ദുരാചാരഗുണ്ടായിസം

പാട്രിയാര്‍ക്കിയുടെ മറ്റൊരിര കൂടി. മങ്കടയില്‍ നടന്ന സദാചാര കൊലപാതകത്തെ അങ്ങനെവേണം വിശേഷിപ്പിക്കാന്‍. കേരളത്തില്‍ പൊതുവിലുള്ള പുരുഷമേധാവിത്തപൊതുബോധത്തിന്‍റെ ഉല്പന്നമാണ് ഓരോ സദാചാരപ്പോലീസിംഗും. അതിനു വെള്ളവും വളവും നല്‍കി വളര്‍ത്തുന്നത് മതങ്ങളും.

മോറല്‍ പോലീസിങ്ങിനെപ്പറ്റി ചര്‍ച്ച ചെയ്യണമെങ്കില്‍ പോലും ഇതിനെ രണ്ടിനെയും അഭിമുഖീകരിച്ചേ തീരൂ. പുരുഷമേധാവിത്വത്തിലധിഷ്ഠിതമായ പൊതുബോധവും മതങ്ങള്‍ അനുശാസിക്കുന്ന സദാചാരവും വ്യത്യസ്തമായ രണ്ടു കാര്യങ്ങളല്ല. അവ അത്രകണ്ടു കൂടിക്കുഴഞ്ഞു കിടക്കുകയാണ്. എന്തിനു വേണ്ടി ഈ പുരുഷമേധാവിത്വം സൃഷ്ടിക്കപ്പെട്ടു എന്ന ചോദ്യത്തിനൊറ്റ ഉത്തരമേയുള്ളൂ. മതങ്ങള്‍ വളരാനും പുഷ്ടിപ്പെടാനുമുള്ള സ്പേസുണ്ടാകുന്നത് 'അവര്‍ കല്‍പിച്ച രീതിയിലുള്ള' കുടുംബവ്യവസ്ഥ നിലനില്‍ക്കുന്നതു കൊണ്ടു മാത്രമാണ്. സ്ത്രീകളുടെ സ്വാതന്ത്ര്യം തടഞ്ഞുകൊണ്ടു മാത്രമേ ഈ വ്യവസ്ഥിതി നിലനിൽക്കുകയുള്ളൂ.

ഉത്തരേന്ത്യയില്‍ നടക്കുന്ന ദുരഭിമാനക്കൊലകളും കേരളത്തിലെ സദാചാരപ്പോലീസിങ്ങിലുമെല്ലാം സ്ത്രീയുടെ തെരഞ്ഞെടുക്കാനുള്ള അവകാശത്തിന് തടയിടുക എന്നത് ലക്ഷ്യമാക്കിയാണ്. സ്ത്രീക്ക് തെരഞ്ഞെടുകാനുള്ള സ്വാതന്ത്ര്യം ഉണ്ടാവുന്ന കാലത്തെ നേരിടാനുള്ള ആത്മവിശ്വാസം ഇല്ലാത്ത പുരുഷന്‍മാരാണ് മിക്കപ്പോഴും സദാചാരപ്പോലീസാവുന്നതെന്ന് നിരീക്ഷിച്ചാല്‍ നമുക്ക് മനസ്സിലാവും.

എല്ലാ മതങ്ങളിലും പ്രത്യക്ഷമായും പരോക്ഷമായും പുരുഷനാണ് മധ്യം എന്നും അതിനു ചുറ്റും കറങ്ങുന്ന ഗ്രഹങ്ങളാണ് കുടുംബത്തിലെ മറ്റുള്ളവര്‍ എന്ന നിലയ്ക്കുമാണ് പറഞ്ഞു വെച്ചിട്ടുള്ളത്. ചില മത ഗ്രന്ഥങ്ങളിലെങ്കിലും ലൈംഗികത പാപമാണ്. മതഗ്രന്ഥങ്ങളിലും കഥകളിലും 'വ്യഭിചാരിണി'യുണ്ട്. വ്യഭിചാരിയായ പുരുഷനില്ല. പുരുഷന്‍റെ ലൈംഗികതാത്പര്യങ്ങളെ 'സംരക്ഷിക്കാ'നുള്ള പല വഴികളും പറഞ്ഞു കൊടുക്കുന്ന മതഗ്രന്ഥങ്ങളില്‍ സ്ത്രീയുടെ ലൈംഗികത പാപമായും പശ്ചാത്തപിക്കേണ്ട ഒന്നായും കാണുന്നു.

അന്യന്‍റെ മുതല്‍ ആഗ്രഹിക്കരുതെന്നും അന്യന്‍റെ ഭാര്യയെ ആഗ്രഹിക്കരുതെന്നും മതം പറയുന്നു. പുരുഷന്‍റെ കാമപൂര്‍ത്തീകരണത്തിനു വേണ്ടി വീണ്ടും വീണ്ടും വിവാഹം കഴിക്കാമെന്നു മതം പറയുന്നു. 'അന്യന്‍റെ ഭാര്യ' എന്നത് അവന് എല്ലാ അധികാരങ്ങളോടെയും പെരുമാറാന്‍ പറ്റുന്ന ഒരു വസ്തുവല്ല മറിച്ച് 'അവനെ' പോലെ തന്നെ മജ്ജയും മാംസവും ഉള്ള മനുഷ്യനാണെന്നോര്‍ക്കാതെ നൂറ്റാണ്ടുകള്‍ക്കു മുന്‍പെഴുതി വച്ചത് തൊണ്ട തൊടാതെ വിഴുങ്ങുന്ന പൊതുബോധം. വീട്, വസ്തു എന്നിങ്ങനെ 'അവന്‍റെ' സ്വത്തുവിവരപ്പട്ടികയിലിരിക്കണം പെണ്ണും. അവനാണതിന്‍റെ ഉടമ.

അവന്‍ എന്നു പറയുമ്പോൾ അച്ഛനോ, ഭര്‍ത്താവോ ആങ്ങളമാരോ മാത്രമല്ല, അയല്‍വാസിയോ നാട്ടുകാരനോ വഴിപോക്കനോ മറ്റൊരു ബലാല്‍സംഗക്കേസിലെ പ്രതിയോ അങ്ങനെ 'ആണുങ്ങള്‍' ആരുമാവാം. കാരണം ഇന്നാട്ടിലെ ഓരോ സ്ത്രീയും മൊത്തം പൊതുസമൂഹത്തിന്‍റെയും (പുരുഷസമൂഹത്തിന്‍റെ) സ്വത്താണ്. അവനു മാത്രം 'കൈകാര്യം' ചെയ്യാനവകാശമുള്ള സ്വത്ത്. ആ സ്വത്ത് അവനുപയോഗിക്കാന്‍ കഴിയാതെയിരിക്കുകയും അത് മറ്റുള്ളവര്‍ ഉപയോഗിക്കുന്നത് കാണുകയും ചെയ്യുമ്പോൾ അടക്കിവെച്ചിരിക്കുന്ന കൊതിക്കെറുവുകള്‍, തഞ്ചത്തില്‍ കിട്ടിയാല്‍ ഒരു മനുഷ്യനെ തല്ലിക്കൊല്ലാന്‍ വരെ കാരണമാകുന്നു. കൊതിക്കെറുവുകള്‍ എന്നു പറയാന്‍ കാരണമുണ്ട്. സ്ത്രീയുടെ തെരഞ്ഞെടുപ്പിനെ ഭയപ്പെടുന്ന പുരുഷനാണ് സദാചാരസംരക്ഷകനാവുന്നത്. ഇന്നത്തെ രീതിയിലുള്ള കപടസദാചാരബോധം സ്ത്രീക്ക് തെരഞ്ഞെടുപ്പിനുള്ള അവകാശങ്ങളെ പാടേ നിഷേധിക്കുന്നവയാണ്. ഉത്തരേന്ത്യയില്‍ നടക്കുന്ന ദുരഭിമാനക്കൊലകളും കേരളത്തിലെ സദാചാരപ്പോലീസിങ്ങിലുമെല്ലാം സ്ത്രീയുടെ തെരഞ്ഞെടുക്കാനുള്ള അവകാശത്തിന് തടയിടുക എന്നത് ലക്ഷ്യമാക്കിയാണ്. സ്ത്രീക്ക് തെരഞ്ഞെടുകാനുള്ള സ്വാതന്ത്ര്യം ഉണ്ടാവുന്ന കാലത്തെ നേരിടാനുള്ള ആത്മവിശ്വാസം ഇല്ലാത്ത പുരുഷന്‍മാരാണ് മിക്കപ്പോഴും സദാചാരപ്പോലീസാവുന്നതെന്ന് നിരീക്ഷിച്ചാല്‍ നമുക്ക് മനസ്സിലാവും.

മലയാളിയുടെ 'സദാചാര'ബോധത്തിന് അയല്‍വാസിയായ ആ ഭര്‍ത്താവിനോടുള്ള സ്നേഹവുമായോ കരുതലുമായോ മറ്റൊന്നുമായോ ബന്ധമില്ല. മലയാളിയുടെ സദാചാരബോധം 'സ്ത്രീയുടെ ലൈംഗികത' എന്ന ബിന്ദുവില്‍ നിന്നു തിരിയുന്ന പമ്പരമാണ്.

ആയിരം വട്ടം പറഞ്ഞു പഴകിയതാണെങ്കിലും വീണ്ടും പറയുന്നു. സ്ത്രീയോടുള്ള കാഴ്ചപ്പാടുമാറാതെ ഈ ചീഞ്ഞളിഞ്ഞ സദാചാരബോധം മാറില്ല. കതിരിലല്ല വളം വയ്ക്കേണ്ടത്. വ്യക്തിസ്വാതന്ത്ര്യം, ലൈംഗികത, സ്ത്രീപുരുഷബന്ധങ്ങള്‍ എന്നിവയേപ്പറ്റിയുള്ള അതിപ്രാചീനകാലത്തുദയം ചെയ്ത ധാരണകളൊക്കെ ഉടച്ചു വാര്‍ക്കാൻ നിലവിലെ വ്യവസ്ഥിതിയോട് നമുക്ക് നിരന്തരം കലഹിച്ചുകൊണ്ടേയിരിക്കാം. അല്ലാതെ ഒരാളുടെ ജീവന്‍ പോകുമ്പോള്‍ മാത്രം ഉണരുകയും അനുശോചിക്കുകയും ചെയ്തിട്ടെന്തു കാര്യം.

മലയാളിയുടെ 'സദാചാര'ബോധത്തിന് (ആ വാക്ക് തന്നെ ഇവിടെ ഉപയോഗിക്കുന്നത് ശരിയല്ലെന്ന് തോന്നുന്നു) അയല്‍വാസിയായ ആ ഭര്‍ത്താവിനോടുള്ള സ്നേഹവുമായോ കരുതലുമായോ മറ്റൊന്നുമായോ ബന്ധമില്ല. മലയാളിയുടെ സദാചാരബോധം 'സ്ത്രീയുടെ ലൈംഗികത' എന്ന ബിന്ദുവില്‍ നിന്നു തിരിയുന്ന പമ്പരമാണ്.