കനയ്യയെ ആഘോഷിക്കാം, പക്ഷേ പൂരത്തിനിടയില്‍ വേല മറന്നുപോവരുത്

xdfdfd

കനയ്യയെ തൊട്ട മോഡിക്ക് കൈ പൊള്ളിയോ?

വര്‍ത്തമാന സാഹചര്യങ്ങളില്‍ തികച്ചും ന്യായമായ ഒരു ചോദ്യമാണത്; ഒരുപക്ഷേ ഇന്ത്യ മുഴുവന്‍ ചോദിക്കുന്ന, ചര്‍ച്ച ചെയ്യുന്ന ഒരു ചോദ്യം. പക്ഷേ അതിന് ഒറ്റവാക്കില്‍ ഒരുത്തരം സാദ്ധ്യമാണോ? മിക്കവരും ഉവ്വ്, അതേ എന്നാണ് ഉത്തരം പറയുവാന്‍ സാദ്ധ്യത. അങ്ങനെ പറയുന്ന എല്ലാവരോടും ഐക്യദാര്‍ഢ്യപ്പെട്ടുകൊണ്ട് ഞാനും ആഗ്രഹിക്കുന്നത് അത് അങ്ങനെയായിരിക്കട്ടെ എന്ന് തന്നെയാണ്. പക്ഷേ അപ്പോഴും എന്തോ, ചില ഭയങ്ങള്‍ ബാക്കിയാവുന്നു.

കനയ്യയേയും, ആ വ്യക്തിയിലുപരി ഉന്നത കലാലയങ്ങള്‍ കേന്ദ്രമാക്കി വികസിക്കുന്ന ഒരു ജനതയുടെ സഞ്ചിത ധൈഷണിക വികാസത്തെയും, അത് ജീവവായുവായി കരുതുന്ന ചിന്തിക്കുവാനും ആവിഷ്കരിക്കുവാനുമുള്ള സ്വാതന്ത്ര്യത്തെയും കേവലം നുണക്കഥകളും വ്യാജദൃശ്യങ്ങളും മുന്‍നിര്‍ത്തി എന്നെന്നേക്കുമായി തടവിലിടുവാനുള്ള ശ്രമം പരാജയപ്പെട്ടിരിക്കുന്നു. അത് പരാജയപ്പെട്ടു എന്ന് മാത്രമല്ല, പുറത്തിറങ്ങിയ അയാള്‍ ഒറ്റ രാത്രികൊണ്ട് ഇന്ത്യ മുഴുവന്‍ പ്രത്യാശയോടെ ഉറ്റുനോക്കുന്ന ഒരു യുവ രാഷ്ട്രീയബിംബമായി മാറുകയും ചെയ്തു. ദേശീയ ചാനലുകള്‍ പോലും ആ പ്രസംഗത്തിനായി ഒരു മണിക്കൂറോളം നീക്കിവയ്ക്കുന്ന അവസ്ഥ ഉണ്ടായി. എതിരൊച്ചകളെ ഭരണകൂട യന്ത്രങ്ങള്‍ ദുരുപയോഗം ചെയ്ത് നിശബ്ദമാക്കുവാനുള്ള സംഘപരിവാരത്തിന്റെ ശ്രമം ഫലത്തില്‍ വിപരീതമായി ഭവിക്കുകയും, കനയ്യ തന്റെ പ്രസംഗത്തില്‍ സുചിപ്പിക്കുന്നതു പോലെ എത്രത്തോളം ശക്തിയില്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നുവോ അത്രത്തോളം ശക്തിയില്‍ ചെറുത്ത് നില്‍പ്പുകളും ഉയര്‍ന്നുവരും എന്ന സാമാന്യതത്വത്തിന് കനയ്യ-ജെ.എന്‍.യു സംഭവം ഒരു നിദാനമായി തീരുകയും ചെയ്തിരിക്കുന്നു.

ദേശീയമാദ്ധ്യമങ്ങള്‍ സംപ്രേക്ഷണം ചെയ്ത ആ പ്രസംഗവും, അതിന്റെ വ്യത്യസ്ത വായനകളും പൊതുവില്‍ പങ്കുവയ്ക്കുന്ന ശുഭാപ്തിവിശ്വാസത്തിന്റെ കാതല്‍ മേല്പറഞ്ഞതാണ്. അവയോടൊക്കെ യോജിക്കുമ്പോഴും, ആ വികാരം പങ്കുവയ്ക്കുമ്പോഴും, പിന്നെയും ശല്യപ്പെടുത്തുന്ന ചില അശുഭചിന്തകളെ പങ്കുവയ്ക്കാനാണ് ഈ കുറിപ്പ്.

സംശയങ്ങള്‍

ഇത്തരം വ്യാജ വീഡിയോകളും വ്യാജപ്രൊഫൈലില്‍ നിന്ന് വന്ന ഹാഫിസ് സയീദ് ട്വീറ്റും, ചുമ്മാ വിളിച്ചു പറഞ്ഞ കള്ളുകുപ്പി, കോണ്ടം കണക്കുകളും നഗ്നനൃത്ത ആരോപണവും ഒക്കെ വച്ച് കനയ്യയെ അകത്തിടാനായിരുന്നുവോ സംഘപരിവാരപദ്ധതി എന്നതാണ് ഒരു സംശയം. അത്രയ്ക്ക് വിഡ്ഢികളല്ല അവര്‍ എന്ന് ഉറപ്പാണ്. അതുകൊണ്ട് തന്നെ കനയ്യയ്ക്ക് ലഭിച്ച ജാമ്യം അവരുടെ പ്രതീക്ഷകളെ തകര്‍ത്ത ഒന്നാണെന്ന് കരുതാന്‍ നിവര്‍ത്തിയില്ല. ഇത്തരം ഒരു ശ്രമം നടത്തി പരാജയപ്പെട്ടാല്‍ അതിന്റെ ഇരയായ ആള്‍ സ്വാഭാവികമായും പിന്നീട് വീരനായകനായി മാറും എന്നതും ഊഹിക്കാവുന്നത് മാത്രമാണ്. അപ്പോള്‍ പിന്നെ ഇതുപോലെയുള്ള ഒരു മണ്ടന്‍കളി കളിച്ച് തോറ്റ് കൈപൊള്ളാന്‍ പോന്നവണ്ണം രേഖീയമായ ഒരുള്ളടക്കമേ ഉള്ളോ സംഘികള്‍ രചിച്ച ജെ.എന്‍.യു സമരത്തിലേക്കുള്ള എ.ബി.വി.പി. നുഴഞ്ഞ് കയറ്റം മുതല്‍ ഇന്ത്യാവിരുദ്ധ മുദ്രാവാക്യവും കനയ്യയുടെ അറസ്റ്റും, രാജ്യസ്നേഹ, പട്ടാള മെലോഡ്രാമയും, കോടതി വളപ്പിലെ വയലന്‍സും കോണ്ടവും നഗ്നനൃത്തവും ഒക്കെ ചേരുന്ന തിരക്കഥയ്ക്ക്?

അല്ലായെങ്കില്‍ അത് വില്‍ക്കുവാന്‍ ശ്രമിച്ച പ്രമേയം, കനയ്യയുടെ സോപാധിക ജാമ്യലബ്ധിയും ജെ.എന്‍.യു പ്രസംഗവും അതിന് ലഭിച്ച ദേശീയ, ഒരുപക്ഷേ അന്തര്‍ദേശീയ ശ്രദ്ധയും കൊണ്ടൊന്നും ഇല്ലാതാകുന്നതും അല്ല. പറഞ്ഞു വരുന്നത് ഒരു ജനതയെ മുഴുവനായി വിശ്വാസത്തില്‍ എടുക്കുക എന്നത് ഒരുകാലത്തും സംഘപരിവാര അജണ്ട ആയിരുന്നില്ല. അവരുടെ സമ്മതനിര്‍മ്മിതി പദ്ധതികള്‍ പോലും അങ്ങനെ എല്ലാവരെയും നേടാന്‍ വേണ്ടിയുള്ളതല്ല. ഒരുമിപ്പിക്കലല്ല അവരുടെ രാഷ്ട്രീയ അജണ്ട, വിഘടിപ്പിക്കലാണ്. അവര്‍ക്ക് എന്തെങ്കിലും ബോദ്ധ്യപ്പെടുത്തുവാനുള്ളത് കോടതിയെയോ മാധ്യമങ്ങളെയോ ബുദ്ധിജീവികളെയോ, എന്തിന് ജനസാമാന്യത്തെ പോലുമോ അല്ല, മറിച്ച് അവരുടെ അധികാര അജണ്ടകളെ സംബന്ധിച്ചിടത്തോളം നിര്‍ണ്ണായകമായ, മേല്പറഞ്ഞ സ്ഥാപനങ്ങളിലും സമൂഹത്തിലും വ്യാപിച്ചുകൊണ്ടിരിക്കുന്ന അവരുടെ പ്രതിനിധികളുടേതായ ഒരു 'വലിയ' സംഘി ന്യൂനപക്ഷത്തെ മാത്രമാണ്. അതില്‍ അവര്‍ നേടിയ വിജയത്തിന്റെ സാക്ഷിപത്രമാണ് ആ ജാമ്യവിധി പോലും.

ബ്രാഹ്മണിക് ഹിന്ദുത്വ ഹെജമണി നിലനില്‍പ്പിന് ആശ്രയിക്കുന്നത് ഹിന്ദു എന്ന് സ്വയം അടയാളപ്പെടുത്തുന്ന മനുഷ്യരില്‍ എല്ലാവരെയും പോലുമല്ല, ഈ 'വലിയ' ന്യൂനപക്ഷത്തെയാണ്. അദ്വാനിയുടെ പ്രശസ്തമായ സ്യൂഡോസെക്കുലറിസ്റ്റുകള്‍ എന്ന പരിഹാസ പ്രയോഗം ലക്‌ഷ്യം വയ്ക്കുന്നത് തന്നെ ഹിന്ദുവായി ജീവിച്ചിട്ടും സംഘിയാവാന്‍ വിസമ്മതിക്കുന്നവരെ, അവര്‍ക്കും സംഘിത്വത്തിനും ഇടയില്‍ പരിമിതമായെങ്കിലും പിന്നെയും ബാക്കിയാവുന്ന ചില സെക്കുലര്‍ മൂല്യങ്ങളെ ആണെന്നത് വ്യക്തമാണല്ലോ. അവയെ ആക്രമിക്കുവാന്‍ ഇപ്പോള്‍ സംഘികള്‍ ഒറ്റയ്ക്കല്ല. മറുവശത്ത് ഉണ്ടാകുന്ന കേന്ദ്രീകരണം ആവട്ടെ അവരുടെ മാത്രം രാഷ്ട്രീയമൂലധനവും. അതിന്റെ കേന്ദ്രീകരണത്തിന് കാലാകാലമായി തുടരേണ്ടുന്ന വിഭവസമാഹരണയജ്ഞങ്ങള്‍ ആവശ്യമാണ്. രാമജന്മഭൂമി പ്രശ്നവും രഥയാത്രയും ഒക്കെ അത്തരം ശ്രമങ്ങളുടെ ഭാഗമായിരുന്നു. ഇതും അതേ. ലക്ഷ്യം കോടതിവിധിയോ, കനയ്യയെ മുതല്‍ യെച്ചുരിയെയും കെജരിവാളിനെയും രാഹുല്‍ ഗാന്ധിയെയും ഡി രാജയെയും ഒക്കെ രാജ്യദ്രോഹക്കുറ്റം ചുമത്തി അകത്താക്കുകയോ ഒന്നുമല്ല, മറ്റേ 'വലിയ' ന്യൂനപക്ഷത്തിന്റെ കേന്ദ്രീകരണം, ഭരണഘടനയുടെ നാല് തൂണുകളിലേയ്ക്കും ഉള്ള ഹിന്ദുത്വ ഹെജമണിയുടെ വ്യാപനം മാത്രമാണ്.

ജെ.എന്‍.യു സമരം രോഹിത് വെമുലയുടെ ആത്മഹത്യ ഉണ്ടാക്കിയ ജനരോഷത്തില്‍ നിന്ന് ശ്രദ്ധ തിരിച്ച് വിടുവാനുള്ള ഒരു പരിവാര്‍ അജണ്ടയാണ് എന്ന വായന തള്ളിക്കളയാനാവുന്ന ഒന്നല്ല. പക്ഷേ അതിനര്‍ത്ഥം വെമുലയുടെ ആത്മഹത്യ ഉണ്ടായില്ലെങ്കില്‍ ജെ.എന്‍.യുവില്‍ നടന്ന അഫ്സല്‍ ഗുരു അനുസ്മരണത്തെ എ.ബി.വി.പി കൂടുതല്‍ ജനാധിപത്യപരമായി ഉള്‍ക്കൊണ്ടേനേ എന്നല്ല. ആ ദാരുണ സംഭവം നടന്നില്ല എങ്കിലും സംഘപരിവാരത്തിന്റെ രാഷ്ട്രീയ അജണ്ട മാറാത്തിടത്തോളം അവര്‍ ജെ.എന്‍.യു സംഭവം ഉപയോഗിച്ചേനെ.

സംഘി അജണ്ടയുടെ സാക്ഷാത്കാര സാക്ഷ്യങ്ങള്‍

ഒരു ഏകാധിപത്യ ഭരണകൂടം നിലനില്ക്കുന്നത് അതിനെതിരെയുള്ള പ്രതിഷേധങ്ങളെ വികേന്ദ്രീകരിച്ച് ശിഥിലമാക്കുവാനുള്ള അതിന്റെ കായികവും സാംസ്കാരികവുമായ ശേഷിയിലൂടെയാണ്. അതില്‍ അവര്‍ എത്രത്തോളം വിജയിച്ചു എന്ന് വിലയിരുത്തുന്നത് അതിനെതിരെ ഉയരുന്ന പ്രതിഷേധങ്ങളുടെ ഉള്ളടക്കകേന്ദ്രീകരണം എന്ന മാനകം ഉപയോഗിച്ച് കൂടി വേണം. ഇല്ലെങ്കില്‍ നമ്മള്‍ ജയിച്ചുകൊണ്ടിരിക്കുന്നു എന്ന് തോന്നും. ഒടുവില്‍ തോല്‍ക്കുമ്പോളാവട്ടെ ഇതെങ്ങനെ സംഭവിച്ചു എന്ന് പിന്നെ ആലോചിച്ചിട്ട് കാര്യമില്ല എന്ന അവസ്ഥയുമാവും.

ജെ.എന്‍.യു സമരം രോഹിത് വെമുലയുടെ ആത്മഹത്യ ഉണ്ടാക്കിയ ജനരോഷത്തില്‍ നിന്ന് ശ്രദ്ധ തിരിച്ച് വിടുവാനുള്ള ഒരു പരിവാര്‍ അജണ്ടയാണ് എന്ന വായന തള്ളിക്കളയാനാവുന്ന ഒന്നല്ല. പക്ഷേ അതിനര്‍ത്ഥം വെമുലയുടെ ആത്മഹത്യ ഉണ്ടായില്ലെങ്കില്‍ ജെ.എന്‍.യുവില്‍ നടന്ന അഫ്സല്‍ ഗുരു അനുസ്മരണത്തെ എ.ബി.വി.പി കൂടുതല്‍ ജനാധിപത്യപരമായി ഉള്‍ക്കൊണ്ടേനേ എന്നല്ല. ആ ദാരുണ സംഭവം നടന്നില്ല എങ്കിലും സംഘപരിവാരത്തിന്റെ രാഷ്ട്രീയ അജണ്ട മാറാത്തിടത്തോളം അവര്‍ ജെ.എന്‍.യു സംഭവം ഉപയോഗിച്ചേനെ. എന്നാല്‍ അതിനോടുള്ള പ്രതിഷേധങ്ങള്‍ ഇടത്/സ്വത്വരാഷ്ട്രീയ ദ്വന്ദ്വത്തില്‍ തട്ടി വികേന്ദ്രീകരിക്കുക എന്നതും സംഭവിച്ചു എന്നതാണ് സത്യം. ഒരു ഇടത് രാഷ്ട്രീയ സംഘടനയുടെ വിദ്യാര്‍ത്ഥി പ്രതിനിധി ആയതുകൊണ്ടാണ് കനയ്യയ്ക്ക് കൂടുതല്‍ ശ്രദ്ധ കിട്ടിയതെന്നും, അത് വെമുല ഉന്നയിച്ച ദളിത് പ്രശ്നത്തെ സമൂഹശ്രദ്ധയില്‍ നിന്ന് അടര്‍ത്തി മാറ്റിയെന്നും ഒക്കെയുള്ള വിമര്‍ശനങ്ങള്‍ ഫലത്തില്‍ സംഘി അജണ്ടയ്ക്ക് ഇരട്ടബലം നല്‍കുകയാണ് ചെയ്തത്. കാരണം അത് കേവലം ശ്രദ്ധതിരിക്കലില്‍ അപ്പുറം പ്രതിരോധത്തെ വിഘടിപ്പിക്കുവാനും സഹായിച്ചു.

ഉമര്‍ ഖാലിദിനെയും അനിര്‍ബാന്‍ ഭട്ടാചാര്യയെയും കുറിച്ച് ഒരുവാക്ക് മിണ്ടാത്ത കനയ്യ എന്തൊരു കോമ്രേയ്ഡ് ആണ് എന്ന വസ്തുതാവിരുദ്ധമായ ഒരു വിമര്‍ശനം പോലും സ്വത്വരാഷ്ട്രീയവാദികളുടെ വകയായി സോഷ്യല്‍ മീഡിയയില്‍ നടക്കുന്നു. കനയ്യ അവര്‍ക്ക് വേണ്ടി പോരാടും എന്ന് പരസ്യമായി പറഞ്ഞു എന്ന് മാത്രമല്ല, അത് ജാമ്യവ്യവസ്ഥകളുടെ ലംഘനമാകുമോ എന്നതിനെ കുറിച്ച് ഒരു ദേശീയ ചാനല്‍ മുഴുനീള ചര്‍ച്ചയും നടത്തി. ഇതൊന്നും കാണാതെ കോമ്രേഡ്ഷിപ്പിനെ ചോദ്യം ചെയ്യുവാന്‍ നടക്കുന്നവരുടെ നോട്ടം ‘ആര് ചത്താലും, കൊന്നാലും, അകത്ത് കിടന്ന് നരകിച്ചാലും ഇടതിനെ അടിക്കുവാന്‍ ഒരു വടി കിട്ടുമോ’ എന്നത് മാത്രമാണ്. മാര്‍ക്സിസവും അംബേദ്കര്‍ ചിന്തകളും ഒരുമിക്കണം എന്ന് ഉല്‍ബോധിപ്പിച്ചത് പ്രമുഖ ദളിത്‌ സൈദ്ധാന്തികനായ കാഞ്ചാ ഏലയ്യയാണ്. പക്ഷേ ഇതേ പ്രമേയത്തെ ഏലയ്യയെ വിട്ട് ഒരു സിപിഎം 'അപ്രോപ്രിയേഷന്‍' (ഏറ്റെടുക്കല്‍) ആയി വായിക്കാനാണ് ഇവിടത്തെ സ്വത്വരാഷ്ട്രീയ പ്ലാറ്റ്ഫോമുകളുടെ പൊതുതാല്പര്യം. ആ താല്പര്യത്തില്‍ നിന്നാണ് കിട്ടുന്ന പഴുത് എല്ലാം ഉപയോഗിച്ച്, കിട്ടാത്തത് വ്യാജമായി ഉണ്ടാക്കി കനയ്യയെ ദളിത്, മതന്യൂനപക്ഷ വഞ്ചകനും, അവസരവാദിയും ആയി ചിത്രീകരിക്കുവാന്‍ ശ്രമങ്ങള്‍ നടക്കുന്നത്.

ഇതിന് സമാന്തരമായി വേണം ഇപ്പോള്‍ പുതുതായി ഉയര്‍ന്നുവരുന്ന ഒരു സംഘി യുക്തിയെയും വായിക്കുവാന്‍. പിന്നോക്കക്കാരനായ മോദിജിയ്ക്കെതിരേ 'ഠാക്കൂർ ബ്രാഹ്മ'ണനായ കനയ്യയെ ഇറക്കിക്കൊണ്ടുള്ള ഒരു ബ്രാഹ്മണിക്ക് അജണ്ടയാണ് ജെ.എന്‍.യുവിൽ നടക്കുന്നത് എന്നതാണ് കേരളത്തിലെ ഒരു പ്രമുഖ ബീ ജേ പി നേതാവായ അഡ്വക്കേറ്റ് ഗോപാലകൃഷ്ണന്റെ വാദം. കനയ്യ ഉയർത്തിയ നിരവധിയായ രാഷ്ട്രീയ പ്രശ്നങ്ങളെ അവലംബിച്ച് നടക്കുന്ന ഒരു ചാനൽ ചർച്ചയെ തല്ക്കാലം വഴിതിരിച്ച് വിട്ട് സ്വന്തം തടിയൂരാൻ ഭൂമിഹാർ വിഭാഗത്തിൽ പെട്ട അദ്ദേഹത്തെ ഒറ്റയടിക്ക് ബ്രാഹ്മണനായി പ്രഖ്യാപിച്ച ഗോപാലകൃഷ്ണന്റെ നീക്കം സഹായിച്ചേക്കാം. പക്ഷേ അതുകൊണ്ട് കാലാകാലങ്ങളായി നടക്കുന്ന ഭൂമിഹാർ-ബ്രാഹ്മണ തർക്കം തീർപ്പാകുമോ? ബീഹാറിലും, ഉത്തരാഞ്ചലിലും, ഉത്തർ പ്രദേശിലും, മധ്യപ്രദേശിലും ബംഗാളിലും ഒക്കെയായി പരന്നുകിടക്കുന്ന ഭൂമിഹാർ സമുദായത്തിന്റെ നൂറ്റാണ്ടുകൾ പഴക്കമുള്ള ബ്രാഹ്മണപദത്തിനായുള്ള പോരാട്ടം അവിടങ്ങളിൽ തീരുമാനമാകുമോ എന്നത് സംശയമാണ്. പക്ഷേ ഈ വാദം ഉയർത്തി കൊണ്ടുവരുന്നതിലൂടെ സംഘികളെ സംബന്ധിച്ചിടത്തോളം ദളിത്-ഇടത് വിശാലസഖ്യം എന്ന രാഷ്ട്രീയ വെല്ലുവിളിക്ക് മറ്റൊരു എതിർ യുക്തി കൂടി മുമ്പോട്ട് വയ്ക്കാം. അതിന്റെ വികേന്ദ്രീകരണ സാദ്ധ്യതകൾ ഉപയോഗിച്ച് സ്വന്തം പക്ഷത്തിന്റെ കേന്ദ്രീകരണം കുറച്ചുകൂടി എളുപ്പമാക്കാം.

ഒരു ഇടത് രാഷ്ട്രീയ സംഘടനയുടെ വിദ്യാര്‍ത്ഥി പ്രതിനിധി ആയതുകൊണ്ടാണ് കനയ്യയ്ക്ക് കൂടുതല്‍ ശ്രദ്ധ കിട്ടിയതെന്നും, അത് വെമുല ഉന്നയിച്ച ദളിത് പ്രശ്നത്തെ സമൂഹശ്രദ്ധയില്‍ നിന്ന് അടര്‍ത്തി മാറ്റിയെന്നും ഒക്കെയുള്ള വിമര്‍ശനങ്ങള്‍ ഫലത്തില്‍ സംഘി അജണ്ടയ്ക്ക് ഇരട്ടബലം നല്‍കുകയാണ് ചെയ്തത്. കാരണം അത് കേവലം ശ്രദ്ധതിരിക്കലില്‍ അപ്പുറം പ്രതിരോധത്തെ വിഘടിപ്പിക്കുവാനും സഹായിച്ചു.

ഇടത് രാഷ്ട്രീയം ജന്മം കൊണ്ട് ലഭിക്കുന്ന ജാതീയമോ, മതപരമോ, വംശീയമോ ആയ സ്വത്വത്തെ അന്തിമമായി കാണുന്ന ഒന്നല്ല. താൻ ആരാണ് എന്ന തിരിച്ചറിവ് ഇവിടെ ആർജിതമായ സാംസ്കാരിക ബോദ്ധ്യങ്ങളിലൂടെ പരിണമിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ്. അതിന്റെ യുക്തി കേവല സ്വത്വബോധത്തിലുപരി വിശാല മാനവികതയിൽ ഊന്നുന്നതാണ്. അവയെ നേരിടുവാനുള്ള ഒരു എളുപ്പവഴി എന്ന നിലയിലാണ് അവയൊക്കെ വിദേശയുക്തികളാണ് എന്ന വാദം. ആധുനികതയോടും, മാനവികതയും, മതനിരപേക്ഷതയും, ശാസ്ത്രീയ അവബോധവും ഉൾപ്പെടെ അത് ഉയർത്തിപ്പിടിക്കുന്ന മൂല്യങ്ങളൊടും സംഘികൾക്കും സ്വതവ രാഷ്ട്രീയ വാദികൾക്കും ഒരുപോലെ പുച്ഛമാണ് എന്നത് യാദൃശ്ചികമല്ല. ദളിത് പിന്നോക്കപക്ഷ രാഷ്ട്രീയത്തിനെതിരെ കോണ്‍ഗ്രസ്സിനെയും, ഇടത് പാര്‍ട്ടികളെയും, മതേതര ലിബറല്‍ മാനവവാദികളെയും ഒക്കെ ബന്ധിപ്പിച്ച് ബ്രാഹ്മണിക്ക് മേല്‍ക്കോയ്മ നടത്തുന്ന ഒരുതരം വംശീയ മതേതരഹത്യയാണ് രാജ്യത്ത് നടക്കുന്നതെന്ന ആ യുക്തിയും, രാഹുല്‍ഗാന്ധി ബ്രാഹമണനല്ലേ, സീതാറാം യെച്ചൂരി ബ്രാഹ്മണനല്ലേ എന്നിങ്ങനെ വികസിക്കുന്ന അതിന്റെ തര്‍ക്കവാദങ്ങളുടെ ഘടനയും നമുക്ക് പരിചിതമാണ്. അത് സ്വത്വരാഷ്ട്രീയ വാദത്തിന്റേതാണ്. ഇപ്പോള്‍ അത് സംഘികളുടേതുമായി. അതായത് ചിന്തയില്‍, യുക്തിയില്‍, ഭാഷയില്‍ പോലും ചില അന്തര്‍ധാരകള്‍ സജീവമായി തന്നെ നിലനില്ക്കുന്നു എന്ന്. ഇതും സംഘി അജണ്ടയുടെ വിജയത്തിന്റെ സാക്ഷ്യം തന്നെയല്ലേ?

ഭരണഘടനാവാദത്തിന്റെ പിന്നാമ്പുറം

അതും കൂടാതെ ഇപ്പോള്‍ ഫാസിസ്റ്റ് പ്രതിരോധ ചര്‍ച്ചകള്‍ മറ്റൊരു വഴിത്തിരിവിലേക്ക് കടന്നിരിക്കുന്നു. അത് ഭരണഘടനയെ ചൊല്ലിയുള്ളതാണ്. സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രചാരം ലഭിച്ച ഭരണഘടനയെ മുന്‍നിര്‍ത്തിയുള്ള പ്രതിരോധശ്രമങ്ങളാണ് ഇവിടെ 'പ്രശ്നവല്‍ക്കരിക്ക'പ്പെടുന്നത്. അതായത് പ്രശ്നം പിന്നെയും ബാക്കിയാണ്. ആര്‍ക്ക്? സംഘികള്‍ക്ക് പ്രശ്നമൊന്നുമില്ല, അവരുടെ പ്രവര്‍ത്തനങ്ങള്‍ തെളിമയോടെ തുടരുകയാണ്. പ്രശ്നവല്‍ക്കരണങ്ങളുടെ ഭാരം മുഴുവന്‍ പ്രതിഷേധങ്ങളുടെ കേന്ദ്രീകരണത്തിലാണ് ഇപ്പോഴും. ശുഭാപ്തി വിശ്വാസത്തിന് ഇനിയെന്ത് വേണം!

‘ഭരണഘടനാവാദത്തിന്റെ പിന്നാമ്പുറം’ എന്നത് തേജസ് ദിനപത്രത്തില്‍ ബാബുരാജ് ഭഗവതി എഴുതിയ ലേഖനത്തിന്റെ തലക്കെട്ടാണ്. ആ ലേഖനത്തില്‍ അദ്ദേഹം പ്രശ്നവല്‍ക്കരിക്കുന്നത് കനയ്യ മുതല്‍ ഇടത് രാഷ്ട്രീയ സംഘടനകളും, മതേതര ലിബറലുകളും ഒക്കെ ഒരു പ്രതിരോധം എന്ന നിലയില്‍ ഉയര്‍ത്തിപ്പിടിക്കുന്ന ഭരണഘടനയെ ആണ്. അംബേദ്കര്‍ ആണ് അത് എഴുതിയത് എന്ന വസ്തുതയെ അദ്ദേഹം നേരിടുന്നത് "അംബേദ്ക്കറെ ഭരണഘടനയോട് ചേര്‍ത്തുവെക്കുകയായിരുന്നു കനയ്യകുമാര്‍" എന്ന വിമര്‍ശനത്തിലൂടെയാണ്. അംബേദ്കര്‍ ഭരണഘടന എഴുതി എന്നതുകൊണ്ട് ഭരണഘടന എന്ന പുസ്തകം അദ്ദേഹത്തിന്റെ പരിധിയാവുന്നില്ല. ശരി. പക്ഷേ അദ്ദേഹം എഴുതിയതാണ് ഭരണഘടന എന്നതും ഇല്ലാതാവുന്നില്ല. അതിലെ പ്രശ്നം എന്താണ്?

"യഥാര്‍ത്ഥത്തില്‍ ഭരണഘടന എന്നാല്‍ എന്താണ്? ഇതിനെ രണ്ടു വശങ്ങളില്‍ നിന്ന് നോക്കിക്കാണാം. ഭരണകൂടത്തിന്റെ ഭാഗത്തുനിന്നും, ജനങ്ങളുടെ ഭാഗത്തുനിന്നും. ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ഭരണഘടനയെ കാണുകയെന്നതാണ് വ്യവസ്ഥാപിത രീതി. അവിടെ പൗരന്റെ മുഴുവന്‍ വ്യവഹാരങ്ങളുടെയും പരമാധികാരിയായി ഭരണകൂടം സങ്കല്‍പ്പിക്കപ്പെടുന്നു. എന്നാല്‍, ജനങ്ങളുടെ ഭാഗത്തുനിന്നു നോക്കുമ്പോള്‍ തികച്ചും വ്യത്യസ്തമായ ചിത്രമാണ് നമുക്ക് ലഭിക്കുന്നത്. അതു പ്രകാരം ഭരണഘടനാപരമായ അധികാരം പൗരനു മുകളിലുള്ള 'പരമാധികാര'ത്തെ പരിമിതപ്പെടുത്തുകയാണ് ചെയ്യുന്നത്" എന്ന് കൃത്യമായി നിരീക്ഷിക്കുന്ന ബാബുരാജ്, പിന്നീട് ഭരണകൂടം എങ്ങനെ പുതിയ നിയമ നിര്‍മ്മാണങ്ങളിലൂടെ തങ്ങളുടെ പരമാധികാരം തിരിച്ച് പിടിക്കുവാന്‍ ശ്രമിക്കുന്നു എന്നും വിശദീകരിക്കുന്നു.

"ഏതെങ്കിലുമൊരിടത്ത് തങ്ങളുടെ സ്വാധീനം വ്യാപിപ്പിക്കണമെന്ന് ആഗ്രഹിക്കുമ്പോഴാണ് ഭരണകൂടം ഒരു പുതിയ നിയമത്തിന് രൂപം കൊടുക്കുന്നത്. അതുവരെയും ആ മേഖല ഭരണകൂടത്തിന്റെ സ്വാധീനവലയത്തിനു പുറത്തായിരിക്കുമെന്നാണ് അതിനര്‍ത്ഥം. അതേസമയം തങ്ങള്‍ക്കിഷ്ടമുള്ളപ്പോള്‍ ഇഷ്ടമുള്ളിടത്ത് നിയമനിര്‍മാണത്തിലൂടെ സ്വാധീനം ചെലുത്താനുള്ള അവകാശം സ്വയംസിദ്ധമാണെന്നിടത്താണ് ഭരണകൂടത്തിന്റെ പരമാധികാരം കുടികൊള്ളുന്നത്. സ്വേച്ഛാധിപത്യത്തിലേക്കുള്ള പാതയും ഈ സാധ്യതയിലാണ് ഉള്ളടങ്ങിയിരിക്കുന്നത്" എന്ന് തുടര്‍ന്ന് നിരീക്ഷിക്കുന്ന ബാബുരാജ് പക്ഷേ ഇവിടെയും ബാധകമായ ഈ ഭരണകൂട സ്വേച്ഛാധിപത്യത്തിന്റെ പാതയിലെ നിയന്ത്രണ ശക്തിയാണ് ഭരണഘടന എന്ന് പറയുന്നില്ല. ഒരു ജനാധിപത്യ ഭരണഘടന നിലനില്ക്കുന്ന ഇന്ത്യയില്‍ ഭരണകൂടത്തിന് നിയമങ്ങള്‍ ഉണ്ടാക്കുവാന്‍ ഭരണഘടനാബന്ധിയായ നിബന്ധനകള്‍ ഉണ്ട്. ‘നാളെ മുതല്‍ ഇന്ത്യ മോഡി എന്ന രാജാവ് ഭരിക്കുന്ന രാജഭരണ പ്രദേശമായിരിക്കും’ എന്ന് നിയമം ഉണ്ടാക്കുവാന്‍ മോഡിക്ക് പറ്റാത്തത് ഉള്‍കാഴ്ചയുള്ള ഈ ഭരണഘടനയുടെ നിയന്ത്രണം മൂലമാണ്.

വിമര്‍ശനങ്ങളുടെ പിന്നാമ്പുറം

"ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകം തുടങ്ങി സ്വാതന്ത്ര്യത്തിന്റെ ആറു ദശകങ്ങള്‍ക്കുള്ളിലാണ് വ്യത്യസ്ത വിഭാഗങ്ങളുടെ മുന്‍കൈയില്‍ ഇന്ത്യന്‍ ഭരണഘടന വളര്‍ച്ച പ്രാപിക്കുന്നത്. കൊളോണിയല്‍ അധികാരികള്‍ മുതല്‍ സ്വദേശി-ദല്ലാള്‍ ഭരണവര്‍ഗങ്ങള്‍ വരെയുള്ളവരുടെ വ്യത്യസ്ത താല്‍പര്യങ്ങള്‍ ഇതില്‍ പ്രതിഫലിച്ചിട്ടുണ്ട്" എന്ന് പറഞ്ഞാല്‍ അതിനര്‍ത്ഥം ഭരണഘടനാരചന എന്ന കര്‍മ്മത്തില്‍ സ്വതന്ത്രമായി ഒരു പങ്കും വഹിക്കുവാന്‍ അംബേദ്കറിനു കഴിഞ്ഞില്ല എന്നും ഇലയ്ക്കും മുള്ളിനും കേടില്ലാത്ത ചില നീക്കുപോക്കുകള്‍ മാറ്റിവച്ചാല്‍ അദ്ദേഹം കൊളോണിയല്‍ അധികാരികള്‍ മുതല്‍ സ്വദേശി-ദല്ലാള്‍ ഭരണവര്‍ഗങ്ങള്‍ വരെയുള്ളവരുടെ അധികാരതാല്പര്യങ്ങള്‍ക്ക് വശംവദനായാണ് ആ കൃത്യം നിര്‍വഹിച്ചത് എന്നും ആണ്. വാക്കുകള്‍ മാറുമെങ്കിലും സംഘികള്‍ക്കും ഇതേ വിമര്‍ശനം ഭരണഘടനയ്ക്ക് എതിരേ ഉണ്ട്. ഇന്ത്യന്‍ ഭരണഘടന നിലവില്‍ വന്ന റിപ്പബ്ലിക് ദിനം അവര്‍ കരിദിനമായി ആചരിച്ചിരുന്നത് വെറുതെ അല്ല. അതിന്റെ കാരണങ്ങള്‍ നമുക്ക് അറിയാവുന്നവയാണ്. ഭരണഘടനാരചന എന്ന സുദീര്‍ഘമായ പ്രക്രിയയ്ക്കിടയില്‍ അംബേദ്കറും ഹിന്ദുത്വ സാംസ്കാരിക-രാഷ്ട്രീയ ഹെജമണിയുമായി ഉണ്ടായ പോരാട്ടങ്ങള്‍, അതില്‍ നെഹ്റു മുതല്‍ ഗാന്ധി വരെ വഹിച്ച മാദ്ധ്യസ്ഥം ഒക്കെ ചരിത്രത്തിന്റെ ഭാഗമാണ്. പക്ഷേ ഇവര്‍ ഈ വിമര്‍ശിക്കുന്നതിന്റെ കാരണമോ?

"ആധുനിക ഭരണകൂടങ്ങള്‍ പ്രവര്‍ത്തിക്കുന്നത് പരമാധികാരശക്തിയുടെ അധികാരവിന്യാസ യുക്തിക്കനുസരിച്ചല്ല" എന്ന് ഫൂക്കൊയെ ഉദ്ധരിച്ച് തുടങ്ങുന്ന ബാബുരാജ് പക്ഷേ മുന്നോട്ട് പോകുന്നത് “ഈ പരിഗണന വികസനത്തിനോ ദാരിദ്ര്യനിര്‍മാര്‍ജ്ജനത്തിനോ വേണ്ടിയുള്ള പദ്ധതികളുടെ രൂപത്തിലാകാം. കുറ്റകൃത്യങ്ങള്‍ കുറക്കുവാനായി ഒരു ജനവിഭാഗത്തെ പ്രത്യേക നിരീക്ഷണങ്ങള്‍ക്കും നിയന്ത്രണങ്ങള്‍ക്കും വിധേയമാക്കുന്ന രൂപത്തിലാകാം. എന്തിന് സമൂഹത്തിന്റെ ആകമാനമുള്ള ക്ഷേമത്തിന്റെ പേരില്‍ ഒരു ജനവിഭാഗത്തെ മുഴുവന്‍ ഉന്മൂലനം ചെയ്യുവാന്‍ പോലും ഈ അധികാരയുക്തിക്ക് സാധിക്കും” എന്ന ‘മാര്‍ക്‌സ് വായനകളി’ല്‍ ഉദയകുമാര്‍ എഴുതിയ വാചകം ഉദ്ധരിച്ചുകൊണ്ടാണ്. എന്നാല്‍ അത്തരത്തില്‍ "സമൂഹത്തിന്റെ ആകമാനമുള്ള ക്ഷേമത്തിന്റെ പേരില്‍" ഒരു ജനവിഭാഗത്തെ മുഴുവന്‍ ഉന്മൂലനം ചെയ്യുന്നത് പോലും സാധൂകരിക്കപ്പെടുന്ന സാമാന്യ ഭരണകൂട യുക്തിയ്ക്കെതിരെ നിരന്തരം ജാഗ്രത പുലര്‍ത്തുന്ന ഒന്നാണ് നമ്മുടെ ഭരണഘടന എന്ന് അതൊന്ന് ഓടിച്ച് വായിച്ചാലും മനസിലാകും. ഇതിനര്‍ത്ഥം സ്വയംസമ്പൂര്‍ണ്ണവും ആത്യന്തികവുമായ ഒരു ചട്ടക്കൂടാണ് ഭരണഘടന എന്നല്ല. അത് തിരുത്തപ്പെടാവുന്നതും, കാലികമായി തിരുത്തപ്പെടേണ്ടതും ആണ്. പക്ഷെ അതിന് കര്‍ശനമായ വ്യവസ്ഥകള്‍ നിര്‍ദ്ദേശിക്കുന്നു എന്നതിനാലാണ് ഒരു സ്വേച്ഛാധിപത്യ വ്യവസ്ഥയിലേയ്ക്ക് ഭരണഘടനയെ കടത്തികൊണ്ട് പോകാന്‍ ഭരണകൂടങ്ങള്‍ക്ക് അത്ര ലളിതമായി കഴിയാത്തത്.

ഇസ്ലാമിക രാഷ്ട്രീയത്തെ, അതിന്റെ സമഗ്രാധിപത്യപരമായ ഉള്ളടക്കത്തെ നിരസിക്കുവാന്‍, അതായത് ‘ഹുക്കുമത്തേ ഇല്ലാഹി’യെ ബഹുസ്വരത മുന്‍നിര്‍ത്തി നിരസിക്കുവാന്‍ ഇതില്‍ ഏതൊക്കെ സംഘടനകള്‍ തയ്യാറാണ് എന്നതാണ് പ്രശ്നം. വിശ്വാസവും രാഷ്ട്രീയവുമായി ഐക്യപ്പെടുമ്പോള്‍ സംഭവിക്കുന്നത് വിശ്വാസബന്ധിയായ അപരങ്ങള്‍ മുഴുവന്‍ ഭ്രഷ്ടരാക്കപ്പെടുന്നു എന്നതാണ്. അതാണ് ഹിന്ദുത്വവാദം മുന്നോട്ട് വയ്ക്കുന്ന അപകടം. പാന്‍ ഇസ്ലാമിസം മുന്നോട്ട് വയ്ക്കുന്ന പ്രശ്നവും അതു തന്നെയാണ്.

എന്നാല്‍ ജനതയെ മൊത്തമായി ഹൈജാക്ക് ചെയ്യുവാന്‍ ഒരു പ്രതിലോമ ഹെജമണിക്ക് കഴിഞ്ഞാല്‍ നമ്മുടെ ഭരണഘടനാ ജനാധിപത്യവും തകരാം. പക്ഷേ അതിനെതിരെയുള്ള ചെറുത്ത് നില്‍പ്പുകള്‍ക്ക് ഭരണഘടനയെയും തള്ളിക്കൊണ്ട് ഒരു തുറന്ന കലാപത്തിലേക്ക് പോകേണ്ടുന്ന അവസ്ഥ ഇവിടെ സംജാതമായിക്കഴിഞ്ഞോ, അത്തരം ഒരു കലാപത്തിനിറങ്ങിയാല്‍ റദ്ദ് ചെയ്യപ്പെടുന്ന ഭരണഘടനയിലും ഭദ്രമായ ഒന്നുകൊണ്ട് അതിനെ പകരം വയ്ക്കുവാനുള്ള സൈദ്ധാന്തികവും രാഷ്ട്രീയവുമായ ഗൃഹപാഠങ്ങള്‍ നമ്മള്‍ ചെയ്തുകഴിഞ്ഞോ തുടങ്ങിയ ചോദ്യങ്ങള്‍ പ്രസക്തമാണ്. ‘എന്ത് ചോദ്യം, ഇറങ്ങി അടിക്കുക’ എന്ന ലൈനില്‍ കാല്പനികവിജ്രംഭണങ്ങള്‍ പലതരം ഇതര സാദ്ധ്യതകളുള്ള മദ്ധ്യ, ഉപരിവര്‍ഗ കാല്പനിക അരാജകത്വ വാദികള്‍ക്ക് ഒരുപക്ഷേ താങ്ങാനാവുമായിരിക്കും. പക്ഷേ ദളിതരും മതന്യൂനപക്ഷങ്ങളും അടങ്ങുന്ന ഒരു അടിസ്ഥാനവര്‍ഗത്തിന് പലായനവും അഭയാര്‍ത്ഥിക്യാമ്പുകളും മാത്രമാകും അഭയകേന്ദ്രമെന്ന് ചരിത്രം പറയുന്നു. അതായത് കേവലമായ പ്രശ്നവല്‍ക്കരണങ്ങളിലൂടെ, നിരാസങ്ങളിലൂടെ ധനാത്മകമായ രാഷ്ട്രീയ പരിവര്‍ത്തനം സാദ്ധ്യമല്ല. അങ്ങനെയിരിക്കെയാണ് ഭരണഘടനയുടെ നിരാസം സ്വാതന്ത്ര്യത്തിലേയ്ക്കുള്ള മാര്‍ഗമായി ഉയര്‍ത്തപ്പെടുന്നത്. ഇത് തന്നെയാണ് സംഘികള്‍ ആഗ്രഹിക്കുന്ന സ്വാതന്ത്ര്യവും. ഭരണഘടനാദേശീയതയില്‍ നിന്ന് സാംസ്കാരിക ദേശീയതയിലേയ്ക്കുള്ള ആസാദി.

യഥാര്‍ത്ഥപ്രശ്നം

അപ്പോള്‍ പിന്നെ എന്താണിവിടെ പ്രശ്നം? അത് തുടര്‍ന്ന് വായിച്ചാല്‍ മനസിലാവും. ഇവിടുന്നങ്ങോട്ട് ബാബുരാജ് ചര്‍ച്ച ചെയ്യുന്നത് ദേശീയതയുടെ പ്രശ്നങ്ങളാണ്. ഇത് ആദ്യമായി ഉന്നയിക്കപ്പെടുന്നവയും അല്ല. ദേശീയതയുടെ വിവിധ വകഭേദങ്ങള്‍ ഇന്നത്തെ സാംസ്കാരിക സംവാദവേദികള്‍ക്ക് അജ്ഞാതമായ ഒന്നുമല്ല. ഭരണകൂട നിര്‍മ്മിതമായ സാംസ്കാരികദേശീയതയോടുള്ള ഇടത്, മതേതര, ലിബറല്‍ വിമര്‍ശനങ്ങളില്‍ ഒക്കെയും അതുണ്ട്. പക്ഷേ ബാബുരാജ് അവയെ ഒന്നും വിശകലന വിധേയമാക്കുന്നില്ല, മറിച്ച് തിരഞ്ഞെടുത്ത ഒന്നിന്റെ ദുര്‍വ്യാഖ്യാനത്തിലേക്ക് ഈ മുഴുവന്‍ ലേഖനത്തെയും, അതുവഴി ഭരണഘടനയെയും ചുരുക്കുകയാണ്.

2010-ല്‍ നടന്ന ‘ഇ.എംഎസ്സിന്റെ ലോകം’ സെമിനാറില്‍ പിണറായി ഉന്നയിച്ച ഒരു പ്രശ്‌നം ശ്രദ്ധേയമായിരുന്നു. ദേശീയതയെ അംഗീകരിക്കാത്ത വിഘടനസ്വഭാവമുള്ള സംഘടനയാണ് ജമാഅത്തെ ഇസ്‌ലാമി എന്നായിരുന്നു പിണറായിയുടെ ആരോപണം. ജമാ അത്ത് മാത്രമല്ല, വിവിധ മുസ്ലിം സംഘടനകള്‍ ഒളിഞ്ഞു തെളിഞ്ഞും പലപ്പോഴായി ഇത്തരം ചോദ്യങ്ങള്‍ നേരിട്ടിട്ടുണ്ട്" എന്നതാണ് പ്ലാറ്റ്ഫോം വാദ രാഷ്ട്രീയത്തിന്റെ യഥാര്‍ത്ഥപ്രശ്നം. ഇസ്ലാമിക രാഷ്ട്രീയത്തെ, അതിന്റെ സമഗ്രാധിപത്യപരമായ ഉള്ളടക്കത്തെ നിരസിക്കുവാന്‍, അതായത് ‘ഹുക്കുമത്തേ ഇല്ലാഹി’യെ ബഹുസ്വരത മുന്‍നിര്‍ത്തി നിരസിക്കുവാന്‍ ഇതില്‍ ഏതൊക്കെ സംഘടനകള്‍ തയ്യാറാണ് എന്നതാണ് പ്രശ്നം. വിശ്വാസവും രാഷ്ട്രീയവുമായി ഐക്യപ്പെടുമ്പോള്‍ സംഭവിക്കുന്നത് വിശ്വാസബന്ധിയായ അപരങ്ങള്‍ മുഴുവന്‍ ഭ്രഷ്ടരാക്കപ്പെടുന്നു എന്നതാണ്. അതാണ് ഹിന്ദുത്വവാദം മുന്നോട്ട് വയ്ക്കുന്ന അപകടം. പാന്‍ ഇസ്ലാമിസം മുന്നോട്ട് വയ്ക്കുന്ന പ്രശ്നവും അതു തന്നെയാണ്.

കേവലം ജനസംഖ്യ വച്ച് അതിനെ നിഷേധിക്കുവാന്‍ കഴിയില്ല. കാരണം ഹിന്ദുത്വവാദം ഇന്ത്യന്‍ ജനാധിപത്യത്തിന് ഒരു ഭീഷണി ആയത് ഇന്ത്യയിലെ ഹിന്ദുക്കള്‍ മുഴുവന്‍ ഹിന്ദുത്വ വാദികള്‍ ആയതുകൊണ്ടല്ല എന്നത് തന്നെ. ഹിന്ദുത്വവാദം ഒരു സാംസ്കാരിക ഹെജമണിയാണ്. അത് ആകെ ആവശ്യപ്പെടുന്നത് ആ ഹെജമണിയോടുള്ള വിധേയത്വം മാത്രമാണ്. അതുണ്ടെങ്കില്‍ ജാതിയും മതവും ഒന്നും പ്രശ്നമല്ല. അത്തരം ഒരു ഹെജമണി അപരങ്ങളെ നിര്‍മ്മിച്ച് മുന്നോട്ട് പോകുന്നത് ജാതി, മതം തുടങ്ങിയ സ്ഥിരം ഏകകങ്ങള്‍ പരസ്പരം സംഘര്‍ഷത്തില്‍ ഏര്‍പ്പെടുന്ന ചരിത്രഘട്ടങ്ങള്‍ക്ക്‌ വേണ്ടി ഒന്നുകില്‍ കാത്തു നില്ക്കുക, അല്ലെങ്കില്‍ അധികാരം ഉപയോഗിച്ച് നിര്‍മ്മിക്കുക, അവയിലൂടെ ധ്രുവീകരണം സാദ്ധ്യമാക്കുക എന്ന ലളിതമായ പദ്ധതിയെ മാത്രം അവലംബിച്ചാണ്. അതുകൊണ്ടാണ് കേവലസ്വത്വത്തിന് അപ്പുറത്തേക്ക് പോകുന്ന ആശയങ്ങളെയും രചനകളെയും, പ്രസ്ഥാനങ്ങളെ പോലും എങ്ങനെയും തകര്‍ക്കുക എന്നത് മതരാഷ്ട്രീയവാദികളുടെ പൊതു അജണ്ട ആകുന്നത്. ഇവിടെ സംഘപരിവാര്‍ ഒറ്റയ്ക്കല്ല, അവരും സ്വത്വരാഷ്ട്രീയ വാദികളും ചേര്‍ന്ന് വലിയൊരു പരസ്പരസഹായ ഐക്യമുന്നണിയായി മാറുന്നു.

സംഘപരിവാറിന്റെ ലളിതവും സുതാര്യവുമായ ഈ രാഷ്ട്രീയ അജണ്ടയിലെ, എതിര്‍ക്കും തോറും വളരും എന്ന ആശയം തന്നെയാണ് അവര്‍ ഇന്ന് സാംസ്കാരികമായും അക്കാദമികമായും നിര്‍മ്മിച്ചെടുത്ത ബുദ്ധിജീവി ലോകത്തെ ഉപയോഗിച്ച് നടപ്പിലാക്കുന്നതും. ഇവിടെ സവിശേഷമായ ഒരു കാര്യം ഹെജമണിയായി വികസിക്കാത്തിടത്തോളം ഹിന്ദു സ്വത്വരാഷ്ട്രീയത്തിന്റെ എതിർ യുക്തികളും, അവയ്ക്ക് ലഭിക്കുന്ന സ്വീകാര്യത പോലും മറുവശത്ത് ആ സ്വത്വത്തെ കൂടുതൽ കേന്ദ്രീകരിക്കും എന്നതാണ്.

ശത്രുവിന്റെ നിർമിതി എന്ന അധികാര അജണ്ട പൊതുസമൂഹത്തിൽ പ്രവർത്തിക്കുന്നത് നിർമിതിയുടെ ശക്തിയ്ക്ക് ആനുപാതികമായി പ്രതിരോധത്തിന്റെ കേന്ദ്രീകരണവും സംഭവിക്കും എന്ന തത്വത്തെ അവലംബിച്ചാണ്. അതിൽ നിർമിതമായ ശത്രു എന്നും സ്വാഭാവികമായി ഉയർന്നുവരുന്ന വിമർശനങ്ങളെന്നും ഒരു വേർതിരിവ് പലപ്പോഴും ഉണ്ടാവണമെന്നില്ല. കാരണം പ്രബലനായ ഒരു ശത്രുവിനെ ഉയർത്തികാട്ടി വികേന്ദ്രീകരണത്തിലൂടെ ഒരു 'വലിയ' ന്യൂനപക്ഷത്തെ സൃഷ്ടിക്കുക എന്ന ബ്രാഹ്മണിക് അധികാരത്തിന്റെ അജണ്ടയിൽ എതിർപ്പുകൾ ഉപയോഗ സജ്ജമായ ഒരു രാഷ്ട്രീയ ഉപകരണം മാത്രമാണ്. അതുകൊണ്ട് എതിര്‍പ്പുകള്‍ക്ക് ആഴവും സമഗ്രതയുമുള്ള ഒരു സാംസ്കാരിക ഉള്ളടക്കം ഉണ്ടാക്കുക, അതിന്റെ പ്രചാരണത്തിലൂടെ പ്രതിഹെജമണിയെ ഹെജമണിയായി ഉയർത്തുക എന്നതൊക്കെ ഈ സമരത്തിൽ 'മനുഷ്യ'പക്ഷത്തുനിൽക്കുന്നവരുടെ മാത്രം തലവേദനയാണ്. കാരണം അമാനവപക്ഷം സംഘപരിവാര്‍ യുക്തികളുടെ തന്നെ ഒരു പരോക്ഷ നിര്‍മിതിയാണ്. അതില്‍ നിന്ന് സഹായമല്ലാതെ ഭീഷണികള്‍ ഒന്നും ഉണ്ടാവില്ലെന്ന് സംഘത്തിനറിയാം. അതുകൊണ്ട് തന്നെയാണ് ഹൈദരാബാദ് മുതല്‍ ജെ.എന്‍.യു വരെ എത്തിനില്ക്കുന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങളില്‍ നിന്ന് ഉരുത്തിരിയുന്ന പുതിയ സഖ്യങ്ങള്‍ അവര്‍ ഇരുപക്ഷത്തിനും പ്രശ്നമാകുന്നത്. ആ സഖ്യത്തെ ബലപ്പെടുത്തുകയും, അതിന്റേതായ ഒരു സാംസ്കാരിക ഹെജമണി നിര്‍മ്മിച്ചെടുക്കുകയും ചെയ്യുന്നതുവരെ ഒരാഘോഷത്തിനും ഉള്ള ഇടവേള നമുക്കില്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ചുരുക്കി പറഞ്ഞാൽ കനയ്യ എന്ന ചെറുപ്പക്കാരനെ ചുവന്ന നക്ഷത്രം തൊട്ട് ചെഗുവേര വരെ ആക്കുന്ന വാക്കുകളുടെ പൂരത്തിനിടയില്‍ ബാക്കിയുള്ള വേല മറക്കരുത് എന്ന് മാത്രം.