കലയിലേക്ക് നീളുന്ന കത്രികക്കൈയ്യുകൾ

“The books that the world calls immoral are books that show the world its own shame.” ― Oscar Wilde

സിനിമ നുണ പറയാനുള്ളതാണ്, അതിനെ സത്യം പറയാൻ ഉപയോഗിക്കരുത്. ജീവിക്കുന്ന കാലത്തെ കുറിച്ചോ സമൂഹത്തെ കുറിച്ചോ മിണ്ടരുത്. രാഷ്ട്രീയം പറയുന്നതിനെ കുറിച്ച് ചിന്തിക്കുക പോലും അരുത്. സിനിമയുണ്ടാവുന്ന സമൂഹം അച്ചടക്കമില്ലാത്തതാണെങ്കിലും, സിനിമ അങ്ങനെയാവരുത്. കഴിഞ്ഞ കുറേ ദിവസങ്ങളായി വാർത്തകളിൽ നിറയുന്ന സെൻസർ ബോർഡിന്റെ തിട്ടൂരങ്ങൾ ഭാവി സിനിമകൾക്ക് നൽകുന്ന മുന്നറിയിപ്പുകൾ ഇതെക്കെയായിരിക്കും.

2014ൽ മൃഗീയ ഭൂരിപക്ഷത്തോടെ മോദി സർക്കാർ അധികാരത്തിലെത്തിയതിൽ പിന്നെ സർക്കാർ നിയന്ത്രണത്തിലുള്ള വിവിധ സ്ഥാപനങ്ങളിൽ വലിയ രീതിയിലുള്ള കാവിവത്കരണമാണ് നടന്നുകൊണ്ടിരിക്കുന്നത്. ചരിത്ര ഗവേഷണ കൗൺസിൽ, നാഷണൽ ബാങ്ക് ട്രസ്റ്റ്, പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിട്യൂട്ട് തുടങ്ങി വിവിധ സ്ഥാപനങ്ങളുടെ തലപ്പത്ത് തങ്ങളുടെ സഹയാത്രികരെ പ്രതിഷ്ഠിച്ചുകൊണ്ട് സമസ്ത മേഖലകളിലും സംഘ്പരിവാർ ആധിപത്യം സ്ഥാപിക്കുകയാണ്. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സെർട്ടിഫിക്കേഷൻറെയും (C.B.F.C / സെൻസർ ബോർഡ് ) സ്ഥിതി മറ്റൊന്നല്ല. 2014ലെ ഇലക്ഷന് മുന്നോടിയായി നരേന്ദ്ര മോദിയെ സ്തുതിച്ചുകൊണ്ട് 'ഹർ ഹർ മോദി, ഘർ ഘർ മോദി' എന്ന വീഡിയോ ആൽബം നിർമ്മിച്ച പെഹ്ലാജ് നിഹലാനിയാണ് നിലവിൽ സി.ബി.എഫ്.സി. ചെയർമാൻ.

അധികാരമേറ്റടുത്ത ഉടനെ, സിനിമയിൽ വന്നാൽ വെട്ടിമാറ്റേണ്ട വാക്കുകളുടെ പട്ടിക തയ്യാറാക്കിക്കൊണ്ട് നിഹലാനി തനിക്ക് മുന്നിലെത്തുന്ന സിനിമകളോടുള്ള തന്റെ സമീപനം എങ്ങിനെയായിരിക്കുമെന്ന് വ്യക്തമാക്കിയതാണ്. പ്രതിഷേധത്തെ തുടർന്ന് പ്രസ്തുത ലിസ്റ്റ് പിൻവലിച്ചെങ്കിലും സംസ്കാര-മൂല്യ സംരക്ഷണം എന്ന പേരിൽ സിനിമകളെ വെട്ടിമുറിക്കാൻ കാവിക്കത്രിക മൂർച്ചകൂട്ടി നിഹലാനി അവിടെ തന്നെയുണ്ട്. ആവിഷ്കാര സ്വാതന്ത്ര്യത്തെ അട്ടിമറിച്ചുകൊണ്ട് ബോർഡിനെ ഒരു ഭരണകൂട ഉപകാരണമാക്കാനുള്ള ശ്രമങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.

സ്വവർഗ്ഗ പ്രണയം പ്രമേയമാക്കിയ ഹൻസൽ മേത്തയുടെ 'അലിഗഢ്' (Aligarh, 2015) എന്ന ചിത്രത്തിൽ നിന്നും, സിനിമയുടെ ഉള്ളടക്കത്തെയും മൊത്തം നിലപാടിനെയും തന്നെ ബാധിക്കും വിധം സ്വവർഗ്ഗ പ്രണയ രംഗങ്ങൾ എല്ലാം തന്നെ വെട്ടിമാറ്റാൻ സെൻസർ ബോർഡ് ആവശ്യപ്പെട്ടത് ഏറെ വിവാദമായിരുന്നു. അന്താരാഷ്ട്ര തലത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട തൻറെ സിനിമ കത്രികവെച്ച് വികൃതമാക്കാൻ ശ്രമിച്ച ബോർഡിനെ സംവിധായകൻ ചോദ്യം ചെയ്തു.

xdfdfd

ഇന്നത്തെ ഇന്ത്യയിൽ സെൻസർ ബോർഡ് പോലൊരു സ്ഥാപനത്തിൻറെ സാംഗത്യമെന്താണെന്ന് ചോദ്യമുയർന്നപ്പോൾ സംവിധായകൻ സിനിമയുടെ പ്രമോഷനുവേണ്ടി മന:പൂർവം വിവാദമുണ്ടാക്കുകയാണെന്ന് പറഞ്ഞു കൈ മലർത്തുകയാണ് നിഹലാനി ചെയ്തത്. അദ്ധ്യാപകനും വിദ്യാര്‍ത്ഥിനിയും തമ്മിലുള്ള പ്രണയകഥ പറയുന്ന ശ്ലോക് ശര്‍മ്മയുടെ ഹരാംഖോറും (Haraamkhor, 2016) പ്രദര്‍ശനാനുമതി നല്‍കാതെ ബോര്‍ഡ്‌ തടഞ്ഞുവച്ചിരിക്കുകയാണ്. സിനിമയുടെ പ്രമേയം തന്നെ സമൂഹത്തിന് അംഗീകരിക്കാനാവാത്തതാണെന്നാണ് ബോര്‍ഡിന്‍റെ വാദം. എന്നും ബഹുമാനിക്കപ്പെടേണ്ടവരാണ് അദ്ധ്യാപകർ എന്നും സിനിമ അദ്ധ്യാപകരെ മോശമായി ചിത്രീകരിക്കുന്നു എന്നും ബോർഡ് കൂട്ടിച്ചേർത്തു. പതിനഞ്ചാമത് ന്യൂയോർക്ക് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച ഈ ചിത്രത്തിലെ അഭിനയത്തിന് നവാസ്സുദ്ധീൻ സിദ്ദിഖി മേളയിലെ മികച്ച നടനുള്ള പുരസ്കാരം കരസ്ഥമാക്കിയിരുന്നു. സൈജോ കാണാനിക്കലിന്റെ 'കഥകളി' (Kathakali, 2016) എന്ന ചിത്രവും സെൻസർ കുരുക്കിൽ പെട്ടുകിടക്കുകയാണ്. ചിത്രത്തിന്റെ ക്ലൈമാക്സില്‍ കഥകളി നടനായ നായകൻ ചമയങ്ങൾ അഴിച്ചുവെച്ച്, നഗ്നനായി കടൽതീരത്തുകൂടി നടന്നകലുന്ന രംഗമുണ്ട്. പ്രസ്തുത രംഗത്തിൽ പുരുഷൻറെ നഗ്നമായ പിൻഭാഗം കാണിക്കുന്നു എന്നതാണ് സർട്ടിഫിക്കേഷൻ തടഞ്ഞുവെക്കാനുള്ള കാരണം. സിനിമയുടെ ക്ലൈമാക്സ് രംഗം വെട്ടിമാറ്റുന്നത് സിനിമയെ വികൃതമാക്കില്ലേ എന്ന യുക്തിയൊന്നും സെൻസർ ബോർഡിന്‌ സ്വീകാര്യമല്ല. ഇത്തരം രംഗങ്ങൾ മലയാളത്തിൽ തന്നെ ജനപ്രിയ സിനിമകളിൽ മുൻപ് ഉണ്ടായിട്ടുണ്ടെങ്കിലും ബോർഡിനെ സ്വാധീനിക്കാൻ ശേഷിയില്ലാത്ത ചെറിയ സിനിമകളിലേക്ക് മാത്രമാണ് സെൻസറിങ്ങിന്റെ കത്രിക നീളുന്നത്. ഫ്രാന്‍സിലെ നീസ് ഇന്റര്‍നാഷണൽ ഫെസ്റ്റിവലില്‍ മികച്ച സിനിമയ്ക്കും സിനിമാട്ടോഗ്രഫിക്കും ഔദ്യോഗിക നോമിനേഷനും ന്യുഡല്‍ഹിയിലെ ദാദാസാഹിബ് ഫാല്‍ക്കെ ഫിലിം ഫെസ്റ്റിവലില്‍ പ്രത്യേക ജൂറി പുരസ്‌കാരവും അടക്കം വിവിധ അന്താരാഷ്ട്ര ചലച്ചിത്രമേളകളില്‍ മികച്ച പ്രതികരണവും പുരസ്‌കാരങ്ങളും നേടിയ ചിത്രമാണ് കഥകളിയെങ്കിലും സെൻസർ ബോർഡിൻറെ മഞ്ഞകണ്ണടയിൽ കാണുന്നത് നഗ്നത മാത്രമാണ്. ബഹിഷ്‌കൃതരുടെ രാഷ്ട്രീയം പറയുന്ന രാജീവ് രവിയുടെ 'കമ്മട്ടിപ്പാട'ത്തിന്റെ സെർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ടും വിവാദങ്ങളുണ്ടായി. സിനിമയിൽ നിന്നും 'പുലയൻ' എന്ന വാക്ക് നീക്കം ചെയ്യണമെന്ന് സെൻസർ ബോർഡ് ആവശ്യപ്പെട്ടതിനെതിരെ സംവിധായകൻ പ്രസ്താവനകൾ നടത്തിയിരുന്നു. 'പുലയൻ' എന്നത് ഒരു തെറിയാണെന്നായിരുന്നു സെൻസർ ബോർഡിൻറെ വാദം. പുലയൻ തെറിയാവുകയും നായരും നമ്പൂതിരിയും അങ്ങിനെയല്ലാതാവുകയും ചെയ്യുന്നതിലെ രാഷ്ട്രീയം വിശദീകരണങ്ങൾ ആവശ്യമില്ലാത്തവിധം വ്യക്തമാണ്. 'അമിതമായ വയലൻസ്' രംഗങ്ങളുടെ പേരിൽ കമ്മട്ടിപ്പാടം പോലെ വാണിജ്യ ചേരുവകളില്ലാത്ത സിനിമകൾക്ക് 'A' certificate നൽകുമ്പോൾ, ഇതിനേക്കാൾ വയലൻസ് പ്രദർശിപ്പിക്കുകയും, വയലൻസിനെ മഹത്വവത്കരിക്കുകയും ചെയ്യുന്ന കച്ചവട സിനിമകൾക്ക് 'U/A' യോ 'U'വോ തന്നെ സർട്ടിഫൈ ചെയ്തുനൽകാൻ ബോർഡ് എല്ലാ കാലത്തും പ്രത്യേക താല്പര്യം കാണിച്ചിട്ടുണ്ട്. കച്ചവട സിനിമകളിലെ ഐറ്റം ഡാൻസുകളോ സ്ത്രീവിരുദ്ധവും ജാതീയവുമായ തമാശകളോ ഒന്നും തന്നെ കത്രികക്കണ്ണുകൾ കാണില്ല. ബോണ്ട് സീരിസിലെ 'Spectre'ഉം ടരന്റിനോയുടെ 'Hateful Eight' ഉം കത്രികവെച്ച് വികൃതമാക്കിയ സെൻസർ ബോർഡ് ഡിസ്നിയുടെ ആനിമേഷൻ ചിത്രം 'Jungle Book'ന് പോലും നൽകിയത് 'U/A' സെർട്ടിഫിക്കേറ്റ് ആണ്!

സെൻസർ ബോർഡിന്റെ രാഷ്ട്രീയ മുഖം തുറന്നുകാണിക്കുന്നതായിരുന്നു 'ഉഡ്താ പഞ്ചാബി'ന്റെ (Udtha Punjab, 2016) സെർട്ടിഫിക്കേഷനുമായി ബന്ധപ്പെട്ട വിവാദങ്ങൾ. പഞ്ചാബിലെ ലഹരി മാഫിയകള്‍ക്കെതിരെ ധീരമായ നിലപാടെടുക്കുന്ന ഈ അഭിഷേക് ചൗബേ ചിത്രത്തിന് സെൻസർ ബോർഡ് നിർദ്ദേശിച്ചത്‌ 89 കട്ടുകളാണ്!

കൂടാതെ ചിത്രത്തിന്റെ ടൈറ്റിലിൽ നിന്നും 'പഞ്ചാബ്' ഒഴിവാക്കണമെന്നും, സിനിമയിലുപയോഗിച്ച സ്ഥലപ്പേരുകൾ മാറ്റണമെന്നും, സിനിമ തുടങ്ങുന്നതിന് മുൻപ് 'ലഹരി മാഫിയയെ ചെറുക്കാൻ സർക്കാരും പോലീസും വേണ്ടത് ചെയ്യുന്നുണ്ട്' എന്ന് എഴുതി പ്രദർശിപ്പിക്കണമെന്നും വരെ നിർദ്ദേശമുണ്ടായി. ബി.ജെ.പി-ശിരോമണി അകാലിദൾ സഖ്യം ഭരിക്കുന്ന പഞ്ചാബിൽ അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണെന്നത് ഇവിടെ പ്രസക്തമാണ്. സംസ്ഥാനത്തെ ലഹരി മാഫിയയുടെ വ്യാപ്തി വ്യക്തമാക്കുന്ന സിനിമ ബി.ജെ.പി സഖ്യത്തിന് രാഷ്ട്രീയമായി ദോഷം ചെയ്യും. മയക്കുമരുന്ന് മാഫിയയ്ക്ക് സർക്കാരും പോലീസും എത്തരത്തിലാണ് ഒത്താശ ചെയ്യുന്നതെന്ന് ചിത്രം വിശദീകരിക്കുന്നുണ്ട്. ഇത്തരമൊരു ചിത്രം തടഞ്ഞു വയ്ക്കുന്നതിലൂടെ സെൻസർ ബോർഡ് ചെയ്യുന്നത്, അഭിഷേക് ചൗബേ ആരോപിച്ചതു പോലെ, ലഹരി മാഫിയയെ സഹായിക്കലാണ്. വരും തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി നേട്ടമുണ്ടാകും എന്ന് ദേശീയ മാധ്യമങ്ങൾ പ്രവചിച്ച പഞ്ചാബിൽ ബി.ജെ.പി സഖ്യത്തിന്റെ നില പരുങ്ങലിലാണ്. ഈ സാഹചര്യമാവാം സർക്കാരിന്റെ ഭരണപിഴവുകൾ ചൂണ്ടിക്കാണിക്കുന്ന സിനിമയെ ബോർഡ് നിശബ്ദമാക്കാൻ ശ്രമിക്കുന്നതിന് പിന്നിൽ. 'ഉഡ്താ പഞ്ചാബിന്റെ നിർമ്മാണത്തിന് പിന്നിൽ ആം ആദ്മി പാർട്ടിയാണെ'ന്നും 'പഞ്ചാബിനെയും പഞ്ചാബ് സർക്കാരിനെയും മോശമായി ചിത്രീകരിക്കാൻ സംവിധായകൻ ആം ആദ്മിയിൽ നിന്നും പണം കൈപറ്റി'യെന്നുമൊക്കെയുള്ള വില കുറഞ്ഞ രാഷ്ട്രീയ പ്രസ്താവനകൾ ബോർഡ് അംഗങ്ങൾ തന്നെ നടത്തുന്ന നിലയിലേക്ക് സി.ബി.എഫ്.സി തരം താഴുന്ന കാഴ്ചയും നമ്മൾ കണ്ടു. പ്രശ്നം കോടതിക്ക് മുന്നിലെത്തിയപ്പോൾ കാര്യമായ മാറ്റങ്ങളൊന്നും തന്നെയില്ലാതെ സിനിമയ്ക്ക് പ്രദർശനാനുമതി നൽകാൻ കോടതി ഉത്തരവിട്ടു. വിധി പ്രസ്താവനയിൽ കോടതി നടത്തിയ ചില പരാമർശങ്ങൾ ശ്രദ്ധേയമാണ്.

അഭിപ്രായ സ്വാതന്ത്ര്യത്തിന് മുകളിൽ കൈ കടത്താൻ ആരെയും അനുവദിക്കില്ല. കലയുടെ കാര്യത്തില്‍ സെന്‍സർ ബോര്‍ഡ് അതിവൈകാരികമായി പ്രതികരിക്കേണ്ടതില്ല. എന്ത് കാണണം, എന്ത് കാണേണ്ട എന്ന് ജനങ്ങൾ തീരുമാനിക്കട്ടെ. ബോർഡിന്റെ ജോലി ഫിലിം സെർട്ടിഫിക്കേഷൻ ആണ്. 52ലെ Cinematograph actൽ എവിടെയും സെൻസറിംഗ് എന്ന പദം ഉപയോഗിച്ചിട്ടില്ല.

എന്താണ് സെൻസർ ബോർഡ്?

കേന്ദ്ര സർക്കാരിന്റെ ഇൻഫോർമേഷൻ ആൻഡ് ബ്രോഡ്‌കാസ്റ്റിംഗ്‌ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന സെൻട്രൽ ബോർഡ് ഓഫ് ഫിലിം സെർട്ടിഫിക്കേഷൻ (സി.ബി.എഫ്.സി) എന്ന സ്ഥാപനമാണ് പൊതുവേ 'സെൻസർ ബോർഡ്' എന്ന് അറിയപ്പെടുന്നത്. 1952ലെ cinematograph act പ്രകാരം രൂപീകൃതമായ ഈ സ്ഥാപനത്തിൻറെ പ്രവർത്തനോദ്ദേശം പൊതു പ്രദർശനം ആവശ്യപ്പെടുന്ന ദൃശ്യ മാധ്യമങ്ങൾക്ക് അർഹമായ സെർറ്റിഫിക്കേറ്റുകൾ വിതരണം ചെയ്യലും ആവശ്യമെങ്കിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തലുമാണ്. ഇന്ത്യ പോലെ മാധ്യമ സ്വാതന്ത്ര്യം നിലനിൽക്കുന്ന രാജ്യത്ത് സിനിമയും ഒരു സ്വതന്ത്ര മാധ്യമമാണ്. അതുകൊണ്ടു തന്നെ Article 19(1)/a പ്രകാരമുള്ള സ്വതന്ത്രാവിഷ്കാരത്തിനുള്ള അവകാശം ഇവിടെയും സംരക്ഷിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ cinematograph act പ്രകാരം ചില സവിശേഷ സാഹചര്യങ്ങളിൽ -ഉദാഹരണത്തിന്, രാജ്യത്തിന്റെ അഖണ്ഡതയ്ക്കോ, പരമാധികാരത്തിനോ, വിദേശ രാജ്യങ്ങളുമായുള്ള ബന്ധത്തിനോ ഭീഷണിയുയർത്തിയാൽ- Article 19(2) പ്രകാരം മാറ്റങ്ങൾ ആവശ്യപ്പെടാനും നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും ബോർഡിന് അധികാരമുണ്ട്. ഇത്തരം സാഹചര്യങ്ങൾ ഇല്ലാത്ത പക്ഷം സിനിമയ്ക്ക് ആവശ്യമായ സെർട്ടിഫിക്കെറ്റുകൾ നൽകുകയാണ് ബോർഡിന്റെ ജോലി. പ്രധാനമായും 4 തരത്തിലാണ് സെൻസർ ബോർഡ് സിനിമകളെ സെർട്ടിഫൈ ചെയ്യുന്നത്:

  1. U (Unrestricted Public Exhibition)
  2. U/A (Parental Guidance advised for children below the age of 12 years)
  3. A (Restricted to adults)
  4. S (Restricted to any special class of persons). ഉദാ: ഡോക്ടർമാർ

ഒരു ചെയർപേഴ്സണും അതിന് കീഴിൽ അനൗദ്യോഗിക അംഗങ്ങളും എന്നതാണ് ബോർഡിന്റെ ഘടന. അംഗങ്ങളെ തിരഞ്ഞെടുക്കാനുള്ള അധികാരം കേന്ദ്ര സർക്കാരിനാണ്. മുംബൈ ആസ്ഥാനമായ ബോർഡിന് രാജ്യത്തെ പ്രധാനപ്പെട്ട മറ്റ് ഒൻപത് നഗരങ്ങളിൽ കൂടി പ്രാദേശിക കേന്ദ്രങ്ങളുണ്ട്. ഇന്ത്യൻ ഭരണഘടന പൗരന് ഉറപ്പുനൽകുന്ന ആവിഷ്കാര സ്വാതന്ത്ര്യം ഉൾപ്പെടെയുള്ള അവകാശങ്ങൾ നിഷേധിക്കാൻ ബോർഡിന് യാതൊരുവിധ അധികാരവും ഇല്ല.

കത്രികക്കുരുക്കിൽ വീണ സിനിമകൾ

സെൻസർ ബോർഡ് തടഞ്ഞുവച്ച സിനിമകളുടെ ചരിത്രം പരിശോധിക്കുകയാണെങ്കിൽ, ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമകൾക്ക് നേരെയാണ് പ്രധാനമായും കുരുക്ക് നീളുന്നതെന്ന് കാണാം. ഫൂലൻ ദേവിയുടെ ജീവിതം പ്രമേയമാക്കിയ ശേഖർ കപൂർ ചിത്രം ബാൻഡിറ്റ് ക്വീൻ (Bandit Queen, 1994) തടഞ്ഞുവയ്ക്കാൻ സെൻസർ ബോർഡ് കണ്ടെത്തിയ ന്യായം സിനിമയിൽ അശ്ലീല രംഗങ്ങളും അസഭ്യവാക്കുകളും ഉണ്ടെന്നതായിരുന്നു. ജാതീയതയെ തുറന്നുകാട്ടുന്ന, ഭരണകൂടത്തെ പ്രതിസ്ഥാനത്തു നിർത്തുന്ന ഒറിയ സിനിമ സെൻസർ ബോർഡിന് ദഹിക്കാതിരിക്കുന്നത് സ്വാഭാവികം മാത്രം. ദീപ മേത്തയുടെ ഫയർ (Fire, 1996) എന്ന ചിത്രം അന്തർദേശീയ തലത്തിൽ ഏറെ പ്രശംസയും അംഗീകാരങ്ങളും പിടിച്ചുപറ്റിയെങ്കിലും സ്വന്തം രാജ്യത്ത് പ്രദർശനാനുമതി നിഷേധിക്കപ്പെട്ടു. സ്വവർഗ്ഗ പ്രണയം പ്രമേയമാക്കിയ ചിത്രത്തിന് നേരെ ശിവസേന ഉൾപ്പെടെയുള്ള ഹിന്ദുത്വ സംഘടനകൾ ഭീഷണിയുമായെത്തിയിരുന്നു. 2002ലെ ഗുജറാത്ത് കലാപ വേളയിൽ കാണാതായ മകനെ അന്വേഷിക്കുന്ന പാർസി കുടുംബത്തിന്റെ കഥ പറയുന്ന രാഹുൽ ദോലാക്യയുടെ പർസാനിയ (Parzania, 2005) എന്ന സിനിമ കലാപത്തിന്റെ യാഥാർഥ്യങ്ങൾ തുറന്നുകാണിക്കുന്നതാണ്. പോലീസിനെയും ഭരണകൂടത്തെയും പ്രതിസ്ഥാനത്ത് നിർത്തുന്ന ചിത്രത്തിന് മികച്ച സംവിധായകനുള്ള ദേശീയ പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ലഭിക്കുകയുണ്ടായി.

xdfdfd

എന്നാൽ ഹിന്ദുത്വ സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് ചിത്രത്തിന് സെൻസർ ബോർഡ് പ്രദർശനാനുമതി നിഷേധിക്കുകയായിരുന്നു. ദീപ മേത്തയുടെ തന്നെ വാട്ടർ (Water, 2005) എന്ന സിനിമയുടെ വിധിയും സമാനമായിരുന്നു. വിധവകൾ നേരിടേണ്ടി വരുന്ന ബഹിഷ്കരണവും അകറ്റിനിർത്തലുകളും പ്രമേയമാക്കിയ സിനിമ ചിത്രീകരണ വേളയിൽ തന്നെ വർഗ്ഗീയ ശക്തികളുടെ ആക്രമണത്തിന് വിധേയമായിരുന്നു.

Academy Awardന് നോമിനേഷൻ ചെയ്യപ്പെട്ട ഈ ചിത്രത്തിനും പക്ഷേ എതിർപ്പുകളെ തുടർന്ന് പ്രദർശനാനുമതി നിഷേധിക്കപ്പെട്ടു. ഗുജറാത്ത് കലാപം വിഷയമാക്കിയ മറ്റൊരു ചിത്രമായ നന്ദിതാ ദാസിന്റെ ഫിറാഖും (Firaaq, 2008) സെൻസർ ബോർഡ് തടഞ്ഞുവയ്ക്കുകയുണ്ടായി. കലാപവേളയിലെ യഥാർത്ഥ സംഭവങ്ങളെന്ന് അവകാശപ്പെടുന്ന ചിത്രത്തിന് നേരെ വർഗീയ സംഘടനകളിൽ നിന്നും വലിയ രീതിയിലുള്ള ഭീഷണിയുണ്ടായി. 2009ലെ കേരളം ഫിലിം ഫെസ്റ്റിവലിലും Asian Festival of First Films ലും മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട ഈ ചിത്രത്തിനും പ്രദർശനാനുമതി നൽകാൻ സെൻസർ ബോർഡ് തയ്യാറായില്ല. ആദിവാസികളും ദളിതരും സമൂഹത്തിൽ അനുഭവിക്കുന്ന വിവേചനങ്ങളും പീഡനവും ഉള്ളടക്കമായ ജയൻ ചെറിയാൻ ചിത്രമാണ് 'പാപിലിയോ ബുദ്ധ' (Papilio Buddha, 2013). ഭരണകൂടത്തെയും രാഷ്ട്രീയ കക്ഷികളെയും പ്രതിസ്ഥാനത്തു നിർത്തുന്ന ഈ സിനിമ വിഗ്രഹവത്കരിക്കപ്പെട്ട ഗാന്ധി ഉൾപ്പെടെയുള്ള പല ബിംബങ്ങളുടെയും മഹത്വത്തെ ചോദ്യം ചെയ്യുന്നുണ്ട്. വ്യവസ്ഥിതിയുടെ പോരായ്മകൾ ഉയർത്തിക്കാട്ടുന്ന ഈ ചിത്രത്തിനും പ്രദർശനാനുമതി ലഭിച്ചില്ല. (തുടർന്നുണ്ടായ വിമർശനങ്ങളുടെ ഫലമായി ചില ഭാഗങ്ങൾ നിശബ്ദമാക്കി കാണിക്കാമെന്ന വ്യവസ്ഥയിൽ അനുമതി കൊടുത്തു). എന്തുകൊണ്ടാണ് സിനിമയുടെ ഉള്ളടക്കത്തെ ഭരണകൂടങ്ങൾ ഇത്രയും സൂക്ഷ്മമായി നിരീക്ഷിക്കുന്നത്? എന്തുകൊണ്ടാണ് സിനിമകൾ ഭരണകൂടത്തെ ഇത്രയേറെ ഭയപ്പെടുത്തുന്നത്?

'ഇരുപതാം നൂറ്റാണ്ടിന്റെ കല' എന്നാണ് സിനിമയെ ലെനിൻ വിശേഷിപ്പിച്ചത്. ഇരുപത്തൊന്നാം നൂറ്റാണ്ടിലേക്കെത്തുമ്പോഴും ഏറ്റവും ജനകീയമായ കല സിനിമയാണെന്നതിൽ തർക്കമുണ്ടാവില്ല. ആധുനിക ലോകത്തെ ഏറ്റവും ജനകീയമായ കല എന്ന നിലയിൽ, ബഹുജന ബോധത്തെ ഏറ്റവുമധികം സ്വാധീനിക്കുന്ന മാധ്യമം കൂടിയാണ് സിനിമ. നാടകവും സാഹിത്യവുമെല്ലാം ബഹുജന ബോധത്തെ സ്വാധീനിക്കുന്നുണ്ടെങ്കിലും അവ സിനിമയോളം ജനകീയമല്ല. അതുകൊണ്ടുതന്നെ, ഏറ്റവും ഫലപ്രദമായ പ്രത്യയശാസ്ത്ര പ്രചാരണായുധം കൂടിയാണ് സിനിമ. സിനിമയുടെ ഈ സ്വാധീനശക്തിയുടെ ഏറ്റവും വലിയ ഗുണഭോക്താക്കൾ എക്കാലത്തും വ്യവസ്ഥിതിയും ഭരണകൂടവും തന്നെയായിരുന്നു. ജനപ്രിയ സിനിമകൾ എന്ന പേരിൽ പ്രേക്ഷകന് മുന്നിലെത്തുന്ന കച്ചവട സിനിമകൾ എക്കാലവും ചെയ്തുകൊണ്ടിരിക്കുന്നത് ഭരണകൂടത്തിനും വ്യവസ്ഥിതിക്കും അനുകൂലമായ പ്രത്യയശാസ്ത്ര ബോധനമാണ്. ലൂയി അൽത്യുസർ അഭിപ്രായപ്പെട്ടതുപോലെ 'പ്രകൃത്യാ ഒരു പ്രത്യയശാസ്ത്ര മൃഗമാണ് മനുഷ്യൻ' (“Man is an ideological animal by nature”). അതുകൊണ്ടുതന്നെ മനുഷ്യന്റെ ഏതൊരു സർഗാത്മക പ്രവർത്തിയിലും രാഷ്ട്രീയം അടങ്ങിയിട്ടുണ്ട്. തങ്ങൾക്ക് രാഷ്ട്രീയമില്ലെന്നും തങ്ങളുടെ സിനിമകൾ രാഷ്ട്രീയമായി നിഷ്പക്ഷത പാലിക്കുന്നതാണെന്നും കച്ചവട സിനിമാക്കാർ അവകാശപ്പെടുന്നു. എന്നാൽ തങ്ങളുടെ അരാഷ്ട്രീയത തങ്ങളെ പ്രതിലോമകരമായ ഒരു രാഷ്ട്രീയത്തിന്റെ കുഴലൂത്തുകാരാക്കുന്നുണ്ടെന്നത് അവർ തിരിച്ചറിയുന്നില്ല. അതത് കാലങ്ങളിൽ മാറിക്കൊണ്ടിരിക്കുന്ന അധീശവർഗ്ഗ താത്പര്യങ്ങളെ അതീവ ജാഗ്രതയോടെയാണ് കച്ചവട സിനിമകൾ സ്വീകരിക്കുകയും മഹത്വവത്കരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത്. അധീശവർഗ്ഗ താൽപര്യങ്ങളെ നിരന്തരം പോഷിപ്പിച്ചും സംരക്ഷിച്ചും അതിന്റെ തിരികെയുള്ള പിന്തുണയിൽ മാത്രം നിലനിൽക്കുന്നവയാണ് കച്ചവട സിനിമകൾ. വ്യാപകമായ ബഹുജന സ്വാധീനം സ്വായത്തമാക്കിയ കച്ചവട സിനിമകളുടെ പ്രധാന വിനിമയ പ്രവർത്തനം ഭരണകൂടം വ്യവസ്ഥാപനം ചെയ്യുന്ന മൂല്യങ്ങളുടെ പുനരുത്പാദനവും പവിത്രീകരണവാണ്. സാമൂഹ്യ യാഥാർത്ഥ്യങ്ങളെ കുറിച്ചോ, ഭരണകൂട ഹിംസകളെ കുറിച്ചോ വ്യവസ്ഥിതിയുടെ പോരായ്മകളെ കുറിച്ചോ ഇത്തരം സിനിമകൾ ഒന്നും മിണ്ടുകയില്ല. കാലത്തിൽ നിന്നും സമൂഹത്തിൽ നിന്നും ഒന്നും സ്വീകരിക്കാത്ത, പ്രേക്ഷകരെ അരാഷ്ട്രീയവത്കരിച്ച് വിഡ്ഢികളുടെ സ്വർഗ്ഗത്തിലേറ്റുന്ന ഇത്തരം സിനിമകളെയാണ് ഭരണകൂടം ആദർശവത്കരിക്കുന്നത്. അതിൽ നിന്ന് വ്യതിചലിക്കുന്ന സിനിമകൾ അധീശവർഗ്ഗത്തിന്റെ സാംസ്കാരിക നായകത്വത്തിന് (Cultural Hegemony) ഭീഷണിയാണെന്നതിനാൽ ഇത്തരം സൃഷ്ടികളിലേക്ക് ഭരണകൂടത്തിന്റെ കത്രിക നീളുന്നു. ഈ പ്രവൃത്തിയാവട്ടെ ഭരണകൂടം വ്യവസ്ഥാപനം ചെയ്യുന്ന പ്രത്യയശാസ്ത്രത്തിന്റെ നിലനിൽപിന് അതിപ്രധാനവുമാണ്.

സമൂഹത്തിന് മുകളിൽ ഏതൊരാശയവും സ്ഥാപിക്കുന്ന നായകത്വം (Hegemony) പൂർണ്ണമാവുന്നത്, മേൽക്കോയ്മ (Domination), ബൗദ്ധികവും ധാർമികവുമായ നേതൃത്വം (Intellectual and moral leadership) എന്നിങ്ങനെ രണ്ടുവിധത്തിലും മേധാവിത്വം സ്ഥാപിക്കുമ്പോൾ മാത്രമാണെന്ന അന്റോണിയോ ഗ്രാംഷിയുടെ നിരീക്ഷണം ഇവിടെ പ്രസക്തമാവുന്നു. വർത്തമാന ഇന്ത്യൻ സാഹചര്യം പരിഗണിച്ചാൽ രാഷ്ട്രീയാധികാരത്തിലൂടെ സംഘ്പരിവാർ മേൽക്കോയ്മ നേടിക്കഴിഞ്ഞു. ഇനി, ശക്തമായ ഇടതുപക്ഷ വേരുകളുള്ള സാംസ്കാരിക-ബൗദ്ധിക മേഖലയിൽ നിരന്തരമായി ഇടപ്പെട്ട് ബൗദ്ധികവും ധാർമികവുമായ നേതൃത്വം കൂടി സ്വായതമാക്കുന്നതിലൂടെ മാത്രമേ ഇന്ത്യൻ സമൂഹത്തിനു മുകളിൽ പൂർണ്ണമായ ഹെജിമണി സ്ഥാപിക്കാൻ അവർക്ക് സാധിക്കുകയുള്ളു. അതിനായുള്ള ശ്രമങ്ങൾ സംഘ്പരിവാർ തുടങ്ങിക്കഴിഞ്ഞുവെന്നാണ് സമീപകാല സംഭവങ്ങൾ വ്യക്തമാക്കുന്നത്. എം. എം. കൽബുർഗി വധവും, കെ. എസ്. ഭഗവാനു നേരെ നിരന്തരമുണ്ടാവുന്ന വധ ഭീഷണികളും, പെരുമാൾ മുരുകന് ഉള്ളിലെ എഴുത്തുകാരന്റെ മരണം പ്രഖ്യാപിക്കേണ്ടി വന്നതും സാംസ്കാരിക മേഖലയിലെ വിമതസ്വരങ്ങളെ ഇല്ലാതാക്കാനുള്ള സംഘടിത ശ്രമത്തിന്റെ ഭാഗമാണ്. രാജ്യത്തിന്റെ അഭിമാന സ്ഥാപനമായ പൂനെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാനായി മോദി സർക്കാർ നിയമിച്ച ഗജേന്ദ്ര ചൗഹാന് സിനിമയുമായുള്ള ബന്ധം Air hostess, Jungle love തുടങ്ങിയ B-grade സിനിമകളിലും ചില പുരാണ സീരിയലുകളിലും അഭിനയിച്ചു എന്നത് മാത്രമാണ്. ഋഥ്വിക് ഘട്ടക്കും, അടൂർ ഗോപാലകൃഷ്ണനും, യു. ആർ. അനന്തമൂർത്തിയും ഇരുന്ന സ്ഥാനത്താണ് കലയുമായി യാതൊരു ബന്ധവുമില്ലാത്ത ഒരാളെ പ്രതിഷ്ഠിച്ചിരിക്കുന്നത്. കേവലമായ കച്ചവട താല്പര്യങ്ങൾക്കപ്പുറം ഉയർന്ന സ്വാധീന ശക്തിയുള്ള ഒരു കല എന്ന രീതിയിൽ സിനിമയെ കാണാനും, സാമൂഹ്യ പ്രതിബദ്ധതയും കലാ മൂല്യവുമുള്ള സിനിമകൾ നിർമ്മിക്കാനും പ്രചോദിപ്പിക്കുന്ന ഒരിടത്തെ ഇല്ലാതാക്കുന്നതിലൂടെ മാത്രമേ സിനിമ എന്ന മാധ്യമത്തെ തങ്ങളുടെ വരുതിയിലാക്കാൻ സാധിക്കുകയുള്ളുവെന്ന് സംഘപരിവാറിനറിയാം. ഈ നടപടിയുടെ തുടർച്ച എന്ന നിലയിൽ വേണം പെഹലാജ് നിഹാലനിയുടെ നിയമനത്തെയും കാണാൻ. ഉഡ്താ പഞ്ചാബിനെയും, അലിഗഡിനെയും, കമ്മട്ടിപ്പാടത്തെയും, കഥകളിയെയും ഭയപ്പെടുന്ന ബോർഡ്, ആൾദൈവം ഗുർമീത് റാം റഹീമിന്റെ Messenger of Godഉം തങ്ങളുടെ രാഷ്ട്രീയം പറയുന്ന മറ്റനേകം സിനിമകളും പ്രത്യേക പരിഗണനയോടെയാണ് സർട്ടിഫൈ ചെയ്തുനല്കിയത്.

xdfdfd

ഇത്തരം പ്രതികൂല സാഹചര്യങ്ങൾക്കിടയിലും ഇന്ത്യൻ സിനിമക്ക് അന്താരാഷ്ട്ര പ്രേക്ഷകർക്ക് മുന്നിൽ തലയുയർത്തി നിൽക്കാൻ ആർജ്ജവം നൽകുന്ന ചില സിനിമകളും സമീപകാലത്തുണ്ടായി എന്നത് പ്രതീക്ഷ നൽകുന്നതാണ്. ഭരണമാറ്റത്തിന് ശേഷം സാംസ്കാരിക പ്രവർത്തനങ്ങൾക്ക് ഭീഷണിയായി അപരസ്വരങ്ങളെ പാക്കിസ്ഥാനിലേക്കയക്കാൻ വർഗീയ ശക്തികൾ ഇടക്കിടെ തലപൊക്കുന്നുണ്ടെങ്കിലും, സെൻസറിങ്ങിന്റെ കത്രിക ഓരോ സിനിമാക്കാരന്റെയും തലയ്ക്ക് മുകളിൽ തൂങ്ങുമ്പോഴും, ചില പരീക്ഷണ സിനിമകളുടെ കൈ പിടിച്ച് ഇന്ത്യൻ സിനിമ മുന്നോട്ടുതന്നെ നടക്കുന്നുണ്ട്. ആധുനിക ഇന്ത്യയിൽ ഒളിഞ്ഞും തെളിഞ്ഞും ഇന്നും തുടരുന്ന ജാതീയത പ്രമേയമാക്കിയ നാഗ്‌രാജ് മഞ്ജുളെയുടെ ഫാൻഡ്രിയും (Fandry,2013), ചൈതന്യ തമാനെയുടെ കോർട്ടും (Court, 2014), കനു ബേലിന്റെ തിത്ലിയുമെല്ലാം (Titli, 2014) ഇന്ത്യൻ സിനിമക്ക് പുതിയ ദിശാബോധം നൽകുന്നവയാണ്. നീരജ് ഘായ്വാന്റെ മസാൻ (Masaan, 2015) കാൻ ചലച്ചിത്രോത്സവത്തിൽ Best Promising Director പുരസ്കാരം നേടിയതും രാജ്യത്തിന്റെ സിനിമാമേഖലയ്ക്ക് നൽകുന്ന ഊർജ്ജം ചെറുതല്ല. ഏറ്റവുമൊടുവിൽ നാഗരാജ് മഞ്ജുളെയുടെ സായ്രാതും (Sairat, 2016) റാം റെഡ്ഢിയുടെ തിത്തിയും (Thithi, 2016). ഇന്ത്യന്‍ സമൂഹത്തിന്‍റെ നേര്‍ ചിത്രങ്ങളായ ഇത്തരം സിനിമകളിലേക്ക് ഭരണകൂടത്തിന്റെ കത്രിക നീളുമ്പോൾ, തീവ്ര ദേശീയത പ്രചരിപ്പിക്കുന്ന സിനിമകളും കച്ചവട ചേരുവകളൊത്ത തട്ടുപൊളിപ്പൻ സിനിമകളും പൗരാണിക സിനിമകളുമെല്ലാം പോറലേൽക്കാതെത്തന്നെ സെർട്ടിഫികേഷൻ നേടുന്നുണ്ട്. ഏതായാലും വരും കാലങ്ങളിൽ സിനിമയുടെ രാഷ്ട്രീയം അതിന്റെ ഭാവിയെ തന്നെ നിർണ്ണയിക്കുമെന്നാണ് സമീപകാല സംഭവവികാസങ്ങളിൽ നിന്നും മനസ്സിലാകുന്നത്.

എന്തും ഏതും പൗരന് ഇന്റർനെറ്റിൽ ലഭ്യമായ പുതിയ കാലത്ത് സിനിമകൾക്ക് നേരെ മാത്രം, പ്രത്യേകിച്ച് കലാമൂല്യമുള്ള, സാമൂഹ്യ പ്രതിബദ്ധതയുള്ള സിനിമകൾക്ക് നേരെ മാത്രം, ഭരണകൂടം കത്രിക നീട്ടുന്നത് തീർത്തും അനീതിയാണ്. ഏതായാലും ഫിലിം സെർട്ടിഫിക്കേഷൻ വ്യവസ്ഥകൾ ഉദാരമാക്കേണ്ടതിന്റെ ആവശ്യകതയിലൂന്നുന്ന ശ്യാം ബെനഗൽ കമ്മീഷൻ റിപ്പോർട്ട് സർക്കാറിന് മുന്നിലുണ്ട്. അത് നടപ്പാക്കുന്നതിലൂടെ മാത്രമേ, റായിയുടെയും ഘട്ടക്കിന്റെയും ജോണിന്റെയുമെല്ലാം ചരിത്രമുള്ള ഇന്ത്യൻ സിനിമയ്ക്ക് ആ പാരമ്പര്യം തുടരാനാവൂ. നീതി ലഭിക്കേണ്ടത് ഏതെങ്കിലും പ്രത്യേക സിനിമകൾക്ക് മാത്രമല്ല. ആവിഷ്കാര സ്വാതന്ത്ര്യം ഉറപ്പുവരുത്തുന്ന രീതിയിൽ ഫിലിം സെർറ്റിഫിക്കേഷൻ ബോർഡിനെ തന്നെ അഴിച്ചുപണിയേണ്ടതുണ്ട്. സദാചാര വിരുദ്ധമെന്ന് മുദ്രകുത്തി നമ്മൾ അകറ്റിനിർത്തുന്ന കല യഥാർത്ഥത്തിൽ നമ്മുടെ തന്നെ അപമാനങ്ങളെയാണ് വരച്ചുകാട്ടുന്നതെന്ന് നാം മനസ്സിലാക്കേണ്ടിയിരിക്കുന്നു.