ് ലത ചോദിച്ചു, "എന്നിട്ട് പൊതുപ്രവര്‍ത്തക പേടിച്ചു പോയോ ? രാഷ്ട്രീയക്കാര്‍ക്കെതിരെ ഘോരഘോരം പ്രസംഗിക്കുന്ന ആളല്ലേ. അവരെ പേടിയില്ല. ഇങ്ങനെ ഒരു സ്ത്രീയെ പേടി. കഷ്ടം." "എനിയ്ക്ക് പേടിയല്ല തോന്നിയത്. അപമാനമാണ്. എന്നെ ഒരാള്‍ ഉപദ്രവിച്ച പോലെയായിരുന്നു. നിസ്സഹായയായി പോയതു പോലെ." "അങ്ങിനെയൊന്നും വിചാരിക്കണ്ട. ഒന്ന് സമാധാനിക്ക്. ഒന്നുമില്ലെങ്കിലും അവരൊരു സ്ത്രീയായിരുന്നില്ലേ. നിനക്ക് ദോഷമൊന്നും പറ്റിയില്ലല്ലോ."

"നീ എന്റെ പ്രശ്നം മനസ്സിലാക്കുന്നില്ല. ആണാണോ പെണ്ണാണോ എന്നതല്ല. എനിക്കിഷ്ടമല്ലാതെ എന്നെ അവര്‍ തൊട്ടു. ബലമായി. വല്ലാത്ത ഒരു വെറുപ്പ് എനിക്ക് എന്നോട് തന്നെ തോന്നുകയാണ്. എനിക്കെന്തോ കളങ്കം സംഭവിച്ചതുപോലെ." അവള്‍ മേശപ്പുറത്ത് തല വച്ച് കിടന്നു.

ലത പറഞ്ഞു, "വയ്യെങ്കില്‍ പോയിക്കിടന്നോളൂ. കുറച്ച് ഉറങ്ങിയാല്‍ ഈ വിചാരമൊക്കെ ഒന്ന് മാറിക്കിട്ടും."

ബെഡ്റൂമില്‍ പോയി കണ്ണടച്ചു കിടന്നു. ഉറക്കം വന്നില്ല. ചെറുതായി മയങ്ങിയെന്നു തോന്നുന്നു. ലത വന്ന് ലൈറ്റിട്ടപ്പോഴൊന്ന് ഞെട്ടി. ലത പറഞ്ഞു, "ഇത്തിരി നേരം മുന്‍പ് ഭക്ഷണം കഴിക്കാന്‍ വന്ന് വിളിച്ചപ്പോക്കൂടി അറിയാത്ത ആളാ. ഇപ്പൊ ഞാനൊന്ന് വന്ന് ലൈറ്റിട്ടപ്പോഴേയ്ക്കും ചാടിയെണീറ്റല്ലോ. വാ ഭക്ഷണം കഴിക്കാം." "നീ എന്നെ വിളിച്ചട്ട് കൂടിയില്ല. ഞാന്‍ ഒറങ്ങുവൊന്നുമല്ലായിരുന്നു. ഇനിയിപ്പൊ ഭക്ഷണം വേണ്ട. ഞാന്‍ കെടക്കാന്‍ പോവ്വാ." "കളവ് പറയണ്ട. നല്ല ഒറക്കമായിരുന്നു. കഴിക്കുന്നില്ലെങ്കി വേണ്ട. ഞാനും കെടക്ക്ാണ്."

"നീ ഗാസും ടി.വീം ഒക്കെ ഓഫ് ചെയ്തോ ?" "ഉവ്വ് സഖാവേ" ലൈറ്റ് ഓഫ് ചെയ്ത്, ലത വന്ന് അവള്‍ക്ക് നേരെ കിടന്നു. അവളുടെ നെറ്റിയില്‍ ഉമ്മ വച്ചിട്ട് ലത പറഞ്ഞു, "എന്റെ സുന്ദരിക്കുട്ടിയ്ക്ക്. പേടിയ്ക്കല്ലേ. ഞാനില്ലേ." പെട്ടെന്നെന്തോ, ലതയുടെ മാറത്ത് മുഖം ചേര്‍ത്ത് അവള്‍ പൊട്ടിക്കരഞ്ഞു.

ലത ചോദിച്ചു, "നീയത് ഇതുവരെ വിട്ടില്ലേ ? ഒന്നുമില്ലെങ്കി അവരും നമ്മളെപ്പോലെയല്ലേ."

"അല്ല. അവര്‍ നമ്മളെപ്പോലെയല്ല. എനിയ്ക്ക് നിന്റെ ശരീരത്തേക്കാളും സ്നേഹം നിന്റെ മനസ്സിനോടാണ്. സ്ത്രീയാണെന്നുള്ള ഒരൊറ്റക്കാരണത്താല്‍ ആരും എന്നെ തൊടുന്നതും പിടിയ്ക്കുന്നതും ഒന്നും എനിയ്ക്കിഷ്ടമല്ല."

"സാരമില്ല. വിട്ടുകളഞ്ഞേക്കൂ."

"ലതാ, ഒരു അസുരക്ഷിതത്വം എനിയ്ക്ക് ചിലപ്പോള്‍ അനുഭവപ്പെടാറുണ്ട്. നമ്മള്‍ രണ്ട് പെണ്ണുങ്ങളല്ലേ. ആര്‍ക്കും എന്തും ചെയ്യാമല്ലോ. നമ്മുടെ ജീവിതം തന്നെ ഒരു വലിയ തെറ്റായോ എന്നെനിയ്ക്ക് തോന്നിപ്പോവുകയാണ്." "പിന്നെന്താ നിനക്ക് വേണ്ടത് ? ഒരു ഭര്‍ത്താവിനെയോ ? കാമുകനെയോ ?"

അവളൊന്നും മിണ്ടാതെ ലതയെ നോക്കിക്കൊണ്ട് കിടന്നു. തന്റെ മനസ്സ് എത്ര നന്നായി ലത വായിച്ചെടുക്കുന്നു. ലത തുടര്‍ന്നു, "ആരും വേണ്ട. നിനക്ക് ഞാന്‍ മാത്രം മതി എന്നൊന്നു പറയൂ. എനിയ്ക്ക് നിന്നെ വേണം."

ലതയുടെ മുഖത്തേയ്ക്ക് നോക്കി അവള്‍ പറഞ്ഞു, "മതി. നീ മാത്രം മതി." പക്ഷേ അപ്പോഴേയ്ക്കും അവളുടെ വാക്കുകളില്‍ അവള്‍ക്ക് തന്നെ വിശ്വാസം നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു..

NIT കോഴിക്കോടിന്റെ ഈ വര്‍ഷത്തെ കോളേജ് മാഗസീനില്‍ (പ്രജ്ഞ) പ്രസിദ്ധീകരിച്ച ഒരു ചെറുകഥ.