സ്വാശ്രയകോളേജുകൾ: പ്രതിലോമതയുടെ വിളനിലങ്ങൾ

സ്വയംഭരണത്തിന്റെ അനിഷേധ്യ അധികാരം ഭാവിയിൽ രാജ്യത്തിന് മുതൽകൂട്ടാവാമായിരുന്ന ഒരു ജീവൻ കൂടി എടുത്തിരിക്കുന്നു. സ്വാഭാവികമായി അതിനെതിരെയുള്ള പ്രതിഷേധങ്ങളും ഉയർന്ന് തുടങ്ങി കഴിഞ്ഞു. എന്നാൽ ഈ പ്രതിഷേധമെല്ലാം പ്രസ്തുത കുറ്റം ചെയ്ത അധ്യാപകനിലേക്കോ മാനേജ്മെന്റിലേക്കോ വിരൽ ചൂണ്ടുക മാത്രമാണ് ചെയ്യുന്നത്. അങ്ങനെയൊരു പ്രതിഷേധം കാതലായ പ്രശ്നത്തെ മനസ്സിലാക്കാനോ സമൂലമായ ഒരു മാറ്റത്തിനുതകുന്ന നടപടികളിലേക്ക് നയിക്കാനോ സഹായിക്കില്ല എന്നതാണ് വാസ്തവം.

സ്വയംഭരണം എന്ന സങ്കല്പം തത്വത്തിൽ ആധുനിക വിദ്യാഭ്യാസത്തിൽ ഒരു പുരോഗമനാശയമാണ്. ലോകത്തിലെ ഒന്നാം തരം സർവകലാശാലകളായ എം. ഐ.ടിയും ഹാർവാർഡും സ്റ്റാൻഫോർഡും എല്ലാം സ്വയംഭരണ സ്ഥാപനങ്ങളാണ്. നമ്മുടെ അഭിമാനമായ ഐ.ഐ.ടികളും ഒരു പരിധി വരെ സ്വയം ഭരണ സ്ഥാപനങ്ങളാണ്. ഇതിന്റെ ഗുണമെന്താണെന്നാൽ അതിവേഗം മാറുന്ന ലോകത്തിനനുസരിച്ച് സ്വയം നവീകരിക്കാനും സർക്കാരിന്റെ ചുവപ്പുനാടയിൽ കുടുങ്ങാതെ പരിഷ്കാരങ്ങൾ അതിവേഗം നടപ്പിൽ വരുത്താനും കഴിയുമെന്നതാണ്. മിടുക്കരായ വിദ്യാർത്ഥികളെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യവും ഗവേഷണപടുക്കളായ അധ്യാപകരെ തിരഞ്ഞെടുക്കാനുള്ള സ്വാധികാരവും ഈ സ്ഥാപനങ്ങളെ ലോകത്തിന്റെ നെറുകയിൽ എത്തിച്ചു. ആഗോളവത്കരണം ഇന്ത്യയിലും ധാരാളം തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും നിലവിലുള്ള സർക്കാർ കോളേജുകളിൽ നിന്ന് പഠിച്ചിറങ്ങുന്ന വിദ്യാർത്ഥികൾ വർദ്ധിച്ചു വന്ന തൊഴിലവസരങ്ങളെ പൂരിപ്പിക്കാൻ മതിയാകാതെ വരുകയും ചെയ്ത അവസ്ഥ ഇന്ത്യയിൽ സ്വാശ്രയ സ്ഥാപനങ്ങൾക്ക് വലിയ വളർച്ചാ സാധ്യത നൽകി. എന്നാൽ വിദ്യാഭ്യാസം ലക്ഷ്യം വെച്ച ഉയർന്ന തൊഴിൽ വൈദഗ്ദ്ധ്യമോ ലോകോത്തരമായ ഗവേഷണ നേട്ടങ്ങളോ ആഗോളവത്കരാനന്തര സ്വാശ്രയ വിദ്യാഭ്യാസം നേടിയില്ല എന്ന് മാത്രമല്ല, വിദ്യാഭ്യാസം എന്നത് വേറുമൊരു കച്ചവടം മാത്രമായി അധ:പതിക്കുക കൂടി ചെയ്തു.

തങ്ങളുടെ സ്ഥാനം ഉറപ്പിക്കുന്നതിനു വേണ്ടി വർണ്ണധർമ്മം സൃഷ്ടിച്ച ഗുരു സങ്കല്പം ആധുനിക ലോകത്തും ഊട്ടിയുറപ്പിക്കാനാണ് സാംസ്കാരികാധിനിവേശത്തിലൂടെ വിദ്യാഭ്യാസലോകം ആദ്യ കാലം തൊട്ട് ശ്രമിച്ചത്. എവിടേയും ബഹുമുഖമായ അറിവിന് പകരം ഏകമുഖനായ ഗുരുവിന് പ്രാധാന്യം കൊടുക്കുന്നതാണ് കാണാൻ കഴിയുക. ഇത് ഇന്ത്യൻ ക്ലാസ്സ്മുറികളെ അറിവിന്റെ ബഹുശാഖിയായ പടർപ്പിനെ പുൽകുന്നതിനു പകരം അധ്യാപകന്റെ സാംസ്കാരികാധിപത്യം കൊണ്ട് വീർപ്പ് മുട്ടിക്കുകയാണ് ചെയ്തത്. പൗരാണിക ഭാരതം സാംസ്കാരികാധിപത്യം നിലനിൽക്കാൻ വേണ്ടി സൃഷ്ടിച്ച കപടമായ അച്ചടക്ക സംഹിതകളും ആധുനിക ഇന്ത്യയുടെ വിദ്യാഭ്യാസ രംഗത്തെ സ്വാധീനിച്ചു എന്നതാണ് ഏറ്റവും സങ്കടകരമായ കാര്യം. ഈ അച്ചടക്കത്തിന്റെ നിയമാവലികൾ പരിശോധിച്ചാൽ അറിയാം എത്ര കണ്ട് പ്രതിലോമകരമാണവയെന്ന്.

ഒരു സമൂഹത്തിന്റെ വിദ്യാഭ്യാസ നിലവാരം നിശ്ചയിക്കുന്നതിൽ നിർണ്ണായക സ്വാധീനം ചെലുത്തുന്നത് അധ്യാപക സമൂഹം മാത്രമല്ല, ഒരു വ്യക്തിയെ രൂപപ്പെടുത്തുന്ന സമൂഹം എന്ന വിശാല ഘടകം കൂടിയാണ്. നവോത്ഥാനാനന്തര പാശ്ചാത്യ സമൂഹം ആധുനിക വിജ്ഞാന മേഖലയിൽ വിസ്ഫോടനാത്മകമായ മുന്നേറ്റം നടത്തിയപ്പോൾ താരതമ്യേന മൂന്നാം ലോക രാജ്യങ്ങൾ പിന്നോട്ട് പോയി. അതിന് രാഷ്ട്രീയപരമായ കാരണങ്ങൾ പലതും ചൂണ്ടി കാണിക്കാമെങ്കിലും ശാസ്ത്രോന്മുഖമായ ഒരു മനസ്സ് പാശ്ചാത്യ സമൂഹം വളർത്തിയെടുത്തത് നിഷേധിക്കാൻ കഴിയില്ല. അറിവിനെ ഒരു മുൻവിധിയുമില്ലാതെ സമീപിക്കാനും വ്യക്തികൾക്കുപരി വിഷയത്തിന് പ്രാമുഖ്യം നൽകുന്ന ഒരു വൈജ്ഞാനിക സമീപനം കെട്ടിപ്പടുക്കാനും അവർക്ക് സാധിച്ചു. അതേ സമയം ഇന്ത്യ പോലൊരു രാജ്യത്ത് തിരിച്ചാണ് സംഭവിച്ചത്. തങ്ങളുടെ സ്ഥാനം ഉറപ്പിക്കുന്നതിനു വേണ്ടി വർണ്ണധർമ്മം സൃഷ്ടിച്ച ഗുരു സങ്കല്പം ആധുനിക ലോകത്തും ഊട്ടിയുറപ്പിക്കാനാണ് സാംസ്കാരികാധിനിവേശത്തിലൂടെ വിദ്യാഭ്യാസലോകം ആദ്യ കാലം തൊട്ട് ശ്രമിച്ചത്. എവിടേയും ബഹുമുഖമായ അറിവിന് പകരം ഏകമുഖനായ ഗുരുവിന് പ്രാധാന്യം കൊടുക്കുന്നതാണ് കാണാൻ കഴിയുക. ഇത് ഇന്ത്യൻ ക്ലാസ്സ്മുറികളെ അറിവിന്റെ ബഹുശാഖിയായ പടർപ്പിനെ പുൽകുന്നതിനു പകരം അധ്യാപകന്റെ സാംസ്കാരികാധിപത്യം കൊണ്ട് വീർപ്പ് മുട്ടിക്കുകയാണ് ചെയ്തത്. പൗരാണിക ഭാരതം സാംസ്കാരികാധിപത്യം നിലനിൽക്കാൻ വേണ്ടി സൃഷ്ടിച്ച കപടമായ അച്ചടക്ക സംഹിതകളും ആധുനിക ഇന്ത്യയുടെ വിദ്യാഭ്യാസ രംഗത്തെ സ്വാധീനിച്ചു എന്നതാണ് ഏറ്റവും സങ്കടകരമായ കാര്യം. ഈ അച്ചടക്കത്തിന്റെ നിയമാവലികൾ പരിശോധിച്ചാൽ അറിയാം എത്ര കണ്ട് പ്രതിലോമകരമാണവയെന്ന്. പൊതുയിടങ്ങളിൽ നിശ്ശബ്ദത പാലിക്കുകയും അധ്യാപകനെ ഈശ്വരനെ പോലെ കാണാൻ പരിശീലിപ്പിക്കുന്നതും എല്ലാം അതിൽ ചിലത് മാത്രം. ഈ അച്ചടക്കനിയമാവലിയാണ് ഇന്ത്യയിലെ സ്വാശ്രയ സ്ഥാപനങ്ങൾ തങ്ങളുടെ സ്ഥാപനങ്ങളുടെ പ്രധാന സവിശേഷതകളായി ഉയർത്തി കാട്ടുന്നത് എന്നതാണ് ഏറ്റവും കൗതുകകരമായ കാര്യം. അച്ചടക്കത്തിന്റെ ഏറ്റവും പ്രതിലോമകരമായ ഒന്നാണ് ഈ കോളേജുകൾ നിയന്ത്രിക്കുന്ന വിദ്യാർത്ഥിബന്ധങ്ങൾ. ആൺകുട്ടികളേയും പെൺകുട്ടികളേയും പരസ്പരം ഇടപഴകാൻ അനുവദിക്കാത്ത ‘പരിഷ്കാരം’ ഇന്ത്യയിലെ ബഹുഭൂരിപക്ഷം സ്വാശ്രയ ക്യാമ്പസ്സുകളുടെയും അനൗദ്യോഗികമായ ഒരു പരസ്യവാചകം തന്നെയാണ്. അങ്ങനെ ജാതിയെന്ന മൂർത്തസങ്കല്പം ഇന്നും ശക്തമായി നിലനിൽക്കുന്ന ഇന്ത്യൻ സമൂഹത്തിന്റെ എല്ലാ പ്രതിലോമതയും സംരക്ഷിക്കപ്പെടുന്ന ഇടം കൂടിയാണ് സ്വാശ്രയ മാനേജ്മെന്റ് ക്യാമ്പസ്സുകൾ. മധ്യവർത്തി സമൂഹത്തിന്റെ ജീവനാഡിയായ ആഗോളവത്കരണവ്യവസ്ഥിതിയെ തൃപ്തിപ്പെടുത്തുന്ന വിധം ക്യാമ്പസ്സ് രാഷ്ട്രീയം നിരോധിക്കുകയും കൂടി ചെയ്തപ്പോൾ ചോദ്യം ചെയ്യപ്പെടാത്ത രാവണൻകോട്ടകളായി മാറി സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾ.

സാമൂഹ്യനീതി നിഷേധിക്കുന്നതാണ് സംവരണം എന്ന് മുറവിളി കൂട്ടുന്നവരുടെ കാപട്യം മനസ്സിലാക്കാൻ, ഇന്ത്യയിലെ ജാതി- സാമ്പത്തിക ശ്രേണിയിൽ താഴെ നിൽക്കുന്നവരിൽ എത്ര ശതമാനം സ്വാശ്രയ കോളേജുകളിൽ പഠിക്കുന്നെണ്ടെന്ന് പരിശോധിച്ചാൽ മതിയാകും. ഇന്നും ഈ രാവണൻകോട്ടകൾ അവർക്ക് അന്യമാണെന്നതാണ് യാഥാർത്ഥ്യം. എന്നാൽ സമൂഹത്തിന്റെ കണ്ണിൽ പൊടിയിടാൻ വളരെ കുറച്ച് പേർക്ക് സ്കോളർഷിപ്പ് നൽകിയെല്ലാം ഇവർ തങ്ങളുടെ ‘അനുകമ്പാദശകം’ ബ്രോഷറിൽ വാഴ്ത്തി പാടുകയും ചെയ്യും. വൈജ്ഞാനികപരമായും രാഷ്ട്രീയപരമായും പാപ്പരായ ഒരു കരിയറിസ്റ്റ് വിദ്യാർത്ഥി സമൂഹത്തിനെയാണ് സ്വാശ്രയ കോളേജുകൾ വളർത്തുന്നത്. ഇതിനൊരു പരിഹാരം കാണാൻ ഒരു ടൂൾ മാത്രമായ അധ്യാപകനേയോ ഏതെങ്കിലുമൊരു മാനേജ്മെന്റിനേയോ ശിക്ഷിച്ചതു കൊണ്ട് മാത്രം കാര്യമില്ല. പകരം വിദ്യാഭ്യാസം ജോലിസമ്പാദനത്തിന് വേണ്ടി മാത്രമാണ് എന്ന് കരുതുന്ന, കരിയറിസ്റ്റ്കൾ മാത്രമായ മക്കളാണ് ആവശ്യം എന്ന് കരുതുന്ന, തങ്ങളുടെ സാമൂഹ്യശ്രേണിയുടെ സുരക്ഷയെ ചോദ്യം ചെയ്യാത്ത അരാഷ്ട്രീയ സമൂഹത്തെ പ്രോത്സാഹിപ്പിക്കുന്ന, എല്ലാ പ്രതിലോമ സംസ്കാരങ്ങളും സംരക്ഷിച്ചു നിർത്തുന്ന അറിവിടങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഈ സമൂഹത്തെ വേണം പ്രതിക്കൂട്ടിൽ നിർത്തി വിചാരണ ചെയ്യാൻ. അങ്ങനെയൊരു വിചാരണയേ ആത്യന്തികമായ ഒരു ഫലം നൽകുകയുള്ളൂ.