സംസ്കരണമെന്ന സാംസ്കാരിക പ്രക്രിയയിലെവിടെ കാക്കി നിക്കറും കുറുവടിയും?

ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഫെയ്സ് ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട വിവാദങ്ങൾ ആർഎസ്എസ് എന്ന ഒരു സംഘടനയുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ മുമ്പോട്ട് പോകുന്നത്. അനുബന്ധമായി അക്രമ രാഷ്ട്രീയം, ആയുധ ഉപയോഗം, അക്രമാസക്തി ഒക്കെ വന്ന് പോകുന്നുണ്ട് എന്ന് മാത്രം. പ്രശ്നം കേവലമായ സായുധവൽക്കരണത്തിലും, ആയോധന പരിശീലനത്തിലും, അക്രമത്തിലും, കൊലപാതകത്തിലും മാത്രമായി ചുരുങ്ങുന്ന ഒന്നാണോ? ആണെങ്കിൽ അവയെ ചെറുക്കാൻ വേണ്ടുവോളം നിയമങ്ങളും, ഭരണകൂട ഉപകരണങ്ങളും ഇപ്പോൾ തന്നെ ലഭ്യമാണ്. അവ ഫലപ്രദമായി നടപ്പിലാക്കിയാൽ പ്രശ്നങ്ങളും ഒപ്പം തീരാവുന്നവയുമാണ്. പക്ഷേ അല്ല എന്നാണ് അനുഭവം പഠിപ്പിക്കുന്നത്.

യാന്ത്രികമായ നിയമനിർമ്മാണ പ്രക്രിയയിലൂടെയോ, അവയുടെ അതിലും യാന്ത്രികമായ നടപ്പിലാക്കലിലൂടെയോ ഒരു ചലനാത്മക സമൂഹത്തിലെയും പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനാവില്ല എന്നത് ചരിത്രപരമായ ഒരു തിരിച്ചറിവാണ്. വേണ്ടത് പ്രശ്നത്തിന്റെ വേരറിയുന്ന പരിഹാര നിർദ്ദേശങ്ങളാണ്. ആർ എസ് എസ് എന്ന സംഘടനയാണ് പ്രശ്നം എന്നത് തെറ്റായ ഒരു വിലയിരുത്തലാണ്. അവർ യഥാർത്ഥത്തിൽ നിലനിൽക്കുന്ന ഒരു പ്രശ്നത്തെ രാഷ്ട്രീയമായും, സാമൂഹ്യമായും, സാംസ്കാരികമായും ചൂഷണം ചെയ്തുകൊണ്ട് അതിന്റെ ഗുണഭോക്താക്കളായി വർത്തിക്കുന്നവർ മാത്രമാണ്. അതുകൊണ്ട് തന്നെ അവരിലേയ്ക്ക് ചുരുങ്ങുന്ന പരിഹാരക്രിയകൾക്ക് പ്രശ്നത്തെ പരിഹരിക്കുന്നത് പോയിട്ട് അതിലേയ്ക്ക് എത്തിച്ചേരുവാൻ പോലും കഴിയില്ല.

ക്ഷേത്രങ്ങൾ ആയുധപ്പുരകളാകുന്നു എന്നതും ക്ഷേത്രപരിസരം ആയോധന കളരിയായി മാറുന്നു എന്നതും വിശ്വാസികളിൽ തന്നെയുള്ള ഒരു വിഭാഗത്തിന്റെ പരാതിയും ആശങ്കയും ഒക്കെയാണ്. എന്നാൽ ഇത് നേരിട്ട് ചെയ്യുന്നതും, പരോക്ഷമായി പിന്തുണയ്ക്കുന്നതും ഇതേ വിശ്വാസികളിൽ പെടുന്ന മറ്റൊരു വിഭാഗമാണ്. അതുകൊണ്ട് തന്നെ അവരിൽ ഒരു വിഭാഗത്തെ ധനാത്മകവും, യഥാർത്ഥവും എന്നും മറുവിഭാഗത്തെ ഋണാത്മകവും, അയഥാർത്ഥവും എന്നും കേവലമായി വർഗ്ഗീകരിച്ചുകൊണ്ടുള്ള രേഖീയമായ പോംവഴികൾ നിലനിൽക്കുന്നവയല്ല. അതിന് അല്പം കൂടി ആഴമുള്ള ഒരു സമീപനം വേണ്ടിയിരിക്കുന്നു. അതിന് ആദ്യം എന്താണീ സംഘപരിവാർ, എന്താണ് അവരുടെ സാംസ്കാരിക, സാമൂഹ്യ, രാഷ്ട്രീയ സാന്നിദ്ധ്യം ഹിന്ദു പൊതുസമൂഹത്തിനോട് ചെയ്യുന്നത് തുടങ്ങിയ അടിസ്ഥാന പ്രശ്നങ്ങളെ കുറച്ച് കൂടി ആഴത്തിൽ മനസിലാക്കേണ്ടതുണ്ട് എന്ന് തോന്നുന്നു.

ആരാണ്, എന്താണീ സംഘി?

സംഘി എന്നത് നിലവിൽ വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ടെങ്കിലും വലിയ പഴക്കവും പാരമ്പര്യവും ഒന്നുമില്ലാത്ത ഒരു പദമാണ്. അതിന്റെ ഉറവിടം വ്യക്തമാക്കുന്ന ഗവേഷണ രേഖകളൊന്നും ലഭ്യമല്ലെങ്കിലും ആ വാക്ക് പ്രചാരം നേടിയത് സൈബർ ലോകത്തിലൂടെയാണ്. ആ നിലയ്ക്ക് അത് നവമാദ്ധ്യമങ്ങളുടെ സംഭാവനയുമാണ്. സംഘപരിവാർ മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക ദർശനങ്ങളോട് പ്രത്യക്ഷമോ, പരോക്ഷമോ ആയ ആഭിമുഖ്യം പുലർത്തുന്ന എല്ലാവരെയും ദ്യോതിപ്പിക്കുന്ന ഒരു പദം എന്ന നിലയ്ക്കാണ് അത് പ്രചരിച്ച് വന്നത്. കാലഗത്യാ അതിന്റെ അർത്ഥ വ്യാപ്തി കൂടുതൽ വികസിതമാവുകയായിരുന്നു.

സംഘിത്തം എന്നത് ഏതെങ്കിലും ഒരു പ്രത്യേക ജാതി, മത, വർഗ്ഗ, വംശ, വർണ്ണ, ലിംഗ വിഭാഗത്തെ സൂചിപ്പിക്കുന്ന ഒരു പദമല്ല; അത് ഏതെങ്കിലും വിധത്തിലുള്ള പ്രത്യയശാസ്ത്ര ആഭിമുഖ്യത്തെ ദ്യോതിപ്പിക്കുന്ന ഒന്ന് പോലുമല്ല, മറിച്ച് ഒരു‘മനോനില’യായാണ് ഇന്ന് മനസിലാക്കപ്പെടുന്നത്. അതായത് പ്രായോഗികമല്ലാത്തവണ്ണം അന്തിമമായ ഏകമത, ഏകസംസ്കാര ബോധങ്ങളിൽ കെട്ടിക്കിടക്കുന്ന ഏത് മനുഷ്യനും വിശാലാർത്ഥത്തിൽ സംഘി എന്ന വിശേഷണം ചേരും. അതുകൊണ്ടാണ് പ്രവർത്തി തലത്തിൽ സംഘിത്തം ഏതെങ്കിലും ഒരു മതത്തിലോ, സംഘടനയിലോ, ദേശത്തിലോ, വംശത്തിലോ ഒതുങ്ങാത്ത ഒരു കല്പനയാകുന്നത്.

സംഘിത്തം എന്നത് ഏതെങ്കിലും ഒരു പ്രത്യേക ജാതി, മത, വർഗ്ഗ, വംശ, വർണ്ണ, ലിംഗ വിഭാഗത്തെ സൂചിപ്പിക്കുന്ന ഒരു പദമല്ല; അത് ഏതെങ്കിലും വിധത്തിലുള്ള പ്രത്യയശാസ്ത്ര ആഭിമുഖ്യത്തെ ദ്യോതിപ്പിക്കുന്ന ഒന്ന് പോലുമല്ല, മറിച്ച് ഒരു‘മനോനില’യായാണ് ഇന്ന് മനസിലാക്കപ്പെടുന്നത്. അതായത് പ്രായോഗികമല്ലാത്തവണ്ണം അന്തിമമായ ഏകമത, ഏകസംസ്കാര ബോധങ്ങളിൽ കെട്ടിക്കിടക്കുന്ന ഏത് മനുഷ്യനും വിശാലാർത്ഥത്തിൽ സംഘി എന്ന വിശേഷണം ചേരും. അതുകൊണ്ടാണ് പ്രവർത്തി തലത്തിൽ സംഘിത്തം ഏതെങ്കിലും ഒരു മതത്തിലോ, സംഘടനയിലോ, ദേശത്തിലോ, വംശത്തിലോ ഒതുങ്ങാത്ത ഒരു കല്പനയാകുന്നത്.

ബഹുസ്വരതയെ അംഗീകരിക്കാനാവാത്ത, തങ്ങൾക്ക് സ്വാംശീകരിക്കാനാവാത്ത എല്ലാറ്റിനെയും അപരവൽക്കരിക്കുന്ന, അതിനോടുള്ള അസഹിഷ്ണുതയിൽ സ്വന്തം സ്വത്വത്തെ നിർവചിച്ച് ഉറപ്പിക്കുന്ന ഒരുതരം പ്രാകൃത ഗോത്ര മനോനിലയാണ് സംഘിത്തം. ആ നിലയ്ക്ക് കേരളീയ രാഷ്ട്രീയ, സാംസ്കാരിക മണ്ഠലങ്ങളിൽ നാം ഉപയോഗിക്കുന്ന ആണ്ടി, കമ്മി, സുടാപ്പി വർഗ്ഗീകരണങ്ങളൊന്നും പ്രയോഗതലത്തിൽ നിലനിൽക്കുന്നവയല്ല. അവിടെ ആകെ സാദ്ധ്യമായുള്ളത് സംഘികളും, സംഘിയല്ലാത്തവരും എന്ന ഒറ്റ വിച്ഛേദം മാത്രമാണ്.

അപ്പോൾ എല്ലാം കണക്കാണല്ലേ!

ഈ പറഞ്ഞുവന്നതിൽ വലിയ ഒരു അപകടം പതിയിരിപ്പുണ്ട് എന്ന് കാണാതെയല്ല മേൽ പറഞ്ഞ പ്രസ്താവന നടത്തിയത്. ആകെയുള്ളത് സംഘികളും സംഘിയല്ലാത്തവരും മാത്രമാണ് എന്നതിനർത്ഥം എല്ലാ സാംസ്കാരിക, രാഷ്ട്രീയ, സാമൂഹ്യ സ്ഥാപനങ്ങളും സംഘപരിവാർ ദർശനങ്ങളാൽ പ്രചോദിതമാണെന്നല്ല. ‘വ്യക്തി തലത്തിൽ’ എന്നത് പ്രത്യേകം ശ്രദ്ധിക്കുക. കോൺഗ്രസ്സും, കമ്യൂണിസ്റ്റും, ബീ ജെ പിയും ഉൾപ്പെടെ സകല രാഷ്ട്രീയ സംഘടനകളും ഒന്നാണ് എന്ന പതിവ് അരാഷ്ട്രീയ സാമാന്യവൽക്കരണമല്ല അത്. ഇവിടെ ഊന്നൽ രാഷ്ട്രീയ പ്രത്യയ ശാസ്ത്രങ്ങൾക്കുപരി സാധാരണ മനുഷ്യന്റെ വ്യക്തിത്വ രൂപീകരണത്തിൽ ഇന്നും മേൽകൈ ഉള്ള ഫ്യൂഡൽ ഗോത്ര സാംസ്കാരികതയിലാണ്. ആധുനിക പൂർവ്വമായി തുടരുന്ന ഈ ഫ്യൂഡൽ ഗോത്ര സാംസ്കാരികതയിലാണ് സംഘിത്തം കെട്ടിപ്പടുക്കപ്പെട്ടിട്ടുള്ളത്. ധൈഷണിക വിരുദ്ധവും, എല്ലാ തരം മാറ്റങ്ങളൊടും വിമുഖവുമായ ഒരു തരം യാഥാസ്ഥിതിക സ്വാസ്ഥ്യത്തിലാണ് അതിന്റെ അടിത്തറ.

സാംസ്കാരികവും, മതപരവും, രാഷ്ട്രീയവുമായ ശുദ്ധതാ വാദങ്ങൾ ഒക്കെയും ഇതിന്മേൽ അവർ ചാർത്തുന്ന അലങ്കാര പണികളാണ്. എല്ലാം പുസ്തകത്തിലുണ്ട്, സംസ്കാരത്തിലുണ്ട്, ആകെ വേണ്ടത് അവയിൽ കലർപ്പുകൾ ഉണ്ടാകാതെ നോക്കാൻ പോന്ന കോട്ട കൊത്തളങ്ങളും, കിടങ്ങുകളുമാണെന്ന, ഇതരങ്ങളായ എല്ലാറ്റിലേയ്ക്കും വ്യാപിച്ച് കിടക്കുന്ന ഭീതിയും അരക്ഷിതത്വ ബോധവുമാണ് ആ സ്വത്വത്തെ നിർവചിക്കുന്നത്. ഇനിയും ആധുനികമാകാത്ത, ഇനിയും ഫ്യൂഡലിസം കടന്ന് മുതലാളിത്തത്തിലേയ്ക്ക് കടന്നിട്ടില്ലാത്ത ഒരു അർദ്ധ ഫ്യൂഡൽ മുതലാളിത്തത്തിൽ ഒരു വ്യക്തിയും തങ്ങളുടെ ജാഗ്രത്തായ വ്യക്തിഗത സംസ്കാരിക പ്രതിരോധത്തിലൂടെയല്ലാതെ ജന്മ സിദ്ധമായ ഗോത്രീയതയിൽ നിന്ന് മോചനം പ്രാപിക്കുന്നില്ല എന്നതാണ് വസ്തുത.

സംഘിത്തം എന്നത് പ്രത്യക്ഷമായ രാഷ്ട്രീയ സാംസ്കാരിക പ്രവർത്തനങ്ങളിലൂടെ ആരെങ്കിലും ഉണ്ടാക്കിയെടുത്ത ഒന്നല്ല. അത് തുടർച്ചകളില്ലാതെ കെട്ടിക്കിടന്ന ഭാരതീയ ആധുനികതയ്ക്കും, നവോത്ഥാനത്തിനും ചെന്നെത്താതെ നിവർത്തിയില്ലായിരുന്ന റിവൈവലിസത്തിന്റെ, പുനരുദ്ധാരണ വാദത്തിന്റെ സ്വാഭാവിക സൃഷ്ടിയായിരുന്നു. അതിനെ ഉപയോഗിക്കുകയായിരുന്നു, സൃഷ്ടിക്കുകയായിരുന്നില്ല സംഘപരിവാർ.

അതുകൊണ്ടാണ് കോൺഗ്രസ്സിലും, കേരളാ കോൺഗ്രസ്സിലും, മുസ്ലിം ലീഗിലും, വിവിധ കമ്യൂണിസ്റ്റ് പാർട്ടികളിലും, എന്തിന് ബീ ജെ പിയിൽ പോലും സംഘികളും അല്ലാത്തവരും എന്ന രണ്ട് വകഭേദമേ ഉള്ളൂ എന്ന സാമാന്യവൽക്കരണം സംഗതമാകുന്നത്. ഇവിടെയും ഒരു സംശയം ഉയർന്നുവരാം. അത് ബീ ജെ പിയിൽ സംഘികൾ അല്ലാത്തവർ എങ്ങനെ ഉണ്ടാകും എന്നതാണ്. അതിനുത്തരം ബീ ജെ പി ആധുനിക പൂർവ്വ ഗോത്ര സംഘിത്ത താല്പര്യങ്ങളെയും, മുതലാളിത്തത്തിന്റെ കോർപ്പറേറ്റ് താല്പര്യങ്ങളെയും ദോലന സിദ്ധാന്തത്തിലൂടെ സമർത്ഥമായി സംയോജിപ്പിക്കുന്ന ഒരു മെറ്റാമോഡേൺ രാഷ്ട്രീയ സംഘടനയാണ് എന്നതിൽ കണ്ടെത്താം. അത്തരം ഒരു സംഘടനയിൽ സാക്ഷാൽ സനാതന സംഘികൾ എന്നപോലെ പത്തരമാറ്റ് കോർപ്പറേറ്റിസ്റ്റുകളും ഉണ്ടാകും.

അതായത് സംഘിത്തം എന്നത് പ്രത്യക്ഷമായ രാഷ്ട്രീയ സാംസ്കാരിക പ്രവർത്തനങ്ങളിലൂടെ ആരെങ്കിലും ഉണ്ടാക്കിയെടുത്ത ഒന്നല്ല. അത് തുടർച്ചകളില്ലാതെ കെട്ടിക്കിടന്ന ഭാരതീയ ആധുനികതയ്ക്കും, നവോത്ഥാനത്തിനും ചെന്നെത്താതെ നിവർത്തിയില്ലായിരുന്ന റിവൈവലിസത്തിന്റെ, പുനരുദ്ധാരണ വാദത്തിന്റെ സ്വാഭാവിക സൃഷ്ടിയായിരുന്നു. അതിനെ ഉപയോഗിക്കുകയായിരുന്നു, സൃഷ്ടിക്കുകയായിരുന്നില്ല സംഘപരിവാർ. അതായത് കാലം തെറ്റിയ ആധുനികതാ വിമർശനങ്ങളുടെതായ ഇന്ത്യൻ ഉത്തരാധുനികതയ്ക്കാണ് ആ ബഹുമതി കൂടുതൽ ചേരുക, സംഘപരിവാർ രാഷ്ട്രീയം മുഖ്യധാരയിലേയ്ക്ക് എത്തുകയും, അനുദിനം ശക്തിപ്രാപിക്കുകയും ചെയ്യാൻ തുടങ്ങിയതുമായ എൺപതുകളുടെ രണ്ടാം പകുതിയും തൊണ്ണുറുകളും ഒക്കെയാണ് നാം കേരളത്തിൽ ഉത്തരാധുനികം എന്ന് എണ്ണുന്നതും എന്നത് അത്ര യാദൃശ്ചികമല്ല എന്ന് ചുരുക്കം.

എങ്ങനെ നേരിടും?

എല്ലായിടത്തും വ്യത്യസ്ത അനുപാതങ്ങളിൽ എങ്കിലും വ്യാപിച്ചിരിക്കുന്ന ഈ മനോനില ജീവശാസ്ത്രപരമായി ഉല്പാദിപ്പിക്കപ്പെട്ട ഒരു ജൈവാവസ്ഥയല്ല എന്നതാണ് ഇതിലെല്ലാം വിചിത്രം. അങ്ങനെ ആയിരുന്നുവെങ്കിൽ ആർക്കും അതിനെ അതിജീവിക്കാനാകുമായിരുന്നില്ലല്ലൊ. ലൈംഗിക അഭിരുചി പുസ്തകം വായിച്ച് മാറിയതായി കേട്ടിട്ടില്ല. പക്ഷേ പുരുഷനായി ജനിച്ച ഒരാൾ പേട്രിയാർക്കിയുടെ അഥവാ പുരുഷാധിപത്യത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടണമെങ്കിൽ വായനയും അല്ലാത്തതുമായ നിരവധി സാംസ്കാരിക പരിണാമോപാധികളിൽ ഏതെങ്കിലുമൊക്കെ ഉപയോഗിച്ചല്ലാതെ സാദ്ധ്യമല്ല. അതായത് ലിംഗപരമായി പുരുഷസ്വത്വം പേറി പിറന്ന ഏതൊരാൾക്കും, നിലനിൽക്കുന്ന സാമൂഹ്യ, സാംസ്കാരിക, രാഷ്ട്രീയ സാഹചര്യങ്ങളോട് വിമർശനാത്മകമായല്ലാതെ സഹവർത്തിച്ച് പോരുന്നിടത്തോളം ഒരു പേട്രിയാർക്കിക്ക് പന്നിയാവാതെ നിവർത്തിയില്ല എന്ന്. ഹിന്ദു സ്വത്വവുമായി ജനിക്കുന്ന ആർക്കും സംഘിയാകാതെ ജീവിക്കാൻ പറ്റില്ല, അല്ലെങ്കിൽ അവർ ആ വ്യവസ്ഥയുമായി വിമർശനാത്മക അകലം പാലിക്കാൻ സാംസ്കാരികമായി സജ്ജരാക്കപ്പെടണം എന്ന് പറയുന്നതും ഇതുകൊണ്ടാക്കെയാണ്.

എന്നാൽ അത്തരം ഒരു സാദ്ധ്യതയെ കൂടുതൽ വ്യാപകവും, സാമൂഹ്യവും ആക്കുമായിരുന്ന ആധുനികതയും, നവോത്ഥാനവും ചേർന്നുണ്ടാക്കിയ സാംസ്കാരിക ഹെജമണിയാണ് അകാലത്ത് ഇറക്കുമതി ചെയ്യപ്പെട്ട ഉത്തരാധുനികത തകർത്തത്; അതായത് ആധുനികത പുറത്തുനിന്ന് ഇറക്കുമതി ചെയ്യപ്പെട്ടതുകൊണ്ടാണ് അത് ഫലപ്രദമാകാതെ പോയത് എന്ന് വാദിക്കുന്ന ഉത്തരാധുനിക ബുദ്ധിജീവികൾ, ഇനിയും ആധുനികമാവാത്ത ഒരു സമൂഹത്തിൽ നടക്കുന്ന ആധുനികതാവൽക്കരണ പ്രക്രിയയെ വിമർശിക്കാൻ ഉപയോഗിച്ച യുക്തികളും ആ നിലയിൽ ഇറക്കുമതി തന്നെ ആയിരുന്നു. ദൗർഭാഗ്യവശാൽ അത്തരം ചർച്ചകളിൽ കുടുങ്ങി കിടക്കാനുള്ള സമയബന്ധിയായ ആഡംബര സാദ്ധ്യത ഇന്ന് നമുക്കില്ല. പ്രശ്നം ആധുനികതാ പൂർവ്വവും, ഗോത്രീയവുമായി തുടരുന്ന ഇന്ത്യൻ സ്വത്വബോധത്തിന്റെ ഉള്ളടരുകളെ അഭിസംബോധന ചെയ്യാതെ അതിൽ നിന്ന് ഉണ്ടാകുന്ന സംഘടനകളെയോ, അവയുടെ ശാഖകളെയോ പൂട്ടിയോ, നിരോധിച്ചോ ഇല്ലാതാക്കാവുന്ന ഒന്നാണോ സംഘിത്തം എന്നതാണ്. ന്യൂനപക്ഷ സംഘിത്തത്തെ ഒരുപക്ഷേ അങ്ങനെ അമർച്ച ചെയ്യാനായേക്കും, പക്ഷേ ഭൂരിപക്ഷ സംഘിത്തം?

എന്താണീ ഭൂരിപക്ഷ സംഘിത്തം?

അടിസ്ഥാനപരമായി ഇതരങ്ങളെയൊക്കെയും അപരങ്ങളായി കാണുകയും അനുഭവപരിസരത്തില്ലാത്തതിനാൽ അവയോട് സംവാദവിമുഖമായ ഭീതി കലർന്ന ഒരുതരം ശത്രുത പുലർത്തുകയും ചെയ്യുന്ന ആർക്കും അവകാശപ്പെടാവുന്ന ഒരു വിശേഷണമാണ് സംഘി എന്ന് മുമ്പേ പറഞ്ഞിരുന്നുവല്ലോ. ഇവിടെയാണ് സംഘിത്തം എന്നത് ആർ എസ്സ് എസ്സ്, ബീ ജേ പി തുടങ്ങിയ സംഘടനകളാൽ മാത്രം പ്രതിനിധാനം ചെയ്യപ്പെടുന്ന ഒന്നല്ല എന്ന തിരിച്ചറിവ് നിർണ്ണായകമാകുന്നത്. ആ നിലയ്ക്കാണ് ഭൂരിപക്ഷ സംഘിത്തവും, ന്യൂനപക്ഷ സംഘിത്തവും എന്ന വിച്ഛേദം പോലും സാദ്ധ്യമാകുന്നതും.

മതരാഷ്ട്രവാദം, സാംസ്കാരിക ദേശീയത തുടങ്ങിയ ആശയങ്ങൾ ഒക്കെയും തങ്ങൾക്ക് അനുയോജ്യമായി അവർ തിരഞ്ഞെടുക്കുന്ന ഏതെങ്കിലും ഏകകത്തെ അന്തിമമായി കാണുകയും അതിന്റെ അടിസ്ഥാനത്തിൽ അധികാരത്തെ സാധൂകരിക്കുകയും ചെയ്യുന്ന അധികാര നിയന്ത്രിത സ്ഥാപനങ്ങളാണ്. ഡെമോഗ്രഫിക് അഥവാ ജനസംഘ്യാപരമായ സവിശേഷതകളെ ഉയർത്തി കാട്ടി ചില പ്രത്യേക സ്ഥല, കാലങ്ങളിൽ തങ്ങളുടെ പ്രത്യയശാസ്ത്രപരമായ ജനാധിപത്യ വിരുദ്ധതയെ ചെറുത്ത്നിൽപ്പ് തന്ത്രമായൊക്കെ വ്യാഖ്യാനിക്കുമെങ്കിലും അവർ അന്തിമമായി നിശ്ചയിക്കുന്ന എന്തിനോടും വിമർശനാത്മക സംവാദത്തിന് തുനിയുന്നവരെ ‘ദ്രോഹി‘കളായി കാണുന്നു; രാജ്യദ്രോഹിയാലും, മതദ്രോഹിയായാലും, വംശ, വർഗ്ഗ, വർണ്ണ, പ്രത്യയശാസ്ത്ര ദ്രോഹികളായാലും. ചരിത്രപരമായ ഒരു തനത് ഘട്ടത്തിൽ അതിന്റേതായ പ്രത്യേക രാഷ്ട്രീയ, സാംസ്കാരിക, സാമൂഹ്യ പരിസ്ഥിതികൾ സ്ഥലബന്ധിയായി നിർവചിച്ച ആധുനിക ദേശപരിധിയിൽ ഒതുങ്ങുന്നതല്ല മേൽ പറഞ്ഞ സ്ഥാപനങ്ങളുടെ അജണ്ടകൾ. ആ നിലയ്ക്ക് ഒരു ദേശപരിധിയിൽ ന്യൂനപക്ഷമാകുന്നതോ, മറ്റൊരു ദേശപരിധിയിൽ ഭൂരിപക്ഷമാകുന്നതോ ഒരു സാർവ്വലൗകിക, സാർവ്വജനീന ആദർശ സങ്കല്പത്തിനും, അതിനെ മറയാക്കുന്ന അധികാര അജണ്ടയ്ക്കും സാധൂകരണവുമാകുന്നില്ല.

ധൈഷണിക വിരുദ്ധത മുഖമുദ്രയായി സൂക്ഷിക്കുന്ന യാഥാസ്ഥിതിക പ്രത്യയശാസ്ത്രങ്ങളുടെ വ്യാപനത്തെ ചെറുക്കുക അത് പ്രതിപക്ഷത്താക്കിയ ധൈഷണികരെ കൂടെനിർത്തി മാത്രമേ സാദ്ധ്യമാകൂ. അതിന് ശ്രമിക്കുക എന്ന ചരിത്രപരമായ ദൗത്യം ഏറ്റെടുക്കുന്നവർ ആദ്യം സംഘി ഗോത്രീയത വഴി ഒരുപരിധിവരെ തങ്ങളിലേയ്ക്കും സംഘടനാതലത്തിൽ പകർന്നുകിട്ടിയിരിക്കുന്ന ഡോഗ്മാറ്റിസത്തെ വിമർശനാത്മകമായി സമീപിക്കാൻ തയ്യാറാകണം. അതിന് ആവശ്യമായ, അതായത് ചരിത്രപരമായ ഭൗതീകവാദത്തെ മനസിലാക്കാൻ പോന്നത്ര സംഘടനാപരവും, പ്രത്യയശാസ്ത്രബന്ധിയുമായ ധൈഷണിക സാമീപ്യം ഇന്ത്യയിലെ ഏതെങ്കിലും ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനുണ്ടെങ്കിൽ അത് കമ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾ ചേരുന്ന ഇടത് രാഷ്ട്രീയത്തിനാണ്.

ആ നിലയ്ക്കാണ് നിലവിലുള്ള ദേശ സങ്കല്പങ്ങൾക്ക് അപ്പുറത്തേക്ക് നാസി എന്നത് പോലെ സംഘി എന്നതും ഒരു ചരിത്രപരമായ രൂപകമായി തീരുന്നത്. ആ നിലയ്ക്കാണ് ഇന്ത്യ ഉൾപ്പെടെയുള്ള ഏത് യാന്ത്രിക ദേശനിർമ്മിതിയുടെ പരിധിയിലും ഭൂരിപക്ഷ, ന്യൂനപക്ഷ സംഘിത്തങ്ങൾ സാദ്ധ്യമാകുന്നതും അവ പരസ്പര പൂരകങ്ങളാകുന്നതും. എന്നാൽ ഇതിനർത്ഥം ഭൂരിപക്ഷ സംഘിത്തം സ്ഥാപിക്കാൻ കിണഞ്ഞ് പരിശ്രമിക്കുന്നത് പോലെ ന്യൂനപക്ഷത്തിന്റ സംഘടിതമായ ചെറുത്ത്നിൽപ്പ് ശ്രമങ്ങൾ ഒക്കെയും ഭൂരിപക്ഷത്തിനെതിരായ ഗൊറില്ലാ സമരമുറയാണ് എന്നതുമല്ല.

ഭൂരിപക്ഷ സംഘിത്തം എന്നത് തങ്ങളുടെ താല്പര്യങ്ങളെ സംഖ്യ ഉപയോഗിച്ച് സാധൂകരിക്കുകയും, സ്വാഭാവികവൽക്കരിക്കുകയും ചെയ്യുന്ന, അതിലൂടെ മതേതരത്വത്തെ തന്നെ പരോക്ഷമായി മതവൽക്കരിച്ചുകൊണ്ട് ജനാധിപത്യത്തെ അട്ടിമറിക്കാൻ പോന്നതുമായ ഒരു ഫാസിസ്റ്റ് സ്ഥാപനമാണ്. അതുകൊണ്ട് നിലനിൽക്കുന്ന ദേശപരിമിതിയ്ക്കുള്ളിൽ ഭൂരിപക്ഷ വർഗ്ഗീയതയെ ന്യൂനപക്ഷ സ്വത്വാശങ്കകളിൽ നിന്ന് വേറിട്ട് തന്നെ കാണേണ്ടതുണ്ട്. എന്നാൽ ഒപ്പം ന്യൂനപക്ഷ മതത്തിലെയും, ഭൂരിപക്ഷമതത്തിലെയും സാധാരണക്കാരായ വിശ്വാസി സമൂഹത്തിന്റെ ആർജ്ജിത മതേതരത്വത്തിന് ഭീഷണിയാകുംവിധം പരസ്പര പൂരകമാകുന്ന ഭൂരിപക്ഷ, ന്യൂനപക്ഷ സംഘിത്തങ്ങൾ തമ്മിലുള്ള ‘വിപരീത ഭാവേനെ’ ഉള്ള സഹവർത്തിത്തത്തെ ജാഗ്രതയോടെ നേരിടേണ്ടതും ഉണ്ട്. അതായത് ആർ എസ്സ് എസ്സ് ഒരു സംഘി സംഘടനയാണെങ്കിലും അതിന്റെ കേവല അസ്തിത്വത്തിലല്ല സംഘിത്തത്തിന്റെ ഉറവിടം. അതുകൊണ്ട് തന്നെ അതിനെ നിരോധിച്ചാൽ ഇല്ലാതാകുന്ന ഒന്നുമല്ലത്. വേണ്ടത് അതിൽ നിന്നുമുള്ള സാംസ്കാരികവും, സാമൂഹ്യവും, രാഷ്ട്രീയവുമായ പരിണാമമാണ്.

അതിന് പോംവഴി ഇന്ത്യയിൽ ആകെ രണ്ട് സംസ്ഥാനങ്ങളിൽ മാത്രം വേരുകൾ ബാക്കിയുള്ള ഒരു പ്രസ്ഥാനം കണ്ടെത്തുന്നത് അതിന് അവിടങ്ങളിൽ അവശേഷിക്കുന്ന ഭരണപരവും, കായികവുമായ ശക്തി ഉപയോഗിച്ച്, ആ ഇടങ്ങളിൽ അതിനെ നേരിടുക എന്ന രീതിശാസ്ത്രം അവലംബിച്ചാണെങ്കിൽ അതാതിടങ്ങളിൽ പോലും അതെത്രത്തോളം വിജയിക്കുമെന്ന് സംശയമുണ്ട് താനും. കാലം ആവശ്യപ്പെടുന്നത് സമഗ്രമായ ഒരു സാംസ്കാരിക പരിണാമത്തിന് ചാലക ശക്തിയാകുവാൻ പുരോഗമന രാഷ്ട്രീയ സംഘടനകൾക്കെങ്കിലും കഴിയണം എന്നതാണ്.

ധൈഷണിക വിരുദ്ധത മുഖമുദ്രയായി സൂക്ഷിക്കുന്ന യാഥാസ്ഥിതിക പ്രത്യയശാസ്ത്രങ്ങളുടെ വ്യാപനത്തെ ചെറുക്കുക അത് പ്രതിപക്ഷത്താക്കിയ ധൈഷണികരെ കൂടെനിർത്തി മാത്രമേ സാദ്ധ്യമാകൂ. അതിന് ശ്രമിക്കുക എന്ന ചരിത്രപരമായ ദൗത്യം ഏറ്റെടുക്കുന്നവർ ആദ്യം സംഘി ഗോത്രീയത വഴി ഒരുപരിധിവരെ തങ്ങളിലേയ്ക്കും സംഘടനാതലത്തിൽ പകർന്നുകിട്ടിയിരിക്കുന്ന ഡോഗ്മാറ്റിസത്തെ വിമർശനാത്മകമായി സമീപിക്കാൻ തയ്യാറാകണം. അതിന് ആവശ്യമായ, അതായത് ചരിത്രപരമായ ഭൗതീകവാദത്തെ മനസിലാക്കാൻ പോന്നത്ര സംഘടനാപരവും, പ്രത്യയശാസ്ത്രബന്ധിയുമായ ധൈഷണിക സാമീപ്യം ഇന്ത്യയിലെ ഏതെങ്കിലും ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിനുണ്ടെങ്കിൽ അത് കമ്യൂണിസ്റ്റ്, സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾ ചേരുന്ന ഇടത് രാഷ്ട്രീയത്തിനാണ്. അങ്ങനെ ഒന്ന് നാമമാത്രമെന്ന് ആക്ഷേപിക്കപ്പെട്ടായാലും ഇവിടെ ഇനിയും ബാക്കിയുണ്ട് എന്നതാവട്ടെ പ്രതീക്ഷ നൽകുന്നതും.